ഇക്വഡോർ ഭൂമധ്യരേഖയ്ക്ക് കുറുകെ കിടക്കുന്ന ഒരു രാജ്യം
യൂറോപ്പിൽനിന്നുള്ള സന്ദർശകരെന്നനിലയിൽ, ഇക്വഡോറിനെ സംബന്ധിച്ച് എന്റെയും ഭാര്യയുടെയും ശ്രദ്ധയിൽപ്പെട്ട ആദ്യത്തെ സംഗതി ഭൂമധ്യരേഖ ആയിരുന്നു. അതൊരു അദൃശ്യ രേഖയാണെങ്കിലും ഇക്വഡോറിന്റെ മേലുള്ള അതിന്റെ സ്വാധീനം ദൃശ്യമാണ്.
ഇക്വഡോർ എന്ന പേര് “ഭൂമധ്യരേഖ” (Equator) എന്നതിന്റെ സ്പാനിഷ് പദമാണ്. ഇക്വഡോറിന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഭൂമധ്യരേഖയാണെന്ന് ചിലർ വിചാരിച്ചേക്കാം. എന്നാൽ ഉഷ്ണകാലാവസ്ഥയ്ക്കോ ശൈത്യകാലാവസ്ഥയ്ക്കോ കാരണം പ്രധാനമായും ഭൂമിശാസ്ത്രപരമായ അതിന്റെ സ്ഥാനമല്ല, മറിച്ച് സമുദ്രനിരപ്പിൽനിന്നുള്ള ഉയരമാണെന്ന് അവിടെയെത്തി താമസിയാതെ ഞങ്ങൾ മനസ്സിലാക്കി. വർഷം മുഴുവൻ സൂര്യൻ ഈ അക്ഷാംശങ്ങളിൽ തലയ്ക്കു നേരെ മുകളിലെന്നവണ്ണം കത്തിനിൽക്കുന്നെങ്കിലും ഏതു രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നത് സമുദ്രനിരപ്പിൽനിന്നുള്ള ഉയരത്തെ ആശ്രയിച്ചിരിക്കുന്നു.
ഇക്വഡോർ ഭൂമധ്യരേഖയുമായി അടുത്ത ബന്ധം പുലർത്തുന്നുവെങ്കിലും അതിന്റെ ഭൂപ്രകൃതിക്കു നിദാനം ആൻഡീസാണ്. രാജ്യത്തിലൂടെ ഒരു നട്ടെല്ലുപോലെ കടന്നുപോകുന്ന, തലയെടുപ്പോടെ നിലകൊള്ളുന്ന ഈ പർവതങ്ങൾ മനോഹരമായ അസംഖ്യം പ്രകൃതിദൃശ്യങ്ങൾ രചിക്കുന്നു.
വർണങ്ങളുടെ മേളക്കൊഴുപ്പ്
ഇക്വഡോറിനെ സംബന്ധിച്ച് ഞങ്ങളിൽ മതിപ്പുളവാക്കിയ രണ്ടാമത്തെ ഘടകം അവിടെ ദർശിച്ച വർണക്കൊഴുപ്പായിരുന്നു. അവിടെ എത്തിച്ചേർന്ന് അധികം ദിവസമാകുന്നതിനുമുമ്പ് ഒരു സുപ്രഭാതത്തിൽ ഞങ്ങൾ വൻമരങ്ങൾ തീർത്ത തണലിൽ ഇരിക്കുകയായിരുന്നു. മഞ്ഞക്കിളികളുടെ, ഓടക്കുഴൽനാദംപോലുള്ള സംഗീതധാരയും വയൽക്കുരുവികളുടെ കലമ്പലും ധിക്കാരികളായ ആൻറ്പിറ്റാകളുടെ പരുക്കൻ സ്വരമേളങ്ങളുമൊക്കെയാണു ഞങ്ങളെ വരവേറ്റത്. പക്ഷേ, അവയുടെ സ്വരമാധുരിയെക്കാൾ ഞങ്ങളെ ആകർഷിച്ചത് നിറങ്ങളായിരുന്നു.
അരുണവർണത്തിലുള്ള ഒരു പ്രാണിപിടിയൻ പക്ഷി കൂട്ടിൽനിന്നു ശരവേഗത്തിൽ പറന്നുവന്ന് ഒരു കൊതുകിനെ കൊക്കിലാക്കി. കടുംപച്ച നിറത്തിലുള്ള ഒരു കൂട്ടം തത്തകൾ, മുകളിൽ വട്ടമിട്ടു പറന്നിരുന്ന ഒരു ടർക്കിക്കഴുകനെ കലമ്പൽ കൂട്ടി വിരട്ടിയോടിക്കാൻ ശ്രമിക്കുകയായിരുന്നു. വെട്ടിത്തിളങ്ങുന്ന മഞ്ഞയും കറുപ്പും വർണങ്ങളിലുള്ള കിളികളും തിളങ്ങുന്ന നീല നിറത്തിലുള്ള മോർഫോ ചിത്രശലഭങ്ങളും ഈ അവിസ്മരണീയ ദൃശ്യത്തിനു നിറം പകർന്നു.
ആ രാജ്യത്തിലൂടെ യാത്ര ചെയ്യവേ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും കടുംവർണങ്ങൾ ഇക്വഡോറിലെ തുണിത്തരങ്ങളിലും കരകൗശലവസ്തുക്കളിലും പകർത്തിയിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. ഉദാഹരണത്തിന്, കൻയാർ ഇന്ത്യൻ സ്ത്രീകളുടെ പാവാടയുടെ രക്താംബരവർണത്തിന്, പ്രാണിപിടിയൻ പക്ഷിയുടെ അരുണവർണത്തോടു സാമ്യമുണ്ടായിരുന്നു. ഓറ്റവാലോ ഇന്ത്യക്കാരുടെ കടുംനിറത്തിലുള്ള തൊങ്ങലാടകളിൽ ഇക്വഡോറിലെ നിറങ്ങളെല്ലാം സമന്വയിക്കപ്പെട്ടിരിക്കുന്നതായി തോന്നി.
വൈവിധ്യമാർന്ന കാലാവസ്ഥ
ഇക്വഡോറിൽ വൈവിധ്യമാർന്ന കാലാവസ്ഥ സൃഷ്ടിക്കുന്നതിൽ ഭൂമധ്യരേഖയ്ക്കും ആൻഡീസിനും ഒരുപോലെ പങ്കുണ്ട്. ഏതാനും കിലോമീറ്ററുകൾക്കുള്ളിൽത്തന്നെ—ഒരു ചുട്ടിക്കഴുകൻ പറക്കുന്ന ദൂരം നേരെ അളന്നാലുള്ളത്രയും—കാലാവസ്ഥ, ആമസോണിലെ ഈർപ്പമുള്ള ഉഷ്ണമേഖലാ ചൂടിൽനിന്ന് കൊടുമുടികളിലെ മഞ്ഞുറഞ്ഞ കാലാവസ്ഥയിലേക്കു മാറിയേക്കാം.
ഒരു ദിവസം ഞങ്ങൾ ആമസോൺ നദീതടത്തിനരികിലുള്ള ചെറുകുന്നുകളിൽനിന്ന് ക്വിറ്റോയ്ക്കു ചുറ്റുമുള്ള ഉയർന്ന ഗിരിനിരകളിലേക്കു പോകുകയുണ്ടായി. ഞങ്ങളുടെ കാർ മുകളിലേക്കു കയറവേ ഉഷ്ണമേഖലാ വനം സാവധാനം മേഘവനത്തിനു വഴിമാറിക്കൊടുത്തു. ഒടുവിൽ, കാടുപിടിച്ചു കിടക്കുന്ന പാഴ്നിലങ്ങൾ അഥവാ പാരാമോ കാണായ്വന്നു. പ്രകൃതിദൃശ്യങ്ങളുടെ നാടകീയമായ ഈ മാറ്റങ്ങൾ, ഏതാനും മണിക്കൂറുകൾകൊണ്ട് ഞങ്ങൾ ആഫ്രിക്കൻ ഭൂമധ്യരേഖാപ്രദേശങ്ങളിൽനിന്ന് സ്കോട്ട്ലൻറിന്റെ മലമ്പ്രദേശങ്ങൾവരെ യാത്ര ചെയ്ത പ്രതീതിയുളവാക്കി.
ഇക്വഡോറിലെ പല പട്ടണങ്ങൾക്കും നഗരങ്ങൾക്കും പർവതങ്ങൾ മതിൽക്കെട്ടു തീർത്തിരിക്കുന്നു. വർഷംമുഴുവൻ അവിടങ്ങളിൽ വസന്തസമാനമായ ഒരു കാലാവസ്ഥയാണുള്ളതെന്നു പറയപ്പെടുന്നു. എങ്കിലും, ആൻഡീസിനു മുകളിലുള്ള പട്ടണങ്ങളിൽ നാലു ഋതുക്കളിൽ ഏതെങ്കിലും എപ്പോൾ വേണമെങ്കിലും കടന്നുവന്നേക്കാം. ചിലപ്പോൾ ഒരേ ദിവസംതന്നെ നാലെണ്ണംപോലും! പരിചയസമ്പന്നനായ ഒരു യാത്രക്കാരൻ പറയുന്നപ്രകാരം, “ഇക്വഡോറിന്റെ കാലാവസ്ഥയെക്കുറിച്ച് ഏറ്റവും നന്നായി പ്രവചിക്കാനാകുന്ന ഒരു കാര്യം അത് പ്രവചനാതീതമാണെന്നതാണ്.”
മൂളിപ്പക്ഷികളും ചുട്ടിക്കഴുകന്മാരും
വിവിധ കാലാവസ്ഥകൾ മൂലം അവിടം ജീവജാലങ്ങളാൽ സമ്പുഷ്ടമാണ്. ഇക്വഡോറിൽ 1,500-ലധികം ഇനം പക്ഷികളുണ്ട്. അത് മൊത്തം ഐക്യനാടുകളിലും കാനഡയിലും ഉള്ളതിന്റെ ഇരട്ടിയാണ്, അതായത് ലോകത്തിലെ അറിയപ്പെടുന്ന ഇനങ്ങളുടെ ആറിൽ ഒരു ഭാഗം. ഇവ കാണപ്പെടുന്നതോ, ഇറ്റലിയെക്കാൾ ചെറിയ ഒരു രാജ്യത്തും.
കൊച്ചു മൂളിപ്പക്ഷികളെയായിരുന്നു ഞങ്ങൾക്കു വിശേഷിച്ചും പ്രിയം—ഇക്വഡോറിൽ അവയുടെ ഏതാണ്ട് 120 ഇനങ്ങളുണ്ട്. ഞങ്ങൾ ആദ്യം അവയെ കണ്ടത് നഗരത്തിലെ ഉദ്യാനങ്ങളിലാണ്. പുലർകാലത്ത് അവ തിരക്കിട്ട് പൂച്ചെടികൾതോറും സന്ദർശനം നടത്തുകയായിരുന്നു. ആമസോൺ മഴവനങ്ങളിലും ആൻഡീസിനു മുകളിലെ കാറ്റോട്ടമുള്ള ചെരിവുകളിലും അവയെ കാണാം.
ബാൻയൊസ് പട്ടണത്തിൽവെച്ച്, ചെമ്പരത്തിപ്പൂക്കളിൽനിന്ന് തേനുണ്ണുകയായിരുന്ന, മിന്നുന്ന വയലറ്റ് ഇയർ എന്നു പേരുള്ള ഒരു മൂളിപ്പക്ഷിയെ ഞങ്ങൾ ഒരു മണിക്കൂറോളം നോക്കിനിന്നു. മടുക്കാതെ പൂക്കൾതോറും പറന്നുചെന്ന് അത് പൂന്തേൻ നുകരവേ ഒരു എതിരാളി അലസമായി അവിടേക്കു പറന്നുവന്നു. ഒരു കരിവാലൻ പക്ഷി. അതിന്റെ നീണ്ട, കറുത്ത വാൽ കാരണമാണ് അതിന് ആ പേരു വന്നത്. എതിരാളികളെ വിരട്ടിയോടിച്ചുകൊണ്ട് തന്റെ പ്രദേശത്തിനു മീതെ ഹൂങ്കാരശബ്ദത്തോടെ വട്ടമിട്ടു പറക്കുന്നതു കണ്ടാൽ അതൊരു കറുത്ത വാൽനക്ഷത്രമാണെന്നേ തോന്നൂ. വായുവിൽ തത്തിപ്പറക്കുന്നതിനു പകരം ഈ മൂളിപ്പക്ഷി ചെടിയുടെ തണ്ടിലിരുന്ന് പൂക്കളുടെ പിൻഭാഗം തുളച്ച് തേൻ കുടിച്ചു.
ഇക്വഡോറിലുള്ള എല്ലാ പക്ഷികളും ചെറുതല്ല. ഇരപിടിയൻ പക്ഷികളിൽവെച്ച് ഏറ്റവും വലിയ, ഗംഭീരനായ ചുട്ടിക്കഴുകൻ, ഏതാനും എണ്ണം മാത്രം അടങ്ങുന്ന കൂട്ടങ്ങളായി ആൻഡീസിനു മുകളിൽ വട്ടമിട്ടു പറക്കാറുണ്ട്. ഗിരിശൃംഗങ്ങൾക്കുമീതെ അവയ്ക്കായി മിക്കപ്പോഴും ഞങ്ങളുടെ കണ്ണുകൾ പരതിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. ആമസോൺ പ്രദേശത്ത്, ലോകത്തിലെ ഇരപിടിയൻ പക്ഷികളിൽ ഏറ്റവും ശക്തനായ ഹാർപ്പി കഴുകനെയും കണ്ടെത്താൻ പ്രയാസമാണ്. ദിവസത്തിന്റെ ഏറിയ പങ്കും അത് ശാന്തമായ മഴവനത്തിലെ ഏതെങ്കിലുമൊരു കൂറ്റൻ വൃക്ഷത്തിന്റെ ചില്ലയിൽ മറഞ്ഞിരിക്കുകയാവും, ഒരു കുട്ടിത്തേവാങ്കിന്റെയോ കുരങ്ങിന്റെയോ മേൽ അപ്രതീക്ഷിതമായി ചാടിവീഴാൻ തക്കംപാർത്തുകൊണ്ട്.
ഔഷധ സസ്യങ്ങൾ
ഇക്വഡോറിൽ കാണപ്പെടുന്ന പല ചെടികളും ഔഷധച്ചെടികളോ അലങ്കാരച്ചെടികളോ ആണ്. ഈ രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള പോഡോകാർപ്പുസ് ദേശീയ പാർക്ക് സന്ദർശിച്ചപ്പോൾ ചുവന്ന ചെറുപഴങ്ങളുള്ള ഒരു കൊച്ചു വൃക്ഷം വഴികാട്ടി ഞങ്ങൾക്കു കാണിച്ചുതന്നു. “ഇത് ഒരു കാസ്കറില്ല വൃക്ഷമാണ്,” അദ്ദേഹം വിവരിച്ചു. “നൂറ്റാണ്ടുകളായി ഇതിന്റെ തോലിൽനിന്ന് ക്വിനൈൻ ശേഖരിച്ചുവരുന്നു.” ഇരുന്നൂറു വർഷംമുമ്പ് അടുത്തുള്ള ലോഹാ എന്ന പ്രദേശത്ത് മലമ്പനി പിടിപെട്ട് മരിക്കാറായ, കുലീനയായ ഒരു സ്പെയിൻകാരിയുടെ ജീവൻ രക്ഷിച്ചത് ക്വിനൈൻ ആണത്രേ. ദീർഘകാലമായി ഇങ്കകളുടെ ഇടയിൽ അറിയപ്പെട്ടിരുന്ന ആ വൃക്ഷത്തിന്റെ കീർത്തി അതോടെ ലോകമെമ്പാടും പരന്നു. ഒറ്റനോട്ടത്തിൽ കാസ്കറില്ല വൃക്ഷത്തിന് അത്ര പ്രാധാന്യമൊന്നും തോന്നിക്കുകയില്ലെങ്കിലും അതിന്റെ തോലിൽനിന്നെടുക്കുന്ന ഔഷധം പലരുടെയും ജീവൻ രക്ഷിച്ചിട്ടുണ്ട്.
ഈ വൃക്ഷം തഴച്ചുവളരുന്ന മേഘവനത്തിൽ മറ്റനവധി പുരാതന വൃക്ഷങ്ങളുമുണ്ട്. അവയുടെ വളഞ്ഞുകുത്തി നിൽക്കുന്ന ചില്ലകൾ അവയിന്മേൽ പടർന്നുകയറിയിരിക്കുന്ന മുള്ളുകളുള്ള ബ്രോമിലിയാഡുകൾകൊണ്ട് അലങ്കൃതമാണ്. ചിലതിന് കടുംചെമപ്പുനിറത്തിലുള്ള പൂക്കൾപോലുമുണ്ടായിരുന്നു. ഈ കൊടുങ്കാടുകളിൽ പുള്ളിക്കരടി, അമേരിക്കൻ പുള്ളിപ്പുലി, ചെമ്പുലി തുടങ്ങിയവയും സസ്യശാസ്ത്രജ്ഞന്മാർ പട്ടികപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അസംഖ്യം സസ്യയിനങ്ങളും ഉണ്ട്.
ശാസ്ത്രജ്ഞന്മാർ ഇക്വഡോറിൽ കാണപ്പെടുന്ന ഒരു കൊച്ചു തവളയെക്കുറിച്ചു പഠിക്കുകയാണ്, കൂടുതൽ മെച്ചപ്പെട്ട വേദനാസംഹാരികൾ കണ്ടെത്താമെന്ന പ്രതീക്ഷയോടെ. മോർഫിനെക്കാൾ 200 മടങ്ങ് ശക്തിയേറിയ മരവിപ്പിക്കുന്ന ഒരുതരം വസ്തു ഈ വിഷത്തവള സ്രവിക്കുന്നതായി പറയപ്പെടുന്നു.
ആൻഡീസിനു മുകളിൽ, ഞങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരം ചെടികൾ കണ്ടു. മൂളിപ്പക്ഷികളെ ആകർഷിക്കുന്ന പുയാ എന്ന ഒരുതരം ബ്രോമിലിയാഡ്, പണ്ടുകാലത്തെ ഒരു കൂറ്റൻ ചൂലിനെ അനുസ്മരിപ്പിച്ചു. ആരെങ്കിലും വന്നെടുത്ത് ചുറ്റുവട്ടമെല്ലാം തൂത്തുവാരാൻ അതു കാത്തുകിടക്കുന്നതുപോലെ തോന്നിച്ചു. ശൂന്യമായിക്കിടക്കുന്ന പാരാമോയുടെ, നിഴൽവീണ നിമ്നപ്രദേശങ്ങളിൽ ക്വിനോവ വളരുന്ന കുറ്റിക്കാടുകളുണ്ട്. ഹിമാലയൻ പൈനുകൾ വളരുന്നത്ര ഉയരമുള്ള പ്രദേശങ്ങളിലാണ് ഈ വൃക്ഷങ്ങളും വളരുന്നത്. രണ്ടോ മൂന്നോ മീറ്റർ മാത്രം ഉയരം വെക്കുന്ന ഈ കുറ്റിച്ചെടികൾ നിബിഡമായ കാട്ടുപൊന്തകൾക്കു രൂപംനൽകിയിരിക്കുന്നു. പക്ഷിമൃഗാദികൾക്ക് അഭയകേന്ദ്രങ്ങളാണിവ.
എന്നാൽ ആമസോൺ മഴക്കാടുകളിലെ വൃക്ഷങ്ങൾ പൊക്കമുള്ളതും തഴച്ചുവളരുന്നവയുമാണ്. ഹാറ്റൂൻ സാഷാ ബയോളജിക്കൽ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ ഒരു കൂറ്റൻ വൃക്ഷത്തിന്റെ കീഴിൽ ഞങ്ങൾ നിന്നു. അതിന് മുപ്പതിലേറെ മീറ്റർ ഉയരമുണ്ടായിരുന്നു. അതിന്റെ കൂറ്റൻ താങ്ങുവേരുകൾക്കിടയിലുണ്ടായ ചെറിയ ഒരു അനക്കം ഞങ്ങളെ പരിഭ്രാന്തരാക്കി. വേരുകൾക്കിടയിലെ പോതുകളിൽ കൊച്ചു വാവലുകളുടെ ഒരു കുടുംബം വസിക്കുന്നുണ്ടെന്ന കാര്യം അപ്പോഴാണ് ഞങ്ങൾക്കു മനസ്സിലായത്. വനം ഇത്തരത്തിലുള്ള നിരവധി സഹജീവന ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ആ കാഴ്ച ഞങ്ങളെ അനുസ്മരിപ്പിച്ചു. മഴക്കാടുകളിലെ പ്രധാന വിത്തു വിതരണക്കാരും പരാഗികളുമായ വാവലുകൾ തങ്ങൾക്ക് അഭയമരുളുന്ന വൃക്ഷങ്ങളുടെ ചങ്ങാതിമാരാണ്.
ഗിരിനിരയിലെ വിപണികൾ
ഇക്വഡോറിലെ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനം ഇന്ത്യൻ വംശജരാണ്. വിവിധ വംശീയ കൂട്ടങ്ങൾ മിക്ക ആൻഡിയൻ താഴ്വരകളുടെയും ഒരു സവിശേഷതയാണ്. ഓരോന്നിനും തനതായ വേഷവിധാനങ്ങളുമുണ്ട്. ഇന്ത്യൻ സ്ത്രീകൾ മലഞ്ചെരിവുകളിലെ കുത്തനെയുള്ള പാതകൾ കയറിപ്പോകുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. നടക്കുന്നതിനിടെ അവർ ആട്ടിൻരോമംകൊണ്ടുള്ള കമ്പിളി വസ്ത്രങ്ങൾ നെയ്യുന്നുണ്ടാകും. അവർക്ക് കൃഷി ചെയ്യാൻ സാധിക്കാത്തത്ര കുത്തനെയുള്ള ചെരിവുകളൊന്നും ഇല്ലെന്നപോലെ തോന്നിച്ചു. 45 ഡിഗ്രി ചെരിവുള്ള ഒരു പ്രദേശത്ത് ഒരു ചോളപ്പാടം ഞങ്ങൾ കണ്ടു!
ഒട്ടാവാലോയിലേതുപോലുള്ള, ഇക്വഡോറിലെ വിപണികൾ പ്രശസ്തമായിത്തീർന്നിരിക്കുന്നു. തദ്ദേശവാസികൾക്ക് കന്നുകാലികളെകൂടാതെ കാർഷികോത്പന്നങ്ങളും പരമ്പരാഗത രീതിയിൽ നെയ്തെടുത്ത വസ്തുക്കളും കരകൗശല വസ്തുക്കളും വാങ്ങാനോ വിൽക്കാനോ കഴിയുന്ന കേന്ദ്രങ്ങളാണിവ. തദ്ദേശവാസികൾ ചന്തയിൽ പോകുന്നത് പരമ്പരാഗത വേഷവിധാനങ്ങളോടെയായതിനാൽ അത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചയാണ്. ആളുകളോട് ബൈബിൾ സന്ദേശം പങ്കുവെക്കാനായി യഹോവയുടെ സാക്ഷികളും ഈ ചന്തദിവസങ്ങൾ പ്രയോജനപ്പെടുത്തുന്നു.
നെയ്ത്തുവസ്ത്രങ്ങൾ ആകർഷകമായിരിക്കുന്നതിന്റെ കാരണം അതിന്റെ പഴമയും പരമ്പരാഗത വർണങ്ങളുടെയും അലങ്കാരവസ്തുക്കളുടെയും നിർലോഭമായ ഉപയോഗവുമാണ്. സ്പെയിൻകാർ വന്നെത്തുന്നതിനുമുമ്പും ആൻഡീസിലുള്ളവർ തങ്ങളുടെ പ്രശസ്തമായ പോഞ്ചോകൾ നെയ്തിരുന്നു. അവരുടെ വിദ്യകൾ ആധുനികവത്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കഠിനാധ്വാനികളായ ഈ ഇന്ത്യക്കാർ ഇപ്പോഴും കട്ടികൂടിയതും കുറഞ്ഞതുമായ തുണിത്തരങ്ങൾ ഭംഗിയായി നെയ്തെടുക്കുന്നു.
മൂടൽമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഗിരിനിരകൾ
യാത്രാചൊരുക്കുള്ളവർക്ക് ആൻഡീസിലൂടെ വണ്ടിയോടിക്കുക ബുദ്ധിമുട്ടായിരിക്കും. മലഞ്ചെരിവുകളിലെ റോഡുകൾ വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ള കയറ്റിറക്കങ്ങളോടുകൂടിയതുമാണ്. യാത്രയിലുടനീളം സാഹസികനായ യാത്രികന്റെ മുന്നിൽ ഭയഗംഭീര ദൃശ്യങ്ങൾ മിന്നിമറയുന്നു.
ആൻഡീസിലേക്കുള്ള ഞങ്ങളുടെ ആദ്യത്തെ യാത്രാവേളയിൽ മൂടൽമഞ്ഞ് ഞങ്ങളുടെ കാറിനെ പൊതിഞ്ഞു. യാത്രയിലുടനീളം അത് ഞങ്ങളെ വിടാതെ പിന്തുടർന്നിരുന്നു. ചിലപ്പോൾ ഞങ്ങൾ മൂടൽമഞ്ഞിൽനിന്നു പുറത്തുവരുമ്പോൾ നീണ്ടുപരന്നു കിടക്കുന്ന മഞ്ഞണിഞ്ഞ താഴ്വാരങ്ങൾ കാണാമായിരുന്നു. ആൻഡിയൻ ഗിരിനിരയിലൂടെയുള്ള യാത്രയിൽ മൂടൽമഞ്ഞ് ഞങ്ങളെ കളിപ്പിക്കുന്നതായി തോന്നി. ഒരു ഗ്രാമം മൂടൽമഞ്ഞിന്റെ മുഖാവരണമണിഞ്ഞു നിൽക്കുകയായിരിക്കും. അൽപ്പനേരം കഴിഞ്ഞ് അടുത്ത ഗ്രാമത്തിലെത്തുമ്പോൾ അത് സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുകയായിരിക്കും.
മൂടൽമഞ്ഞ് ചിലപ്പോൾ ചുഴിപോലെ താഴെനിന്നു പൊങ്ങിവരും; മറ്റുചിലപ്പോൾ അത് മലമുകളിൽനിന്ന് ഉരുണ്ടുരുണ്ട് താഴോട്ടുവരും. മനോഹരമായ ഒരു ദൃശ്യം മറയ്ക്കപ്പെടുമ്പോൾ അൽപ്പം ദേഷ്യം തോന്നുമെങ്കിലും തലയെടുപ്പോടെ നിൽക്കുന്ന കൊടുമുടികൾക്ക് മൂടൽമഞ്ഞ് പ്രൗഢിയും നിഗൂഢതയും കൈവരുത്തുന്നു. അതിലുപരി, അത് മേഘവനത്തിനു ജീവൻ നൽകുന്നു. കാരണം മേഘവനത്തിന് വിലപ്പെട്ട ഈർപ്പം ലഭിക്കുന്നതു മൂടൽമഞ്ഞിൽനിന്നാണ്.
ഇക്വഡോറിൽ ഞങ്ങൾ ചെലവഴിച്ച അവസാന ദിവസം രാവിലെ മൂടൽമഞ്ഞില്ലായിരുന്നു. മഞ്ഞിൻ മേലാപ്പണിഞ്ഞു നിൽക്കുന്ന, ഒത്ത കോണാകൃതിയുള്ള കോട്ടോപാക്സിയെ ഞങ്ങൾ മണിക്കൂറുകളോളം നോക്കിനിന്നു. ലോകത്തിൽവെച്ച് ഏറ്റവും ഉയരം കൂടിയ ഈ സജീവ അഗ്നിപർവതത്തെ ഒരു ദേശീയ പാർക്കിന്റെ കേന്ദ്രസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. കൊടുമുടിയോടടുത്തപ്പോൾ അതിന്റെ മുകളിലുള്ള ചെരിവുകളിലൊന്നിൽനിന്ന് ഒരു വലിയ ഹിമാനി സാവധാനം താഴോട്ടൊഴുകി വരുന്നതു കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. ഏതാണ്ട് 6,000 മീറ്റർ ഉയരത്തിൽ അത് ശക്തനായ ഭൂമധ്യരേഖാസൂര്യനെ ചെറുത്തു തോൽപ്പിക്കുന്നു.
അടുത്ത ദിവസം, ക്വിറ്റോയിൽനിന്നു വിമാനത്തിൽ നാട്ടിലേക്കു തിരിക്കവേ ഞങ്ങൾ ഇക്വഡോറിനെ അവസാനമായി ഒരുനോക്കു കണ്ടു. ഹിമാവൃതമായ മറ്റൊരു അഗ്നിപർവതമായ കായാമ്പെ മൂടൽമഞ്ഞിനിടയിൽ തലയുയർത്തി നിന്നിരുന്നു. ഉഷസ്സിന്റെ കിരണങ്ങൾ കവർന്നെടുത്ത് അത് സ്വർണംപോലെ വെട്ടിത്തിളങ്ങി. ഈ അഗ്നിപർവതത്തിന്റെ കൊടുമുടികൾ ഏതാണ്ട് കൃത്യമായും ഭൂമധ്യരേഖാപ്രദേശത്തുതന്നെയാണു സ്ഥിതിചെയ്യുന്നത്. ഞങ്ങൾ സന്ദർശിച്ച ഈ മനോഹരദേശത്ത് യാത്രാമൊഴിയുടെ അനുയോജ്യ പ്രതീകമായി അത് കാണപ്പെട്ടു. കായാമ്പെയെപോലെതന്നെ ഇക്വഡോറും ഭൂമധ്യരേഖയ്ക്കു കുറുകെ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.—സംഭാവന ചെയ്യപ്പെട്ടത്.
[25-ാം പേജിലെ ചിത്രങ്ങൾ]
പ്രകൃതിമനോഹരമായ ആൻഡീസ് പ്രദേശം, പശ്ചാത്തലത്തിൽ കോട്ടോപാക്സി അഗ്നിപർവതം
ഒരു ഇന്ത്യൻ പൂക്കാരി
[26-ാം പേജിലെ ചിത്രങ്ങൾ]
1. കാട്ടുവാഴ
2. ടൂക്കാൻ ബാർബെറ്റ്
[കടപ്പാട്]
Foto: Zoo de Baños