നിങ്ങൾക്കു ജോലിയിൽ വിരസത അനുഭവപ്പെടുന്നുവോ?
ദിവസത്തിൽ എട്ടു മണിക്കൂറോളം നിങ്ങൾ ജോലി ചെയ്യുന്നുണ്ടായിരിക്കാം. അതു വിരസമാണെങ്കിൽ ജീവിതത്തിന്റെ നല്ലൊരു ഭാഗമാണ് വിരസതയ്ക്ക് അടിപ്പെടുന്നത്! 20-ാം നൂറ്റാണ്ടിലെ ജോലിയിലധികവും വിരസതയുളവാക്കുന്നവയാണ്. അവ, ജോലി ചെയ്യുന്ന ആൾക്ക് അഭിമാനിക്കാൻ കാര്യമായ വക നൽകുന്നില്ല.
അതുകൊണ്ട് തൊഴിൽ രസകരമാക്കിത്തീർക്കുന്നെങ്കിൽ നിങ്ങൾക്കു വളരെ പ്രയോജനങ്ങൾ കൈവരിക്കാൻ കഴിയും. ജോലി ചെയ്യുന്നതിൽനിന്നു നിങ്ങൾക്കു കൂടുതൽ സന്തോഷം ലഭിക്കുന്നു, ഭാവിയിൽ ചെയ്യാനുള്ള ഏതു ജോലിയും കൂടുതൽ രസകരമാക്കാനുള്ള രഹസ്യം നിങ്ങൾ പഠിക്കുന്നു. ആ സ്ഥിതിക്ക് അപ്രകാരം ചെയ്യാനുള്ള ചില വഴികൾ നമുക്ക് പരിശോധിക്കാം.
ഉത്സാഹത്തോടെ പ്രവർത്തിക്കുക
ചെയ്യുന്ന ജോലി ആസ്വദിച്ചു ചെയ്യാൻ ചില ആധികാരിക ഉറവിടങ്ങൾ നിർദേശിക്കുന്നു. അങ്ങനെ ചെയ്യുന്നപക്ഷം ജോലി ആസ്വാദ്യമായി നിങ്ങൾക്കനുഭവപ്പെടും.
‘പക്ഷേ എന്റെ ജോലിയിൽ എനിക്ക് ഒരിക്കലും ഉത്സാഹം തോന്നിയിട്ടില്ല!’ നിങ്ങൾ പ്രതികരിച്ചേക്കാം. അനവധി ജോലിക്കാർ നിരനിരയായിനിന്ന് യന്ത്രഭാഗങ്ങൾ കൂട്ടിയിണക്കുന്നതുപോലുള്ള കർശനമായ നിഷ്ഠയുള്ള ഒന്നായിരിക്കാം നിങ്ങളുടെ ജോലി. അല്ലെങ്കിൽ വർഷങ്ങളായി ഒരേ ജോലി ചെയ്യുന്നതുകൊണ്ട് അതിൽ താത്പര്യം വീണ്ടെടുക്കുക സാധ്യമല്ലെന്ന് നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ പുഞ്ചിരിക്കുന്നതും നിവർന്നുനിൽക്കുന്നതുംപോലെയുള്ള ചെറിയ വിദ്യകൾ നിങ്ങളുടെ ജോലിയിൽ കൂടുതൽ ഉത്സാഹം തോന്നാൻ സഹായിച്ചേക്കും.
ചെയ്യുന്ന ജോലിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സഹായകമായേക്കും. യാന്ത്രികമായ രീതിയിൽ ജോലി ചെയ്യാതിരിക്കുക. ജോലി ചെയ്യുന്നതിനിടയിൽ ഉച്ചഭക്ഷണസമയത്തെക്കുറിച്ചോ വാരാന്ത്യത്തെക്കുറിച്ചോ ചെയ്യാനുള്ള മറ്റേതെങ്കിലും ജോലിയെക്കുറിച്ചോ ചിന്തിക്കാതിരിക്കുക. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽത്തന്നെ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ബുദ്ധി. ഫലമോ? നിങ്ങൾ ജോലി ആസ്വദിക്കുമെന്നു മാത്രമല്ല, സമയം പെട്ടെന്നു കടന്നുപോകുന്നതുപോലെയും തോന്നും.
നിങ്ങൾ ശരിക്കും ഇഷ്ടപ്പെടുന്ന ഒരു പ്രവൃത്തിയിൽ മുഴുകിയിരിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നത് ഇതാണ്. പൊതുവേ ആസ്വാദ്യമായി തോന്നാത്ത ഒരു ജോലിയിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകവഴി നിങ്ങൾക്ക് ഇതേ ഫലംതന്നെ കൈവരിക്കാൻ സാധിക്കും.
കഴിവിന്റെ പരമാവധി ചെയ്യുക
നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നത് ജോലിയിൽ സംതൃപ്തി കൈവരിക്കാൻ സഹായിക്കും. ജോലി രസമില്ലാത്തതായി തോന്നുന്നെങ്കിൽ കുറഞ്ഞ ശ്രമംകൊണ്ട് വല്ല വിധേനയും അതു ചെയ്തുതീർക്കുക എന്ന ആധുനിക ബുദ്ധ്യുപദേശത്തിന് വിപരീതമാണിത്. എന്നാൽ ഉദാസീനത, നീട്ടിവെപ്പ്, കുറഞ്ഞ ശ്രമം എന്നിവ നിങ്ങളുടെ ഊർജം ചോർത്തിക്കളയുകയും ഉത്കണ്ഠയും ക്ഷീണവും വർധിപ്പിക്കുകയും ചെയ്തേക്കാം. ജോലി കഴിഞ്ഞ് പിരിമുറുക്കത്തോടും ഉത്കണ്ഠയോടും കൂടെ ഒരു വ്യക്തി ക്ഷീണിച്ചവശനായി വീട്ടിൽ തിരിച്ചെത്തുന്നത് അയാൾ ഉത്സാഹത്തോടെ ജോലി ചെയ്യാത്തതുകൊണ്ടായിരിക്കാം.
ബൈബിൾ പറയുന്നതനുസരിച്ച്, ഒരു ജോലി ചെയ്തുതീർക്കാൻ കഠിനാധ്വാനം ചെയ്യുമ്പോൾ അത് ഒഴിവുസമയങ്ങളും കൂടുതൽ ആസ്വാദ്യമായിരിക്കാൻ ഇടയാക്കും. “തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറെറാരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു എന്നു ഞാൻ കണ്ടു.” (സഭാപ്രസംഗി 2:24) ചിലരെ സംബന്ധിച്ചിടത്തോളം ഇത് ഒരു കാലഹരണപ്പെട്ട പഴമൊഴിയായി തോന്നിച്ചേക്കാമെങ്കിലും മറ്റുചിലർ ഈ കാലാതീത തത്ത്വം ബാധകമാക്കുന്നു. തങ്ങളുടെ പ്രയത്നത്തിന്റെ ഫലം അനുഭവിക്കുന്നതിനെക്കാൾ വലിയ “മറെറാരു നന്മയുമില്ല” എന്ന് അവർ സമ്മതിക്കുന്നു. ജോലി ചെയ്യുന്നതിലെ സന്തോഷം എന്ന പുസ്തകം സമ്മതിച്ചുപറയുന്നു: “നന്നായി ചെയ്തുതീർത്ത ജോലി ആത്മസംതൃപ്തിയേകുന്നു.”
അതുകൊണ്ട് കഴിവിന്റെ പരമാവധി ചെയ്യുക, നിങ്ങൾക്കു കൂടുതൽ ഉന്മേഷം തോന്നും. ജോലി കേവലം പേരിനുമാത്രമായിരിക്കുന്നതിൽ കൂടുതൽ ചെയ്യുക, നിങ്ങൾക്കു കൂടുതൽ സന്തോഷം തോന്നും. പ്രധാനപ്പെട്ട ജോലികൾ ആദ്യം ചെയ്തുതീർക്കുക. അങ്ങനെയെങ്കിൽ, ജോലി ചെയ്യേണ്ട സമയത്തു ചെയ്യാതെ നീട്ടിക്കൊണ്ടുപോയി ഒടുവിൽ ക്ഷീണിച്ചവശനാകുന്ന ഒരു വ്യക്തിയെക്കാൾ ഉച്ചയ്ക്കുള്ള ഇടവേളകളും വാരാന്ത്യങ്ങളും നിങ്ങൾ ആസ്വദിക്കും.—എസ്ഥേർ 10:2 താരതമ്യം ചെയ്യുക; റോമർ 12:11; 2 തിമൊഥെയൊസ് 2:15.
മറ്റുള്ളവരോട് മത്സരിക്കുന്നതിനു പകരം നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക. (ഗലാത്യർ 6:4) പുതിയ മാനദണ്ഡങ്ങളും ലക്ഷ്യങ്ങളും വെക്കുക. ജോലി കൂടുതൽ മെച്ചമായി ചെയ്യാൻ ശ്രമിക്കുക. അങ്ങേയറ്റം വിരസതയുളവാക്കുന്നതായി ചിലർ കരുതിയേക്കാവുന്ന തുന്നൽപ്പണി നിത്യേന ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ മണിക്കൂർതോറുമുള്ള തന്റെ ഉത്പാദനക്ഷമത കണക്കുകൂട്ടി ജോലി ചെയ്യുന്നത് ഒരു വിനോദമാക്കി മാറ്റി. എന്നിട്ട് അത് വർധിപ്പിക്കാൻ ശ്രമിച്ചു. കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുന്നതിനാൽ അവർ ശരിക്കും തന്റെ ജോലി ആസ്വദിക്കുന്നു.—സദൃശവാക്യങ്ങൾ 31:31.
നിങ്ങളുടെ ജോലിയെ “അലങ്കരിക്കുക”
ഡോക്ടർമാരായ ഡെന്നിസ് റ്റി. ജാഫീയും സിന്ത്യ ഡി. സ്കോട്ടും നിർദേശിക്കുന്നു: “നിങ്ങളുടെ ജോലിയെ സാധനസാമഗ്രികളൊന്നുമില്ലാത്ത ഒരു വീടിനോട് ഉപമിക്കുക. നിങ്ങൾ അകത്തു കടന്ന് അതിന്റെ രൂപവും ഭാവവും നോക്കുന്നു. അപ്പോൾ നിങ്ങളുടെ ഭാവനയ്ക്ക് ചിറകു മുളയ്ക്കുന്നു. നിങ്ങളതിനെ അലങ്കരിച്ച് നിങ്ങളുടെ ഭവനമാക്കിത്തീർക്കുന്നു. നിങ്ങളുടേതായ രീതിയിൽ മോടിപിടിപ്പിച്ച് അതിന് തനിമ നൽകുന്നു.”
മിക്ക ജോലികളും നിങ്ങൾക്കു നൽകുന്നത് നിയമങ്ങളും മാർഗനിർദേശങ്ങളും സഹിതമാണ്. നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നതു മാത്രം ചെയ്യുന്നത് സാധനസാമഗ്രികളൊന്നുമില്ലാത്ത വീട്ടിൽ താമസം തുടങ്ങുന്നതുപോലെയാണ്. അതിനു തനിമയില്ല. എന്നാൽ നിങ്ങളുടെ വ്യക്തിപരമായ ശൈലി അതിനോടു ചേർക്കുന്നെങ്കിൽ നിങ്ങളുടെ ജോലി കുറേക്കൂടെ രസകരമായിത്തീരും. രണ്ടു വ്യക്തികൾ ഒരേ രീതിയിൽ ഒരു ജോലിയെ “അലങ്കരിക്കു”കയില്ല. ഒരു വെയിറ്റർ പതിവുകാരുടെ അഭിരുചികൾ ഓർത്തിരിക്കും. മറ്റൊരുവനാകട്ടെ വിശേഷാൽ ദയയും മര്യാദയും പ്രകടിപ്പിക്കുന്നവനായിരിക്കും. തങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ ശ്രദ്ധ കൊടുക്കുന്നതുകൊണ്ട് ഇരുവരും തങ്ങളുടെ ജോലി ആസ്വദിക്കുന്നു.
പഠിച്ചുകൊണ്ടിരിക്കുക
ജോലിയിൽ സന്തോഷം കണ്ടെത്താനുള്ള മറ്റൊരു മാർഗമാണ് പഠനം. നമ്മൾ വളരുന്നതോടൊപ്പം മസ്തിഷ്കം വിവരങ്ങൾ വിശകലനം ചെയ്യാനുള്ള അതിന്റെ കഴിവ് വർധിപ്പിക്കുന്നുവെന്ന് പിരിമുറുക്കം മറികടക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം വിവരിക്കുന്നു. പോയകാലങ്ങളിൽ നമ്മെ ഉത്സാഹഭരിതരാക്കിയ കാര്യങ്ങൾ ഇന്ന് നമുക്ക് വിരസമായി തോന്നാനുള്ള കാരണമെന്തെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ട് പുതിയ വിവരങ്ങൾ ശേഖരിക്കാനുള്ള മസ്തിഷ്കത്തിന്റെ ദാഹം ശമിപ്പിക്കുകയാണ് പരിഹാരം.
നിങ്ങളുടെ ജോലി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നത് കാലാന്തരത്തിൽ കൂടുതൽ ആകർഷകമായ ജോലി ലഭിക്കാൻ ഇടയാക്കിയേക്കാം. എന്നാൽ അതു സംഭവിച്ചില്ലെങ്കിൽപ്പോലും പഠനപ്രക്രിയതന്നെ നിങ്ങളുടെ ജോലി കൂടുതൽ രസകരവും സംതൃപ്തിദായകവുമാക്കിത്തീർക്കും. ഗ്രന്ഥകർത്താക്കളായ ചാൾസ് കാമറൊനും സൂസൻ എലുസൊറും ഇതു ചൂണ്ടിക്കാട്ടുന്നു: “പഠനം നിങ്ങളുടെ കഴിവുകൾ വർധിപ്പിച്ചുകൊണ്ട് നിങ്ങളുടെ ആത്മവിശ്വാസത്തെ ബലപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. ജീവിതത്തോടുള്ള നിങ്ങളുടെ പൊതുവിലുള്ള മനോഭാവത്തിനും അതു മാറ്റം വരുത്തും: അതായത്, പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും ബുദ്ധിമുട്ടുകൾ തരണം ചെയ്യാനാകുമെന്നും ഭയം ദൂരീകരിക്കാനാകുമെന്നും വിചാരിച്ചതിനെക്കാൾ അധികം കാര്യങ്ങൾ ചെയ്യാനാകുമെന്നും ഉള്ള മനോഭാവം അതു നിങ്ങളിൽ ഉളവാക്കും.”
‘പക്ഷേ എന്റെ ജോലിയെപ്പറ്റി സകലതും ഞാൻ പണ്ടേ പഠിച്ചതാണ്!’ എന്നു നിങ്ങൾ തടസ്സവാദം ഉന്നയിച്ചേക്കാം. അങ്ങനെയാണെങ്കിൽ, നിങ്ങളുടെ ജോലിയുമായി നേരിട്ടല്ലാതെ ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങൾ പഠിക്കരുതോ? ഉദാഹരണത്തിന് നിങ്ങൾക്ക് മനുഷ്യ ബന്ധങ്ങളെക്കുറിച്ചോ നിങ്ങളുടെ ഉപകരണത്തെക്കുറിച്ചോ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ തീരുമാനിക്കാവുന്നതാണ്. കൂടുതൽ മെച്ചമായി ഒരു ഓഫീസ് മെമ്മോ തയ്യാറാക്കുന്നതെങ്ങനെയെന്നോ ഒരു യോഗം നടത്തുന്നതെങ്ങനെയെന്നോ പഠിക്കാവുന്നതാണ്. മേലധികാരികളോട് ഇടപെടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളെക്കുറിച്ചും നിങ്ങൾക്കു പഠിക്കാൻ കഴിയും.
ഈ കാര്യങ്ങളൊക്കെ നിങ്ങൾ എങ്ങനെ പഠിക്കും? ഒരുപക്ഷേ നിങ്ങൾക്ക് ഉപകാരപ്പെടുന്ന ചില കോഴ്സുകൾ, നിങ്ങൾ ജോലി ചെയ്യുന്ന കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടാകും. അല്ലെങ്കിൽ നിങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ ഒരു ഗ്രന്ഥശാലയിലുണ്ടായിരിക്കാം. എന്നാൽ അത്ര പ്രാധാന്യമുള്ളതായി നമ്മൾ കണക്കാക്കാത്ത ഉറവിടങ്ങളുമുണ്ട്. അവയെയും നാം അവഗണിച്ചുകൂടാ. സഹജോലിക്കാരെയും അവരുടെ കഴിവുകളെയും കഴിവുകേടുകളെയും നിരീക്ഷിക്കുന്നതും ഒരു പഠനരീതിയാണ്. നിങ്ങളുടെ പരാജയങ്ങളിൽനിന്ന് നിങ്ങൾക്കു പഠിക്കാൻ കഴിയും—വിജയങ്ങളിൽനിന്നും പഠിക്കാനാകും, അവയെ വിശകലനം ചെയ്തുകൊണ്ട്. സ്വന്തം അനുഭവങ്ങളിൽനിന്നും മറ്റുള്ളവരെ നിരീക്ഷിക്കുന്നതിൽനിന്നും നിങ്ങൾക്ക്, പുസ്തകങ്ങളിൽ ഒരിക്കലും വായിച്ചിട്ടില്ലാത്ത അല്ലെങ്കിൽ ഒരു ക്ലാസിലും ഒരിക്കലും കേട്ടിട്ടില്ലാത്ത കാര്യങ്ങൾ പഠിക്കാനാകും.
അവസാനമായി ചില നിർദേശങ്ങൾ
ജോലിയെ നോക്കിക്കാണാവുന്ന മറ്റൊരു വിധവുമുണ്ട്. കൂടുതൽ അർഹനാണെങ്കിലും മറ്റുള്ളവർക്കാണ് എപ്പോഴും സുവർണാവസരങ്ങൾ ലഭിക്കുന്നതെന്നും യഥാർഥത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ചെയ്യാൻ ഒരിക്കൽപ്പോലും അവസരം ലഭിച്ചിട്ടില്ലെന്നും നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങളോടു യോജിക്കുന്നവരുമായി ഒട്ടേറെ പ്രാവശ്യം സംസാരിച്ചുകഴിയുമ്പോൾ ഇതെല്ലാം സത്യമാണെന്ന് നിങ്ങൾ മനസ്സിലുറപ്പിച്ചേക്കാം.
എന്നാൽ ഇത് സത്യമായിരിക്കണമെന്നില്ല. തങ്ങളുടെ ജോലി ആസ്വദിക്കുന്ന പലരും അത് ആസ്വദിക്കാനുള്ള കഴിവ് നേടിയെടുത്തതാണ്. വീടുകൾ രൂപകൽപ്പന ചെയ്യുന്ന ഒരു വ്യക്തിക്ക് ബസ് ഓടിക്കുന്നതിലും ആനന്ദം കണ്ടെത്താം. കാരണം? ജോലിയോടുള്ള സർഗാത്മക സമീപനം അയാൾക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നു.
അതുകൊണ്ട് വാരാന്തങ്ങളോടുള്ള താരതമ്യത്തിൽ ജോലിദിവസങ്ങൾ സന്തോഷരഹിതമാണെന്ന നിഷേധാത്മക ചിന്ത ഒഴിവാക്കുക. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ആലോചിച്ചും ഇനി എന്തു കുഴപ്പമായിരിക്കും സംഭവിക്കുക എന്നു സങ്കൽപ്പിച്ചും മറ്റുള്ളവർ നിങ്ങളെപ്പറ്റി എന്തു കരുതും എന്ന് വേവലാതിപ്പെട്ടുംകൊണ്ട് സമയം പാഴാക്കരുത്. ചെയ്യാനുള്ള ജോലിയിൽ ശ്രദ്ധ പതിപ്പിക്കുക. അതിൽ നിങ്ങളുടെ മുഴുശ്രദ്ധയും കേന്ദ്രീകരിക്കുക. ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഹോബിയിൽ എന്നപോലെ അതിൽ മുഴുകാൻ ശ്രമിക്കുക. കഴിവിന്റെ പരമാവധി ചെയ്യാൻ നോക്കുക, ജോലി നന്നായി ചെയ്തുതീർത്ത് അതിൽ ആനന്ദമടയുക.
[11-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളുടെ ജോലിയെ അവഗണിക്കാതിരിക്കുക
സദൃശവാക്യങ്ങൾ 27:23, 24-ൽ ബൈബിൾ പറയുന്നു: “നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക. സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?” എന്താണ് ഇതിന്റെ അർഥം?
നിധിയും (സമ്പത്തും) പ്രമുഖ സ്ഥാനങ്ങളും (ഒരു കിരീടം) നേടിയെടുത്താൽത്തന്നെ മിക്കപ്പോഴും അതു താത്കാലികമാണെന്നു തെളിയും. അതുകൊണ്ട് ബൈബിൾ കാലങ്ങളിലെ ഒരു ഇടയൻ തന്റെ ആടുകളെ പരിപാലിക്കുന്നതിൽ, അതായത് ‘കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കു’ന്നതിൽ, ഉത്സാഹപൂർവം ശ്രദ്ധ കൊടുത്തുകൊണ്ട്, വിവേകം കാണിച്ചിരുന്നു. തുടർന്നുള്ള വാക്യങ്ങൾ കാണിക്കുന്നതുപോലെ അത് ജോലിക്കാരന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിൽ കലാശിക്കുമായിരുന്നു.—സദൃശവാക്യങ്ങൾ 27:25-27.
ഇന്നോ? ചെയ്തുകൊണ്ടിരിക്കുന്ന ജോലി വിട്ടുപോരാൻ തങ്ങളെ പ്രാപ്തരാക്കുമെന്ന് കരുതുന്ന സമ്പത്തോ പ്രമുഖ സ്ഥാനമോ കൈവരിക്കുന്നതിലാണ് ആളുകൾ മിക്കപ്പോഴും മനസ്സുവെക്കുന്നത്. ഇവരിൽ ചിലർക്ക് യാഥാർഥ്യബോധത്തോടുകൂടിയ ആസൂത്രണങ്ങളുണ്ടായിരിക്കും; മറ്റു ചിലരാകട്ടെ കിനാവു കാണുകയായിരിക്കും. ഈ രണ്ടു സാഹചര്യത്തിലും ചെയ്തുകൊണ്ടിരിക്കുന്ന ജോലിയെ വെറുക്കുന്നതോ അവഗണിക്കുന്നതോ ബുദ്ധിയായിരിക്കില്ല. ഏറ്റവും ആശ്രയിക്കാവുന്ന വരുമാനമാർഗം, തുടർന്നും അങ്ങനെതന്നെയായിരിക്കും. തന്റെ “കന്നുകാലിക”ളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആശ്രയയോഗ്യമായ ആ വരുമാനമാർഗത്തിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എത്രയോ ബുദ്ധിയായിരിക്കും. ഒരുവൻ അങ്ങനെ ചെയ്യുന്നപക്ഷം അത് ഇപ്പോൾ മാത്രമല്ല ഭാവിയിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തിയേക്കാം.