മത സ്വാതന്ത്ര്യം—അനുഗ്രഹമോ ശാപമോ?
മത സ്വാതന്ത്ര്യമെന്ന ആശയത്തിന്റെ പിറവി ക്രൈസ്തവ ലോകത്തിൽ വലിയ ഈറ്റുനോവിനെ അർഥമാക്കി. സ്വമതസിദ്ധാന്തത്തിനും മുൻവിധിക്കും മത അസഹിഷ്ണുതയ്ക്കും എതിരെയുള്ള ഒരു പോരാട്ടമായിരുന്നു അത്. രക്തപങ്കിലമായ മത യുദ്ധങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ ഹനിക്കപ്പെട്ടു. വേദനാകരമായ ഈ ചരിത്രം നമ്മെ എന്താണ് പഠിപ്പിക്കുന്നത്?
“പീഡനം ക്രൈസ്തവ ചരിത്രത്തിൽ ഇന്നോളം തുടർന്നിരിക്കുന്നു” എന്നു പുറജാതീയരും ക്രിസ്ത്യാനികളും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ റോബിൻ ലെയ്ൻ ഫോക്സ് എഴുതുന്നു. ആദ്യകാല ക്രിസ്ത്യാനികളെ ഒരു മതഭേദം എന്നു വിളിക്കുകയും ക്രമസമാധാനത്തിനു ഭീഷണി ഉയർത്തുന്നവരെന്ന കുറ്റം അവരുടെ മേൽ ആരോപിക്കുകയും ചെയ്തു. (പ്രവൃത്തികൾ 16:20, 21; 24:5, 14; 28:22) തത്ഫലമായി ചിലർ പീഡിപ്പിക്കപ്പെട്ടു, മറ്റു ചിലർ റോമൻ പോർക്കളങ്ങളിൽ വന്യ മൃഗങ്ങൾക്കു ഭക്ഷണമായിത്തീർന്നു. അത്തരം കൊടിയ പീഡനങ്ങൾക്കു മധ്യേ ദൈവശാസ്ത്രജ്ഞനായ തെർത്തുല്യനെ (8-ാം പേജിലെ ചിത്രം കാണുക) പോലുള്ള ചിലർ മത സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടി. പൊ.യു. 212-ൽ അദ്ദേഹം എഴുതി: “ഓരോ മനുഷ്യനും സ്വന്തം വിശ്വാസങ്ങൾക്ക് അനുസരിച്ച് ആരാധിക്കണം എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശം ആണ്, അതേ, അവന്റെ അന്തരംഗങ്ങളിൽ കുടികൊള്ളുന്ന ഒരു അവകാശം തന്നെ.”
പൊ.യു. 313-ൽ, കോൺസ്റ്റന്റയ്ന്റെ നേതൃത്വത്തിൽ നിലവിൽവന്ന മിലാൻ ശാസനത്തിന്റെ ഫലമായി റോമാ സാമ്രാജ്യത്തിന്റെ കരങ്ങളാലുള്ള ക്രിസ്ത്യാനികളുടെ പീഡനത്തിന് അറുതിവന്നു. ഈ രാജ്യശാസനം ക്രിസ്ത്യാനികൾക്കും പുറജാതീയർക്കും ഒരുപോലെ മത സ്വാതന്ത്ര്യം അനുവദിച്ചു. റോമാ സാമ്രാജ്യത്തിൽ “ക്രിസ്ത്യാനിത്വ”ത്തിനു നിയമാംഗീകാരം ലഭിച്ചതു പീഡനത്തിന്റെ തിരത്തള്ളലിനു ശമനം വരുത്തി. എന്നുവരികിലും പൊ.യു. 340-ഓടെ, ക്രിസ്ത്യാനിയെന്ന് അവകാശപ്പെട്ട ഒരു എഴുത്തുകാരൻ പുറജാതീയരെ പീഡിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഒടുവിൽ പൊ.യു. 392-ൽ, കോൺസ്റ്റാന്റിനോപ്പിൾ ശാസനത്തിലൂടെ തിയോഡോസിയസ് ഒന്നാമൻ ചക്രവർത്തി തന്റെ സാമ്രാജ്യത്തിൽ പുറജാതീയ മതങ്ങളെ നിരോധിച്ചു. അങ്ങനെ മത സ്വാതന്ത്ര്യം പൂക്കും മുമ്പേ പൊഴിഞ്ഞുപോയി. തുടർന്ന്, റോമൻ “ക്രിസ്ത്യാനിത്വ”ത്തെ രാഷ്ട്ര മതമായി കണക്കാക്കി നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഒരു പീഡന പരിപാടിക്കു സഭയും രാഷ്ട്രവും നാന്ദികുറിച്ചു. 11-ാം നൂറ്റാണ്ടിൽ തുടങ്ങി 13-ാം നൂറ്റാണ്ടിൽ അവസാനിച്ച രക്തപങ്കിലമായ കുരിശു യുദ്ധങ്ങളുടെയും 12-ാം നൂറ്റാണ്ടിൽ ആരംഭിച്ച ക്രൂരമായ മതവിചാരണയുടെയും കാലത്ത് അതു പാരമ്യത്തിലെത്തി. യാഥാസ്ഥിതിക ആചാരമുറകളെ, മത സിദ്ധാന്തത്തിന്റെ കുത്തകയെ, ചോദ്യം ചെയ്യാൻ ധൈര്യം കാട്ടിയവരെ മതദ്രോഹികളായി മുദ്രകുത്തി പീഡനാർഥം നിരന്തരം വേട്ടയാടി. എന്നാൽ, അത്തരം പ്രസ്ഥാനങ്ങളുടെ പിന്നിൽ എന്തായിരുന്നു?
മതൈക്യം രാഷ്ട്രത്തിനു സുദൃഢമായ അടിത്തറയേകുമെന്നും വ്യത്യസ്ത മതങ്ങൾ ക്രമസമാധാനത്തിനു ഭീഷണിയാണെന്നും വാദിച്ചുകൊണ്ട് മത അസഹിഷ്ണുത ന്യായീകരിക്കപ്പെട്ടു. ഇംഗ്ലണ്ടിൽവെച്ച് 1602-ൽ എലിസബെത്ത് രാജ്ഞിയുടെ ഒരു ഉപദേഷ്ടാവ് ഇപ്രകാരം വാദിച്ചു: “രണ്ടു മതങ്ങളെ വെച്ചുപൊറുപ്പിക്കുന്ന പക്ഷം രാഷ്ട്രം ഒരിക്കലും സുരക്ഷിതമല്ല.” വാസ്തവത്തിൽ, വിമത മതവിഭാഗങ്ങൾ യഥാർഥത്തിൽ രാഷ്ട്രത്തിനോ സുസ്ഥാപിത മതത്തിനോ ഭീഷണി ഉയർത്തുന്നുവോ എന്നു പരിശോധിക്കാതെ അവയെ നിരോധിക്കുന്നതായിരുന്നു എളുപ്പം. ദ കാത്തലിക് എൻസൈക്ലോപീഡിയ ഇങ്ങനെ രേഖപ്പെടുത്തുന്നു: “മതദ്രോഹികളിൽ കുഴപ്പക്കാരും അല്ലാത്തവരും തമ്മിലുള്ള ഒരു ചെറിയ വ്യത്യാസം പോലും വ്യക്തമാക്കാൻ ലൗകിക അധികാരികൾക്കോ സഭാ അധികാരികൾക്കോ കഴിഞ്ഞില്ല.” എന്നാൽ മാറ്റം പടിവാതിൽക്കൽ എത്തിയിരുന്നു.
മത സഹിഷ്ണുതയുടെ വേദനാകരമായ പിറവി
തോറ്റുകൊടുക്കാൻ കൂട്ടാക്കാഞ്ഞ പ്രൊട്ടസ്റ്റന്റു വിഭാഗീയ പ്രസ്ഥാനം തിരികൊളുത്തിയ പ്രക്ഷോഭങ്ങളായിരുന്നു യൂറോപ്പിലെ മാറ്റങ്ങളുടെ ഉത്പ്രേരകം. അതിശയകരമാം വേഗത്തിൽ, മനസ്സാക്ഷി സ്വാതന്ത്ര്യം എന്ന ആശയം മുന്നോട്ടു വെച്ചുകൊണ്ട് മതത്തിന്റെ അടിസ്ഥാനത്തിൽ പ്രൊട്ടസ്റ്റന്റു മതനവീകരണം യൂറോപ്പിനെ വിഭജിച്ചു. ഉദാഹരണത്തിന്, “എന്റെ മനസ്സാക്ഷി ദൈവ വചനത്തോടു പറ്റിച്ചേർന്നിരിക്കുന്നു” എന്നു പ്രഖ്യാപിച്ചുകൊണ്ട് വിഖ്യാത മത നവോത്ഥാരകനായ മാർട്ടിൻ ലൂഥർ 1521-ൽ തന്റെ അഭിപ്രായങ്ങളെ ന്യായീകരിച്ചു. കൂടാതെ, യൂറോപ്പിനെ പിടിച്ചുലച്ച ക്രൂരമായ മത യുദ്ധങ്ങളുടെ ഒരു പരമ്പരയ്ക്കും—‘മുപ്പതുവർഷ യുദ്ധം’ (1618-48)—വിഭാഗീയത തിരികൊളുത്തി.
എന്നാൽ, യുദ്ധത്തിനിടയിൽ അനേകരും ഒരു സത്യം തിരിച്ചറിഞ്ഞു—പുരോഗതിയിലേക്കുള്ള മാർഗം യുദ്ധമല്ല. തുടർന്ന്, ഫ്രാൻസിലെ നാൻസ് ശാസനം (1598) പോലുള്ള നിരവധി ശാസനങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും യുദ്ധത്താൽ ചീന്തപ്പെട്ട യൂറോപ്പിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഉദ്യമം വിജയിച്ചില്ല. എന്നിരുന്നാലും, ഈ ശാസനങ്ങളിൽ നിന്നാണ് മത സഹിഷ്ണുത എന്ന ആധുനിക ആശയം ക്രമേണ ഉരുത്തിരിഞ്ഞത്. എന്നാൽ “മത സഹിഷ്ണുത” എന്ന പ്രയോഗത്തിന് ആരംഭത്തിൽ മോശമായ അർഥമായിരുന്നു ഉണ്ടായിരുന്നത്. “ചില സാഹചര്യങ്ങളിൽ നമുക്ക് മതഭേദങ്ങളെ വെച്ചുപൊറുപ്പിക്കേണ്ടി വന്നിരുന്നെങ്കിൽ . . . നിസ്സംശയമായും അതു തിന്മ—കൊടിയ തിന്മ തന്നെ—ആയിരിക്കുമായിരുന്നു. എന്നാൽ അതു യുദ്ധത്തിന്റെ അത്രയും മോശമല്ല,” പ്രസിദ്ധ മാനവികതാവാദി ആയിരുന്ന ഇറാസ്മസ് 1530-ൽ എഴുതി. ഈ മോശമായ അർഥം നിമിത്തം, 1561-ൽ ശബ്ദമുയർത്തിയ ഫ്രഞ്ചുകാരനായ പോൾ ദെ ഫ്വായെപ്പോലുള്ള ചിലർ “മത സഹിഷ്ണുത”യെക്കാൾ “മത സ്വാതന്ത്ര്യ”ത്തെ കുറിച്ച് സംസാരിക്കാൻ താത്പര്യം കാട്ടി.
എന്നാൽ കാലപ്രവാഹത്തിൽ മത സഹിഷ്ണുത പ്രകടമായിത്തുടങ്ങി. മേലാൽ അതിനെ ഒരു തിന്മയായല്ല, സ്വാതന്ത്ര്യത്തിന്റെ സൂക്ഷിപ്പുകാരൻ ആയി കണക്കാക്കി. ബലഹീനമായ ഒന്നായിട്ടല്ല, പകരം ഉറപ്പേകുന്ന ഒന്നായിട്ടാണ് മേലാൽ അതിനെ വീക്ഷിച്ചത്. മത വൈവിധ്യത്തെയും വ്യത്യസ്തമായി ചിന്തിക്കാനുള്ള അവകാശത്തെയും ആധുനിക സമൂഹത്തിന്റെ അടിത്തറയായി കരുതാൻ തുടങ്ങിയതോടെ മതഭ്രാന്ത് പത്തി താഴ്ത്താൻ നിർബന്ധിതമായി.
18-ാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും മത സഹിഷ്ണുതയെ സ്വാതന്ത്ര്യത്തോടും സമത്വത്തോടും ബന്ധപ്പെടുത്തിയിരുന്നു. അതു നിയമങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും രൂപത്തിൽ പ്രാബല്യത്തിൽ വന്നു. അവയിൽപ്പെട്ടതാണ് ഫ്രാൻസിലെ പ്രസിദ്ധ ‘മനുഷ്യ-പൗര അവകാശ പ്രഖ്യാപന’വും (1789) ഐക്യനാടുകളിലെ ‘അവകാശ പ്രഖ്യാപന’വും (1791). 19-ാം നൂറ്റാണ്ടു മുതൽ ഈ പ്രമാണങ്ങൾ സ്വതന്ത്ര ചിന്താഗതിയെ സ്വാധീനിക്കാൻ തുടങ്ങിയതോടെ മത സഹിഷ്ണുതയും അങ്ങനെ സ്വാതന്ത്ര്യവും മേലാൽ ഒരു ശാപമായിട്ടല്ല, അനുഗ്രഹമായി കണക്കാക്കപ്പെട്ടു തുടങ്ങി.
ആപേക്ഷിക സ്വാതന്ത്ര്യം
സ്വാതന്ത്ര്യം വിലയേറിയത് ആണെങ്കിലും അത് ആപേക്ഷികമാണ്. എല്ലാവർക്കും വർധിച്ച സ്വാതന്ത്ര്യം പ്രദാനം ചെയ്യാനെന്ന പേരിൽ രാഷ്ട്രം പാസ്സാക്കുന്ന നിയമങ്ങൾ വ്യക്തിഗത സ്വാതന്ത്ര്യങ്ങളിൽ ചിലതിനെ പരിമിതപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തോടുള്ള ബന്ധത്തിൽ നിരവധി യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്ന ഏതാനും പ്രശ്നങ്ങൾ ഇവയാണ്: ഗവൺമെന്റു നിയമങ്ങൾ സ്വകാര്യ ജീവിതത്തിൽ എത്രത്തോളം കൈകടത്തണം? അത് എത്ര ഫലപ്രദമാണ്? അതു സ്വാതന്ത്ര്യത്തെ ബാധിക്കുന്നത് എങ്ങനെ?
പൊതു സ്വാതന്ത്ര്യത്തെയും സ്വകാര്യ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വാദപ്രതിവാദങ്ങൾ വാർത്താ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിട്ടുണ്ട്. മിക്കപ്പോഴും ഈടുറ്റ യാതൊരു അടിസ്ഥാനവുമില്ലാതെ, മസ്തിഷ്ക പ്രക്ഷാളനം, സാമ്പത്തിക വെട്ടിപ്പ്, ബാലപീഡനം തുടങ്ങിയ അനേകം കഠിന കുറ്റകൃത്യ ആരോപണങ്ങൾ ചില മത സമൂഹങ്ങൾക്കെതിരെ ഉന്നയിച്ചിരിക്കുന്നു. മതന്യൂനപക്ഷങ്ങളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. “വ്യക്തിപൂജാപ്രസ്ഥാനം” അല്ലെങ്കിൽ “മതഭേദം” എന്നിങ്ങനെയുള്ള അപകീർത്തിപ്പെടുത്തുന്ന പ്രയോഗങ്ങൾ ഇന്ന് അനുദിന സംഭാഷണത്തിന്റെ ഭാഗം ആയിത്തീർന്നിരിക്കുന്നു. പൊതു അഭിപ്രായം മൂലമുള്ള സമ്മർദങ്ങൾക്കു വഴങ്ങി, അപകടകരമായ വ്യക്തിപൂജാപ്രസ്ഥാനങ്ങൾ എന്നു വിളിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടിക പോലും ഗവൺമെന്റു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
മത സഹിഷ്ണുതയുടെ പാരമ്പര്യത്തിലും മതത്തെയും രാഷ്ട്രത്തെയും വേർതിരിച്ചിരിക്കുന്നതിലും അഭിമാനം കൊള്ളുന്ന ഒരു രാജ്യമാണ് ഫ്രാൻസ്. “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം” എന്നിവയുടെ നാടായി അതു സ്വയം വിശേഷിപ്പിക്കുന്നു. എന്നുവരികിലും മത-വിശ്വാസ സ്വാതന്ത്ര്യം—ഒരു ലോക റിപ്പോർട്ട് എന്ന പുസ്തകം പറയുന്നത് അനുസരിച്ച്, ആ രാജ്യത്ത് “പുതിയ മത പ്രസ്ഥാനങ്ങൾക്കുനേരെ മുഖം തിരിക്കാൻ പ്രേരണയേകുന്ന ഒരു വിദ്യാഭ്യാസ പരിപാടി” ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം നടപടികൾ മത സ്വാതന്ത്ര്യത്തിനു ഭീഷണി ഉയർത്തുന്നതായി പലരും കരുതുന്നു. അതെങ്ങനെ?
മത സ്വാതന്ത്ര്യത്തിനു ഭീഷണി
നിയമത്തെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന എല്ലാ മത വിഭാഗങ്ങളെയും രാഷ്ട്രം തുല്യമായി കണക്കാക്കുമ്പോഴാണ് യഥാർഥ മത സ്വാതന്ത്ര്യം നിലനിൽക്കുക. എന്നാൽ ഏതെല്ലാം മത വിഭാഗങ്ങളാണ് മതങ്ങൾ അല്ലാത്തത് എന്നു വിവേചനാ രഹിതമായി രാഷ്ട്രം തീരുമാനിക്കുമ്പോൾ അതു തകർന്നടിയുന്നു. അപ്പോൾ, മറ്റു മതങ്ങൾക്കു രാഷ്ട്രം പ്രദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ആ മതത്തിനു ലഭിക്കാതെയാകുന്നു. “ഡ്രൈവർമാർക്കു ലൈസൻസു കൊടുക്കുന്നതുപോലെ, മതങ്ങളെ അംഗീകരിക്കാനുള്ള അധികാരം നീതിരഹിതമായി രാഷ്ട്രം കയ്യാളുമ്പോൾ മത സ്വാതന്ത്ര്യമെന്ന പാവന സങ്കൽപ്പം വെറും പുറംപൂച്ചു മാത്രമായി മാറുന്നു” എന്ന് 1997-ൽ ടൈം മാസിക അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള നടപടി “അറിഞ്ഞോ അറിയാതെയോ സമഗ്രാധിപത്യത്തിലേക്കു നയിക്കുന്നു” എന്നു ഫ്രാൻസിലെ ഒരു അപ്പീൽ കോടതി അടുത്ത കാലത്തു പ്രഖ്യാപിച്ചു.
വാർത്താ മാധ്യമങ്ങളുടെ കുത്തക ഏതെങ്കിലും ഒരു മതത്തിന്റെ കൈയിലാകുമ്പോഴും അടിസ്ഥാന സ്വാതന്ത്ര്യം അപകടത്തിലാകുന്നു. ദുഃഖകരമെന്നു പറയട്ടെ, മിക്ക രാജ്യങ്ങളിലും സ്ഥിതി അതാണ്. ഉദാഹരണത്തിന്, മതപരമായി ശരിയായിരിക്കുന്നത് എന്താണെന്നു വിവരിക്കാനുള്ള ഒരു ഉദ്യമത്തിൽ, വ്യക്തിപൂജാപ്രസ്ഥാന വിരുദ്ധ സ്ഥാപനങ്ങൾ പ്രോസിക്യൂട്ടറുടെയും ജഡ്ജിയുടെയും ന്യായാധിപതിയുടെയും കുപ്പായം അണിഞ്ഞു. എന്നിട്ട് കോട്ടിമാട്ടിയ വിവരങ്ങൾ വാർത്താ മാധ്യമങ്ങളിലൂടെ പൊതുജനത്തിനു വിളമ്പാൻ ശ്രമിച്ചു. എന്നാൽ, ഫ്രഞ്ച് വർത്തമാനപ്പത്രമായ ലെ മോൺട് പറയുന്നത് അനുസരിച്ച്, അങ്ങനെ ചെയ്യുകവഴി അവർ “തങ്ങൾ പോരാടുന്നതെന്നു പ്രതീക്ഷിക്കപ്പെടുന്ന അതേ വിഭാഗീയത” വളർത്തുകയും “‘പീഡനാർഥം വേട്ടയാടുന്ന’ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ്” ചെയ്യുന്നത്. ആ പത്രം ഇങ്ങനെ ചോദിച്ചു: “മത ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നത് . . . അടിസ്ഥാന സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നില്ലേ?” സൈറ്റ്ഷ്രിഫ്റ്റ് ഫ്യുഔർ റിലിഗ്യോൺസ് സിക്കളജിയിൽ (മത മനശ്ശാസ്ത്ര മാസിക) ഉദ്ധരിക്കപ്പെട്ട മാർട്ടിൻ ക്രൈലി ഇങ്ങനെ പ്രസ്താവിച്ചു: “മതഭേദങ്ങളെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നത് മതഭേദങ്ങളുടെ എണ്ണത്തെക്കാൾ ഉത്കണ്ഠയ്ക്കു കാരണമാകുന്നു. ലളിതമായി പറഞ്ഞാൽ, നിയമത്തെ മറികടക്കാത്ത പൗരന്മാരെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കണം. മതവും ആദർശവും—ജർമനിയിലും—സ്വതന്ത്രം ആയിരിക്കുകയും അങ്ങനെതന്നെ നിലകൊള്ളുകയും വേണം.” ഒരു ഉദാഹരണം പരിചിന്തിക്കാം.
“ഏറ്റവും വിശ്വസ്തരായ പൗരന്മാർ”—“അപകട”കാരികളായി മുദ്രകുത്തപ്പെടുന്നു
സ്പെയിനിലെ ജനപ്രീതിയാർജിച്ച ഏബിസി വർത്തമാനപ്പത്രത്തിൽ ഉദ്ധരിക്കപ്പെട്ട കത്തോലിക്കാ അധികാരികളുടെ അഭിപ്രായത്തിൽ “മതഭേദങ്ങളിൽവെച്ച് ഏറ്റവും അപകടകരമായ” കൂട്ടം ഏതായിരുന്നു? ഏബിസി യഹോവയുടെ സാക്ഷികളെയാണു പരാമർശിച്ചത് എന്നതു നിങ്ങളെ അതിശയിപ്പിച്ചേക്കാം. അവർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പക്ഷഭേദമില്ലാത്തതും വസ്തുനിഷ്ഠവും ആയിരുന്നോ? മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള പിൻവരുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കുക:
“സത്യസന്ധമായി നികുതി അടയ്ക്കാനും യുദ്ധത്തിലും അതിനുള്ള ഒരുക്കങ്ങളിലും പങ്കെടുക്കാതിരിക്കാനും മോഷ്ടിക്കാതിരിക്കാനും അതുപോലെതന്നെ മറ്റുള്ളവരും പിൻപറ്റുന്ന പക്ഷം സാമൂഹിക ജീവിത നിലവാരത്തിന്റെ ഉന്നമനത്തിൽ കലാശിക്കുന്ന ഒരു ജീവിത രീതി പിന്തുടരാനും സാക്ഷികൾ ആളുകളെ പഠിപ്പിക്കുന്നു.”—സെർജിയോ അൽബെസാനോ, ടാലെന്റോ, നവംബർ-ഡിസംബർ 1996.
“ചില അവസരങ്ങളിൽ ഉണ്ടാകാറുള്ള അപലപനങ്ങൾക്കു വിരുദ്ധമായി [യഹോവയുടെ സാക്ഷികൾ] രാഷ്ട്രത്തിന് ഏറ്റവും നിസ്സാരമായ ഒരപകടംപോലും വരുത്തുന്നതായി എനിക്കു തോന്നുന്നില്ല. അവർ സമാധാന സ്നേഹികളും മനസ്സാക്ഷിയുള്ളവരും അധികാരികളോട് ആദരവുള്ളവരുമായ പൗരന്മാരാണ്.”—ബെൽജിയം നിയമനിർമാണ സഭയിലെ ഒരംഗം.
[ജർമൻ] “ഫെഡറൽ റിപ്പബ്ലിക്കിലെ ഏറ്റവും സത്യസന്ധരായ ആളുകൾ യഹോവയുടെ സാക്ഷികൾ ആണ് എന്നത് അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു വസ്തുതയാണ്.”—ജർമൻ വർത്തമാനപ്പത്രമായ സിൻഡെൽഫിങർ റ്റ്സൈറ്റുങ്.
“നിങ്ങൾക്ക് [യഹോവയുടെ സാക്ഷികളെ] മാതൃകാ പൗരന്മാരായി കരുതാവുന്നതാണ്. അവർ കൃത്യമായി നികുതി അടയ്ക്കുകയും രോഗികളെ പരിപാലിക്കുകയും നിരക്ഷരത നിർമാർജനം ചെയ്യാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു.”—യു.എസ്. പത്രമായ സാൻഫ്രാൻസിസ്കോ എക്സാമിനർ.
“സുസ്ഥിര വിവാഹ ബന്ധം നിലനിർത്തുന്നതിൽ യഹോവയുടെ സാക്ഷികൾ മറ്റു മത വിഭാഗങ്ങളിലെ അംഗങ്ങളെക്കാൾ വളരെയധികം വിജയിക്കുന്നു.”—അമേരിക്കൻ എഥനോളജിസ്റ്റ്.
“ആഫ്രിക്കൻ രാജ്യങ്ങളിലെ മുഴുപൗരന്മാരിലും സത്യസന്ധതയും അർപ്പണബോധവും ഏറ്റവും അധികം പ്രകടമാക്കുന്നവർ യഹോവയുടെ സാക്ഷികൾ ആണ്.”—ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ബ്രയൻ വിൽസൺ.
“ആ വിശ്വാസത്തിലുള്ള അംഗങ്ങൾ മനസ്സാക്ഷി സ്വാതന്ത്ര്യം വികസിപ്പിക്കുന്നതിൽ ദശകങ്ങളിൽ ഉടനീളം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.”—സംസാര സ്വാതന്ത്ര്യം എനിക്ക്—എന്നാൽ നിനക്കില്ല (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ നേറ്റ് ഹെന്റെഫ്.
“നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും വിലയേറിയ കാര്യങ്ങൾ പരിരക്ഷിക്കുന്നതിൽ അവർ സുനിശ്ചിതമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്.”—ഇവരും വിശ്വസിക്കുന്നു (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ പ്രൊഫസർ സി. എസ്. ബ്രേഡൻ.
മുകളിൽ കൊടുത്തിരിക്കുന്ന ഉദ്ധരണികൾ സൂചിപ്പിക്കുന്നതുപോലെ, ലോകമെമ്പാടും യഹോവയുടെ സാക്ഷികൾ മാതൃകായോഗ്യരായ പൗരന്മാരായി കണക്കാക്കപ്പെടുന്നു. കൂടാതെ, തങ്ങളുടെ സൗജന്യ ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനത്തിനും കുടുംബ മൂല്യങ്ങൾ ഉന്നമിപ്പിക്കുന്നതിനും അവർ പുകഴ്പെറ്റവരാണ്. അവർ നടത്തുന്ന സാക്ഷരതാ ക്ലാസ്സുകൾ ആയിരങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് ആനയിച്ചിരിക്കുന്നു. ദശകങ്ങളായുള്ള അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ആയിരങ്ങളെ സഹായിച്ചിട്ടുണ്ട്, വിശേഷിച്ചും ആഫ്രിക്കയിൽ.
വസ്തുനിഷ്ഠതയുടെ പ്രാധാന്യം
നിരപരാധികളായ ഇരകളെ വേട്ടയാടാൻ തക്കംപാർത്തിരിക്കുന്ന തത്ത്വദീക്ഷയില്ലാത്ത ആളുകളെക്കൊണ്ട് സമൂഹം നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് തീർച്ചയായും മതത്തിന്റെ കാര്യത്തിൽ ആളുകൾ ജാഗ്രതയുള്ളവർ ആയിരിക്കേണ്ട ആവശ്യമുണ്ട്. എന്നാൽ, ക്രിയാത്മക വീക്ഷണമുള്ള വിദഗ്ധരോട് ആരായുന്നതിനു പകരം വിവരങ്ങൾക്കായി ചില പത്രപ്രവർത്തകർ, അംഗസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന സഭകളെയും ചോദ്യംചെയ്യത്തക്ക ലക്ഷ്യങ്ങളുള്ള മതഭേദ വിരുദ്ധ സ്ഥാപനങ്ങളെയും ആശ്രയിക്കുമ്പോൾ മത സ്വാതന്ത്ര്യം എത്ര വസ്തുനിഷ്ഠവും സഹായകവും ആയിരിക്കും? ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളെ “ഏറ്റവും അപകടകരമായ മതഭേദം” എന്നു വിളിച്ച പത്രം ആ വിവരങ്ങൾ “[കത്തോലിക്കാ] സഭയുടെ വിദഗ്ധ”രിൽ നിന്നാണ് ശേഖരിച്ചതെന്നു സമ്മതിക്കുകയുണ്ടായി. കൂടാതെ, മതഭേദങ്ങൾ എന്നു കരുതപ്പെടുന്ന വിഭാഗങ്ങളെ കുറിച്ചു ചർച്ചചെയ്യുന്ന ഭൂരിഭാഗം ലേഖനങ്ങളും മതഭേദ വിരുദ്ധ സ്ഥാപനങ്ങളാണ് അച്ചടിക്കുന്നത് എന്ന് ഒരു ഫ്രഞ്ച് മാസിക പ്രസ്താവിക്കുകയുണ്ടായി. ഇത് വസ്തുനിഷ്ഠമായ വിവരങ്ങൾ ലഭിക്കാനുള്ള തെല്ലും പക്ഷഭേദമില്ലാത്ത മാർഗമായി നിങ്ങൾക്കു തോന്നുന്നുവോ?
“മതവും മതഭേദവും തമ്മിലുള്ള വ്യത്യാസം അസ്വീകാര്യമാം വിധം കെട്ടിച്ചമച്ചതാണ്” എന്ന് അന്താരാഷ്ട്ര കോടതികളും അടിസ്ഥാന മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന യുഎൻ പോലുള്ള സ്ഥാപനങ്ങളും പ്രസ്താവിക്കുന്നു. എങ്കിൽപ്പിന്നെ അവേഹളനാപരമായ, “മതഭേദം” എന്ന പ്രയോഗത്തിന്റെ കാര്യത്തിൽ ചിലർ പിടിവാശി കാട്ടുന്നതോ? മത സ്വാതന്ത്ര്യം ഭീഷണിയിൽ ആയിരിക്കുന്നു എന്നതിന്റെ കൂടുതലായ ഒരു തെളിവാണ് അത്. അങ്ങനെയെങ്കിൽ, ഈ അടിസ്ഥാന സ്വാതന്ത്ര്യം എങ്ങനെ സംരക്ഷിക്കാനാകും?
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മത സ്വാതന്ത്ര്യത്തിനായി വാദിച്ചവർ
16-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ രക്തപ്പുഴ ഒഴുക്കിയ മത യുദ്ധങ്ങളെ തുടർന്ന് മത സ്വാതന്ത്ര്യത്തിനായുള്ള മുറവിളി മുഴങ്ങിക്കേട്ടു. മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകളിൽ ഇന്നും ഈ അഭ്യർഥനകൾ പ്രസക്തമാണ്.
സെബാസ്റ്റ്യൻ ഷറ്റയോൺ (1515-63): “ആരാണ് മതദ്രോഹി? നമ്മുടെ ആശയങ്ങളോട് യോജിക്കാത്ത എല്ലാവരെയും നാം മതദ്രോഹികൾ ആയി കാണുന്നു എന്നാണ് എന്റെ കണ്ടെത്തൽ. . . . ഈ നഗരത്തിലോ മേഖലയിലോ നിങ്ങളെ ഒരു യഥാർഥ വിശ്വാസിയായി കണക്കാക്കിയേക്കാം. എന്നാൽ അടുത്ത നഗരത്തിൽ നിങ്ങളെ ഒരു മതദ്രോഹിയായി മുദ്രകുത്തും.” പ്രശസ്ത ഫ്രഞ്ച് ബൈബിൾ പരിഭാഷകനും മത സഹിഷ്ണുതയുടെ ഊർജസ്വലനായ വക്താവുമായ ഷറ്റയോൺ മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തർക്കങ്ങളിലെ ഒരു മുഖ്യ വിഷയത്തെ കുറിച്ചാണ് സൂചിപ്പിച്ചത്: ഒരു മതദ്രോഹി ആരാണെന്നു നിശ്ചയിക്കുന്നത് ആർ?
ഡിർക്ക് വോൾകെർട്സൂൺ കോൺഹെർട്ട് (1522-90): “കഴിഞ്ഞ കാലത്ത് . . . യെരൂശലേമിൽ ക്രിസ്തുവും യൂറോപ്പിൽ നിരവധി രക്തസാക്ഷികളും . . . തങ്ങളുടെ സത്യവചനത്താൽ സമൂഹത്തിന്റെ സ്വൈരം കെടുത്തിയതായി നാം വായിക്കുന്നു. . . . ‘സ്വൈരം കെടുത്തി’ എന്ന പദത്തിന്റെ അർഥം കൃത്യതയോടും വ്യക്തതയോടും കൂടെ നിർവചിക്കപ്പെടണം.” മത വൈപരീത്യത്തെ ക്രമസമാധാന തകർച്ചയോടു താരതമ്യപ്പെടുത്തരുതെന്ന് കോൺഹെർട്ട് വാദിച്ചു. അദ്ദേഹം ഇങ്ങനെ ചോദിച്ചു: അണുവിട തെറ്റാതെ നിയമം അനുസരിക്കുകയും നിയമത്തെ ആദരിക്കുകയും ചെയ്യുന്ന ആളുകൾ വാസ്തവത്തിൽ ക്രമസമാധാനത്തിനു ഭീഷണിയാണോ?
പ്യേർ ദി ബെൽവോ (1540-1611): “മത വൈവിധ്യം രാഷ്ട്രത്തിൽ പ്രക്ഷുബ്ധതയ്ക്കു വളംവെക്കുന്നുവെന്നും അതിനെ ഊട്ടിവളർത്തുന്നുവെന്നും വിശ്വസിക്കുന്നത് അജ്ഞതകൊണ്ടാണ്.” ഗവൺമെന്റ് മതസമ്മർദത്തിനു വശംവദമാകാത്ത പക്ഷം, തീർച്ചയായും രാഷ്ട്രത്തിന്റെ അഖണ്ഡത മതൈക്യത്തെ ആശ്രയിച്ചിരിക്കുന്നില്ലെന്ന് ‘മതയുദ്ധങ്ങളുടെ’ സമയത്ത് (1562-98) എഴുതവേ ഫ്രഞ്ചു വക്കീലായ ബെൽവോ വാദിച്ചു.
തോമസ് ഹെൽവിസ് (ഏകദേശം 1550—ഏകദേശം 1616): “തന്റെ [രാജാവിന്റെ] പ്രജകൾ സമസ്ത മാനുഷ നിയമങ്ങളോടും അനുസരണയും വിശ്വസ്തതയും ഉള്ളവർ ആണെങ്കിൽ അദ്ദേഹത്തിന് അവരോട് കൂടുതലായൊന്നും ആവശ്യപ്പെടേണ്ടതില്ല.” ഇംഗ്ലണ്ടിലെ ബാപ്റ്റിസ്റ്റ് സഭയുടെ സ്ഥാപകരിൽ ഒരാളായ ഹെൽവിസ് സഭയെയും രാഷ്ട്രത്തെയും വേർതിരിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് എഴുതി. മത സ്വാതന്ത്ര്യം എല്ലാ സഭകൾക്കും മതഭേദങ്ങൾക്കും അനുവദിച്ചുകൊടുത്തിട്ട് പ്രജകളുടെയും സമ്പത്തിന്റെയും മേലുള്ള അധികാരത്തിൽ തൃപ്തിയടയാൻ അദ്ദേഹം രാജാവിനെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ നിലവിലുള്ള ഒരു പ്രശ്നത്തിന് അദ്ദേഹത്തിന്റെ എഴുത്തുകൾ അടിവരയിടുന്നു: ആളുകളുടെ ആത്മീയ കാര്യങ്ങളിൽ രാഷ്ട്രം എത്രത്തോളം കൈകടത്തണം?
അജ്ഞാത എഴുത്തുകാരൻ (1564): “തനിക്കു മേലാൽ താത്പര്യമില്ലാത്ത മതവുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഒരു വ്യക്തിയെ അനുവദിച്ചാൽ മാത്രം പോരാ, തനിക്ക് ഇഷ്ടമുള്ള മതം പിൻപറ്റാൻ അയാളെ അനുവദിക്കുകയും വേണം. അപ്പോൾ മാത്രമേ മനസ്സാക്ഷി സ്വാതന്ത്ര്യം ഉണ്ടെന്ന് അവകാശപ്പെടാനാകൂ.”
[ചിത്രങ്ങൾ]
തെർത്തുല്യൻ
ഷറ്റയോൺ
ദി ബെൽവോ
[കടപ്പാട]
എല്ലാ ഫോട്ടോകളും: © Cliché Bibliothèque Nationale de France, Paris