നിങ്ങളുടെ വൃക്കകൾ—ജീവൻ നിലനിർത്തുന്ന അരിപ്പ
അയർലൻഡിലെ ഉണരുക! ലേഖകൻ
ഭൂമിക്കും മനുഷ്യശരീരത്തിനും പൊതുവായി ഒന്നുണ്ട്: ജീവൻ നിലനിർത്താൻ രണ്ടിനും അരിപ്പ വേണം. സൂര്യനിൽനിന്നുള്ള ഹാനികരമായ കിരണങ്ങളുടെ നിരന്തര ആക്രമണത്തിൽനിന്നു ഭൂമിക്ക് സംരക്ഷണം ആവശ്യമാണ്. നമ്മുടെ അന്തരീക്ഷത്തിലെ ഓസോൺ പാളി ഈ കിരണങ്ങളെ അരിച്ചുമാറ്റുകയും ജീവൻ നിലനിർത്തുന്ന പ്രകാശത്തെ ഭൂമിയിലേക്കു കടത്തിവിടുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിലോ? നിങ്ങളുടെ ശരീരത്തിൽ നടക്കുന്ന അനേകം രാസപ്രക്രിയകളുടെ ഫലമായി രക്തപ്രവാഹത്തിൽ വിഷപദാർഥങ്ങളും മാലിന്യങ്ങളും പ്രവേശിക്കുന്നുണ്ട്. അവിടെത്തന്നെ നിലകൊള്ളുന്നപക്ഷം അവ നിങ്ങൾക്കു ഗുരുതരമായ പ്രശ്നങ്ങൾ വരുത്തിവെക്കും, മരണംപോലും സംഭവിച്ചേക്കാം. അവയെ തുടർച്ചയായി അരിച്ചുമാറ്റേണ്ടതുണ്ട്.
ഈ അരിക്കലാണ് നിങ്ങളുടെ വൃക്കകളുടെ മുഖ്യ ധർമങ്ങളിലൊന്ന്. എന്നാൽ ഈ കൊച്ച് അവയവങ്ങൾക്കു ഹാനികരമായ പദാർഥങ്ങളെ തിരിച്ചറിഞ്ഞു വേർതിരിച്ച് നീക്കംചെയ്യാനും, അതേസമയംതന്നെ ശരീരത്തെ പരിപോഷിപ്പിക്കുന്നതിനുള്ള ജീവത്പ്രധാന ഘടകങ്ങൾ നീക്കംചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും എങ്ങനെ കഴിയും? നിങ്ങളെ ആരോഗ്യമുള്ളവരായി നിലനിർത്തുന്നതിൽ നിങ്ങൾക്കു വൃക്കകളെ എങ്ങനെ സഹായിക്കാൻ കഴിയും?
നിങ്ങളുടെ വൃക്കകൾക്കകത്ത് എന്താണുള്ളത്?
മനുഷ്യർക്കു സാധാരണമായി രണ്ടു വൃക്കകളുണ്ട്—മുതുകിന്റെ അടിഭാഗത്തു നട്ടെല്ലിന്റെ ഇരുവശത്തുമായി അവ സ്ഥിതിചെയ്യുന്നു. ഓരോന്നിനും ഏകദേശം പത്തു സെൻറിമീറ്റർ നീളവും അഞ്ചു സെൻറിമീറ്റർ വീതിയും രണ്ടര സെൻറിമീറ്റർ കനവും 110 മുതൽ 170 വരെ ഗ്രാം തൂക്കവുമുണ്ട്. വൃക്കയെ മുകളിൽനിന്നു താഴേക്കു രണ്ടു തുല്യഭാഗങ്ങളായി വിഭജിച്ചാൽ ഇവിടെ കൊടുത്തിരിക്കുന്ന ഡയഗ്രങ്ങളിൽ കാണുന്നതുപോലുള്ള വ്യതിരിക്തമായ പല ഭാഗങ്ങൾ കാണാം.
വൃക്കയുടെ പ്രവർത്തനം വിഭാവന ചെയ്യുന്നതിന്, ഒരു പ്രത്യേക പരിപാടിക്കായി ആയിരക്കണക്കിനു കാണികൾ ഒരു സ്റ്റേഡിയത്തിലേക്കു വരുന്നതായി സങ്കൽപ്പിക്കുക. ആദ്യംതന്നെ ജനക്കൂട്ടം അനേകം ചെറിയ വരികളായി പിരിയണം. പിന്നെ ഓരോ വരിയിലുമുള്ള ആളുകൾ സുരക്ഷാ കവാടങ്ങളിലൂടെ ഒന്നൊന്നായി കടന്നുപോകുന്നു. ടിക്കറ്റില്ലാത്തവരെ മാറ്റി നിർത്തുന്നു. ടിക്കറ്റുള്ള കാണികൾ കടന്നുപോയി നിയമിത സീറ്റുകളിൽ ചെന്നിരിക്കുന്നു.
സമാനമായി, നിങ്ങളുടെ രക്തത്തിലെ എല്ലാ ഘടകങ്ങളും ശരീരത്തിലുടനീളം ചുറ്റിസഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ, അപ്രകാരം സഞ്ചരിക്കവേ വൃക്കധമനികൾ—അവ ഓരോ വൃക്കയ്ക്കും ഓരോന്നു വീതമുണ്ട്—എന്നു വിളിക്കപ്പെടുന്ന വലിയ രക്തക്കുഴലുകൾ വഴി അവ ആവർത്തിച്ചാവർത്തിച്ച് നിങ്ങളുടെ വൃക്കകളിലൂടെ കടന്നുപോകണം. (24-ാം പേജിലെ ചിത്രം കാണുക.) വൃക്കയ്ക്കുള്ളിൽ ചെല്ലുമ്പോൾ അതായത്, വൃക്കയുടെ ആന്തരിക-ബാഹ്യ പാളികളിൽവെച്ചു വൃക്കധമനി വലുപ്പംകുറഞ്ഞ കുഴലുകളായി പിരിയുന്നു. അങ്ങനെ, രക്തത്തിലെ വ്യത്യസ്ത ഘടകങ്ങൾ വലുപ്പംകുറഞ്ഞതും കൈകാര്യംചെയ്യാൻ ഏറെ സുഗമവുമായ “വരി”കളിലേക്ക് ഒഴുകുന്നു.
ഒടുവിൽ രക്തം ചെറിയ കുലകളിൽ എത്തിച്ചേരുന്നു. ഓരോ കുലയിലും കെട്ടുപിണഞ്ഞുകിടക്കുന്ന 40-ഓളം അതിസൂക്ഷ്മ രക്തക്കുഴലുകളുണ്ട്. ഗ്ലോമെറുലസ് എന്നു വിളിക്കപ്പെടുന്ന ഓരോ കുലയെയും ബൗമാൻസ് കാപ്സ്യൂൾ എന്ന ഇരട്ടപ്പാളികളുള്ള ഒരു സ്തരം ആവരണം ചെയ്യുന്നു.a ഗ്ലോമെറുലസും ബൗമാൻസ് കാപ്സ്യൂളും ചേർന്നതാണു വൃക്കയിലെ ‘സുരക്ഷാ കവാട’മായ നെഫ്രോണിന്റെ ആദ്യ ഭാഗം. വൃക്കയിലെ അടിസ്ഥാന അരിക്കൽ യൂണിറ്റാണു നെഫ്രോൺ. ഓരോ വൃക്കയിലും പത്തുലക്ഷത്തിലധികം നെഫ്രോണുകളുണ്ട്. എന്നാൽ അവയിലൊരെണ്ണത്തെ പരിശോധിക്കാൻ ഒരു ഭൂതക്കണ്ണാടി വേണം, അത്രയ്ക്കും ചെറുതാണ് അത്!—25-ാം പേജിൽ വളരെ വലുതാക്കി കാണിച്ചിരിക്കുന്ന നെഫ്രോണിന്റെ ഡയഗ്രം കാണുക.
രക്തത്തിന്റെ ദ്വിഘട്ട അരിക്കൽ
രക്തപ്രവാഹത്തിലെ രക്തകോശങ്ങളും മാംസ്യങ്ങളും ഒഴിച്ചുകൂടാൻപാടില്ലാത്തവയാണ്. അവ നിങ്ങളുടെ ശരീരത്തിൽ ഓക്സിജൻ വിതരണം, പ്രതിരോധം, കേടുപോക്കൽ ഇത്യാദി ജീവത്പ്രധാനമായ സേവനങ്ങൾ നിർവഹിക്കുന്നു. രക്തകോശങ്ങളും മാംസ്യങ്ങളും നഷ്ടപ്പെടാതിരിക്കുന്നതിനായി, അരിക്കലിന്റെ ആദ്യ ഘട്ടത്തിൽ അവയെ മറ്റെല്ലാ ഘടകങ്ങളിൽനിന്നും വേർതിരിക്കുന്നു. ബൗമാൻസ് കാപ്സ്യൂളുകളാണ് ഈ സവിശേഷമായ ജോലി നിർവഹിക്കുന്നത്. എന്നാൽ എങ്ങനെ?
ഗ്ലോമെറുലസിൽ പ്രവേശിക്കുന്ന രക്തക്കുഴലുകൾ വളരെ നേർത്ത ഭിത്തികളോടുകൂടിയ ചെറിയ ലോമികകളായി പിരിയുന്നു. അപ്പോൾ, രക്തസമ്മർദത്തിന്റെ ഫലമായി രക്തപ്രവാഹത്തിലുള്ള കുറെ ജലവും മറ്റു ചെറു തന്മാത്രകളും ലോമികകളുടെ നേർത്ത സ്തരങ്ങളിലൂടെ പുറന്തള്ളപ്പെടുന്നു. അവ ബൗമാൻസ് കാപ്സ്യൂളിലേക്കും അതിനോടു ബന്ധിപ്പിച്ചിരിക്കുന്ന ചുരുണ്ട നാളിയിലേക്കുമാണു ചെല്ലുന്നത്. ഈ നാളിയെ സംവലന നാളിക (convoluted tubule) എന്നു വിളിക്കുന്നു. വലുപ്പംകൂടിയ മാംസ്യ തന്മാത്രകളും എല്ലാ രക്തകോശങ്ങളും രക്തപ്രവാഹത്തിൽത്തന്നെ കിടക്കുകയും ലോമികകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇപ്പോൾ അരിക്കൽ പ്രക്രിയ കൂടുതൽ വരണാത്മകമായിത്തീരുന്നു [selective]. ശരീരത്തിന് ഉപയോഗപ്രദമായ യാതൊന്നും നഷ്ടപ്പെടുന്നില്ലെന്നു വൃക്കകൾ പൂർണമായും ഉറപ്പുവരുത്തണം! ഈ ഘട്ടത്തിൽ നാളികയിലൂടെ ഒഴുകുന്നത് ഉപയോഗപ്രദമായ ലീന തന്മാത്രകളുടെയും വിസർജ്യങ്ങളുടെയും അനാവശ്യ പദാർഥങ്ങളുടെയും ഒരു ദ്രവ മിശ്രിതമാണ്. നാളികയുടെ ആന്തരഭിത്തിയിലുള്ള, പ്രത്യേക ധർമം നിർവഹിക്കുന്ന കോശങ്ങൾ ജലം, ലവണങ്ങൾ, പഞ്ചസാരകൾ, ധാതുക്കൾ, ജീവകങ്ങൾ, ഹോർമോണുകൾ, അമിനോ അമ്ലങ്ങൾ തുടങ്ങിയ ഉപയോഗപ്രദമായ തന്മാത്രകളെ തിരിച്ചറിയുന്നു. അവയെ അവിടെനിന്നും ഫലപ്രദമായി സ്വീകരിക്കുന്നു. അതായത്, അവ നാളികാഭിത്തിക്കുള്ളിലേക്കു പുനരാഗിരണം ചെയ്യപ്പെടുകയും അവിടെനിന്നു ചുറ്റുമുള്ള ലോമികാ ശൃംഖലയിലേക്കു കടക്കുകയും അങ്ങനെ രക്തപ്രവാഹത്തിൽ പുനഃപ്രവേശിക്കുകയും ചെയ്യുന്നു. ഈ ലോമികകൾ കൂടിച്ചേർന്നു ചെറിയ സിരകളായിത്തീരുകയും അവ സംയോജിച്ച് വൃക്കസിര എന്നു വിളിക്കപ്പെടുന്ന രക്തക്കുഴലായിത്തീരുകയും ചെയ്യുന്നു. ഇപ്പോൾ മാലിന്യങ്ങൾ അരിച്ചുമാറ്റി ശുദ്ധീകരിക്കപ്പെട്ട രക്തം അതിലൂടെ വൃക്കയിൽനിന്നു പുറത്തു കടക്കുകയും നിങ്ങളുടെ ശരീരത്തിൽ ജീവൻ നിലനിർത്തുന്നതിനായി ഒഴുക്കു തുടരുകയും ചെയ്യുന്നു.
വിസർജ്യങ്ങൾ പുറന്തള്ളൽ
അപ്പോൾ നാളികയിൽ ബാക്കിയുള്ള ദ്രാവകമോ? സ്പഷ്ടമായും അതിലുള്ളതു ശരീരത്തിന് ആവശ്യമില്ലാത്ത പദാർഥങ്ങളാണ്. ഈ ദ്രാവകം നാളികയിലൂടെ വലുപ്പമേറിയ സംഭരണ നാളികയിലേക്ക് അഥവാ സംഭരണ നാളിയിലേക്ക് ഒഴുകവേ നാളികാ ഭിത്തിയിലെ മറ്റു കോശങ്ങൾ അമോണിയ, പൊട്ടാസ്യം, യൂറിയ, യൂറിക്ക് ആസിഡ്, അധിക ജലം എന്നിങ്ങനെയുള്ള മറ്റു സ്രവങ്ങളെ അതിലേക്കു വിടുന്നു. അന്തിമോത്പന്നമാണ് മൂത്രം.
വ്യത്യസ്ത നെഫ്രോണുകളിൽനിന്നുള്ള സംഭരണ നാളികൾ ഒന്നിച്ചുചേർന്ന് പിരമിഡുകളുടെ അഗ്രങ്ങളിലുള്ള ദ്വാരങ്ങളിലൂടെ മൂത്രത്തെ പുറന്തള്ളുന്നു. മൂത്രം വൃക്കയിലെ പെൽവിസിലേക്കു ചെന്ന് അവിടെനിന്ന് മൂത്രനാളി—വൃക്കയെയും മൂത്രസഞ്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാളി—വഴി മൂത്രസഞ്ചിയിലേക്കു പോകുന്നു. മൂത്രം ശരീരത്തിൽനിന്നു പുറന്തള്ളപ്പെടുന്നതിനു മുമ്പ് മൂത്രസഞ്ചിയിലാണ് ശേഖരിക്കപ്പെടുന്നത്.
അതിസൂക്ഷ്മങ്ങളെങ്കിലും നിങ്ങളുടെ വൃക്കകളിലെ 20 ലക്ഷത്തിലധികം വരുന്ന നെഫ്രോണുകൾ വളരെ വലിയ ഒരു ജോലിയാണു നിർവഹിക്കുന്നത്. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “നെഫ്രോണുകൾ . . . ഓരോ 45 മിനിറ്റിലും രക്തത്തിലെ മൊത്തം അഞ്ചു ലിറ്റർ ജലം അരിക്കുന്നുണ്ട്.” ആരോഗ്യമുള്ള ഒരു സാധാരണ ശരീരത്തിന് ഓരോ 24 മണിക്കൂറിലും, വ്യത്യസ്ത പദാർഥങ്ങളെ പുനരാഗിരണം ചെയ്ത് പല പ്രക്രിയകൾ പൂർത്തിയാക്കിയശേഷം ഏതാണ്ട് രണ്ടു ലിറ്റർ വിസർജ്യത്തെ മൂത്രരൂപത്തിൽ പുറന്തള്ളാൻ കഴിയും. എത്ര കഠിനവേല ഉൾപ്പെട്ടതും സമഗ്രവുമായ അരിക്കൽ സംവിധാനം!
നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കുക!
വൃക്കകൾ സ്വയം വൃത്തിയാക്കാനും സ്വയം കേടുപോക്കാനും ദീർഘനേരം പ്രവർത്തിക്കാനും കഴിവുള്ളവയാണ്. എന്നാൽ, അവയുടെ ജോലി ചെയ്യാൻ അവയെ സഹായിക്കുന്നതിൽ നിങ്ങൾക്കൊരു പങ്കുണ്ട്. നിങ്ങളുടെ ശരീരം ആരോഗ്യമുള്ളതായിരിക്കണമെങ്കിൽ വളരെയധികം ജലം വൃക്കകളിലൂടെ കടന്നുപോകണം. വാസ്തവത്തിൽ, വൃക്കകൾക്കുണ്ടാകുന്ന രോഗബാധകളും വൃക്കകളിലെ കല്ലും തടയുന്നതിനുള്ള മുഖ്യ മാർഗം വേണ്ടുവോളം ജലം കുടിക്കുന്നതാണെന്നു കരുതപ്പെടുന്നു.b കൂടാതെ, വെള്ളം കുടിക്കുന്നതു ദഹനവ്യവസ്ഥയെയും ഹൃദയ-രക്തക്കുഴൽ വ്യവസ്ഥയെയും സഹായിക്കുന്നുവെന്നു ന്യൂയോർക്കിലെ ലോങ് ഐലൻഡ് കോളെജ് ഹോസ്പിറ്റലിലെ യൂറോളജി വിഭാഗത്തിന്റെ ചെയർമാനായ ഡോ. സി. ഗോഡെക് ചൂണ്ടിക്കാട്ടുന്നു.
എത്രമാത്രം വെള്ളം കുടിക്കണം? ഓരോരുത്തരും മറ്റ് ആഹാരപാനീയങ്ങൾ കഴിക്കുന്നതിനു പുറമേ ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നു ഡോ. ഗോഡെകും മറ്റു പല ഡോക്ടർമാരും ശുപാർശ ചെയ്യുന്നു. “മിക്കയാളുകളുടെയും ശരീരത്തിന് നിർജലീകരണം സംഭവിച്ചിരിക്കുന്നു” എന്ന് ഡോ. ഗോഡെക് ഉണരുക!യോടു പറഞ്ഞു. വൃക്കകൾക്കോ ഹൃദയത്തിനോ രോഗമൊന്നുമില്ലാത്തിടത്തോളംകാലം വെള്ളം ചെല്ലുന്നത് അവയ്ക്കു നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “എന്നാൽ നിങ്ങൾ വേണ്ടുവോളം വെള്ളം കുടിക്കണം, മിക്കയാളുകളും വേണ്ടത്ര കുടിക്കാറില്ല” എന്ന് ഡോ. ഗോഡെക് പറഞ്ഞു.
നാരങ്ങാനീരോ മറ്റോ അൽപ്പം ചേർത്തു സ്വാദുവരുത്തിയ വെള്ളമാണു ചിലർക്ക് ഏറെ പ്രിയം. മറ്റു ചിലർക്കാണെങ്കിൽ ഉറവജലത്തിന്റെയോ ക്രിയാശീലിത മരക്കരിയിലൂടെ അരിച്ചെടുത്ത വെള്ളത്തിന്റെയോ സ്വാദാണ് ഇഷ്ടം. എങ്ങനെയായാലും, മറ്റേതു പാനീയത്തെക്കാളും വൃക്കകൾക്കു നല്ലത് ഒന്നും ചേർക്കാത്തതോ അൽപ്പം മാത്രം സ്വാദു ചേർത്തതോ ആയ വെള്ളമാണ്. വാസ്തവത്തിൽ, പഴച്ചാറുകളിലും മധുരപാനീയങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാര വെള്ളത്തിനുവേണ്ടിയുള്ള ശരീരത്തിന്റെ ആവശ്യം വർധിപ്പിക്കുന്നു. ആൽക്കഹോളോ കഫീനോ അടങ്ങിയ പാനീയങ്ങൾ ശരീരത്തിൽനിന്നു വെള്ളം നഷ്ടപ്പെടാൻ ഇടയാക്കുന്നു.
ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കുന്ന ശീലം വളർത്തിയെടുക്കുന്നതു തീർച്ചയായും ഒരു വെല്ലുവിളിയാണ്. സാധാരണയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ പോകുന്നത് അസൗകര്യമുളവാക്കുന്നതോ ലജ്ജാകരമോ ആയി പലരും കാണുന്നുവെന്നതാണ് ഒരു കാരണം. എന്നാൽ ഈ കൂടുതലായ ശ്രമം നടത്തിയാൽ നിങ്ങളുടെ ശരീരം നിങ്ങളോടു നന്ദി കാണിക്കും. വേണ്ടുവോളം വെള്ളം കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനു സഹായിക്കുമെന്നു മാത്രമല്ല, അതു നിങ്ങളുടെ ശരീരകാന്തിയും വർധിപ്പിക്കും. പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും വെള്ളം ധാരാളം കുടിക്കുന്നതും ചർമകാന്തി വർധിപ്പിക്കുന്നതിൽ ഏതൊരു ത്വക്ക് ലേപനത്തെക്കാളും ഫലപ്രദമാണെന്നു ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
സങ്കടകരമെന്നു പറയട്ടെ, നമ്മുടെ ദാഹവ്യവസ്ഥ അപൂർണമാണ്. പ്രായമാകുന്തോറും അതിന്റെ സംവേദനക്ഷമത കുറഞ്ഞുവരുകയും ചെയ്യുന്നു. അതുകൊണ്ട്, നമുക്ക് എത്രമാത്രം ജലം ആവശ്യമുണ്ടെന്നതു ദാഹത്തെ മാത്രം അടിസ്ഥാനമാക്കി നിർണയിക്കാൻ കഴിയില്ല. വേണ്ടത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും? ചിലർ രാവിലെ എഴുന്നേൽക്കുന്ന ഉടൻതന്നെ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നു. പിന്നീട് ക്രമമായ ഇടവേളകളിൽ ഓരോ ഗ്ലാസ് വെള്ളവും കുടിക്കുന്നു. മറ്റുചിലർ സുതാര്യമായ ഒരു ജലപാത്രം കൺമുമ്പിൽ, എടുക്കാൻ എളുപ്പമുള്ളിടത്തു വെക്കുന്നു—ദിവസം മുഴുവനും ഇടവിട്ടിടവിട്ട് ക്രമമായി ഓരോ കവിൾ വെള്ളം കുടിക്കുന്നതിനുള്ള ഒരു ഓർമിപ്പിക്കലാണിത്. നിങ്ങൾ ഏതു രീതി അവലംബിച്ചാലും ശുദ്ധമായ, തെളിഞ്ഞ ജലം ധാരാളമായി കുടിക്കുന്നതു നിങ്ങളുടെ വൃക്കകളോടുള്ള—നിങ്ങളെ ജീവനോടെ നിലനിർത്തുന്ന അത്ഭുതകരമായ അരിപ്പയോടുള്ള—വിലമതിപ്പു പ്രകടമാക്കാനുള്ള നല്ലൊരു മാർഗമാണ്.
[അടിക്കുറിപ്പുകൾ]
a 1840-കളുടെ ആരംഭത്തിൽ ഇംഗ്ലീഷുകാരനായ ശസ്ത്രക്രിയാവിദഗ്ധനും ജൈവകലാശാസ്ത്രജ്ഞനുമായ വില്യം ബൗമാനാണ് ഈ ചെറിയ കാപ്സ്യൂളിനെയും അതിന്റെ ധർമത്തെയും കുറിച്ചു വിവരിച്ചത്. അതിന് അദ്ദേഹത്തിന്റെ പേരു വരുകയും ചെയ്തു.
[25-ാം പേജിലെ ചതുരം]
നെഫ്രോൺ—അടിസ്ഥാന അരിക്കൽ യൂണിറ്റ്
ഓരോ വൃക്കയിലും പത്തുലക്ഷത്തിലധികം നെഫ്രോണുകളുണ്ട്. ഓരോ നെഫ്രോണിലെയും നാളികാവ്യവസ്ഥയ്ക്കു ശരാശരി മൂന്നു സെൻറിമീറ്ററോളം നീളവും കേവലം 0.05 മില്ലിമീറ്റർ വീതിയുമുണ്ട്. എങ്കിലും, ഒരു വൃക്കയിലെ എല്ലാ നാളികകളുടെയും ചുരുൾ നിവർത്താൻ കഴിയുമെങ്കിൽ അവയ്ക്ക് ഏതാണ്ട് 30 കിലോമീറ്റർ നീളം വരും!
നെഫ്രോണിലെ സംവലന നാളികയുടെ വളഞ്ഞ അറ്റമാണ് ബൗമാൻസ് കാപ്സ്യൂൾ. ഈ നാളികയ്ക്കു ചുറ്റും ലോമികകൾ എന്നു വിളിക്കപ്പെടുന്ന വളരെ ചെറിയ രക്തക്കുഴലുകളുടെ ഒരു ശൃംഖല ഉണ്ട്. ഈ നാളിക വലിപ്പമേറിയ ഒരു സംഭരണ നാളിയിൽ ചെന്നുചേരുന്നു. അതു നെഫ്രോൺ അരിച്ചുമാറ്റിയ വിസർജ്യങ്ങളെയും വിഷപദാർഥങ്ങളെയും വഹിച്ചുകൊണ്ടുപോകുന്നു.
[24-ാം പേജിലെ ചിത്രം]
വൃക്കസിര പുതുതായി അരിച്ച രക്തത്തെ ശരീരത്തിലേക്കു കൊണ്ടുപോകുന്നു
വൃക്കധമനി അരിക്കാത്ത രക്തത്തെ വൃക്കയിലേക്കു കൊണ്ടുപോകുന്നു
വൃക്ക പിരമിഡുകൾ മൂത്രത്തെ വൃക്കയിലെ പെൽവിസിലേക്കു വിടുന്ന കോണാകൃതിയിലുള്ള ഭാഗങ്ങളാണ്
കോർട്ടക്സിൽ ഓരോ നെഫ്രോണിന്റെയും ഗ്ലോമെറുലസ് അടങ്ങുന്നു
വൃക്കയിലെ പെൽവിസ് മൂത്രത്തെ ശേഖരിച്ചു മൂത്രനാളിയിലേക്കു വിടുന്ന ഒരു ചോർപ്പാണ്
മൂത്രനാളി മൂത്രത്തെ വൃക്കയിൽനിന്നു മൂത്രസഞ്ചിയിലേക്കു വഹിച്ചുകൊണ്ടുപോകുന്നു
[25-ാം പേജിലെ രേഖാചിത്രം]
നെഫ്രോണുകൾ എന്നു വിളിക്കപ്പെടുന്ന 20 ലക്ഷത്തോളം വരുന്ന അതിസൂക്ഷ്മ നാളികാ അരിപ്പകൾ രക്തം ശുദ്ധിചെയ്യുന്നു
ബൗമാൻസ് കാപ്സ്യൂൾ
ഗ്ലോമെറുലസ്
മൂത്രം സംവലന നാളികയിൽ ശേഖരിക്കപ്പെടുകയും പിന്നീടു മൂത്രസഞ്ചിയിലേക്കു പോകുകയും ചെയ്യുന്നു
ലോമികകൾ