ആരോഗ്യസംരക്ഷണത്തിന് ആറു വഴികൾ
നൈജീരിയയിലെ ഉണരുക! ലേഖകൻ
ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) അഭിപ്രായമനുസരിച്ച് വികസ്വര രാജ്യങ്ങളിൽ പാർക്കുന്ന ആളുകളിൽ ഏതാണ്ട് 25 ശതമാനത്തിന് ശുദ്ധജലം ലഭ്യമല്ല. 66 ശതമാനത്തിലേറെ—250 കോടിയോളം—ആളുകൾക്ക് ആവശ്യമായ ശുചിത്വ സംവിധാനങ്ങളില്ല. പലരെയും സംബന്ധിച്ചിടത്തോളം പരിണതഫലങ്ങൾ രോഗവും മരണവുമാണ്.
ഇത്തരം സാഹചര്യങ്ങളിൽ, ശുചിത്വ പരിപാലനം ഒരു വെല്ലുവിളിതന്നെയാണ്. എന്നാൽ വ്യക്തിപരമായ ശുചിത്വം ഒരു ജീവിതരീതിയാക്കുന്നെങ്കിൽ പല രോഗങ്ങളും പിടിപെടുന്നതു നിങ്ങൾക്ക് ഒഴിവാക്കാനാകും. ശരീരത്തിൽ കടന്നുകൂടി അനാരോഗ്യത്തിനിടയാക്കുന്ന രോഗാണുക്കളിൽനിന്നു നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ആറു പടികളിതാ.
1. വിസർജ്യവസ്തുക്കൾ തൊട്ടശേഷവും ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുമ്പും സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ കഴുകുക.
കുടുംബത്തിൽ എല്ലാവർക്കും കൈ കഴുകാൻ തക്കവണ്ണം സോപ്പും വെള്ളവും എപ്പോഴും ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയാണ് രോഗം തടയാനുള്ള ഒരു സുപ്രധാന മാർഗം. സോപ്പും വെള്ളവും കൈകളിൽനിന്ന് രോഗാണുക്കളെ—ആഹാരത്തിലോ വായിലോ കടന്നുകൂടാൻ സാധ്യതയുള്ള രോഗാണുക്കളെ—നീക്കം ചെയ്യുന്നു. കൊച്ചു കുട്ടികൾ മിക്കപ്പോഴും വിരലുകൾ വായിലിടുന്നതുകൊണ്ട് കൂടെക്കൂടെ, വിശേഷിച്ചും ഭക്ഷണം കൊടുക്കുന്നതിനുമുമ്പ്, അവരുടെ കൈകൾ കഴുകിക്കേണ്ടത് പ്രധാനമാണ്.
കക്കൂസിൽ പോയശേഷവും ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുമ്പും മലവിസർജനം നടത്തിയ ഒരു കുട്ടിയെ കഴുകിച്ചശേഷവും നിങ്ങളുടെ കൈകൾ സോപ്പിട്ടു കഴുകേണ്ടത് വിശേഷാൽ പ്രധാനമാണ്.
2. കക്കൂസ് ഉപയോഗിക്കുക.
രോഗാണുക്കളുടെ വ്യാപനം തടയേണ്ടതിന് വിസർജ്യങ്ങൾ വേണ്ടവിധത്തിൽ നീക്കം ചെയ്യേണ്ടത് മർമപ്രധാനമാണ്. പല അസുഖങ്ങളും, പ്രത്യേകിച്ച് അതിസാരം, മനുഷ്യവിസർജ്യങ്ങളിലെ അണുക്കളിൽനിന്നാണ് ഉണ്ടാകുന്നത്. ഈ അണുക്കൾ കുടിവെള്ളത്തിലോ ആഹാരത്തിലോ കൈകളിലോ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളിലോ ഇടങ്ങളിലോ അതു വിളമ്പിവെക്കുന്ന സ്ഥലങ്ങളിലോ കടന്നുകൂടിയേക്കാം. അങ്ങനെ വരുമ്പോൾ, രോഗാണുക്കൾ വായിലൂടെ ആളുകളുടെ ശരീരത്തിലേക്കു കടന്ന് അവർ രോഗികളായിത്തീരുന്നു.
ഇതു തടയാൻ, കക്കൂസ് ഉപയോഗിക്കുക. മൃഗങ്ങളുടെ വിസർജ്യങ്ങൾ വീടുകളിൽനിന്നും ജലസ്രോതസ്സുകളിൽനിന്നും അകറ്റിസൂക്ഷിക്കേണ്ടതാണ്. ശിശുക്കളുടെയും കൊച്ചു കുട്ടികളുടെയും വിസർജ്യങ്ങളാണ് മുതിർന്നവരുടേതിനെക്കാൾ അപകടമുണ്ടാക്കുന്നത് എന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. അതുകൊണ്ട് കുട്ടികളെപ്പോലും കക്കൂസ് ഉപയോഗിക്കാൻ പഠിപ്പിക്കേണ്ടതാണ്. കുട്ടികൾ മറ്റെവിടെയെങ്കിലും മലവിസർജനം നടത്തിയാൽ ഉടനടി അത് നീക്കം ചെയ്ത് കക്കൂസിൽ നിക്ഷേപിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യേണ്ടതാണ്.
കക്കൂസുകൾ വൃത്തിയായി സൂക്ഷിക്കുകയും അടച്ചിടുകയും വേണം.
3. ശുദ്ധജലം ഉപയോഗിക്കുക.
ശുദ്ധജലം ധാരാളം ലഭ്യമായവർക്ക് അത് ലഭ്യമല്ലാത്തവരെ അപേക്ഷിച്ച് രോഗം പിടിപെടാനുള്ള സാധ്യത കുറവായിരിക്കും. പൈപ്പ് വെള്ളം ലഭ്യമല്ലാത്തവർക്ക്, കിണറുകൾ മൂടിയിടാനും ഉപയോഗിച്ച വെള്ളം കുടിക്കാനോ കുളിക്കാനോ അലക്കാനോ ഉള്ള വെള്ളവുമായി സമ്പർക്കത്തിൽ വരാതിരിക്കാനും ശ്രദ്ധിക്കുകവഴി തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. മൃഗങ്ങളെ വീട്ടിൽനിന്നും നമ്മൾ കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിൽനിന്നും അകറ്റിനിർത്തേണ്ടതും പ്രധാനമാണ്.
അസുഖങ്ങൾ പിടിപെടാതിരിക്കാനുള്ള മറ്റൊരു മാർഗം വെള്ളം കോരാനും ശേഖരിച്ചുവെക്കാനും ഉപയോഗിക്കുന്ന തൊട്ടികൾ, കയറുകൾ, കുടങ്ങൾ എന്നിവ കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഉദാഹരണത്തിന് ഒരു തൊട്ടി നിലത്തു വെക്കുന്നതിനെക്കാൾ തൂക്കിയിടുന്നതായിരിക്കും നല്ലത്.
കുടിക്കാനുള്ള വെള്ളം വൃത്തിയുള്ള ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കണം. അതിൽനിന്ന് വെള്ളം എടുക്കുന്നതും വൃത്തിയുള്ള ഒരു പാത്രമോ കപ്പോ ഉപയോഗിച്ചായിരിക്കണം. കുടിവെള്ളത്തിൽ കൈയിടാനോ വെള്ളം വെച്ചിരിക്കുന്ന പാത്രത്തിൽനിന്നു മൊത്തിക്കുടിക്കാനോ ആരെയും അനുവദിക്കരുത്.
4. പൈപ്പുവെള്ളം ശുദ്ധമല്ലെങ്കിൽ അത് തിളപ്പിച്ചു മാത്രം കുടിക്കുക.
പൊതുവേ, പൈപ്പുവെള്ളമാണ് കുടിക്കാൻ ഏറ്റവും സുരക്ഷിതം. മറ്റ് ഉറവുകളിൽനിന്നു ലഭിക്കുന്ന വെള്ളം കാഴ്ചയ്ക്ക് മാലിന്യമില്ലാത്തതായി തോന്നുമെങ്കിലും അതിൽ രോഗാണുക്കൾ അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്.
വെള്ളം തിളപ്പിക്കുമ്പോൾ രോഗാണുക്കൾ നശിക്കുന്നു. അതുകൊണ്ട് നിങ്ങൾ കിണറ്റിൽനിന്നോ ഉറവയിൽനിന്നോ ടാങ്കിൽനിന്നോ ആണ് വെള്ളമെടുക്കുന്നതെങ്കിൽ അത് തിളപ്പിച്ചാറ്റി കുടിക്കുന്നതാണു ബുദ്ധി. മുതിർന്നവരെ അപേക്ഷിച്ച് ശിശുക്കൾക്കും കൊച്ചു കുട്ടികൾക്കും രോഗാണുക്കളോടുള്ള പ്രതിരോധശേഷി കുറവായതിനാൽ അവർക്ക് രോഗാണുമുക്തമായ കുടിവെള്ളം കൊടുക്കേണ്ടതു വിശേഷിച്ചും ആവശ്യമാണ്.
കുടിവെള്ളം തിളപ്പിക്കാൻ സാധിക്കുകയില്ലെങ്കിൽ പ്ലാസ്റ്റിക്ക്കൊണ്ടോ സ്ഫടികംകൊണ്ടോ ഉണ്ടാക്കിയ, വൃത്തിയുള്ള ഒരു പാത്രത്തിൽ അത് അടച്ച് സൂക്ഷിക്കുക. എന്നിട്ട് അത് രണ്ടു ദിവസം വെയിലത്തു വെച്ചശേഷം ഉപയോഗിക്കുക.
5. ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക.
വേവിക്കാതെ ഭക്ഷിക്കുന്ന ആഹാരസാധനങ്ങൾ നന്നായി വൃത്തിയാക്കണം. മറ്റു ഭക്ഷണസാധനങ്ങൾ, വിശേഷിച്ചും മാംസം, നന്നായി വേവിക്കേണ്ടതാണ്.
ഭക്ഷണം പാകം ചെയ്ത ഉടനെതന്നെ അതു കഴിക്കുന്നതാണ് ഉത്തമം; അങ്ങനെയാകുമ്പോൾ അത് കേടാകാൻ സാധ്യതയില്ല. പാകം ചെയ്ത ഭക്ഷണം അഞ്ച് മണിക്കൂറിലേറെ സൂക്ഷിക്കേണ്ടതുണ്ടെങ്കിൽ അത് ചൂടുള്ളതായി സൂക്ഷിക്കുകയോ ഫ്രിഡ്ജിൽ വെക്കുകയോ ചെയ്യേണ്ടതാണ്. കഴിക്കുന്നതിനുമുമ്പ് അത് വീണ്ടും നന്നായി ചൂടാക്കേണ്ടതാണ്.
വേവിക്കാത്ത മാംസത്തിൽ സാധാരണമായി അണുക്കൾ അടങ്ങിയിരിക്കും. അതുകൊണ്ട് പാകം ചെയ്ത ഭക്ഷണവുമായി അതു സമ്പർക്കത്തിൽ വരാതിരിക്കാൻ സൂക്ഷിക്കേണ്ടതാണ്. ഇറച്ചി ഒരുക്കിയശേഷം, ആ സ്ഥലവും ഉപയോഗിച്ച പാത്രങ്ങളും വൃത്തിയാക്കുക.
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലവും മറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ആഹാരസാധനങ്ങൾ ഈച്ചകളും എലികളും മറ്റു ജീവികളും കടക്കാത്ത സ്ഥലത്ത് അടച്ചുസൂക്ഷിക്കേണ്ടതാണ്.
6. വീട്ടിലെ ചപ്പുചവറുകൾ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യുക.
ഉച്ഛിഷ്ടങ്ങളിടുന്ന സ്ഥലം, രോഗാണുക്കളെ പരത്തുന്ന ഈച്ചകളുടെ ഈറ്റില്ലമാണ്. അതുകൊണ്ട് വീട്ടിലെ ചപ്പുചവറുകൾ അവിടെയുമിവിടെയുമൊക്കെ കൊണ്ടുപോയി ഇടരുത്. ദിവസേന അത് കുഴിച്ചുമൂടുകയോ കത്തിക്കുകയോ മറ്റേതെങ്കിലും തരത്തിൽ നീക്കം ചെയ്യുകയോ വേണം.
ഈ മാർഗനിർദേശങ്ങൾ ബാധകമാക്കുകവഴി അതിസാരം, കോളറ, ടൈഫോയിഡ്, വിരശല്യം, ഭക്ഷ്യവിഷബാധ തുടങ്ങി പല അസുഖങ്ങളും നിങ്ങൾക്കും കുടുംബത്തിനും പിടിപെടുന്നതു തടയാം.
[കടപ്പാട്]
ഉറവിടം: ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയും ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയും ഡബ്ളിയുഎച്ച്ഒ-യും ചേർന്ന് പ്രസിദ്ധീകരിച്ച ജീവനുവേണ്ട വസ്തുതകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം.