പിഗ്മികൾ—കാടിന്റെ മക്കൾ
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
ഞങ്ങളുടെ നാടായ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ പിഗ്മികളെ, അഥവാ ബബീങ്കകളെ വന്നു പരിചയപ്പെടുവിൻ. പിഗ്മികളെക്കുറിച്ച് എന്തെങ്കിലുമൊക്കെ കേൾക്കുകയോ വായിക്കുകയോ ചെയ്തിരിക്കാമെങ്കിലും നിങ്ങൾ അവരിലാരെയും ഒരിക്കലും നേരിട്ടു പരിചയപ്പെട്ടിട്ടില്ലായിരിക്കാം. തലസ്ഥാനമായ ബാംഗ്വി സന്ദർശിക്കുമ്പോൾ അവിടെനിന്ന് അവർ താമസിക്കുന്ന പ്രദേശത്ത് ചെന്നെത്താൻ രണ്ടു മണിക്കൂർപോലും വേണ്ട.
യഹോവയുടെ സാക്ഷികൾക്ക്, എല്ലാ രാഷ്ട്രങ്ങളിലും ഗോത്രങ്ങളിലും വർഗങ്ങളിലും വംശങ്ങളിലുമുള്ളവരെ പ്രധാനപ്പെട്ട ഒരു സന്ദേശം അറിയിക്കാനുണ്ട്. ക്രിസ്തീയ വേലയിൽ ഏർപ്പെടുമ്പോൾ പിഗ്മികൾ ഉൾപ്പെടെ, എല്ലാത്തരം ആളുകളോടും നാം പ്രസംഗിക്കുന്നു.—വെളിപ്പാടു 14:6.
അതുകൊണ്ട് ഞങ്ങളോടൊപ്പം വന്ന് അവരുടെ ജീവിതരീതി എങ്ങനെയാണെന്നും ഭൂമിയിൽ പറുദീസ കൊണ്ടുവരാൻ പോകുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്തയോട് അവർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും കാണുക. ഈ ദിവസം നിങ്ങളെ സംബന്ധിച്ചിടത്തോളം ഉല്ലാസപ്രദവും രസകരവുമായ ഒന്നായിരിക്കും.
ഗവേഷണ വിഷയം
പോകുന്നതിനുമുമ്പ്, നാം സന്ദർശിക്കാൻ പോകുന്ന ആളുകളെക്കുറിച്ച് അൽപ്പം ഗവേഷണം നടത്തുന്നതു നന്നായിരിക്കും. പിഗ്മികളുടെ സംസ്കാരത്തെയും മതത്തെയും സ്വഭാവരീതികളെയും കുറിച്ച് പഠിച്ചുകൊണ്ട് മാസങ്ങളോളം അവരോടൊപ്പം ജീവിച്ച ആളുകൾ രചിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
ശാന്തരും സൗഹാർദമനോഭാവമുള്ളവരുമായ ഈ ആളുകളെപ്പറ്റിയുള്ള വിവരങ്ങൾ വായിച്ചശേഷം അവരെ സന്ദർശിക്കുന്നത് ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകും: പിഗ്മികൾ എവിടെനിന്നാണു വന്നത്? അവരെക്കുറിച്ച് നമുക്കെന്തു പഠിക്കാനാകും? അവർ വസിക്കുന്നത് എവിടെയാണ്? മറ്റ് ആഫ്രിക്കൻ കൂട്ടങ്ങളിൽനിന്ന് അവരെ വ്യത്യസ്തരാക്കുന്നത് എന്താണ്? മറ്റു ജനങ്ങളുമായി അവർ ഇടപഴകുന്നത് എങ്ങനെയാണ്?
“ഒന്നര മീറ്ററിൽ താഴെ പൊക്കമുള്ള, . . . തങ്ങളുടെ ഏറ്റവും അടുത്ത അയൽക്കാരുടെ ഭാഷ ഉപയോഗിക്കുന്ന, ആഫ്രിക്കയിലെ പിഗ്മികളുടെ ഉത്ഭവത്തിന് ഓഷിയാനയിലും ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലുമുള്ള നെഗ്രിറ്റോകളുടേതുമായി (“ചെറിയ നീഗ്രോകൾ” എന്നർഥം) യാതൊരു ബന്ധവുമില്ലെന്നു കരുതപ്പെടുന്നു.
“കൈമുട്ടുമുതൽ വിരൽസന്ധിവരെയുള്ള നീളം” എന്നർഥം വരുന്ന ഒരു ഗ്രീക്ക് പദത്തിൽനിന്നാണ് “പിഗ്മി” എന്ന പദത്തിന്റെ ഉത്ഭവം. നായാട്ടുകാരും വനവിഭവങ്ങൾ ശേഖരിക്കുന്നവരുമായാണ് പിഗ്മികൾ അറിയപ്പെടുന്നത്. ലോകത്തിൽ മൊത്തം 2,00,000-ത്തിലധികം പിഗ്മികളുണ്ടെന്നു കണക്കാക്കപ്പെടുന്നു.
സെർഷ് ബവുഷേയും ഗി ഫിലിപ്പർ ഡെ ഫ്വായും പിഗ്മേ—പൂപ്ല ദെ ലാ ഫൊറെ (പിഗ്മികൾ—വനവാസികൾ) എന്ന തങ്ങളുടെ പുസ്തകത്തിൽ കൂടുതൽ രസകരമായ വിവരങ്ങൾ നൽകുന്നു. പിഗ്മികൾ കോംഗോ റിപ്പബ്ലിക്ക്, കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്, ഗാബോൺ, കാമറൂൺ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലെ കൊടുങ്കാടുകൾ കൈയടക്കിയിരിക്കുന്നുവെന്നും അങ്ങ് കിഴക്ക് അതായത് റുവാണ്ടയിലും ബുറുണ്ടിയിലുംപോലും, ഈ ആളുകളെ കാണാൻ സാധിക്കുമെന്നും അവർ പറയുന്നു.
പിഗ്മികൾ എവിടെനിന്നു വന്നുവെന്നോ എപ്പോൾ വന്നുചേർന്നുവെന്നോ ഒന്നും ആർക്കും കൃത്യമായി അറിയില്ല. സ്വയം തിരിച്ചറിയിക്കാൻ അവർ ഒരിക്കലും “പിഗ്മി” എന്ന പദം ഉപയോഗിക്കുകയില്ല. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ അവരെ സാധാരണമായി ബബീങ്ക എന്നാണ് വിളിക്കുന്നത്. എന്നാൽ, മറ്റു രാജ്യങ്ങളിൽ അവർ ബക്കൊള, ബബൊങ്കൊ, ബാക്ക, ബാമ്പെൽസെല്ലെ, ബാട്വാ, ബാമ്പുട്ടി എന്നൊക്കെയാണ് അറിയപ്പെടുന്നത്.
പ്രഥമ സന്ദർശനം
തെക്ക്, മ്പായ്ക്കി/മൊങ്കുമ്പയിലേക്കു പോകാനായി ഏഴു മണിയോടെ നാം ഒരു ലാൻഡ് ക്രൂയിസറിൽ ബാംഗ്വി വിടുന്നു. ആദ്യത്തെ നൂറു കിലോമീറ്റർ ദൂരമേ റോഡിൽ ടാറിട്ടിട്ടുള്ളൂ. തലേന്നത്തെ മഴയ്ക്കുശേഷം റോഡിൽ വഴുക്കലുള്ളതിനാൽ ഫോർ വീൽ ഡ്രൈവുള്ള ഒരു കാറാണ് നല്ലത്.
വൃക്ഷങ്ങൾ ഇടതൂർന്നു വളർന്നുനിൽക്കുന്ന ഹരിതസമൃദ്ധമായ നാട്ടിൻപുറങ്ങളിലൂടെയും ചെറിയ ഗ്രാമങ്ങളിലൂടെയുമാണ് നമ്മുടെ യാത്ര. അവിടെ റോഡരികിൽ ഒരു കൊച്ചു മേശയിട്ട് ആളുകൾ ഏത്തപ്പഴം, ചെറുപഴം, കൈതച്ചക്ക, കസാവ, ചോളം, ചുരയ്ക്ക, നിലക്കടല എന്നിവയെല്ലാം വിൽക്കുന്നു. ക്ഷാമം എന്താണെന്ന് ഇവിടത്തുകാർക്ക് അറിയില്ല. വളക്കൂറുള്ള മണ്ണും ഈർപ്പമുള്ള കാലാവസ്ഥയും മൂലം നാനാതരം ഭക്ഷ്യവസ്തുക്കൾ ഇവിടെ സുലഭമായുണ്ടാകുന്നു. പെട്ടെന്നുതന്നെ നാം ആദ്യത്തെ ബബീങ്ക “ഗ്രാമ”ത്തിൽ അല്ലെങ്കിൽ കുറച്ചുകൂടെ കൃത്യമായി പറഞ്ഞാൽ പാളയത്തിൽ എത്തിച്ചേരുന്നു.
അർധഗോളാകൃതിയിലുള്ള നന്നേ ചെറിയ കുടിലുകളിലാണ് അവർ താമസിക്കുന്നത്. അകത്തേക്ക് നൂഴ്ന്നുകടക്കാൻമാത്രം സാധിക്കുന്ന വലുപ്പത്തിൽ അവയ്ക്ക് ഓരോ ദ്വാരമുണ്ട്. അടുത്തുള്ള കാട്ടിൽനിന്നു കൊണ്ടുവന്ന മരക്കൊമ്പുകളും ഇലകളും ഉപയോഗിച്ച് സ്ത്രീകൾ കുടിലുകൾ നിർമിക്കുന്നു. ഏതാണ്ട് 10 മുതൽ 15 വരെ കുടിലുകൾ ഒരു വൃത്തത്തിലെന്നവണ്ണം നിർമിച്ചിട്ടുണ്ട്. ഉറങ്ങാനോ കനത്ത മഴയത്ത് അഭയം തേടാനോ ഉള്ള ഒരു സ്ഥലമായി മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ. ബാക്കി സമയമെല്ലാം ഇവർ വെളിയിലാണു കഴിച്ചുകൂട്ടുന്നത്.
അവിടെ നിൽക്കുന്ന സ്ത്രീകളോട് കുശലം പറയാനായി നാം കാറിൽനിന്നിറങ്ങുന്നു. എല്ലാ സ്ത്രീകളുടെയും ഒക്കത്ത് ഓരോ കുട്ടിയുണ്ട്. നമ്മുടെ കാറിന്റെ ശബ്ദം കേട്ട് ചില പുരുഷന്മാർ ഓടിവരുന്നു. നമ്മളാരാണ്, എന്താണ് വേണ്ടത് എന്നൊക്കെയാണ് അവർക്കറിയേണ്ടത്. കൂട്ടത്തിൽ കുറേ നായ്ക്കളുമുണ്ട്. ഓരോ നായുടെയും കഴുത്തിൽ ഒരു കൊച്ചു മണി കെട്ടിയിട്ടുണ്ട്.
പിഗ്മികൾക്ക് വളർത്തുമൃഗങ്ങളായിട്ടുള്ളതു നായ്ക്കൾ മാത്രമാണെന്ന് ഗവേഷണത്തിനിടയിൽ മനസ്സിലാക്കിയ കാര്യം നമുക്കോർമ വരുന്നു. അവരുടെ നായാട്ടു സഹചാരികളാണ് അവ. കാട്ടിലാണെങ്കിൽ വേട്ടയാടിപ്പിടിക്കാൻ മരക്കൊമ്പിലിരിക്കുന്ന പക്ഷികൾ, കുരങ്ങന്മാർ, അണ്ണാൻമാർ തുടങ്ങി നിലത്തുകൂടെ സഞ്ചരിക്കുന്ന ആനകൾ, കാട്ടുപോത്തുകൾ, എലികൾ, കലമാൻ, കാട്ടുപന്നികൾ എന്നിങ്ങനെ പലതുമുണ്ട് എന്ന് പിഗ്മേ—പൂപ്ല ദെ ലാ ഫൊറെ എന്ന പുസ്തകം വിവരിക്കുന്നു. കൂറുള്ള ഒരു നായ ഏതൊരു നായാട്ടുകാരനെയും സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.
എന്റെ ബൈബിൾ കഥാ പുസ്തകവും ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!a എന്ന ലഘുപത്രികയുമാണ് ഈ ആളുകളോടു സംസാരിക്കാൻ നാം ഉപയോഗിക്കുന്നത്. ഭൂമി താമസിയാതെ മനോഹരമായ വനങ്ങളുള്ള, രോഗമോ മരണമോ ഇല്ലാത്ത ഒരു പറുദീസയായി മാറുന്നത് ഇവ ചിത്രീകരിക്കുന്നു. (വെളിപ്പാടു 21:4, 5) പിഗ്മികൾ ഉൾപ്പെടെയുള്ള 90 ശതമാനത്തിലധികം ആളുകളുടെ സംസാരഭാഷയായ സാങ്കോയിൽ ഈ രണ്ടു പ്രസിദ്ധീകരണങ്ങളും അച്ചടിച്ചിട്ടുണ്ട്. ശാന്തരായ ഈ ആളുകൾ, അവർ വസിക്കുന്നത് എവിടെയുമായിക്കൊള്ളട്ടെ, തങ്ങളുടെ ആഫ്രിക്കൻ അയൽക്കാരുടെ ഭാഷ സ്വീകരിക്കുന്നു. അവർ വാണിജ്യ പങ്കാളികളായതുകൊണ്ട് ഇത് ആവശ്യമാണ്.
താമസിയാതെ ഒട്ടേറെ സ്ത്രീപുരുഷന്മാർ നമുക്കു ചുറ്റും നിൽക്കുകയായി. അവർ ഉത്സാഹത്തോടെ ചിത്രങ്ങൾ ഒന്നൊന്നായി കാണുകയാണ്, അതോടൊപ്പം നാം നൽകുന്ന വിശദീകരണം ശ്രദ്ധിച്ചു കേൾക്കുന്നുമുണ്ട്. വർഷങ്ങളിലൂടെ നാം നടത്തിയിട്ടുള്ള സന്ദർശനങ്ങളിൽനിന്ന് നാം യഹോവയുടെ സാക്ഷികളാണെന്ന കാര്യം അവർക്കറിയാം. പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കാൻ അവർക്കു സന്തോഷമാണ്. എന്നാൽ അവർക്കു വായിക്കാൻ അറിയില്ലെന്നതാണു പ്രശ്നം. അവരെ എഴുത്തും വായനയും പഠിപ്പിക്കാൻ ഗവൺമെൻറും മറ്റു സ്ഥാപനങ്ങളും വർഷങ്ങളോളം ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രയോജനമൊന്നുമുണ്ടായിട്ടില്ല. അവരുടെ കുട്ടികൾക്കായി വിദ്യാലയങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിദ്യാലയങ്ങൾ കുറച്ചുകാലം പ്രവർത്തിച്ചെങ്കിലും മിക്ക കുട്ടികളും ഉടനടിയോ കുറേക്കഴിഞ്ഞോ ഒക്കെയായി പഠിത്തം നിർത്തിക്കളഞ്ഞു. ക്ലാസ്സിലായിരിക്കുമ്പോൾ അവർ ശ്രദ്ധേയമാംവിധം പഠനത്തിൽ കഴിവു പ്രകടിപ്പിക്കുന്നതായും എന്നാൽ ഏതാനും മാസങ്ങൾക്കുശേഷം സ്കൂളിൽ ഹാജരാകാതിരിക്കുന്നതായും പിഗ്മികളോടൊപ്പം പ്രവർത്തിച്ചിരുന്ന ഒരു അധ്യാപകൻ പറഞ്ഞു. എങ്കിലും പ്രാദേശിക അധികാരികളും മറ്റുള്ളവരും ഔപചാരിക വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദൈവവചനത്തിൽ താത്പര്യം കാട്ടുന്നവരുടെ അടുക്കൽ മടങ്ങിച്ചെല്ലുന്നതിൽ പേരുകേട്ടവരാണ് യഹോവയുടെ സാക്ഷികൾ. എന്നാൽ അടുത്ത തവണ നാം വരുമ്പോൾ അതേ ബബീങ്കകളെത്തന്നെ കണ്ടുമുട്ടാനാകുമെന്ന പ്രതീക്ഷ വേണ്ട. കാരണം വർഷംമുഴുവൻ അവർ താമസം മാറുന്നു. ഒരിക്കൽ കാട്ടിലേക്കു മറഞ്ഞാൽ പിന്നെ മാസങ്ങൾക്കുശേഷമായിരിക്കും അവർ പുറത്തുവരുന്നത്. അവരെ സ്ഥിരമായി ഒരിടത്തു താമസിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. വാസ്തവമായും അവർ കാടിന്റെ മക്കൾതന്നെ. ഊരുചുറ്റലും വേട്ടയാടലുമാണ് അവരുടെ ജീവിതം. അതിൽനിന്നും അവരെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കില്ല.
അനുദിന ജീവിതം, വിവാഹം, കുടുംബം
നായാട്ടിനു പോകുന്നത് പുരുഷന്മാരും സാധനങ്ങൾ ശേഖരിക്കുന്നതു സ്ത്രീകളുമാണ്. കാട്ടിലെ എല്ലാ വസ്തുക്കളുംതന്നെ അവർ ശേഖരിക്കും: കൂണുകൾ, വേരുകൾ, കായ്കനികൾ, ഇലകൾ, പരിപ്പുകൾ, പ്രാണികൾ, ചിതലുകൾ, കാട്ടുതേൻ തുടങ്ങിയവയും അവരുടെ പ്രിയപ്പെട്ട ശലഭപ്പുഴുക്കളുമെല്ലാം ഇതിൽ പെടും. ഈ വസ്തുക്കളെല്ലാംതന്നെ ആഹാരത്തിനും വാണിജ്യത്തിനും ആവശ്യമാണ്. പിഗ്മികളുടെ, മിക്കപ്പോഴും ലെ ഗ്രാൻസ് ൻവാർ (പൊക്കമുള്ള കറുത്തവർ) എന്നു വിളിക്കപ്പെടുന്ന ആഫ്രിക്കൻ അയൽക്കാർ ഈ വസ്തുക്കൾക്കായി ഇവരെ വളരെയധികം ആശ്രയിക്കുന്നു. പകരം അവർ കുടങ്ങൾ, ചട്ടികൾ, വെട്ടുകത്തികൾ, മഴുവും പിച്ചാത്തിയും പോലുള്ള ആയുധങ്ങൾ, ഉപ്പ്, പനയെണ്ണ, കസാവ, വാഴപ്പഴം എന്നിവയ്ക്കുപുറമേ സങ്കടകരമെന്നു പറയട്ടെ പുകയില, നാടൻ മദ്യം, മയക്കുമരുന്നുകൾ എന്നിവയും ഇവർക്കു നൽകുന്നു. അവസാനം പറഞ്ഞ മൂന്നു സാധനങ്ങളും വിനയാന്വിതരായ ഈ ആളുകളെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രശ്നമാണ്. പണം കടം വാങ്ങിയാണ് മിക്കപ്പോഴും അവർ ഈ സാധനങ്ങൾ വാങ്ങുന്നത്. ക്രമേണ ഇവരുടെ ജീവിതം ദുരിതപൂർണമാകുന്നു.
പുരുഷന്മാർ പൊതുവേ ഏകഭാര്യത്വം പുലർത്തുന്നവരാണ്. എങ്കിലും മറ്റൊരു പങ്കാളിയോടൊപ്പം കഴിയാനായി ഇവർ എളുപ്പത്തിൽ വിവാഹമോചനം നടത്തുകയോ വേർപിരിയുകയോ ചെയ്യുന്നു. പിതാവോ പാളയത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയോ ആണ് ഏറ്റവും ആദരിക്കപ്പെടുന്നത്. അയാൾ കൽപ്പനകൾ നൽകുകയില്ലെങ്കിലും അയാളുടെ ബുദ്ധ്യുപദേശം സാധാരണഗതിയിൽ എല്ലാവരും അനുസരിക്കാറുണ്ട്. പിഗ്മികൾ മക്കളെ സ്നേഹിക്കുന്നതായി നിങ്ങൾ മനസ്സിലാക്കും. മാതാവും പിതാവും മിക്കപ്പോഴും തങ്ങളുടെ കുട്ടിയെ എടുത്തുകൊണ്ടു നടക്കുന്നു. ഈ കുഞ്ഞുങ്ങൾ തങ്ങളുടെ മാതാപിതാക്കളുമായി എപ്പോഴും സമ്പർക്കത്തിലാണ്. അവർ ജോലി ചെയ്യുമ്പോഴും വേട്ടയാടുമ്പോഴും നൃത്തം ചെയ്യുമ്പോഴും, എവിടെപ്പോയാലും എന്തു ചെയ്താലും, കൂട്ടത്തിൽ ഈ കുട്ടികളുമുണ്ടാകും.
രാത്രിയിൽ കുട്ടി മാതാപിതാക്കളുടെ നടുവിലാണ് കിടന്നുറങ്ങുന്നത്. പകൽസമയം മാതാപിതാക്കളും ആങ്ങളപെങ്ങന്മാരും അമ്മാവൻമാരും വല്യമ്മവല്യപ്പന്മാരുമാണ് കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. ഇതിനുപുറമേ മുഴു പാളയത്തിന്റെ ശ്രദ്ധയും കുട്ടികൾക്കു ലഭിക്കുന്നു. മാതാപിതാക്കളും ബന്ധുക്കളും അടിക്കടി സന്ദർശനം നടത്തുന്നു. ഇതെല്ലാം കുടുംബബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിൽ കുടുംബബന്ധങ്ങൾ മിക്കപ്പോഴും ദുർബലമോ തകർന്നതോ ആയ അവസ്ഥയിലാണ്. എന്നാൽ ഇവിടെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്.
പിഗ്മികൾ തങ്ങളുടെ ആഫ്രിക്കൻ അയൽക്കാരിൽനിന്നു വളരെ അകന്നാണു കഴിയുന്നതെങ്കിലും അവർക്ക് അവരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. നിരന്തര വാണിജ്യസമ്പർക്കത്തിനു പുറമേ കാപ്പിത്തോട്ടങ്ങളിലും കൊക്കോത്തോട്ടങ്ങളിലും പണിയെടുക്കാനും അവരോട് കൂടെക്കൂടെ ആവശ്യപ്പെടാറുണ്ട്. ഏതാനും ആഴ്ച അവർ പണിയെടുത്തേക്കാം. എന്നിട്ട് കൂലിയും വാങ്ങി ദീർഘകാലത്തേക്ക് കൊടുങ്കാട്ടിൽ അപ്രത്യക്ഷരാകുന്നു. ആർക്കറിയാം, രാവിലെ നിങ്ങൾ കുടിച്ച കാപ്പി മധ്യ ആഫ്രിക്കയിലെ പിഗ്മികളുടെ കയ്യിലൂടെ കടന്നുപോയതല്ലെന്ന്!
മതം
ബബീങ്കകൾ, മതവിശ്വാസികളാണ്. എങ്കിലും അന്ധവിശ്വാസവും മാമൂലുകളുമാണ് അവരുടെ മതജീവിതത്തെ ഭരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം സംഗീതവും പാട്ടും (സ്വരം മാറ്റിമാറ്റി പാടുന്നത്) നൃത്തവും പതിവാണ്. എറ്റ്നി ഡ്ര്വ ദെ ലൊം ഏ പോപ്ൾ ഒറ്റോക്റ്റൊൺ (വംശീയകൂട്ടങ്ങൾ—മനുഷ്യാവകാശങ്ങളും തദ്ദേശവാസികളും) എന്ന പുസ്തകം വിവരിക്കുന്നു: “കൊടുങ്കാട്ടിലെ ആളുകളെ സംബന്ധിച്ചിടത്തോളം ദൈവമാണ് ലോകത്തെ, അതായത് വനത്തെ, സൃഷ്ടിച്ചത്. ആദ്യ മാനവജോഡിയെ സൃഷ്ടിച്ചശേഷം . . . അവൻ സ്വർഗത്തിലേക്കു മടങ്ങിപ്പോയി, മനുഷ്യന്റെ കാര്യാദികളിൽ അവനു താത്പര്യമില്ലാതായി. ഇപ്പോൾ ഒരു പരമോന്നത ആത്മാവ്, അതായത് വനദേവനാണ് അവനു വേണ്ടി കാര്യങ്ങൾ ചെയ്യുന്നത്.” തീർച്ചയായും ഇത് ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ചുള്ള ബൈബിൾ വിവരണത്തിനു കടകവിരുദ്ധമാണ്.—ഉല്പത്തി 1-ഉം 2-ഉം അധ്യായങ്ങൾ; സങ്കീർത്തനം 37:10, 11, 29.
ബുദ്ധിശാലികളായ ആളുകൾ
പിഗ്മികൾ താഴേക്കിടയിലുള്ളവരും ബുദ്ധികുറഞ്ഞവരുമാണെന്നു കരുതി ചില ആളുകൾ അവരെ കളിയാക്കുകയും അവമതിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ഭൗതികമനശ്ശാസ്ത്ര പ്രൊഫസറായ പാട്രിക്ക് മെറിഡിത്ത് ഇങ്ങനെ പറഞ്ഞു: “പിഗ്മികൾ അവരുടെ സ്വാഭാവിക ചുറ്റുപാടിൽ നാരുകൾ ഉപയോഗിച്ച് പാലങ്ങളുണ്ടാക്കുന്നതും വിജയപ്രദമായി ജീവിക്കുന്നതുമൊക്കെ കാണുമ്പോൾ, ബുദ്ധിശക്തി എന്നതിന്റെ അർഥമെന്താണെന്നു നിങ്ങൾ ചോദിച്ചുപോയേക്കും.”
മുഴു മനുഷ്യവർഗവും ആദ്യ മനുഷ്യജോഡിയായ ആദാമിന്റെയും ഹവ്വായുടെയും പിൻഗാമികളാണെന്നു നമുക്കറിയാം. പ്രവൃത്തികൾ 17:26 പറയുന്നു: “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ [ദൈവം] ഒരുത്തനിൽനിന്നു [ആദാം] മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” കൂടാതെ, ‘ദൈവത്തിന്നു മുഖപക്ഷമില്ല. ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു’ എന്ന് പ്രവൃത്തികൾ 10:34, 35 പറയുന്നു. അതുകൊണ്ട്, താമസിയാതെതന്നെ മുഴു ഭൂമിയും നിബിഡ വനങ്ങളുള്ള മനോഹരമായ ഒരു പറുദീസയായി മാറുന്ന ഒരു കാലത്തു ജീവിക്കുന്നതിനുള്ള പ്രത്യാശ ഈ ആളുകൾക്കും ഉണ്ടാകേണ്ടതിന് ബൈബിൾ സത്യങ്ങൾ അവർക്ക് എത്തിച്ചുകൊടുക്കാൻ നാം ആഗ്രഹിക്കുന്നു.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[23-ാം പേജിലെ ചിത്രങ്ങൾ]
1. പിഗ്മികളുമായി ബൈബിൾ സന്ദേശം പങ്കുവെക്കുന്നു; 2. മരക്കൊത്തുപണിക്കാരനായ ഒരു പിഗ്മി; 3. ഒരു സാധാരണ പിഗ്മി വസതി