മഴവനങ്ങളെ നശിപ്പിക്കൽ
പണ്ടുപണ്ട് നമ്മുടെ ഗ്രഹത്തിന് മരതകപ്പച്ചനിറത്തിലുള്ള ഒരു അരപ്പട്ടയുണ്ടായിരുന്നു. എല്ലാത്തരം വൃക്ഷങ്ങളുംകൊണ്ടാണ് അതിന്റെ ഊടും പാവും നെയ്തിരുന്നത്. വിശാലമായ നദികൾ അതിനു തൊങ്ങൽ ചാർത്തിയിരുന്നു.
പ്രകൃതിയിലെ ഒരു കൂറ്റൻ ഹരിതഗൃഹംപോലെ തോന്നിച്ചിരുന്ന അത് വശ്യസുന്ദരമായ, വൈവിധ്യമാർന്ന ഒരു മേഖലയായിരുന്നു. ലോകത്തിലെ മൃഗ-സസ്യ-പ്രാണി വർഗങ്ങളിൽ പകുതിയും വസിച്ചിരുന്നത് അവിടെയാണ്. ഭൂമിയിൽവെച്ച് ഏറ്റവും സമ്പുഷ്ടമായ പ്രദേശമായിരുന്നെങ്കിലും അത് ലോലമായിരുന്നു—ആരും സങ്കൽപ്പിച്ചിട്ടില്ലാത്തവിധം അത്ര ലോലം.
നാം ഇന്ന് ഉഷ്ണമേഖലാ മഴവനം എന്നു വിളിക്കുന്ന അത് വിശാലവും നശിപ്പിക്കാനാകാത്തതുമായ ഒന്നായി കാണപ്പെട്ടു. എന്നാൽ വാസ്തവം അതായിരുന്നില്ല. മഴവനം ആദ്യം കരീബിയൻ ദ്വീപുകളിൽനിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങി. 1671-ൽ—ഡോഡോ പക്ഷി നാമാവശേഷമാകുന്നതിനു പത്തു വർഷം മുമ്പ്a—കരിമ്പിൻ തോട്ടങ്ങൾ ബാർബഡോസിലെ വനം കയ്യടക്കി. ആ പ്രദേശത്തെ മറ്റു ദ്വീപുകളിലും സമാനമായ അനുഭവമുണ്ടായി. 20-ാം നൂറ്റാണ്ടിൽ അലയടിച്ചുയർന്നിരിക്കുന്ന ഒരു ആഗോള തരംഗത്തിന്റെ മുന്നോടിയായിരുന്നു അത്.
ഇന്ന് ഭൂതലത്തിന്റെ ഏതാണ്ട് 5 ശതമാനം മാത്രമേ ഉഷ്ണമേഖലാ മഴവനങ്ങളുള്ളൂ. ഒരു നൂറ്റാണ്ടു മുമ്പ് അത് 12 ശതമാനമായിരുന്നു. ഓരോ വർഷവും ഇംഗ്ലണ്ടിനെക്കാൾ വലുപ്പമുള്ള, അഥവാ 1,30,000 ചതുരശ്ര കിലോമീറ്റർ വനം വെട്ടിത്തെളിക്കുകയോ തീയിടുകയോ ചെയ്യുന്നു. ഞെട്ടിക്കുന്ന ഈ നശീകരണ തോത് കാണിക്കുന്നത് മഴവനത്തിനും അതിലെ നിവാസികൾക്കും ഡോഡോയുടെ അതേ ഗതിതന്നെ വരുമെന്നാണ്. “മഴവനം ഇന്ന വർഷത്തോടെ അപ്രത്യക്ഷമാകുമെന്നു പറയാനാകില്ലെങ്കിലും കാര്യങ്ങൾക്കു മാറ്റം വരാത്തപക്ഷം വനം അപ്രത്യക്ഷമാകുകതന്നെ ചെയ്യും” എന്ന് ബ്രസീലിലെ ഒരു മഴവന ഗവേഷകനായ ഫിലിപ്പ് ഫേർൺസൈഡ് മുന്നറിയിപ്പു നൽകുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡയാന ജീൻ സ്കീമോ ഇങ്ങനെ റിപ്പോർട്ടു ചെയ്യുകയുണ്ടായി: “ബ്രസീലിൽ ഈ വർഷം തുടർന്നുകൊണ്ടിരിക്കുന്ന കാടുവെട്ടി തീയിടൽ പ്രക്രിയ ഇന്തൊനീഷ്യയിലുണ്ടായ സംഭവത്തെക്കാൾ വലുതാണെന്ന് ഇക്കഴിഞ്ഞ ആഴ്ചകളിലായി ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇന്തൊനീഷ്യയിൽ പ്രമുഖ നഗരങ്ങളെ വലയം ചെയ്ത പുകപടലം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. ഉപഗ്രഹ ചിത്രങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് ആമസോൺ പ്രദേശത്ത് കാടുവെട്ടി തീയിടുന്നത് കഴിഞ്ഞ വർഷം 28 ശതമാനമായി വർധിച്ചിരിക്കുന്നു. ഏറ്റവും പുതിയ, അതായത് 1994-ലെ വനനശീകരണ കണക്കുകൾ, 1991 മുതൽ 34 ശതമാനം വർധനവു കാണിക്കുന്നു.”
“മരുഭൂമിയിൽ വളരുന്ന വൃക്ഷങ്ങൾ”
ഒരു നൂറ്റാണ്ടു മുമ്പുവരെ മനുഷ്യസ്പർശമേൽക്കാതെ നിലകൊണ്ടിരുന്ന മഴവനങ്ങൾ ഇത്ര പെട്ടെന്ന് നശിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഭൂതലത്തിന്റെ 20 ശതമാനം വരുന്ന മിതോഷ്ണ വനങ്ങൾക്ക് കഴിഞ്ഞ 50 വർഷംകൊണ്ട് ഗണ്യമായ നാശം സംഭവിച്ചിട്ടില്ല. മഴവനം എളുപ്പത്തിൽ നശിക്കാനിടയാക്കുന്നത് എന്താണ്? അവയുടെ തനതായ പ്രത്യേകതയാണ് അതിന്റെ കാരണം.
മഴവനത്തെ “മരുഭൂമിയിൽ വളരുന്ന വൃക്ഷങ്ങൾ” എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഉചിതമാണെന്ന് ഉഷ്ണമേഖലാ മഴവനം എന്ന തന്റെ ഇംഗ്ലീഷ് പുസ്തകത്തിൽ ആർണോൾഡ് ന്യൂമാൻ പറയുന്നു. ആമസോൺ നദീതടത്തിലെയും ബോർണിയോയിലെയും ചില ഭാഗങ്ങളിൽ “വെള്ളമണലിന്മേൽപ്പോലും വിസ്മയാവഹമാംവിധം കൊടുംകാടുകൾ വളർന്നുനിൽക്കുന്ന”തായി അദ്ദേഹം വിവരിക്കുന്നു. മിക്ക മഴവനങ്ങളും മണലിൽ വളരുകയില്ലെങ്കിലും ഏതാണ്ട് എല്ലാംതന്നെ വളക്കൂറില്ലാത്തതും മേൽമണ്ണ് തീരെ കുറവായതുമായ പ്രദേശങ്ങളിലാണു വളർന്നുനിൽക്കുന്നത്. മിതോഷ്ണ വനത്തിലെ മേൽമണ്ണിന് രണ്ടു മീറ്റർ ആഴം കാണുമായിരിക്കുമെങ്കിലും ഒരു മഴവനത്തിന്റേതിന് അഞ്ചു സെൻറിമീറ്ററിലധികം വരികയില്ല. ഭൂമിയിൽവെച്ച് ഏറ്റവും നിബിഡമായ വനം ഇത്ര മോശമായ പരിസ്ഥിതിയിൽ തഴച്ചുവളരുന്നതെങ്ങനെ?
1960-കളിലും 1970-കളിലുമാണ് ശാസ്ത്രജ്ഞന്മാർ ഈ നിഗൂഢതയുടെ ചുരുളഴിച്ചത്. വനം അക്ഷരാർഥത്തിൽത്തന്നെ സ്വയം പോറ്റുന്നതായി അവർ കണ്ടെത്തി. സസ്യങ്ങൾക്കാവശ്യമായ പോഷകങ്ങളിലധികവും ലഭിക്കുന്നതു മരച്ചില്ലകളും ഇലകളും അടങ്ങിയ ചപ്പുചവറുകളിൽനിന്നാണ്. സ്ഥായിയായ ചൂടിന്റെയും ഈർപ്പത്തിന്റെയും സഹായത്തോടെ ചിതലുകളും കുമിളുകളും മറ്റും ഇവയെ ദ്രുതഗതിയിൽ വിഘടിപ്പിക്കുന്നു. ഒന്നും പാഴായിപ്പോകുന്നില്ല; പകരം എല്ലാം പുനഃപര്യയനം ചെയ്യപ്പെടുന്നു. വനത്തിന്റെ പച്ചമേലാപ്പിൽ നടക്കുന്ന സ്വേദനവും ബാഷ്പീകരണവുംവഴി മഴവനം അതിനു ലഭിക്കുന്ന മഴയുടെ 75 ശതമാനംവരെ പുനഃപര്യയനം ചെയ്യുന്നു. പിന്നീട്, ഈ പ്രക്രിയയിലൂടെ രൂപംകൊള്ളുന്ന മേഘങ്ങൾ വനത്തെ വീണ്ടും നനയ്ക്കുന്നു.
എന്നാൽ ഈ അത്ഭുത വ്യവസ്ഥയ്ക്ക് ഒരു ന്യൂനതയുണ്ട്. ഏറെ കേടുപറ്റിയാൽ അതിനു സ്വയം കേടുപോക്കാനാകില്ല. മഴവനത്തിന്റെ ഒരു ചെറിയ ഭാഗം വെട്ടിത്തെളിച്ചാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അതു പൂർവസ്ഥിതി പ്രാപിക്കും. എന്നാൽ ഒരു വലിയ പ്രദേശം വെട്ടിത്തെളിച്ചാൽ അത് ഒരിക്കലും പൂർവസ്ഥിതി പ്രാപിച്ചെന്നുവരില്ല. കനത്ത മഴ പോഷകങ്ങളെ ഒഴുക്കിക്കളയുന്നു, മേൽമണ്ണിന്റെ നേർത്ത പാളി സൂര്യന്റെ ചൂടേറ്റു ചുട്ടുപഴുക്കുന്നു. ആ പ്രദേശത്തു പിന്നെ പുല്ലു മാത്രമേ വളരുകയുള്ളൂ.
കൃഷിയിടവും തടിയും ഹാംബർഗറും
കൃഷി ചെയ്യാൻ വേണ്ടത്ര സ്ഥലമില്ലാത്ത വികസ്വര രാജ്യങ്ങൾക്ക് തങ്ങളുടെ ദേശത്തെ വിസ്തൃതമായ കന്യാവനങ്ങൾ വെട്ടിത്തെളിക്കാൻ പാകത്തിനു കിടക്കുന്നതായി തോന്നി. ദരിദ്രരും ഭൂരഹിതരുമായ കൃഷിക്കാരെ വനത്തിന്റെ ഭാഗങ്ങൾ വെട്ടിത്തെളിച്ച് കയ്യേറാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു “എളുപ്പ” പരിഹാരം—അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്ത് യൂറോപ്യൻ കുടിയേറ്റക്കാർ വാസമുറപ്പിച്ചതിനോടു സമാനമായ ഒന്ന്. എന്നാൽ വനത്തെയും കർഷകരെയും സംബന്ധിച്ചിടത്തോളം ഫലങ്ങൾ വിനാശകരമായിരുന്നു.
ഹരിതസമൃദ്ധമായ മഴവനം കാണുമ്പോൾ അവിടെ എന്തും വളരുമെന്നു തോന്നിയേക്കാം. എന്നാൽ ഒരിക്കൽ മരങ്ങൾ വെട്ടിവീഴ്ത്തിയാൽ, സമൃദ്ധമായ ഫലഭൂയിഷ്ഠതയെന്ന മിഥ്യാസങ്കൽപ്പം പൊലിയും. വിക്ടോറിയ എന്നു പേരുള്ള ഒരു ആഫ്രിക്കക്കാരി ഈ പ്രശ്നം വിവരിക്കുന്നു. അവളുടെ കുടുംബം അടുത്തയിടെ കയ്യേറിയ ഒരു കൊച്ചുവനപ്രദേശത്താണ് അവൾ കൃഷി ചെയ്യുന്നത്.
“എനിക്കു നിലക്കടലയും മരച്ചീനിയും വാഴയും കൃഷിചെയ്യാൻ വേണ്ടിയാണ് എന്റെ അമ്മായിയപ്പൻ ഈ പ്രദേശം വെട്ടിത്തെളിച്ച് തീയിട്ടത്. ഇക്കൊല്ലം നല്ല വിളവു ലഭിക്കുമെന്നാണ് വിശ്വാസം. പക്ഷേ രണ്ടോ മൂന്നോ വർഷംകൊണ്ട് ഈ മണ്ണിന്റെ വളക്കൂറു നഷ്ടമാകും. അപ്പോൾ ഞങ്ങൾക്ക് കാടിന്റെ മറ്റൊരു ഭാഗം വെട്ടിത്തെളിക്കേണ്ടിവരും. അത് ബുദ്ധിമുട്ടുള്ള പണിയാണ്. എന്തു ചെയ്യാൻ, ജീവിക്കാൻ വേറെ വഴിയില്ല.”
വിക്ടോറിയയെയും കുടുംബത്തെയുംപോലെ കാടുവെട്ടി തീയിടുന്ന ഏതാണ്ട് 20 കോടി കർഷകരെങ്കിലുമുണ്ട്! മഴവനത്തിന്റെ വർഷംതോറുമുള്ള നശീകരണത്തിന്റെ 60 ശതമാനത്തിന് ഉത്തരവാദികൾ അവരാണ്. നാടോടികളായ ഈ കർഷകർ ഇതിനെക്കാൾ എളുപ്പമുള്ള ഒരു കൃഷിരീതിയാണ് ഇഷ്ടപ്പെടുന്നതെങ്കിലും അവർക്ക് ഇതല്ലാതെ വേറെ മാർഗമില്ല. നിത്യവൃത്തിക്കു വകതേടാൻ പാടുപെടുന്ന അവർ മഴവനത്തെ പരിരക്ഷിക്കാനുള്ള ചെലവ് തങ്ങൾക്കു താങ്ങാവുന്നതിലേറെയാണെന്നു കരുതുന്നു.
മിക്ക കൃഷിക്കാരും വനം വെട്ടിത്തെളിക്കുന്നത് കൃഷി ചെയ്യാനാണെങ്കിലും മറ്റുള്ളവർ കന്നുകാലികളെ മേയ്ക്കാനാണ് അങ്ങനെ ചെയ്യുന്നത്. മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും മഴവനങ്ങളുടെ നശീകരണത്തിനിടയാക്കുന്ന മറ്റൊരു പ്രധാന കാരണം കാലിവളർത്തലാണ്. ഈ കന്നുകാലികളിൽനിന്നു ലഭിക്കുന്ന മാംസം ചെന്നെത്തുന്നതു വടക്കേ അമേരിക്കയിലാണ്. അവിടത്തെ ക്ഷിപ്രഭക്ഷണശാലകളിലെ ഹാംബർഗറുകൾക്കു വിലകുറവായതിനാൽ അവയ്ക്കു നല്ല ചെലവാണ്.
എങ്കിലും വൻകിട കാലിവളർത്തുകാരും ചെറുകിട കർഷകരുടെ അതേ പ്രശ്നം നേരിടുന്നു. മഴവനത്തിലെ ചാരത്തിൽനിന്ന് ഉയിർക്കൊള്ളുന്ന ഒരു മേച്ചിൽപ്പുറം കന്നുകാലികളെ അഞ്ചു വർഷത്തിലധികം പോറ്റുകയില്ലെന്നുതന്നെ പറയാം. മഴവനത്തെ മേച്ചിൽപ്പുറമാക്കി മാറ്റുന്നത് ഏതാനും പേരെ സംബന്ധിച്ചിടത്തോളം ആദായകരമായിരിക്കാം. എന്നാൽ ആഹാരം ഉത്പാദിപ്പിക്കാൻ മനുഷ്യൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഏറ്റവും പാഴ്ചെലവുള്ള രീതികളുടെ കൂട്ടത്തിൽ ഇതിനെ പട്ടികപ്പെടുത്താവുന്നതാണ്.b
മഴവനം നേരിടുന്ന മറ്റൊരു പ്രധാന ഭീഷണിക്കു കാരണം മരം മുറിക്കലാണ്. മരം മുറിക്കൽ മഴവനത്തെ നശിപ്പിക്കുന്നുവെന്ന് അവശ്യം അർഥമില്ല. ചില കമ്പനികൾ വാണിജ്യ ഇനങ്ങളിൽപ്പെട്ട ഏതാനും മരങ്ങൾ മാത്രമേ വെട്ടിയിടുന്നുള്ളൂ. അതുകൊണ്ട് വനം താമസിയാതെ പൂർവസ്ഥിതി പ്രാപിക്കുന്നു. എന്നാൽ തടിവ്യവസായ കമ്പനികൾ വർഷംതോറും വെട്ടിയിടുന്ന 45,000 ചതുരശ്ര കിലോമീറ്റർ വനത്തിന്റെ മൂന്നിൽ രണ്ടു ഭാഗം കനത്ത മരം മുറിക്കലിനു വിധേയമാകുന്നതുകൊണ്ട് അവിടത്തെ വൃക്ഷങ്ങളുടെ 5-ൽ 1 വീതം മാത്രമേ ഒരു കേടുംകൂടാതെ വീണ്ടും വളരുന്നുള്ളൂ.
“മനോഹരമായ ഒരു വനം അനിയന്ത്രിത മരംവെട്ടു മൂലം നശിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണുമ്പോൾ ഞാൻ നടുങ്ങിപ്പോകുന്നു,” സസ്യശാസ്ത്രജ്ഞനായ മാനുവൽ ഫീഡാൽഗോ നെടുവീർപ്പോടെ പറയുന്നു. “വെട്ടിത്തെളിച്ച ആ പ്രദേശത്ത് മറ്റു സസ്യജാലങ്ങൾ മുളച്ചുവരുമെങ്കിലും ഇപ്പോൾ അത് രണ്ടാമതു രൂപംകൊണ്ട ഒരു വനമാണ്—മുമ്പത്തേതിനെ അപേക്ഷിച്ച് വളരെ കുറവ് സസ്യയിനങ്ങളേ അവിടെ വളരുകയുള്ളൂ. വനം പൂർവസ്ഥിതി പ്രാപിക്കാൻ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോപോലും എടുത്തേക്കാം.”
തടിക്കമ്പനികൾ മറ്റു രീതികളിലും വനനശീകരണം ത്വരിതപ്പെടുത്തുന്നുണ്ട്. മരംവെട്ടുകാർ വെട്ടിയുണ്ടാക്കുന്ന റോഡുകളിലൂടെയാണ് മുഖ്യമായും കന്നുകാലികളെ മേയ്ക്കുന്നവരും നാടോടികളായ കർഷകരും വനം കയ്യടക്കുന്നത്. ചിലപ്പോൾ മരംവെട്ടുകാർ ഉപേക്ഷിച്ചുപോരുന്ന അവശിഷ്ടങ്ങൾ കാട്ടുതീയ്ക്ക് ഇടയാക്കുന്നു. തത്ഫലമായി, അവർ വെട്ടിത്തെളിച്ചതിനെക്കാൾ അധികം വനം നശിക്കാനിടയാകുന്നു. 1983-ലുണ്ടായ അത്തരം ഒരു കാട്ടുതീയാണ് ബൊർണിയോയിലെ 30 ലക്ഷം ഏക്കർ വനം നശിക്കാൻ ഇടയാക്കിയത്.
വനം സംരക്ഷിക്കാൻ എന്തു ചെയ്തിരിക്കുന്നു?
ഇത്തരം ഭീഷണി ഉണ്ടെങ്കിലും ശേഷിക്കുന്ന വനം പരിരക്ഷിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇതൊരു ഭഗീരഥപ്രയത്നമാണെന്നുതന്നെ പറയാം. ദേശീയ പാർക്കുകൾക്ക് മഴവനങ്ങളുടെ ചെറിയ ഭാഗങ്ങൾ സംരക്ഷിക്കാൻ സാധിക്കും. എന്നാൽ പല പാർക്കുകൾക്കകത്തും നായാട്ടും മരംവെട്ടലും തീയിടലുമൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. പാർക്ക് നോക്കിനടത്താൻ വികസ്വരരാഷ്ട്രങ്ങളുടെ പക്കൽ വേണ്ടത്ര പണമില്ല.
അന്താരാഷ്ട്ര കമ്പനികൾ പാപ്പരായ ഗവൺമെൻറുകളെ എളുപ്പത്തിൽ വശീകരിച്ച് മരംവെട്ടാനുള്ള അവകാശം നേടിയെടുക്കുന്നു—ചില സാഹചര്യങ്ങളിൽ വിദേശ കടം വീട്ടാൻ ലഭ്യമായ ഏതാനും ദേശീയ മുതൽക്കൂട്ടുകളിൽ ഒന്ന് അതാണ്. മാത്രമല്ല, നാടോടികളായ കോടിക്കണക്കിനു കൃഷിക്കാർ മറ്റു പോംവഴികളില്ലാത്തതുകൊണ്ട് വനാന്തരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
പലവിധ പ്രശ്നങ്ങളാൽ നട്ടംതിരിയുന്ന ഒരു ലോകത്തിൽ മഴവനത്തെ പരിരക്ഷിക്കുന്നത് അത്ര പ്രാധാന്യമേറിയ ഒരു സംഗതിയാണോ? അവ അപ്രത്യക്ഷമായാൽ നമുക്കു നഷ്ടമാകുന്നത് എന്തായിരിക്കും?
[അടിക്കുറിപ്പുകൾ]
a 1681-ൽ വംശനാശം സംഭവിച്ച, വലുതും ഭാരമേറിയതുമായ പറക്കാനാകാത്ത ഒരു പക്ഷിയായിരുന്നു ഡോഡോ.
b വ്യാപകമായ പ്രതിഷേധം മൂലം ചില ക്ഷിപ്രഭക്ഷണശാലകൾ ഉഷ്ണമേഖലാ രാജ്യങ്ങളിൽനിന്നു വിലകുറഞ്ഞ മാട്ടിറച്ചി ഇറക്കുമതി ചെയ്യുന്നതു നിർത്തലാക്കിയിട്ടുണ്ട്.