ലോകത്തെ വീക്ഷിക്കൽ
അമ്മയുടെ പാൽ അത്യുത്തമം
“മുലപ്പാലാണ് എല്ലാ മരുന്നുകളുടെയും മാതാവ്” എന്നു ന്യൂസ്വീക്ക് പറയുന്നു. “അതു കുടിക്കുന്ന കുഞ്ഞുങ്ങൾക്ക്, തലച്ചോർ ശരിയായി വികാസം പ്രാപിക്കുന്നതിനു വേണ്ട പോഷകങ്ങൾ അതിൽ നിന്നു ലഭിക്കുന്നുവെന്നു മാത്രമല്ല അലർജിയും അണുബാധയും മുതൽ അതിസാരവും വരട്ടുചൊറിയും ന്യുമോണിയയും വരെ ബാധിക്കാനുള്ള സാധ്യത കുറയുന്നു.” അതുകൊണ്ട്, നവജാതശിശുക്കളെ ചുരുങ്ങിയത് ഒരു വർഷമെങ്കിലും മുലയൂട്ടാൻ അമേരിക്കൻ ബാലചികിത്സാ അക്കാദമിയും അമേരിക്കൻ ആഹാരക്രമ ഗവേഷണ സമിതിയും അമ്മമാരെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. “എന്നിരുന്നാലും ഈ അതിവിശിഷ്ടമായ ആഹാരം മിക്കവാറും ഉപയോഗിക്കപ്പെടാതെ പോകുകയാണ്” എന്നു ന്യൂസ്വീക്ക് കുറിക്കൊള്ളുന്നു. എന്തുകൊണ്ട്? മിക്കപ്പോഴും അബദ്ധ ധാരണകളാണു കാരണം. കുഞ്ഞുങ്ങളെ ആരോഗ്യമുള്ളവരായി നിലനിർത്താൻ ആവശ്യമായ അത്രയും പാൽ തങ്ങൾക്കുണ്ടാവില്ല എന്നു ചില അമ്മമാർ ഉത്കണ്ഠപ്പെടുന്നു. മറ്റുള്ളവർ വിചാരിക്കുന്നതു പ്രാരംഭഘട്ടത്തിൽ തന്നെ കുഞ്ഞുങ്ങൾക്കു മറ്റ് ആഹാരപദാർഥങ്ങൾ ആവശ്യമാണ് എന്നാണ്. “ആറുമാസം പ്രായമാകുന്നതു വരെ ഒരു കുഞ്ഞിന്റെ എല്ലാ പോഷകാവശ്യങ്ങളും നിറവേറ്റാൻ മിക്ക അമ്മമാർക്കും കഴിയും എന്നതാണു സത്യം. കട്ടിയായ ആഹാരം അപ്പോൾ മുതൽ പടിപടിയായി ആഹാരക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്,” എന്നു ലേഖനം പ്രസ്താവിക്കുന്നു. “മറ്റെന്തെല്ലാം കൊടുക്കുന്നുണ്ടെങ്കിലും, രണ്ടുവയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അമ്മയുടെ പാലിലുള്ള ആന്റിബോഡികളും ഫാറ്റിആസിഡുകളും ഗുണം ചെയ്യും.” അമ്മമാർക്കും പ്രയോജനങ്ങളുണ്ട്: മുലയൂട്ടൽ സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും പ്രസവാനന്തര തൂക്കംകുറയൽ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ദാരിദ്ര്യം—മുഖം നോക്കുന്നില്ല
ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിൽ പോലും ദാരിദ്ര്യം വർധിച്ചുവരികയാണ് എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അടുത്തകാലത്തെ ഒരു റിപ്പോർട്ടു വെളിപ്പെടുത്തുന്നതായി ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നു. വ്യവസായവത്കൃത രാജ്യങ്ങളിൽ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിചരണം എന്നിവ പോലുള്ള “അടിസ്ഥാന മാനുഷിക ആവശ്യങ്ങൾ” നിറവേറ്റപ്പെടാത്ത അനേകം ആളുകളുണ്ട്. റിപ്പോർട്ടനുസരിച്ച്, ഐക്യനാടുകളിലെ ജനസംഖ്യയുടെ 16.5 ശതമാനം ദാരിദ്ര്യത്തിലാണു കഴിഞ്ഞുകൂടുന്നത്. ബ്രിട്ടനിലാകട്ടെ, അതു 15 ശതമാനമാണ്. വ്യവസായവത്കൃത ലോകത്ത്, പത്തുകോടി ആളുകൾ ഭവനരഹിതരും 3.7 കോടി ആളുകൾ തൊഴിൽരഹിതരും ഏകദേശം 20 കോടി ആളുകൾ “അറുപതു വയസ്സിനു താഴെ ആയുർപ്രതീക്ഷ ഉള്ളവരുമാണ്.”
കാണുന്നതു പോലെ പാവമല്ല
“ആഫ്രിക്കയിലെ ഏറ്റവും അപകടകാരിയായ മൃഗം സിംഹമോ കേപ്പ് കാട്ടുപോത്തോ ആണെന്നു നിങ്ങൾ കരുതുന്നു എങ്കിൽ, നിങ്ങൾക്കു തെറ്റി,” ദ വാൾ സ്ട്രീറ്റ് ജേർണൽ പ്രസ്താവിക്കുന്നു. “അതു നീർക്കുതിര (hippopotamus) ആണ്.” കാർട്ടൂണുകളും കുട്ടിക്കഥകളും ഇണക്കമുള്ള സന്തുഷ്ട മൃഗമായി നീർക്കുതിരയെ എടുത്തുകാട്ടുമ്പോഴും, ഓമനത്തമുള്ള ബൊമ്മകൾ എന്ന നിലയിൽ അവ ജനപ്രീതിയാർജിച്ചവ ആയിരിക്കുമ്പോഴും, ആഫ്രിക്കയിൽ മറ്റേതു മൃഗത്തെക്കാളും അധികം മരണങ്ങൾക്കു കാരണക്കാരായിരിക്കുന്നതു നീർക്കുതിരകളാണ്. ഭൂഖണ്ഡത്തിലെ ഏറ്റവും അപകടം പിടിച്ച സ്ഥാനം “ഒരു നീർക്കുതിരയ്ക്കും ജലാശയത്തിലേക്കുള്ള അതിന്റെ പാതയ്ക്കും ഇടയിലാണ്” എന്നു വഴികാട്ടികൾ പറയുന്നു. അതുകഴിഞ്ഞാൽ അടുത്തത്, “സാധ്യതയനുസരിച്ച് ഒരു തള്ള ഹിപ്പോയ്ക്കും അതിന്റെ കിടാവിനും ഇടയിലാണ്.” വളരെ പ്രശാന്തരെന്നു തോന്നിപ്പിച്ചുകൊണ്ട് നദിയുടെ മധ്യഭാഗത്തുള്ള ആഴമേറിയതും ഒഴുക്കില്ലാത്തതുമായ ഭാഗത്തിനടുത്തു കൂട്ടമായി കിടക്കുമെങ്കിലും അവ മിക്ക സമയത്തും കരയിലേക്കു കയറിവരാറുണ്ട്. മാത്രമല്ല, ഞെട്ടിക്കുകയോ പ്രകോപിതരാക്കുകയോ ചെയ്താൽ അവ മിക്കപ്പോഴും വളരെയധികം അക്രമാസക്തവും ആകും. അങ്ങേയറ്റം കരുത്തരാണ് അവ. “കലിയിളകിയ ഒരു നീർക്കുതിരയ്ക്ക് ഒരു മുതലയെ രണ്ടായി കടിച്ചുകീറാൻ കഴിയും, ഒരു ചിറ്റോടത്തെ കഷണങ്ങളാക്കാനും,” ഒരു വഴികാട്ടി പറയുന്നു. അങ്ങനെയെങ്കിൽ എന്തിനാണ് നീർക്കുതിരകളുടെ ഇടയിൽ ചിറ്റോടം തുഴയാൻ പോകുന്നത്? നദിയുടെയും കരയിൽ കിടക്കുന്ന മൃഗങ്ങളുടെയും ഒരു ഗംഭീരദൃശ്യം അതു പ്രദാനം ചെയ്യുന്നു എന്നു വഴികാട്ടികൾ പറയുന്നു. മാത്രമല്ല, “ഈ പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടവിനോദങ്ങളിൽ ഒന്നായ, വിക്റ്റോറിയ-ഫാൾസ് പാലത്തിനു 110 മീറ്റർ അകലെ ഒരിടത്തു നിന്നുള്ള ബഞ്ചീചാട്ടം പോലുള്ളവയെക്കാൾ ഇത് സാധ്യതയനുസരിച്ച് അപകടം കുറഞ്ഞതാണ്.”
കൂട്ടക്കൊലയ്ക്കു മുമ്പത്തെ അപായമണികൾ വീണ്ടും മുഴങ്ങുന്നു
“അശുഭകരമായ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ ഉളവാക്കുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് നാം ഇന്നു കാണുന്നത്. കൂട്ടക്കൊലയുടെ മുന്നോടിയായി, 1930-കളിലെ ഇരുണ്ടദിനങ്ങളിൽ നടന്ന സമാന സംഭവങ്ങളുടെ ഭയാനക സ്മരണകൾ ഇത് ഉണർത്തുന്നു” എന്ന് മക്ഗിൽ യൂണിവേഴ്സിറ്റിയിലെ നിയമ പ്രൊഫസറും കാനഡയിലെ ഹെൽസിങ്കി നിരീക്ഷക സംഘത്തിന്റെ ഉപാധ്യക്ഷനുമായ ഇർവിൻ കോട്ട്ലർ പറഞ്ഞതായി ദ റ്റൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള ഹെൽസിങ്കി ഫെഡറേഷൻ 41 രാജ്യങ്ങളിൽ നടത്തിയ ഒരു പഠനം, വളരെ സ്പഷ്ടമായ ഒരു അപായസൂചന എടുത്തുകാട്ടുന്നു. അത് ന്യൂനപക്ഷത്തിന് എതിരെയുള്ള വിദ്വേഷം കലർന്ന സംസാരത്തിൽ ഉണ്ടായ അഭൂതപൂർവമായ വർധനവാണ്. റേഡിയോ ടെലിവിഷൻ പ്രക്ഷേപകരും ഗവൺമെന്റു പ്രസിദ്ധീകരണങ്ങളുമാണ് മിക്കപ്പോഴും ഇങ്ങനെ വിദ്വേഷം ഇളക്കി വിടുന്നത്, ഇതു ന്യൂനപക്ഷത്തിന്റെ പീഡനത്തിൽ കലാശിക്കുന്നു. “രണ്ടാം ലോകമഹായുദ്ധത്തിൽ നിന്നും നാം പഠിക്കാഞ്ഞ ഒരു പാഠമാണ് ഇത്” എന്നാണ് ഈ പ്രവണതയെ കുറിച്ച് കോട്ട്ലർ പറഞ്ഞത്. വിസ്മരിക്കപ്പെട്ട മറ്റൊരു പാഠം, “നിസ്സംഗത എന്ന കുറ്റം” അഥവാ “സമുദായത്തിന്റെ നിശ്ശബ്ദത” ആണ് എന്നദ്ദേഹം പറഞ്ഞു.
കുട്ടികൾ—യുദ്ധത്തിന്റെ ബലിയാടുകൾ
“കഴിഞ്ഞ ദശകത്തിലെ യുദ്ധങ്ങളും സംഘട്ടനങ്ങളും 20 ലക്ഷം കുട്ടികളുടെ ജീവൻ അപഹരിക്കുകയും 10 ലക്ഷത്തിലധികം പേരെ അനാഥരാക്കുകയും 60 ലക്ഷം പേരെ ഗുരുതരമായി പരിക്കേറ്റവരോ അംഗവൈകല്യം സംഭവിച്ചവരോ ആക്കിത്തീർക്കുകയും ചെയ്തു എന്ന് യു.എൻ. പ്രത്യേക പ്രതിനിധിയായ ഓലാരാ ഓട്ടൂണൂ പറഞ്ഞതായി” ജർമൻ ദിനപ്പത്രമായ ഗ്രീവെനെ റ്റ്സൈറ്റുങ്ങ് റിപ്പോർട്ടു ചെയ്യുന്നു. കുട്ടികളെ അക്രമത്തിന്റെ ലക്ഷ്യമാക്കുന്ന എല്ലാ നടപടികളെയും യു.എൻ. രക്ഷാസമിതി ശക്തമായി അപലപിച്ചു. പ്രത്യേക ശ്രദ്ധ അർഹിക്കുന്നവർ, സൈനികരെന്ന നിലയിൽ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന 3,00,000-ത്തിലധികം കുട്ടികളാണ്. മിക്കവരും സൈനിക സേവനത്തിൽ ഏർപ്പെടാൻ നിർബന്ധിതരായവരാണ് എന്നു പറയപ്പെടുന്നു. ഇവരിൽ മൂന്നിൽ ഒരു ഭാഗമോ പെൺകുട്ടികളും. മിക്കപ്പോഴും കൊച്ചുസൈനികരെ ആത്മഹത്യാ സ്ക്വാഡുകൾ ആയാണ് ഉപയോഗിക്കുന്നത്. പുതുതായി രൂപീകൃതമായ, ഗവൺമെന്റു പങ്കാളിത്തമില്ലാത്ത സംഘടനകളുടെ ഒരു സഖ്യം, സൈനികരാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആക്കുന്ന ഒരു സാർവദേശീയ നിയമസംഹിതയ്ക്കായി ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
വത്തിക്കാൻ വെബ്ബിൽ
1994-ൽ, ഇന്റർനെറ്റിൽ ഒരു വെബ്ബ്സൈറ്റ് തുറക്കാനുള്ള കരാറിൽ വത്തിക്കാൻ ഒപ്പുവെച്ചു. നേരിട്ടു കുമ്പസാരിക്കാനും മതപരമായ വിഷയങ്ങളെ കുറിച്ചുള്ള “ഏതു സംശയവും” പുരോഹിതൻമാരോടു ചോദിക്കാനും ഉള്ള സൗകര്യം ഉൾപ്പെടെ മതപരമായ സേവനങ്ങൾ ഇന്റർനെറ്റിൽ ഇപ്പോൾ ലഭ്യമാണ് എന്ന് എൽ ഫിനാൻസ്യെറോ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ഒരു സൈറ്റിൽ, “ഇന്റർനെറ്റ് ഉപയോഗിക്കുന്ന കത്തോലിക്കർക്ക്” തങ്ങൾക്കു വേണ്ടി പ്രാർഥന നടത്തുന്നതിനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ, മാർപ്പാപ്പ ഞായറാഴ്ച ആശീർവാദങ്ങൾ നൽകുന്നതിന്റെ തൽസമയ സംപ്രേക്ഷണം കാണാനും സാധിക്കും. ഇതിനും പുറമെ, “മതപരമായ വസ്തുക്കൾ വാങ്ങാനും വിൽക്കാനുമായി പ്രത്യേക അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന” പരസ്യങ്ങളുമുണ്ട്. “കൂടെക്കൂടെ സന്ദർശിക്കപ്പെടുന്ന വളരെ കുറച്ചു കത്തോലിക്കാ പേജുകളേ ഉള്ളൂ എന്നതാണു പ്രശ്നം” എന്ന് എൽ ഫിനാൻസ്യെറോ പറയുന്നു. “പ്രതിദിനം 25-ൽ താഴെ മാത്രം പ്രാവശ്യമേ വത്തിക്കാൻ പേജിൽ സന്ദർശകർ എത്തുന്നുള്ളൂ, അതിൽ തന്നെ മിക്കവരും കത്തോലിക്കാ വാർത്താ ഏജൻസിയിൽ നിന്നുള്ളവരാണു താനും.”
രോഗികളായി തുടരാൻ ഇഷ്ടം
“ക്ഷയരോഗം ഇപ്പോഴും ലോകത്തിലെ ഒന്നാം നമ്പർ കൊലയാളിയാണ്,” എന്ന് കേപ്പ് ടൈംസ് പത്രം റിപ്പോർട്ടു ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ തീരെ പാവപ്പെട്ടവരുടെ ഇടയിൽ കാട്ടുതീ പോലെ പടരുന്ന ഈ രോഗം പ്രതിവർഷം 13,000-ത്തിലധികം പേരെ കൊന്നൊടുക്കുകയും അനേകരെ ജോലി ചെയ്യാനാകാത്ത വിധം തീരെ അവശതയിലാക്കുകയും ചെയ്യുന്നു. രണ്ടാമതു പറഞ്ഞവർക്ക്, ഗവൺമെന്റിന്റെ സാമ്പത്തിക സഹായങ്ങളും ക്ഷയരോഗ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ, പണി തീരെ കുറവായിരിക്കുകയും കൂലി വളരെ തുച്ഛമായിരിക്കുകയും ചെയ്യുമ്പോൾ ചില രോഗികൾ, തങ്ങൾക്കു സാമ്പത്തിക സഹായം തുടർന്നും ലഭിക്കുന്നതിനു വേണ്ടി ക്ഷയരോഗചികിത്സ ഇടയ്ക്കുവെച്ചു നിർത്താൻ തീരുമാനിക്കുന്നു. “തങ്ങളുടെ അല്ലറചില്ലറ ജോലികളിൽ നിന്നും ലഭിക്കുന്നതിന്റെ പത്തിരട്ടിയോളം പണമാണ് അവർക്ക് ഈ വിധത്തിൽ ലഭിക്കുന്നത്” എന്ന് ടിബി കെയർ എന്ന ദക്ഷിണാഫ്രിക്കൻ സംഘടനയുടെ ഡയറക്ടർമാരിൽ ഒരാളായ റിയ ഗ്രാന്റ് വിശദീകരിച്ചു. “രോഗികളായിരുന്നാൽ നല്ല സാമ്പത്തിക സഹായം ലഭിക്കും എന്ന് ഒരിക്കൽ മനസ്സിലാക്കിയവർ അങ്ങനെ തന്നെ തുടരുന്നതാണു ഭേദം എന്നു തീരുമാനിക്കുന്നു.”
ഉറക്കം തൂങ്ങി ഡ്രൈവർമാർ
“മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ അത്രയും തന്നെ അപകടകാരികളാണ് ഉറക്കംതൂങ്ങി വാഹനം ഓടിക്കുന്നവരും എന്നു ചില വിദഗ്ധർ പറയുന്നതായി” ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ടു ചെയ്യുന്നു. “[മോട്ടോർവാഹന] അപകടങ്ങളിൽ ഉറക്കംതൂങ്ങലിനുള്ള പങ്കിനെ വളരെ പ്രാധാന്യം കുറച്ചാണു കണ്ടിരിക്കുന്നത്. ഉറക്കംതൂങ്ങുന്ന ഡ്രൈവർമാർ പൊതു ആരോഗ്യത്തിനും സുരക്ഷയ്ക്കും ഒരു പ്രമുഖ ഭീഷണിയാണ്.” ദ ടൊറൊന്റോ സ്റ്റാർ പറയുന്ന പ്രകാരം, തങ്ങൾ എപ്പോഴാണ് ഉറക്കത്തിലേക്കു വഴുതി വീഴുക എന്നു മുൻകൂട്ടി പറയാനോ തങ്ങൾ ഉറക്കം തൂങ്ങുകയാണെന്നു തിരിച്ചറിയാനോ ആളുകൾക്കു കഴിയുന്നില്ല എന്നു പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. “ഭക്ഷണം കഴിക്കുന്നതും ശ്വാസോച്ഛ്വാസം ചെയ്യുന്നതും പോലുള്ള ഒരു ആവശ്യമാണ് ഉറങ്ങുക എന്നതും” എന്നു ഗതാഗത സുരക്ഷയ്ക്കായുള്ള അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഫൗണ്ടേഷന്റെ വക്താവ് സ്റ്റെഫാനി ഫൗൾ പറയുന്നു. “നിങ്ങളുടെ ശരീരത്തിന് ഉറക്കം ആവശ്യമായിരിക്കുമ്പോൾ അതു പൊടുന്നനെ ഉറക്കത്തിലേക്കു വഴുതി വീഴുന്നു.” കൂടെക്കൂടെ കോട്ടുവാ ഇടുന്നതായോ കണ്ണടഞ്ഞു പോകുന്നതായോ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നതായോ കണ്ടെത്തിയാൽ, ഡ്രൈവർമാർ എന്തു ചെയ്യണം? “വാഹനത്തിന്റെ ചില്ലു താഴ്ത്തുക, റേഡിയോയുടെ ശബ്ദം കൂട്ടുക തുടങ്ങി ഉറക്കം പോകാനായി ചെയ്യുന്ന സാധാരണ കാര്യങ്ങളൊക്കെ വെറുതെയാവുകയേ ഉള്ളൂ,” എന്ന് ദ ടൊറൊന്റോ സ്റ്റാർ പറയുന്നു. “ചുരുങ്ങിയ നേരത്തേക്ക് ഉണർവു പ്രദാനം ചെയ്യാൻ കഫീൻ നല്ലതാണെങ്കിലും ഉറങ്ങാനുള്ള ഒരു വ്യക്തിയുടെ ശാരീരിക ആവശ്യം അതു കുറയ്ക്കുന്നില്ല.” സുരക്ഷിതമായ ഒരു സ്ഥലത്തു തങ്ങളുടെ വാഹനം ഒതുക്കി നിർത്തിയിട്ട് ഒന്നു മയങ്ങാനാണ് ഉറക്കം തൂങ്ങുന്ന ഡ്രൈവർമാർ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
എത്രമാത്രം ബാക്ടീരിയ?
ഭൂമിയിലെ ഒരു സാധാരണ ജീവരൂപമാണ് ബാക്ടീരിയ. ഏറ്റവും ആഴമേറിയ സമുദ്രത്തിന്റെ അടിത്തട്ടിനടിയിലും അന്തരീക്ഷത്തിൽ 60 കി.മീ. ഉയരത്തിലും അവ സ്ഥിതി ചെയ്യുന്നുണ്ട്. ബാക്ടീരിയങ്ങളുടെ മൊത്തം പിണ്ഡം (mass) മറ്റേതു ജീവരൂപത്തിന്റേതിലും കൂടുതലാണ്. അവയുടെ സംഖ്യ കണക്കാക്കാനുള്ള ഗൗരവാവഹമായ ആദ്യത്തെ സംരംഭം എന്നു വിളിക്കപ്പെടാവുന്ന ഒന്നിന്റെ ഫലങ്ങൾ യു.എസ്.എ.-യിലെ ജോർജിയ സർവകലാശാലയിലുള്ള ശാസ്ത്രജ്ഞർ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. അവരുടെ കണക്കു പ്രകാരം അഞ്ചു കഴിഞ്ഞു 30 പൂജ്യങ്ങൾ ഇടുമ്പോൾ കിട്ടുന്ന സംഖ്യയാണു ബാക്ടീരിയങ്ങളുടെ മൊത്തം എണ്ണം. “ബാക്ടീരിയ രോഗത്തിന് ഇടയാക്കുമെന്നാണ് മിക്ക ആളുകളുടെയും ധാരണ” എന്നു ലണ്ടനിലെ ദ ടൈംസ് പ്രസ്താവിക്കുന്നു. “പക്ഷേ വളരെ ചെറിയ ഒരംശം മാത്രമേ രോഗകാരികളായിരിക്കുന്നുള്ളൂ. എല്ലാ ജന്തുക്കളിലും വസിക്കുന്ന മുഴുവൻ ബാക്ടീരിയങ്ങളുടെ എണ്ണമെടുത്താൽ പോലും അതു മൊത്തം സംഖ്യയുടെ ഏകദേശം ഒരു ശതമാനം മാത്രമേ വരൂ. ഒട്ടുമിക്കവയും നിരുപദ്രവകാരികളാണെന്നു മാത്രമല്ല ജീവന് അത്യന്താപേക്ഷിതവുമാണ്. ദഹന പ്രക്രിയ പോലുള്ള പ്രവർത്തനങ്ങൾക്ക് അവയുടെ സഹായം കൂടിയേ തീരൂ.” അതിശയകരമെന്നു പറയട്ടെ, എല്ലാ ബാക്ടീരിയയുടെയും 92 മുതൽ 94 വരെ ശതമാനവും കടൽത്തട്ടിനു 10 സെന്റിമീറ്ററിലധികം താഴെയായി കാണപ്പെടുന്ന അവക്ഷിപ്തത്തിലോ കരയിലാണെങ്കിൽ 9 മീറ്ററിലധികം താഴ്ചയിലോ ആണു കാണപ്പെടുന്നത്. ഈ സ്ഥലങ്ങളിലൊന്നും ജീവന്റെ തുടിപ്പ് ഒട്ടും തന്നെ ഇല്ലെന്നായിരുന്നു മുമ്പു ധരിച്ചിരുന്നത്. ജലാംശം ഒഴിവാക്കിയാൽ, ബാക്ടീരിയയുടെ ഭാരത്തിൽ ഏകദേശം പകുതിയോളം കാർബണാണ്. അതാകട്ടെ ജീവന് അത്യന്താപേക്ഷിതമായ ഒരു മൂലകവുമാണ്. “ഈ ലോകത്തിലുള്ള എല്ലാ ചെടികളിലും ഉള്ള കാർബണിന്റെ അളവിനോട് ഏകദേശം തുല്യമാണ് ബാക്ടീരിയങ്ങളിലുള്ള കാർബണിന്റെ അളവ്” എന്നു ദ ടൈംസ് പറയുന്നു.