പ്രശ്നവിമുക്തമായ ഒരു പറുദീസ—ഉടൻ ഒരു യാഥാർഥ്യം
“നീഎന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” കുറ്റവാളിയായിരുന്ന ഒരു മനുഷ്യന് ആ വാക്കുകൾ എത്ര ആശ്വാസം പകർന്നെന്നോ! മരിക്കുമ്പോൾ അഗ്നിനരകത്തിൽ പോകാതെ താൻ സ്വർഗത്തിലേക്കായിരിക്കും പോകുന്നതെന്ന് തീർച്ചയായും അയാൾ വിചാരിച്ചില്ല. മറിച്ച്, യേശുവിനോടൊപ്പം ശിക്ഷിക്കപ്പെട്ട ആ കള്ളൻ, ഭൂമിയിൽ പറുദീസ പുനഃസ്ഥാപിതമാകുമ്പോൾ താൻ ജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുമെന്ന പ്രത്യാശയിൽ ആശ്വാസം കണ്ടെത്തി. പറുദീസയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഈ പ്രസ്താവന നടത്തിയത് ആരെന്നു ദയവായി നോക്കുക. അത് ദൈവത്തിന്റെ സ്വപുത്രനായ യേശുക്രിസ്തുവായിരുന്നു.—ലൂക്കൊസ് 23:43, NW.
പറുദീസ വാഗ്ദാനം ചെയ്യാൻ യേശുവിനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? ആ കള്ളന്റെ അപേക്ഷ ഇതായിരുന്നു: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ.” (ലൂക്കൊസ് 23:42) ഈ രാജ്യം എന്താണ്? അതും ഭൗമിക പറുദീസയും തമ്മിലുള്ള ബന്ധമെന്താണ്? പറുദീസ പ്രശ്നവിമുക്തമായിരിക്കുമെന്നതിന് ഇത് ഉറപ്പു നൽകുന്നതെങ്ങനെ?
പറുദീസയ്ക്കു പിന്നിലെ ശക്തി
ഇന്നത്തെ പ്രശ്നങ്ങളെല്ലാം ഇല്ലാതായാൽ മാത്രമേ ഭൂമിയിൽ ഒരു യഥാർഥ പറുദീസ ആഗതമാകുകയുള്ളു എന്നു നിങ്ങൾ സമ്മതിക്കും. ചരിത്രം വ്യക്തമായി തെളിയിക്കുന്നതുപോലെ അവ നീക്കം ചെയ്യാനുള്ള മാനുഷിക ശ്രമങ്ങളെല്ലാം ഇന്നോളം പരാജയമടഞ്ഞിരിക്കുന്നു. എബ്രായ പ്രവാചകനായ യിരെമ്യാവ് സമ്മതിച്ചുപറഞ്ഞു: ‘യഹോവേ, നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.’ (യിരെമ്യാവു 10:23) അപ്പോൾപ്പിന്നെ ഇന്നത്തെ പ്രശ്നങ്ങളെല്ലാം തുടച്ചുമാറ്റാൻ ആർക്കു കഴിയും?
കഠിനമായ കാലാവസ്ഥയും മലിനീകരണവും. ഗലീലാക്കടലിനു മീതെ വീശിയടിച്ച ഒരു വലിയ കൊടുങ്കാറ്റ് കൂറ്റൻ തിരമാലകളെ ഇളക്കിമറിച്ചതിന്റെ ഫലമായി വള്ളം തകർന്നു പോകുമെന്ന അവസ്ഥയായപ്പോൾ അതിലെ യാത്രക്കാർ മയക്കത്തിലായിരുന്ന തങ്ങളുടെ സഹചാരിയെ വിളിച്ചുണർത്തി. അവൻ കടലിനോട് ഇത്രമാത്രം പറഞ്ഞു: “അനങ്ങാതിരിക്ക, അടങ്ങുക.” സംഭവിച്ചതെന്തെന്നു മർക്കൊസിന്റെ സുവിശേഷം വിവരിക്കുന്നു: “കാററു അമർന്നു, വലിയ ശാന്തത ഉണ്ടായി.” (മർക്കൊസ് 4:39) അവരുടെ സഹയാത്രികൻ യേശുവല്ലാതെ മറ്റാരുമായിരുന്നില്ല. അവന് കാലാവസ്ഥയെ നിയന്ത്രിക്കാനുള്ള ശക്തിയുണ്ടായിരുന്നു.
ദൈവം, ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുന്ന’ ഒരു കാലം വരുമെന്ന് അപ്പോസ്തലനായ യോഹന്നാനിലൂടെ മുൻകൂട്ടി പറഞ്ഞതും ഇതേ യേശുതന്നെ. (വെളിപ്പാടു 1:1; 11:18) നോഹയുടെ നാളിലെ ജലപ്രളയത്തിൽ ഭക്തികെട്ട ജനങ്ങളുടെ ഒരു ലോകത്തെ അപ്പാടെ നീക്കംചെയ്ത ദൈവത്തിന് ഇത് അസാധ്യമായ ഒരു സംഗതിയല്ല.—2 പത്രൊസ് 3:5, 6.
കുറ്റകൃത്യവും അക്രമവും. ബൈബിൾ വാഗ്ദാനം ചെയ്യുന്നു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:9, 11) വീണ്ടും, കുറ്റകൃത്യവും അക്രമവും നീക്കം ചെയ്ത് സൗമ്യതയുള്ളവർക്കായി പറുദീസ നീക്കിവെക്കുമെന്നു വാഗ്ദാനം ചെയ്യുന്നതും യഹോവയാം ദൈവംതന്നെ.
ദാരിദ്ര്യവും പട്ടിണിയും. ദരിദ്ര രാജ്യങ്ങൾ പട്ടിണിയുമായി മല്ലടിക്കുമ്പോൾ ലോകത്തിലെ മറ്റൊരു ഭാഗത്തെ ഗവൺമെൻറുകൾക്ക് ആവശ്യത്തിലധികം ഭക്ഷ്യവസ്തുക്കൾ “കൂമ്പാരം” കൂട്ടിവെക്കാൻ ഇന്നത്തെ അനീതി മൂലം സാധിക്കുന്നു. സഹായമനസ്കരായ ആളുകളുടെ പിന്തുണയോടെ അടിസ്ഥാന ആവശ്യങ്ങൾ പ്രദാനം ചെയ്യാൻ ദുരിതാശ്വാസ ഏജൻസികൾ ശ്രമിക്കുന്നുണ്ടെങ്കിലും ക്രമസമാധാനമില്ലായ്മ നിമിത്തം വിതരണപദ്ധതികൾ തകരുന്നതിനാൽ ആ ശ്രമങ്ങൾ മിക്കപ്പോഴും പരാജയമടയുന്നു. പ്രവാചകനായ യെശയ്യാവ് രേഖപ്പെടുത്തിയതുമായി ഇതിനെ വിപരീതതാരതമ്യം ചെയ്യുക: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ.” (യെശയ്യാവു 25:6) ക്ഷാമവും പട്ടിണിയും മേലാൽ ഉണ്ടായിരിക്കുകയില്ല എന്നല്ലേ അതർഥമാക്കുന്നത്? തീർച്ചയായും.
യുദ്ധം. ഒരു ദേശീയാതീത ഗവൺമെൻറിലൂടെ ഭൂമിയെ ഭരിക്കാനുള്ള ശ്രമങ്ങൾ പരാജയമടഞ്ഞിരിക്കുന്നു. 1920-ൽ സ്ഥാപിതമായ സർവരാജ്യസഖ്യം, രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതു തടയാൻ പരാജയപ്പെടുകയും അങ്ങനെ അത് നാമാവശേഷമാകുകയും ചെയ്തു. സമാധാനത്തിനുള്ള ഏറ്റവും നല്ല പ്രതീക്ഷയെന്നു മിക്കപ്പോഴും പ്രകീർത്തിക്കപ്പെടുന്ന ഐക്യരാഷ്ട്രങ്ങൾ, സംഘർഷം മുറ്റിനിൽക്കുന്ന പ്രദേശങ്ങളിൽ എതിർ ചേരികളെ തമ്മിൽ അകറ്റി നിർത്താൻ പാടുപെടുന്നു. സമാധാന ശ്രമങ്ങളെക്കുറിച്ച് അതു കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ആഭ്യന്തരമോ വംശീയമോ സാമുദായികമോ ആയ യുദ്ധങ്ങൾ ഇന്നും നടക്കുന്നു. യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവരെ നീക്കം ചെയ്യുമെന്നും പ്രജകളെ സമാധാനത്തിന്റെ വഴികൾ അഭ്യസിപ്പിക്കുമെന്നും ദൈവരാജ്യ ഗവൺമെൻറ് വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവു 2:2-4; ദാനീയേൽ 2:44.
കുടുംബ, ധാർമിക തകർച്ച. കുടുംബശിഥിലീകരണം ഇന്നു വ്യാപകമാണ്, ബാലജന ദുഷ്കൃത്യവും അങ്ങനെതന്നെ. അധാർമികത മനുഷ്യസമൂഹത്തിന്റെ സമസ്ത തലങ്ങളെയും ബാധിച്ചിരിക്കുന്നു. എങ്കിലും ദൈവത്തിന്റെ നിലവാരങ്ങൾ ആരംഭം മുതൽ മാറ്റമില്ലാതെതന്നെ നിലകൊണ്ടിരിക്കുന്നു. ‘മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പററിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്’ എന്ന് യേശു സാക്ഷ്യപ്പെടുത്തി. (മത്തായി 19:5, 6) കൂടാതെ, യഹോവയാം ദൈവം ഇങ്ങനെയും കൽപ്പിച്ചു: ‘നിനക്കു നൻമ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.’ (എഫെസ്യർ 6:2, 3) അത്തരം നിലവാരങ്ങൾ ദൈവരാജ്യത്തിൻ കീഴിൽ ഭൂമിയിൽ നിലനിൽക്കും.
രോഗവും മരണവും. “യഹോവ . . . നമ്മെ രക്ഷിക്കും,” “അവിടത്തെ നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല” എന്നു പ്രവാചകനായ യെശയ്യാവു വാഗ്ദാനം ചെയ്തു. (യെശയ്യാവു 33:22, 24, പി.ഒ.സി. ബൈബിൾ) “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നേ.”—റോമർ 6:23.
ഇത്തരം പ്രശ്നങ്ങളെല്ലാം തന്റെ പുത്രനായ ക്രിസ്തുയേശുവിന്റെ കരങ്ങളിലെ തന്റെ സ്വർഗീയ ഗവൺമെൻറ് മുഖേന യഹോവയാം ദൈവം നീക്കം ചെയ്യും. എങ്കിലും നിങ്ങൾ പറഞ്ഞേക്കാം, ‘ഈ വർണന ഒരു സങ്കൽപ്പം പോലെയുണ്ടല്ലോ. തീർച്ചയായും, അത് യാഥാർഥ്യമായാൽ വളരെ ആനന്ദപ്രദമായിരിക്കും, എന്നാൽ അത് യാഥാർഥ്യമാകുമോ?’
ഇന്നത്തെ യാഥാർഥ്യം
ഈ ഭൂമിയിൽത്തന്നെയുള്ള, പ്രശ്നവിമുക്തമായ ഒരു പറുദീസയിൽ ജീവിക്കാൻ സാധിക്കുമെന്നത് പലർക്കും അയഥാർഥമായി തോന്നിയേക്കാം. നിങ്ങൾക്കും അങ്ങനെയാണ് തോന്നുന്നതെങ്കിൽ, അതു വാസ്തവമായും സംഭവിക്കുമെന്നതിനുള്ള തെളിവു പരിശോധിക്കുക.
യഹോവയുടെ സാക്ഷികൾ, 50 ലക്ഷത്തിലേറെ ജനങ്ങളുള്ള ഒരു അന്താരാഷ്ട്ര സമുദായമാണ്. 233 ദേശങ്ങളിലായുള്ള അവരുടെ 82,000 സഭകളിൽ ഇപ്പോൾതന്നെ ഒരു പരിധിവരെ പ്രശ്നവിമുക്തമായ അന്തരീക്ഷമാണുള്ളത്. നിങ്ങൾക്ക് അവരുടെ ചെറുതോ വലുതോ ആയ കൂട്ടങ്ങൾ സന്ദർശിക്കാവുന്നതാണ്. അവിടെ നിങ്ങൾ എന്തായിരിക്കും കാണുക?
(1) പ്രശാന്തമായ, മലീമസമല്ലാത്ത ഒരു അന്തരീക്ഷം. ഇംഗ്ലണ്ടിലെ നോറിജിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് അവിടുത്തെ ഫുട്ബോൾ സ്റ്റേഡിയം മാനേജർ ഇങ്ങനെ പറഞ്ഞു: “നാലു ദിവസത്തെ ആ പ്രശാന്തമായ അന്തരീക്ഷം . . . ശ്രദ്ധാർഹമാണ്. പ്രക്ഷുബ്ധമായ ബിസിനസ് ലോകത്തു ചെലവിടുന്ന നാലു ദിവസങ്ങളിൽനിന്നും നമുക്കു ചുറ്റുമുള്ള ദൈനംദിന ജീവിതത്തിൽനിന്നും തികച്ചും വിഭിന്നമായ ഒരുതരം പ്രശാന്തത നിങ്ങൾ അനുഭവിക്കുന്നു. സാക്ഷികൾ ശരിക്കും വ്യത്യസ്തരാണ്. അതു വിവരിക്കാൻ ബുദ്ധിമുട്ടാണ്.”
യഹോവയുടെ സാക്ഷികളുടെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച ഒരു നിർമാണവ്യവസായ പരിശീലന ഉപദേശകൻ പറഞ്ഞു: “അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നിൽ മതിപ്പുളവാക്കി. നിങ്ങളുടെ കെട്ടിടങ്ങൾക്കുള്ളിലും നിങ്ങളുടെ കൂട്ടത്തിലെ [സ്ത്രീപുരുഷന്മാർക്കിടയിലും] തങ്ങിനിന്നിരുന്ന ആ പ്രശാന്തത എന്നെ വിസ്മയഭരിതനാക്കി. പ്രക്ഷുബ്ധമായ ഈ ലോകത്തിന് നിങ്ങളുടെ ജീവിതരീതിയിൽനിന്നും സന്തോഷത്തിൽനിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നു ഞാൻ കരുതുന്നു.”
(2) സുരക്ഷിതത്വവും സമാധാനവും. ഷൂർനൽ ദെ മൊൻറേയലിനുവേണ്ടിയുള്ള ഒരു കോളമെഴുത്തുകാരി ഇങ്ങനെ എഴുതി: “ഞാനൊരു സാക്ഷിയല്ല. എങ്കിലും സാക്ഷികൾ തങ്ങളുടെ കാര്യക്ഷമതയ്ക്കും ഉചിതമായ പെരുമാറ്റത്തിനും സാക്ഷ്യം നൽകുന്നുവെന്നതിന് ഞാനൊരു സാക്ഷിയാണ്. . . . ലോകത്ത് അവർ മാത്രമേ ഉള്ളുവെങ്കിൽ നമുക്ക് വീടിന്റെ വാതിലുകൾ താഴിട്ടുപൂട്ടുകയോ മോഷ്ടാക്കളുടെ സാന്നിധ്യമറിയിക്കുന്ന അലാറം ഘടിപ്പിക്കുകയോ ചെയ്യേണ്ടിവരില്ല.”
(3) ദൈവരാജ്യ ഗവൺമെൻറിനോടുള്ള വിശ്വസ്തത ആണ് സാക്ഷികളുടെ സവിശേഷത. അവരുടെ നിഷ്പക്ഷ നിലപാട് ചിലരെ അനാവശ്യമായി ദേഷ്യം പിടിപ്പിക്കുന്നു. സമൂഹം നന്നാകണമെന്ന ഉദ്ദേശ്യമില്ലാത്തതുകൊണ്ടല്ല അവർ ഇന്നത്തെ ഏച്ചുകെട്ടിയ രാഷ്ട്രീയ പദ്ധതികളിൽ ഉൾപ്പെടാതിരിക്കുന്നത്. മറിച്ച്, ഭൂമിയുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ, ഒരു സ്വർഗീയ ഗവൺമെൻറിലൂടെ ഭരണം നടത്തുന്നവനെ, പ്രസാദിപ്പിക്കുന്ന രീതിയിൽ അവർ പെരുമാറാൻ ശ്രമിക്കുന്നു.
ദൈവവചനമായ ബൈബിളിൽ പൂർണമായും അധിഷ്ഠിതമായ സാക്ഷികളുടെ വിശ്വാസങ്ങൾ അവരെ ഒരു മതവിഭാഗമോ വ്യക്തിപൂജാപ്രസ്ഥാനമോ ആയിത്തീരാനുള്ള കെണിയിൽ വീഴാതെ നോക്കുന്നു. ജാതിമതഭേദമെന്യെ അവർ ആളുകളിൽ ദയാപുരസ്സരമായ താത്പര്യമെടുക്കുന്നു. തങ്ങളുടെ വീക്ഷണഗതിയിൽ മാറ്റം വരുത്താൻ അവർ ഈ ആളുകളെ നിർബന്ധിക്കുന്നില്ല. താമസിയാതെ ഭൂമിയിൽ സ്ഥാപിതമാകാൻ പോകുന്ന പ്രശ്നവിമുക്തമായ പറുദീസയെക്കുറിച്ചുള്ള തിരുവെഴുത്തുപരമായ തെളിവുകൾ നിരത്തിക്കൊണ്ട് അവർ തങ്ങളുടെ നായകനായ യേശുക്രിസ്തുവിനെ അനുകരിക്കാൻ ശ്രമിക്കുന്നു.—മത്തായി 28:19, 20; 1 പത്രൊസ് 2:21.
(4) ആത്മീയ ആരോഗ്യവും സന്തുഷ്ടിയും. യാഥാർഥ്യബോധമുള്ളതുകൊണ്ട്, ഇക്കാലത്ത് എല്ലാ പ്രശ്നങ്ങളിൽനിന്നും പൂർണമായി വിമുക്തരാണെന്ന് യഹോവയുടെ സാക്ഷികൾ അവകാശപ്പെടുന്നില്ല. ആദാമിൽനിന്നു പാരമ്പര്യമായി ലഭിച്ച പാപം പേറുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് അസാധ്യമാണ്. എന്നാൽ ദൈവാത്മാവിന്റെ സഹായത്തോടെ അവർ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” എന്നിങ്ങനെയുള്ള വ്യക്തിപരമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ പരിശ്രമിക്കുന്നു. (ഗലാത്യർ 5:22, 23) ക്രിസ്തുയേശുവിലൂടെ യഹോവയാം ദൈവത്തെ ആരാധിക്കുന്നതാണ് അവരെ ഒറ്റക്കെട്ടാക്കി നിർത്തുന്നതും അവരുടെ പ്രത്യാശയെ കെടാതെ സൂക്ഷിക്കുന്നതും.
യഹോവയുടെ സാക്ഷികളുടെ പ്രാദേശിക യോഗസ്ഥലങ്ങൾ സന്ദർശിക്കുന്നത്, ദൈവം ഭൂമിയെ അക്ഷരീയമായിത്തന്നെ പറുദീസയാക്കി മാറ്റുമെന്ന ഉറച്ച ബോധ്യം നിങ്ങളിൽ ഉളവാക്കുമെന്ന് ഞങ്ങൾക്കു വിശ്വാസമുണ്ട്.
ഇന്നത്തെ പ്രശ്നങ്ങളെല്ലാം പൊയ്പോയിരിക്കും. അനുസരണമുള്ള മനുഷ്യവർഗത്തിന് ക്രിസ്തുവിന്റെ മറുവില യാഗത്തിന്റെ പ്രയോജനങ്ങൾ കൈവരുമ്പോൾ ദീർഘനാളായി നിലനിൽക്കുന്ന അപൂർണത ക്രമേണ അപ്രത്യക്ഷമാകും. അതേ, പൂർണ ആരോഗ്യവും സന്തോഷവും നിങ്ങൾക്കാസ്വദിക്കാൻ കഴിയും.
ലളിതമായ തയ്യാറെടുപ്പുകൾ അത്തരമൊരു പ്രത്യാശ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ വ്യക്തിപരമായ ഒരു പ്രതി സാക്ഷികളോടു ചോദിച്ചു വാങ്ങുക.a പ്രശ്നവിമുക്തമായ ഒരു പറുദീസയിലെ ജീവിതം നിങ്ങൾക്കും ആസ്വദിക്കാൻ കഴിയേണ്ടതിന് ദൈവം നിങ്ങളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നുവെന്ന് അതുപയോഗിച്ചു ചുരുങ്ങിയ സമയംകൊണ്ട് നിങ്ങൾക്കു പഠിക്കാനാകും.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[10-ാം പേജിലെ ആകർഷകവാക്യം]
ബൈബിളിൽ പൂർണമായും അധിഷ്ഠിതമായ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ ഒരു മതവിഭാഗമോ വ്യക്തിപൂജാപ്രസ്ഥാനമോ ആയിത്തീരുന്നതിൽനിന്ന് അവരെ തടയുന്നു
[8, 9 പേജുകളിലെ ചിത്രങ്ങൾ]
പ്രശ്നവിമുക്തമായ ഒരു പറുദീസയ്ക്കുള്ള അടിസ്ഥാനമിടൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്
താമസിയാതെ ഭൂവ്യാപകമായി ഒരു ഭൗമിക പറുദീസ നിലവിൽ വരും