സ്വാതന്ത്ര്യം നൽകാൻ പഠിക്കൽ
“വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ” എന്ന് ബൈബിൾ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 127:4) ഒരു അസ്ത്രം യാദൃച്ഛികമായി ലക്ഷ്യസ്ഥാനത്തു പതിക്കുന്നില്ല. അത് ഉന്നംവെച്ച് എയ്യേണ്ടതുണ്ട്. അതുപോലെതന്നെയാണ് കുട്ടികളുടെ കാര്യവും. മാതാപിതാക്കളുടെ മാർഗദർശനം കൂടാതെ അവർ ഉത്തരവാദിത്വബോധമുള്ള മുതിർന്നവരായിത്തീരുകയെന്ന ലക്ഷ്യത്തിൽ എത്തിച്ചേരില്ല. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്നു ബൈബിൾ ഉദ്ബോധിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 22:6.
പരാശ്രയസ്വഭാവമുള്ള ഒരു കുട്ടിയെ ഒറ്റ രാത്രികൊണ്ട് സ്വാശ്രയസ്വഭാവമുള്ള ഒരു മുതിർന്നയാളാക്കി മാറ്റാനാവില്ല. അതുകൊണ്ട് സ്വാശ്രയസ്വഭാവമുള്ളവരായിത്തീരാൻ മാതാപിതാക്കൾ കുട്ടികളെ എപ്പോഴാണു പരിശീലിപ്പിച്ചു തുടങ്ങേണ്ടത്? അപ്പോസ്തലനായ പൗലൊസ് തിമൊഥെയൊസ് എന്നു പേരുള്ള ഒരു യുവാവിനെ ഇങ്ങനെ ഓർമിപ്പിച്ചു: ‘ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ നീ ബാല്യംമുതൽ [“ശൈശവംമുതൽ,” NW] അറിഞ്ഞിരിക്കുന്നു.’ (2 തിമൊഥെയൊസ് 3:14) ഒന്നോർത്തുനോക്കൂ, തിമൊഥെയൊസ് ശിശുവായിരുന്നപ്പോൾത്തന്നെ അവന്റെ അമ്മ അവനെ ആത്മീയമായി പരിശീലിപ്പിച്ചു തുടങ്ങി!
ശിശുക്കൾക്ക് ആത്മീയ പരിശീലനത്തിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയുമെങ്കിൽ കുട്ടികൾക്ക് പ്രായപൂർത്തിയിലെത്തി ജീവിക്കാനുള്ള പരിശീലനം എത്രയും വേഗം കൊടുക്കണം എന്നതു ന്യായയുക്തമല്ലേ? ഉത്തരവാദിത്വബോധമുള്ളവരായിരിക്കുന്നതിന്, സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതിന്, അവരെ പഠിപ്പിക്കുന്നതാണ് ഇതു ചെയ്യാനുള്ള ഒരു മാർഗം.
ഉത്തരവാദിത്വബോധമുള്ളവരായിരിക്കാൻ കുട്ടികളെ പഠിപ്പിക്കൽ
ഉത്തരവാദിത്വബോധമുള്ളവരായിരിക്കുന്നതിന് നിങ്ങൾക്കു കുട്ടികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? വിവാഹിത ദമ്പതികളായ ജാക്കും നോറയും മകളെക്കുറിച്ചുള്ള ഓർമകളുടെ ചെപ്പു തുറന്നു: “കഷ്ടിച്ചു നടക്കാറായപ്പോഴേക്കും അവൾ സോക്സും മറ്റു ചെറിയ സാധനങ്ങളും കിടപ്പുമുറിയിലേക്ക് എടുത്തുകൊണ്ടുപോയി ശരിയായ സ്ഥാനത്തു വെക്കാൻ പഠിച്ചു. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും അതതു സ്ഥാനത്തു വെക്കാനും അവൾ പഠിച്ചു.” ഇതെല്ലാം കൊച്ചു കൊച്ചു തുടക്കങ്ങളാണ്, എങ്കിലും ഉത്തരവാദിത്വമുള്ള തീരുമാനങ്ങളെടുക്കാൻ കുട്ടി അപ്പോൾത്തന്നെ പഠിക്കുകയായിരുന്നു.
കുട്ടിക്കു പ്രായമാകുന്നതനുസരിച്ച് ഒരുപക്ഷേ കുറെക്കൂടെ വലിയ ഉത്തരവാദിത്വങ്ങൾ കുട്ടിയെ ഭരമേൽപ്പിക്കാൻ കഴിയും. അങ്ങനെ, ആബ്രയും ആനീറ്റായും മകൾക്ക് ഒരു വളർത്തു നായ് ഉണ്ടായിരിക്കുന്നതിന് അനുവദിച്ചു. നായെ പരിചരിക്കേണ്ടത് കുട്ടിയുടെ ഉത്തരവാദിത്വമായിരുന്നു. അതിന്റെ സംരക്ഷണത്തിനായി അവൾ സ്വന്തം കയ്യിൽനിന്ന് പൈസ ചെലവാക്കുകപോലും ചെയ്തു. ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് ക്ഷമ ആവശ്യമാണ്. എന്നാൽ അത് തക്കമൂല്യമുള്ളതാണെന്നു മാത്രമല്ല, അവരുടെ വൈകാരിക വളർച്ചയ്ക്കും സംഭാവന ചെയ്യുന്നു.
വീട്ടുജോലികൾ കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരായിരിക്കാൻ പഠിപ്പിക്കുന്നതിന് മറ്റൊരവസരം പ്രദാനം ചെയ്യുന്നു. കുട്ടികൾ വീട്ടുജോലികളിൽ ഉൾപ്പെടുന്നതിനെ സഹായത്തെക്കാളേറെ ഉപദ്രവമായി വീക്ഷിച്ചുകൊണ്ട് ചില മാതാപിതാക്കൾ കുട്ടികളെ വീട്ടുജോലികളിൽ പങ്കെടുപ്പിക്കുന്നേയില്ല. ‘കുട്ടികളായിരുന്നപ്പോൾ തങ്ങൾക്കുണ്ടായിരുന്നതിലും മെച്ചമായ ജീവിതം’ തങ്ങളുടെ കുട്ടികൾക്ക് ഉണ്ടായിരിക്കണമെന്ന് മറ്റുചിലർ നിഗമനം ചെയ്യുന്നു. ഇത് തെറ്റായ ന്യായവാദമാണ്. തിരുവെഴുത്ത് ഇങ്ങനെ പറയുന്നു: “ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തിയാൽ പിൽക്കാല ജീവിതത്തിൽ അവൻ നന്ദിയില്ലാത്തവനായിത്തീരും.” (സദൃശവാക്യങ്ങൾ 29:21, NW) ഈ വാക്യത്തിലെ തത്ത്വം തീർച്ചയായും മക്കൾക്കു ബാധകമാണ്. യുവജനങ്ങൾ ‘നന്ദിയില്ലാത്തവർ’ ആയി മാത്രമല്ല, ഏറ്റവും നിസ്സാരമായ വീട്ടുജോലികൾ പോലും ചെയ്യാൻ പ്രാപ്തിയില്ലാത്തവരുമായി പ്രായപൂർത്തിയിലെത്തിച്ചേരുന്നതു സങ്കടകരമാണ്.
ബൈബിൾ കാലങ്ങളിലെ യുവജനങ്ങൾക്ക് സാധാരണഗതിയിൽ വീട്ടുജോലികൾ നിയമിച്ചുകൊടുത്തിരുന്നു. ഉദാഹരണത്തിന്, യോസേഫിന് 17-ാം വയസ്സിൽത്തന്നെ കുടുംബ വകയായ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ പങ്കുണ്ടായിരുന്നു. (ഉല്പത്തി 37:2) ഇതൊരു ചെറിയ നിയമനം ആയിരുന്നില്ല, എന്തെന്നാൽ അവന്റെ അപ്പന് വളരെ ആടുമാടുകളുണ്ടായിരുന്നു. (ഉല്പത്തി 32:13-15) യോസേഫ് ശക്തനായ ഒരു അധിപതിയായിത്തീർന്നുവെന്ന വസ്തുത പരിഗണിക്കുമ്പോൾ ഈ പ്രാഥമിക പരിശീലനം അവന്റെ സ്വഭാവത്തെ ക്രിയാത്മകമായ വിധത്തിൽ കരുപ്പിടിപ്പിക്കുന്നതിൽ വളരെയധികം പങ്കുവഹിച്ചു എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടില്ല. അതുപോലെതന്നെ ഇസ്രായേലിന്റെ ഭാവി രാജാവായിരുന്ന ദാവീദിനും ചെറുപ്പത്തിൽ കുടുംബത്തിന്റെ ആടുകളെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ടായിരുന്നു.—1 ശമൂവേൽ 16:11.
ഇന്നത്തെ മാതാപിതാക്കൾക്ക് ഇതിൽനിന്ന് എന്തു പാഠമാണ് പഠിക്കാനുള്ളത്? കുട്ടികൾക്ക് അർഥവത്തായ വീട്ടുജോലികൾ നിയമിച്ചുകൊടുക്കുക. ശുചീകരണം, പാചകം, മുറ്റമടിക്കൽ, വീടിന്റെയും വാഹനത്തിന്റെയും കേടുപോക്കൽ എന്നിങ്ങനെയുള്ള ജോലികളിൽ പങ്കുവഹിക്കാൻ നിങ്ങൾക്കു കുട്ടികളെ പഠിപ്പിക്കാൻ കഴിയും, സമയവും ശ്രമവും ക്ഷമയും ആവശ്യമാണെന്നു മാത്രം. കുട്ടിയുടെ പ്രായവും പ്രാപ്തിയും വലിയ പങ്കുവഹിക്കുന്നുവെന്നത് ശരിതന്നെ. എന്നാൽ, സ്കൂട്ടർ നന്നാക്കുന്നതിൽ ഡാഡിയെ സഹായിക്കുന്നതിലോ ഭക്ഷണം പാകംചെയ്യുന്നതിൽ മമ്മിയെ സഹായിക്കുന്നതിലോ സാധാരണഗതിയിൽ കൊച്ചു കുട്ടികൾക്കുപോലും കുറച്ചു പങ്കുണ്ടായിരിക്കാൻ കഴിയും.
വീട്ടുജോലികൾ പഠിപ്പിക്കുന്നത് മാതാപിതാക്കൾ മക്കൾക്ക് ഏറ്റവും വിലയേറിയ ഒരു സമ്മാനം നൽകുന്നതും ആവശ്യമാക്കിത്തീർക്കുന്നു—അവരുടെ സമയം. രണ്ടു കുട്ടികളുള്ള ഒരു വിവാഹിത ദമ്പതികളോട് കുട്ടികളെ വിജയകരമായി പരിശീലിപ്പിക്കുന്നതിന്റെ രഹസ്യം എന്താണെന്നു ചോദിച്ചപ്പോൾ അവരുടെ മറുപടി ഇതായിരുന്നു: “സമയം, ധാരാളം സമയം നൽകുക!”
സ്നേഹപൂർവകമായ തിരുത്തൽ
കുട്ടികൾ അവരുടെ ജോലികൾ ഭംഗിയായി നിർവഹിക്കുമ്പോൾ അല്ലെങ്കിൽ കുറഞ്ഞപക്ഷം അതിനു ശ്രമമെങ്കിലും നടത്തുമ്പോൾ അവരെ നിർലോഭം, ആത്മാർഥമായി പ്രശംസിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കുക! (മത്തായി 25:21 താരതമ്യം ചെയ്യുക.) തീർച്ചയായും, കുട്ടികൾ മുതിർന്നവരുടെയത്രയും കാര്യശേഷിയോടെ ജോലികൾ നിർവഹിച്ചെന്നുവരില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കുട്ടികളെ അനുവദിക്കുമ്പോൾ അവർ പലപ്പോഴും തെറ്റുകളും വരുത്തിക്കൂട്ടും. എന്നാൽ അമിതമായി പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിക്കുക! ഒരു മുതിർന്നയാളെന്ന നിലയിൽ നിങ്ങളും തെറ്റുകൾ വരുത്തിയിട്ടില്ലേ? അതുകൊണ്ട് നിങ്ങളുടെ കുട്ടി തെറ്റു വരുത്തുമ്പോൾ അവനോടു ക്ഷമിക്കരുതോ? (സങ്കീർത്തനം 103:13 താരതമ്യം ചെയ്യുക.) അവൻ തെറ്റുകൾ വരുത്തട്ടെ. പഠന പ്രക്രിയയുടെ ഭാഗമായി അവയെ കാണുക.
ഗ്രന്ഥകർത്താക്കളായ മൈക്കിൾ ഷൂൽമനും ഇവ മെക്ലറും ഇങ്ങനെ അഭിപ്രായപ്പെടുന്നു: മാതാപിതാക്കളു മായി “സൗഹാർദപരമായ ബന്ധം ആസ്വദിക്കുന്ന കുട്ടികൾ സ്വാതന്ത്ര്യമെടുത്താൽ തങ്ങൾ ശിക്ഷിക്കപ്പെടും എന്ന് ഭയപ്പെടുന്നില്ല.” എന്നാൽ നിർവികാരരോ പരുഷസ്വഭാവക്കാരോ ആയ മാതാപിതാക്കളുടെ കുട്ടികൾ വാസ്തവത്തിൽ ഏതു കാര്യവും തനിയെ ചെയ്യാൻ ഭയപ്പെടുന്നു, സഹായകമായ കാര്യങ്ങളും അവയിൽ ഉൾപ്പെടും. കാരണം, മാതാപിതാക്കൾ തങ്ങളുടെ പ്രവൃത്തിയിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുമെന്നോ തങ്ങളെ വിമർശിക്കുമെന്നോ ശിക്ഷിക്കുമെന്നോ അവർ ഭയപ്പെടുന്നു.” പ്രസ്തുത അഭിപ്രായം മാതാപിതാക്കളോടുള്ള ബൈബിളിന്റെ പിൻവരുന്ന മുന്നറിയിപ്പിനു ചേർച്ചയിലാണ്: “നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.” (കൊലൊസ്സ്യർ 3:21) അതുകൊണ്ട് ഒരു കുട്ടിക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെ വരുമ്പോൾ കുറഞ്ഞപക്ഷം ശ്രമം നടത്തിയതിനെങ്കിലും അവനെ പ്രശംസിക്കരുതോ? അടുത്ത തവണ കുറെക്കൂടെ നന്നായി ചെയ്യാൻ അവനെ പ്രോത്സാഹിപ്പിക്കുക. അവന്റെ പുരോഗതി നിങ്ങളെ സന്തോഷിപ്പിക്കുന്നുവെന്ന് അവനറിയട്ടെ. നിങ്ങളുടെ സ്നേഹം സംബന്ധിച്ച് അവന് ഉറപ്പുകൊടുക്കുക.
തീർച്ചയായും, തിരുത്തൽ ആവശ്യമായിരിക്കുന്ന സമയങ്ങളുണ്ട്. സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കാനും തനതായ സ്വഭാവഗുണങ്ങളും യോഗ്യതകളുമുള്ള വ്യക്തികളായി അംഗീകരിക്കപ്പെടാനും യുവജനങ്ങൾ കിണഞ്ഞുശ്രമിക്കുന്ന യൗവനദശയിൽ ഇതു പ്രത്യേകിച്ചും ആവശ്യമാണ്. അതുകൊണ്ട്, സ്വാതന്ത്ര്യം നേടുന്നതിനുള്ള അത്തരം ശ്രമങ്ങളെ മാതാപിതാക്കൾ എല്ലായ്പോഴും മത്സരമായി വ്യാഖ്യാനിക്കാതെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നത് ബുദ്ധിയായിരിക്കും.
എടുത്തുചാടി പ്രവർത്തിക്കുന്നതിനോ ‘യൌവനമോഹങ്ങൾ’ക്ക് അടിപ്പെടുന്നതിനോ യുവജനങ്ങൾ ചായ്വുള്ളവരാണെന്നതു ശരിതന്നെ. (2 തിമൊഥെയൊസ് 2:22) അതുകൊണ്ട്, യുവസഹജമായ പെരുമാറ്റത്തിന് കടിഞ്ഞാണിടാതിരിക്കുന്നത് കുട്ടിക്കു വൈകാരികമായി ദോഷം ചെയ്യും; അവന് ആത്മനിയന്ത്രണവും ആത്മശിക്ഷണവും പഠിക്കാൻ കഴിയാതെ വരും. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.” (സദൃശവാക്യങ്ങൾ 29:15) എന്നാൽ സ്നേഹപൂർവം കൊടുക്കുന്ന ഉചിതമായ ശിക്ഷണം പ്രയോജനപ്രദമാണ്. പ്രായപൂർത്തിയാകുമ്പോൾ പ്രശ്നങ്ങളെയും സമ്മർദങ്ങളെയും നേരിടാൻ യുവജനങ്ങളെ അത് സജ്ജരാക്കുന്നു. ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു [“അവനു ശിക്ഷണം നൽകുന്നു,” NW].” (സദൃശവാക്യങ്ങൾ 13:24) എങ്കിലും, ശിക്ഷണത്തിന്റെ അന്തഃസത്ത പഠിപ്പിക്കലും പരിശീലനവുമാണ്, ശിക്ഷിക്കലല്ല എന്നോർമിക്കുക. ഇവിടെ പറയുന്ന “വടി” സാധ്യതയനുസരിച്ച് തങ്ങളുടെ ആട്ടിൻപറ്റങ്ങളെ നയിക്കാനായി ആട്ടിടയൻമാർ ഉപയോഗിക്കുന്ന കോലിനെയാണ് പരാമർശിക്കുന്നത്. (സങ്കീർത്തനം 23:4) അത് സ്നേഹപൂർവകമായ മാർഗനിർദേശത്തിന്റെ പ്രതീകമാണ്—പരുഷമായ മൃഗീയതയുടേതല്ല.
ജീവനുവേണ്ടിയുള്ള വിദ്യാഭ്യാസം
കുട്ടിയുടെ വിദ്യാഭ്യാസ കാര്യത്തിൽ മാതാപിതാക്കളുടെ മാർഗനിർദേശം പ്രത്യേകാൽ ആവശ്യമാണ്. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ താത്പര്യമെടുക്കുക. ഉചിതമായ സ്കൂൾ പാഠ്യപദ്ധതികൾ തിരഞ്ഞെടുക്കാനും ഏതെങ്കിലും തരത്തിലുള്ള അനുബന്ധ വിദ്യാഭ്യാസം ആവശ്യമാണോ എന്നതു സംബന്ധിച്ച് ഉത്തരവാദിത്വമുള്ള ഒരു തീരുമാനം എടുക്കാനും കുട്ടിയെ സഹായിക്കുക.a
തീർച്ചയായും, ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസം ആത്മീയ വിദ്യാഭ്യാസമാണ്. (യെശയ്യാവു 54:13) പ്രായപൂർത്തിയാകുമ്പോൾ ജീവിതത്തെ നേരിടുന്നതിന് കുട്ടികൾക്കു ദൈവിക മൂല്യങ്ങൾ ആവശ്യമാണ്. അവരുടെ “ഗ്രഹണ പ്രാപ്തികൾ” പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. (എബ്രായർ 5:14, NW) ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് അവരെ വളരെയധികം സഹായിക്കാൻ കഴിയും. കുട്ടികളുമൊത്ത് ക്രമമായ ബൈബിളധ്യയനം ഉണ്ടായിരിക്കാൻ യഹോവയുടെ സാക്ഷികൾക്കിടയിലെ കുടുംബങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. തിമൊഥെയൊസിനെ ശൈശവംമുതൽ തിരുവെഴുത്തുകളെക്കുറിച്ചു പഠിപ്പിച്ച അവന്റെ അമ്മയുടെ മാതൃക പിൻപറ്റിക്കൊണ്ട് സാക്ഷികളായ മാതാപിതാക്കൾ തങ്ങളുടെ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നു.
ബാർബ്ര എന്നു പേരുള്ള ഏകാകിനിയായ ഒരു മാതാവ് കുടുംബ ബൈബിളധ്യയനത്തെ തന്റെ കുട്ടികൾക്ക് ഏറ്റവും ആഹ്ലാദകരമായ ഒരു അനുഭവമാക്കിത്തീർക്കുന്നു. “അന്നു വൈകിട്ട് കുട്ടികൾക്കു ഞാൻ ഒന്നാന്തരം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു. കൂട്ടത്തിൽ അവർക്കിഷ്ടപ്പെട്ട ഒരു മധുരപലഹാരവും കാണും. അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഞാൻ രാജ്യസംഗീതം വെക്കുന്നു. പിന്നെ, പ്രാർഥനയോടെ പഠനം തുടങ്ങുന്നു. സാധാരണഗതിയിൽ ഞങ്ങൾ വീക്ഷാഗോപുരം മാസികയാണു പഠിക്കുക. എന്നാൽ എന്തെങ്കിലും പ്രത്യേക ആവശ്യമുള്ളപ്പോൾ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളുംb പോലെയുള്ള പ്രസിദ്ധീകരണങ്ങൾ ഞാൻ ഉപയോഗിക്കാറുണ്ട്.” ബൈബിൾ പഠിക്കുന്നത് “കാര്യങ്ങളെ യഹോവയെങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കാൻ” തന്റെ കുട്ടികളെ സഹായിക്കുന്നുവെന്ന് ബാർബ്ര പറയുന്നു.
അതേ, ദൈവവചനമായ ബൈബിളിന്റെ പരിജ്ഞാനവും ഗ്രാഹ്യവും നൽകുന്നതിലും വലിയ സമ്മാനം ഒരു കുട്ടിക്ക് കൊടുക്കാനാവില്ല. അത് ‘അല്പബുദ്ധികൾക്കു [“അനുഭവപരിചയമില്ലാത്തവർക്ക്,” NW] സൂക്ഷ്മബുദ്ധിയും ബാലന്നു [“യുവാവിനു,” NW] പരിജ്ഞാനവും വകതിരിവും നല്കുന്നു.’ (സദൃശവാക്യങ്ങൾ 1:4) ഇങ്ങനെ സുസജ്ജനായ ഒരു യുവവ്യക്തി പുതിയ സമ്മർദങ്ങളെയും സ്ഥിതിവിശേഷങ്ങളെയും അഭിമുഖീകരിക്കാനുള്ള പ്രാപ്തിയോടെ പ്രായപൂർത്തിയിലേക്കു കടക്കുന്നു.
എങ്കിലും, മക്കൾ വീട്ടിൽനിന്നുപോകുന്നത് മിക്ക മാതാപിതാക്കളുടെയും ജീവിത ശൈലിയിൽ വലിയ മാറ്റം വരുത്തുന്നു. അവർക്ക് ഒഴിഞ്ഞ കൂടുമായി പൊരുത്തപ്പെടാൻ കഴിയുന്ന വിധത്തെക്കുറിച്ച് ഞങ്ങളുടെ അടുത്ത ലേഖനം ചർച്ചചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1989 ഒക്ടോബർ 8 ലക്കത്തിലെ “മാതാപിതാക്കളേ—നിങ്ങൾക്കു ഗൃഹപാഠവും!” എന്ന പരമ്പര കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[6-ാം പേജിലെ ആകർഷകവാക്യം]
“നിർവികാരരോ പരുഷസ്വഭാവക്കാരോ ആയ മാതാപിതാക്കളുടെ മക്കൾ വാസ്തവത്തിൽ ഏതു കാര്യവും തനിയെ ചെയ്യാൻ ഭയപ്പെടുന്നു, സഹായകമായ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. കാരണം, മാതാപിതാക്കൾ തങ്ങളുടെ പ്രവൃത്തിയിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുമെന്നോ തങ്ങളെ വിമർശിക്കുമെന്നോ ശിക്ഷിക്കുമെന്നോ അവർ ഭയപ്പെടുന്നു.”—സദ്സ്വഭാവിയായ ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരൽ (ഇംഗ്ലീഷ്), മൈക്കിൾ ഷൂൽമനും ഇവ മെക്ലറും എഴുതിയത്
[6-ാം പേജിലെ ചതുരം]
ഒറ്റയ്ക്കുള്ള മാതാപിതാക്കൾ—സ്വതന്ത്രരായി വിടുന്നതിന്റെ വെല്ലുവിളി
റിബേക്കാ എന്നു പേരുള്ള ഏകാകിനിയായ ഒരു മാതാവു പറയുന്നു: “കുട്ടികളെ സ്വതന്ത്രരായി വിടാൻ ഒറ്റയ്ക്കുള്ള മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്. നാം ജാഗ്രതയുള്ളവരല്ലെങ്കിൽ അമിതസംരക്ഷണം നൽകി നാം അവരുടെ വളർച്ച മുരടിപ്പിച്ചേക്കാം.” കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം 106-7 പേജുകളിൽ ഈ സഹായകരമായ പ്രസ്താവനകൾ നടത്തുന്നു:
“തങ്ങളുടെ കുട്ടികളോട് അടുത്ത ബന്ധമുണ്ടായിരിക്കുന്നത് ഒറ്റയ്ക്കുള്ള മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. എങ്കിലും മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിലെ ദൈവനിയമിത അതിരുകൾ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ഒരു കുടുംബനാഥന്റെ ഉത്തരവാദിത്വങ്ങൾ മകൻ ഏറ്റെടുക്കണമെന്ന് ഒറ്റയ്ക്കുള്ള ഒരു മാതാവു പ്രതീക്ഷിക്കുന്നെങ്കിൽ, അല്ലെങ്കിൽ മകളെ ഉറ്റമിത്രമായി കണ്ട് അവളെ തന്റെ സ്വകാര്യ പ്രശ്നങ്ങൾകൊണ്ട് ഭാരപ്പെടുത്തുന്നെങ്കിൽ, ഗുരുതരമായ വിഷമതകൾ പൊന്തിവരാം. അങ്ങനെ ചെയ്യുന്നത് അനുചിതവും സമ്മർദപൂരിതവും ഒരുപക്ഷേ കുട്ടിയെ കുഴപ്പിക്കുന്നതും ആയിരുന്നേക്കാം. “മാതാവോ പിതാവോ എന്നനിലയിൽ, നിങ്ങൾ കുട്ടികൾക്കുവേണ്ടി കരുതുമെന്ന് അവർക്ക് ഉറപ്പുനൽകുക, അല്ലാതെ മറിച്ചായിരിക്കരുത്. (2 കൊരിന്ത്യർ 12:14 താരതമ്യം ചെയ്യുക.) ചിലപ്പോഴെല്ലാം, ചില ഉപദേശമോ പിന്തുണയോ നിങ്ങൾക്ക് ആവശ്യമായിവന്നേക്കാം. അതു പ്രായപൂർത്തിയെത്താത്ത നിങ്ങളുടെ കുട്ടികളിൽനിന്നല്ല, ക്രിസ്തീയ മൂപ്പന്മാരിൽനിന്നോ ഒരുപക്ഷേ പക്വതയുള്ള ക്രിസ്തീയ സ്ത്രീകളിൽനിന്നോ തേടുക.—തീത്തൊസ് 2:3.” ഒറ്റയ്ക്കുള്ള മാതാപിതാക്കൾ ഉചിതമായ അതിരുകൾ വെക്കുകയും തങ്ങളുടെ കുട്ടികളുമായി ആരോഗ്യാവഹമായ ഒരു ബന്ധം നിലനിർത്തുകയും ചെയ്യുമ്പോൾ കുട്ടികളെ സ്വതന്ത്രരായി വിടുന്നത് സാധാരണഗതിയിൽ അവരെ സംബന്ധിച്ചിടത്തോളം എളുപ്പമാണ്.
വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[7-ാം പേജിലെ ചിത്രങ്ങൾ]
പ്രായോഗിക പരിശീലനം കൂടുതൽ ഉത്തരവാദിത്വബോധമുള്ള മുതിർന്നവരായിത്തീരാൻ കുട്ടികളെ സഹായിക്കുന്നു
[8-ാം പേജിലെ ചിത്രം]
പ്രായപൂർത്തിയാകുമ്പോൾ ജീവിതത്തെ നേരിടുന്നതിനാവശ്യമായ ജ്ഞാനം കുടുംബ ബൈബിളധ്യയനം കുട്ടികൾക്കു നൽകുന്നു