ബൈബിളിന്റെ വീക്ഷണം
മാംസം കഴിക്കുന്നതു തെറ്റാണോ?
“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.”—ഉല്പത്തി 1:29.
സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു ഹൈന്ദവ കുടുംബത്തിലെ അംഗമായ 18 വയസ്സുകാരി സുജാതയ്ക്ക് ആഹാരക്രമം സംബന്ധിച്ച് ദൈവം ആദ്യ മനുഷ്യനായ ആദാമിനു കൊടുത്ത നിർദേശത്തോടു യോജിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. എന്നാൽ അവൾ ഉടൻതന്നെ ഇങ്ങനെ ചോദിച്ചു: “അങ്ങനെയെങ്കിൽ, മറ്റു പലതും കഴിക്കാനുണ്ടായിരിക്കെ ആളുകൾ എന്തിനാണ് ആഹാരത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നത്?”
ലോകമെമ്പാടുമുള്ള പലയാളുകളും ഇതുതന്നെ ചോദിക്കുന്നു. പൗരസ്ത്യദേശത്തെ ജനകോടികൾ ഒരു മാംസേതര ഭക്ഷണക്രമമാണു പിൻപറ്റുന്നത്. മാത്രവുമല്ല, പാശ്ചാത്യദേശത്തെ സസ്യഭുക്കുകളുടെ എണ്ണം കൂടിവരുകയുമാണ്. ഐക്യനാടുകളിൽത്തന്നെ ഒരു കോടി ഇരുപത്തിനാലു ലക്ഷത്തോളം ആളുകൾ തങ്ങൾ സസ്യഭുക്കുകളാണെന്ന് അവകാശപ്പെടുന്നു, ഒരു പതിറ്റാണ്ടു മുമ്പുണ്ടായിരുന്നതിനെക്കാൾ 30 ലക്ഷത്തോളം പേർ കൂടുതൽ.
വളരെയധികം ആളുകൾ മാംസേതര ഭക്ഷണക്രമം ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? ജന്തുജീവനെ സംബന്ധിച്ച ശരിയായ വീക്ഷണം എന്താണ്? മാംസം കഴിക്കുന്നത് ജീവനോടുള്ള അനാദരവിനെ പ്രകടമാക്കുന്നുവോ? ഉല്പത്തി 1:29-ൽ പ്രസ്താവിച്ചിരിക്കുന്നതിന്റെ വീക്ഷണത്തിൽ മാംസം കഴിക്കുന്നതു തെറ്റാണോ? ചിലർ മാംസം കഴിക്കാത്തത് എന്തുകൊണ്ടെന്ന് ആദ്യം നോക്കാം.
ചിലർ മാംസം കഴിക്കാത്തത് എന്തുകൊണ്ടാണ്?
സുജാതയുടെ കാര്യത്തിൽ, അവളുടെ ഭക്ഷണക്രമത്തെ മതവിശ്വാസങ്ങൾ സ്വാധീനിക്കുന്നുണ്ട്. അവൾ ഇങ്ങനെ വിശദീകരിക്കുന്നു: “പുനർജന്മത്തിൽ വിശ്വസിക്കുന്ന ഒരു ഹിന്ദുവായിട്ടാണു ഞാൻ വളർന്നുവന്നത്. മനുഷ്യദേഹിക്ക് ഒരു ജന്തുവായി തിരികെവരാൻ കഴിയുമെന്നതുകൊണ്ട് ഞാൻ ജന്തുക്കളെ എനിക്കു തുല്യരായി കണക്കാക്കുന്നു. അതുകൊണ്ട് അവയെ ആഹാരത്തിനായി കൊല്ലുന്നതു തെറ്റാണെന്ന് എനിക്കു തോന്നുന്നു.” മറ്റുചില മതങ്ങളും സസ്യഭക്ഷണക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു.
മതവിശ്വാസങ്ങൾക്കു പുറമേ മറ്റു ഘടകങ്ങളും ഭക്ഷണം സംബന്ധിച്ച ആളുകളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, ഡോ. നീൽ ബർനാർഡ് വെട്ടിത്തുറന്നു പറയുന്നു: “മാംസം കഴിക്കുന്നതിന് രണ്ടു കാരണങ്ങളേയുള്ളൂ, ഒന്നുകിൽ ശീലം അല്ലെങ്കിൽ അജ്ഞത.” അദ്ദേഹത്തിന്റെ ഉറച്ച നിലപാട് ഹൃദ്രോഗം, കാൻസർ എന്നിങ്ങനെയുള്ള, മാംസം കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന ആരോഗ്യാപകടങ്ങളെ സംബന്ധിച്ച തന്റെ വീക്ഷണങ്ങളിൽ അടിസ്ഥാനപ്പെട്ടതാണ്.a
ഐക്യനാടുകളിൽ, സസ്യഭുക്കുകളുടെ എണ്ണം ഏറ്റവും വേഗം വർധിക്കുന്നതു കൗമാരപ്രായക്കാരുടെയിടയിലാണെന്നു പറയപ്പെടുന്നു. ഒരു കാരണം മൃഗങ്ങളോടുള്ള താത്പര്യമാണ്. “കുട്ടികൾക്കു മൃഗങ്ങളെ ഇഷ്ടമാണ്” എന്ന് പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് ആനിമൽസിലെ ട്രേസി റൈമൻ പറയുന്നു. “ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനു മുമ്പ് അവയ്ക്കെന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കി തുടങ്ങുമ്പോൾ അവരുടെ അനുകമ്പ വർധിക്കുകയേയുള്ളൂ.”
പരിസ്ഥിതിയെക്കുറിച്ചു ബോധവാന്മാരായ പലയാളുകളും, തങ്ങളുടെ ഭക്ഷണക്രമവും ഭക്ഷണത്തിനുവേണ്ടി ജന്തുക്കളെ വളർത്തുന്നതിനു വേണ്ടിവരുന്ന പ്രകൃതി വിഭവങ്ങളുടെ ഭാരിച്ച അളവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, വെറും ഒരു കിലോ മാട്ടിറച്ചി ലഭിക്കുന്നതിന് ഏതാണ്ട് 3,300 ലിറ്റർ വെള്ളവും ഒരു കിലോ കോഴിയിറച്ചി ലഭിക്കുന്നതിന് 3,100 ലിറ്റർ വെള്ളവും ആവശ്യമാണ്. ചിലർക്ക് ഇത് മാംസം കഴിക്കാതിരിക്കാനുള്ള ഒരു കാരണമായിത്തീരുന്നു.
നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ മാംസം വർജിക്കണമോ? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു മുമ്പ് മറ്റൊരു വീക്ഷണഗതി പരിചിന്തിക്കുക. സങ്കീർത്തനം 50:10, 11-ൽ കാണാൻ കഴിയുന്നതുപോലെ, സകലത്തിന്റെയും നിർമാതാവായ യഹോവയാം ദൈവം പറയുന്നതിതാണ്: “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.” സകല ജന്തുക്കളും യഥാർഥത്തിൽ ദൈവത്തിന്റേതായതുകൊണ്ട് ജന്തുജീവനെക്കുറിച്ചും ഭക്ഷണത്തിനുവേണ്ടി മനുഷ്യൻ ജന്തുക്കളെ ഉപയോഗിക്കുന്നതിനെക്കുറിച്ചും സ്രഷ്ടാവിന് എന്തു തോന്നുന്നുവെന്നു മനസ്സിലാക്കുന്നതു പ്രധാനമാണ്.
മൃഗങ്ങളെ കൊല്ലുന്നതു തെറ്റാണോ?
മൃഗങ്ങളെ മനുഷ്യനു തുല്യമായി കണക്കാക്കുന്ന സുജാതയെപ്പോലുള്ള ചില ആളുകൾ ഏത് ഉദ്ദേശ്യത്തിനുവേണ്ടിയും മൃഗങ്ങളെ കൊല്ലുന്നതു തെറ്റാണെന്ന് ഉറച്ചു വിശ്വസിക്കുന്നു—ആഹാരത്തിനുവേണ്ടി അവയെ കൊല്ലുന്ന കാര്യം പറയുകയും വേണ്ട. എന്നിരുന്നാലും, ദൈവം ജന്തുജീവനും മനുഷ്യജീവനും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നുവെന്നും വ്യത്യസ്ത കാരണങ്ങളാൽ മൃഗങ്ങളെ കൊല്ലുന്നത് അനുവദിക്കുന്നുവെന്നും തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇസ്രായേലിൽ ഒരു മൃഗം മനുഷ്യജീവനോ ഒരുവന്റെ വളർത്തുമൃഗങ്ങൾക്കോ ഭീഷണി ഉയർത്തിയപ്പോൾ അതിനെ കൊല്ലാനുള്ള അനുവാദമുണ്ടായിരുന്നു.—പുറപ്പാടു 21:28, 29; 1 ശമൂവേൽ 17:34-36.
അതിപുരാതന കാലം മുതൽത്തന്നെ, ആരാധനയിൽ ജന്തുക്കളെ യാഗമർപ്പിക്കുന്നതു ദൈവം അംഗീകരിച്ചിരുന്നു. (ഉല്പത്തി 4:2-5; 8:20, 21) കൂടാതെ, വർഷംതോറും പെസഹ ആഘോഷിച്ചുകൊണ്ട് ഈജിപ്തിൽനിന്നുള്ള തങ്ങളുടെ പുറപ്പാടിന്റെ സ്മാരകം കൊണ്ടാടാൻ യഹോവ ഇസ്രായേല്യർക്കു നിർദേശം നൽകി. അതിൽ ഒരു ചെമ്മരിയാട്ടിൻകുട്ടിയെയോ കോലാട്ടിൻകുട്ടിയെയോ യാഗമർപ്പിക്കുന്നതും അതിന്റെ മാംസം തിന്നുന്നതും ഉൾപ്പെട്ടിരുന്നു. (പുറപ്പാടു 12:3-9) മോശൈക ന്യായപ്രമാണത്തിൻകീഴിൽ മറ്റവസരങ്ങളിലും മൃഗങ്ങളെ യാഗമർപ്പിച്ചിരുന്നു.
ബൈബിൾ ആദ്യമായി വായിച്ചപ്പോൾ മൃഗങ്ങളെ യാഗമർപ്പിക്കുന്നതു സംബന്ധിച്ച ആശയം 70 വയസ്സുള്ള ഒരു ഹൈന്ദവ സ്ത്രീക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. എന്നാൽ അവർ തിരുവെഴുത്തു പരിജ്ഞാനത്തിൽ വളർന്നുവന്നപ്പോൾ ദൈവത്തിന്റെ കൽപ്പനപ്രകാരം നടത്തിയ യാഗങ്ങൾക്ക് ഒരു ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് അവർക്കു കാണാൻ കഴിഞ്ഞു. അവ പാപങ്ങളുടെ ക്ഷമ സംബന്ധിച്ച നിയമപരമായ ആവശ്യം നിറവേറ്റുന്നതിനുള്ള യേശുവിന്റെ ബലിയിലേക്കു വിരൽചൂണ്ടി. (എബ്രായർ 8:3-5; 10:1-10; 1 യോഹന്നാൻ 2:1, 2) കൂടാതെ, യാഗവസ്തുക്കൾ പല സന്ദർഭങ്ങളിലും പുരോഹിതന്മാർക്കും ചിലപ്പോഴൊക്കെ ആരാധകർക്കും ആഹാരമായി ഉതകി. (ലേവ്യപുസ്തകം 7:11-21; 19:5-8) സകല ജീവജാലങ്ങളുടെയും ഉടയവനായ ദൈവം ഒരു ഉദ്ദേശ്യത്തിനായി അത്തരമൊരു ക്രമീകരണം ചെയ്യുന്നത് ഉചിതമായിരുന്നു. തീർച്ചയായും, യേശുവിന്റെ മരണശേഷം ആരാധനയിൽ മൃഗങ്ങളെ യാഗമർപ്പിക്കുന്നതു മേലാൽ ആവശ്യമായിരുന്നില്ല.—കൊലൊസ്സ്യർ 2:13-17; എബ്രായർ 10:1-12.
മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കൽ
എന്നാൽ, മൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നതോ? മനുഷ്യൻ ആദ്യം സസ്യാഹാരമാണു ഭക്ഷിച്ചിരുന്നതെന്നതു സത്യംതന്നെ. എന്നാൽ യഹോവ പിന്നീട് അവന്റെ ഭക്ഷണക്രമത്തിൽ മാംസം ഉൾപ്പെടുത്തി. ഏതാണ്ട് 4,000 വർഷം മുമ്പ്—നീതിമാനായ നോഹയുടെ നാളുകളിൽ—യഹോവ ഒരു ആഗോള പ്രളയം വരുത്തുകയും ഭൂമിയിൽ അന്നുണ്ടായിരുന്ന ദുഷ്ടത അവസാനിപ്പിക്കുകയും ചെയ്തു. നോഹയും അവന്റെ കുടുംബവും അവൻ പെട്ടകത്തിൽ കയറ്റിയ ജീവികളും പ്രളയത്തെ അതിജീവിച്ചു. അവർ പെട്ടകത്തിൽനിന്നു പുറത്തു വന്നപ്പോൾ യഹോവ ആദ്യമായി ഇങ്ങനെ പ്രസ്താവിച്ചു: “ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.” (ഉല്പത്തി 9:3) എന്നാൽ അതേസമയംതന്നെ യഹോവ ഈ നിയമം നൽകി: “ആരെങ്കിലും മമനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.” (ഉല്പത്തി 9:6) ദൈവം ജന്തുക്കൾക്കും മനുഷ്യർക്കും സമത്വം കൽപ്പിച്ചില്ല എന്നതു വ്യക്തം.
വാസ്തവത്തിൽ, ജന്തുക്കളെ സംബന്ധിച്ച സുജാതയുടെ ഉറച്ച വിശ്വാസം പുനർജന്മത്തിലുള്ള അവളുടെ വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതായിരുന്നു. അതു സംബന്ധിച്ച ബൈബിളിന്റെ വിശദീകരണം, മനുഷ്യരും ജന്തുക്കളും ദേഹികളാണെങ്കിലും ദേഹി അമർത്ത്യമല്ലെന്നാണ്. (ഉല്പത്തി 2:7; യെഹെസ്കേൽ 18:4, 20; പ്രവൃത്തികൾ 3:23, NW; വെളിപ്പാടു 16:3, NW) ദേഹികളെന്നനിലയിൽ മനുഷ്യരും മൃഗങ്ങളും മരിച്ച് അസ്തിത്വത്തിൽനിന്നു നീങ്ങിപ്പോകുന്നു. (സഭാപ്രസംഗി 3:19, 20) എന്നിരുന്നാലും, മനുഷ്യർക്കു ദൈവത്തിന്റെ പുതിയ ലോകത്തിൽ പുനരുത്ഥാനം പ്രാപിക്കുന്നതിനുള്ള അത്ഭുതകരമായ പ്രത്യാശയുണ്ട്.b (ലൂക്കൊസ് 23:43; പ്രവൃത്തികൾ 24:15) ജന്തുക്കൾ മനുഷ്യനു തുല്യരല്ലെന്ന് ഇതും സൂചിപ്പിക്കുന്നു.
“എന്നാൽ ഭക്ഷണക്രമത്തിൽ മാറ്റംവരുത്തിയതെന്തുകൊണ്ടാണ്?” സുജാതയ്ക്ക് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. വ്യക്തമായും, പ്രളയം നിമിത്തം ഭൂമിയുടെ കാലാവസ്ഥയ്ക്കു ഭയങ്കര വ്യതിയാനങ്ങൾ സംഭവിച്ചിരുന്നു. സസ്യങ്ങൾ കുറവുള്ള പ്രദേശങ്ങളിൽ പാർക്കുന്ന ഭാവിതലമുറകളുടെ ആവശ്യങ്ങൾ യഹോവ മുൻകൂട്ടിക്കണ്ടതുകൊണ്ടാണോ അവൻ മനുഷ്യന്റെ ഭക്ഷണക്രമത്തിൽ മാംസവും ഉൾപ്പെടുത്തിയതെന്നു ബൈബിൾ പറയുന്നില്ല. എന്നാൽ സകല ജീവജാലങ്ങളുടെയും ഉടയവന് കാര്യങ്ങൾക്കു മാറ്റംവരുത്താനുള്ള അവകാശമുണ്ടെന്ന് സുജാതയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞു.
ജന്തുജീവനോട് ആദരവു കാണിക്കൽ
‘നാം ജന്തുജീവനോട് കുറച്ചെങ്കിലും ആദരവു കാണിക്കേണ്ടതല്ലേ?’ സുജാതയ്ക്കു സംശയം. അതേ, നാം കാണിക്കേണ്ടതാണ്. ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്നു സകലത്തിന്റെയും സ്രഷ്ടാവ് നമുക്കു പറഞ്ഞുതന്നിട്ടുണ്ട്. “പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു” എന്ന് ഉല്പത്തി 9:4-ൽ അവൻ കൽപ്പിക്കുന്നു. രക്തം ഭക്ഷിക്കരുതെന്നു പറഞ്ഞതെന്തുകൊണ്ടാണ്? “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു” എന്നു ബൈബിൾ പറയുന്നു. (ലേവ്യപുസ്തകം 17:10, 11) യഹോവ ഇങ്ങനെ നിബന്ധന വെച്ചു: ‘കൊല്ലപ്പെട്ട മൃഗത്തിന്റെ രക്തം നീ വെള്ളം പോലെ നിലത്തു ഒഴിച്ചുകളയേണം.’—ആവർത്തനപുസ്തകം 12:16, 24.
മാംസം കഴിക്കാനുള്ള അനുവാദം, കേവലം വേട്ടയാടലിന്റെ ഹരം നുകരുന്നതിനോ വ്യക്തിപരമായ ശക്തിപ്രഭാവം കാട്ടുന്നതിനോ വേണ്ടി അനാവശ്യമായി ജന്തുക്കളുടെ രക്തം ചൊരിയിക്കുന്നതിനുള്ള അനുമതി നൽകുന്നില്ല. തെളിവനുസരിച്ച് നിമ്രോദ് അതാണ് ചെയ്തത്. “യഹോവയ്ക്കെതിരെ ഒരു നായാട്ടുവീരനായി” ബൈബിൾ അവനെ തിരിച്ചറിയിക്കുന്നു. (ഉല്പത്തി 10:9, NW) ഇന്നും, ജന്തുക്കളെ വേട്ടയാടുന്നതും കൊല്ലുന്നതും ചിലർക്ക് ഒരു ഹരമായിത്തീരുക എളുപ്പമാണ്. എന്നാൽ അത്തരമൊരു മനോഭാവം ജന്തുജീവനോടുള്ള തികഞ്ഞ അനാദരവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ദൈവം അത് അംഗീകരിക്കുന്നില്ല.c
ജന്തുക്കളോട് അനുകമ്പയുള്ളവരായിരിക്കൽ
ആധുനിക മാംസ വ്യവസായികൾ ജന്തുക്കളോട് ഇടപെടുന്ന വിധത്തെക്കുറിച്ചും ഇന്നത്തെ ചില സസ്യഭുക്കുകൾക്ക് ആത്മാർഥമായ ഉത്കണ്ഠയുണ്ട്. “കൃഷിവ്യവസായത്തിനു ജന്തുക്കളുടെ സ്വാഭാവികമായ സഹജവാസനകളിൽ യാതൊരു താത്പര്യവുമില്ല” എന്ന് ദ വെജിറ്റേറിയൻ ഹാൻഡ്ബുക്ക് അഭിപ്രായപ്പെടുന്നു. “തിങ്ങിഞെരുങ്ങിക്കഴിയേണ്ടിവരുന്ന അസ്വാഭാവിക ചുറ്റുപാടുകളിൽ വളർത്തപ്പെടുന്ന ഇന്നത്തെ ജന്തുക്കൾ മുമ്പെന്നത്തേതിലും കൂടുതലായി ചൂഷണം ചെയ്യപ്പെടുന്നു” എന്ന് ആ ഗ്രന്ഥം പറയുന്നു.
ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ദൈവത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമല്ലെങ്കിലും അവയോടു ക്രൂരമായി പെരുമാറുന്നത് അവനിഷ്ടമല്ല. “നീതിമാൻ വളർത്തുമൃഗങ്ങളോട് ദയകാട്ടുന്നു” എന്ന് സദൃശവാക്യങ്ങൾ 12:10-ൽ (പി.ഒ.സി. ബൈ.) ബൈബിൾ പറയുന്നു. വളർത്തുമൃഗങ്ങളെ ഉചിതമായി പരിപാലിക്കാനുള്ള കൽപ്പന മോശൈക ന്യായപ്രമാണത്തിലുണ്ടായിരുന്നു.—പുറപ്പാടു 23:4, 5; ആവർത്തനപുസ്തകം 22:10; 25:4.
ഒരു ക്രിസ്ത്യാനി സസ്യഭുക്കായിരിക്കണമോ?
മേൽപ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ഒരു സസ്യഭുക്കായിത്തീരണമോ—സസ്യഭുക്കായി തുടരണമോ—എന്നത് തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണ്. ആരോഗ്യം, സാമ്പത്തികസ്ഥിതി, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട കാരണങ്ങളാലോ ജന്തുക്കളോടുള്ള അനുകമ്പ നിമിത്തമോ ഒരാൾ സസ്യഭക്ഷണക്രമം തിരഞ്ഞെടുത്തേക്കാം. എന്നാൽ അത് ഒരു ഭക്ഷണരീതി മാത്രമാണെന്ന് അയാൾ തിരിച്ചറിയണം. മാംസം കഴിക്കുന്ന ഒരാൾ സസ്യഭുക്കായ ഒരാളെ കുറ്റപ്പെടുത്താൻ പാടില്ലാത്തതുപോലെതന്നെ സസ്യഭുക്കായ ഒരാൾ മാംസം കഴിക്കുന്നവരെ വിമർശിക്കാനും പാടില്ല. മാംസം കഴിക്കുന്നതോ കഴിക്കാതിരിക്കുന്നതോ ഒരാളെ മെച്ചപ്പെട്ട വ്യക്തിയാക്കുന്നില്ല. (റോമർ 14:1-17) ഒരുവന്റെ ഭക്ഷണക്രമം അവന്റെ ജീവിതത്തിൽ പ്രധാന സംഗതിയായിത്തീരരുത്. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്ന് യേശു പറഞ്ഞു.—മത്തായി 4:4.
ജന്തുക്കളോടുള്ള ക്രൂരതയും ഭൂമിയിലെ വിഭവങ്ങളുടെ ദുരുപയോഗവും പരിചിന്തിക്കുമ്പോൾ, യഹോവ അഴിമതിയും അത്യാർത്തിയും നിറഞ്ഞ ഈ വ്യവസ്ഥിതിയെ അവസാനിപ്പിച്ച് അതിനു പകരം തന്റെ പുതിയ ലോകം ആനയിക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. (സങ്കീർത്തനം 37:10, 11; മത്തായി 6:9, 10; 2 പത്രൊസ് 3:13) ആ പുതിയ ലോകത്തിൽ മനുഷ്യനും ജന്തുക്കളും എന്നെന്നും അന്യോന്യം സമാധാനത്തിൽ കഴിയും. യഹോവ “ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തു”കയും ചെയ്യും.—സങ്കീർത്തനം 145:16; യെശയ്യാവു 65:25.
[അടിക്കുറിപ്പുകൾ]
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച 1997 മേയ് 15 വീക്ഷാഗോപുരത്തിന്റെ 3-8 പേജുകൾ കാണുക.
c 1990 മേയ് 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 30-1 പേജുകൾ കാണുക.
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Punch