എയ്ഡ്സ്—ഭാവിയിലേക്ക് എന്തു പ്രത്യാശ?
എച്ച്ഐവി ബാധയ്ക്കു പ്രതിവിധിയോ പ്രതിരോധ മരുന്നുകളോ ഇല്ല എന്നതിനു പുറമേ മറ്റു ചില ഘടകങ്ങളും രോഗത്തെ കീഴടക്കുന്നതു ദുഷ്കരമാക്കി തീർക്കുന്നു. ജീവിത രീതിയിൽ മാറ്റം വരുത്താൻ സന്നദ്ധരല്ലാത്ത ആളുകൾ രോഗ ഭീഷണി വകവെക്കുന്നില്ല എന്നതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഐക്യനാടുകളിൽ പൂർണ വികാസം പ്രാപിച്ച എയ്ഡ്സ് ഉള്ളവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും വൈറസ് വാഹകരുടെ എണ്ണത്തിൽ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. അതിനു കാരണം, “പ്രതിരോധ നടപടികളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അനേകരും ചെവിക്കൊള്ളാത്തതാണ്” എന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.
വികസ്വര രാഷ്ട്രങ്ങളിൽ—എച്ച്ഐവി ബാധിതരിൽ ഏതാണ്ടു 93 ശതമാനവും അവിടങ്ങളിലാണു പാർക്കുന്നത് എന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു—രോഗത്തെ ചെറുക്കുന്നതു ദുഷ്കരമാക്കുന്ന വേറെയും പ്രശ്നങ്ങളുണ്ട്. ആ രാജ്യങ്ങളിൽ പലതിനും അടിസ്ഥാന ആരോഗ്യ പരിപാലന സേവനങ്ങൾ പോലും പ്രദാനം ചെയ്യാനുള്ള വരുമാനം ഇല്ല. അത്തരം ദേശങ്ങളിൽ പുതിയ മരുന്നുകൾ ലഭ്യമാണെങ്കിൽത്തന്നെ—മിക്ക ഇടങ്ങളിലും അതു ലഭ്യമല്ല എന്നതാണു വസ്തുത—ഒരു വർഷത്തെ ചികിത്സാ ചെലവ് മിക്കവരുടെയും ആയുഷ്കാല വരുമാനത്തെക്കാൾ കൂടുതലാണ്!
ഇനി, പ്രസ്തുത രോഗം ഭേദമാക്കുന്ന പുതിയ, വില കുറഞ്ഞ മരുന്നു കണ്ടുപിടിക്കുന്നു എന്നുതന്നെ ഇരിക്കട്ടെ. ആവശ്യക്കാർക്ക് എല്ലാം അത്തരം മരുന്നു ലഭ്യമാക്കാൻ കഴിയുമോ? സാധ്യത അനുസരിച്ച് ഇല്ല. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി പറയുന്നത് അനുസരിച്ച്, നിലവിലുള്ള ചെലവു കുറഞ്ഞ വാക്സിനുകൾ ഉപയോഗിച്ചു പ്രതിരോധിക്കാവുന്ന അഞ്ചു രോഗങ്ങൾ മൂലം വർഷം തോറും ഏതാണ്ടു 40 ലക്ഷം കുട്ടികളാണു മരിക്കുന്നത്.
മരുന്നു ലഭ്യമല്ലാത്ത രാജ്യങ്ങളിൽ ജീവിക്കുന്ന അണുബാധിതരുടെ കാര്യമോ? കാലിഫോർണിയയിലെ സാന്താ ക്രൂസിലുള്ള ഇന്റർനാഷനൽ ഹെൽത്ത് പ്രോഗ്രാംസ് എന്ന സംഘടനയിലെ രൂത്ത് മോട്ട, ഡസൻ കണക്കിനു വികസ്വര രാജ്യങ്ങളിൽ എച്ച്ഐവി പ്രതിരോധ/പരിപാലന പരിപാടികൾ സംഘടിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. അവർ പറയുന്നു: “എന്റെ അഭിപ്രായത്തിൽ മരുന്നു പോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് ക്രിയാത്മക മനോഭാവവും. 10-15 വർഷം എച്ച്ഐവി-യും പേറി, യാതൊരു മരുന്നും കഴിക്കാതെ ജീവിച്ചിട്ടുള്ളവരെ എനിക്ക് അറിയാം. ഔഷധ ചികിത്സ പ്രയോജനപ്രദമാണ്. എന്നാൽ, രോഗശാന്തിക്ക് ഔഷധങ്ങൾ മാത്രം പോരാ. ക്രിയാത്മക മനോഭാവം, സാമൂഹിക പിന്തുണ, ആത്മീയത, പോഷകങ്ങൾ എന്നിവയെല്ലാം അതിന് ആവശ്യമാണ്.”
പരിഹാരം ഉണ്ടാകും
എയ്ഡ്സിനെ എന്നെങ്കിലും കീഴടക്കാൻ സാധിക്കും എന്നു പ്രത്യാശിക്കാൻ വകയുണ്ടോ? ഉണ്ട്. കർത്താവിന്റെ പ്രാർഥന എന്ന് അനേകരും വിളിക്കുന്ന പ്രാർഥനയിൽ ആണ് ഉത്തമ പ്രത്യാശ അടങ്ങിയിരിക്കുന്നത്. മത്തായി എന്ന ബൈബിൾ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആ പ്രാർഥനയിൽ, സ്വർഗത്തിലെ പോലെ ഭൂമിയിലും തന്റെ ഇഷ്ടം നടപ്പാക്കാൻ നാം ദൈവത്തോടു യാചിക്കുന്നു. (മത്തായി 6:9, 10) മനുഷ്യർ എന്നെന്നും രോഗഗ്രസ്തർ ആയിരിക്കണം എന്നതു ദൈവേഷ്ടം അല്ല. ദൈവം ആ പ്രാർഥനയ്ക്ക് ഉത്തരം അരുളും. അപ്പോൾ, അവൻ എയ്ഡ്സ് മാത്രമല്ല, മനുഷ്യവർഗത്തെ വേട്ടയാടുന്ന മറ്റു സകല വ്യാധികളും ഇല്ലായ്മ ചെയ്യും. അന്ന്, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.
അതുവരെ, രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഉത്തമം. മിക്ക രോഗങ്ങളുടെ കാര്യത്തിലും രണ്ടു വഴിയാണ് ഉള്ളത്: പ്രതിരോധം അല്ലെങ്കിൽ പ്രതിവിധി. എച്ച്ഐവിയുടെ കാര്യത്തിൽ അത്തരം ഒരു തിരഞ്ഞെടുപ്പ് ഇല്ല. അതിനെ പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ അതിനു പ്രതിവിധി ഇല്ല. എന്തിനു ജീവിതം കൊണ്ടൊരു ഞാണിന്മേൽ കളി? തീർച്ചയായും, പ്രതിവിധി ഇല്ലാത്തതിനാൽ പ്രതിരോധമാണ് ഉത്തമം.
[9-ാം പേജിലെ ആകർഷകവാക്യം]
“രോഗശാന്തിക്ക് ഔഷധങ്ങൾ മാത്രം പോരാ. ക്രിയാത്മക മനോഭാവം, സാമൂഹിക പിന്തുണ, ആത്മീയത, പോഷകങ്ങൾ എന്നിവയെല്ലാം അതിന് ആവശ്യമാണ്.”—രൂത്ത് മോട്ട
[9-ാം പേജിലെ ചതുരം/ചിത്രം]
“സഹോദരങ്ങൾ വളരെയധികം സഹായിച്ചു”
“എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക” എന്ന് പൗലൊസ് അപ്പൊസ്തലൻ സഹ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (ഗലാത്യർ 6:10) ആദ്യത്തെ ലേഖനത്തിൽ പരാമർശിച്ച കാരന്റെ അമ്മ, കാരനും ഭർത്താവ് ബില്ലിനും എച്ച്ഐവി ബാധിച്ചിരിക്കുന്ന കാര്യം അറിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭ പ്രതികരിച്ചത് എങ്ങനെ എന്നു വിശദീകരിച്ചു. “സഹോദരങ്ങൾ വളരെയധികം സഹായിച്ചു. ബിൽ ന്യൂമോണിയ പിടിപെട്ടു കിടപ്പിലായ സമയത്തു കാരനും നല്ല സുഖമില്ലായിരുന്നു. ബില്ലിന്റെയും കുട്ടികളുടെയും കാര്യം നോക്കാൻ അവൾ പാടുപെടുകയായിരുന്നു. സഹോദരങ്ങൾ അവരുടെ വീടു വൃത്തിയാക്കുകയും കാറിന്റെ കേടുപോക്കുകയും തുണികൾ അലക്കി കൊടുക്കുകയും ചെയ്തു. കൂടാതെ, അവർക്കു നിയമപരമായ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും മറ്റൊരു വീട്ടിലേക്കു താമസം മാറ്റാൻ അവരെ സഹായിക്കുകയും ചെയ്തു. അവർ ഭക്ഷണ സാധനങ്ങൾ വാങ്ങി പാകം ചെയ്തു കൊടുത്തു. വൈകാരികവും ആത്മീയവും ഭൗതികവുമായി സഹോദരങ്ങൾ വളരെയേറെ പിന്തുണയേകി.”
[8-ാം പേജിലെ ചിത്രം]
വൈവാഹിക വിശ്വസ്തത എച്ച്ഐവി ബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും