സുരക്ഷിത ജീവിതത്തിനായുള്ള അന്വേഷണം
സുരക്ഷിതത്വം. പലരും അതിനെ പല തരത്തിൽ വ്യാഖ്യാനിക്കുന്നു. ഒരാളെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വം എന്നാൽ ഒരു തൊഴിൽ ഉണ്ടായിരിക്കുക എന്നാണ്; വേറൊരാൾക്ക് അതു സമ്പത്തും മൂന്നാമതൊരാൾക്ക് അത് കുറ്റകൃത്യരഹിത ചുറ്റുപാടും ആണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വം മറ്റെന്തെങ്കിലുമാണോ അർഥമാക്കുന്നത്?
നിങ്ങളുടെ വീക്ഷണം എന്തുതന്നെ ആയിരുന്നാലും, ജീവിതം പരമാവധി സുരക്ഷിതം ആക്കാനുള്ള ശ്രമത്തിൽ നിങ്ങൾ പല നടപടികളും സ്വീകരിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. ഒരു പരിധി വരെ എങ്കിലും വ്യക്തിപരമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ യൂറോപ്പിലെ ജനങ്ങൾ ചെയ്യുന്നത് എന്തൊക്കെയെന്നു പരിചിന്തിക്കുക.
ഉന്നത വിദ്യാഭ്യാസം
യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായ ഷാക് സാന്റേയുടെ അഭിപ്രായത്തിൽ, യൂറോപ്യൻ യൂണിയനിലെ 20 ശതമാനം യുവജനങ്ങളും തൊഴിൽരഹിതരാണ്. തന്മൂലം, അവരെ സംബന്ധിച്ചിടത്തോളം, നിരവധി കാര്യങ്ങളും ഈ ചോദ്യത്തെ ആശ്രയിച്ചിരിക്കുന്നു: ജീവിതം സുരക്ഷിതം ആക്കുന്ന ഒരു തൊഴിൽ എനിക്കെങ്ങനെ കണ്ടെത്താനാകും? ഉന്നത വിദ്യാഭ്യാസത്തിലൂടെ ആ ലക്ഷ്യം നേടിയെടുക്കാം എന്നാണു പലരും വിശ്വസിക്കുന്നത്. അത്തരം വിദ്യാഭ്യാസം, വിദ്യാർഥികൾക്ക് “തൊഴിൽ കമ്പോളത്തിൽ കാര്യമായ പ്രയോജനം ചെയ്യും” എന്ന് ലണ്ടനിലെ ദ സൺഡേ ടൈംസ് പറയുന്നു.
ഉദാഹരണത്തിന്, ജർമനിയിൽ “ഉന്നത വിദ്യാഭ്യാസത്തിനുള്ള വാഞ്ഛ എന്നത്തെയും പോലെതന്നെ ശക്തമാണ്” എന്ന് നാസൊയിഷെ നോയിയെ പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. അവിടെ, ഒരു സർവകലാശാലാ കോഴ്സ് പൂർത്തിയാക്കാൻ ഒരു വിദ്യാർഥി ശരാശരി 22,00,000 രൂപ ചെലവഴിക്കേണ്ടി വരുന്നു എന്ന വസ്തുതയൊന്നും ഒരു വിഷയമല്ല.
വിദ്യാഭ്യാസത്തെ ഗൗരവമായി എടുക്കുകയും തൊഴിൽ സുരക്ഷ ആഗ്രഹിക്കുകയും ചെയ്യുന്ന യുവജനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. തൊഴിൽ വൈദഗ്ധ്യങ്ങളും യോഗ്യതകളുമുള്ള ഒരാൾക്ക് തൊഴിൽ സമ്പാദിക്കാൻ എളുപ്പമാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസം എല്ലായ്പോഴും തൊഴിൽ സുരക്ഷിതത്വം പ്രദാനം ചെയ്യുന്നുണ്ടോ? ഒരു വിദ്യാർഥിനി ഇങ്ങനെ പറഞ്ഞു: “ഞാൻ എടുത്തിരിക്കുന്ന കോഴ്സ്, അതിനു തക്ക ഒരു തൊഴിൽ സമ്പാദിക്കാൻ എന്നെ സഹായിക്കില്ലെന്നും തൊഴിൽ സുരക്ഷിതത്വം പ്രദാനം ചെയ്യില്ലെന്നും എനിക്കു തുടക്കത്തിലേ അറിയാമായിരുന്നു.” ആ പെൺകുട്ടിയുടേത് ഒറ്റപ്പെട്ട കേസല്ല. ഒരു സമീപ വർഷത്തിൽ, ജർമനിയിൽ തൊഴിൽരഹിത സർവകലാശാലാ ബിരുദധാരികളുടെ എണ്ണം സർവകാല അത്യുച്ചത്തിൽ എത്തി.
യുവജനങ്ങൾക്ക് ഇടയിലെ വർധിച്ച നിരക്കിലുള്ള തൊഴിലില്ലായ്മയുടെ വീക്ഷണത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനു യാതൊരു വിലയും ഇല്ലാത്തതിനാലാണു ഫ്രാൻസിൽ യുവജനങ്ങൾ സർവകലാശാലാ വിദ്യാഭ്യാസം നേടുന്നതെന്ന് ഒരു വർത്തമാനപത്രം വ്യക്തമാക്കി. എന്നാൽ, “ഡിഗ്രി ഉണ്ടെങ്കിൽ പോലും അതുകൊണ്ടു കാര്യമായ മെച്ചമൊന്നും ഇല്ല” എന്ന് പല സർവകലാശാലാ വിദ്യാർഥികളും തിരിച്ചറിയുന്നു. ബ്രിട്ടനിൽ “സർവകലാശാലാ വിദ്യാഭ്യാസ ജീവിതത്തിലെ സമ്മർദം വിദ്യാർഥികളിൽ ഭയങ്കര ക്ഷതമേൽപ്പിക്കുന്നു” എന്ന് ദി ഇൻഡിപെന്റന്റ് റിപ്പോർട്ടു ചെയ്യുന്നു. ജീവിതത്തിലെ അരക്ഷിതാവസ്ഥയെ നേരിടാൻ വിദ്യാർഥികളെ സഹായിക്കുന്നതിനു പകരം സർവകലാശാലാ ജീവിതം ചിലപ്പോഴൊക്കെ അവർക്കിടയിൽ വിഷാദം, ഉത്കണ്ഠ, ആത്മാഭിമാനക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കു വഴിമരുന്നിടുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.
മിക്കപ്പോഴും, സുരക്ഷിതമായ തൊഴിൽ സമ്പാദിക്കുന്നതിന് സർവകലാശാലാ ബിരുദത്തെക്കാൾ കൂടുതൽ സഹായകം ആയിരിക്കുന്നത് ഒരു തൊഴിൽ പഠിക്കുന്നതോ ഏതെങ്കിലും ഉത്പാദന മേഖലയിൽ പ്രായോഗിക പരിശീലനം നേടുന്നതോ ആണ്.
10,000 സാധനസാമഗ്രികൾ ഉണ്ടായിരുന്നാൽ മതിയോ?
സുരക്ഷിത ജീവിതത്തിന്റെ രഹസ്യം സമ്പത്താണെന്നു പലരും കരുതുന്നു. അതു നല്ല ഒരു സമീപനമാണെന്നു തോന്നിയേക്കാം. കാരണം ബാങ്കിൽ കാര്യമായ നിക്ഷേപം ഉണ്ടെങ്കിൽ പ്രയാസ കാലത്ത് അത് ഉപകരിക്കും. ‘ധനം പരിരക്ഷ നൽകുന്നു’ എന്നു ബൈബിൾ വിശദീകരിക്കുന്നു. (സഭാപ്രസംഗി 7:12, പി.ഒ.സി. ബൈബിൾ) എന്നാൽ, സമ്പൽസമൃദ്ധി എല്ലായ്പോഴും വ്യക്തിഗത സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നുണ്ടോ?
അവശ്യം മെച്ചപ്പെടുത്തണമെന്നില്ല. കഴിഞ്ഞ 50 വർഷമായി സമ്പത്തു വർധിച്ചതിനെ കുറിച്ചു പരിചിന്തിക്കുക. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ ജർമൻ ജനതതിയിൽ ഒരു വലിയ പങ്ക് ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്നു. എന്നാൽ, ഇന്ന് ഒരു ജർമൻ വർത്തമാനപത്രം പറയുന്നത് അനുസരിച്ച് ഒരു സാധാരണ ജർമൻകാരന്റെ പക്കൽ 10,000 സാധനസാമഗ്രികൾ ഉണ്ട്. സാമ്പത്തിക പ്രവചനങ്ങൾ ശരിയാണെന്നു വരികിൽ, വരും തലമുറ അതിലുമധികം വസ്തുവകകൾ സ്വന്തമാക്കും. എന്നുവരികിലും, ഇങ്ങനെ സമ്പത്തു കുന്നുകൂട്ടുന്നത് ജീവിതം കൂടുതൽ സുരക്ഷിതം ആക്കി തീർക്കുമോ? ഇല്ല. ജർമനിയിൽ നടത്തിയ ഒരു സർവേ അനുസരിച്ച്, 3-ൽ 2 പേർ വിചാരിക്കുന്നത് 20-ഓ 30-ഓ വർഷം മുമ്പ് ജീവിതം ഇന്നത്തെക്കാൾ സുരക്ഷിതം ആയിരുന്നു എന്നാണ്. അതുകൊണ്ട്, സമ്പത്തിന്റെ വലിയ വർധനവ് ആളുകൾക്കു കൂടുതൽ സുരക്ഷിതത്വം തോന്നാൻ ഇടവരുത്തിയിട്ടില്ല.
അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാരണം, മുൻ ലേഖനത്തിൽ പരാമർശിച്ച പ്രകാരം അരക്ഷിതത്വ ബോധം ഒരു വൈകാരിക ഭാരമാണ്. ഭൗതിക സമ്പത്തിന് ഒരു വൈകാരിക ഭാരം പൂർണമായി ഇല്ലാതാക്കാൻ സാധിക്കില്ല. തീർച്ചയായും, സമ്പത്ത് ദാരിദ്ര്യത്തെ ദൂരീകരിക്കുന്നു, ദുർഘട സമയങ്ങളിൽ അതു വളരെ ഉപകരിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ, ധാരാളം പണം ഉണ്ടായിരിക്കുന്നത് ദാരിദ്ര്യം പോലെതന്നെ ഒരു ഭാരമാണ്.
അതുകൊണ്ട്, സമ്പത്ത് ഒരു അനുഗ്രഹം ആണെങ്കിലും സുരക്ഷിത ജീവിതത്തിനുള്ള താക്കോൽ അല്ലെന്നു മനസ്സിൽ പിടിക്കാൻ ഭൗതിക സ്വത്തുക്കളെ സംബന്ധിച്ച സമനിലയുള്ള ഒരു മനോഭാവം നമ്മെ സഹായിക്കും. യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ തന്റെ ശിഷ്യന്മാരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.” (ലൂക്കൊസ് 12:15) ജീവിതത്തിൽ പരിപൂർണ സുരക്ഷിതത്വം തോന്നുന്നതിന് ഒരു വ്യക്തിക്ക് ഭൗതിക സ്വത്തുക്കൾ മാത്രം ഉണ്ടായിരുന്നാൽ പോരാ.
പ്രായം ചെന്നവർ വസ്തുവകകൾക്കു പ്രാധാന്യം കൽപ്പിക്കുന്നതിന്റെ കാരണം അവയുടെ സാമ്പത്തിക മൂല്യമല്ല, മറിച്ച് അവർ അതിനു കൽപ്പിക്കുന്ന വൈകാരിക മൂല്യമാണ്. സമ്പത്തല്ല, കുറ്റകൃത്യത്തിന് ഇരയാകുന്നതാണു പ്രായംചെന്നവരെ കൂടുതൽ ഉത്കണ്ഠാകുലർ ആക്കുന്നത്.
സൂക്ഷിക്കുക!
“കുറ്റകൃത്യം . . . കഴിഞ്ഞ 30 വർഷമായി ലോകമെമ്പാടും ആഞ്ഞടിക്കുകയാണ്” എന്ന് ബ്രിട്ടനിൽ പ്രസിദ്ധീകരിച്ച, കുറ്റകൃത്യം തടയാനുള്ള പ്രായോഗിക മാർഗങ്ങൾ (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം പറയുന്നു. പൊലീസ് സേനകൾ പരമാവധി പരിശ്രമിക്കുന്നുണ്ട്. ചിലർ കുറ്റകൃത്യത്തെ നേരിടുന്നത് എങ്ങനെയാണ്?
വ്യക്തിപരമായ സുരക്ഷിതത്വം കുടുംബത്തിൽ തുടങ്ങുന്നു. ഉദാഹരണത്തിന്, സ്വിറ്റ്സർലൻഡിൽ ഒരു വാസ്തുശിൽപ്പി, മോഷ്ടാക്കൾക്കു പ്രവേശിക്കാനാകാത്ത, സുരക്ഷാ താഴുകളും അത്യന്തം ബലിഷ്ഠമായ വാതിലുകളും കമ്പിയഴി പിടിപ്പിച്ച ജനാലകളും ഉള്ള വീടുകൾ രൂപകൽപ്പന ചെയ്യുന്നതിൽ വൈദഗ്ധ്യം നേടിയിരിക്കുന്നു. ആ വീട്ടുടമസ്ഥർ, “എന്റെ വീട് എന്റെ കോട്ട” എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് പഴമൊഴി അക്ഷരാർഥത്തിൽ ബാധകമാക്കുന്നതായി തോന്നുന്നു. ഇത്തരം വീടുകൾക്കു ചെലവേറും എങ്കിലും ആവശ്യക്കാർ ഏറെയാണ് എന്ന് ഫോക്കസ് മാസിക പറയുന്നു.
വീടിനുള്ളിലും പുറത്തും വ്യക്തിപരമായ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ചില സമൂഹങ്ങളിലെ ആളുകൾ ചുറ്റുവട്ട നിരീക്ഷണ പദ്ധതികൾ ക്രമീകരിച്ചിരിക്കുന്നു. ചില നഗര പ്രാന്തങ്ങളിലെ ആളുകൾ അതിനെക്കാൾ ഒരു പടികൂടി മുന്നോട്ടു പോകുന്നു. നിശ്ചിത സമയങ്ങളിൽ തങ്ങളുടെ പ്രദേശത്തു റോന്തു ചുറ്റുന്നതിന് ഒരു സുരക്ഷാ സ്ഥാപനത്തെ കൂലിക്കെടുക്കുന്നു. ഏകാന്ത നഗര വീഥികളിൽ രാത്രിയിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്നത് ഉചിതമല്ലെന്ന് അനേകരും മനസ്സിലാക്കുന്നു. കുട്ടികളുടെ ക്ഷേമത്തിൽ സ്വാഭാവികമായും താത്പര്യമുള്ള മാതാപിതാക്കൾ അവരെ സംരക്ഷിക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുന്നു എന്നു വരാം. ഈ പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പരിചിന്തിക്കുക.
എങ്കിലും, മോഷ്ടാക്കൾക്കു പ്രവേശിക്കാനാകാത്ത വീടുകൾ പണിയാൻ എല്ലാവർക്കും വകയില്ല. മാത്രമല്ല, സുരക്ഷിതത്വത്തിനു വേണ്ടിയുള്ള ചുറ്റുവട്ട നിരീക്ഷണ പദ്ധതികളും റോന്തു ചുറ്റൽ ക്രമീകരണവുമൊന്നും മൊത്തത്തിലുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നില്ല; സംരക്ഷണ ക്രമീകരണം ഇല്ലാത്ത മേഖലകളിലേക്കു കുറ്റകൃത്യം മാറ്റാൻ മാത്രമേ അത് ഉപകരിക്കുന്നുള്ളൂ. അങ്ങനെ, കുറ്റകൃത്യം വ്യക്തിപരമായ സുരക്ഷിതത്വത്തിന് ഏറ്റവും വലിയ ഭീഷണിയായി തീർന്നിരിക്കുന്നു. നമ്മുടെ ജീവിതം സുരക്ഷിതം ആയിരിക്കുന്നതിൽ കുറ്റകൃത്യത്തിന് അറുതി വരുത്തുന്നതിനുള്ള സമഗ്ര ശ്രമത്തിലും അധികം ആവശ്യമാണ്.
രോഗ ലക്ഷണങ്ങളെയല്ല—രോഗത്തെ ചികിത്സിക്കുക
നാം ഓരോരുത്തരും സുരക്ഷിതത്വമുള്ള ജീവിതം കാംക്ഷിക്കുന്നതു സ്വാഭാവികമാണ്. അതിനായി ന്യായയുക്തവും പ്രായോഗികവുമായ പടികൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും. നമ്മുടെ ജീവിതം അരക്ഷിതം ആക്കിത്തീർക്കുന്ന കുറ്റകൃത്യവും തൊഴിലില്ലായ്മയും മറ്റെല്ലാ കാര്യങ്ങളും മുഴു മനുഷ്യവർഗത്തെയും ബാധിച്ചിരിക്കുന്ന ഒരു സ്ഥിതിവിശേഷത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ്. അതിനു പരിഹാരം കാണുന്നതിന് അത്തരം ലക്ഷണങ്ങളെ മാത്രം പ്രതിരോധിച്ചാൽ പോരാ. മറിച്ച്, ആ സ്ഥിതിവിശേഷത്തിന്റെ കാരണത്തെ തന്നെ ചെറുക്കേണ്ടതുണ്ട്.
നമ്മുടെ ജീവിതത്തിലെ അരക്ഷിതാവസ്ഥയ്ക്കു മൂലകാരണം എന്താണ്? അതു പിഴുതു കളഞ്ഞ് അരക്ഷിതാവസ്ഥയെ എന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ നമുക്ക് എങ്ങനെ സാധിക്കും? അടുത്ത ലേഖനത്തിൽ അതു ചർച്ച ചെയ്യുന്നതാണ്.
[6-ാം പേജിലെ ചതുരം]
കൊച്ചു കുട്ടികളെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ
കുട്ടികളെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് സാധാരണം ആയതിനാൽ തങ്ങളുടെ കുട്ടികളെ പിൻവരുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നത് ഉപയോഗപ്രദം ആണെന്നു നിരവധി മാതാപിതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു:
1. ശരിയല്ല എന്നു തങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യിക്കാൻ ആരെങ്കിലും ശ്രമിക്കുമ്പോൾ ചെയ്യുകയില്ല എന്ന് ഉറച്ച സ്വരത്തിൽ പറയുക.
2. മാതാപിതാക്കളിൽ ഒരാളുടെ സാമീപ്യത്തിൽ അല്ലാതെ—ഒരു ഡോക്ടറുടെയോ നേഴ്സിന്റെയോ കാര്യത്തിൽ എന്നപോലെ—ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ആരെയും അനുവദിക്കാതിരിക്കുക.
3. അപകടത്തിൽ പെടുമ്പോൾ ഓടിപ്പോകുകയോ ഉച്ചത്തിൽ വിളിച്ചുകൂവുകയോ മുറവിളി കൂട്ടുകയോ ചെയ്യുക, അല്ലെങ്കിൽ സമീപത്തുള്ള ഒരു മുതിർന്ന ആളുടെ സഹായം അഭ്യർഥിക്കുക.
4. അലോസരപ്പെടുത്തുന്ന ഏതെങ്കിലും സംഭവമോ സംഭാഷണമോ ഉണ്ടായാൽ അതു മാതാപിതാക്കളെ അറിയിക്കുക.
5. മാതാപിതാക്കളിൽനിന്നു രഹസ്യം മറച്ചുപിടിക്കാതിരിക്കുക.
അവസാനമായി ഒരു ആശയം കൂടി: കുട്ടികളെ നോക്കാൻ ആളെ തിരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധാലുക്കൾ ആയിരിക്കണം.
[5-ാം പേജിലെ ചിത്രങ്ങൾ]
ജീവിതം സുരക്ഷിതം ആയിരിക്കുന്നതിന് വിദ്യാഭ്യാസം, സമ്പത്ത്, കുറ്റകൃത്യം ഇല്ലായ്മ ചെയ്യാനുള്ള സമഗ്ര ശ്രമം എന്നിവയെക്കാൾ അധികം നമുക്ക് ആവശ്യമാണ്