കോക്കസ് ദ്വീപ്—അതിന്റെ ഗുപ്തനിധിയിൻ കഥകൾ
കോസ്റ്ററിക്കയിലെ ഉണരുക! ലേഖകൻ
കോസ്റ്ററിക്കയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്ന് ഏതാണ്ട് 480 കിലോമീറ്റർ അകലെയായി ഒരു ദ്വീപുണ്ട്. ഗുപ്തനിധികളെക്കുറിച്ചുള്ള കഥകൾക്ക് അതു പേരുകേട്ടതാണ്. റോബർട്ട് ലൂയിസ് സ്റ്റീവെൻസൺ നിധികളുടെ ദ്വീപ് (ഇംഗ്ലീഷ്) എന്ന പ്രശസ്തമായ പുസ്തകം രചിച്ചത് കടൽക്കൊള്ളക്കാർ അവിടെ കുഴിച്ചിട്ടിരിക്കുന്ന നിധികളെക്കുറിച്ചുള്ള കഥകളെ ആസ്പദമാക്കിയാണെന്ന് ചിലർ വിശ്വസിക്കുന്നു.
16-ാം നൂറ്റാണ്ടിൽ ആ ദ്വീപ് കണ്ടുപിടിച്ചതുമുതൽ ഭൂപടനിർമാതാക്കളും നാവികരും അതിനെ വ്യത്യസ്ത പേരുകൾ വിളിച്ചിട്ടുണ്ട്. സ്പാനിഷ് സംസാരിക്കുന്ന നാട്ടുകാർ ഇന്ന് ആ ദ്വീപിനെ വിളിക്കുന്നത് ഇസ്ലാ ഡെൽ കോകോ (തെങ്ങുകളുടെ ദ്വീപ്) എന്നാണ്. അത് ഇംഗ്ലീഷിൽ കോക്കസ് ദ്വീപ് എന്നറിയപ്പെടുന്നു.
കോസ്റ്ററിക്കയ്ക്കും ഗാലപ്പഗോസ് ദ്വീപുകൾക്കും ഇടയിൽ സമുദ്രത്തിനടിയിലായി കോക്കസ് വരമ്പ് എന്നറിയപ്പെടുന്ന ഒരു കരപ്രദേശം ഉണ്ട്. ഈ വരമ്പിലുണ്ടായ അഗ്നിപർവത പ്രവർത്തനത്തിന്റെ ഫലമായി അതിൽനിന്ന് ഒരേ ഒരു ദ്വീപ് രൂപംകൊണ്ടു. കുന്നും കുഴിയും നിറഞ്ഞ ഈ തുണ്ടുഭൂമിയാണ്, ഉഷ്ണമേഖലാ മഴവനത്തിനാവശ്യമായ മഴ ലഭിക്കുന്ന കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഒരേയൊരു പ്രമുഖ ദ്വീപ്. ഓരോ വർഷവും ഈ ദ്വീപിൽ 7,000 മില്ലിമീറ്ററോളം മഴ ലഭിക്കുന്നു!
18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവിയായ കോൾറിജ് പുരാതനകാലത്തെ നാവികരുടെ ഗതികേടിനെ ഇങ്ങനെ വർണിച്ചു: “വെള്ളം, വെള്ളം, സർവത്ര വെള്ളം, കുടിക്കാനില്ലല്ലോ ഒരു തുള്ളിപോലും.” എന്നാൽ, 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ, കോക്കസ് ദ്വീപു കണ്ടെത്താൻ കഴിഞ്ഞ നാവികർക്ക് അവിടുത്തെ ശുദ്ധ ജലം സമുദ്രത്തിലെ മരീചികയായിരുന്നു.
ഗുപ്തനിധി സംബന്ധിച്ച ഒരു ഐതിഹ്യം
അന്താരാഷ്ട്ര വാർത്താവിനിമയവും വാണിജ്യവും സമുദ്രയാത്രയിലൂടെ സാധിച്ചിരുന്ന ഒരു കാലഘട്ടത്തിൽ പുറങ്കടലിലെ സായുധ കൊള്ള അഥവാ കടൽക്കൊള്ള സമൂഹത്തിന് ഒരു ഭീഷണിയായിരുന്നു. കടൽക്കൊള്ളക്കാർ അന്യോന്യവും ഭീഷണിയുയർത്തിയിരുന്നു.
ഒരു ചെറിയ തീരദേശ പട്ടണമോ കപ്പലോ കൊള്ളയടിച്ചുകഴിഞ്ഞ് കൊള്ളമുതൽ സംഘാംഗങ്ങൾ വീതിച്ചെടുത്തിരുന്നു. അങ്ങനെ ഓരോ കടൽക്കൊള്ളക്കാരനും കൊള്ളമുതലിലെ തന്റെ ഓഹരി കൂട്ടുകാർ തട്ടിയെടുക്കാതെ സൂക്ഷിക്കുന്നതിനുള്ള തത്രപ്പാടിലായിരുന്നു. പിന്നീട് എടുക്കത്തക്കവണ്ണം നിധി രഹസ്യസ്ഥാനങ്ങളിൽ ഒളിച്ചുവെക്കുന്നത് നല്ലൊരാശയമായി തോന്നി. ഭൂപടനിർമാതാവിനു മാത്രം മനസ്സിലാകുന്ന രഹസ്യ ദിശകൾ അടയാളപ്പെടുത്തിയ നിധിഭൂപടം ഗുപ്തനിധി കണ്ടെത്തുന്നതിനുള്ള താക്കോലായിത്തീർന്നു.
മധ്യ അമേരിക്കയുടെ പസഫിക് തീരത്തുള്ള കപ്പലുകളും നഗരങ്ങളും വിജയകരമായി കൊള്ളയടിച്ച ഒരു കടൽകൊള്ളസംഘത്തിന് എടുത്താൽ പൊങ്ങാത്തതുപോലെ സ്വർണവും രത്നങ്ങളും കിട്ടിയതായി കോക്കസ് ദ്വീപിനെക്കുറിച്ചുള്ള ഒരു ഐതിഹ്യം പറയുന്നു. ദ്വീപിൽ ഇഷ്ടംപോലെ ശുദ്ധജലവും ധാരാളം മാംസവും (18-ാം നൂറ്റാണ്ടിന്റെ ഒടുവിൽ പന്നികളെ അവിടേക്കു കൊണ്ടുവന്നു) ഉണ്ടായിരുന്നതിനാൽ കപ്പിത്താൻ കോക്കസ് ദ്വീപിനെ തന്റെ പ്രവർത്തന താവളമാക്കാൻ തീരുമാനിച്ചു.
കഥയുടെ മറ്റൊരു ഭാഷ്യം പറയുന്നതനുസരിച്ച്, കൊള്ളമുതൽ വീതിക്കാൻതന്നെ ഒരു ദിവസമെടുത്തു. കലംകണക്കിനു സ്വർണമാണ് അളന്നു വീതിച്ചത്. അത്യാർത്തിപൂണ്ട കൂട്ടുകാർ ധനം കവർന്നെടുക്കുമെന്നു ഭയന്ന് കടൽക്കൊള്ളക്കാരെല്ലാവരും തങ്ങളുടെ ഓഹരി ദ്വീപിലെവിടെയെങ്കിലും കുഴിച്ചിടാൻ തീരുമാനിച്ചു. ദ്വീപിന്റെ തീരപ്രദേശത്തുടനീളമുള്ള കിഴുക്കാംതൂക്കായ പാറക്കെട്ടുകളിൽ കയറിട്ടു കയറി ഓരോ കടൽക്കൊള്ളക്കാരനും ഉഷ്ണമേഖലാ വനത്തിലേക്കു പ്രവേശിച്ചു. ചിലർ ഓർമയെ ആശ്രയിച്ചപ്പോൾ മറ്റുചിലർ തങ്ങൾക്കുമാത്രം മനസ്സിലാക്കാൻ കഴിയുന്ന—നിധി കിടക്കുന്നിടത്തേക്കു തിരിച്ചുചെല്ലാനുള്ള വഴി കാണിക്കുന്ന—ഭൂപടങ്ങളുമായി മടങ്ങിപ്പോയി. എന്നാൽ ഈ കഠിന പ്രയത്നമെല്ലാം വെറുതെയായി. ഐതിഹ്യം തുടരുന്നതനുസരിച്ച്, സ്വത്തെല്ലാം ഒളിച്ചുവെച്ചശേഷം കടൽക്കൊള്ളക്കാർ കൂടുതൽ സമ്പാദ്യം തേടി ഗാലിയൻ എന്ന ഒരു തരം കപ്പലിൽ യാത്രതിരിച്ചു. അടുത്ത തുറമുഖത്തെത്തിയപ്പോൾ കപ്പിത്താൻ ലഹള പേടിച്ച് വിപ്ലവകാരികളെന്നു സംശയംതോന്നിയവരെ തീരത്തിറക്കിവിട്ടശേഷം യാത്രതുടർന്നു. അവരെ കടൽക്കൊള്ളക്കാരായി തിരിച്ചറിഞ്ഞ് തൂക്കിലേറ്റുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. പ്രതീക്ഷിച്ചതുപോലെതന്നെയാണ് മിക്കവാറും സംഭവിച്ചതും. എന്നാൽ ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള തന്റെ രണ്ടു കപ്പൽ ജോലിക്കാർ തന്നെ പിടികൂടാൻ തക്കം പാർത്തിരുന്ന അധികാരികളുമായി ഇടപാടുണ്ടാക്കുമെന്ന് അയാൾ പ്രതീക്ഷിച്ചതേയില്ല. ബ്രിട്ടീഷ് നാവികസേന ഗാലിയനെ പിടികൂടാനായി അതിവേഗം കപ്പലയച്ചു. അങ്ങനെ കപ്പിത്താനും സംഘവും പിടിയിലാകുകയും വധിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ നൂറ്റാണ്ടിൽ ഈ ഐതിഹ്യം നിധിവേട്ടക്കാരുടെ പ്രതീക്ഷകളെ ആളിക്കത്തിച്ചു. എന്നാൽ, പിൻവരുന്ന വിവരണം കാണിക്കുന്നതനുസരിച്ച്, നിധിവേട്ടക്കാർ കോക്കസ് ദ്വീപിൽ കുഴിക്കൽ പര്യടനത്തിനു പോകുന്നതിനു മുമ്പ് രണ്ടു തവണ ചിന്തിക്കേണ്ടത് അനിവാര്യമാണ്. 1892 ആഗസ്റ്റ് 14-ലെ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു ലേഖനം 6,00,00,000 ഡോളർ വില മതിക്കുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും രത്നങ്ങളുടെയും ഒരു നിക്ഷേപം കണ്ടെത്താനുള്ള ക്യാപ്റ്റൻ ഔഗസ്റ്റ് ഗിസ്ലറിന്റെ അന്വേഷണത്തെക്കുറിച്ച് വിവരിക്കുകയുണ്ടായി. നിധിവേട്ടയ്ക്കു പോയ ഗിസ്ലറിന് പരിഷ്കൃത ചുറ്റുപാടുകളിൽനിന്ന് അകന്നുമാറി ആൾപ്പാർപ്പില്ലാത്ത ആ വനദ്വീപിലെ അതിദുർഘട സാഹചര്യങ്ങളിൽ കഴിയേണ്ടിവന്നു. 19 വർഷത്തിലധികം നിധിതേടി നടന്ന അദ്ദേഹത്തിന് 50,000 ഡോളറെങ്കിലും സ്വന്തം പോക്കറ്റിൽനിന്നു ചെലവിടേണ്ടിവന്നു. പാപ്പരായി നിരാശയിൽ മുങ്ങിയ ഗിസ്ലർ 1908-ൽ യാതൊരു നിധിയും കണ്ടെത്താതെ കോക്കസ് ദ്വീപിൽനിന്നു മടങ്ങി. അദ്ദേഹത്തിന്റെ അധ്വാനമെല്ലാം പാഴായി.
ഗിസ്ലറിന് ദ്വീപിൽ നിധി കണ്ടെത്താൻ കഴിയാഞ്ഞത് എല്ലാവരെയൊന്നും നിരുത്സാഹപ്പെടുത്തിയിട്ടില്ല. ആ ദ്വീപിൽ 500-ലധികം സംഘടിത പര്യടനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഐതിഹ്യത്തിൽ പറയുന്ന സമ്പത്ത് ആരെങ്കിലും കണ്ടെത്തിയതായി അറിവില്ല.
കോക്കസ് ദ്വീപിലെ പ്രകൃതിയുടെ നിധികൾ
അടുത്തയിടെ, വ്യത്യസ്തനായ ഒരു നിധിവേട്ടക്കാരൻ കോക്കസ് ദ്വീപിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. ദ്വീപിലെ ജന്തു-സസ്യ ജാലങ്ങളും ദ്വീപിനു ചുറ്റുമുള്ള ജലത്തിലെ സമുദ്രജീവികളുടെ നിധിശേഖരവും പരിസ്ഥിതിശാസ്ത്ര തത്പരരായ വിനോദയാത്രികരെയും പ്രകൃതിശാസ്ത്രജ്ഞന്മാരെയും മറ്റു ശാസ്ത്രജ്ഞന്മാരെയും അവിടേക്ക് ആകർഷിച്ചിട്ടുണ്ട്.
തഴച്ചുവളരുന്ന ഉഷ്ണമേഖലാ തരുലതാദികൾ ദ്വീപിനെ മൂടിയിരിക്കുന്നു. ഷഡ്പദങ്ങളുടെയും ആർത്രോപോഡുകളുടെയും 450-ഓളം വർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ ദ്വീപിൽ അവയുടെ 800-ലധികം വർഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ദ്വീപിൽ 28 പുഴകളുണ്ട്. കുന്നും കുഴിയും നിറഞ്ഞ ഭൂപ്രദേശത്തുകൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന അവ ചെങ്കുത്തായ വൻ പാറക്കെട്ടുകളിലൂടെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളായി നിപതിക്കുന്നു.
ആ ദ്വീപിലെ 97 പക്ഷിവർഗങ്ങളിൽ ഒന്നാണ് വെളുത്ത കടൽക്കാക്ക. ദ്വീപിൽ വരുന്ന സന്ദർശകരുടെ തലയ്ക്കു തൊട്ടു മുകളിലൂടെ വട്ടമിട്ടു പറന്ന് അവരെ രസിപ്പിക്കുന്ന അതിന് ആളുകളെ പേടിയില്ലെന്നു തോന്നുന്നു. ആഹ്ലാദിപ്പിക്കുന്ന ഈ പ്രവണത കാരണം ആ പക്ഷിക്ക് എസ്പിരിറ്റൂ സാന്റോ അഥവാ പരിശുദ്ധാത്മാവ് എന്ന സ്പാനിഷ് ഇരട്ടപ്പേരിട്ടിരിക്കുന്നു. യേശുവിന്റെ സ്നാപനത്തെക്കുറിച്ചുള്ള ബൈബിൾ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് അതിന് ഈ പേരു കിട്ടിയിരിക്കുന്നത്.—മത്തായി 3:16 കാണുക.
കോക്കസ് ദ്വീപിനു ചുറ്റുമുള്ള ജലാന്തർലോകം പ്രകൃതി നിധികളാൽ സമ്പുഷ്ടമാണ്. സ്കൂബാ ഡൈവിങ് വശമുള്ള പരിസ്ഥിതിശാസ്ത്ര തത്പരരായ വിനോദയാത്രികർ കണ്ണൻ സ്രാവുകളുടെ പെരുപ്പത്തിൽ അത്ഭുതം കൂറുന്നു. കണ്ണൻ സ്രാവുകളും ശ്വേതാഗ്ര സ്രാവുകളും ഇവിടെ കൂടെക്കൂടെ ദൃശ്യമാകാറുണ്ട്. അവ 40-നും 50-നും ഇടയ്ക്ക് അംഗങ്ങളടങ്ങുന്ന പറ്റങ്ങളായി സഞ്ചരിക്കുന്നതു കണ്ടിട്ടുണ്ട്. വെള്ളത്തിന്റെ അസാധാരണമായ തെളിമയും ഡൈവു ചെയ്യുന്നവരെ ആകർഷിക്കുന്നു. ഉഷ്ണമേഖലാ മത്സ്യങ്ങൾ ആൽഗകളെയും പ്ലവകങ്ങളെയും തിന്നുകൊണ്ടു നീങ്ങവെ ഉളവാകുന്ന വർണരാജി അവരുടെ കണ്ണഞ്ചിപ്പിക്കുന്നു.
കോസ്റ്ററിക്ക പരമ്പരാഗതമായിത്തന്നെ ജീവനിധികൾക്കു പ്രാധാന്യം കൽപ്പിക്കുന്ന ഒരു രാജ്യമാണ്. ഇന്ന്, അതിന്റെ കരയുടെ 18 ശതമാനം ദേശീയ പാർക്കുകളായും സംവരണമേഖലകളായും സംരക്ഷിച്ചിരിക്കുന്നു. 1978-ൽ കോക്കസ് ദ്വീപ് ആ പാർക്കു വ്യവസ്ഥയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. ഇപ്പോൾ ആ പാർക്കു വ്യവസ്ഥയിൽ രാജ്യത്തെ 56 സംരക്ഷിത പ്രദേശങ്ങൾ ഉൾപ്പെടുന്നു. 1991-ൽ സംരക്ഷിത പ്രദേശത്തിൽ ദ്വീപിനു ചുറ്റുമുള്ള 24 കിലോമീറ്റർ വരുന്ന ‘ബഫർ’ മേഖലയും കൂടെ ഉൾപ്പെടുത്തി. റോന്തുചുറ്റുന്നതും വാണിജ്യ മത്സ്യബന്ധനത്തിൽനിന്ന് സാമുദ്രിക പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഒരു വെല്ലുവിളിയാണ്. അനിയന്ത്രിത മത്സ്യബന്ധനം ദ്വീപിനു ചുറ്റുമുള്ള സമുദ്രാന്തർലോകത്തിന്റെ ദുർബലമായ ആവാസവ്യവസ്ഥയെ തകരാറിലാക്കുമെന്ന് പരിസ്ഥിതിവാദികൾ ഭയപ്പെടുന്നു.
സാഹസികരായ കൊള്ളക്കാരെയും അവരുടെ ഗുപ്തനിധികളെയും കുറിച്ചുള്ള കഥകൾക്കു കോക്കസ് ദ്വീപ് ഇന്നും പേരുകേട്ടതാണ്. അത് ഇന്നും ലോകമെങ്ങുനിന്നുമുള്ള നിധിവേട്ടക്കാരിൽ ജിജ്ഞാസയുണർത്തി അവരെ അവിടേക്ക് ആകർഷിക്കുന്നു. എങ്കിലും ആ ദ്വീപിന്റെ ഏറ്റവും വലിയ സ്വത്ത് അതിന്റെ പ്രകൃതി വിഭവങ്ങളാണ്.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictures on pages 25-6: Courtesy of José Pastora, Okeanos
[26-ാം പേജിലെ ചിത്രങ്ങൾ]
ശ്വേതാഗ്ര സ്രാവും (1)കണ്ണൻ സ്രാവും (2, 3) കോക്കസ് ദ്വീപിനു ചുറ്റുമുള്ള വെള്ളത്തിലൂടെ 40-നും 50-നും ഇടയ്ക്ക് അംഗങ്ങളടങ്ങുന്ന പറ്റങ്ങളായി സഞ്ചരിക്കുന്നു