മൃഗമയക്കത്തിന്റെ മർമങ്ങൾ
കെനിയയിലെ ഉണരുക! ലേഖകൻ
ഉറക്കം—നാം ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം ഈ വിശ്രമാവസ്ഥയിൽ ചെലവഴിക്കുന്നു. സമയത്തിന്റെ പാഴാക്കലായിരിക്കുന്നതിനു പകരം ഉറക്കം, ശാരീരികവും മാനസികവുമായ അനേകം സുപ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതായി കാണുന്നു. അതുകൊണ്ട് ഉറക്കത്തെ ദൈവത്തിൽനിന്നുള്ള ഒരു വിലപ്പെട്ട ദാനമായി കണക്കാക്കാൻ കഴിയും.—സങ്കീർത്തനം 127:2 താരതമ്യം ചെയ്യുക.
ഉറക്കം ജന്തുലോകത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുവെന്നത് അതിശയമല്ല. വാസ്തവത്തിൽ, പല ജീവിവർഗങ്ങളും ഉറങ്ങുന്നതിന് ആകർഷകവും ചിലപ്പോൾ കൗതുകകരവും മിക്കപ്പോഴും അസാധാരണവുമായ രീതികൾ അവലംബിക്കുന്നു. നമുക്ക് ഏതാനും ഉദാഹരണങ്ങൾ നോക്കാം.
ഉറക്കവീരൻമാർ
ആഫ്രിക്കൻ മധ്യാഹ്ന സൂര്യന്റെ തുടുവെയിൽ കാഞ്ഞുകൊണ്ട് മലർന്നുകിടന്നുറങ്ങുന്ന ഒരു സിംഹത്തെ കണ്ടാൽ ആ ഉഗ്ര മാർജാരൻ ഒരു വീട്ടുപൂച്ചയെപ്പോലെ ഇണക്കമുള്ളവനാണെന്ന് ആർക്കും തോന്നും. എങ്കിലും കക്ഷി കാണുന്നതുപോലെയല്ല. 17-ാം നൂറ്റാണ്ടിലെ എഴുത്തുകാരനായ തോമസ് കാമ്പ്യൻ എഴുതി: “ഒരു ഉറങ്ങുന്ന സിംഹത്തെ ചൊടിപ്പിക്കാൻ ആർക്കാണു ധൈര്യം?” അതേ, ഇരപിടിയൻ ജീവിതരീതി തുടരാൻ സിംഹരാജനും ഉറക്കം വേണം, ദിവസം 20 മണിക്കൂറോളം.
അടുത്തതായി, ന്യൂസിലൻഡിൽ കണ്ടുവരുന്ന ടൂവടാര എന്ന പല്ലിയെപ്പോലിരിക്കുന്ന ഉറക്കംതൂങ്ങിയായ ജന്തുവിന്റെ കാര്യമെടുക്കുക. അത് വർഷത്തിന്റെ ഏതാണ്ട് പകുതിയും ലഘുശിശിരനിദ്രയിൽ കഴിച്ചുകൂട്ടുന്നു. ടൂവടാര മഹാ ഉറക്കംതൂങ്ങിയാണ്, തീറ്റ ചവച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പോലും അത് ഉറങ്ങിപ്പോകുന്നു! എന്നാൽ വ്യക്തമായും ഈ ഉറക്കം കുറെയൊക്കെ പ്രയോജനകരമാണ്. എന്തെന്നാൽ ചില ടൂവടാരകൾ 100 വർഷത്തോളം ജീവിക്കുന്നതായി ചില ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു!
രാമായണത്തിലെ കുംഭകർണനെപ്പോലെ ദീർഘകാലം ഉറങ്ങുന്ന മറ്റു ജീവികളുമുണ്ട്. അത്തരം പല ജീവികളും ശൈത്യകാലത്തെ അതിജീവിക്കുന്നത് ആ വിധത്തിലാണ്. അതിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ ജന്തുക്കൾ ശരീരത്തിൽ വളരെയധികം കൊഴുപ്പ് സംഭരിക്കുന്നു. ഇത് ദീർഘകാലം ഉറങ്ങുമ്പോൾ ശരീരത്തിനാവശ്യമായ പോഷകം പ്രദാനം ചെയ്യുന്നു. എന്നാൽ മയങ്ങുന്ന ജന്തുക്കൾ തണുത്തുമരച്ച് ചത്തുപോകാതിരിക്കുന്നതെങ്ങനെയാണ്? മസ്തിഷ്കം ഈ ജന്തുക്കളുടെ രക്തത്തിൽ രാസമാറ്റങ്ങളുളവാക്കുന്നുവെന്നും ഇത് ഒരു തരം പ്രകൃതിജന്യ ആൻറിഫ്രീസ് ഉത്പാദിപ്പിക്കുന്നുവെന്നും ജന്തുലോകത്തിനുള്ളിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം വിശദീകരിക്കുന്നു. ജീവിയുടെ ശരീരതാപനില ഹിമാങ്കത്തിനു തൊട്ടു മുകളിലാകുമ്പോൾ അതിന്റെ ഹൃദയസ്പന്ദനനിരക്ക് സാധാരണയിലും വളരെ താഴുകയും ശ്വസനം സാവധാനത്തിലാകുകയും ചെയ്യുന്നു. അപ്പോൾ ജീവി ഗാഢനിദ്രയിലലിയുന്നു, ആഴ്ചകളോളം പിന്നെ ഉറക്കമാണ്.
‘പറക്കുമ്പോൾ’ ഉറങ്ങുകയോ?
ചില ജന്തുക്കൾ ഉറങ്ങുന്നതിനു വളരെ അസാധാരണമായ രീതികളാണ് അവലംബിക്കുന്നത്. സൂട്ടി കടൽക്കാക്ക എന്നു വിളിക്കപ്പെടുന്ന കടൽപ്പക്ഷിയുടെ കാര്യമെടുക്കാം. ഒരു സൂട്ടി കടൽക്കാക്കക്കുഞ്ഞ് കൂടുവിടുമ്പോൾ അത് കടലിലേക്കു പോകുകയും അടുത്ത ഏതാനും വർഷങ്ങൾ നിർത്താതെ പറന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു! വെള്ളത്തിൽ പറന്നിറങ്ങാൻ കഴിവുള്ള മറ്റു കടൽക്കാക്കകൾക്കുള്ളതുപോലെ വെള്ളംപറ്റാത്ത തൂവൽപ്പുടവയോ ജാലിതപാദങ്ങളോ സൂട്ടി കടൽക്കാക്കയ്ക്കില്ലാത്തതുകൊണ്ട് അത് കടലിൽ ഊളിയിടാറില്ല. ജലോപരിതലത്തിൽനിന്ന് ചെറുമത്സ്യങ്ങളെ കൊക്കുകൊണ്ട് കൊത്തിയെടുക്കുകയാണു ചെയ്യുന്നത്.
എന്നാൽ അത് എപ്പോഴാണ് ഉറങ്ങുക? വാട്ടർ, പ്രേ, ആൻഡ് ഗെയിം ബേർഡ്സ് ഓഫ് നോർത്ത് അമേരിക്ക എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “തൂവലുകൾ കുതിരുമെന്നതിനാൽ അത് സമുദ്രോപരിതലത്തിൽ ഉറങ്ങാൻ സാധ്യതയില്ല. ഈ പക്ഷികൾ ഉറങ്ങുന്നത് പറക്കുമ്പോഴായിരിക്കാമെന്ന് ചില ശാസ്ത്രജ്ഞന്മാർ പറയുന്നു.”
ജലത്തിനടിയിൽ മയക്കം
മത്സ്യങ്ങൾ ഉറങ്ങുമോ? ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, “മസ്തിഷ്കത്തിലെ തരംഗ മാതൃകകളിലുള്ള വ്യത്യാസങ്ങൾ സഹിതം യഥാർഥത്തിൽ ഉറങ്ങുന്ന” കശേരുകികൾ “ഉരഗങ്ങളും പക്ഷികളും സസ്തനങ്ങളും മാത്രമാണ്.” മത്സ്യങ്ങളിൽ മിക്കതിനും കണ്ണടയ്ക്കാൻ കഴിയില്ലെങ്കിലും അവ ഉറക്കസമാനമായ രീതിയിൽ വിശ്രമിക്കാറുണ്ട്.
ചില മത്സ്യങ്ങൾ വശംചെരിഞ്ഞാണ് ഉറങ്ങുന്നത്; തലകീഴായി നിന്നോ നേരേ നിന്നോ ഉറങ്ങുന്ന മത്സ്യങ്ങളുമുണ്ട്. ഫ്ളൗൺഡർപോലെയുള്ള ചില താലമത്സ്യങ്ങൾ ഉണർന്നിരിക്കുമ്പോൾ കടൽത്തറയുടെ അടിയിൽ കഴിയുന്നു. ഉറങ്ങുമ്പോൾ അവ കടൽത്തറയിൽനിന്ന് ഏതാനും സെൻറിമീറ്റർ മുകളിലായി പൊന്തിക്കിടക്കുന്നു.
വർണാഭമായ തത്തമത്സ്യത്തിന് ഉറങ്ങാൻ പോകുന്നതിനു മുമ്പ് അസാധാരണമായ ഒരു ചര്യയുണ്ട്. അത് ഒരു “ശയനവസ്ത്രം” അണിയുന്നു. ഉറക്ക സമയം അടുക്കുമ്പോൾ അത് ശ്ളേഷ്മം അഥവാ വഴുവഴുപ്പുള്ള ഒരു സാധനം സ്രവിക്കുന്നു. അത് ശരീരത്തെ ആകമാനം മൂടുന്നു. ഇതിന്റെ ഉദ്ദേശ്യം? “ഊഹിക്കാവുന്നതുപോലെ, ഇരപിടിയന്മാരുടെ കണ്ണിൽപെടാതിരിക്കാനാണിത്” എന്ന് പ്രകൃതിലേഖകനായ ഡഗ് സ്റ്റൂവർട്ട് പറയുന്നു. ഉറക്കമുണരുമ്പോൾ അത് ഈ വഴുവഴുപ്പൻ വസ്ത്രത്തിൽനിന്ന് പുറത്തുവരുന്നു.
അതുപോലെതന്നെ കടൽനായ്ക്കൾക്കും ഉറങ്ങാൻ പോകുന്നതിനു മുമ്പ് രസാവഹമായ ഒരു ചര്യയുണ്ട്. അവ അവയുടെ ഗളം ബലൂൺപോലെ വീർപ്പിക്കുന്നു. അത് ഒരു പ്രകൃതിജന്യ ലൈഫ് ജാക്കറ്റായി ഉതകുന്നു. അങ്ങനെ അവയ്ക്ക് മുങ്ങിപ്പോകാതെ, ശ്വസനത്തിനായി മൂക്ക് ജലോപരിതലത്തിലേക്കു പിടിച്ചുകൊണ്ട് ജലത്തിൽ ലംബമായി ഒഴുകിനടന്ന് ഉറങ്ങാൻ കഴിയും.
ഒരു കണ്ണ് തുറന്നുപിടിച്ചുകൊണ്ട്
തീർച്ചയായും, കാട്ടിൽവെച്ച് ഉറങ്ങുമ്പോൾ ജന്തുക്കൾ ഇരപിടിയൻമാരുടെ കൈയിലകപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. അതുകൊണ്ട് പല ജീവികളും ഒരു കണ്ണ് തുറന്നുപിടിച്ചുകൊണ്ടെന്നപോലെ ഉറങ്ങുന്നു. ഉറങ്ങുമ്പോൾ അവയുടെ മസ്തിഷ്കം ഒരു പരിധിവരെ ജാഗ്രതയുള്ളതാണ്. ഇത് അപകടസൂചകമായ ഏതു ശബ്ദങ്ങളോടും പ്രതികരിക്കാൻ അവയെ സഹായിക്കുന്നു. ഇനിയും മറ്റുചില ജീവികൾ അതിജീവിക്കുന്നത് ക്രമമായ സുരക്ഷാപരിശോധനകൾ നടത്തിക്കൊണ്ടാണ്. ഉദാഹരണത്തിന്, പറ്റമായി ഉറങ്ങുന്ന പക്ഷികൾ ഇടയ്ക്കിടയ്ക്ക് കണ്ണുതുറന്ന് അപകടമെന്തെങ്കിലുമുണ്ടോയെന്നു നോക്കുന്നു.
അതുപോലെതന്നെ ആഫ്രിക്കൻ മാനുകളുടെയും വരയൻകുതിരകളുടെയും പറ്റങ്ങൾ വിശ്രമവേളകളിൽ പരസ്പരം കാവൽ ചെയ്യുന്നു. ചിലപ്പോൾ മുഴു പറ്റവും ജാഗ്രതയോടെ തല ഉയർത്തിപ്പിടിച്ച് നിലത്തു വിശ്രമിക്കുന്നതുകാണാം. ഇടയ്ക്കിടയ്ക്ക് മൃഗങ്ങളിലൊരെണ്ണം തിരിഞ്ഞുകിടന്ന് ബോധംകെട്ടുറങ്ങുന്നതു കാണാം. ഏതാനും മിനിറ്റിനുശേഷം മറ്റൊരു മൃഗത്തിന്റെ ഊഴംവരുന്നു.
ആനയും കൂട്ടമായാണ് ഉറങ്ങുന്നത്. എന്നാൽ, മുതിർന്നവ സാധാരണ നിന്നനിൽപ്പിൽനിന്ന് മയങ്ങുക മാത്രം ചെയ്യുന്നു. അവ ഇടയ്ക്കിടയ്ക്കു കണ്ണു തുറന്നുനോക്കുകയും വലിയ ചെവികൾ വട്ടംപിടിച്ച് അപകടശബ്ദം വല്ലതുമുണ്ടോ എന്നു ശ്രദ്ധിക്കുകയും ചെയ്യുന്നു. ഈ വൻ കാവൽക്കാരുടെ തണലിൽ കുട്ടിയാനകൾ വശംചെരിഞ്ഞുകിടന്ന് ഗാഢനിദ്രയെ പുൽകുന്നു. എലിഫൻറ് മെമ്മറീസ് എന്ന തന്റെ പുസ്തകത്തിൽ ലേഖികയായ സിന്തിയ മോസ് ഒരു ആനക്കൂട്ടം മുഴുവൻ ഉറങ്ങുന്നതു കണ്ടതായുള്ള ഓർമ വിവരിക്കുന്നു: “ആദ്യം കുട്ടിയാനകളും പിന്നെ കുറെക്കൂടെ മുതിർന്ന ആനകളും ഒടുവിൽ മുതിർന്ന പിടിയാനകളും ഉറങ്ങി. നിലാവിൽ അവ ചാരനിറത്തിലുള്ള വലിയ ഉരുളൻ പാറക്കല്ലുകൾപോലെ തോന്നിച്ചു. എന്നാൽ അവയുടെ ദീർഘവും ശാന്തവുമായ കൂർക്കംവലി അവ പാറക്കല്ലുകളല്ലെന്നു തെളിയിച്ചു.”
ജന്തുക്കളുടെ ഉറക്കശീലങ്ങളെക്കുറിച്ച് വളരെയധികം കാര്യങ്ങൾ ഇനിയും മനസ്സിലാക്കാനുണ്ട്. എങ്കിലും നമുക്ക് അറിയാവുന്ന താരതമ്യേന കുറച്ചു കാര്യങ്ങളെക്കുറിച്ചു പരിചിന്തിക്കുമ്പോൾ “സർവ്വവും സൃഷ്ടിച്ച”വന്റെ അത്ഭുതകരമായ ജ്ഞാനത്തെക്കുറിച്ചു ധ്യാനിക്കാൻ നാം പ്രേരിതരാകുന്നില്ലേ?—വെളിപ്പാടു 4:11.