ആഗോള പ്രിയം നേടിയിരിക്കുന്ന ലാറ്റിൻ സംഗീതം
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
ലോകമെമ്പാടുമായി സ്പാനീഷ് സംസാരിക്കുന്ന 40 കോടിയിലധികം ആളുകളുണ്ട്. മാൻഡറിനും ഹിന്ദിയും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മാതൃഭാഷ ആണ് സ്പാനിഷ്. അപ്പോൾപ്പിന്നെ, ലാറ്റിൻ അമേരിക്കൻ സംഗീതം അനേകർക്കും പരിചിതമായിരിക്കുന്നതിൽ അതിശയിക്കാനില്ല. മാമ്പോ, ചാച്ചാ, മെറെങ്കേ, സാൾസ എന്നിവയുടെ താളം ശ്രവിക്കുന്നതും അവയ്ക്കൊത്തു നൃത്തംവെക്കുന്നതും ലോകമെമ്പാടുമുള്ള ആളുകൾ ആസ്വദിക്കുന്നു.
ഈ സംഗീതം ഇത്ര ജനപ്രീതി ആർജിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? അത് ജീവസ്സുറ്റതും ഹൃദ്യവും ആണ് എന്നതാണ് ഒരു കാരണം. ലാറ്റിൻ അമേരിക്കക്കാരിൽ പലരും ഉഷ്ണമേഖലയുടെ പ്രത്യേകതയായ ദ്രുതതാളങ്ങൾ ഇഷ്ടപ്പെടുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് പശ്ചിമാഫ്രിക്കയിൽനിന്നുള്ള അടിമകളാണ് ഈ താളങ്ങളിൽ ചിലത് ലാറ്റിൻ അമേരിക്കയ്ക്കു പരിചയപ്പെടുത്തിയത്. എന്നാൽ, ലാറ്റിൻ അമേരിക്കക്കാരല്ലാത്ത ചിലർ ആവർത്തിച്ചുള്ള ചെണ്ടകൊട്ടുകളോടുകൂടിയ ദ്രുതഗതിയിലുള്ള ചില ഈണങ്ങൾ മനസ്സിലാക്കുന്നതും ആസ്വദിക്കുന്നതും ബുദ്ധിമുട്ടായി കണ്ടെത്തുന്നു.
മന്ദഗതിയിലുള്ളതും ശൃംഗാരാർദ്രവും ശോകാത്മകവുമായ ലാറ്റിൻ സംഗീതങ്ങളുമുണ്ട്. ഉദാഹരണത്തിന്, ലാറ്റിൻ അമേരിക്കൻ ബൊലെറോ പല രാജ്യങ്ങളിലെയും ആളുകൾ എക്കാലത്തും ഇഷ്ടപ്പെട്ടിട്ടുള്ള ഒരു സംഗീത രൂപമാണ്. ബൊലെറോ അവതരിപ്പിക്കുന്നത് സാധാരണ ഗതിയിൽ മൂന്നുപേരടങ്ങിയ ഗണങ്ങളായിരുന്നു. അത് ശൃംഗാരാർദ്രവും കാവ്യാത്മകവുമായിരുന്നു. 1940-കളിലും 1950-കളിലും വളരെയധികം ജനപ്രീതി ആർജിച്ചിരുന്ന ബൊലെറോ അടുത്തകാലത്ത് കൊച്ചു കലാകാരന്മാരുടെ ചുണ്ടുകളിൽ വായ്പ്പാട്ടിന്റെ രൂപത്തിൽ മടങ്ങിയെത്തിയിരിക്കുന്നു. ആകർഷകമായ വസ്ത്രങ്ങളും വീതിയുള്ള വിളുമ്പുള്ള വലിയ തൊപ്പികളും വ്യതിരിക്ത സംഗീതവുമുള്ള മെക്സിക്കൻ മാരിയാച്ചികളും ലോകമെമ്പാടും അറിയപ്പെടുന്നവരാണ്.
മെറെങ്കേ, സാൾസ, റ്റെക്സ്-മെക്സ്
മെറെങ്കേയും സാൾസയും പല രാജ്യങ്ങളിലും വളരെയധികം ജനപ്രീതി ആർജിച്ചിരിക്കുന്നു. ഈ താളങ്ങൾ പുതിയവയല്ല. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഹെയ്റ്റിയിലുമായിരുന്നു മെറെങ്കേയുടെ ഉത്ഭവം. ‘അതിദ്രുതവും ആവർത്തന സ്വഭാവമുള്ളതും സാംക്രമികവും ആസ്വാദ്യവും’ എന്ന് അതു വർണിക്കപ്പെട്ടിരിക്കുന്നു. മെറെങ്കേ എന്ന സ്പാനീഷ് പദത്തിന്റെ അർഥം കേവലം മെറാങ്ങ് എന്നാണ്. പഞ്ചസാരയും മുട്ടയുടെ വെള്ളയും കൂടി നന്നായി അടിച്ചുപതച്ച് ഉണ്ടാക്കുന്ന ഒരു മധുരപലഹാരമാണ് അത്. മെറെങ്കേ നർത്തകരുടെ ഊർജസ്വലമായ ചലനങ്ങൾ നിരീക്ഷിക്കുന്ന ഒരാൾ ആ പേര് അതിന് അനുയോജ്യമാണെന്ന് എളുപ്പത്തിൽ തിരിച്ചറിയും.
വിവിധയിനം താളങ്ങൾ ഉൾക്കൊള്ളുന്നതാണ് സാൾസ എന്ന സംഗീതരൂപം. അവയിൽ മിക്കതും ക്യൂബയിൽനിന്നും പോർട്ടോറിക്കോയിൽനിന്നും ആണ് ഉത്ഭവിച്ചത്. സാൾസ എന്ന സ്പാനീഷ് പദത്തിന്റെ അർഥം “സോസ്” എന്നാണ്. കരീബിയനിലെമ്പാടുനിന്നും ഉള്ള സംഗീതകാരന്മാർ ന്യൂയോർക്ക് നഗരത്തിൽ ഒരുമിച്ചപ്പോഴുണ്ടായ സംഗീതലയനത്തിന്റെ ഫലമായാണ് സാൾസ രൂപംകൊണ്ടതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അവിടെനിന്ന് അതു ലോകമെമ്പാടും വ്യാപിച്ചു.
ഐക്യനാടുകളിലെ ഒരു ലാറ്റിൻ അമേരിക്കൻ പാട്ടുകാരിയായിരുന്ന സെലേനാ 1995-ൽ കൊല്ലപ്പെട്ടത് അവളുടെ പാട്ടുകൾ അവൾ ജീവിച്ചിരുന്നപ്പോഴത്തേതിനെക്കാൾ പ്രസിദ്ധിയാർജിക്കുന്നതിന് ഇടയാക്കി. അവൾ അമേരിക്കൻ നാടോടി സംഗീതത്തിന്റെയും നൊർടേന്യോ (ഉത്തര മെക്സിക്കൻ) താളങ്ങളുടെയും മിശ്രിതം എന്ന് വർണിക്കപ്പെട്ടിരിക്കുന്ന റ്റെക്സ്-മെക്സ് സംഗീതത്തിന്റെ റാണിയായി അറിയപ്പെട്ടു. ഈ സംഗീതം ഇംഗ്ലീഷിലും സ്പാനീഷിലും സ്പാനീഷും ഇംഗ്ലീഷും ചേർന്നുണ്ടായ സ്പാംഗ്ലീഷിലും ആലപിക്കപ്പെടുന്നു. ഐക്യനാടുകളിലും ലാറ്റിൻ അമേരിക്കയിലുമുള്ള ലാറ്റിൻ അമേരിക്കക്കാരുടെ ഇടയിൽ ഈ സംഗീതം വളരെ പ്രസിദ്ധിയാർജിച്ചിരിക്കുന്നു.
സംഗീതവും നൃത്തവും സംബന്ധിച്ച സന്തുലിത വീക്ഷണം
ഉല്ലാസം പകരുന്ന മറ്റനേകം സംഗതികളെയുംപോലെ തന്നെ സംഗീതവും മിതമായ തോതിൽ ആസ്വദിക്കുന്നതാണ് ഏറ്റവും ആസ്വാദ്യം. (സദൃശവാക്യങ്ങൾ 25:16) ക്രിസ്ത്യാനികൾ സംഗീതം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധയുള്ളവരാണ്. ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.” (എഫെസ്യർ 5:15, 16) ചില പാട്ടുകളുടെ പ്രതിപാദ്യവിഷയങ്ങൾ അനാദര സൂചകവും അധാർമികവും പൈശാചികവുമാണെന്ന കാര്യം എല്ലാവർക്കുമറിയാം. ലാറ്റിൻ സംഗീതവും അത്തരം ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽനിന്നു വിമുക്തമല്ല.
ചില ലാറ്റിൻ പാട്ടുകൾ അസഭ്യ പദങ്ങളെ വിശേഷവത്കരിക്കുന്നവയാണ്. മറ്റുചിലതിൽ ദ്വയാർഥ പ്രയോഗങ്ങൾ ഉൾപ്പെടുന്നു. ഇനിയും ചിലത് കാമോദ്ദീപകമോ ലൈംഗിക കാര്യങ്ങൾ പച്ചയായി വർണിക്കുന്നവയോ ആണ്. രാഷ്ട്രീയ വിവാദവിഷയങ്ങളെയും അക്രമത്തെയും മത്സരത്തെയും വിശേഷവത്കരിക്കുന്ന അനേകം പാട്ടുകളുമുണ്ട്. ഉദാഹരണത്തിന്, കോറിഡോ എന്നറിയപ്പെടുന്ന മെക്സിക്കൻ സംഗീതം പല ലാറ്റിൻ അമേരിക്കക്കാരും ദീർഘനാളായി ഇഷ്ടപ്പെടുന്ന ഒരു സംഗീത രൂപമാണ്. എന്നാൽ നാർകോ കോറിഡോ എന്നറിയപ്പെടുന്ന ഒരു പുതിയ ഇനം കോറിഡോ അടുത്തയിടെ ജനപ്രീതി ആർജിച്ചുവരുന്നുണ്ട്. ഈ പാട്ടുകൾ നിയമവിരുദ്ധ മയക്കുമരുന്നു വ്യാപാരികളെ വീരപുരുഷന്മാരായി ചിത്രീകരിച്ചുകൊണ്ട് അവരുടെ അക്രമ കഥകൾ വർണിക്കുന്നു. മദ്യാസക്തിയെയും പുരുഷമേധാവിത്വത്തെയും ദേശീയവാദത്തെയും കീർത്തിക്കുന്ന ചില മാരിയാച്ചി പാട്ടുകളും ദ്രോഹകരമായ വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. മെറെങ്കേ, സാൾസ എന്നിവയിലെയും മറ്റു ലാറ്റിൻ സംഗീത രൂപങ്ങളിലെയും പദങ്ങളും ഇതുപോലെതന്നെ ഉത്കണ്ഠ ഉണർത്തുന്നവയാണ്.
ലാറ്റിൻ സംഗീതം ആസ്വദിക്കുന്ന ചിലർക്ക് അതിലെ പദങ്ങളുടെ അർഥം മനസ്സിലാകുന്നില്ല. അങ്ങനെ അവർ അറിയാതെ ലൈംഗിക അധാർമികത, അക്രമം, ഗൂഢവിദ്യ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ ആസ്വദിക്കുന്നതിന് ഇടയാകുന്നു. ഇനി സ്പാനിഷ് അറിയാവുന്നവർ തന്നെ, ആകർഷകവും ഹൃദ്യവുമായ താളങ്ങൾക്കൊത്ത് നൃത്തം വെക്കുമ്പോൾ സംശയാസ്പദമായ ഗാനങ്ങളിലെ പദങ്ങളെക്കുറിച്ച് വിസ്മരിച്ചുപോയേക്കാം. എന്നാൽ, ബൈബിൾ നിലവാരങ്ങളോടുള്ള ആഴമായ ആദരവ് നമ്മുടെ ഭവനങ്ങളിലും സാമൂഹിക കൂടിവരവുകളിലും വെക്കുന്ന ഓരോ ഗാനത്തെയും ശ്രദ്ധാപൂർവം പരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. അത് ദൈവത്തിന് അപ്രീതികരമായ പദങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകൾ ശ്രവിക്കുകയോ അവയുടെ താളത്തിനൊത്തു നൃത്തം ചെയ്യുകയോ ചെയ്യുന്നതിൽനിന്നു നമ്മെ തടയും.
നാം നൃത്തംചെയ്യുന്ന വിധം മറ്റുള്ളവർക്ക് ഇടർച്ച വരുത്താതിരിക്കാനും ശ്രദ്ധിക്കണം. (1 കൊരിന്ത്യർ 10:23, 24) തങ്ങളുടെ മാന്യത കവർന്നു കളയുന്ന വിധത്തിൽ അശ്രദ്ധമായി നിയന്ത്രണം വിട്ടു നൃത്തം ചെയ്യാതിരിക്കാൻ ക്രിസ്ത്യാനികൾ ശ്രദ്ധയുള്ളവരാണ്. മനഃപൂർവം വികാരം ഉദ്ദീപിപ്പിക്കുന്ന വിധത്തിൽ നൃത്തം ചെയ്യാനും അവർ ആഗ്രഹിക്കുകയില്ല. തങ്ങളുടെ നൃത്തം ദാമ്പത്യ അടുപ്പത്തിന്റെ അനുചിതമായ പരസ്യ പ്രകടനം ആയിത്തീരാതിരിക്കാൻ തക്കവണ്ണം വിവാഹിത ദമ്പതികൾ നല്ല വിവേചനം പ്രകടമാക്കുന്നു.
സംഗീതം എത്ര ഉച്ചത്തിൽ വെക്കുന്നു എന്നതിലും സാമൂഹിക കൂടിവരവുകളുടെ ദൈർഘ്യത്തിലും മിതത്വം പാലിക്കുന്നതും ക്രിസ്തീയ സമനിലയിൽ ഉൾപ്പെടുന്നു. യഹോവയുടെ ആരാധകർക്ക് തീർച്ചയായും അതിരാവിലെ വരെ നീളുന്നതും കാതടപ്പിക്കുന്ന സംഗീതം സവിശേഷതയായുള്ളതുമായ “വെറിക്കൂത്തു”കളിൽ ഏർപ്പെടാതെ സംഗീതം ആസ്വദിക്കാവുന്നതാണ്. ബൈബിൾ ഇങ്ങനെ അനുശാസിക്കുന്നു: “കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.”—1 പത്രൊസ് 4:3.
അധാർമികത മുറ്റിനിൽക്കുന്നതാണ് ഇന്നത്തെ വിനോദങ്ങളെങ്കിലും ഒരുവന് ആസ്വദിക്കാൻ കഴിയുന്ന ആരോഗ്യാവഹമായ അനേകം സംഗീത രൂപങ്ങളുണ്ട്. സംഗീതം ദൈവത്തിൽനിന്നുള്ള വിശിഷ്ടമായ ഒരു ദാനമാണ്. “എല്ലാററിന്നും ഒരു സമയമുണ്ടു; ആകാശത്തിൻകീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു. . . . വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്വാൻ ഒരു കാലം” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:1, 4) ജീവസ്സുറ്റതും ആനന്ദം വ്യാപരിപ്പിക്കുന്നതുമായ സംഗീതം നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ലാറ്റിൻ സംഗീതത്തിന്റെ ആകർഷകമായ താളങ്ങൾ ശ്രവിക്കുന്നതും അവയ്ക്കൊത്ത് നൃത്തം ചെയ്യുന്നതും നിങ്ങൾ തീർച്ചയായും ആസ്വദിക്കും. എന്നാൽ അതോടൊപ്പം നിങ്ങൾ മിതത്വവും ക്രിസ്തീയ സമനിലയും പാലിക്കുകയും ചെയ്യും.—1 കൊരിന്ത്യർ 10:31; ഫിലിപ്പിയർ 4:8.