യുദ്ധത്തിന്റേതിനോടു കിടപിടിക്കുന്ന മരണനിരക്ക്
ഇരുപത്തിമൂന്നു വയസ്സുകാരിയായ മെറിലിന് തൂക്കം കുറയുകയും വല്ലാത്ത ക്ഷീണമനുഭവപ്പെടുകയും ചെയ്തപ്പോൾ താൻ ഗർഭിണിയായതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നാണ് അവൾ വിചാരിച്ചത്. അവൾക്ക് വിട്ടുമാറാത്ത ചുമയുമുണ്ടായിരുന്നു. അത് അവൾ ഡോക്ടറോടു പറഞ്ഞു. അദ്ദേഹം മേൽശ്വസനനാളിയിൽ അണുബാധയുള്ളതായി കണ്ടെത്തുകയും ആൻറിബയോട്ടിക്കുകൾക്കു കുറിക്കുകയും ചെയ്തു. പിന്നീട്, രാത്രിയിൽ വിയർക്കാൻ തുടങ്ങിയപ്പോൾ മെറിലിന് ശരിക്കും ആധിയായി. അവൾ വീണ്ടും ഡോക്ടറുടെ അടുത്തുപോയി. അദ്ദേഹം നെഞ്ചിന്റെ എക്സ്റേ എടുക്കാൻ നിർദേശിച്ചു.
എക്സ്റേ ഷീറ്റിലെ പ്രതിച്ഛായ അടിയന്തിര നടപടി ആവശ്യമാക്കിത്തീർക്കുന്നതായിരുന്നു. എന്നാൽ ഡോക്ടർക്ക് മെറിലിനുമായി ഫോണിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. “ഡോക്ടർ മമ്മിയെ ഫോണിൽ വിളിച്ച് എന്റെ അവസ്ഥ ഗുരുതരമാണെന്ന് അറിയിച്ചു,” മെറിലിൻ പറഞ്ഞു. “മമ്മി എന്നെ തിരക്കിവരുകയും ഉടൻതന്നെ [ഡോക്ടറുടെ] അടുത്തുപോകാൻ എന്നോടു പറയുകയും ചെയ്തു. അദ്ദേഹം എന്നെ ആശുപത്രിയിലേക്കയച്ചു. വീണ്ടും എക്സ്റേ എടുത്തശേഷം എന്നെ അവിടെ അഡ്മിറ്റു ചെയ്തു.”
തനിക്ക് ക്ഷയരോഗം (ടിബി) ആണെന്നറിഞ്ഞപ്പോൾ മെറിലിൻ ഞെട്ടിപ്പോയി. മരിച്ചുപോകുമെന്നാണ് അവളോർത്തത്. എന്നാൽ ടിബി-യെ ചെറുക്കുന്ന ഔഷധങ്ങളുപയോഗിച്ചുള്ള ചികിത്സയ്ക്കുശേഷം അവൾ താമസിയാതെ സുഖംപ്രാപിച്ചു.
തനിക്ക് ടിബി ആണെന്നറിഞ്ഞപ്പോൾ മെറിലിൻ അത്ഭുതപ്പെട്ടതെന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളു. വികസിത നാടുകളിൽ ടിബി കീഴടക്കപ്പെട്ടുവെന്നാണ് അടുത്തകാലംവരെ അനേകം ആരോഗ്യവിദഗ്ധരും വിശ്വസിച്ചിരുന്നത്. “അത് പ്ലേഗുപോലെതന്നെ തുടച്ചുനീക്കപ്പെട്ടുവെന്നാണ് ഞാൻ വിചാരിച്ചത്” എന്ന് ലണ്ടനിലെ ഒരു ചികിത്സാകേന്ദ്രത്തിലെ ക്ലിനിക്കൽ സഹായി പറഞ്ഞു. “എന്നാൽ അത് തുടച്ചുനീക്കപ്പെട്ടിട്ടേയില്ലെന്നും ഉൾനഗരത്തിൽ അതു തേർവാഴ്ച നടത്തുകയാണെന്നും ഇവിടെ ജോലിക്കു വന്നപ്പോൾ എനിക്കു മനസ്സിലായി.”
ഒരിക്കൽ ടിബി അപ്രത്യക്ഷമായ ഇടങ്ങളിൽ അതു മടങ്ങിയെത്തിയിരിക്കുന്നു. അതുണ്ടായിരുന്ന ഇടങ്ങളിലാകട്ടെ കൂടുതൽ വിനാശകാരിയുമായിത്തീർന്നിരിക്കുന്നു. ടിബി കീഴടക്കപ്പെട്ടിട്ടില്ല, പകരം അത് യുദ്ധവും ക്ഷാമവും പോലെതന്നെയുള്ള ഒരു കൊലയാളിയാണ്. ഇതു പരിചിന്തിക്കുക:
◼ ആധുനിക വൈദ്യശാസ്ത്രം അത്ഭുതാവഹമായ പുരോഗതി കൈവരിച്ചിട്ടും കഴിഞ്ഞ നൂറു വർഷക്കാലംകൊണ്ട് ടിബി ഏതാണ്ട് 20 കോടി ആളുകളെ കൊന്നൊടുക്കിയിരിക്കുന്നു.
◼ ടിബി ബാസില്ലസ്സ് എന്ന ബാക്ടീരിയം ഇപ്പോൾത്തന്നെ ഇരുന്നൂറു കോടി ആളുകളെ—ലോക ജനസംഖ്യയുടെ മൂന്നിലൊന്നിനെ—ബാധിച്ചിട്ടുണ്ട്. കൂടാതെ, ഓരോ സെക്കൻഡിലും ഓരോ പുതിയ ആൾവീതം അണുബാധിതനായിത്തീരുന്നു!
◼ 1995-ൽ ഏതാണ്ട് 2.2 കോടി ആളുകൾ പൂർണമായും രോഗബാധിതരായിരുന്നു. അവരിൽ ഏകദേശം 30 ലക്ഷം പേർ മരണമടഞ്ഞു. മരണമടഞ്ഞവരിലധികവും വികസ്വര രാജ്യങ്ങളിലുള്ളവരായിരുന്നു.
ടിബിയെ ചെറുക്കാൻ ശക്തിയുള്ള ഔഷധങ്ങൾ ഉണ്ടായിരുന്നിട്ടും ഈ രോഗം മനുഷ്യവർഗത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? അതിനെ എന്നെങ്കിലും കീഴടക്കാൻ കഴിയുമോ? അതിൽനിന്നു സംരക്ഷണം നേടാൻ എന്തെങ്കിലും മാർഗമുണ്ടോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
New Jersey Medical School—National Tuberculosis Center