കുട്ടിക്ക് ഏറ്റവും നല്ലത് എന്താണ്?
വിവാഹമോചനം നേടണമോ വേണ്ടയോ? വിവാഹജീവിതത്തിൽ താളപ്പിഴകളുള്ള പലരുടെയും മനസ്സിൽ ഇത് ഒരു വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. വർഷങ്ങൾക്കു മുമ്പ് ധാർമികവും മതപരവുമായ കാരണങ്ങളാൽ ആളുകൾ വിവാഹമോചനത്തിനു നേരെ മുഖംചുളിക്കുകയും പലപ്പോഴും അതിനെ അപലപിക്കുകയും ചെയ്തിരുന്നു. വിവാഹജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും സാധാരണഗതിയിൽ മാതാപിതാക്കൾ കുട്ടികളെയോർത്ത് ഒരുമിച്ചു കഴിഞ്ഞിരുന്നു. എന്നാൽ, അടുത്തകാലങ്ങളിൽ ലോകത്തിന്റെ മാനദണ്ഡങ്ങൾക്ക് പാടേ മാറ്റം സംഭവിച്ചിരിക്കുന്നു. ഇന്ന് വിവാഹമോചനം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
വിവാഹമോചനം അംഗീകരിക്കപ്പെട്ടിരിക്കുന്നെങ്കിലും അത് കുട്ടികളിൽ ഉളവാക്കുന്ന മോശമായ ഫലങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്ന മാതാപിതാക്കളുടെയും ജഡ്ജിമാരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും മറ്റാളുകളുടെയും എണ്ണം കൂടിവരികയാണ്. ഇപ്പോൾ കൂടുതൽ മുന്നറിയിപ്പിൻ ശബ്ദങ്ങൾ മുഴങ്ങി കേൾക്കുന്നു. വിവാഹമോചനത്തിന് കുട്ടിയിൽ വിനാശകരമായ ഫലം ഉളവാക്കാൻ കഴിയുമെന്ന് വർധിച്ചുവരുന്ന തെളിവുകൾ പ്രകടമാക്കുന്നു. വിവാഹമോചനം തങ്ങൾക്കും കുട്ടികൾക്കും വരുത്തിവെക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. “വിവാഹമോചനം നേടുന്ന മൂന്നിൽ രണ്ടിനും നാലിൽ മൂന്നിനും ഇടയ്ക്കു കുടുംബങ്ങൾ വിവാഹമോചനത്തിനു തിടുക്കം കൂട്ടാതെ തങ്ങൾ ശരിയായ സംഗതിയാണോ ചെയ്യുന്നതെന്ന് കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്” എന്ന് പ്രിൺസ്ടൺ യൂണിവേഴ്സിറ്റിയിലെ സാമൂഹികശാസ്ത്രജ്ഞയായ സെറ മക്ലാനഹാൻ പ്രസ്താവിക്കുന്നു.
വിവാഹമോചനം നേടിയ ദമ്പതികളുടെ കുട്ടികൾ, കൗമാരപ്രായത്തിൽ ഗർഭംധരിക്കുന്നതിനും സ്കൂൾ പഠനം ഉപേക്ഷിക്കുന്നതിനും വിഷാദരോഗികളായിത്തീരുന്നതിനും വിവാഹമോചിതരാകുന്നതിനും ക്ഷേമപ്രവർത്തന ഗുണഭോക്താക്കളുടെ ഗണത്തിൽപ്പെടുന്നതിനും ഏറെ സാധ്യതയുണ്ടെന്ന് അടുത്തകാലത്തെ പഠനങ്ങൾ പ്രകടമാക്കുന്നു. പാശ്ചാത്യലോകത്ത് 6 കുട്ടികളിൽ ഒരാൾവീതം വിവാഹമോചനത്തിന്റെ കെടുതികൾ അനുഭവിക്കുന്നു. ഐക്യനാടുകളിലെ കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ച തന്റെ പുസ്തകത്തിൽ ചരിത്രകാരിയായ മാരി ആൻ മേസൻ പ്രസ്താവിച്ചു: “1990-ൽ ജനിച്ച ഒരു കുട്ടി താൻ എവിടെ, ആരോടൊപ്പം ജീവിക്കണം എന്നതു സംബന്ധിച്ച കോടതിയുടെ തീരുമാനത്തിനു വിധേയനാകാൻ 50 ശതമാനത്തോളം സാധ്യതയുണ്ടായിരുന്നു.”
സങ്കടകരമെന്നു പറയട്ടെ, ശത്രുത എല്ലായ്പോഴും വിവാഹമോചനത്തോടെ കെട്ടടങ്ങുന്നില്ല. എന്തുകൊണ്ടെന്നാൽ സംരക്ഷണാവകാശത്തിന്റെയും സന്ദർശനാവകാശത്തിന്റെയും പേരിൽ മാതാപിതാക്കൾ പിന്നെയും കോടതികളിൽ ഏറ്റുമുട്ടിയേക്കാം. ഇത് കുട്ടികളിൽ കൂടുതൽ സമ്മർദം അടിച്ചേൽപ്പിക്കുന്നു. കോടതിമുറിയിലെ മത്സരാത്മക അന്തരീക്ഷത്തിൽ അരങ്ങേറുന്ന ഈ വികാരവിക്ഷുബ്ധമായ ഏറ്റുമുട്ടലുകൾ മാതാപിതാക്കളോടുള്ള കുട്ടികളുടെ വിശ്വസ്തതയെ പരിശോധിക്കുകയും തങ്ങൾ അശക്തരും പേടിത്തൊണ്ടൻമാരുമാണെന്നുള്ള തോന്നൽ പലപ്പോഴും അവരിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നു.
ഒരു കുടുംബ ഉപദേഷ്ടാവ് പറഞ്ഞു: “വിവാഹമോചനം കുട്ടികളെ രക്ഷിക്കുന്നില്ല. അത് ചിലപ്പോൾ മുതിർന്നവരെ രക്ഷിക്കാറുണ്ട്.” വിവാഹമോചനത്തിലൂടെ മാതാപിതാക്കൾ തങ്ങളുടെ വിഷമസ്ഥിതികൾക്കു പരിഹാരം കണ്ടേക്കാമെങ്കിലും അവർ കുട്ടികളുടെമേൽ ആഘാതം ഏൽപ്പിച്ചേക്കാം എന്നതാണ് വാസ്തവം. ഈ ആഘാതത്തെ തരണം ചെയ്യാൻ ശ്രമിച്ചുകൊണ്ട് കുട്ടികൾ ശിഷ്ടജീവിതം തള്ളിനീക്കിയേക്കാം.
കുട്ടിയുടെ സംരക്ഷണാവകാശത്തിനുള്ള ഇതര നടപടികൾ
ദാമ്പത്യ തകർച്ച സമ്മാനിച്ച ശത്രുതയുടെയും വൈകാരിക സമ്മർദത്തിന്റെയും അന്തരീക്ഷത്തിൽ കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ച് ശാന്തവും ന്യായയുക്തവുമായ രീതിയിൽ കൂടിയാലോചിച്ച് അനുരഞ്ജനത്തിലെത്തുക അങ്ങേയറ്റം ബുദ്ധിമുട്ടാണ്. മാതാപിതാക്കൾ തമ്മിൽ നേരിൽക്കാണുന്നത് ആകുന്നത്ര കുറയ്ക്കുന്നതിനും നിയമയുദ്ധം ഒഴിവാക്കുന്നതിനുമായി ചില സ്ഥലങ്ങളിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് കോടതിക്കു വെളിയിലുള്ള മധ്യസ്ഥതപോലുള്ള ഇതര മാർഗം നിയമം പ്രദാനംചെയ്യുന്നു.
ഉചിതമായി കൈകാര്യംചെയ്യപ്പെടുന്ന പക്ഷം, കുട്ടിയെ ആരു കൊണ്ടുപോകണം എന്നതു സംബന്ധിച്ച തീരുമാനങ്ങൾ ജഡ്ജിക്കു വിട്ടുകൊടുക്കാതെ മാതാപിതാക്കൾക്കുതന്നെ ഒരു ഒത്തുതീർപ്പിലെത്തുന്നതിന് മധ്യസ്ഥത സഹായിക്കുന്നു. മധ്യസ്ഥത സാധ്യമല്ലാത്തപക്ഷം മാതാപിതാക്കൾക്ക് തങ്ങളുടെ അഭിഭാഷകർ വഴി സംരക്ഷണാവകാശത്തിനും സന്ദർശനത്തിനുമുള്ള ക്രമീകരണം ചെയ്യാൻ കഴിഞ്ഞേക്കും. മാതാപിതാക്കൾ ഒരു ഒത്തുതീർപ്പിലെത്തി അത് രേഖാമൂലം അവതരിപ്പിക്കുന്നപക്ഷം ജഡ്ജിക്ക് അവരുടെ ആഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഉത്തരവിൽ ഒപ്പുവെക്കാൻ കഴിയും.
കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾക്ക് ഒത്തുതീർപ്പിലെത്താൻ കഴിയാതെവരുമ്പോൾ മിക്ക രാജ്യങ്ങളിലെയും നിയമവ്യവസ്ഥ കുട്ടികളുടെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗം പ്രദാനം ചെയ്യും. ജഡ്ജിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം കുട്ടികളാണ്, മാതാപിതാക്കളല്ല. മാതാപിതാക്കളുടെ അഭിലാഷങ്ങൾ, മാതാപിതാക്കളിൽ ഓരോരുത്തരുമായുള്ള കുട്ടിയുടെ ബന്ധം, കുട്ടിയുടെ മുൻഗണനകൾ, കുട്ടിയുടെ ദൈനംദിന ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ മാതാപിതാക്കളിൽ ഓരോരുത്തർക്കുമുള്ള കഴിവ് എന്നിങ്ങനെ അനേകം പ്രസക്ത ഘടകങ്ങൾ ജഡ്ജി പരിചിന്തിക്കും. അതിനുശേഷം കുട്ടി എവിടെ, ആരോടൊപ്പം താമസിക്കുമെന്നും കുട്ടിയുടെ ഭാവി സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ മാതാപിതാക്കൾ എങ്ങനെയെടുക്കുമെന്നും ജഡ്ജി നിർണയിക്കും.
കുട്ടിയുടെ സംരക്ഷണാവകാശം മാതാപിതാക്കളിൽ ഒരാൾക്കായിരിക്കുമ്പോൾ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ആ വ്യക്തിക്കു മാത്രമായിരുന്നേക്കാം. കുട്ടിയുടെ സംരക്ഷണാവകാശം മാതാപിതാക്കൾക്കു രണ്ടുപേർക്കുംകൂടി ആയിരിക്കുമ്പോൾ കുട്ടിയുടെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ മാതാപിതാക്കൾ രണ്ടുപേരും യോജിപ്പുള്ളവരായിരിക്കണം.
ഉയർന്നുവന്നേക്കാവുന്ന ചോദ്യങ്ങൾ
കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ച വ്യവഹാരത്തെ നേരിടുമ്പോൾ യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾ കുട്ടികളുടെ ആത്മീയതയ്ക്ക് അത്യുത്തമം എന്താണെന്നുകൂടെ പരിചിന്തിക്കണം. ഉദാഹരണത്തിന്, സാക്ഷിയല്ലാത്ത മാതാവോ പിതാവോ കുട്ടികൾക്ക് ഏതെങ്കിലും ബൈബിളധിഷ്ഠിത പരിശീലനം നൽകുന്നതിന് എതിരാണെങ്കിലോ? അല്ലെങ്കിൽ സാക്ഷിയല്ലാത്ത മാതാവോ പിതാവോ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ട വ്യക്തിയാണെങ്കിലോ?
ഈ സ്ഥിതിവിശേഷങ്ങൾ ക്രിസ്തീയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തീരുമാനമെടുക്കൽ കൂടുതൽ ദുഷ്കരമാക്കിത്തീർക്കുന്നു. അവർ ജ്ഞാനപൂർവകവും ന്യായയുക്തവുമായ വിധത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. കൂടാതെ, കുട്ടികളുടെ അത്യുത്തമ ക്ഷേമത്തെക്കുറിച്ചു പ്രാർഥനാപൂർവം പരിചിന്തിക്കുമളവിൽ യഹോവയുടെ മുമ്പിൽ ഒരു നല്ല മനസ്സാക്ഷി നിലനിർത്താനും അവർ ആഗ്രഹിക്കുന്നു.
തുടർന്നുള്ള ലേഖനങ്ങളിൽ നാം പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും: കുട്ടികളുടെ സംരക്ഷണാവകാശത്തിന്റെ കാര്യത്തിൽ നിയമം മതത്തെ എങ്ങനെയാണു വീക്ഷിക്കുന്നത്? ഒരു സംരക്ഷണാവകാശ കേസിന്റെ വെല്ലുവിളിയെ എനിക്ക് എങ്ങനെ വിജയകരമായി നേരിടാനാവും? എന്റെ കുട്ടികളുടെ സംരക്ഷണാവകാശം നഷ്ടപ്പെടുന്നതിനെ ഞാൻ എങ്ങനെ തരണം ചെയ്യുന്നു? പുറത്താക്കപ്പെട്ട വിവാഹമോചിത ഇണയുമായി കുട്ടിയുടെ സംരക്ഷണാവകാശം പങ്കുവെക്കുന്നതിനെ ഞാൻ എങ്ങനെ വീക്ഷിക്കുന്നു?