ആൽപ്സിലെ ദേശീയ പാർക്കുകളുടെ മനോഹാരിത
ഫ്രാൻസിലെ ഉണരുക! ലേഖകൻ
കുതിച്ചൊഴുകുന്ന തെളിനീർച്ചോലകൾ, കാറ്റിൽ ഇളകിക്കളിക്കുന്ന ഇലച്ചാർത്തുകളുടെ നേർത്ത മർമരം, തലയ്ക്കു മുകളിൽ തെളിഞ്ഞ മാനം, വൃക്ഷപ്പടർപ്പുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം. മനം കുളിർപ്പിക്കുന്ന ആ കാഴ്ചകളും ശബ്ദങ്ങളുമാണ് ഞങ്ങളെ വരവേൽക്കുന്നത്. ആ സുദിനത്തിൽ ഞങ്ങൾ കാണാൻ പോകുന്ന കാഴ്ചകളുടെ തുടക്കം മാത്രമാണ് അവയെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഏതാണീ സ്ഥലം? ഫ്രാൻസിലെ ഡോഫിനെ ആൽപ്സിലുള്ള ഏക്രാൻ ദേശീയ പാർക്ക്.
പാർക്കിന് എൽഫ്ർവാഡിലുള്ള കവാടങ്ങളിലൊന്നിൽ—വനാതിർത്തിയിൽ—വിവരങ്ങൾ നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. പാർക്കിനകത്ത് തമ്പടിക്കുന്നതും തീ കൂട്ടുന്നതുംമറ്റും നിരോധിച്ചിരിക്കുന്നതായി അവയിൽ എഴുതിയിട്ടുണ്ട്. ചപ്പുചവറുകൾ അവിടെയിടാതെ തിരികെ കൊണ്ടുപോകാൻ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. നായ്ക്കളെ അകത്തുകയറ്റുന്നത് നിരോധിച്ചിരിക്കുന്നതായി ഞങ്ങൾ ശ്രദ്ധിക്കുന്നു. അവ പലപ്പോഴും പാർക്കിലെ ജീവികളെ വിരട്ടുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെയൊരു വിലക്ക്.
അവയുടെ ഉദ്ദേശ്യം
ദേശീയ പാർക്ക് എന്നു പറഞ്ഞാൽ കൃത്യമായി എന്താണ്, അത് എന്ത് ഉദ്ദേശ്യമാണു നിവർത്തിക്കുന്നത്? ആദ്യത്തെ ദേശീയ പാർക്കായ ഐക്യനാടുകളിലെ വൈയോമിംഗ് സ്റ്റേറ്റിലുള്ള യെലോസ്റ്റോൺ ദേശീയ പാർക്ക് 1872-ലാണ് സ്ഥാപിക്കപ്പെട്ടത്. അതിനുശേഷം എല്ലാ ഭൂഖണ്ഡങ്ങളിലും അനേകം ദേശീയ പാർക്കുകൾ തുറന്നു. ഫ്രാൻസിൽ ഏഴു ദേശീയ പാർക്കുകളുണ്ട്. അവയിൽ മൂന്നെണ്ണം ഫ്രാൻസുമുതൽ ഓസ്ട്രിയവരെ നീണ്ടുകിടക്കുന്ന ആൽപ്പൈൻ ക്രെസൻറിലാണ്. യൂറോപ്പിലെ ആദ്യത്തെ ദേശീയ പാർക്ക് സ്ഥാപിക്കപ്പെട്ടത് 1914-ൽ സ്വിറ്റ്സർലൻഡിലെ പ്രജാധിപത്യസംസ്ഥാനമായ ഗ്രൗബുണ്ടനിലാണ് (ഗ്രിസോൺ). പിന്നീട്, 1922-ൽ ഇറ്റലിയിൽ ഗ്രാൻപാരഡിസോ ദേശീയ പാർക്ക് തുറന്നു. ആൽപ്പൈൻ ക്രെസൻറിലുള്ള മറ്റു ദേശീയ പാർക്കുകൾ ജർമനിയിലെ ബെർച്ച്റ്റസ്ഗാഡൻ; ഓസ്ട്രിയയിലെ ഹോവറ്റൗൺ; ഇറ്റലിയിലെ സ്റ്റെൽവിയോ; സ്ലോവേനിയയിലെ ട്രിഗ്ലാവ് എന്നിവയാണ്. ഫ്രാൻസിലെ ആദ്യത്തെ ദേശീയ പാർക്ക് 1963-ൽ സ്ഥാപിക്കപ്പെട്ട വാൻവാസ് ആണ്.
ദേശീയ പാർക്കുകളുടെ മുഖ്യ ലക്ഷ്യം പ്രകൃതിയിലെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുകയെന്നതാണ്. ദേശീയ പാർക്കുകൾ അല്ലെങ്കിലും അതേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന വേറെയും അനേകം പാർക്കുകളുണ്ട് എന്നതു ശ്രദ്ധേയമാണ്. ഫ്രാൻസിലെ വെർകോർ മേഖലാ പാർക്കും ഓസ്ട്രിയയിലെ കാർവെൻഡൽ വന്യജീവിസങ്കേതവും ഇവയിൽ പെടുന്നു. എങ്കിലും, ദേശീയ പാർക്കുകൾക്കുള്ള പ്രത്യേക പദവി അവയുടെ സൂക്ഷിപ്പുകാർക്ക് ഒരു പ്രത്യേക അധികാരം നൽകുന്നു, പാർക്കിലെ നിയമങ്ങൾ അനുസരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനുള്ള അധികാരം. ഉദാഹരണത്തിന്, സ്വിറ്റ്സർലൻഡിലെ ഒരു പാർക്കിലേക്ക് പട്ടിയെ കൊണ്ടുവരുന്നപക്ഷം 500 സ്വിസ് ഫ്രാങ്ക് (350 യു.എസ്. ഡോളർ) വരെ പിഴ അടയ്ക്കേണ്ടിവരും.
ആ തുക കുറെ കൂടുതലാണെന്ന് ഒരുപക്ഷേ ചിലർക്കു തോന്നിയേക്കാം. എന്നാൽ ചില പ്രത്യേക വിലക്കുകൾ വെക്കുന്നതിനും പിഴകൾ ഈടാക്കുന്നതിനും കാരണങ്ങളുണ്ട്. ഇതു പരിചിന്തിക്കുക. ഒരിക്കൽ തെക്കുകിഴക്കൻ ഫ്രാൻസിലുള്ള മാരിട്ടൈം ആൽപ്സിലെ മെർകാൻടൂർ ദേശീയ പാർക്കിൽ ചെന്നപ്പോൾ ഞങ്ങൾ ഒരു ഷാമ്വാക്കുഞ്ഞിനെ കാണാനിടയായി. തീർത്തും നിസ്സഹായനായിരുന്ന അത് തനിച്ചായിരുന്നതായി തോന്നി. ഞങ്ങൾ അതിനെ തൊട്ടില്ല. എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ ഗന്ധമേറ്റാൽ തള്ള അതിനെ തിരികെ സ്വീകരിക്കാതെ വരുമെന്നു ഞങ്ങൾ വിചാരിച്ചു. എന്നാൽ ഞങ്ങളുടെകൂടെ ഒരു പട്ടിയുണ്ടായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്നു സങ്കൽപ്പിക്കുക! പാവം ഷാമ്വാ ഭയന്നുപോകുമായിരുന്നു, പ്രത്യേകിച്ചും പട്ടി കുരയ്ക്കാൻ തുടങ്ങിയാൽ.
സൂക്ഷിപ്പുകാർ കേവലം പാർക്കിലെ പൊലീസുകാർ മാത്രമാണെന്നാണോ ഇതിന്റെ അർഥം? തീർച്ചയായും അല്ല. മെർകാൻടൂർ പാർക്കിലെ ഒരു സൂക്ഷിപ്പുകാരൻ ഒരു ഷാമ്വാ പറ്റം പുതുമഞ്ഞിലൂടെ കടന്നുപോയ വഴി ഞങ്ങൾക്കു കാട്ടിത്തന്നു. അവയുടെ കുളമ്പുമുദ്രകൾ പതിഞ്ഞിരുന്ന രീതിയും അദ്ദേഹം ഞങ്ങൾക്കു കാണിച്ചുതന്നു. പാർക്കിലെ പ്രകൃതി സന്തുലനം നിലനിർത്തുന്നതിനു പുറമേ, അറിവു പകർന്നുനൽകുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന ധർമംകൂടെ ഈ സൂക്ഷിപ്പുകാർക്കുണ്ടെന്നു മനസ്സിലാക്കാൻ ഇതു ഞങ്ങളെ സഹായിച്ചു.
പ്രകൃതിയുടെ സമൃദ്ധമായ വന്യമൃഗശേഖരം
അകലെ കണ്ണോടിക്കുമ്പോൾ ഒരു മലഞ്ചെരുവിലെ നേവേകളിൽ അഥവാ ഹിമതരികൾ പാകിയ വയലുകളിൽ ഷാമ്വാകൾ കൂത്താടുന്നതു ഞങ്ങൾക്കു കാണാം. ചരൽനിറഞ്ഞ ചെരിവുകളിൽ രണ്ടു മലയണ്ണാൻമാർ തുള്ളിച്ചാടുന്നതും ഞങ്ങളുടെ കണ്ണിൽ പെടുന്നു. ഈ മലയണ്ണാൻമാരിൽ ചിലത് നല്ല ഇണക്കമുള്ളവയാണ്. തിന്നാൻ വല്ലതും കിട്ടുമെന്നോർത്ത് അവ കാൽനടക്കാരായ സന്ദർശകരെ സമീപിക്കാറുണ്ട്.
ആൽപ്സിലെ ചില പാർക്കുകളിൽ മലയാടുകളുടെ പറ്റങ്ങളുണ്ട്. അവ ഏറ്റവും കൂടുതലുള്ളത് ഇറ്റലിയിലെ ഗ്രാൻപാരഡിസോ പാർക്കിലാണ്. മെർകാൻടൂറിൽ ചിലതിനെ കണ്ടത് ഞങ്ങളെ പുളകംകൊള്ളിച്ചു. ആൽപ്സിന്റെ തെക്കുഭാഗത്തുള്ള ഈ പാർക്കിൽ മൃഗങ്ങൾ അനവധിയാണ്. മൂഫ്ളോണുകൾ എന്നു പറയുന്ന ഒരിനം കാട്ടാടുകൾ അവിടെ സ്വതന്ത്രമായി വിഹരിക്കുന്നു. ചെന്നായ്ക്കളും അടുത്തയിടെ അവിടെ തിരിച്ചെത്തിയിട്ടുണ്ട്. എങ്കിലും സന്ദർശകർക്ക് ഭയപ്പെടാനൊന്നുമില്ല, കാരണം ചവിട്ടടിപ്പാതകളുടെ അടുത്തേക്കു വരാൻ ചെന്നായ്ക്കൾ അങ്ങനെയൊന്നും ധൈര്യം കാട്ടാറില്ല. അവർ മനുഷ്യരിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. പണ്ട്, സ്വിസ് ആൽപ്സിൽ കരടികൾ വിഹരിച്ചിരുന്നു. എന്നാൽ 1904-ൽ, അവിടെ കാണപ്പെട്ട അവസാനത്തെ കരടിയും കൊല്ലപ്പെട്ടു. പശ്ചിമ യൂറോപ്പിൽ ഇപ്പോൾ തവിട്ടുകരടികളുള്ളത് ഫ്രാൻസിന്റെയും സ്പെയിനിന്റെയും അതിർത്തിയിലുള്ള പൈറനീസിലും വടക്കൻ സ്പെയിനിലെ കാൻടേബ്രിയൻ പർവതങ്ങളിലും മധ്യ ഇറ്റലിയിലെ ആബ്രൂറ്റ്സി ദേശീയ പാർക്കിലുമാണ്. എന്നാൽ, സ്വിസ് ദേശീയ പാർക്കിൽ കലമാനുകൾ മുക്കുറയിടുന്നത് ചില സമയങ്ങളിൽ കേൾക്കാൻ കഴിയും. അവിടെ അവ ധാരാളമുണ്ട്.
എന്നാൽ, വലിയ മൃഗങ്ങൾക്കു പുറമേ, അനേകം കൊച്ചു മൃഗങ്ങളും സന്ദർശകരെ രസിപ്പിക്കുന്നു. എർമിനുകൾ, ശൈത്യകാലത്ത് വെള്ളനിറമായി മാറുന്ന നിറംമാറും മുയലുകൾ, കുറുക്കൻമാർ, മലയണ്ണാൻമാർ, അണ്ണാൻമാർ എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. ചാരുതയാർന്ന ചിത്രപതംഗങ്ങൾ, അധ്വാനശീലരായ ഉറുമ്പുകൾ തുടങ്ങിയ അസംഖ്യം ഷഡ്പദങ്ങളുടെയുംകൂടെ വാസസ്ഥലമാണ് ഈ പ്രദേശങ്ങൾ. പക്ഷിപ്രേമികൾക്ക് ഒരു കാരണവശാലും നിരാശരായി മടങ്ങേണ്ടി വരില്ല. തലയ്ക്കു മുകളിലായി ഒരു കഴുകൻ ഉയർന്നു പറക്കുന്നത് ഒരുപക്ഷേ നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. സ്വിസ് ദേശീയ പാർക്ക്, വാൻവാസ്-മെർകാൻടൂർ പാർക്കുകൾ എന്നിവിടങ്ങളിൽ ചെന്നാൽ ലാമെർഗൈയറിനെ അഥവാ താടിക്കഴുകനെ പോലും നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. പ്രാണികളെ പിടിക്കുന്നതിനായി മരംകൊത്തി കൊക്കുകൊണ്ട് തായ്ത്തടിയിൽ കൊത്തുന്ന ശബ്ദം അവിടെ എപ്പോഴും കേൾക്കാം. ഈ പർവതവാസികൾ ആൽപ്സിലെ ശൈത്യത്തെ എങ്ങനെ അതിജീവിക്കുന്നുവെന്ന് പലരും ചോദിക്കാറുണ്ട്. ഈ ജന്തുക്കൾ ഇവിടത്തെ പരിതഃസ്ഥിതിയോട് നല്ല ഇണക്കമുള്ളവയാണ്. എങ്കിലും രൂക്ഷമായ അവസ്ഥകളിൽ രോഗം ബാധിച്ചതും വയസ്സുചെന്നതുമായ മൃഗങ്ങൾ ചത്തൊടുങ്ങാറുണ്ട്.
ആൽപ്സിലെ സസ്യജാലം
പാർക്കുകളിൽ സസ്യങ്ങളും സംരക്ഷിക്കപ്പെടുന്നു. അതുകൊണ്ട്, പാതയിറമ്പിൽ നിൽക്കുന്ന മനോഹരമായ ഓറഞ്ച് ലില്ലിപ്പൂക്കൾ ഉൾപ്പെടെയുള്ള പുഷ്പങ്ങൾ പറിക്കുന്നത് നിരോധിച്ചിരിക്കുന്നു. അത് എന്തുകൊണ്ടാണെന്ന് ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നുണ്ടാകും. പ്രസിദ്ധമായ ഏഡൽവൈസ്, ആൽപ്പൈൻ അനെമണി, ആൽപ്പൈൻ റോസ്, പർവത ബ്ലൂവറ്റ്, ചിലയിനം കിരിയാത്തുകൾ തുടങ്ങിയ ചില സസ്യങ്ങൾ അപൂർവങ്ങളാണ്. അതിജീവനം ഉറപ്പുവരുത്തുന്നതിന് അവയെ സംരക്ഷിക്കേണ്ടത് മർമപ്രധാനമാണ്. പുഷ്പ വൈവിധ്യം വാസ്തവത്തിൽ മനംകവരുന്നതാണ്.
പാർക്കുകൾക്ക് അലങ്കാരമായ വൃക്ഷങ്ങളിലും പ്രകൃതിസൗന്ദര്യം പ്രകടമാണ്. ശരത്കാലത്ത് ലാർച്ചുകൾ അവയുടെ പൊൻനിറച്ചാർത്തുകളാൽ വനത്തെ അണിയിച്ചൊരുക്കുന്നു. അതേസമയം അരോളാ അഥവാ സ്വിസ് പൈൻ, നട്ട്ക്രാക്കർ എന്നു സാധാരണമായി അറിയപ്പെടുന്ന പക്ഷിക്കുവേണ്ടി എപ്പോഴും ആഹാരം ഉത്പാദിപ്പിച്ചുകൊണ്ട് കൊടുംശൈത്യത്തെ വെല്ലുവിളിക്കുന്നതായി തോന്നുന്നു. ഈ പക്ഷി പൈൻകായ്കൾ കണ്ഠസഞ്ചിയിലിട്ടുകൊണ്ടു പോയി ഭാവി ഉപയോഗത്തിനായി കുഴിച്ചിടുന്നു. ഇത്, പൈൻവൃക്ഷങ്ങൾ എത്തിപ്പെടുമായിരുന്നില്ലാഞ്ഞ ഇടങ്ങളിലേക്ക് അവ വ്യാപിക്കുന്നതിന് ഇടയാക്കുന്നു. ചുറ്റുപാടിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വേണമെങ്കിൽ ഞങ്ങൾക്ക് ദിവസം മുഴുവനും അവിടെ നിൽക്കാം. എന്നാൽ പർവതകാബിനിൽ എത്തിച്ചേരണമെങ്കിൽ മുന്നോട്ടു നടന്നേ പറ്റൂ.
നടപ്പു തുടരുന്ന ഞങ്ങൾ പെട്ടെന്നുതന്നെ ഏറെ ദുർഘടമായ ഒരു പാതയിലെത്തിച്ചേരുന്നു. ഷാമ്വാകൾ വനത്തിൽ ഞങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതുപോലെ തോന്നുന്നു. കുറെ ഫോട്ടോകൾ എടുക്കാനും ഞങ്ങൾക്കു കഴിയുന്നു. എന്നാൽ കൂടുതൽ അടുത്തുചെല്ലുമ്പോൾ ആ അഴകാർന്ന ജീവികൾ ഓടിക്കളയുന്നു, ഞങ്ങളെ കണ്ടു പേടിച്ചിട്ടെന്നപോലെ. യെശയ്യാവു 11:6-9-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ അത്ഭുതകരമായ വാഗ്ദത്തത്തെക്കുറിച്ച് ഞങ്ങൾ ധ്യാനിക്കുന്നു: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; . . . വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” മുഴുഭൂമിയും ഉടൻതന്നെ ഒരു വലിയ പാർക്കുസമാന പറുദീസയായിത്തീരുമെന്നും അതിൽ മനുഷ്യരും മൃഗങ്ങളും നിർഭയം ഒത്തൊരുമിച്ചു പാർക്കുമെന്നുമുള്ള ഭാവിപ്രതീക്ഷയിൽ ഞങ്ങൾ ആനന്ദിക്കുന്നു.
[13-ാം പേജിലെ ചിത്രം]
ഫ്രഞ്ച് ആൽപ്സിൽ സ്വസ്ഥമായി വിഹരിക്കുന്ന ഒരു ഷാമ്വാ
[14-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ വാൻവാസ് ദേശീയ പാർക്കിൽ ജാഗരൂകനായിരിക്കുന്ന ഒരു മലയണ്ണാൻ
[14-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ മെർകാൻടൂർ ദേശീയ പാർക്കിലെ ഒരു കഴുകൻ
[15-ാം പേജിലെ ചിത്രം]
ഷാമ്വാകൾ ഫ്രഞ്ച് ആൽപ്സ് കയറുന്നു
[15-ാം പേജിലെ ചിത്രം]
ഒരു ഷാമ്വാ കുഞ്ഞ്
[16-ാം പേജിലെ ചിത്രങ്ങൾ]
ആൽപ്പൈൻ റോസ്
[16-ാം പേജിലെ ചിത്രങ്ങൾ]
കാട്ടിൽവളരുന്ന ആർട്ടിച്ചോക്ക്
[16-ാം പേജിലെ ചിത്രങ്ങൾ]
ആങ്കൊളീ ഡെസാൽപ്
[16-ാം പേജിലെ ചിത്രങ്ങൾ]
മലയാട്
[17-ാം പേജിലെ ചിത്രങ്ങൾ]
ഓറഞ്ച് ലില്ലിപ്പുഷ്പം
[17-ാം പേജിലെ ചിത്രങ്ങൾ]
ടർക്സ്-കാപ്പ് ലില്ലി
[17-ാം പേജിലെ ചിത്രങ്ങൾ]
പാനിക്കോ ഡെസാൽപ്
[17-ാം പേജിലെ ചിത്രങ്ങൾ]
മലയണ്ണാൻ