ലോകത്തെ വീക്ഷിക്കൽ
സമുദ്രങ്ങൾ അപകടത്തിൽ
കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നതിൽനിന്ന് സമുദ്രങ്ങളെ സംരക്ഷിക്കാൻ 65 രാജ്യങ്ങളിൽനിന്നുള്ള 1,600-ലധികം സമുദ്ര ശാസ്ത്രജ്ഞന്മാരും പരിരക്ഷണവാദികളായ സസ്യശാസ്ത്രജ്ഞന്മാരും “പ്രവൃത്തിക്കാനുള്ള ആഹ്വാനം” നൽകിയതായി ദ ജേർണൽ ഓഫ് കോമേഴ്സ് റിപ്പോർട്ടു ചെയ്യുന്നു. “സമുദ്രം വാസ്തവമായും അപകടത്തിലാണ്, നാം മുമ്പ് വിചാരിച്ചിരുന്നതിനെക്കാൾ വളരെയധികം അപകടത്തിൽ,” സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇലിയട്ട് നൊർസ് പറയുന്നു. മെക്സിക്കൻ ഉൾക്കടലിലെ മൃതമേഖല എന്നറിയപ്പെടുന്ന 18,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഒരു ഭാഗമാണ് പരാമർശിക്കപ്പെട്ടിരിക്കുന്ന ഒരു ഉദാഹരണം. അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ മൃതമേഖലയിൽ മീൻ, ചെമ്മീൻ എന്നിങ്ങനെ പല സമുദ്രജീവികളും ഇല്ല. ഈ പ്രശ്നത്തിനുള്ള കാരണം മിസ്സിസ്സിപ്പി നദി ഒഴുക്കിക്കൊണ്ടുവരുന്ന പോഷകസമൃദ്ധമായ ആഹാരത്തെ ആശ്രയിച്ചു ജീവിക്കുന്ന വൻ ആൽഗാ സമൂഹമാണെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ആൽഗകൾ നശിക്കുമ്പോൾ അവ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു താഴുന്നു. നശിച്ചു പോയ ആൽഗകളെ ബാക്ടീരിയ വിഘടിപ്പിക്കുമ്പോൾ സമുദ്രത്തിന്റെ അടിത്തട്ടിൽ ഓക്സിജൻ ക്ഷയിക്കുന്നു. സമുദ്ര ശാസ്ത്രജ്ഞയായ ഡോ. നാൻസി റബലേ പറയുന്നു: “അവിടെനിന്നു രക്ഷപ്പെടാൻ സാധിക്കാത്ത എല്ലാം ഒടുവിൽ ചാകുന്നു.”
അവയവ ദാതാക്കൾ
നിങ്ങൾ മരിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ അവയവങ്ങൾക്ക് അവകാശം ഉന്നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? 1998 ജനുവരി 1 മുതൽ പുതിയ ഒരു നിയമം പ്രാബല്യത്തിൽ വന്നതിൽ പിന്നെ പല ബ്രസീലുകാരും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് ഇത്. അവയവം ദാനം ചെയ്യുന്നതിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന രേഖകളിൽ ഒപ്പുവെക്കാത്തപക്ഷം 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ ബ്രസീലുകാരും സ്വാഭാവികമായും അവയവ ദാതാക്കളാകുമെന്ന് ആ നിയമം അനുശാസിക്കുന്നു. “മരണശേഷം തങ്ങളുടെ അവയവങ്ങൾ എടുക്കരുതെന്നാണ് ബ്രസീലുകാരുടെ ആഗ്രഹമെന്നുള്ളതിന് വേണ്ടത്ര സൂചനകളുണ്ട്,” മിയാമി ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നു. “കഴിഞ്ഞ ആറു മാസത്തിനുള്ളിൽ വാഹനമോടിക്കാൻ ലൈസൻസ് ലഭിച്ച നാലിൽ മൂന്ന് പേർ വീതം അവയവ ദാനത്തിനു സമ്മതിച്ചില്ല.” കാരണം? അവയവങ്ങൾ എടുക്കാനായി, രോഗികൾ യഥാർഥത്തിൽ മരിക്കുന്നതിനു മുമ്പുതന്നെ അവരുടെ മസ്തിഷ്കം മരിച്ചതായി പ്രഖ്യാപിക്കാനുള്ള സമ്മർദത്തിന് ഡോക്ടർമാർ വഴങ്ങിയേക്കാമെന്ന് ചിലർ ഭയക്കുന്നു.
ഭാവി കഥനക്കാർക്ക് മോശമായ വർഷം
ജർമനിയിലെ ഭാവി കഥനക്കാർക്കെല്ലാം 1997-ൽ “അന്ധത” പിടിപെട്ടുവെന്ന് ഫ്രാങ്ക്ഫർട്ടിലെ നാസൊയിഷെ നോയിയെ പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. സാമാന്യാതീത ശാസ്ത്ര ഗവേഷണ സമിതി വിശകലനം ചെയ്ത ഏതാണ്ട് 70 പ്രവചനങ്ങളിൽ ഒന്നുപോലും നിവൃത്തിയേറിയില്ല. 1997-ൽ അരങ്ങേറിയ ശ്രദ്ധേയമായ സംഭവങ്ങളൊന്നുംതന്നെ ദർശകർക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ഉദാഹരണത്തിന് ഒരു ഭാവി കഥനക്കാരനും ഡയാന രാജകുമാരിയുടെ ആകസ്മിക മരണം മുൻകൂട്ടി അറിയിച്ചിരുന്നില്ല. പല ഭാവി കഥനക്കാരും വളരെ ജാഗരൂകരായിരിക്കുന്നു. സാമ്പത്തിക, രാഷ്ട്രീയ കുഴപ്പങ്ങൾ പോലുള്ള കാര്യങ്ങളുടെ വികാസത്തെക്കുറിച്ചു മാത്രമേ അവർ മുൻകൂട്ടി പറയാൻ ശ്രമിക്കുന്നുള്ളൂ. “പത്രം വായിക്കുന്ന ആർക്കും ഏതെങ്കിലും വിധത്തിലൊക്കെ നിഗമനം ചെയ്യാൻ സാധിച്ചേക്കാവുന്ന കാര്യങ്ങൾ” ആണ് ഇവ എന്ന് ആ ഗവേഷണ സമിതിയിലെ അംഗമായ എഡ്ഗർ വുണ്ടർ പറയുന്നു.
അതീവ അപകട സാധ്യതയുള്ള ലൈംഗികത
1994 മുതൽ 1996 വരെ ഐക്യനാടുകളിലെ റോഡ് ഐലന്റ് ആശുപത്രിയിലെയും ബോസ്റ്റൺ സിറ്റി ആശുപത്രിയിലെയും ഗവേഷകർ എച്ച്ഐവി ബാധിതരായ 203 പേരോട് അവരുടെ ലൈംഗിക ജീവിതത്തെ കുറിച്ച് ചോദിക്കുകയുണ്ടായി. സർവേ സൂചിപ്പിച്ചത് എന്തായിരുന്നു? “എച്ച്.ഐ.വി. ബാധിതരിൽ പത്തിൽ നാലു പേരും ലൈംഗിക പങ്കാളിയോട് തങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിയിച്ചില്ല, ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗം പേരും എപ്പോഴും ഗർഭനിരോധന ഉറ ഉപയോഗിച്ചില്ല,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഇത്തരത്തിൽ എച്ച്ഐവി ബാധയെപ്പറ്റി അറിയിക്കാതിരിക്കുന്നത് സാധാരണമാണ് എന്ന് ഗവേഷകർ പറയുന്നു. “ഇത് അജ്ഞത മൂലമുണ്ടാകുന്ന പ്രശ്നമൊന്നുമല്ല,” റോഡ് ഐലന്റിലെ പ്രോവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റി സ്കൂളിലെ ഡോ. മൈക്കിൾ സ്റ്റയിൻ പറയുന്നു. “എച്ച്.ഐ.വി പകരാനുള്ള സാധ്യതയെക്കുറിച്ച് ആളുകൾക്ക് അറിയാം. [അവർ] ഇക്കാര്യങ്ങളെക്കുറിച്ച് അജ്ഞരല്ല. ഇത് വ്യക്തിഗത ഉത്തരവാദിത്വത്തോടു ബന്ധപ്പെട്ട ഒരു കാര്യമാണ്.”
അമിതവണ്ണവും ഹൃദ്രോഗവും
“മുതിർന്നു കഴിയുമ്പോൾ ഉണ്ടാകുന്ന ഹൃദയധമനീ രോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കുട്ടിക്കാലത്തുള്ള അമിതവണ്ണം തടയുകയാണ്,” ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ടു ചെയ്യുന്നു. അമിതവണ്ണം ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൈപ്പെർലിപ്പെമിയ (രക്തത്തിൽ കൊഴുപ്പിന്റെ ആധിക്യം) ഹൃദയധമനീ രോഗം എന്നിവയും മറ്റ് മാറാരോഗങ്ങളും പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർക്ക് കുറേ കാലമായി അറിയാവുന്നതാണ്. കൊഴുപ്പിന്റെ ഉപഭോഗം നിയന്ത്രിക്കാനും ക്രമമായി വ്യായാമം ചെയ്യാനും ഡോക്ടർമാർ നിർദേശിക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കക്കാരിൽ മൂന്നിൽ ഒരു ഭാഗത്തിന് അമിതവണ്ണം അഥവാ പൊണ്ണത്തടി ഉള്ളതായി പറയപ്പെടുന്നു. “മെച്ചപ്പെട്ട ആഹാരക്രമവും വ്യായാമശീലങ്ങളും കുട്ടികളിൽ ഉൾനട്ടുകൊണ്ട് അമിതവണ്ണം തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ ഒരു സമൂഹമെന്ന നിലയിൽ നമുക്ക് എത്രത്തോളം വിവരങ്ങൾ ആവശ്യമാണ്?” ചിക്കാഗോയിലെ നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ ലിൻഡ വാൻ ഹൊർൺ ചോദിക്കുന്നു. “അതിന്റെ പ്രയോജന സാധ്യതകൾ ഗണനാതീതമാണ്. അമിതവണ്ണം കുറയ്ക്കാത്ത പക്ഷം ഹൃദയധമനീ സംബന്ധമായ ദൂഷ്യഫലങ്ങൾ ഉണ്ടാകുമെന്നു തീർച്ചയാണ്. മാത്രമല്ല, അത് വൈകല്യങ്ങൾ ഉണ്ടാക്കും, പ്രത്യാഘാതങ്ങൾ ചികിത്സിച്ചു ഭേദമാക്കുന്നത് പണച്ചെലവുള്ള സംഗതിയാണ്.” എന്നാൽ ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ വന്ന ഏറ്റവും പുതിയ പഠനത്തിന്റെ ഫലങ്ങൾ, അമിതവണ്ണം ഒരുവന്റെ ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉളവാക്കുന്നില്ലെന്ന് കാണിക്കുന്നു. അമിതവണ്ണം “അകാല മരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നതു ശരിതന്നെ, എന്നാൽ പല വൈദ്യശാസ്ത്ര വിദഗ്ധരും സംശയിച്ചിരുന്നത്രയും ഇല്ലെന്നു മാത്രം,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
അപ്രത്യക്ഷമാകുന്ന വനങ്ങൾ
മാനവ സംസ്കാരത്തിന്റെ കടന്നാക്രമണം ഉണ്ടാകുന്നതിനു മുമ്പ് ഭൂമഖത്തെ മൂടിയിരുന്ന വനങ്ങളുടെ മൂന്നിൽ രണ്ടു ഭാഗത്തോളം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു എന്ന് ആഗോള പ്രകൃതി സംരക്ഷണ നിധി പറയുന്നു. ഈ പ്രശ്നത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ കഠിന ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും നിരവധി രാജ്യങ്ങളിൽ വനങ്ങൾ പെട്ടെന്നുതന്നെ ഇല്ലാതായിത്തീരുന്ന ഘട്ടത്തോളം ഈ പതിറ്റാണ്ടിൽ വനനശീകരണം വർധിച്ചിരിക്കുന്നു. തടിക്കും കൃഷി ചെയ്യാനുമായി വനഭൂമി വെട്ടിത്തെളിക്കുന്നത് മൃഗ-സസ്യ ഇനങ്ങളെ നശിപ്പിക്കുന്നു. തന്നെയുമല്ല, വൃക്ഷങ്ങൾ കത്തിക്കുന്നതു മൂലം ഭൗമാന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നു. ഇത് ആഗോള തപനത്തിലേക്ക് നയിച്ചേക്കുമെന്ന് പലരും ഭയപ്പെടുന്നു. 2000-ാം ആണ്ടോടെ ലോകത്തിനു ചുറ്റുമുള്ള എല്ലാത്തരം വനങ്ങളുടെയും 10 ശതമാനമെങ്കിലും സംരക്ഷിക്കാൻ ആഗോള പ്രകൃതി സംരക്ഷണ നിധി പ്രോത്സാഹിപ്പിക്കുന്നതായി ലണ്ടനിലെ ഗാർഡിയൻ പത്രം റിപ്പോർട്ടു ചെയ്യുന്നു.
ലോകവ്യാപകമായ ഭക്ഷ്യ ക്ഷാമം കണക്കാക്കുന്നു
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം പറയുന്നത് അനുസരിച്ച് “ജനസംഖ്യ കുറയുകയും കാർഷിക ഉത്പാദനം ഗണ്യമായി വർധിക്കുകയും ചെയ്യാത്തപക്ഷം 2025-ാം ആണ്ടോടെ ലോകത്തിലെ 800 കോടി ആളുകൾക്ക് ആവശ്യത്തിന് ആഹാരമുണ്ടായിരിക്കുകയില്ല” എന്ന് അസോസ്സിയേറ്റഡ് പ്രസ്സ് റിപ്പോർട്ടു പറയുന്നു. “ഒരു സ്ത്രീക്ക് രണ്ടു കുട്ടികൾ എന്ന നിരക്കിൽ സന്താനോത്പാദന തോത് കുറയുന്നില്ലെങ്കിൽ” ആളുകൾ ആരോഗ്യമുള്ളവരായിരിക്കാൻ “സുരക്ഷിതവും പോഷകസമൃദ്ധവുമായ ആഹാരം” ആവശ്യത്തിന് ഉണ്ടായിരിക്കുന്നതിന് ഭക്ഷ്യോത്പാദനം 2025-ാം ആണ്ടോടെ ഇരട്ടിയായി വർധിപ്പിക്കേണ്ടിവരും എന്ന് ഗവേഷകർ മുൻകൂട്ടി പറയുന്നു. ഇതിനു പുറമേ ജലക്ഷാമം, കര മലിനീകരണം, മണ്ണൊലിപ്പ് മൂലമുള്ള മേൽമണ്ണിന്റെ സ്ഥിരമായ നഷ്ടം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ഈ പ്രശ്നത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ഇന്ന് ഭൂമിയിൽ ജീവക്കുന്ന 600 കോടി ജനങ്ങളെയും പോറ്റാൻ ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വർഷംതോറും 1.8 കോടി ആളുകൾ പട്ടിണി മൂലം മരിക്കുന്നു.
അപ്രത്യക്ഷമാകുന്ന ഓറിനോക്കോ ചീങ്കണ്ണി
കരാക്കസിലെ എസ്റ്റാമ്പാസ് മാസിക പറയുന്നത് അനുസരിച്ച് വെനെസ്വേലയിലെ ഓറിനോക്കോ നദിയിലെ ചീങ്കണ്ണികൾ അപകടത്തിലാണ്. 1930 മുതൽ ഈ ജീവികളെ അവയുടെ തുകലിനുവേണ്ടി വേട്ടയാടുന്നു. ആ കാലത്ത് “വെനെസ്വേലയിൽ മനുഷ്യരെക്കാൾ അധികം ചീങ്കണ്ണികൾ ഉണ്ടായിരുന്നു” എന്ന് ആ മാസിക പറയുന്നു. എന്നാൽ 1931-നും 1934-നും ഇടയ്ക്ക് 45 ലക്ഷത്തോളം ചീങ്കണ്ണികളിൽ നിന്ന് എടുത്ത 15 ലക്ഷത്തോളം കിലോ തുകൽ കയറ്റുമതി ചെയ്തിരുന്നു. 1950-ഓടെ, “വർഷങ്ങളോളം ഇടതടവില്ലാതെ നടത്തിയ വേട്ടയാടലിനുശേഷം,” ചീങ്കണ്ണികളുടെ എണ്ണം നന്നേ കുറഞ്ഞു. തന്മൂലം 30,000 കിലോ തുകൽ “മാത്രമേ” കയറ്റുമതി ചെയ്യാൻ സാധിച്ചുള്ളൂ. ഇന്ന് 3,000-ത്തിൽ താഴെ ഓറിനോക്കോ ചീങ്കണ്ണികളേ അവശേഷിക്കുന്നുള്ളൂ. വെനെസ്വേലയിലെ, മനുഷ്യരാലുള്ള വംശനാശ ഭീഷണി നേരിടുന്ന മറ്റ് 312 ജീവിവർഗങ്ങളുടെ കൂട്ടത്തിൽ ഇവയും പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.
ഭയഗംഭീരമായ നക്ഷത്ര ശക്തി
നമ്മുടെ ഗ്യാലക്സിയിലുള്ള ഒരു നക്ഷത്രം, “നീല ചരകാന്തി നക്ഷത്രം” എന്നു വിളിക്കപ്പെടുന്ന ഒരു അപൂർവ ഇനമാണെന്നുള്ളതിന് അടുത്തയിടെ ഹബിൾ ദൂരദർശിനിയിലൂടെ കൂടുതലായ തെളിവുകൾ ലഭിച്ചു. ജോതിശ്ശാസ്ത്രജ്ഞന്മാർ പറയുന്നത് അനുസരിച്ച് പ്രകാശം ചൊരിയുന്ന ഈ നക്ഷത്രത്തിനും ചുറ്റുമുള്ള നക്ഷത്രപടലത്തിനും ഒരു തോക്കിന്റെ ആകൃതിയാണുള്ളത് അതുകൊണ്ട് അതിന് കൈത്തോക്ക് എന്നാണു പേരിട്ടിരിക്കുന്നത്. കൈത്തോക്ക് ചുരുങ്ങിയത് നമ്മുടെ സൂര്യനെക്കാൾ 60 മടങ്ങ് ഘനമേറിയതും ഏതാണ്ട് ഒരു കോടി മടങ്ങ് ശക്തവുമാണെന്നു കണക്കാക്കപ്പെടുന്നു. “ആകാശത്തുള്ള നക്ഷത്രങ്ങളിൽ ഏറ്റവും ശക്തമായത്” അതായിരിക്കാമെന്ന് സയൻസ് ന്യൂസ് മാഗസിൻ പറയുന്നു. എന്നാൽ പൊടിപടലം മൂടിയിരിക്കുന്നതിനാൽ ഇൻഫ്രാറെഡ് ഡിറ്റക്റ്ററുകൾ ഉപയോഗിച്ചു മാത്രമേ നക്ഷത്രത്തെ കാണാൻ സാധിക്കുകയുള്ളൂ. ഭൂമിയിൽനിന്ന് 25,000 പ്രകാശ വർഷം അകലെ സ്ഥിതി ചെയ്യുന്ന കൈത്തോക്ക് 1990-കളിൽ മാത്രം കണ്ടുപിടിക്കപ്പെട്ടതിനുള്ള കാരണം അത് വ്യക്തമാക്കുന്നു. നമ്മുടെ ഗ്യാലക്സിയിൽ ഇത്തരത്തിലുള്ള മറ്റ് ആറ് നക്ഷത്രങ്ങൾ കൂടെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
വാഹനമോടിക്കലും ഫോൺ ചെയ്യലും—ഒരുമിച്ചു ചെയ്യുന്നത് അപകടം
കാർ ഓടിക്കുമ്പോൾ ഫോൺ ചെയ്യുന്നവർ അറിയാതെതന്നെ ഗുരുതരമായ പിഴവുകൾ വരുത്തിയേക്കാം. ജർമനിയിലെ ജനറൽ ഓട്ടോമൊബൈൽ ക്ലബ്ബിനായി നടത്തിയ ഒരു പരീക്ഷണം എത്തിച്ചേർന്ന നിഗമനമാണിത്. പരീക്ഷണമെന്ന നിലയിൽ ഡ്രൈവർമാരോട് മൂന്നു പ്രാവശ്യം വണ്ടിയോടിക്കാൻ ആവശ്യപ്പെട്ടു. ആദ്യത്തെ പ്രാവശ്യം അവർ ടെലഫോൺ ഉപയോഗിച്ചില്ല. രണ്ടാമത്തെ പ്രാവശ്യം അവർ കൈകൊണ്ടു പിടിക്കേണ്ടതില്ലാത്ത മൊബൈൽ ഫോണും മൂന്നാമത്തെ പ്രാവശ്യം കൈകൊണ്ടു പിടിക്കേണ്ടതായ ഫോണും ഉപയോഗിച്ചു. പരീക്ഷയിൽ ഡ്രൈവർമാർ എത്രത്തോളം മികവു കാട്ടി? ശരാശരി എടുത്തപ്പോൾ, ടെലഫോൺ ഉപയോഗിക്കാഞ്ഞ ഡ്രൈവർമാർ ബ്രേക്ക് ചവിട്ടുന്നതിലും ഗതി മാറാതെ വണ്ടിയോടിക്കുന്നതിലും 0.5 പിഴവുകൾ വരുത്തി. കൈകൊണ്ട് പിടിക്കേണ്ടതില്ലാത്ത ഫോൺ ഉപയോഗിച്ചവർ 5.9-ഉം കൈകൊണ്ട് പിടിക്കുന്ന ഫോൺ ഉപയോഗിച്ചവർ 14.6 പിഴവുകളും വരുത്തി. അതുകൊണ്ട് വണ്ടിയോടിക്കുമ്പോൾ കൈയിൽ പിടിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നത് “വളരെയധികം അപകടകരമാണ്” എന്ന് പഠനം നിഗമനം ചെയ്യുന്നതായി സ്യൂററ്ഡോയിച്ച് ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു.