ലോകത്തെ വീക്ഷിക്കൽ
‘ലോകത്തിനു തീ പിടിച്ച വർഷം’
‘ലോകത്തിനു തീ പിടിച്ച വർഷമായി 1997 അനുസ്മരിക്കപ്പെടും’ എന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്റർനാഷനലിന്റെ വന പദ്ധതിയുടെ തലവനായ ഷാൻപോൾ ഷാന്റെനോ അവകാശപ്പെടുന്നു. അന്റാർട്ടിക്കയിൽ ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും വൻ തീപിടുത്തങ്ങൾ ഉണ്ടായി. ഉദാഹരണത്തിന്, ഇന്തൊനീഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ സ്വിറ്റ്സർലൻഡിന്റെ വലുപ്പമുള്ള വിലയേറിയ വനപ്രദേശങ്ങളെ അഗ്നി വിഴുങ്ങി. കൃഷിക്കായി മനപ്പൂർവം വനങ്ങൾ വെട്ടിത്തെളിച്ചതും എൽനിനോ എന്ന പ്രതിഭാസം വരുത്തിവെച്ച കടുത്ത കാലാവസ്ഥയുടെ ഫലമായി ഉണ്ടായതെന്നു കരുതപ്പെടുന്ന വരൾച്ചയും ഒക്കെയാണ് അതിനു കാരണമായി പറയപ്പെടുന്നത്. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ഉയർന്ന നിരക്ക് വായു മലിനീകരണത്തിൽ കലാശിക്കുന്നതായും ആഗോള തപനത്തിന്റെ അപകട സാധ്യത വർധിപ്പിക്കുന്നതായും ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ശ്രീ. ഷാൻപോൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “നാം നാശത്തിന്റെ ഒരു ദൂഷിത വലയം സൃഷ്ടിക്കുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി തീപിടിത്തങ്ങൾ ഉണ്ടാകുന്നു, തീപിടിത്തങ്ങളുടെ ഫലമായി കാലാവസ്ഥയിലും മാറ്റം സംഭവിക്കുന്നു.”
കൂടുതൽ കാൽസ്യം ആവശ്യമാണ്
“എല്ലുകളുടെ വളർച്ച നിമിത്തം യുവ ജനങ്ങൾക്കു കൂടുതൽ കാൽസ്യം ആവശ്യമാണ്” എന്ന് ഗെസുന്റ്ഹൈറ്റ് ഇൻ വോർട്ട് ഉന്റ് ബിൽറ്റ് (ആരോഗ്യം വാക്കിലും സ്വരൂപത്തിലും) എന്ന ജർമൻ വാർത്താപത്രിക അറിയിക്കുന്നു. യുവജനങ്ങൾ ദിവസേന 1,200 മില്ലിഗ്രാം കാൽസ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. എങ്കിലും, ജർമനിയിൽ 15-നും 19-നും ഇടയ്ക്കു പ്രായമുള്ള 56 ശതമാനം പെൺകുട്ടികളും 75 ശതമാനം ആൺകുട്ടികളും മാത്രമേ അത്രയും കാൽസ്യം ആഹാരത്തിൽ ഉൾപ്പെടുത്തുന്നുള്ളൂ. “യൂറോപ്പിൽ ഉടനീളം പെൺകുട്ടികൾക്ക് വേണ്ടത്ര അളവിൽ കാൽസ്യം ലഭിക്കുന്നില്ല” എന്ന് യൂറോപ്പിലെ അസ്ഥിദ്രവീകരണ ഗവേഷണ സ്ഥാപനത്തിലെ മേരി ഫ്രേസർ പറയുന്നു. കാൽസ്യത്തിന്റെ അഭാവം ദീർഘനാൾ ശ്രദ്ധയിൽ പെടാതിരുന്നേക്കാം. എന്നാൽ, പിൽക്കാലത്ത് അത് അസ്ഥിദ്രവീകരണത്തിനു വഴിതെളിച്ചേക്കാം. “പാൽക്കട്ടി, പാൽ, തൈര്, എള്ള്, അമരാൻഥ് വിത്തുകൾ, സോയാബീൻ, ഇലക്കറികൾ, അണ്ടിപ്പരിപ്പുകൾ, മത്സ്യം എന്നിവ കാൽസ്യം ധാരാളം അടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ്” എന്ന് ആ പത്രിക പറയുന്നു.
അധീശത്വമുള്ള ഡോളർ
“ഐക്യനാടുകളിൽ വിനിമയത്തിൽ ഉള്ളതിനെക്കാൾ അധികം ഡോളറുകൾ ഐക്യനാടുകൾക്കു പുറത്താണു വിനിയമം ചെയ്യപ്പെടുന്നത് എന്ന വസ്തുത മിക്ക അമേരിക്കക്കാർക്കും അറിഞ്ഞുകൂടാ” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. “നോട്ടോ നാണയമോ ആയി ആളുകളുടെ പേഴ്സുകളിലും ക്യാഷ് രജിസ്റ്ററുകളിലും ബാങ്കിലും തലയണക്കീഴിലും മറ്റുമായി ഉള്ള 45,000 കോടി ഡോളറിൽ ഏതാണ്ടു മൂന്നിൽ രണ്ട്—അതായത്, 30,000 കോടി—വിദേശങ്ങളിലാണ്.” ആ തുകയിൽ വർഷം തോറും 1,500 കോടി ഡോളർ മുതൽ 2,000 കോടി ഡോളർ വരെ വർധനവ് ഉണ്ടാകുന്നു. ഐക്യനാടുകളിൽ പണം കൂടുതലും 20 ഡോളറിന്റെ നോട്ടായി വിനിയമം ചെയ്യപ്പെടുമ്പോൾ വിദേശത്തു കൂടുതലും 100 ഡോളറിന്റെ നോട്ട് ആയാണു വിനിയമം ചെയ്യപ്പെടുന്നത്. അനുദിനം കുറഞ്ഞ തോതിൽ സാധനങ്ങൾ വാങ്ങാനല്ല മറിച്ച്, സമ്പാദ്യമായി സൂക്ഷിക്കാനും വാണിജ്യ ഇടപാടുകൾ നടത്താനുമാണു പണം വിനിയോഗിക്കുന്നത് എന്നാണ് അതു സൂചിപ്പിക്കുന്നത്. ആളുകൾ ബാങ്കുകളെ വിശ്വസിക്കാത്ത, പണപ്പെരുപ്പം ഉള്ള ദേശങ്ങളിൽ ഇതു പ്രത്യേകിച്ചും ഒരു വസ്തുതയാണ്. കഴിഞ്ഞ വർഷം അച്ചടിച്ച 100 ഡോളറിന്റെ പുതിയ നോട്ടുകളിൽ ഏതാണ്ട് 60 ശതമാനവും വിദേശങ്ങളിലേക്കു നേരിട്ട് അയയ്ക്കുകയാണു ചെയ്തത്. യു.എസ്. ഗവൺമെന്റിന്റെ വീക്ഷണത്തിൽ, വിദേശത്തു വിനിയമം ചെയ്യപ്പെടുന്ന ഈ വൻ തുക യു.എസ്. ഗവൺമെന്റിന് പലിശ ഇല്ലാത്ത വായ്പ ലഭിക്കുന്നതിനു തുല്യമാണ്. അത് സാധനസാമഗ്രികൾ കൊടുത്തോ സേവനങ്ങൾ ചെയ്തോ വീണ്ടെടുക്കേണ്ട ആവശ്യം വരുന്നില്ല. അങ്ങനെ, യു.എസ് ഗവൺമെന്റിന് ശതകോടിക്കണക്കിനു ഡോളർ ലാഭിക്കാൻ കഴിയുന്നു.
കവർച്ച നടത്താൻ ലൈസൻസ്
“ബ്രസീലിലെ റോമൻ കത്തോലിക്കാ നേതാക്കന്മാർ പട്ടിണിപ്പാവങ്ങൾക്കായി ശബ്ദമുയർത്തുക മാത്രമല്ല, അതിജീവനത്തിനായി ഭക്ഷണം മോഷ്ടിച്ചവരെ അനുകൂലിച്ചു സംസാരിക്കുകയും ചെയ്തിരിക്കുന്നു” എന്ന് ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. ബ്രസീലിന്റെ വടക്കുകിഴക്കു ഭാഗത്ത് ഉണ്ടായ കൊടിയ വരൾച്ച മൂലം സൂപ്പർമാർക്കറ്റുകളിലും പാണ്ടികശാലകളിലും കവർച്ച നടത്താൻ അനുവാദം നൽകപ്പെട്ടു. ബെലോ ഹൊറിസോണ്ടെയിലെ ആർച്ചു ബിഷപ്പായ കർദിനാൾ സെറാഫിങ് ഫെർനാണ്ടസ് ദെ ആറാവൂഷൂവിന്റെ അഭിപ്രായത്തിൽ, “പട്ടിണി ഒഴിവാക്കാൻ ഒരാൾ എവിടെ നിന്നു ഭക്ഷണം എടുത്താലും സഭ കുറ്റം വിധിക്കുകയില്ല.” പൗലൂ ഇവാറിസ്റ്റൂ ആർൺസ് എന്ന കർദിനാൾ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “പണം ചുരുക്കം ചില സമ്പന്നരുടെ കുത്തകയായി മാറാനും ദരിദ്രർ കൂടുതൽ ദരിദ്രരായി തീരാനും ഇടയാക്കുന്ന നവ ഉദാരവത്കരണത്തിന് എതിരെ ഞങ്ങൾ പോരാടാൻ പോകുകയാണ്. . . . നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവർ ഉണർന്നു പ്രവർത്തിക്കാൻ സമയമായി.”
കടഭാരം
“ഒരു ശരാശരി [കാനഡക്കാരൻ] അവധിക്കാലത്തു സമ്മാനങ്ങൾ വാങ്ങാനും വിനോദത്തിനും യാത്രയ്ക്കുമായി 1,236 ഡോളർ ചെലവഴിക്കുന്നു” എന്ന് ദ വാൻകൂവർ സൺ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “അതിൽ അധികവും ക്രെഡിറ്റ് കാർഡിൽ ആയിരിക്കും രേഖപ്പെടുത്തുന്നത്.” ക്രിസ്തുമസ്സ് കാലത്ത് പണം ചെലവഴിക്കാൻ ശക്തമായ വൈകാരിക സമ്മർദം ഉണ്ട് എന്നു സാമ്പത്തിക ഉപദേഷ്ടാക്കൾ പറയുന്നു. പോക്കറ്റ് മണി തീരുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചെലവഴിച്ചു കൊണ്ടിരിക്കാൻ എളുപ്പമാണ്. തൊഴിൽ സുരക്ഷിതത്വം ഉപഭോക്താക്കൾക്കു “കടം വീട്ടി തീർക്കാതെ വീണ്ടും കടം വാങ്ങാൻ ആത്മവിശ്വാസം” പകരുന്നു എന്ന് ഒരു ഉപദേഷ്ടാവ് കരുതുന്നു. 1997-ന്റെ അവസാനത്തോടെ, കാനഡക്കാർ 2,042 കോടി ഡോളർ ക്രെഡിറ്റ് കാർഡിൽ അടച്ചു തീർക്കാതെ റെക്കോർഡ് സ്ഥാപിച്ചു. അത് 1991-ലെ തുകയുടെ ഇരട്ടി ആയിരുന്നു. അവധിക്കാലത്തു ചെലവഴിക്കാൻ കടമെടുക്കുന്ന പണം അടച്ചു തീർക്കാൻ ഒരു ശരാശരി ഉപഭോക്താവ് ആറു മാസം എടുക്കും. പിറ്റേ ക്രിസ്തുമസ്സ് കാലത്ത്, അടുത്ത “അമിത വ്യയ”ത്തിനു തുടക്കം ഇടുമ്പോൾ പലരും പഴയ കടം മുഴുവനായി വീട്ടിക്കാണുകയില്ല.
മരണത്തെ നിസ്സാരീകരിക്കൽ
കുട്ടികൾ “മരണത്തെ നിസ്സാരീകരിക്കാതിരിക്കുന്നതിനു ചലച്ചിത്രങ്ങളും ടിവിയും ഊട്ടിവളർത്തുന്ന സാഹസികതയ്ക്കു കടിഞ്ഞാൺ ഇടേണ്ടതു മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമയാണ്” എന്ന് ഷൂർനാൽ ദൂ ബ്രാസിൽ വിശദീകരിക്കുന്നു. കുറ്റകൃത്യങ്ങളിൽ 10 ശതമാനം നടത്തുന്നത് 13 വയസ്സിൽ താഴെയുള്ള കുട്ടികളാണ് എന്നു റിയോ ഡി ജനിറോയിൽ നടത്തിയ ഒരു പഠനം കാണിക്കുകയുണ്ടായി. “തോക്കുകൾ കൈവശം കരുതുന്ന, സഹപാഠികളെ ആക്രമിക്കുകയോ അംഗവിഹീനർ ആക്കുകയോ കൊല്ലുകയോ ചെയ്യുന്ന, തങ്ങളെക്കാൾ പ്രായം കുറഞ്ഞ കുട്ടികളെ ലൈംഗികമായി ദ്രോഹിക്കുന്ന കുട്ടികളാണ് അവർ” എന്ന് ആ ലേഖനം പ്രസ്താവിക്കുന്നു. “മത്സരാത്മകതയ്ക്കു വളംവെക്കുന്ന, ഒരുവനെ കൊന്നിട്ടു തനിക്കു വേണ്ടതു സ്വന്തമാക്കാൻ സാധിക്കും എന്നു ചലച്ചിത്രങ്ങളിലൂടെ ചിത്രീകരിക്കുന്ന നമ്മുടെ ഇപ്പോഴത്തെ സംസ്കാരം ഈ കുട്ടികളിൽ മാനസികമായി ആശയക്കുഴപ്പം വർധിപ്പിക്കുകയേ ചെയ്യുന്നുള്ളൂ” എന്ന് ആൽഫ്രെഡൂ കാസ്ട്രൂ നെറ്റൂ എന്ന മനോരോഗ ചികിത്സകൻ പറയുന്നു. “എല്ലാവരെയും കൊന്നൊടുക്കുന്ന വീരനായകന് ഒരു വിഡ്ഢിയുടെ പരിവേഷമാണ് ഉള്ളത് എന്നും അതൊന്നും യഥാർഥ ജീവിതത്തിൽ നടക്കുന്ന സംഗതിയല്ല എന്നും ആയുധങ്ങൾ അന്തസ്സിന്റെയോ അധികാരത്തിന്റെയോ പ്രതീകം അല്ല, പകരം ആളുകളെ കൊല്ലുന്ന ഉപകരണങ്ങളാണ് എന്നും” അവർക്കു പറഞ്ഞു കൊടുക്കേണ്ടത് അനിവാര്യമാണ് എന്നു പ്രസ്താവിച്ചുകൊണ്ട് ഷൂസെഫ പെക് എന്ന അധ്യാപിക, തോക്കുകൾക്കു പകരം അറിവു പകരുന്ന കളിപ്പാട്ടങ്ങൾ ശുപാർശ ചെയ്യുന്നു.
മരണ റെക്കോർഡ്
“പുകവലി നിമിത്തം ഓരോ വർഷവും മരണമടയുന്ന അമേരിക്കക്കാരുടെ എണ്ണം രണ്ടാം ലോക മഹായുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലുമായി കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തെക്കാളും കൂടുതലാണ്” എന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്ലീ വെൽനെസ് ലെറ്റർ എന്ന വാർത്താപത്രിക പ്രസ്താവിക്കുന്നു. “ദിനംതോറും 1,200-ലധികം അമേരിക്കക്കാർ പുകവലി സംബന്ധമായ കാരണങ്ങൾ മൂലം മരണമടയുന്നു. ആളുകളെ നിറച്ച മൂന്നോ നാലോ ജംബോ ജറ്റുകൾ ഒറ്റ ജീവൻ പോലും അവശേഷിപ്പിക്കാതെ തകർന്നു നശിക്കുന്നതിനു തുല്യമാണ് അത്.”
ലെമിംഗിനെ കുറിച്ചുള്ള സങ്കൽപ്പം തെറ്റാണെന്നു തെളിഞ്ഞു
ലെമിംഗുകൾ—തണുത്തുറഞ്ഞ ഉത്തര മേഖലകളിൽ വസിക്കുന്ന ചെറിയ കരണ്ടുതീനികൾ—കൂട്ടത്തോടെ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യുന്നുണ്ടോ? ഇപ്പോഴും അനേകർ അങ്ങനെ വിശ്വസിക്കുന്നു. എങ്കിലും, ശാസ്ത്രജ്ഞർ ദീർഘകാലമായി ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ വൈൽഡ് ലൈഫ് ഓൺ വൺ എന്ന പരമ്പരയുടെ അവതാരക സംഘം, കാനഡയ്ക്കു പടിഞ്ഞാറ് ആർട്ടിക്കിൽ വെച്ചു നടന്ന ആറു മാസം നീണ്ട ഒരു ചിത്രീകരണത്തിന് ഇടയിൽ ആ സങ്കൽപ്പം തെറ്റാണെന്നു കണ്ടെത്തി. ഭക്ഷണം ഉള്ളിടത്തോളം കാലം ലെമിംഗുകൾ പുഷ്ടിപ്രാപിക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നു. എങ്കിൽപ്പിന്നെ, അവ കൂട്ട ആത്മഹത്യ ചെയ്യുന്നു എന്ന സങ്കൽപ്പത്തിന്റെ ഉത്ഭവം എന്താണ്? മലമുകളിൽ നിന്ന് പച്ചത്തഴപ്പുള്ള ഭൂപ്രദേശങ്ങളിലേക്കു ദേശാന്തരഗമനം നടത്തവേ നോർവീജിയൻ ലെമിംഗുകൾ അബദ്ധവശാൽ വെള്ളത്തിലേക്കു തെന്നിവീഴുന്നതായി കാണപ്പെട്ടു എന്നു ലണ്ടനിലെ ദ ഗാർഡിയൻ വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു.
രോഗികളെ കൊള്ളയടിക്കൽ
ജർമനിയിലെ ആശുപത്രികളിൽ മോഷ്ടാക്കളുടെ ശല്യം വളരെയധികം വർധിച്ചിരിക്കുന്നു. “കൊളോണിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ ഒരു വർഷം 300 മോഷണങ്ങൾ നടക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു” എന്ന് എമസ്ഡെറ്റെനെർ റ്റാഗെബ്ലാറ്റ് എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “കയ്യിൽ പൂച്ചെണ്ടും അധരങ്ങളിൽ മന്ദഹാസവും—ആശുപത്രി മോഷ്ടാക്കൾക്ക് ഒരു കൊയ്ത്തിന് അവ ധാരാളം മതി.” രോഗികളെ സന്ദർശിക്കാൻ എന്ന വ്യാജേന എത്തുന്ന അവർ രോഗികളെ മാത്രമല്ല കോട്ടു തൂക്കുന്ന റാക്കും സന്ദർശിക്കുന്നു. പ്രായം ചെന്ന രോഗികൾ മോഷ്ടാക്കൾക്കു പണി എളുപ്പമാക്കി കൊടുക്കുന്നു. ഉദാഹരണത്തിന്, പ്രായം ചെന്ന ഒരു മനുഷ്യൻ ആശുപത്രി കിടക്കയുടെ തലയണക്കീഴിൽ ആയിരക്കണക്കിനു ഡോയിഷ് മാർക്ക് വെക്കുന്നത് ശ്രദ്ധിക്കപ്പെടുകയുണ്ടായി. സന്ദർശന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്താത്തതും അനുവാദം കൂടാതെ എല്ലാവർക്കും തന്നെ ആശുപത്രിയിൽ പ്രവേശിക്കാം എന്നതും മോഷ്ടാക്കൾക്കു വളരെ സൗകര്യമായി. അതുകൊണ്ട്, പണവും വിലപിടിപ്പുള്ള വസ്തുക്കളും ആശുപത്രിയിലെ അലമാരയിലോ മറ്റ് എവിടെയെങ്കിലുമോ പൂട്ടിവെക്കാനോ ആരെയെങ്കിലും ഏൽപ്പിക്കാനോ രോഗികൾക്കു മുന്നറിയിപ്പു നൽകപ്പെടുന്നു.
ചെവി അടയാളം
സമീപകാലത്ത് ലണ്ടനിൽ ഒരു ഭവനഭേദനക്കാരൻ പിടിയിലാകാൻ സഹായിച്ചത് അയാളുടെ ചെവി അടയാളം ആയിരുന്നു. അതെങ്ങനെ? കുറ്റകൃത്യം നടത്തുന്നിടത്തു വിരൽ അടയാളം ഇടാതിരിക്കാൻ അയാൾ അതീവ ശ്രദ്ധാലു ആയിരുന്നെങ്കിലും ഭവനഭേദനത്തിനു മുമ്പ് വീട്ടിനുള്ളിൽ ആരെങ്കിലും ഉണ്ടോ എന്ന് അറിയാൻ ജനാലയിലോ താക്കോൽ പഴുതിലോ ചെവി ചേർത്തു പിടിക്കുന്ന സ്വഭാവം അയാൾക്ക് ഉണ്ടായിരുന്നു. അങ്ങനെ അയാൾ ചെവി അടയാളം അവശേഷിപ്പിച്ചിട്ടു പോകുമായിരുന്നു. “വിരൽ അടയാളങ്ങൾ പോലെ തന്നെ അതുല്യമാണു ചെവി അടയാളങ്ങളും” എന്ന് സ്കോട്ട്ലൻഡിലുള്ള ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് വിദഗ്ധനായ പ്രൊഫസർ പീറ്റർ വനെസിസ് പറയുന്നു. എങ്കിലും, വിരൽ അടയാളങ്ങളിൽ നിന്നു വ്യത്യസ്തമായി, ചെവികൾ തലമുടിയും നഖവും പോലെ വളർന്നുകൊണ്ടിരിക്കുന്നു എന്ന് ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, മേൽപ്പറഞ്ഞ ഭവനഭേദനക്കാരന്റെ കാര്യത്തിൽ എന്ന പോലെ, നമ്മുടെ ചെവികളുടെ വലിപ്പം എന്തു തന്നെ ആയിരുന്നാലും അവ മറ്റൊരാളുടെ ചെവിയിൽ നിന്നു വ്യത്യസ്തമാണ് എന്നു പൊലീസിന് അറിയാം. ചെവി അടയാളത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടനിൽ ആദ്യമായി കുറ്റവാളിയെന്നു കണ്ടെത്തിയത് അയാളെയാണ്. അഞ്ചു തവണ ഭവനഭേദനം നടത്തിയതായി അയാൾ സമ്മതിച്ചു.