നിങ്ങളുടെ കൈകൾ കഴുകി ഉണക്കുക!
ജലദോഷവും മറ്റു രോഗബാധകളുമൊക്കെ എങ്ങനെയാണ് ഉണ്ടാകുന്നത്? ‘ഐക്യനാടുകളിലെ രോഗബാധാ നിയന്ത്രണ-സാംക്രമികരോഗ ശാസ്ത്ര വിദഗ്ധരുടെ സമിതി’ പറയുന്നതനുസരിച്ച് അത്തരം രോഗങ്ങളിൽ 80 ശതമാനമെങ്കിലും സംക്രമിക്കുന്നത് വായുവിലൂടെ അല്ല, പകരം കൈകളിലൂടെ ആണ്. വാസ്തവത്തിൽ, രോഗവ്യാപനം തടയുന്നതിനുള്ള അതിപ്രധാന മാർഗമായി കൈ കഴുകലിനെ പൊതുവേ കണക്കാക്കുന്നു. എന്നാൽ, കക്കൂസിൽ പോകുകയോ മൂക്കു ചീറ്റുകയോ ചെയ്തതിനു ശേഷം അല്ലെങ്കിൽ ആഹാര സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനു മുമ്പ് എപ്പോഴുമൊന്നും പലരും കൈ കഴുകാറില്ല. മറ്റു പലരും അത്തരം സന്ദർഭങ്ങളിൽ എപ്പോഴും കൈ കഴുകാറുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ, നാമമാത്രമായി പെട്ടെന്നൊന്ന് കൈ കഴുകുന്നതുകൊണ്ട് രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാകുന്നില്ല.
കൈ നന്നായി ഉണക്കുന്നതും അതുപോലെതന്നെ പ്രധാനമാണ്. പലരും കൈ കഴുകിയശേഷം, പ്രത്യേകിച്ചും ഉഷ്ണവായു ഡ്രയറുകൾ ഉപയോഗിക്കുമ്പോൾ, കൈ നന്നായി ഉണക്കാറില്ലെന്ന് ഇംഗ്ലണ്ടിലെ വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. തുടർന്ന് പലരും കൈ ഉണക്കൽ പൂർത്തിയാക്കുന്നത് തുണികൊണ്ട് തുടച്ചാണ്. കയ്യിൽ അവശേഷിക്കുന്ന അപകടകാരികളായ സൂഷ്മാണുക്കൾ വ്യാപിക്കാൻ ഇതു കാരണമായേക്കാം. ഗവേഷകർ പറയുന്നതനുസരിച്ച്, കൈകൾ പൂർണമായി ഉണക്കുന്നതാണ് ഏറ്റവും നല്ലത്. ഉപയോഗശേഷം കളയാവുന്ന പേപ്പർ ടവ്വലോ ഉപയോഗിക്കാത്ത, വൃത്തിയുള്ള തുണി ടവ്വലോ ആയിരിക്കും അതിന് അഭികാമ്യം.
ഐക്യനാടുകളിലെ രോഗ നിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങൾ കൈ കഴുകുന്നതു സംബന്ധിച്ചു പിൻവരുന്ന നിർദേശങ്ങൾ നൽകുന്നു:
• കൈ കഴുകാൻ എപ്പോഴും പൈപ്പിൽനിന്നു വരുന്ന ചെറു ചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിക്കുക. പൈപ്പിൽനിന്നു വരുന്ന വെള്ളത്തിനു പകരം ഒരു ബേസിനിൽ കൈ കഴുകേണ്ടി വരുന്നെങ്കിൽ, അത് ഓരോ പ്രാവശ്യം ഉപയോഗിക്കുന്നതിനു മുമ്പും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.
• സോപ്പ് പതയുന്നതുവരെ കൈകൾ നന്നായി കൂട്ടിത്തിരുമ്മുക. കുറഞ്ഞത് 15 സെക്കന്റുവരെ അങ്ങനെ ചെയ്യണം. കയ്യുടെ അകവും പുറവും വിരലുകളുടെ ഇടയും നഖത്തിന്റെ അടിഭാഗവും തേച്ചു കഴുകുക.
• പൈപ്പിലൂടെ വരുന്ന ചെറു ചൂടുള്ള വെള്ളം ഉപയോഗിച്ച് കയ്യിലെ സോപ്പു കഴുകി കളയുക.
• ഉപയോഗശേഷം കളയാവുന്ന, വൃത്തിയുള്ള ടവ്വൽകൊണ്ട് കൈ തുടയ്ക്കുക. വീണ്ടും ആ കൈകൊണ്ട് ടാപ്പിലോ ടവ്വൽ ഇടുന്ന ബാറിലോ സ്പർശിക്കാതിരിക്കുക.
• ടാപ്പിൽ സ്പർശിക്കാതിരിക്കാൻ ടവ്വൽ കൂട്ടിപ്പിടിച്ച് ടാപ്പ് അടയ്ക്കാവുന്നതാണ്.
• കയ്യിൽ ശരിക്കു വെള്ളം വീഴത്തക്ക ഉയരത്തിൽ നിന്നുകൊണ്ടു വേണം കുട്ടികൾ പൈപ്പുവെള്ളത്തിനു കീഴിൽ കൈ കഴുകാൻ. മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ നിർവഹിക്കാൻ കുട്ടിയെ സഹായിക്കുക. അതിനുശേഷം നിങ്ങളുടെ കൈകളും കഴുകുക.