പ്രശ്നവിമുക്തമായ ഒരു പറുദീസ തേടി
“ആളുകൾ പരസ്പരം കരുതൽ പ്രകടമാക്കുന്ന, സുരക്ഷിതവും ഒരുപക്ഷേ പഴഞ്ചൻ മട്ടിലുള്ളതുമായ ഒരു ജീവിതരീതി സൃഷ്ടിച്ചെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ഒരു ബ്രിട്ടീഷ് ദമ്പതികൾ അഭിപ്രായപ്പെട്ടു. പറുദീസാസമാനമായ ഒരു ഉഷ്ണമേഖലാ ദ്വീപ് തേടിപ്പിടിച്ച് അവിടെ ആളുകൾ സമാധാനത്തിൽ ഒരുമിച്ചു കഴിയുന്ന ഒരു സമുദായം കെട്ടിപ്പടുക്കാൻ അവർ തീരുമാനിച്ചു. നിങ്ങൾക്ക് അവരുടെ വികാരങ്ങൾ മനസ്സിലാകുമെന്നതിൽ സംശയമില്ല. പ്രശ്നവിമുക്തമായ ഒരു പറുദീസയിൽ ജീവിക്കാനുള്ള അവസരം കിട്ടിയാൽ ആരാണത് ഇരുകയ്യും നീട്ടി സ്വീകരിക്കാതിരിക്കുക?
ഒറ്റപ്പെട്ടു ജീവിക്കലാണോ പരിഹാരം?
ഒരു ദ്വീപിൽ ജീവിക്കുകയെന്ന ആശയം പറുദീസാന്വേഷികളായ പലരെയും ആകർഷിക്കുന്നു. ഒറ്റപ്പെട്ടു ജീവിക്കുന്നത് ഒരളവുവരെ സുരക്ഷിതത്വം പ്രദാനം ചെയ്യുമെന്നതാണ് കാരണം. ചിലർ കരീബിയൻ കടലിൽ, ബെലീസിൽനിന്ന് അൽപ്പം അകന്നുമാറി സ്ഥിതിചെയ്യുന്ന ദ്വീപുകളോ പസഫിക് തീരത്ത് പനാമയോടു ചേർന്നു കിടക്കുന്ന ദ്വീപുകളോ പോലുള്ളവ തിരഞ്ഞെടുക്കുന്നു. മറ്റുചിലരാകട്ടെ, ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്ഷെൽസ് പോലുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നു.
ഒറ്റപ്പെട്ട ഒരു സമുദായം കെട്ടിപ്പടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ വിഭാവന ചെയ്യുക ബുദ്ധിമുട്ടാണ്. ആവശ്യമായ പണം ലഭ്യമാണെങ്കിൽത്തന്നെയും നിലവിലുള്ള ഗവൺമെൻറ് നിയമങ്ങൾ, തിടുക്കത്തിൽ ഭൂമി വാങ്ങിക്കുന്നതു പ്രയാസകരമാക്കിയേക്കാം. പറ്റിയ ഒരു ഉഷ്ണമേഖലാ ദ്വീപ് ലഭിച്ചുവെന്നുതന്നെയിരിക്കട്ടെ, അവിടെ നിങ്ങൾ സന്തുഷ്ടനായിരിക്കുമോ? നിങ്ങളുടെ പറുദീസ പ്രശ്നവിമുക്തമായിരിക്കുമോ?
ബ്രിട്ടീഷ് തീരത്തോടടുത്തുള്ള ഒറ്റപ്പെട്ട ദ്വീപുകളിൽ വസിക്കുന്നവരുടെ എണ്ണം ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏകാന്തതയും സമാധാനവും അന്വേഷിക്കുന്ന ആളുകളാണ് അവിടത്തെ പുതിയ നിവാസികൾ. സ്കോട്ട്ലൻഡിന്റെ പശ്ചിമതീരത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന, 250 ഏക്കർ വരുന്ന ഈയൊർസ ദ്വീപിൽ ഒറ്റയ്ക്കു താമസിക്കുന്ന ഒരു മനുഷ്യൻ തനിക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടാറില്ലെന്ന് അവകാശപ്പെടുന്നു. നൂറ് ആടുകളുടെ ഒരു പറ്റത്തെ പരിപാലിക്കുന്നതുൾപ്പെടെ വളരെയധികം കാര്യങ്ങൾ അയാൾക്കു ചെയ്യാനുണ്ടത്രെ. ഒരു ദ്വീപിലെ ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുക്കുന്ന മറ്റു ചിലർക്ക് താമസിയാതെ ഏകാന്തത അനുഭവപ്പെടുന്നു. ഇവരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച ചിലരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രകൃതിരമണീയമായ ഒരു ഉഷ്ണമേഖലാ ദ്വീപായിരിക്കും പറുദീസ എന്ന് പലരും കരുതുന്നു. കഠിനമായ ചൂടോ തണുപ്പോ ഇല്ലാത്ത പ്രസന്നമായ കാലാവസ്ഥയുള്ള ഒരു ചുറ്റുപാടിലെ ജീവിതം അവർക്ക് ആകർഷകമായി തോന്നുന്നു. എന്നാൽ, ആഗോളതപനത്തിനുള്ള സാധ്യതയും തത്ഫലമായുണ്ടാകാൻ പോകുന്ന സമുദ്രനിരപ്പിലെ ഉയർച്ചയും പല ദ്വീപനിവാസികൾക്കിടയിലും ഉത്കണ്ഠ പരത്തിയിരിക്കുന്നു. പടിഞ്ഞാറൻ പസഫിക്കിലെ ടോക്കലോ എന്ന പ്രദേശമായി രൂപംകൊണ്ട നിമ്ന പവിഴദ്വീപുകളിലെയും ഇന്ത്യൻ മഹാസമുദ്രത്തിൽ അങ്ങിങ്ങായി കിടക്കുന്ന, വേലിയേറ്റ സമയത്ത് സമുദ്രനിരപ്പിൽനിന്ന് രണ്ടു മീറ്റർ മാത്രം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മാലദ്വീപുകളിലെയും നിവാസികൾ സമാനമായ ഭീഷണി നേരിടുന്നു.
വികസ്വര രാഷ്ട്രങ്ങളെന്നു സ്വയം കണക്കാക്കുന്ന ഏതാണ്ട് 40 വ്യത്യസ്ത ദ്വീപഗവൺമെൻറുകൾ ചേർന്ന് ഒരു ഫെഡറേഷൻ രൂപീകരിച്ചിരിക്കുന്നു. തങ്ങളുടെ ദുരവസ്ഥയ്ക്കു സഹായം നേടിയെടുക്കുകയാണ് അവരുടെ ലക്ഷ്യം. ചെറിയ ദ്വീപുകളിലെ ഈ നിവാസികൾക്ക് ആയുർദൈർഘ്യം പൊതുവേ കൂടുതലാണെന്നതും അവിടത്തെ ശിശുമരണനിരക്ക് കുറവാണെന്നതുമൊക്കെ ശരിതന്നെ. എങ്കിലും അവർ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നു. എണ്ണ തൂകലും മലീമസമായ സമുദ്രങ്ങളും ചില ദ്വീപുകളിലെ സാമ്പത്തികഭദ്രതയുടെ അടിത്തറ ഇളക്കുന്നു. മറ്റു ചില ദ്വീപുകൾ വൻരാഷ്ട്രങ്ങൾക്കു വിഷലിപ്തമായ മാലിന്യങ്ങൾ കൊണ്ടുപോയി തട്ടാനുള്ള ചവറ്റുകൊട്ടയായിത്തീരുന്നു.
പറുദീസാന്വേഷികളുടെ മനം കവരുന്ന ദ്വീപുകളുടെ വശ്യഭംഗിതന്നെ അവയ്ക്കൊരു ഭീഷണിയാണ്. എങ്ങനെ? സൂര്യന്റെ ശോഭയേറ്റു കിടക്കുന്ന ദ്വീപുകളുടെ തീരങ്ങളിലേക്കു വിനോദയാത്രികർ കൂട്ടത്തോടെ ചേക്കേറുന്നു. ഇത് ഗുരുതരമായ ആൾപ്പെരുപ്പത്തിനും ദുർലഭവിഭവങ്ങളുടെ ശോഷണത്തിനും ഇടയാക്കുന്നു. ഈ സന്ദർശകർ മലിനീകരണവും വർധിപ്പിക്കുന്നു. ഉദാഹരണത്തിന്, വർഷംതോറും കരീബിയൻ ദ്വീപുകളിലേക്കു വരുന്ന രണ്ടു കോടി സന്ദർശകർ പുറന്തള്ളുന്ന മാലിന്യങ്ങളുടെ പത്തിലൊന്നു മാത്രമേ ഏതെങ്കിലും തരത്തിൽ സംസ്കരണവിധേയമാകുന്നുള്ളൂ.
പ്രകൃതിരമണീയമായ മറ്റിടങ്ങളിലും സമാനമായ സംഭവവികാസങ്ങൾതന്നെയാണ് അരങ്ങേറുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു സ്ഥിതി ചെയ്യുന്ന ഗോവയുടെ കാര്യമെടുക്കുക. “വിനോദയാത്രികരുടെ കൂട്ടത്തോടെയുള്ള ഒഴുക്ക് ‘ഒരു പറുദീസയെ നശിപ്പിക്കുന്നു,’” ലണ്ടന്റെ ഇൻഡിപെന്റൻറ് ഓൺ സൺഡേ പ്രസ്താവിച്ചു. 1972-ൽ വിനോദസഞ്ചാരികളുടെ എണ്ണം 10,000 ആയിരുന്നത് ’90-കളുടെ ആരംഭത്തിൽ പത്തു ലക്ഷത്തിലേറെയായെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. കൂട്ടമായെത്തുന്ന വിനോദസഞ്ചാരികളെ മുതലെടുക്കാൻ കാത്തിരിക്കുന്ന അത്യാഗ്രഹികളായ ഹോട്ടലുടമകൾ ഗോവയുടെ ലോലമായ ആവാസവ്യവസ്ഥയ്ക്കും നിസ്തുലമായ സംസ്കാരത്തിനും ഭീഷണി ഉയർത്തുന്നതായി ഒരു കൂട്ടർ മുന്നറിയിപ്പു നൽകുന്നു. കടലോരങ്ങളിൽ നിയമവിരുദ്ധമായി ചില ഹോട്ടലുകൾ പണിതിരിക്കുന്നതായി ഇന്ത്യാ ഗവൺമെൻറിന്റെ ഒരു റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്. അവിടത്തെ മണൽ വാരി നീക്കംചെയ്തിരിക്കുന്നതിനു പുറമേ മരങ്ങൾ വെട്ടി നശിപ്പിക്കുകയും മണൽപ്പുറ്റുകൾ നിരപ്പാക്കുകയും ചെയ്തിരിക്കുന്നു. മാലിന്യങ്ങൾ കടലോരങ്ങളിൽ നിക്ഷേപിക്കുകയോ അടുത്തുള്ള നെൽപ്പാടങ്ങളിലേക്ക് ഒഴുക്കിവിടുകയോ ചെയ്യുന്നു. ഇതു രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് ഇടയാക്കുന്നു.
കുറ്റകൃത്യവിമുക്തമോ?
കുറ്റകൃത്യങ്ങളുടെ നുഴഞ്ഞുകയറ്റം അത്യന്തം സമാധാനപൂർണമായ സ്ഥലങ്ങളുടെപോലും സത്കീർത്തിക്കു കളങ്കംചാർത്തുന്നു. ബർബൂഡ എന്ന കൊച്ചു കരീബിയൻ ദ്വീപിൽനിന്ന് “പറുദീസയിലെ കൂട്ടക്കൊല” എന്ന തലക്കെട്ടോടെ ഒരു റിപ്പോർട്ടു വന്നിരുന്നു. ആ ദ്വീപിന്റെ തീരത്തുനിന്നു മാറി നങ്കൂരമിട്ടിരുന്ന ഒരു ഉല്ലാസനൗകയിൽവെച്ച് നാലുപേർ കൊലചെയ്യപ്പെട്ടതായുള്ള ഭീകരവാർത്തയായിരുന്നു അത്. ഇത്തരം സംഭവങ്ങൾ, കുറ്റകൃത്യം ആ പ്രദേശത്തുടനീളം വ്യാപകമാകുന്നതിലെ ഉത്കണ്ഠ വർധിപ്പിക്കുന്നു.
“മയക്കുമരുന്നുകൾ ‘പറുദീസ’യിലെ സാമൂഹികവിരുദ്ധ സംഘട്ടനങ്ങൾക്കു തിരികൊളുത്തുന്നു,” ഒരു മധ്യ അമേരിക്കൻ രാജ്യത്തെക്കുറിച്ച് ലണ്ടനിലെ ദ സൺഡേ ടൈംസിൽ വന്ന വാർത്തയുടെ തലക്കെട്ടായിരുന്നു അത്. സമാധാനം പൊയ്പോയിരിക്കുന്നതായി അവിടത്തെ ഒരു എഡിറ്റർ വിലപിച്ചു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ഒരു പതിനാറുകാരൻ തെരുവിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതു കാണുന്നതും മറ്റും ഒരു സാധാരണ സംഭവമായിത്തീർന്നിരിക്കുന്നു.”
സമുദായ പറുദീസയിൽ ജീവിക്കാൻ ലക്ഷ്യമിടുന്നവർ, സമാധാന ജീവിതത്തോടു യോജിക്കുമെന്നുറപ്പുള്ള ആളുകളെ തങ്ങൾക്ക് ആകർഷിക്കാനാകുമെന്നു പ്രത്യാശിക്കുന്നു. എന്നാൽ യാഥാർഥ്യമെന്താണ്? ആരംഭത്തിൽ പ്രതിപാദിച്ച ആ ബ്രിട്ടീഷ് ദമ്പതികളുടെ കാര്യത്തിൽ താമസിയാതെതന്നെ വിയോജിപ്പുകൾ തലപൊക്കി. അവരുടെ സംരംഭത്തിൽ പങ്കുചേർന്ന ചിലർ ആ പദ്ധതിയിൽനിന്നു പണമുണ്ടാക്കാൻ വ്യക്തമായും ആഗ്രഹിച്ചു. “നമുക്കു നേതാക്കന്മാരെയല്ല ആവശ്യം,” ഭർത്താവ് പ്രഖ്യാപിച്ചു. “സ്വപ്നസാക്ഷാത്കാരത്തിനായി നമ്മുടെ പക്കലുള്ളതെല്ലാം സംഭാവന ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ഞാൻ അതിനെ ഒരു ആദർശസമുദായം എന്നാണു വിളിക്കുന്നത്.” ഇതു വാസ്തവത്തിൽ അത്തരം സംരംഭങ്ങളിൽ ആദ്യത്തേതായിരുന്നില്ല.—“പറുദീസാ സമുദായ പരീക്ഷണങ്ങൾ” എന്ന ചതുരം കാണുക.
ഒരു ലോട്ടറി അടിച്ചാൽ തങ്ങളുടെ ലക്ഷ്യം നിറവേറ്റാനാകുമെന്നാണ് ചില പറുദീസാന്വേഷകരുടെ വിശ്വാസം. എന്നാൽ ഈ മാർഗത്തിലൂടെ കൈവരിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ സന്തുഷ്ടി കൈവരുത്തുകയില്ലെന്നുതന്നെ പറയാം. ബ്രിട്ടനിലെ ഏറ്റവും വലിയ ലോട്ടറി വിജയിയുടെ കുടുംബത്തിൽ ഉൾപ്പോരുള്ളതായി 1995 ഫെബ്രുവരിയിൽ ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്തു; വിജയം അവർക്കു നേടിക്കൊടുത്തത് “നീരസവും പകയും നൈരാശ്യവും” മാത്രം. ഇത്തരം സാഹചര്യങ്ങളിൽ ഇതൊന്നും അസാധാരണമല്ല.
ഒരു ആദർശസമുദായത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തെക്കുറിച്ചുള്ള ഒരു പഠനറിപ്പോർട്ടിൽ പത്രപ്രവർത്തകനായ ബെർണാഡ് ലെവിൻ “നൊടിയിടകൊണ്ടു ധനം സമ്പാദിക്കാമെന്ന സ്വപ്ന”ത്തെക്കുറിച്ചു പറയുന്നു. എന്നിട്ട് അദ്ദേഹം തറപ്പിച്ചു പറയുന്നു: “മറ്റു പല സുന്ദരസ്വപ്നങ്ങളും പേടിസ്വപ്നമായിത്തീർന്നതുപോലെതന്നെ ഇതും ആയിത്തീരാനുള്ള സാധ്യതയുണ്ട്. നൊടിയിടകൊണ്ട് ധനാഢ്യരായ പലരും കൊടിയ നാശത്തിലേക്കു വഴുതി വീണതായുള്ള സംഭവകഥകൾ (ആത്മഹത്യ ഉൾപ്പെടെ) ഉള്ളതുകൊണ്ട് അവയെ കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ല.”
വിനാശദിന വിഭാഗക്കാരുടെ കാര്യമോ?
മറ്റു ചില പറുദീസാ പദ്ധതികൾക്ക് കുറെക്കൂടെ കുടിലമായ വശങ്ങളുണ്ടായിരുന്നു. 1993-ൽ ടെക്സാസിലുള്ള വാക്കോയിലെ ഗവൺമെൻറ് നിയമപാലകർ ബ്രാഞ്ച് ഡേവിഡിയൻസിന്റെ വളപ്പിൽ ഉപരോധമേർപ്പെടുത്തി. അതിനെക്കുറിച്ചു റിപ്പോർട്ടു ചെയ്യവേ, ദുരന്തത്തിനിടയാക്കിയ “തോക്കുകളുടെയും മസ്തിഷ്കപ്രക്ഷാളനത്തിന്റെയും ഒരു വിനാശദിന പ്രവാചകന്റെയും സ്ഫോടനാത്മകമായ ഒരു സംയുക്ത”ത്തെക്കുറിച്ച് ഒരു വർത്തമാനപത്രം എഴുതി. സങ്കടകരമെന്നു പറയട്ടെ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.
ഇന്ത്യാക്കാരനായിരുന്ന, പരേതനായ ആധ്യാത്മിക ഗുരു ശ്രീ. രജനീഷ് ഭഗവാന്റെ അനുയായികൾ ഒറിഗൊണിൽ ഒരു സമുദായം കെട്ടിപ്പടുത്തു. എന്നാൽ അവർ തങ്ങളുടെ അയൽക്കാരുടെ ധാർമിക വികാരങ്ങളെ മുറിപ്പെടുത്തി. അവരുടെ നേതാവിന്റെ സമ്പത്തും അവർ നടത്തിയ ലൈംഗിക പരീക്ഷണവും തങ്ങൾ “മനോഹരമായ ഒരു അഭയകേന്ദ്രം” സ്ഥാപിച്ചതായുള്ള അവരുടെ അവകാശവാദം പൊള്ളയാണെന്നു തെളിയിച്ചു.
പറുദീസാ പ്രത്യാശകളുള്ള ആളുകൾ നേതൃത്വം വഹിക്കുന്ന പല ഭക്തിപ്രസ്ഥാനങ്ങളും തങ്ങളുടെ അനുയായികൾ വിചിത്രമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നതായി അവകാശപ്പെടുന്നു. അത്തരം ചടങ്ങുകൾ ചിലപ്പോൾ അക്രമാസക്ത സംഘട്ടനങ്ങളിൽ കലാശിക്കുന്നു. പത്രപംക്തീകാരൻ ഇയാൻ ബ്രോഡി വിശദമാക്കുന്നു: “ശൂന്യതാബോധമുള്ളവരെയോ യഥാർഥ ലോകത്തിന്റെ സമ്മർദങ്ങളെ നേരിടാനാകാത്തവരെയോ സംബന്ധിച്ചിടത്തോളം ഭക്തിപ്രസ്ഥാനങ്ങൾ ഒരു അഭയസ്ഥാനവും അടുക്കും ചിട്ടയുമുള്ള ഒരു സമുദായവുമാണ്.” എങ്കിലും ഒരു പറുദീസയിൽ ജീവിക്കുകയെന്ന ആശയത്തെ പലരും സ്വാഗതം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
ഒരു പ്രശ്നവിമുക്ത പറുദീസ
പ്രശ്നങ്ങളുടെ പട്ടിക നീണ്ടുപോകുന്നു: മലിനീകരണം, കുറ്റകൃത്യം, മയക്കുമരുന്നു ദുരുപയോഗം, ജനപ്പെരുപ്പം, വംശീയ സംഘട്ടനങ്ങൾ, രാഷ്ട്രീയ കോളിളക്കങ്ങൾ എന്നിവയ്ക്കു പുറമേ എല്ലാ മനുഷ്യരെയും ബാധിക്കുന്ന, രോഗവും മരണവും പോലെയുള്ള പ്രശ്നങ്ങളുമുണ്ട്. തികച്ചും പ്രശ്നവിമുക്തമായ ഒരു പറുദീസ ഈ ഗ്രഹത്തിലൊരിടത്തും ഇല്ലെന്നു സാരം. ബെർണാർഡ് ലെവിൻ സമ്മതിച്ചുപറയുന്നു: “മനുഷ്യചരിത്രത്തിൽ ഒരു കറുത്ത പാടുണ്ട്. മനുഷ്യരുള്ള കാലം തൊട്ടേ അതുള്ളതായി തോന്നുന്നു. ചുരുക്കം ചിലരോടൊത്തുപോലും സന്തോഷത്തോടെ കഴിയാൻ ആളുകൾക്കു സാധിക്കാത്തത് ഇതിന്റെ ഒരു വശമാണ്.”
എങ്കിലും, യഥാർഥത്തിൽ പ്രശ്നവിമുക്തമായ ഒരു ആഗോള പറുദീസ ഉണ്ടാകും. അതിന്റെ നിലനിൽപ്പു സംബന്ധിച്ച് ഉറപ്പു തന്നിരിക്കുന്നത് ഒരു മനുഷ്യാതീത ശക്തിയാണ്. വാസ്തവത്തിൽ, ആ ലക്ഷ്യത്തിലെത്തിച്ചേരാൻ 50 ലക്ഷത്തിലേറെ ആളുകൾ ഇന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ അവർ തങ്ങൾക്കിടയിൽ അമൂല്യമായ ഐക്യവും ഒരു പരിധിവരെ പ്രശ്നവിമുക്തമായ അന്തരീക്ഷവും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് അവരെ എവിടെ കണ്ടെത്താനാകും? അവർ ഇപ്പോൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന അതേ പ്രത്യാശയിലും പ്രയോജനങ്ങളിലും നിങ്ങൾക്ക് എങ്ങനെ പങ്കുകൊള്ളാൻ സാധിക്കും? വരാൻ പോകുന്ന ആ പറുദീസ എത്ര നാൾ നിലനിൽക്കും?
[6-ാം പേജിലെ ചതുരം]
പറുദീസാ സമുദായ പരീക്ഷണങ്ങൾ
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ച് സോഷ്യലിസ്റ്റുകാരനായ ഏറ്റ്യൻ കബെ (1788-1856) 280 സഹചാരികളോടൊപ്പം തന്റെ ആദർശങ്ങളെ അടിസ്ഥാനമാക്കി ഇല്ലിനോയിസിലെ നൊവൂയിൽ ഒരു സാമുദായിക വാസസ്ഥലം സ്ഥാപിച്ചു. എന്നാൽ എട്ടു വർഷത്തിനുള്ളിൽ, വളരെയേറെ വിയോജിപ്പുകൾ ഉയർന്നുവന്നതിന്റെ ഫലമായി അതു ശിഥിലമായി, ഐയ്യോവയിലെയും കാലിഫോർണിയയിലെയും സമാനമായ കൂട്ടങ്ങളെപ്പോലെതന്നെ.
മറ്റൊരു ഫ്രഞ്ചുകാരനായ ചാൾസ് ഫുറീയേ (1772-1837), അംഗങ്ങൾക്ക് മാറിക്കൊണ്ടിരിക്കുന്ന ധർമങ്ങളുള്ള ഒരു സഹകരണ കാർഷിക സമുദായം കെട്ടിപ്പടുക്കാനുള്ള ആശയങ്ങൾ വികസിപ്പിച്ചെടുത്തു. മുഴു സംഘത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓരോരുത്തർക്കും പ്രതിഫലം ലഭിക്കുമായിരുന്നത്. എന്നാൽ, ഫ്രാൻസിലും ഐക്യനാടുകളിലും ഈ ആശയത്തെ അടിസ്ഥാനമാക്കി നിലവിൽവന്ന സമുദായങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല.
ഏതാണ്ട് അതേ കാലത്തുതന്നെ, വെയിൽസിലെ സാമൂഹിക പരിഷ്കർത്താവായ റോബർട്ട് ഓവെൻ (1771-1858) ഒരു പൊതു അടുക്കളയും തീൻമുറിയുമുള്ള, നൂറുകണക്കിന് ആളുകൾക്ക് ഒരുമിച്ചു താമസിക്കാൻ കഴിയുന്ന സഹകരണ ഗ്രാമങ്ങളെന്ന ആശയം മുന്നോട്ടുവെച്ചു. ഓരോ കുടുംബവും സ്വന്തം പാർപ്പിടങ്ങളിൽ താമസിച്ച് മക്കൾക്കു മൂന്നു വയസ്സാകുന്നതുവരെ അവരെ പരിപാലിക്കണമായിരുന്നു. അതിനുശേഷം അവരെ പരിപാലിക്കുന്ന ചുമതല മുഴു സമുദായവും ഏറ്റെടുക്കണമായിരുന്നു. എന്നാൽ ഒവെന്റെ പരീക്ഷണങ്ങൾ പൊളിഞ്ഞുപോയെന്നു മാത്രമല്ല, അദ്ദേഹത്തിനു വലിയ സാമ്പത്തികനഷ്ടവും ഉണ്ടായി.
ജോൺ നോയെസ് (1811-1886), ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക “ഐക്യനാടുകളിലെ ആദർശ സോഷ്യലിസ്റ്റ് സമുദായങ്ങളിൽവെച്ച് ഏറ്റവും വിജയപ്രദമായത്” എന്നു വിളിക്കുന്ന ഒന്നിന്റെ സ്ഥാപകനായിത്തീർന്നു. അദ്ദേഹത്തിന്റെ അനുയായികൾ ഏകഭാര്യത്വം വെടിഞ്ഞ് എല്ലാവർക്കുമിടയിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം അനുവദിച്ചപ്പോൾ നോയെസിനെ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
മധ്യ അമേരിക്കയിലെ ഒരുതരം “മുതലാളിത്ത ആദർശദേശം” എന്നു വിളിക്കപ്പെടുന്ന ലാസേഫാർ നഗരം, അത്തരമൊരു ആദർശസമുദായം സൃഷ്ടിച്ചെടുക്കാനുള്ള അടുത്തകാലത്തെ ഒരു ശ്രമത്തിന്റെ ഫലമാണെന്ന് ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഈ പദ്ധതിയിലേക്ക് നിക്ഷേപകരെ ക്ഷണിക്കുകയുണ്ടായി. “21-ാം നൂറ്റാണ്ടിലെ അത്ഭുത നഗര”ത്തിൽ ജീവിക്കാനുള്ള പ്രത്യാശയാൽ പ്രലോഭിതരായ പറുദീസാന്വേഷകരോട് 5,000 ഡോളർ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ പണം നിക്ഷേപിക്കുന്ന സമാന ചിന്താഗതിക്കാരായ ആളുകളെ തേടിക്കൊണ്ട് ഒരുതരം പിരമിഡ് വിൽപ്പനാരീതി ആവിഷ്കരിക്കാനുമുള്ള ക്ഷണം അവർക്കു ലഭിച്ചു. “ചെറിയ ഒരു ഹോട്ടൽ പണിയാനുള്ള സ്ഥലം ഒരു രാജ്യം നൽകുകയാണെങ്കിൽത്തന്നെ” ഈ പദ്ധതി നോക്കിക്കാണാനുള്ള ഒരു വിമാന ടിക്കറ്റ് മാത്രമേ പ്രസ്തുത തുക നൽകുന്നതുവഴി നിക്ഷേപകർക്ക് ലഭിക്കുകയുള്ളൂ എന്നു പറയപ്പെടുന്നു. ഏതെങ്കിലുമൊരു “പറുദീസ” അവിടെ സ്ഥാപിക്കപ്പെടാനുള്ള വാസ്തവികമായ പ്രത്യാശകളൊന്നുമില്ല.
[7-ാം പേജിലെ ചിത്രം]
പറുദീസാന്വേഷികളായ പലർക്കും ഒരു ദ്വീപ് ആകർഷകമായി തോന്നുന്നു. എന്നാൽ ഇന്ന് കുറ്റകൃത്യം അത്യന്തം സമാധാനപൂർണമായ സ്ഥലങ്ങളുടെപോലും സത്കീർത്തിക്കു കളങ്കം ചാർത്തുന്നു