ഞങ്ങളുടെ വായനക്കാരിൽനിന്ന്
രോഗം “യുവജനങ്ങൾ ചോദിക്കുന്നു . . . ഇത്ര ഗുരുതരമായ രോഗവുമായി ഞാൻ എങ്ങനെ കഴിഞ്ഞുകൂടും?” (ജൂൺ 22, 1997) എന്ന ലേഖനം എന്നെ സ്പർശിച്ചു. തങ്ങളുടെ അസുഖത്തെ വളരെ ഫലപ്രദമായി നേരിടുന്നതിനു ഞാൻ ജെയ്സനെയും അഷ്ലിയെയും കാർമനെയും അഭിനന്ദിക്കുന്നു.
ആർ. ഡി., ഫ്രാൻസ്
നിങ്ങൾ പ്രദാനംചെയ്യുന്ന നിർദേശങ്ങൾ തികച്ചും പ്രായോഗികവും പ്രചോദനാത്മകവും ഫലപ്രദവുമാണ്. അഷ്ലിയുടെ കഥ പ്രത്യേകിച്ചും എനിക്കു പ്രോത്സാഹനമേകി. ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനാണ്. മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കാൻ വളരെ താത്പര്യമുള്ള ആളുകളുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നിമിത്തം അവർക്കതു സാധിക്കുന്നില്ലെന്ന് അറിഞ്ഞത് എന്റെ പ്രശ്നങ്ങൾക്കു മധ്യേ സഹിച്ചുനിൽക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
ഡി. ഐ., അൽബേനിയ
ക്രോൻസ് രോഗം നിമിത്തം എന്നെ പത്തിലേറെ പ്രാവശ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ടുപ്രാവശ്യം എനിക്കു ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവരുകയും ചെയ്തു. എന്നിരുന്നാലും, കഴിഞ്ഞ നാലുവർഷമായി ഞാൻ ഇവിടെ ഒരു വിദേശരാജ്യത്തെ ഒറ്റപ്പെട്ട ഒരു പ്രദേശത്ത് സേവിച്ചിരിക്കുന്നു. ഇപ്പോഴും ഞാൻ പൂർണ ആരോഗ്യവാനായിട്ടില്ലെങ്കിലും അതു വളരെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം പ്രസ്തുത ലേഖനങ്ങൾ തികച്ചും പ്രോത്സാഹജനകമായിരുന്നു.
ജി. എച്ച്., ഇക്വഡോർ
അപ്രത്യക്ഷമാകുന്ന വന്യജീവികൾ “നമ്മുടെ ജന്തുജാലങ്ങളെ ആർ രക്ഷിക്കും?” (ജൂലൈ 8, 1997) എന്ന ലേഖനപരമ്പര ഒരു ജന്തുശാസ്ത്ര വിദ്യാർഥിനിയായ എന്നെ ശരിക്കും സ്പർശിച്ചു. അത്യാഗ്രഹവും ക്രൂരതയും നിരവധി ജന്തുവർഗങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് എപ്രകാരമാണെന്നു തിരിച്ചറിയാൻ ഈ ലേഖനങ്ങൾ വായനക്കാരെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
ജി. എച്ച്., ഐക്യനാടുകൾ
ജന്തുജാലങ്ങളിൽ വളരെ താത്പര്യവും ഔത്സുക്യവുമുള്ള ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ ലേഖനങ്ങൾ ഞാൻ നന്നായി ആസ്വദിച്ചു. അപകടത്തിലായ വർഗങ്ങളെ സംരക്ഷിക്കുന്നതിൽ മൃഗശാലകൾ ഒരു നല്ല പങ്കുവഹിക്കുന്നു. എന്നാൽ മൃഗശാലകളാണ് വന്യജീവികളുടെ അവസാന പ്രത്യാശയെങ്കിൽ അവ തീർച്ചയായും അപകടത്തിലാണ്. മൃഗങ്ങളെ അവയുടെ സ്വാഭാവിക ചുറ്റുപാടിൽനിന്നു മാറ്റി കോൺക്രീറ്റ് വനങ്ങളിൽ പ്രജനനം നടത്തുന്നതല്ല പരിഹാരം.
എം. റ്റി., കാനഡ
പരിരക്ഷിക്കാനുള്ള അത്തരം ശ്രമങ്ങൾ അഭിനന്ദനീയമാണെങ്കിലും, ഭൗമ വിഭവങ്ങളുടെമേൽ ദൈവരാജ്യത്തിന്റെ ഇടപെടലാണ് ഒരേയൊരു ശാശ്വതപരിഹാരമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (യെശയ്യാവു 11:9)—പത്രാധിപർ
ഓമനമൃഗങ്ങളിൽനിന്നുള്ള സുരക്ഷിതത്വം “കുട്ടികൾ നിങ്ങളുടെ നായ്ക്കരികിൽ സുരക്ഷിതരാണോ?” (ജൂലൈ 8, 1997) എന്ന ലേഖനത്തിനു നന്ദി പറയാൻ എനിക്കാഗ്രഹമുണ്ട്. 18 വർഷമായി ഒരു ഔദ്യോഗിക ശ്വാനപരിശീലകനായി ജോലിനോക്കുന്ന ഞാൻ അവയെ പരിശീലിപ്പിക്കേണ്ടതിന്റെയും അവയോടു വ്യക്തിപരമായി ഉത്തരവാദിത്വം തോന്നേണ്ടതിന്റെയും പ്രാധാന്യത്തിന് ഊന്നൽ കൊടുക്കാൻ എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്. പ്രബോധനാത്മകമായ ഈ ലേഖനം വായിച്ചത് എന്നെ ആശ്ചര്യഭരിതനാക്കി. നിങ്ങൾ അഭിമുഖം നടത്തിയ പരിശീലകൻ ഞങ്ങൾ ഉപയോഗിക്കുന്ന അതേ പരിശീലന വിദ്യയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടതിൽ എനിക്കു സന്തോഷമുണ്ട്. നായ്ക്കളുള്ള എല്ലാവരും ഈ നിർദേശങ്ങൾ വായിച്ചു ബാധകമാക്കുമെന്നാണ് എന്റെ പ്രതീക്ഷ.
ബി. സി., ഐക്യനാടുകൾ
ഒരു ആശയം കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു: നായ്ക്കൾ സ്വതവേ തീറ്റയോടു പ്രതികരിക്കുന്നു. അതുകൊണ്ട് ഹോട്ട് ഡോഗോ ചോക്കലേറ്റോ ഒക്കെ പിടിച്ചുകൊണ്ട് നായയുടെ മുമ്പിൽകൂടി കടന്നുപോകുന്ന ഒരു കുട്ടി ആക്രമിക്കപ്പെട്ടേക്കാം. വാസ്തവത്തിൽ, ആക്രമിക്കുകയല്ല നായയുടെ ഉദ്ദേശ്യമെങ്കിലും തീറ്റ ചാടിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ കുട്ടിയുടെ കൈയിൽ കടിയേറ്റേക്കാം. ഇക്കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധാലുക്കളായിരിക്കണം.
കെ. എസ്., ഐക്യനാടുകൾ
കൂടുതലായ ഈ ആശയങ്ങളെ ഞങ്ങൾ വിലമതിക്കുന്നു.—പത്രാധിപർ
ആരോഗ്യാവഹമല്ലാത്ത ജീവിതരീതികൾ “ആരോഗ്യാവഹമല്ലാത്ത ജീവിതരീതികൾ—ഒടുക്കേണ്ടി വരുന്ന വില എത്ര?” (ജൂലൈ 22, 1997) എന്ന ലേഖനം ഞാൻ വിലമതിച്ചു. ഒരു ക്രിസ്തീയ യുവാവെന്നനിലയിൽ ഞാൻ നിരവധി പ്രലോഭനങ്ങളെ നേരിടുന്നു. എന്നാൽ, ബൈബിൾതത്ത്വങ്ങൾ പിന്തുടരുന്നതിലൂടെ വാസ്തവത്തിൽ നാം രോഗങ്ങളെയും അപകടങ്ങളെയും ഒഴിവാക്കുകയാണു ചെയ്യുന്നതെന്ന് കാണാൻ ഈ ലേഖനം എന്നെ സഹായിച്ചു.
ആർ. കെ., ഐക്യനാടുകൾ
സംസാരിക്കുന്ന ചെണ്ടകൾ “ആഫ്രിക്കൻ ചെണ്ടകൾ വാസ്തവമായും സംസാരിക്കുന്നുവോ?” (ജൂലൈ 22, 1997) എന്ന ആശ്ചര്യകരമായ ലേഖനം വായിച്ചശേഷം, അതൊക്കെ സത്യമാണോയെന്നറിയാനായി ഞാൻ നൂറുവയസ്സുള്ള എന്റെ മുത്തച്ഛനോടു ചോദിച്ചു. വിശദാംശങ്ങൾ സഹിതം അദ്ദേഹം അത് സ്ഥിരീകരിച്ചു. എനിക്കെത്രമാത്രം മതിപ്പുളവായെന്നോ!
ജി. എം. ഒ., നൈജീരിയ