യുവജനങ്ങൾ ചോദിക്കുന്നു . . .
അച്ഛനും അമ്മയും ഇല്ലാതെ ഞാൻ എന്തിനു ജീവിക്കണം?
“അച്ഛനും അമ്മയും ഇല്ലാത്ത ജീവിതം എങ്ങനെ ആയിരുന്നുവെന്നോ? എന്നെ സംബന്ധിച്ചിടത്തോളം പല കാരണങ്ങൾകൊണ്ടും അതു തികച്ചും ദുഃഖപൂർണമായിരുന്നു. മാതാപിതാക്കളുടെ സ്നേഹവും ലാളനയും കൂടാതെ വളർന്നു വരുന്നത് വലിയ ബുദ്ധിമുട്ടാണ്.”—രാജു.
“റിപ്പോർട്ട് കാർഡിൽ ഒപ്പിടാൻ മാതാപിതാക്കൾ സ്കൂളിൽ വരേണ്ട ദിവസങ്ങളായിരുന്നു ഏറ്റവും വെല്ലുവിളി ഉയർത്തിയത്. എനിക്കു വലിയ ദുഃഖവും ഏകാന്തതയും അനുഭവപ്പെട്ടു. ഇപ്പോഴും ചില സമയങ്ങളിൽ എനിക്ക് അങ്ങനെ അനുഭവപ്പെടാറുണ്ട്.”—പതിനാറു വയസുകാരി ആബെലിനാ.
ദശലക്ഷക്കണക്കിനു കുട്ടികൾ അച്ഛനമ്മമാർ ഇല്ലാത്തവരായി വളർന്നു വരുന്നത് നമ്മുടെ നാളിലെ ദുഃഖപൂർണമായ ഒരു സ്ഥിതിവിശേഷമാണ്. പൂർവ യൂറോപ്പിൽ യുദ്ധത്തിന്റെ ഫലമായി ആയിരക്കണക്കിനു കുട്ടികൾ അനാഥരായിട്ടുണ്ട്. ആഫ്രിക്കയിലാണെങ്കിൽ എയിഡ്സാണ് സമാനമായ ദുരന്തത്തിന് ഇടയാക്കിയിരിക്കുന്നത്. ചില കുട്ടികൾ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവരാണ്. യുദ്ധത്തിന്റെയോ പ്രകൃതി വിപത്തുകളുടെയോ ഫലമായും കുടുംബാംഗങ്ങൾ വേർപെട്ടു പോയിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ബൈബിൾ കാലങ്ങളിൽപ്പോലും സാധാരണമായിരുന്നു. അനാഥരുടെ ദുരവസ്ഥയെക്കുറിച്ച് തിരുവെഴുത്തുകൾ കൂടെക്കൂടെ പ്രതിപാദിക്കുന്നുണ്ട്. (സങ്കീർത്തനം 94:6; മലാഖി 3:5) യുദ്ധങ്ങളും മറ്റു ദുരന്തങ്ങളും അന്നും കുടുംബങ്ങളെ ചിതറിച്ചിരുന്നു. അരാമ്യരുടെ കവർച്ചപ്പട മാതാപിതാക്കളുടെ അടുത്തുനിന്നു പിടിച്ചുകൊണ്ടുപോയ ഒരു പെൺകുട്ടിയെ കുറിച്ചുള്ള വിവരണം ബൈബിളിലുണ്ട്.—2 രാജാക്കന്മാർ 5:2.
മാതാപിതാക്കളില്ലാത്ത ദശലക്ഷക്കണക്കിനു കുട്ടികളിൽ ഒരാളായിരിക്കാം നിങ്ങളും. അങ്ങനെയെങ്കിൽ അത്തരം സാഹചര്യം എത്ര വേദനാജനകമാണെന്നു നിങ്ങൾക്ക് അറിയാമായിരിക്കും. എന്തുകൊണ്ടാണ് നിങ്ങൾക്ക് അതു സംഭവിച്ചത്?
നിങ്ങളുടെ കുറ്റമല്ല
ദൈവം നിങ്ങളെ ഏതോ വിധത്തിൽ ശിക്ഷിക്കുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? അല്ലെങ്കിൽ മാതാപിതാക്കൾ മരിച്ചതിന്റെ പേരിൽ നിങ്ങൾക്ക് അവരോടു വല്ലാത്ത ദേഷ്യം തോന്നുന്നുണ്ടാകാം—അവർ അതു മനപ്പൂർവം ചെയ്തതാണെന്നപോലെ. ദൈവം നിങ്ങളോടു കോപിച്ചിരിക്കുകയല്ലെന്ന് ആദ്യം തന്നെ മനസ്സിലാക്കുക. മാതാപിതാക്കൾ നിങ്ങളെ മനപ്പൂർവം വിട്ടുപിരിഞ്ഞതല്ല. അപൂർണ മനുഷ്യന്റെ ജീവിതകഥയുടെ ദുഃഖപൂർണമായ പര്യവസാനമാണ് മരണം. മക്കൾ നന്നേ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ചിലപ്പോൾ അതിന്റെ കരാളഹസ്തങ്ങൾ മാതാപിതാക്കളെ പിടികൂടുന്നു. (റോമർ 5:12; 6:23) തെളിവനുസരിച്ച്, യേശുക്രിസ്തുവും തന്റെ പ്രിയ വളർത്തുപിതാവായ യോസേഫിന്റെ മരണത്തെ അഭിമുഖീകരിച്ചു.a തീർച്ചയായും അത് യേശു എന്തെങ്കിലും പാപം ചെയ്തതുകൊണ്ട് ആയിരുന്നില്ല.
നാം “ദുർഘടസമയങ്ങ”ളിൽ ആണ് ജീവിക്കുന്നതെന്നും മനസ്സിലാക്കുക. (2 തിമൊഥെയൊസ് 3:1-5) ഈ നൂറ്റാണ്ടിൽ അക്രമം, യുദ്ധം, കുറ്റകൃത്യം എന്നിവ ദശലക്ഷക്കണക്കിന് ആളുകളെ മുഖം നോക്കാതെ കൊന്നൊടുക്കിയിരിക്കുന്നു. മറ്റു ചിലർ ‘കാലത്തിനും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങ’ൾക്കും ഇരകളായിരിക്കുന്നു. (സഭാപ്രസംഗി 9:11, NW) നിങ്ങളുടെ മാതാപിതാക്കളുടെ മരണം വേദനാജനകം ആയിരിക്കാമെങ്കിലും അതു സംഭവിച്ചത് നിങ്ങളുടെ കുറ്റംകൊണ്ട് ആയിരുന്നില്ല. അതുകൊണ്ട് നിങ്ങൾ കുറ്റബോധത്താൽ നീറിപ്പുകയേണ്ടതില്ല, ദുഃഖത്താൽ ഭാരപ്പെടുകയും വേണ്ട. പകരം, പുനരുത്ഥാനത്തെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ ആശ്വാസം കണ്ടെത്തുക.b യേശു ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: ‘ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.’ (യോഹന്നാൻ 5:28, 29) തുടക്കത്തിൽ പരാമർശിച്ച ആബെലിനാ പറയുന്നു: “യഹോവയോടുള്ള സ്നേഹവും പുനരുത്ഥാനത്തിലുള്ള പ്രത്യാശയും വലിയ സഹായമായിരുന്നിട്ടുണ്ട്.”
എന്നാൽ മാതാപിതാക്കൾ നിങ്ങളെ ഉപേക്ഷിച്ചതാണെങ്കിലോ? മക്കളെ പരിപാലിക്കാനും അവർക്കായി കരുതാനും ദൈവം മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. (എഫെസ്യർ 6:4; 1 തിമൊഥെയൊസ് 5:8) എന്നാൽ സങ്കടകരമെന്നു പറയട്ടെ, ചില മാതാപിതാക്കൾക്ക് മക്കളോട് ഒട്ടും ‘വാത്സല്യം’ ഇല്ല. (2 തിമൊഥെയൊസ് 3:3) മറ്റു ചിലർ മക്കളെ ഉപേക്ഷിക്കുന്നതിനുള്ള കാരണം, കടുത്ത ദാരിദ്ര്യമോ മയക്കുമരുന്നാസക്തിയോ മദ്യാസക്തിയോ തടവുശിക്ഷയോ ഒക്കെയാണ്. സ്വാർഥത നിമിത്തം മക്കളെ ഉപേക്ഷിക്കുന്ന മാതാപിതാക്കളുമുണ്ട്. കാരണം എന്തുമായിക്കൊള്ളട്ടെ, മാതാപിതാക്കളിൽനിന്നു വേർപെട്ടു പോകുന്നത് ഹൃദയഭേദകമാണ്. എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ കുറ്റബോധത്താൽ നിങ്ങൾ സ്വയം കുത്തിനോവിക്കണമെന്നോ അതിനർഥമില്ല. നിങ്ങളോട് അത്തരത്തിൽ പെരുമാറിയതിന് വാസ്തവമായും മാതാപിതാക്കളാണ് ദൈവത്തോട് ഉത്തരം പറയേണ്ടത്. (റോമർ 14:12) എന്നാൽ പ്രകൃതിവിപത്തോ രോഗമോ പോലെ തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാൽ ആണ് മാതാപിതാക്കൾ നിങ്ങളിൽനിന്നു വേർപെട്ടു പോകാൻ ഇടയായതെങ്കിൽ അത് ആരുടെയും കുറ്റമല്ല! അവരുമായി വീണ്ടും ഒന്നിക്കാമെന്നുള്ള പ്രത്യാശയുണ്ട്, ഒരുപക്ഷേ അത് അത്ര യഥാർഥമായി തോന്നുകയില്ലെങ്കിലും.—ഉല്പത്തി 46:29-31 താരതമ്യം ചെയ്യുക.
നൊമ്പരപ്പെടുത്തുന്ന അനുഭവം
ആ സമയം വന്നെത്തുന്നതുവരെ ഗുരുതരമായ ഒട്ടേറെ പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിച്ചേക്കാം. ഐക്യരാഷ്ട്ര ശിശുക്ഷേമനിധിയുടെ, യുദ്ധത്തിൽ അകപ്പെട്ട കുട്ടികൾ (ഇംഗ്ലീഷ്) എന്ന ഒരു പഠന റിപ്പോർട്ട് പറയുന്നു: “ദുരന്തത്തിൽ അകപ്പെടാൻ ഏറ്റവും സാധ്യതയുള്ളവർ ആരോരുമില്ലാത്ത കുട്ടികളാണ്—അവർ ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധികളെ നേരിടുന്നു, ദുഷ്പെരുമാറ്റത്തിനു വിധേയരാകുന്നു, സ്വാഭാവിക വളർച്ചയ്ക്ക് ആവശ്യമായ പിന്തുണയും അവർക്കു ലഭിക്കുന്നില്ല. മാതാപിതാക്കളിൽനിന്നു വേർപെട്ടു പോകുന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളിൽ ഒന്നാണ്.” ചിലപ്പോൾ നിങ്ങൾക്ക് വിഷാദവും നിരാശയുമായി മല്ലടിക്കേണ്ടതുണ്ടായിരിക്കാം.
മുമ്പു പറഞ്ഞ രാജുവിന്റെ കാര്യമെടുക്കാം. അവന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു, അവനെയും കൂടപ്പിറപ്പുകളെയും ഉപേക്ഷിക്കുകയും ചെയ്തു. അവന് അന്ന് ഒരു വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂത്ത സഹോദരിമാരാണ് അവനെ വളർത്തിയത്. അവൻ വിവരിക്കുന്നു: “കൂട്ടുകാർക്ക് ഉള്ളതുപോലെ ഞങ്ങൾക്ക് എന്തുകൊണ്ടാണ് അച്ഛനും അമ്മയും ഇല്ലാതെപോയത് എന്നു ഞാൻ ചോദിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഒരു അച്ഛനും മകനും കൂടെ കളിക്കുന്നതു കണ്ടപ്പോൾ എനിക്കും ഒരു അച്ഛനുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോയി.”
സഹായം തേടൽ
മാതാപിതാക്കളില്ലാതെ വളർന്നു വരുന്നത് വളരെ ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ ജീവിതം ഒരു പരാജയമായി തീരുമെന്ന് അതിന് അർഥമില്ല. സഹായവും പിന്തുണയും ഉണ്ടെങ്കിൽ ജീവിച്ചു പോകാൻ മാത്രമല്ല ജീവിതം ഒരു വിജയമാക്കാനും കഴിയും. ഇതു നിങ്ങൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം, വിശേഷിച്ച് ദുഃഖത്തിന്റെ നിലയില്ലാ കയത്തിൽ മുങ്ങിത്താഴുമ്പോൾ. എങ്കിലും അത്തരം തോന്നലുകൾ സ്വാഭാവികമാണെന്നും അവ നിങ്ങളെ എന്നേക്കും കുത്തിനോവിക്കുകയില്ലെന്നും മനസ്സിലാക്കുക. സഭാപ്രസംഗി 7:2, 3 ഇപ്രകാരം പറയുന്നു: “വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; . . . ചിരിയെക്കാൾ വ്യസനം നല്ലതു മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും.” ഒരു വൻ ദുരന്തം സംഭവിക്കുമ്പോൾ കരയുന്നതും ദുഃഖിക്കുന്നതും സ്വാഭാവികവും ആരോഗ്യാവഹവുമാണ്. സഹാനുഭൂതിയുള്ള ഒരു സുഹൃത്തിനോടോ സഭയിലെ പക്വതയുള്ള ഒരു വ്യക്തിയോടോ മനസ്സിലുള്ള വിഷമം തുറന്നു പറയുന്നതും സഹായകമാണെന്നു നിങ്ങൾ കണ്ടെത്തും.
ഒറ്റപ്പെട്ടു നടക്കാനുള്ള പ്രേരണ നിങ്ങൾക്ക് ഉണ്ടായേക്കാം. എന്നാൽ സദൃശവാക്യങ്ങൾ 18:1 ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും [“സകല പ്രായോഗിക ജ്ഞാനത്തോടും,” NW] അവൻ കയർക്കുന്നു.” അതുകൊണ്ട് ദയയും സഹാനുഭൂതിയുമുള്ള ആരുടെയെങ്കിലും സഹായം തേടുന്നതു നല്ലതാണ്. സദൃശവാക്യങ്ങൾ 12:25 പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” നിങ്ങളുടെ “മനോവ്യസന”ത്തെ കുറിച്ച് ആരോടെങ്കിലും സംസാരിച്ചാലേ നിങ്ങൾക്ക് ആ ‘നല്ല വാക്ക്’ ലഭിക്കുകയുള്ളൂ.
ആരോടാണു നിങ്ങൾക്കു സംസാരിക്കാൻ കഴിയുക? ക്രിസ്തീയ സഭയ്ക്കുള്ളിൽ പിന്തുണ തേടുക. അവിടെ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളിൽ താത്പര്യമെടുക്കുകയും ചെയ്യുന്ന “സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും” കണ്ടെത്താൻ കഴിയുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. (മർക്കൊസ് 10:30) രാജു അനുസ്മരിക്കുന്നു: “ക്രിസ്തീയ സഹോദങ്ങളുമായുള്ള സഹവാസം ജീവിതത്തെ മറ്റൊരു തരത്തിൽ വീക്ഷിക്കാൻ എന്നെ സഹായിച്ചു. യോഗങ്ങളിൽ ക്രമമായി പങ്കെടുത്തത് യഹോവയെ കൂടുതൽ സ്നേഹിക്കാൻ ഇടയാക്കിയെന്നു മാത്രമല്ല അവനെ സേവിക്കാനുള്ള ആഗ്രഹവും എന്നിൽ അങ്കുരിപ്പിച്ചു. പക്വതയുള്ള സഹോദരന്മാർ എന്റെ കുടുംബത്തിന് ആത്മീയ സഹായവും ബുദ്ധ്യുപദേശവും നൽകി. ഇന്ന് എന്റെ കൂടപ്പിറപ്പുകളിൽ ചിലർ മുഴുസമയ ശുശ്രൂഷകരാണ്.”
യഹോവ ‘അനാഥർക്കു പിതാവ്’ ആണെന്നും ഓർക്കുക. (സങ്കീർത്തനം 68:5, 6) ബൈബിൾ കാലങ്ങളിൽ, അനാഥരോടു കരുണയും നീതിയും കാട്ടാൻ യഹോവ തന്റെ ജനത്തെ പ്രോത്സാഹിപ്പിച്ചു. (ആവർത്തനപുസ്തകം 24:19; സദൃശവാക്യങ്ങൾ 23:10, 11) മാതാപിതാക്കളില്ലാത്ത കുട്ടികളിൽ ഇന്നും അവന് അതേ താത്പര്യമുണ്ട്. അതുകൊണ്ട് ദൈവം നിങ്ങൾക്കായി കരുതുന്നുവെന്നും നിങ്ങൾക്ക് ഉത്തരം നൽകുമെന്നും ഉള്ള ഉറപ്പോടെ അവനെ പ്രാർഥനയിൽ സമീപിക്കുക. ദാവീദ് രാജാവ് ഇപ്രകാരം എഴുതി: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ.”—സങ്കീർത്തനം 27:10, 14.
എങ്കിലും മാതാപിതാക്കളില്ലാത്ത ഒരു കുട്ടി അനുദിനം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നു. എവിടെ താമസിക്കും? ജീവിക്കാനുള്ള പണം എവിടെനിന്ന് ഉണ്ടാകും? ഈ വെല്ലുവിളികളിൽ ചിലത് എങ്ങനെ വിജയകരമായി നേരിടാനാകുമെന്ന് ഇനിയൊരു ലക്കത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a മരിക്കുന്നതിനു മുമ്പ് യേശു തന്റെ മാതാവിന്റെ സംരക്ഷണ ചുമതല ശിഷ്യനായ യോഹന്നാനെ ഏൽപ്പിക്കുകയുണ്ടായി. വളർത്തുപിതാവായ യോസേഫ് അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അതു വേണ്ടി വരില്ലായിരുന്നു.—യോഹന്നാൻ 19:25-27.
b മാതാവിന്റെയോ പിതാവിന്റെയോ മരണവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന വിവരങ്ങൾക്കായി ഉണരുക!-യുടെ 1994 ആഗസ്റ്റ് 22, സെപ്റ്റംബർ 8 ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾ വായിക്കുക.
[24-ാം പേജിലെ ആകർഷകവാക്യം]
ചിലപ്പോൾ ഏകാന്തത നിങ്ങളെ വീർപ്പുമുട്ടിച്ചേക്കാം
[24-ാം പേജിലെ ചിത്രം]
“യഹോവയോടുള്ള സ്നേഹവും പുനരുത്ഥാനത്തിലുള്ള പ്രത്യാശയും വലിയ സഹായമായിരുന്നിട്ടുണ്ട്”
[25-ാം പേജിലെ ചിത്രം]
സഭയിൽ നിങ്ങളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന സുഹൃത്തുക്കൾ ഉണ്ട്