പൂർണ ആരോഗ്യം വെറുമൊരു സ്വപ്നമോ?
നിങ്ങൾക്ക് എപ്പോഴെങ്കിലും ഗുരുതരമായ ഒരു രോഗം പിടിപെടുകയോ വലിയ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ജീവനെ കുറേക്കൂടെ വിലമതിക്കുന്നുണ്ടാകും. എന്നാൽ നിങ്ങളുടെ ശാരീരിക നില എന്തുതന്നെ ആയിരുന്നാലും പൂർണ ആരോഗ്യം ആസ്വദിക്കാൻ സാധിക്കുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അർബുദം അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള, ആരോഗ്യത്തെ കാർന്നുതിന്നുന്ന തരം രോഗങ്ങൾ തേർവാഴ്ച നടത്തുന്നതുകൊണ്ട് ഇത് അയഥാർഥമായ ഒരു വീക്ഷണമായി തോന്നിയേക്കാം. നമുക്കെല്ലാവർക്കും കൂടെക്കൂടെ രോഗം പിടിപെടുന്നുണ്ടെന്നതു ശരിതന്നെ. എന്നാൽ പൂർണമായ ശാരീരിക ക്ഷേമം വെറുമൊരു സ്വപ്നമല്ല.
നല്ല ആരോഗ്യം ആസ്വദിക്കാനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്, രോഗവും മരണവുമായി മല്ലടിച്ചു ജീവിക്കാനല്ല. അതുകൊണ്ട് രോഗത്തെയും മരണത്തെയും ഇല്ലാതാക്കാൻ ക്രിസ്തു യേശുവിന്റെ മറുവിലയാഗത്തിലൂടെ പൂർണ ആരോഗ്യത്തിനും നിത്യജീവനും വേണ്ടിയുള്ള അടിസ്ഥാനം യഹോവ പ്രദാനം ചെയ്തു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നവർ മോശമായ ആരോഗ്യത്തോടോ വാർധക്യത്തോടോ മല്ലടിക്കേണ്ടി വരില്ല. അങ്ങനെയെങ്കിൽ രോഗങ്ങളുടെ കാര്യത്തിൽ എന്തു സംഭവിക്കും?
രോഗവിമുക്തി
യേശുക്രിസ്തു രോഗികളെ സുഖപ്പെടുത്തിയ വിധം ഒരു മാതൃക നൽകുന്നു. അത്തരം സുഖപ്പെടുത്തലുകളെ സംബന്ധിച്ച് ഇപ്രകാരം പറയപ്പെട്ടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടും സുവിശേഷം അറിയിക്കുന്നു.” (മത്തായി 11:3-5) അതേ, യേശുവിനെ സമീപിച്ച വൈകല്യമുള്ളവരെല്ലാം പൂർണ “സൗഖ്യം പ്രാപിച്ചു.” (മത്തായി 14:36) തത്ഫലമായി, “ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.”—മത്തായി 15:31.
ഇത്തരം സുഖപ്പെടുത്തലുകൾ ഇന്ന് ആർക്കും ചെയ്യാൻ സാധിക്കില്ലെങ്കിലും ദൈവ ഭരണത്തിൻ കീഴിൽ മനുഷ്യവർഗം പൂർണതയിലേക്ക് ഉയർത്തപ്പെടുമെന്നും എല്ലാത്തരം മാനസികവും ശാരീരികവുമായ രോഗങ്ങളിൽനിന്ന് സൗഖ്യമാക്കപ്പെടുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ദൈവത്തിന്റെ വാഗ്ദാനം വെളിപ്പാടു 21:3-5 വാക്യങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: “ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”
മരുന്നു കമ്പനികളോ ആശുപത്രികളോ ശസ്ത്രക്രിയയോ ചികിത്സയോ ഒന്നും ആവശ്യമില്ലാത്ത ഒരു ലോകം വിഭാവന ചെയ്യുക! മാത്രമല്ല, പുനഃസ്ഥാപിത പറുദീസയിൽ വിഷാദവും മാനസിക രോഗങ്ങളും കഴിഞ്ഞകാല സംഭവങ്ങളായിരിക്കും. ജീവിതം യഥാർഥത്തിൽ ഉല്ലാസപ്രദമായിരിക്കും; സന്തോഷം നിലനിൽക്കുന്ന ഒന്നായിരിക്കും. തീർച്ചയായും, ദൈവത്തിന്റെ അനന്തമായ ശക്തി ശരീരത്തിന്റെ പുനരുജ്ജീവന പ്രക്രിയയെ പ്രവർത്തന സജ്ജമാക്കും, മറുവിലയുടെ പ്രയോജനങ്ങൾ പാപത്തിന്റെ ക്ഷയിപ്പിക്കുന്ന പരിണതഫലങ്ങളെ ഇല്ലാതാക്കും. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവ് 33:24.
ദൈവരാജ്യത്തിൻ കീഴിൽ ശാരീരികവും ആത്മീയവുമായ പൂർണ ആരോഗ്യം ആസ്വദിക്കാം എന്നത് എത്ര മഹത്തായ പ്രത്യാശയാണ്! സന്തുലിതവും ആരോഗ്യാവഹവുമായ ഒരു ജീവിതരീതി ഇപ്പോൾത്തന്നെ പാലിച്ചുകൊണ്ട് ദൈവത്തിന്റെ പുതിയ ലോകത്തിലെ അനുഗ്രഹങ്ങൾക്കായി നോക്കിപ്പാർത്തിരിക്കുക. യഹോവ ‘നിങ്ങളുടെ ആയുഷ്കാലത്തെ നന്മകൊണ്ടു തൃപ്തിപ്പെടുത്തട്ടെ, നിങ്ങളുടെ യൗവനം ഒരു കഴുകന്റേതുപോലെ പുതുക്കപ്പെട്ടുകൊണ്ടിരിക്കട്ടെ’!—സങ്കീർത്തനം 103:5, NW.