യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് സത്യം എങ്ങനെ സ്വന്തമാക്കാൻ സാധിക്കും?
“ഞാൻ ഒരു യഹോവയുടെ സാക്ഷിയായിട്ടാണ് വളർത്തപ്പെട്ടത്. ആ രീതിയിൽ വളർത്തപ്പെടുമ്പോൾ ഒരു വ്യക്തി സ്വാഭാവികമായും യഹോവയെ അറിയും എന്നാണ് ഞാൻ എല്ലായ്പോഴും ധരിച്ചിരുന്നത്. എന്റെ ധാരണ എത്ര തെറ്റായിരുന്നു!”—ആന്റനെറ്റ്.
“എന്താണു സത്യം?” വിഖ്യാതമായ ആ ചോദ്യം ഉന്നയിച്ചത് യേശുവിനെ വധിക്കാൻ ഏൽപ്പിച്ചുകൊടുത്ത പൊന്തിയൊസ് പീലാത്തൊസ് ആയിരുന്നു. (യോഹന്നാൻ 18:38, പി.ഒ.സി. ബൈ.) എങ്കിലും, പീലാത്തൊസ് നിർവികാരമായ ആ ചോദ്യം ചോദിച്ചത് വ്യക്തമായും ആത്മാർഥമായ ഒരു സംഭാഷണത്തിന് തുടക്കം ഇടാനായിരുന്നില്ല, മറിച്ച് സംഭാഷണം അവസാനിപ്പിക്കാൻ ആയിരുന്നു. അദ്ദേഹത്തിന് യഥാർഥത്തിൽ “സത്യം” എന്താണെന്ന് അറിയാൻ താത്പര്യം ഉണ്ടായിരുന്നില്ല. നിങ്ങളെ സംബന്ധിച്ചോ? നിങ്ങൾ സത്യത്തിൽ തത്പരരാണോ?
നൂറ്റാണ്ടുകളായി തത്ത്വജ്ഞാനികൾ സത്യം എന്താണെന്ന് സൂക്ഷ്മ വിചിന്തനം ചെയ്തിട്ടുണ്ട്. എന്നാൽ അവരുടെ ശ്രമങ്ങൾക്ക് കാര്യമായ ഫലം ഉണ്ടായിട്ടില്ല എന്നത് ഖേദകരം തന്നെ. എങ്കിലും നിങ്ങൾക്ക് പീലാത്തൊസിന്റെ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ കഴിയും. ദൈവവചനം സത്യം ആണെന്ന് യേശുക്രിസ്തു പഠിപ്പിച്ചു. അവൻ തന്നെക്കുറിച്ചുതന്നെയും ‘സത്യം’ എന്നു പരാമർശിച്ചു. ‘സത്യം യേശുക്രിസ്തു മുഖാന്തരം വന്നു’ എന്ന് അപ്പൊസ്തലനായ യോഹന്നാൻ എഴുതി. (യോഹന്നാൻ 1:17; 14:6; 17:17) അതുകൊണ്ട്, ബൈബിളിന്റെ ഭാഗമായിത്തീർന്ന മുഴു ക്രിസ്തീയ പഠിപ്പിക്കലുകളും “സത്യം” അഥവാ “സുവിശേഷത്തിന്റെ സത്യം” എന്നു വിളിക്കപ്പെടുന്നു. (തീത്തൊസ് 1:14; ഗലാത്യർ 2:14; 2 യോഹന്നാൻ 1, 2) ഈ ക്രിസ്തീയ പഠിപ്പിക്കലുകളിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം, ദൈവരാജ്യത്തിന്റെ സ്ഥാപനം, പുനരുത്ഥാനം, യേശുവിന്റെ മറുവില തുടങ്ങിയ സംഗതികൾ ഉൾപ്പെടുന്നു.—സങ്കീർത്തനം 83:18; മത്തായി 6:9, 10; 20:28; യോഹന്നാൻ 5:28, 29.
ക്രിസ്തീയ മാതാപിതാക്കളിൽനിന്ന് ആയിരക്കണക്കിന് യുവജനങ്ങൾ ബൈബിൾ സത്യം പഠിച്ചിരിക്കുന്നു. എന്നാൽ, അവർ “സത്യത്തിൽ നടക്കുന്നു” എന്ന് അതിന് അർഥമുണ്ടോ? (3 യോഹന്നാൻ 3, 4) നിർബന്ധമില്ല. ഉദാഹരണത്തിന്, ഇരുപതുകാരിയായ ജെനിഫർ യഹോവയുടെ സാക്ഷിയായിട്ടാണ് വളർത്തപ്പെട്ടത്. അവൾ ഇങ്ങനെ അനുസ്മരിക്കുന്നു: “അമ്മ എന്നെ സാക്ഷികളുടെ കൺവെൻഷനുകൾക്കു കൊണ്ടുപോയിരുന്നു. ഞാൻ സ്നാപനത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും സൂചിപ്പിച്ചു. പക്ഷേ, അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞത് ഇങ്ങനെയാണ്, ‘ഞാൻ ഒരു രസത്തിനു വേണ്ടി വരുന്നെന്നേയുള്ളൂ. എനിക്ക് സാക്ഷിയൊന്നും ആകണ്ട!’”
ചില യുവജനങ്ങൾ തങ്ങളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുന്നു. എന്നാൽ, ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴമായ ഗ്രാഹ്യം വളർത്തിയെടുക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ അപകടമോ? ചില വ്യക്തികൾക്ക് “ഉള്ളിൽ വേരില്ല” എന്ന് യേശു മുന്നറിയിപ്പു നൽകി. അത്തരം വ്യക്തികൾ “ക്ഷണികന്മാർ ആകുന്നു; വചനംനിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു.” (മർക്കൊസ് 4:17) മറ്റു ചിലർക്ക് തങ്ങളുടെ ബൈബിൾ അധിഷ്ഠിത വിശ്വാസങ്ങളെക്കുറിച്ച് കുറെയൊക്കെ വിശദീകരിക്കാൻ കഴിയും. പക്ഷേ അവർ ദൈവത്തെ വ്യക്തിപരമായി അറിഞ്ഞിട്ടില്ല. ആനീസ എന്ന യുവതി ഇപ്രകാരം പറയുന്നു: “ചെറുപ്പത്തിൽ യഹോവയുമായി എനിക്ക് ഒരു യഥാർഥ ബന്ധം ഉണ്ടായിരുന്നതായി ഞാൻ കരുതുന്നില്ല . . . അത് മുഖ്യമായും മാതാപിതാക്കൾക്ക് അവനുമായുള്ള ബന്ധത്തെ ആശ്രയിച്ചിരുന്നു.”
ഇക്കാര്യത്തിൽ നിങ്ങളുടെ അവസ്ഥ എന്താണ്? യഹോവ നിങ്ങളുടെ മാതാപിതാക്കളുടെ മാത്രം ദൈവമാണോ? അതോ, ബൈബിൾ സങ്കീർത്തനക്കാരനെപ്പോലെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയുമോ: “യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു”? (സങ്കീർത്തനം 31:14) യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യം ആവശ്യമായിരിക്കാം. അലക്സാണ്ടർ എന്ന യുവാവ് ഇങ്ങനെ പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം, സത്യസന്ധമായ ആത്മ പരിശോധനയായിരുന്നു ആദ്യ പടി.” കുറച്ചൊക്കെ ആത്മ പരിശോധനയ്ക്കു ശേഷം നിങ്ങൾ ഒരു വസ്തുത തിരിച്ചറിഞ്ഞേക്കാം: സത്യത്തെ (മുഴു ക്രിസ്തീയ പഠിപ്പിക്കലുകളെയും) കുറിച്ച് നിങ്ങൾ ഒരിക്കലും യഥാർഥത്തിൽ സ്വയം ഉറപ്പുവരുത്തിയിട്ടില്ല. നിങ്ങൾക്ക് ഉറച്ച ബോധ്യം ഇല്ലായിരിക്കാം. അതുകൊണ്ട് നിങ്ങളുടെ ജീവിതം ലക്ഷ്യരഹിതവും യഥാർഥ മാർഗദർശനം ഇല്ലാത്തതും ആയി കാണപ്പെട്ടേക്കാം.
യഹോവയുടെ സാക്ഷികൾ അവരുടെ ക്രിസ്തീയ യോഗങ്ങളിൽ പലപ്പോഴും പാടാറുള്ള ഒരു ഗീതത്തിന്റെ ശീർഷകം ഇതാണ്: “സത്യം നിങ്ങളുടെ സ്വന്തമാക്കുക.”a ആ ഉപദേശം നിങ്ങൾക്ക് അനുയോജ്യമായിരുന്നേക്കാം. എന്നാൽ, നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? എവിടെ തുടങ്ങണം?
സ്വയം ഉറപ്പുവരുത്തുക
പുതിയലോക ഭാഷാന്തരം അനുസരിച്ച്, റോമർ 12:2-ൽ നാം അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം കാണുന്നു: “നല്ലതും സ്വീകാര്യവും പൂർണവുമായ ദൈവേഷ്ടം എന്തെന്നു സ്വയം ഉറപ്പുവരുത്തുക.” നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? ‘സത്യത്തിന്റെ പരിജ്ഞാനം [‘സൂക്ഷ്മ പരിജ്ഞാനം,’ NW]’ സമ്പാദിക്കുന്നതിലൂടെ. (തീത്തൊസ് 1:3) ബെരോവ നഗരത്തിലെ പുരാതന നിവാസികൾ തങ്ങൾ കേട്ട കാര്യങ്ങൾ കണ്ണും പൂട്ടി വിശ്വസിച്ചില്ല. നേരേമറിച്ച്, അവർ “[തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ] അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു [“ശ്രദ്ധാപൂർവം പരിശോധിച്ചു,” NW].”—പ്രവൃത്തികൾ 17:11.
എറിൻ എന്ന ക്രിസ്തീയ യുവതി അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. അവൾ അനുസ്മരിക്കുന്നു: “ഞാൻ ഗവേഷണം നടത്തി. ഞാൻ എന്നോടുതന്നെ ഇങ്ങനെ ചോദിച്ചു: ‘ഇതു സത്യമതം ആണെന്ന് എനിക്ക് എങ്ങനെ അറിയാം? യഹോവ എന്നു പേരുള്ള ഒരു ദൈവം ഉണ്ടെന്ന് എനിക്ക് എങ്ങനെ അറിയാം?’” നിങ്ങൾക്ക് വ്യക്തിപരമായ ഒരു പഠന പരിപാടി ആരംഭിക്കരുതോ? നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനംb എന്ന ബൈബിൾ അധിഷ്ഠിത പുസ്തകം ഉപയോഗിച്ചു നിങ്ങൾക്ക് അത് ആരംഭിക്കാവുന്നതാണ്. അതു ശ്രദ്ധാപൂർവം വായിക്കുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തു ഭാഗങ്ങളെല്ലാം എടുത്തു നോക്കുക. പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങളുമായി അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ശ്രദ്ധിക്കുക. “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്തുകൊണ്ട് ഒന്നിനെക്കുറിച്ചും ലജ്ജിപ്പാൻ വകയില്ലാത്ത ഒരു വേലക്കാരനായി” തീരുമ്പോൾ സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ എത്ര മാറിയിരിക്കുന്നു എന്നു കണ്ട് നിങ്ങൾ അതിശയിച്ചേക്കാം!—2 തിമൊഥെയൊസ് 2:15, NW.
ബൈബിളിലെ ചില സംഗതികൾ “ഗ്രഹിപ്പാൻ പ്രയാസ”മാണെന്ന് അപ്പൊസ്തലനായ പത്രൊസ് പറഞ്ഞു, അതു ശരിയാണെന്നു നിങ്ങളും കണ്ടെത്തും. (2 പത്രൊസ് 3:16) എന്നാൽ, വിഷമം ഉള്ള വിഷയങ്ങൾ പോലും ഗ്രഹിക്കാൻ ദൈവാത്മാവിന് നിങ്ങളെ സഹായിക്കാൻ കഴിയും. (1 കൊരിന്ത്യർ 2:11, 12) എന്തെങ്കിലും മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നുമ്പോൾ ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിക്കുക. (സങ്കീർത്തനം 119:10, 11, 27) വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ കൂടുതലായ ഗവേഷണം നടത്താൻ ശ്രമിക്കുക. അത് എങ്ങനെ ചെയ്യണമെന്നു നിങ്ങൾക്കു തിട്ടമില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കുക. നിങ്ങളുടെ മാതാപിതാക്കൾക്കോ ഒരുപക്ഷേ ക്രിസ്തീയ സഭയിലെ പക്വതയുള്ള മറ്റേതെങ്കിലും അംഗങ്ങൾക്കോ നിങ്ങളെ സഹായിക്കാൻ കഴിയും.
വളരെയേറെ അറിവുണ്ടെന്നു മറ്റുള്ളവരെ കാണിക്കാനല്ല നിങ്ങൾ പഠിക്കുന്നത് എന്ന് ഓർമിക്കുക. കൊളിൻ എന്ന യുവാവ് ഇങ്ങനെ വിശദീകരിക്കുന്നു: “അതിലൂടെ നിങ്ങൾ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് അറിയുകയാണ്.” വായിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിനു സമയം എടുക്കുക. കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്നതിന് അത് സഹായിക്കും.—സങ്കീർത്തനം 1:2, 3.
ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ട് സഭയോടൊത്തു സഹവസിക്കുന്നതും നിങ്ങളെ സഹായിച്ചേക്കാം. സഭ “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മാണ് എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (1 തിമൊഥെയൊസ് 3:15) ക്രിസ്തീയ യോഗങ്ങൾ മുഷിപ്പുളവാക്കുന്നു എന്ന് ചില യുവജനങ്ങൾ പരാതി പറയാറുണ്ട്. “എന്നാൽ, നിങ്ങൾ യോഗങ്ങൾക്കു തയ്യാറാകുന്നില്ലെങ്കിൽ . . . അവയിൽനിന്നു കാര്യമായ പ്രയോജനമൊന്നും ലഭിക്കില്ല” എന്ന് കൊളിൻ ഓർമിപ്പിക്കുന്നു. അതുകൊണ്ട് പാഠഭാഗങ്ങൾ മുൻകൂട്ടി തയ്യാറാകുക. വെറും കാണികൾ ആയിരിക്കാതെ പങ്കെടുക്കുന്നവർ ആയിരിക്കുമ്പോൾ യോഗങ്ങൾ വളരെയേറെ രസകരമായിരിക്കും.
പഠിക്കാൻ ഒട്ടും നേരമില്ലെന്നോ?
സ്കൂൾ പഠനവും വീട്ടുജോലിയും ഒക്കെ ആയി വളരെയധികം ചെയ്യാനുള്ളപ്പോൾ ബൈബിൾ പഠനത്തിനു സമയം കണ്ടെത്തുക ബുദ്ധിമുട്ട് ആയിരുന്നേക്കാമെന്നതു ശരിതന്നെ. സൂസൻ എന്ന യുവതി ഇങ്ങനെ എഴുതുന്നു: “യോഗങ്ങൾക്കു തയ്യാറാകുകയും വ്യക്തിപരമായ പഠനം നടത്തുകയും ചെയ്യേണ്ടതുണ്ട് എന്ന ചിന്ത വർഷങ്ങളായി എന്നെ അലട്ടുന്നുണ്ടായിരുന്നു. എങ്കിലും എനിക്ക് ഒരിക്കലും അതിനു കഴിഞ്ഞില്ല.”
പ്രാധാന്യം കുറഞ്ഞ സംഗതികളിൽനിന്ന് ‘സമയം വിലയ്ക്കു വാങ്ങാൻ’ സൂസൻ പഠിച്ചു. (എഫെസ്യർ 5:15, 16, NW) ആദ്യം തന്നെ അവൾ പഠിക്കേണ്ട കാര്യങ്ങളുടെ എല്ലാം ഒരു പട്ടിക തയ്യാറാക്കി. പിന്നെ അവ പഠിക്കുന്നതിനായി സമയം പട്ടികപ്പെടുത്തി. എന്നാൽ അവൾ തന്റെ പട്ടികയിൽ വിനോദത്തിനായും കുറച്ചു സമയം നീക്കിവെച്ചു. അവൾ പിൻവരുന്ന ബുദ്ധ്യുപദേശം നൽകുന്നു: “ഒഴിവു സമയം മുഴുവനും ഓരോരോ കാര്യങ്ങൾക്കായി പട്ടികപ്പെടുത്തരുത്. വിശ്രമത്തിനും നമുക്ക് കുറച്ചൊക്കെ സമയം ആവശ്യമാണ്.” ഒരു പട്ടിക ഉണ്ടായിരിക്കുന്നത് നിങ്ങളുടെ കാര്യത്തിലും ഫലപ്രദമായിരുന്നേക്കാം.
പഠിക്കുന്ന കാര്യങ്ങൾ പങ്കുവെക്കുക
പഠിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ഭാഗമാക്കുന്നതിന് അവ പങ്കുവെക്കുന്നത് പ്രത്യേകിച്ചും സഹായകമായിരിക്കും. മറ്റാരെയെങ്കിലും പഠിപ്പിക്കാൻ ശ്രമിക്കുക. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.”—സങ്കീർത്തനം 49:3.
സുവാർത്തയെ കുറിച്ച് ലജ്ജിക്കാത്ത പക്ഷം സഹപാഠികളുമായും കണ്ടുമുട്ടിയേക്കാവുന്ന മറ്റുള്ളവരുമായും അതു പങ്കുവെക്കുന്നതിന് നിങ്ങൾ മടിക്കുകയില്ല. (റോമർ 1:16) മറ്റുള്ളവരോട് സത്യം സംസാരിക്കുന്നതിനുള്ള അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ഉപയോഗപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. അതു വഴി സത്യം നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുന്നു.
നിങ്ങളുടെ സഹവാസങ്ങൾ കാത്തുസൂക്ഷിക്കുക
ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ നല്ല ആത്മീയ പുരോഗതി വരുത്തുകയുണ്ടായി. എന്നാൽ അപ്പൊസ്തലനായ പൗലൊസിന് പെട്ടെന്നുതന്നെ ഇങ്ങനെ ചോദിച്ചുകൊണ്ട് അവർക്ക് എഴുതേണ്ടി വന്നു: “സത്യം അനുസരിക്കാതിരിപ്പാൻ [“അനുസരിക്കുന്നതിൽ തുടരുന്നതിൽനിന്ന്,” NW] നിങ്ങളെ ആർ തടുത്തുകളഞ്ഞു?” (ഗലാത്യർ 5:7) അലക്സ് എന്ന യുവാവിന്റെ കാര്യത്തിലും സമാനമായ ഒന്നാണ് സംഭവിച്ചത്. “ചീത്ത കൂട്ടുകാരുമൊത്തു കറങ്ങിയടിച്ചു സമയം പാഴാക്കിയത്” ദൈവവചനം പഠിക്കാനുള്ള തന്റെ ശ്രമങ്ങൾക്ക് തുരങ്കം വെച്ചെന്ന് അവൻ സമ്മതിച്ചു പറഞ്ഞു. ആത്മീയമായി പുരോഗതി പ്രാപിക്കുന്നതിന് നിങ്ങൾ ഇക്കാര്യത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടായിരിക്കാം.
നേരേമറിച്ച്, നല്ല സഹവാസങ്ങൾ പുരോഗതി പ്രാപിക്കുന്നതിന് നിങ്ങളെ യഥാർഥത്തിൽ സഹായിക്കും. സദൃശവാക്യങ്ങൾ 27:17 ഇങ്ങനെ പറയുന്നു: “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.” നല്ല മാതൃകാ പാത്രങ്ങളെ, ജീവിതത്തിൽ സത്യം ബാധകമാക്കുന്ന ആളുകളെ, കണ്ടെത്തുക. ഒരുപക്ഷേ നിങ്ങൾ സ്വന്തം കുടുംബത്തിൽ തന്നെ അത്തരക്കാരെ കണ്ടെത്തിയേക്കാം. ജെനിഫർ ഇങ്ങനെ അനുസ്മരിക്കുന്നു: “മുത്തച്ഛനായിരുന്നു എന്റെ ഏറ്റവും നല്ല മാതൃക. ഞായറാഴ്ചത്തെ സഭാ ബൈബിൾ അധ്യയനത്തിനായി തയ്യാറാകുന്നതിന് അദ്ദേഹം എല്ലായ്പോഴും മൂന്നു മണിക്കൂർ വീതം ചെലവഴിച്ചു. അദ്ദേഹം പാഠഭാഗത്തെ ഓരോ തിരുവെഴുത്തും വ്യത്യസ്ത ബൈബിൾ പരിഭാഷകളെടുത്തു പരിശോധിച്ചിരുന്നു. വാക്കുകളുടെ അർഥം നോക്കാൻ നിഘണ്ടുവും ഉപയോഗിച്ചു. ബൈബിളിലെ അത്രയൊന്നും അറിയപ്പെടാത്ത വസ്തുതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ഗ്രാഹ്യമായിരുന്നു. ഏതു ചോദ്യത്തിനും അദ്ദേഹം ഉത്തരം കണ്ടുപിടിച്ചു തരുമായിരുന്നു.”
സത്യം സ്വന്തമാക്കുകവഴി നിങ്ങൾ വിലപ്പെട്ട ഒരു സ്വത്താണ് സമ്പാദിക്കുന്നത്—യാതൊന്നിനു വേണ്ടിയും ഉപേക്ഷിക്കാൻ തയ്യാറാകുകയില്ലാത്ത ഒന്ന്. അതുകൊണ്ട് സത്യത്തെ കേവലം “എന്റെ മാതാപിതാക്കളുടെ മതം” എന്നവണ്ണം ഒരിക്കലും വീക്ഷിക്കരുത്. സങ്കീർത്തനക്കാരന് ഉണ്ടായിരുന്നതു പോലത്തെ ഉറച്ച ബോധ്യം നിങ്ങൾക്കും ഉണ്ടായിരിക്കണം. അവൻ ഇങ്ങനെ പറഞ്ഞു: “അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കർത്താവ് [“യഹോവ,” NW] എന്നെ കൈക്കൊള്ളും.” (സങ്കീർത്തനം 27:10, പി.ഒ.സി. ബൈ.) ബൈബിൾ എന്തു പഠിപ്പിക്കുന്നുവെന്ന് യഥാർഥത്തിൽ അറിയുകയും അതു വിശ്വസിക്കുകയും നിങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും സർവോപരി, ഈ വിശ്വാസങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നതിലൂടെ സത്യം സ്വന്തമാക്കിയിരിക്കുന്നുവെന്ന് നിങ്ങൾ പ്രകടമാക്കും.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന പാട്ടു പുസ്തകത്തിൽ നിന്ന്.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[13-ാം പേജിലെ ചിത്രം]
ഗവേഷണത്തിലൂടെയും വ്യക്തിപരമായ പഠനത്തിലൂടെയും സത്യം സ്വയം ഉറപ്പുവരുത്തുക