പ്രശ്നവിമുക്തമായ ഒരു പറുദീസ—വെറുമൊരു സ്വപ്നമോ?
“എത്ര ശാന്തം!” യു.എസ്.എ.-യിലെ ഐഡെഹോയിലുള്ള റെഡ്ഫിഷ് തടാകക്കരയിലെ പൈൻ വനത്തിൽനിന്നുള്ള ആ ദൃശ്യം മനംകുളിർപ്പിക്കുന്ന ഒന്നുതന്നെയായിരുന്നു. “എന്റെ സങ്കൽപ്പത്തിലെ പറുദീസ ഇതുതന്നെ,” യാത്രികൻ പറഞ്ഞു.
സൈപ്രസ് എന്ന മെഡിറ്ററേനിയൻ ദ്വീപിന്റെ തെക്കൻ തീരപ്രദേശം. പ്രഭാപൂരം പൊഴിച്ചുനിൽക്കുന്ന സൂര്യബിംബം. തീരത്തെ തലോടി കടന്നുപോകുന്ന തിരകൾ. അഭിമുഖമായി കുന്നിൻ മുകളിൽ ഒരു റെസ്റ്ററൻറ്. അവിടെ ഇരുന്നുകൊണ്ട് സന്ദർശകൻ വിസ്മയത്തോടെ പറഞ്ഞു: “ഇതാണു പറുദീസ!”
നമ്മിൽ പലരും ഇത്തരം ദൃശ്യങ്ങൾ ഓർമയിൽ കാത്തുസൂക്ഷിക്കുന്നുണ്ടാകും. എന്നാൽ, ഉപരിപ്ലവമായ ഈ പറുദീസാ ചുറ്റുപാടുകൾക്കപ്പുറം മിക്കപ്പോഴും അനുദിന ജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളുള്ളതായി തദ്ദേശവാസികൾ തിരിച്ചറിയുന്നു: റോക്കീ പർവതനിരയുടെ അടിവാരത്തിലെ വൃക്ഷനിബിഡമായ കുന്നുകളിലുണ്ടാകുന്ന കാട്ടുതീ. മത്സ്യങ്ങളെയും ഒടുവിൽ മനുഷ്യരെത്തന്നെയും പ്രതികൂലമായി ബാധിക്കുന്ന കടൽ മലിനീകരണം. ഇവയ്ക്കു പുറമേ, ജീവൻതന്നെ അപകടത്തിലാക്കുന്ന അന്താരാഷ്ട്ര, സമുദായാന്തര സംഘട്ടനങ്ങളും.
പറുദീസ—അത് എന്താണ്?
നിങ്ങൾ പറുദീസയെ വിഭാവന ചെയ്യുന്നത് എങ്ങനെയാണ്? ദ ന്യൂ ഷോർട്ടർ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷനറി നൽകുന്ന ആദ്യത്തെ നിർവചനം ഇതാണ്: “ഉല്പ[ത്തി] 2, 3-ൽ വർണിച്ചിരിക്കുന്ന ഏദെൻ തോട്ടം.” ദൈവം ആദ്യമനുഷ്യനായ ആദാമിനെ ആക്കിവെച്ച പ്രദേശത്തെക്കുറിച്ചു ബൈബിളിന്റെ ആദ്യപുസ്തകത്തിലെ വിവരണത്തെയാണ് ഇതു പരാമർശിക്കുന്നത്. ആ ആദിമ പറുദീസയിൽ “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ” വൃക്ഷങ്ങൾ സമൃദ്ധമായി വളർന്നിരുന്നു.—ഉല്പത്തി 2:9.
ആ ഡിക്ഷനറിയുടെ രണ്ടാമത്തെ നിർവചനം, “പറുദീസ”യെ “ക്രിസ്തീയ, ഇസ്ലാമിക ദൈവശാസ്ത്രപ്രകാരം സ്വർഗ”വുമായി ബന്ധപ്പെടുത്തിയശേഷം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇപ്പോൾ അതു മുഖ്യമായും കാവ്യാ[ത്മകമാണ്].” എങ്കിലും നമ്മുടെ യാത്രികനെയും സന്ദർശകനെയും സംബന്ധിച്ചിടത്തോളം പറുദീസ, ഡിക്ഷനറിയിലെ മൂന്നാമത്തെ നിർവചനമായ, “അതുല്യ മനോഹാരിതയുടെ അല്ലെങ്കിൽ അതിരറ്റ സന്തോഷത്തിന്റെ ഒരിടം” ആണ്.
16-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായിരുന്ന സർ തോമസ് മൂർ, യുട്ടോപ്യ എന്ന പേരിൽ ഒരു പുസ്തകം രചിക്കുകയുണ്ടായി. നിയമങ്ങളും ഗവൺമെന്റും സാമൂഹികാവസ്ഥകളുമെല്ലാം കുറ്റമറ്റതായിരുന്ന ഒരു ആദർശരാജ്യത്തെക്കുറിച്ച് അദ്ദേഹം ആ പുസ്തകത്തിൽ വർണിക്കുന്നു. അത് ഏറെ അയഥാർഥമായി കാണപ്പെട്ടതുകൊണ്ട് ഇന്ന് വെബ്സ്റ്റേഴ്സ് ന്യൂ കൊളീജിയറ്റ് ഡിക്ഷനറി “യുട്ടോപ്യ” എന്നതിനു നൽകുന്ന ഒരു നിർവചനം “സാമൂഹിക അഭിവൃദ്ധിക്കുവേണ്ടിയുള്ള ഒരു അപ്രായോഗിക പദ്ധതി” എന്നാണ്.
പീപ്പിൾസ് ടെംപിൾ മതവിഭാഗ നേതാവായ ജിം ജോൺസിന്റെ അനുഗാമികളെ സംബന്ധിച്ചിടത്തോളം യുട്ടോപ്യ എന്നത് ഗയാനയിലെ വനം വെട്ടിത്തെളിക്കലായിരുന്നു. സങ്കടകരമെന്നു പറയട്ടെ, 1978-ൽ, പറുദീസയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ആ സ്ഥലം അവരിൽ 900-ത്തിലേറെ പേരെ സംബന്ധിച്ചിടത്തോളം മരണത്തിന്റെ കേളീരംഗമായിത്തീർന്നു—തീർച്ചയായും ഒരു പേടിസ്വപ്നംതന്നെ! തത്ഫലമായി, ആളുകൾ ചിലപ്പോൾ പറുദീസയെന്ന ആശയത്തെ, പ്രവൃത്തികളാൽ ആളുകളെ ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്ന പ്രത്യേക മതവിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.
കുറ്റകൃത്യവും അക്രമവും നടമാടുന്ന, രോഗങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഭീഷണി ഉയർത്തുന്ന, വിദ്വേഷവും മതപരമായ വൈജാത്യങ്ങളും സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു ലോകത്ത് മനോഹരമായ ചുറ്റുപാടുകൾ മിക്കപ്പോഴും ഒരു പൊയ്മുഖം മാത്രമായിരിക്കും. പറുദീസ വെറുമൊരു സ്വപ്നമാണെന്ന് ആളുകൾ വിചാരിക്കുന്നതിൽ അതിശയിക്കാനില്ല! എങ്കിലും ഇതൊന്നും പറുദീസ കണ്ടെത്താനോ സ്വന്തമായി നിർമിക്കാൻപോലുമോ ഉള്ള ചിലരുടെ ശ്രമത്തെ തടഞ്ഞിട്ടില്ല. അവർ ഇതിൽ എത്രത്തോളം വിജയിച്ചിട്ടുണ്ട്?