കഠിന വാക്കുകൾ, കലങ്ങിയ മനസ്സുകൾ
“മരമണ്ടി!”a ജപ്പാനിലെ ഒരു സ്ത്രീ ആ വാക്കുകൾ ഇന്നും നന്നായി ഓർക്കുന്നു—ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ കൂടെക്കൂടെ അവൾക്ക് ആ വിളി കേൾക്കേണ്ടിവന്നിട്ടുണ്ട്. ആരാണ് അവളെ അങ്ങനെ വിളിച്ചിരുന്നത്? സ്കൂൾകുട്ടികളാണോ? കൂടപ്പിറപ്പുകളാണോ? അല്ല. മാതാപിതാക്കൾ. അവൾ അനുസ്മരിക്കുന്നു: “എനിക്കു വളരെയധികം വിഷമം തോന്നിയിരുന്നു. കാരണം ആ വിളി എന്നെ ആഴത്തിൽ മുറിപ്പെടുത്തിയിരുന്നു.”
കുട്ടിയായിരുന്നപ്പോൾ പിതാവ് വീട്ടിൽ വരുമ്പോഴൊക്കെ പേടിയും ഉത്കണ്ഠയും തോന്നിയിരുന്നതായി ഐക്യനാടുകളിലുള്ള ഒരാൾ അനുസ്മരിക്കുന്നു. അദ്ദേഹം പറയുന്നു: “വീട്ടിലേക്കു തിരിയുന്ന വഴിയിൽ ടയറുരയുന്ന ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ഭയം പെരുവിരലിലൂടെ അരിച്ചുകയറും. എന്റെ കുഞ്ഞുപെങ്ങൾ ഓടിയൊളിക്കും. ഡാഡി ഒരു പരിപൂർണതാവാദിയായിരുന്നു. ചെയ്യേണ്ടതൊന്നും നേരെ ചൊവ്വെ ചെയ്യുകയില്ലെന്നു പറഞ്ഞ് നിരന്തരം അദ്ദേഹം ഞങ്ങളെ ശാസിക്കും.”
ഈ വ്യക്തിയുടെ സഹോദരി ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മമ്മിയോ ഡാഡിയോ ഒരിക്കലെങ്കിലും ഞങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ തന്നതായോ ‘എനിക്ക് നിന്നെ എന്തിഷ്ടമാണെന്നോ’ അല്ലെങ്കിൽ ‘എനിക്ക് നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു’ എന്നു പറഞ്ഞതായോ ഞാൻ ഓർക്കുന്നില്ല. ‘എനിക്ക് നിന്നെ എന്തിഷ്ടമാണെന്നോ’ എന്ന് ഒരിക്കലും കേൾക്കാത്തത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ‘ഞാൻ നിന്നെ വെറുക്കുന്നു’ എന്ന് ആജീവനാന്തം കേൾക്കുന്നതിനു തുല്യമാണ്.”
ഈ ആളുകൾ കുട്ടികളായിരിക്കെ അനുഭവിച്ച ദുഃഖം അത്ര വലിയ കാര്യമൊന്നുമല്ലെന്നു ചിലർ പറഞ്ഞേക്കാം. കുട്ടികൾ പരുഷവും നിർദയവുമായ വാക്കുകൾ കേൾക്കേണ്ടിവരുന്നതും ഹീനമായ പെരുമാറ്റങ്ങൾക്കു വിധേയരാകേണ്ടിവരുന്നതും അസാധാരണ സംഭവങ്ങളല്ലെന്നതു ശരിതന്നെ. പത്രങ്ങളിലെ ഞെട്ടിക്കുന്ന തലക്കെട്ടുകളാലോ വികാരാർദ്രമായ ടിവി പരിപാടികളാലോ വിശേഷവത്കരിക്കപ്പെടാറുള്ള വാർത്തകളല്ല ഇവ. കേടുപാടുകൾ ദൃശ്യമായിരിക്കുകയില്ല. എന്നാൽ മാതാപിതാക്കൾ ദിനംതോറും മക്കളോട് ഇത്തരത്തിൽ നിന്ദ്യമായി പെരുമാറുകയാണെങ്കിൽ ഫലം വിനാശകമായിരിക്കുമെന്നു മാത്രമല്ല അത് ആജീവനാന്തം നീണ്ടുനിൽക്കുകയും ചെയ്തേക്കാം.
1951-ൽ, 5 വയസ്സുള്ള ഒരു കൂട്ടം കുട്ടികളെ—അവരെ വളർത്തിക്കൊണ്ടുവരുന്ന രീതികൾ നിരീക്ഷിച്ചുകൊണ്ട്—പഠനവിധേയരാക്കി. അതിനുശേഷം 1990-ൽ നടത്തിയ ഒരു അനുബന്ധ പഠനത്തെക്കുറിച്ചു പരിചിന്തിക്കുക. ഗവേഷകർക്ക് ഈ കുട്ടികളിൽ—ഇപ്പോൾ മധ്യവയസ്ക്കരായ ഇവരിൽ—പലരെയും കണ്ടെത്താൻ കഴിഞ്ഞു. അവരെ വളർത്തിക്കൊണ്ടുവന്ന രീതികളുടെ ദീർഘകാല ഫലങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടുകയെന്നതായിരുന്നു ലക്ഷ്യം. ജീവിതത്തിൽ പിന്നീട് ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നവർ—അതായത്, വൈകാരിക സുഖം ഇല്ലാഞ്ഞവരും വിവാഹജീവിതത്തിലും സുഹൃദ്ബന്ധങ്ങളിലും ജോലിസ്ഥലത്തും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നവരും—അവശ്യം ദരിദ്രരോ സമ്പന്നരോ കലഹിക്കുന്നവരോ ആയ മാതാപിതാക്കളുടെ മക്കളല്ലായിരുന്നുവെന്ന നിഗമനത്തിലാണ് ആ പുതിയ പഠനം എത്തിച്ചേർന്നത്. നിസ്സംഗരും ഊഷ്മളതയില്ലാത്തവരും വാത്സല്യത്തിൽ പിശുക്കു കാട്ടിയിരുന്നവരും അല്ലെങ്കിൽ തീരെ വാത്സല്യം കാട്ടാതിരുന്നവരുമായ മാതാപിതാക്കളുടെ മക്കളായിരുന്നു അവർ.
ഏതാണ്ട് 2,000 വർഷം മുമ്പ് എഴുതപ്പെട്ട ഒരു സത്യത്തിന്റെ നേർത്ത ഒരു പ്രതിധ്വനി മാത്രമാണ് ഈ കണ്ടെത്തൽ: “പിതാക്കൻമാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാൽ അവർ നിരുൻമേഷരാകും.” (കൊലൊസ്സ്യർ 3:21, പി.ഒ.സി. ബൈബിൾ) മാതാപിതാക്കളുടെ ചീത്തവിളികളും വൈകാരികമായ ഉപദ്രവവും സഹിക്കേണ്ടിവരുന്നത് കുട്ടികളെ പ്രകോപിപ്പിക്കുകതന്നെ ചെയ്യും. ഇതിന്റെ ഫലമായി അവർ നിരുൻമേഷരാകുകയും ചെയ്യും.
ദുഃഖിതരായി വളരൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, ബാല്യകാല വിഷാദം എന്നു പറയുന്ന ഒന്നില്ലെന്നു ഡോക്ടർമാർ അൽപ്പകാലം മുമ്പുവരെ വിചാരിച്ചിരുന്നു. എന്നാൽ കാലവും അനുഭവവും തെളിയിച്ചിരിക്കുന്നതു നേരേമറിച്ചാണ്. ഇന്ന്, ബാല്യകാല വിഷാദത്തെ തിരിച്ചറിഞ്ഞിരിക്കുന്നതായും അതു സർവസാധാരണമായിരിക്കുന്നതായും അതിന്റെ ഗ്രന്ഥകാരന്മാർ തറപ്പിച്ചു പറയുന്നു. അതിന്റെ കാരണങ്ങളിൽപ്പെട്ടതാണു മാതാപിതാക്കളിൽനിന്നുള്ള അവഗണനയും ദുഷ്പെരുമാറ്റവും. ആ ഗ്രന്ഥകാരന്മാർ വിശദമാക്കുന്നു: “ചില കേസുകളിൽ മാതാപിതാക്കൾ കുട്ടിയെ നിരന്തരം വിമർശിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തിരുന്നു. മറ്റുചില കേസുകളിൽ മാതാപിതാക്കൾക്കും കുട്ടിക്കും ഇടയിലുള്ള അകൽച്ചയാണു കാരണം; മാതാവോ പിതാവോ കുട്ടിയോട് ഒരിക്കലും സ്നേഹം പ്രകടിപ്പിക്കുന്നില്ല. . . . അത്തരം മാതാപിതാക്കളുടെ മക്കളെ സംബന്ധിച്ചിടത്തോളം പരിണതഫലം ദുരന്തപൂർണമായിരിക്കും. കാരണം, ഒരു ചെടിക്ക് സൂര്യപ്രകാശവും വെള്ളവും എത്രത്തോളം പ്രധാനമാണോ, അത്രത്തോളംതന്നെ പ്രധാനമാണ് ഒരു കുട്ടിക്ക്—അല്ലെങ്കിൽ മുതിർന്ന ഒരാളിന്—സ്നേഹവും.”
മാതാപിതാക്കളിൽനിന്നുള്ള സ്നേഹത്തിലൂടെ—അത് വ്യക്തമായി തുറന്നു പ്രകടിപ്പിക്കുകയാണെങ്കിൽ—കുട്ടികൾ പ്രധാനപ്പെട്ട ഒരു സത്യം മനസ്സിലാക്കുന്നു: തങ്ങൾ സ്നേഹയോഗ്യരാണ്; തങ്ങൾ വിലപ്പെട്ടവരാണ്. ചിലർ ഈ ആശയത്തെ അഹങ്കാരവും സ്വസ്നേഹവുമായി തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഈ സന്ദർഭത്തിൽ അർഥമാക്കുന്നത് അതല്ല. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ ഗ്രന്ഥകാരി ഇങ്ങനെ പറയുന്നു: “തന്നെക്കുറിച്ചുതന്നെയുള്ള കുട്ടിയുടെ വിലയിരുത്തൽ അവൻ എത്തരത്തിലുള്ള സുഹൃത്തുക്കളെയാണു തിരഞ്ഞെടുക്കുന്നത് എന്നതിനെയും അവൻ മറ്റുള്ളവരുമായി എങ്ങനെ ഒത്തുപോകുന്നു എന്നതിനെയും അവൻ എത്തരത്തിലുള്ള വ്യക്തിയെ വിവാഹം ചെയ്യുന്നു എന്നതിനെയും അവൻ ജീവിതത്തിൽ എത്രത്തോളം നേട്ടം കൈവരിക്കും എന്നതിനെയും ബാധിക്കും.” “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നുള്ളത് രണ്ടാമത്തെ വലിയ കൽപ്പനയായി പട്ടികപ്പെടുത്തുമ്പോൾ തന്നെക്കുറിച്ചുതന്നെയുള്ള സന്തുലിതമായ, അഹങ്കാരമില്ലാത്ത ഒരു വീക്ഷണം ഉണ്ടായിരിക്കുന്നത് എത്ര സുപ്രധാനമാണെന്നു ബൈബിൾ കാട്ടിത്തരുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 22:38, 39.
സുബോധമുള്ള ഏതെങ്കിലും മാതാപിതാക്കൾ, തങ്ങളുടെ കുട്ടിയുടെ ആത്മമൂല്യത്തോളം സുപ്രധാനവും ലോലവുമായ എന്തെങ്കിലുമൊന്നു തകർത്തുകളയുമെന്നു സങ്കൽപ്പിക്കുക പ്രയാസം. എങ്കിലും എന്തുകൊണ്ടാണിങ്ങനെ കൂടെക്കൂടെ സംഭവിക്കുന്നത്? അത് എങ്ങനെ തടയാൻ സാധിക്കും?
[അടിക്കുറിപ്പ്]
a ജാപ്പനീസ് ഭാഷയിൽ, നൊറോമ ബാക്ക!