കംബോഡിയയിലെ എന്റെ ജീവന്മരണ ദീർഘയാത്ര
വതനാ മിയസ് പറഞ്ഞപ്രകാരം
അത് 1974-ലായിരുന്നു. ഞാൻ കംബോഡിയയിലെ കമെർ റൂഷ് സംഘടനയ്ക്കെതിരെ പോരാടുന്ന കാലം. കംബോഡിയൻ സേനയിൽ ഞാനൊരു ഓഫീസറായിരുന്നു. ഒരു പോരാട്ടത്തിൽ ഞങ്ങളൊരു കമെർ റൂഷ് സൈനികനെ ബന്ധനസ്ഥനാക്കി. പോൾപോട്ടിന്റെ ഭാവിപദ്ധതികളെക്കുറിച്ച് അദ്ദേഹം എന്നോടു പറഞ്ഞ കാര്യങ്ങൾ അക്ഷരാർഥത്തിലും ആത്മീയാർഥത്തിലും എന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ഒരു ദീർഘയാത്രയ്ക്കു നാന്ദികുറിക്കാൻ ഇടയാക്കുകയും ചെയ്തു.a
എന്നാൽ ഞാനെന്റെ സംഭവബഹുലമായ ദീർഘയാത്രയുടെ ആരംഭത്തെക്കുറിച്ച് നിങ്ങളോടു പറയാം. കമെർ ഭാഷയിൽ കമ്പൂച്ചിയ എന്നറിയപ്പെടുന്ന കംബോഡിയയിലെ നോം പെന്നിൽ 1945-ലായിരുന്നു എന്റെ ജനനം. പിന്നീട് എന്റെ അമ്മയ്ക്കു രഹസ്യപ്പോലീസിൽ ഒരു ഉയർന്ന സ്ഥാനം ലഭിച്ചു. രാജ്യത്തിന്റെ ഭരണാധിപനായ നൊരോദം സിഹാനൂക്ക് രാജകുമാരന്റെ ഒരു പ്രത്യേക പ്രതിനിധിയായിരുന്നു അവർ. തന്റെ തിരക്കുപിടിച്ച പരിപാടികളോടൊപ്പം എന്നെ നോക്കാനുള്ള ബുദ്ധിമുട്ടു കാരണം വിദ്യാഭ്യാസം നേടാനും മറ്റുമായി എന്നെയൊരു ബുദ്ധമതക്ഷേത്രത്തിൽ ഏൽപ്പിക്കാൻ അമ്മ നിർബന്ധിതയായി.
എന്റെ ബുദ്ധമത പശ്ചാത്തലം
ബുദ്ധമത സന്ന്യാസി മുഖ്യനോടൊപ്പം ജീവിതമാരംഭിച്ചപ്പോൾ എനിക്ക് എട്ടു വയസ്സ്. അന്നുമുതൽ 1969 വരെ ഞാൻ വീട്ടിലും ക്ഷേത്രത്തിലുമായി സമയം ചെലവഴിച്ചു. കംബോഡിയയിൽ അക്കാലത്തുണ്ടായിരുന്ന ഏറ്റവും ഉയർന്ന ബുദ്ധമത അധികാരിയായിരുന്ന ചൂൻ നാറ്റ് എന്ന സന്ന്യാസിയുടെ സേവകനായിരുന്നു ഞാൻ. കുറച്ചുകാലം ഞാൻ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലിചെയ്യുകയും ബുദ്ധമത വിശുദ്ധഗ്രന്ഥമായ “മൂന്നു പേടകങ്ങൾ” (ടൈപിടിക അഥവാ സംസ്കൃതത്തിൽ ത്രിപിടിക) ഒരു പുരാതന ഭാരതീയ ഭാഷയിൽനിന്നു കംബോഡിയനിലേക്കു പരിഭാഷപ്പെടുത്തുന്നതിൽ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
1964-ൽ ഒരു സന്ന്യാസിയായി നിയമിതനായ ഞാൻ 1969 വരെ ആ നിയമനത്തിൽ തുടർന്നു. ആ കാലയളവിൽ, ലോകത്തിൽ ഇത്രയധികം ദുരിതമുള്ളതെന്തുകൊണ്ട്, അത് ആരംഭിച്ചത് എങ്ങനെ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ എന്നെ അലട്ടിയിരുന്നു. ദേവന്മാരെ പ്രീതിപ്പെടുത്താനായി ആളുകൾ വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കുന്നതു ഞാൻ നിരീക്ഷിച്ചു. എന്നാൽ തങ്ങളുടെ പ്രശ്നങ്ങൾ ദേവന്മാർ എപ്രകാരം പരിഹരിക്കുമെന്നതു സംബന്ധിച്ച് അവർ അജ്ഞരായിരുന്നു. ബുദ്ധമത ലിഖിതങ്ങളിൽനിന്നു സംതൃപ്തികരമായ ഒരു ഉത്തരം കണ്ടെത്താൻ എനിക്കോ മറ്റു സന്ന്യാസിമാർക്കോ സാധിച്ചില്ല. കടുത്ത നിരാശ തോന്നിയ ഞാൻ ക്ഷേത്രത്തിൽനിന്നു കടന്നുകളയാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ സന്ന്യാസജീവിതം ഉപേക്ഷിച്ചു.
അങ്ങനെ 1971-ൽ ഞാൻ കംബോഡിയൻ സേനയിൽ ചേർന്നു. ഏതാണ്ട് അതേ വർഷംതന്നെ വിയറ്റ്നാമിലേക്ക് അയച്ച എന്നെ എന്റെ വിദ്യാഭ്യാസ പശ്ചാത്തലം നിമിത്തം ഉപ ലെഫ്റ്റനൻറ് പദവിയിലേക്ക് ഉയർത്തുകയും പ്രത്യേക ദൗത്യസേനയിൽ നിയമിക്കുകയും ചെയ്തു. ഞങ്ങൾ കമ്മ്യുണിസ്റ്റ് കമെർ റൂഷ് സേനയ്ക്കും വിയറ്റ്കോങ് സേനയ്ക്കും എതിരെ പോരാടുകയായിരുന്നു.
കംബോഡിയയിലെ യുദ്ധവും മാറ്റങ്ങളും
ഞാൻ തഴക്കംവന്ന ഒരു പോരാളിയായിത്തീർന്നു. ആളുകൾ കൊല്ലപ്പെടുന്നതു ദിവസേനയെന്നോണം ഞാൻ കണ്ടിരുന്നു. 157 പോരാട്ടങ്ങളിൽ ഞാൻ നേരിട്ടു പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ കൊടുംവനത്തിൽ ഒരു മാസത്തിലേറെക്കാലം കമെർ റൂഷ് പോരാളികൾ ഞങ്ങളെ വളഞ്ഞുവെച്ചു. 700-ലധികം ആളുകൾ മരണമടഞ്ഞു. ഞാൻ ഉൾപ്പെടെ 15 പേർ അതിജീവിച്ചു. എനിക്കു മുറിവേറ്റിരുന്നെങ്കിലും ജീവഹാനി സംഭവിച്ചില്ല.
മറ്റൊരിക്കൽ, അതായത് 1974-ൽ ഞങ്ങളൊരു കമെർ റൂഷ് പോരാളിയെ ബന്ധനസ്ഥനാക്കി. ഞാൻ അദ്ദേഹത്തെ ചോദ്യംചെയ്യവേ, സേനാംഗങ്ങൾ ഉൾപ്പെടെ മുൻ ഗവൺമെൻറ് ഉദ്യോഗസ്ഥരായ എല്ലാവരെയും തുടച്ചുനീക്കാൻ പോൾപോട്ട് പദ്ധതിയിട്ടിരിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. എല്ലാം ഉപേക്ഷിച്ചു വേഗം സ്ഥലംവിട്ടോളാൻ അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പേരു മാറ്റിക്കൊണ്ടിരിക്കണം. നിങ്ങളാരാണെന്ന് ആരും അറിയരുത്. അറിവും വിദ്യാഭ്യാസവുമില്ലാത്തവനായി നടിച്ചുകൊള്ളണം. താങ്കളുടെ ഗതകാല ജീവിതത്തെക്കുറിച്ച് ആരോടും പറയരുത്.” അദ്ദേഹത്തെ ഞാൻ വീട്ടിൽ പോകാൻ അനുവദിച്ചെങ്കിലും ആ മുന്നറിയിപ്പ് എന്റെ മനസ്സിൽ തങ്ങിനിന്നു.
ഞങ്ങൾ പോരാടുന്നത് സ്വന്തം രാജ്യത്തിനു വേണ്ടിയാണെന്നു സൈനികരായ ഞങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾ കംബോഡിയക്കാരെത്തന്നെ കൊല്ലുകയായിരുന്നു. അധികാരത്തിലെത്താൻ ശ്രമിക്കുന്ന കമ്മ്യുണിസ്റ്റ് വിഭാഗമായ കമെർ റൂഷ് സംഘടനയിൽപ്പെട്ടവരും ഞങ്ങളുടെ ഇടയിൽനിന്നുള്ളവരായിരുന്നു. കംബോഡിയയിലെ 90 ലക്ഷം നിവാസികളിൽ ഭൂരിഭാഗവും വാസ്തവത്തിൽ കമെർ ആണ്. എങ്കിലും അവരിൽ മിക്കവരും കമെർ റൂഷിലെ അംഗങ്ങളല്ല. ഇതിലൊന്നും യാതൊരു കഴമ്പുമുള്ളതായി എനിക്കു തോന്നിയില്ല. ഞങ്ങൾ തോക്കുകളില്ലാത്തവരും യുദ്ധത്തിൽ താത്പര്യമില്ലാത്തവരും നിഷ്കളങ്കരുമായ കൃഷിക്കാരെ കൊല്ലുകയായിരുന്നു.
പോരാട്ടം കഴിഞ്ഞു തിരിച്ചുവരുന്നത് എല്ലായ്പോഴും ഹൃദയഭേദകമായ ഒരു അനുഭവമായിരുന്നു. തങ്ങളുടെ ഭർത്താവും പിതാവുമൊക്കെ മടങ്ങിവന്നിട്ടുണ്ടോയെന്ന് അറിയാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഭാര്യമാരും കുട്ടികളും അവിടെയുണ്ടായിരിക്കും. അവരിൽ മിക്കവരോടും അവരുടെ കുടുംബാംഗം കൊല്ലപ്പെട്ടുവെന്ന് എനിക്കു പറയേണ്ടിവന്നു. ബുദ്ധമതത്തിലുണ്ടായിരുന്ന ഗ്രാഹ്യം ഇക്കാര്യത്തിലൊന്നും എനിക്ക് യാതൊരു ആശ്വാസവും പ്രദാനംചെയ്തില്ല.
കംബോഡിയയിൽ കാര്യാദികൾക്കു മാറ്റംഭവിച്ചത് എങ്ങനെയെന്നു ഞാൻ അനുസ്മരിക്കുന്നു. 1970-നു മുമ്പ് അവിടെ താരതമ്യേന സമാധാനവും സുരക്ഷിതത്വവുമുണ്ടായിരുന്നു. മിക്കയാളുകൾക്കും തോക്കുണ്ടായിരുന്നില്ല. ലൈസൻസില്ലാതെ തോക്കു കൈവശം വെക്കുന്നതു നിയമവിരുദ്ധമായിരുന്നു. പിടിച്ചുപറിയും മോഷണവുമൊക്ക വളരെക്കുറവായിരുന്നു. എന്നാൽ പോൾപോട്ടിന്റെയും സൈന്യത്തിന്റെയും കലാപത്തോടെ തുടങ്ങിയ ആഭ്യന്തരയുദ്ധത്തിനുശേഷം എല്ലാം കീഴ്മേൽമറിഞ്ഞു. തോക്കുകൾ സർവസാധാരണമായി. വെടിവെക്കാനും കൊല്ലാനുമൊക്കെ പഠിപ്പിച്ചുകൊണ്ട് 12-ഉം 13-ഉം വയസ്സു പ്രായമുള്ള യുവജനങ്ങളെപ്പോലും സൈനിക സേവനത്തിനായി പരിശീലിപ്പിച്ചു. പോൾപോട്ടിന്റെ കിങ്കരന്മാർ തങ്ങളുടെ സ്വന്തം മാതാപിതാക്കളെ വധിക്കാൻ ചില കുട്ടികളെ പ്രേരിപ്പിക്കുകപോലും ചെയ്തു. സൈനികർ കുട്ടികളോട് ഇങ്ങനെ പറയുമായിരുന്നു, “രാജ്യസ്നേഹമുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ വെറുക്കേണ്ടതുണ്ട്. നിങ്ങളുടെ മാതാപിതാക്കൾ ഈ ഗവൺമെൻറിനുവേണ്ടി പ്രവർത്തിക്കുന്നവരാണെങ്കിൽ അവർ നമ്മുടെ ശത്രുക്കളാണ്. നിങ്ങൾ അവരെ കൊല്ലണം. അല്ലെങ്കിൽ നിങ്ങൾ കൊല്ലപ്പെടും.”.
പോൾപോട്ടും വധനിർവഹണവും
1975-ൽ പോൾപോട്ട് യുദ്ധത്തിൽ വിജയംവരിച്ചു, അങ്ങനെ കംബോഡിയ ഒരു കമ്മ്യുണിസ്റ്റ് രാഷ്ട്രമായിത്തീർന്നു. വിദ്യാർഥികൾ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ വിദ്യാഭ്യാസമുള്ള സകലരെയും അദ്ദേഹം കൊന്നൊടുക്കാൻ തുടങ്ങി. കണ്ണട ധരിച്ചിരുന്നെങ്കിൽ നിങ്ങളെയും വധിക്കുമായിരുന്നു. കാരണം നിങ്ങൾക്കു വിദ്യാഭ്യാസമുണ്ടെന്നായിരുന്നു അതിനർഥം! പോൾപോട്ട് ഭരണയന്ത്രം കർഷകരെപ്പോലെ അധ്വാനിക്കാനായി നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ആളുകളെ ഗ്രാമങ്ങളിലേക്ക് ആട്ടിത്തെളിച്ചു. എല്ലാവരും ഒരേപോലെ വസ്ത്രം ധരിക്കേണ്ടിയിരുന്നു. വേണ്ടത്ര ഭക്ഷണമില്ലാതെ, മരുന്നോ വസ്ത്രമോ ലഭിക്കാതെ, കേവലം രണ്ടോ മൂന്നോ മണിക്കൂർ മാത്രം ഉറങ്ങിയിരുന്ന ഞങ്ങൾ ദിവസവും 15 മണിക്കൂർ പണിയെടുക്കേണ്ടിയിരുന്നു. എത്രയും പെട്ടെന്ന് എന്റെ സ്വദേശത്തുനിന്നു രക്ഷപ്പെടാൻ ഞാൻ തീരുമാനിച്ചു.
നേരത്തെ സൂചിപ്പിച്ച കമെർ റൂഷ് പടയാളി പറഞ്ഞത് ഞാൻ അനുസ്മരിച്ചു. എന്നെക്കുറിച്ചുള്ള തെളിവുകളായി ഉതകുമായിരുന്ന ഫോട്ടോകളും പ്രമാണങ്ങളുമെല്ലാം ഞാൻ നശിപ്പിച്ചു. ചില രേഖകളൊക്കെ കുഴിച്ചുമൂടി. അതേത്തുടർന്ന് ഞാൻ പശ്ചിമഭാഗത്തേക്ക് അതായത്, തായ്ലൻഡിലേക്കു യാത്രചെയ്തു. യാത്ര അപകടംപിടിച്ചതായിരുന്നു. പ്രതിബന്ധങ്ങൾ തരണംചെയ്ത് മുന്നോട്ടു നീങ്ങവേ, വിശേഷിച്ച് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സമയങ്ങളിൽ എനിക്കു വളരെ ജാഗ്രത ആവശ്യമായിരുന്നു. എന്തെന്നാൽ അത്തരം സമയങ്ങളിൽ ഔദ്യോഗിക അനുമതിയുള്ള കമെർ റൂഷ് പടയാളികൾക്കു മാത്രമേ യാത്രചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.
ഒരു സുഹൃത്തിനോടൊപ്പം ഒരു പ്രദേശത്ത് ഞാൻ അൽപ്പകാലം താമസിച്ചു. തുടർന്ന് കമെർ റൂഷ് പടയാളികൾ അവിടെനിന്ന് എല്ലാവരെയും ഒരു പുതിയ പ്രദേശത്തേക്കു മാറ്റിപ്പാർപ്പിച്ചു. അവർ അധ്യാപകരെയും ഡോക്ടർമാരെയും വധിക്കാൻ തുടങ്ങി. ഞാനും മൂന്നു സുഹൃത്തുക്കളും അവിടെനിന്നു രക്ഷപ്പെട്ടു. കായ്കനികളും മറ്റും ഭക്ഷിച്ചുകൊണ്ട് ഞങ്ങൾ വനത്തിലൊളിച്ചു താമസിച്ചു. അവസാനം, ഞാൻ ബാറ്റെംബാങ് പ്രവിശ്യയിലുള്ള ഒരു കൊച്ചു ഗ്രാമത്തിലെത്തി. അവിടെ എന്റെയൊരു സുഹൃത്ത് താമസിച്ചിരുന്നു. അത്ഭുതകരമെന്നു പറയട്ടെ, രക്ഷപ്പെടേണ്ടതെങ്ങനെയെന്ന് എന്നെ ഉപദേശിച്ച ആ മുൻ പട്ടാളക്കാരനെയും അവിടെവെച്ച് ഞാൻ കണ്ടു! ഞാൻ അദ്ദേഹത്തെ മോചിപ്പിച്ചിരുന്നതുകൊണ്ട് മൂന്നുമാസത്തേക്ക് അദ്ദേഹം എന്നെ ഒരു കുഴിയിൽ ഒളിപ്പിച്ചു. കുഴിയിലേക്കു നോക്കാതെ എനിക്കു ഭക്ഷണം ഇറക്കിത്തരാൻ അദ്ദേഹം ഒരു കുട്ടിയെ ചുമതലപ്പെടുത്തി.
കുറേ നാളുകൾക്കുശേഷം എനിക്കു രക്ഷപ്പെടാൻ കഴിഞ്ഞു. തുടർന്ന്, ഞാനെന്റെ അമ്മയെയും ആൻറിയെയും പെങ്ങളെയും കണ്ടുമുട്ടി. അവരും തായ് അതിർത്തിയിലേക്കു പലായനം ചെയ്യുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദുഃഖസാന്ദ്രമായ ഒരു സമയമായിരുന്നു അത്. സുഖമില്ലാതിരുന്ന അമ്മ രോഗവും ഭക്ഷ്യദൗർലഭ്യവും നിമിത്തം ഒടുവിൽ ഒരു അഭയാർഥി ക്യാമ്പിൽവെച്ച് മരണമടഞ്ഞു. എന്നിരുന്നാലും, പ്രത്യാശയുടെ ഒരു പ്രഭാകിരണം എന്റെ ജീവിതത്തിൽ ഉദിച്ചു. എന്റെ ഭാര്യയായിത്തീർന്ന സോഫി ഉമിനെ ഞാൻ കണ്ടുമുട്ടി. ആൻറിയോടും പെങ്ങളോടുമൊപ്പം തായ് അതിർത്തി മുറിച്ചുകടന്ന ഞങ്ങൾ ഒരു ഐക്യരാഷ്ട്ര അഭയാർഥി ക്യാമ്പിലേക്കു രക്ഷപ്പെട്ടു. കംബോഡിയയിലെ ആഭ്യന്തര പോരാട്ടത്തിൽ ഞങ്ങളുടെ കുടുംബം വലിയ വിലയൊടുക്കി. എന്റെ സഹോദരനും സഹോദരപത്നിയുമടക്കം 18 കുടുംബാംഗങ്ങളെ ഞങ്ങൾക്കു നഷ്ടപ്പെട്ടു.
ഐക്യനാടുകളിൽ ഒരു പുതിയ ജീവിതം
അഭയാർഥി ക്യാമ്പിൽവെച്ചു ഞങ്ങളുടെ പശ്ചാത്തലം പരിശോധിക്കുകയും ഞങ്ങൾക്ക് ഐക്യനാടുകളിലേക്കു പോകാനായി ഒരു പ്രായോജകനെ കണ്ടെത്താൻ യുഎൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ അതിനു വിജയമുണ്ടാകുക തന്നെ ചെയ്തു! 1980-ൽ ഞങ്ങൾ മിനെസോട്ടയിലെ സെൻറ് പോളിൽ എത്തിച്ചേർന്നു. ഈ പുതിയ രാജ്യത്ത് അഭിവൃദ്ധിപ്പെടണമെങ്കിൽ ഞാൻ എത്രയും പെട്ടെന്ന് ഇംഗ്ലീഷ് വശമാക്കേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലായി. കൂടുതൽക്കാലം പഠിക്കാമെന്നു കരുതിയിരുന്നെങ്കിലും എന്റെ പ്രായോജകൻ ഏതാനും മാസത്തേക്കു മാത്രമേ എന്നെ പഠിക്കാൻ വിട്ടുള്ളൂ. പകരം, അദ്ദേഹം എനിക്ക് ഹോട്ടലിൽ വാതിൽ കാവൽക്കാരനായുള്ള ഒരു ജോലി ശരിയാക്കുകയാണുണ്ടായത്. എന്നാൽ എനിക്ക് ഇംഗ്ലീഷ് ഒട്ടുംതന്നെ അറിയില്ലാഞ്ഞതിനാൽ പിശകുകൾ ആളുകളിൽ ചിരിയുണർത്തുമായിരുന്നു. മുതലാളി എന്നോട് ഒരു ഗോവണി കൊണ്ടുവരാൻ ആവശ്യപ്പെടുമ്പോൾ, ഞാൻ കൊണ്ടുവരുന്നത് ഒരു ചവറ്റുകൊട്ടയായിരിക്കും!
ഭീതിദമായ ഒരു സന്ദർശനം
1984-ൽ, ഞാൻ രാത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്, പകൽ ഉറക്കവും. ഏഷ്യക്കാരും കറുത്തവരും തമ്മിൽ വളരെയധികം സംഘർഷമുണ്ടായിരുന്ന ഒരു മേഖലയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. കുറ്റകൃത്യവും മയക്കുമരുന്ന് ഉപയോഗവും അവിടെ സാധാരണമായിരുന്നു. ഒരു ദിവസം രാവിലെ പത്തുമണിക്ക് ഭാര്യ എന്നെ വിളിച്ചുണർത്തി വാതിൽക്കൽ ഒരു കറുത്ത മനുഷ്യൻ നിൽക്കുന്നുവെന്നു പറഞ്ഞു. അയാൾ വന്നിരിക്കുന്നതു ഞങ്ങളെ കൊള്ളയടിക്കാനായിരിക്കുമെന്നു കരുതിയതിനാൽ അവൾ ആകെ വിരണ്ടുപോയിരുന്നു. ഞാൻ വാതിൽപ്പഴുതിലൂടെ നോക്കി. മാന്യവസ്ത്രധാരിയായ ആ കറുത്ത മനുഷ്യൻ ഒരു പെട്ടിയും പിടിച്ച് അവിടെ നിൽപ്പുണ്ടായിരുന്നു. ഒപ്പം ഒരു വെള്ളക്കാരനും. കുഴപ്പമൊന്നും ഞാൻ കണ്ടില്ല.
അവർ എന്താണു വിൽക്കുന്നതെന്നു ഞാൻ ചോദിച്ചു. അദ്ദേഹം വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ എന്നെ കാണിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അവ നിരസിക്കാൻ ശ്രമിച്ചു. കാരണം ഏതാനും മാസങ്ങൾക്കു മുമ്പ്, പ്രൊട്ടസ്റ്റന്റുകാരനായ ഒരു കച്ചവടക്കാരനിൽനിന്ന് അഞ്ചു പുസ്തകങ്ങൾ വാങ്ങിയ വകയിൽ എനിക്കു 165 ഡോളർ നഷ്ടംവന്നിരുന്നു. എന്നാൽ, ആ കറുത്ത മനുഷ്യൻ മാസികയിലെ ചിത്രങ്ങളും മറ്റും എന്നെ കാണിച്ചു. അവ എത്ര രസകരവും മനോഹരവും ആയിരുന്നുവെന്നോ! ആ മനുഷ്യന്റെ പുഞ്ചിരിയാകട്ടെ വശ്യസുന്ദരവും. അതുകൊണ്ട് 1 ഡോളർ സംഭാവന കൊടുത്ത് ഞാൻ അവ വാങ്ങി.
ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം മടങ്ങിവന്ന് എന്റെ കൈവശം കംബോഡിയൻ ഭാഷയിലുള്ള ബൈബിൾ ഉണ്ടോയെന്നു തിരക്കി. വാസ്തവത്തിൽ, ഒരു നസറായ സഭയിൽനിന്നു വാങ്ങിയ ഒരു ബൈബിൾ എനിക്കുണ്ടായിരുന്നു. എനിക്ക് അതൊന്നും മനസ്സിലായില്ലെന്നതു വേറേ കാര്യം. എന്നുവരികിലും വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട രണ്ടുപേർ എന്റെ വീട്ടിൽ വന്നത് എന്നിൽ മതിപ്പുളവാക്കി. തുടർന്ന്, അദ്ദേഹം “ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ടോ” എന്നു ചോദിച്ചു. തീർച്ചയായും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ പഠിപ്പിക്കുന്നതിനു കാശുതരാനില്ലെന്നു ഞാൻ വിശദീകരിച്ചു. ഒരു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണം ഉപയോഗിച്ച് സൗജന്യമായി പഠിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഏത് മതക്കാരനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്നാൽ, ‘കാശു കൊടുക്കുകയും വേണ്ട, കുറഞ്ഞപക്ഷം ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിക്കുകയും ചെയ്യാം’ എന്നു ഞാൻ ഉള്ളാലെ പറഞ്ഞു.
ഇംഗ്ലീഷും ബൈബിളും പഠിക്കുന്നു
ഇത് മന്ദഗതിയിലുള്ള ഒരു പ്രക്രിയയായിരുന്നു. അദ്ദേഹം ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉല്പത്തി എന്നെ കാണിക്കും. അപ്പോൾ ഞാനത് കംബോഡിയനിൽ “ലോ കാ ബാറ്റ്” എന്നു പറയുമായിരുന്നു. അദ്ദേഹം “ബൈബിൾ” എന്നു പറയുമ്പോൾ ഞാൻ “കോംപി” എന്നു പറയും. അങ്ങനെ ഞാൻ പുരോഗതി പ്രാപിക്കാൻ തുടങ്ങി. അത് എന്നെ പ്രചോദിപ്പിച്ചു. ജോലിക്കു പോകുമ്പോൾ ഞാൻ എന്റെ ഇംഗ്ലീഷ്-കംബോഡിയൻ നിഘണ്ടുവും ഒരു വീക്ഷാഗോപുരം മാസികയും പുതിയലോക ഭാഷാന്തരം ബൈബിളും കംബോഡിയൻ ബൈബിളും കൂടെ കരുതുമായിരുന്നു. ഇടവേളകളിൽ, ഈ പ്രസിദ്ധീകരണങ്ങൾ താരതമ്യം ചെയ്തുകൊണ്ട് ഓരോ വാക്കുവീതം പഠിച്ച് ഞാൻ ഇംഗ്ലീഷ് വശമാക്കുകയായിരുന്നു. സാവധാനമുള്ള ഈ പഠനവും വാരംതോറുമുള്ള അധ്യയനവും മൂന്നിലേറെ വർഷം തുടർന്നു. എന്നാൽ ഒടുവിൽ എനിക്ക് ഇംഗ്ലീഷ് വായിക്കാമെന്നായി!
ഭാര്യ അപ്പോഴും ബുദ്ധമതക്ഷേത്രങ്ങളിൽ പോകുകയും പൂർവികർക്കായി ഭക്ഷണം നിവേദിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അതിൽനിന്നു പ്രയോജനം നേടിയത് ഈച്ചകൾ മാത്രമായിരുന്നു! ആഴത്തിൽ വേരൂന്നിയ നിരവധി ദുശ്ശീലങ്ങൾ എനിക്കുണ്ടായിരുന്നു. ഞാൻ പട്ടാളത്തിലായിരുന്നപ്പോഴും ബുദ്ധമതത്തിലായിരുന്നപ്പോഴും തുടങ്ങിയതായിരുന്നു അവ. ഞാൻ സന്ന്യാസിയായിരുന്നപ്പോൾ ആളുകൾ സിഗരറ്റുകൾ ഉൾപ്പെടെയുള്ള വഴിപാടുകൾ കൊണ്ടുവരുമായിരുന്നു. സന്ന്യാസിമാർ സിഗരറ്റു വലിക്കുന്നത് തങ്ങളുടെ പൂർവികർ വലിക്കുന്നതുപോലെയാണെന്ന് അവർ വിശ്വസിച്ചു. അങ്ങനെ ഞാൻ നിക്കോട്ടിൻ ആസക്തിയുടെ അടിമയായി. തുടർന്ന് സേനയിലായിരുന്നപ്പോൾ ഞാൻ അമിതമായി മദ്യപിക്കുകയും പോരാട്ടങ്ങളിൽ ഏർപ്പെടാനുള്ള മനക്കരുത്തിനായി കറുപ്പു വലിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ എനിക്കു ധാരാളം മാറ്റങ്ങൾ വരുത്തേണ്ടിവന്നു. പ്രാർഥന വലിയൊരു സഹായമാണെന്നു ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഏതാനും മാസങ്ങൾകൊണ്ടുതന്നെ ഞാൻ എന്റെ ദുശ്ശീലങ്ങൾ തരണം ചെയ്തു. അത് കുടുംബത്തിലെ മറ്റംഗങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചെന്നോ!
1989-ൽ മിനെസോട്ടയിൽവെച്ച് ഞാൻ ഒരു സാക്ഷിയായി സ്നാപനമേറ്റു. കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ കംബോഡിയൻ ഭാഷ സംസാരിക്കുന്ന സാക്ഷികളുടെ ഒരു കൂട്ടവും കംബോഡിയക്കാരായ ധാരാളം ആളുകളുമുണ്ടെന്നു ഞാൻ മനസ്സിലാക്കിയത് ആയിടയ്ക്കാണ്. അതു സംബന്ധിച്ച് ഭാര്യയുമായി ചർച്ചചെയ്ത ശേഷം ലോംഗ് ബീച്ചിലേക്കു മാറിത്താമസിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങോട്ടു മാറിയത് കാര്യാദികളെ മാറ്റിമറിച്ചു എന്നത് എത്രയോ സത്യമാണ്! ആദ്യം എന്റെ പെങ്ങൾ സ്നാപനമേറ്റു. പിന്നെ (ഇപ്പോൾ 85 വയസ്സുള്ള) ആൻറിയും എന്റെ ഭാര്യയും സ്നാപനമേറ്റു. അതേത്തുടർന്ന് എന്റെ മൂന്നു മക്കളും അതേ പടി സ്വീകരിച്ചു. പിന്നീട് എന്റെ പെങ്ങൾ ഒരു സാക്ഷിയെ വിവാഹം കഴിച്ചു. അദ്ദേഹം ഇപ്പോൾ ഒരു സഭാമൂപ്പനായി സേവനമനുഷ്ഠിക്കുന്നു.
ഐക്യനാടുകളിൽവെച്ച് ഞങ്ങൾ നിരവധി കഷ്ടാനുഭവങ്ങൾ സഹിക്കേണ്ടിവന്നു. ഭയങ്കരമായ സാമ്പത്തിക ഞെരുക്കങ്ങളും ആരോഗ്യപ്രശ്നങ്ങളും ഞങ്ങൾ അനുഭവിച്ചിരിക്കുന്നു. എന്നാൽ ബൈബിൾതത്ത്വങ്ങളോടു പറ്റിനിന്നുകൊണ്ട് യഹോവയിലുള്ള ആശ്രയം ഞങ്ങൾ നിലനിർത്തിയിരിക്കുന്നു. ആത്മീയ വയലിലെ എന്റെ ഉദ്യമങ്ങളെ അവൻ അനുഗ്രഹിച്ചിരിക്കുന്നു. 1992-ൽ സഭയിൽ ഞാനൊരു ശുശ്രൂഷാദാസനായി നിയമിതനായി. 1995 മുതൽ ഇവിടെ ലോംഗ് ബീച്ച് സഭയിൽ ഞാനൊരു മൂപ്പനായി സേവിക്കുകയാണ്.
ബുദ്ധമത സന്ന്യാസിയായിരുന്നപ്പോൾ ആരംഭിച്ചതും യുദ്ധകലുഷിതമായ കംബോഡിയയിലെ പോർക്കളങ്ങളിൽ ഓഫീസറായിരുന്നപ്പോൾ തുടർന്നതുമായ എന്റെ ദീർഘയാത്ര ഇപ്പോൾ ഞങ്ങളുടെ പുതിയ രാജ്യത്ത്, പുതിയ ഭവനത്തിൽ സമാധാനവും സന്തുഷ്ടിയുമുള്ള അവസ്ഥയിൽ പര്യവസാനിച്ചിരിക്കുന്നു. കൂടാതെ, യഹോവയാം ദൈവത്തിലും ക്രിസ്തുയേശുവിലുമുള്ള പുതുതായി കണ്ടെത്തിയ വിശ്വാസവും ഞങ്ങൾക്കുണ്ട്. കംബോഡിയയിൽ ആളുകൾ ഇപ്പോഴും പരസ്പരം അരിഞ്ഞുവീഴ്ത്തുന്നു എന്നറിയുന്നത് എന്നെ വേദനിപ്പിക്കുന്നു. സകല യുദ്ധങ്ങളും അവസാനിക്കുന്ന, ആളുകൾ വാസ്തവത്തിൽ തങ്ങളെപ്പോലെതന്നെ അയൽക്കാരെയും സ്നേഹിക്കുന്ന വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ ലോകത്തിനായി കാത്തിരിക്കാനും അതിനെക്കുറിച്ച് ഘോഷിക്കാനും എനിക്കും എന്റെ കുടുംബത്തിനും കൂടുതൽ കാരണങ്ങളുണ്ട്!—യെശയ്യാവു 2:2-4; മത്തായി 22:37-39; വെളിപ്പാടു 21:1-4.
[അടിക്കുറിപ്പ്]
a യുദ്ധത്തിൽ ജയിച്ച് കംബോഡിയയിൽ അധികാരത്തിൽ വന്ന കമെർ റൂഷ് സേനയുടെ അന്നത്തെ കമ്മ്യുണിസ്റ്റ് നേതാവായിരുന്നു പോൾപോട്ട്.
[16-ാം പേജിലെ ഭൂപടം/ചിത്രം]
ലാവോസ്
വിയറ്റ്നാം
തായ്ലൻഡ്
കംബോഡിയ
ബാറ്റെംബാങ്
നോം പെൻ
ഞാനൊരു ബുദ്ധമത സന്ന്യാസിയായിരുന്നപ്പോൾ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[18-ാം പേജിലെ ചിത്രം]
രാജ്യഹാളിൽ എന്റെ കുടുംബത്തോടൊത്ത്