മസ്തിഷ്കം—അത് അത്യുത്തമമായ വിധത്തിൽ എങ്ങനെ ഉപയോഗിക്കാം?
നിങ്ങൾ ഈ വാക്കുകൾ വായിക്കവേ, വർഷങ്ങൾക്കു മുമ്പ് ആദ്യമായി വായന പഠിച്ചപ്പോൾ ശേഖരിച്ചു വെച്ചിരുന്ന ഓർമകളെ മസ്തിഷ്കം നിങ്ങളുടെ സ്മൃതിപഥത്തിലേക്കു കൊണ്ടുവരികയാണ്. എന്നാൽ പഠിക്കുന്ന കാര്യങ്ങളെ ബുദ്ധിപൂർവകവും ചിന്താപൂർവകവും വിലയിരുത്തുന്നതിന്, മസ്തിഷ്കത്തിന്റെ ചിന്താപ്രാപ്തിയെ നിങ്ങൾ വികസിപ്പിച്ചെടുക്കേണ്ട ആവശ്യമുണ്ട്.
മസ്തിഷ്കത്തിലെ ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങൾക്കു നിരന്തരം മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നു ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ശക്തീകരിക്കപ്പെടുകയോ നവീകരിക്കപ്പെടുകയോ ചെയ്യാത്ത പക്ഷം ന്യൂറോണുകൾ നിർജീവമാകും. “ഉപയോഗിക്കുന്തോറും മസ്തിഷ്കത്തിന്റെ പ്രാപ്തി മെച്ചപ്പെടുന്ന”തായി ഒരു സമീപകാല റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. “തങ്ങളുടെ മസ്തിഷ്കപ്രാപ്തിയെ കുറിച്ച് ഉത്കണ്ഠാകുലരാകുന്നവർക്ക്—അല്ലെങ്കിൽ അത് ഏറ്റവും കാര്യക്ഷമമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക്—ഉള്ള മികച്ച ബുദ്ധിയുപദേശം സാധ്യതയനുസരിച്ച് ഇതാണ്: വൈവിധ്യമാർന്ന ബൗദ്ധിക ആഹാരക്രമവും ധാരാളം മാനസിക വ്യായാമവും.”
മാനസിക വ്യായാമം മർമപ്രധാനം
‘മനസ്സിനു ധാരാളം വ്യായാമം നൽകുന്ന’തിന്റെ മൂല്യം വിലമതിക്കുന്നതിന് ശാസ്ത്രജ്ഞന്മാർ കൊച്ചുകുട്ടികളെ സംബന്ധിച്ചു കണ്ടുപിടിച്ചത് എന്താണ് എന്നു ശ്രദ്ധിക്കുക. പിറന്നുവീഴുന്ന സമയത്ത്, സാധാരണഗതിയിൽ കുഞ്ഞുങ്ങൾക്ക് അന്ധതയൊന്നുമില്ല. അവർക്കു തങ്ങളുടെ കാഴ്ചപ്രാപ്തി വികസിപ്പിച്ചെടുത്താൽ മാത്രം മതിയാകും. ആദ്യമൊക്കെ, അവർക്ക് അടുത്തുള്ള വസ്തുക്കളിൽ മാത്രമേ ദൃഷ്ടി കേന്ദ്രീകരിക്കാനാവൂ. പിന്നീട്, അവർ ത്രിമാനദർശനം വികസിപ്പിച്ചെടുക്കുന്നു. കണ്ണുകൾ ഒപ്പിയെടുക്കുന്ന പ്രതിബിംബങ്ങളിലെ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നതോടെയാണ് ഇത്. എന്നാൽ ഈ സമയത്ത്, കുട്ടിയുടെ ഒരു കണ്ണു കെട്ടിവെച്ചിരിക്കുകയാണ് എന്നിരിക്കട്ടെ. വളർന്നുവരുമ്പോൾ ആ കണ്ണിന്റെ കാഴ്ച വളരെ മങ്ങിയതായിരിക്കും. എന്തുകൊണ്ട്? കാരണം മസ്തിഷ്കത്തിന്റെ ദൃശ്യ കോർട്ടക്സിന്റെ മേൽ മേധാവിത്വം പുലർത്തുന്നതു മറ്റേ കണ്ണിൽ നിന്നുള്ള സന്ദേശങ്ങളായിരിക്കും.
കുട്ടിയുടെ താത്പര്യത്തെ ഉദ്ദീപിപ്പിക്കുന്ന കളിപ്പാട്ടങ്ങൾക്ക്, ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നതിന് അവന്റെ മസ്തിഷ്കത്തെ സജ്ജമാക്കാൻ കഴിയും.
ഭാഷയും സാമൂഹിക പാടവങ്ങളും വികസിപ്പിച്ചെടുക്കുന്നതിനു സംഗീതം സഹായകരമായിരുന്നേക്കാം എന്നും അടുത്തകാലത്തെ ഗവേഷണം സൂചിപ്പിക്കുന്നു. കൂടുതലായ സംഗീതപാഠങ്ങൾ അഭ്യസിച്ച കുട്ടികൾ ഭാഷയിൽ മികവു പുലർത്തിയെന്നു മാത്രമല്ല അതിന് അവസരം കിട്ടാതിരുന്ന കുട്ടികളെക്കാൾ എളുപ്പത്തിൽ വായന സ്വായത്താക്കുകയും ചെയ്തു. മറ്റുള്ളവരോടൊപ്പം വാദ്യോപകരണങ്ങൾ വായിച്ചിരുന്ന കുട്ടികളും മറ്റുള്ളവരുമായി കൂടുതൽ നന്നായി സഹകരിച്ചു പ്രവർത്തിക്കുന്നതായി കണ്ടെത്തി.
മസ്തിഷ്കം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണെങ്കിൽ കൂടിയും—ഇടത്ത് അർധഗോളവും വലത്ത് അർധഗോളവും—ഓരോ ഭാഗവും ജീവത്പ്രധാനമായ പങ്കു വഹിക്കുന്നു. ഉദാഹരണത്തിന്, വലത്തുഭാഗം സാധാരണഗതിയിൽ വികാരങ്ങൾ ഗ്രഹിക്കുന്നതിനും സംഗീതത്തിന്റെ ഈണം മനസ്സിലാക്കുന്നതിനും നമ്മെ സഹായിക്കുന്നു. എന്നിരുന്നാലും ഈ രണ്ടുഭാഗങ്ങളും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു റിപ്പോർട്ട് ഇപ്രകാരം കുറിക്കൊള്ളുന്നു: സംഗീത വിദ്യാർഥികൾ തങ്ങളുടെ അധ്യയനം ആരംഭിച്ച സമയത്ത്, സംഗീതം ശ്രവിക്കുന്നത് അവരുടെ മസ്തിഷ്കത്തിന്റെ വലത്തെ അർധഗോളത്തെയാണ് പ്രധാനമായും പ്രവർത്തനനിരതമാക്കിയത്. മൂന്നു വർഷങ്ങൾക്കു ശേഷം, സംഗീതത്തിന്റെ സൈദ്ധാന്തിക വശങ്ങളും രചനയും വിശദമായി പഠിച്ചു കഴിഞ്ഞപ്പോൾ, ഇടത്ത് അർധഗോളങ്ങൾ അവർ ശ്രവിച്ച കാര്യങ്ങൾ തിരക്കോടെ വിശകലനം ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടു. അങ്ങനെ, വിശകലന ഭാഗവും വൈകാരിക ഭാഗവും ഉൾപ്പെടുന്ന രീതിയിൽ മുഴു മസ്തിഷ്കവും ഉത്തേജിപ്പിക്കപ്പെടേണ്ടതിനു മാനസിക വ്യായാമം ആവശ്യമാണ്.
“വൈവിധ്യമാർന്ന ബൗദ്ധിക ആഹാരക്രമം”
അനേകം ആളുകൾ തങ്ങളുടെ പരമ്പരാഗത മതത്തിന്റെ വിശ്വാസസംഹിത പഠിച്ചിട്ടുണ്ട്. പക്ഷേ, അവർ ഈ സഭകളുടെ പഠിപ്പിക്കലുകൾ സംബന്ധിച്ചു യുക്തിയുക്തമായി ചിന്തിക്കാൻ തുടങ്ങിയപ്പോൾ, അവയിൽ ഒരു യഥാർഥ ഉദ്ദേശ്യത്തിന്റെ അഭാവം മാത്രമല്ല പൊരുത്തക്കേടുകളും ശ്രദ്ധിക്കുകയുണ്ടായി. ഇത്, തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതും ഭാവിയെ സംബന്ധിച്ച ഒരു ഈടുറ്റ പ്രത്യാശ നൽകുന്നതുമായ ഒരു മതവിശ്വാസത്തിനു വേണ്ടിയുള്ള അന്വേഷണത്തിലേക്കു ചിലരെ നയിച്ചിരിക്കുന്നു.
“കൗമാരപ്രായത്തിന്റെ തുടക്കം മുതൽ തന്നെ എന്റെ ജീവിതം ഹൃദയവേദനകളുടെയും പ്രശ്നങ്ങളുടെയും ഒരു ചുഴിയിൽ അകപ്പെട്ടിരുന്നു” എന്നു ജീൻ വിശദീകരിക്കുന്നു. “ഞാൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു അംഗമായിരുന്നു എങ്കിലും ആവശ്യമായിരുന്ന മാർഗനിർദേശമോ മനസമാധാനമോ എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. അഗ്നിനരകവും മരിച്ചവരുടെ അവസ്ഥയും പോലെയുള്ള സഭയുടെ പല പഠിപ്പിക്കലുകളും എന്നെ അസ്വസ്ഥയാക്കിയിരുന്നു. ദൈവം എന്നെ ശിക്ഷിക്കുകയായിരിക്കും എന്നാണ് പുരോഹിതന്മാർ എന്നോടു പറഞ്ഞത്.
“ഈ ഘട്ടത്തിൽ, സഭ വിട്ടുപോരാൻ ഞാൻ തീരുമാനിച്ചു. പിന്നീട്, ഒരു സഭയിലും അംഗമല്ലാതിരുന്ന ഒരു വ്യക്തിയെ ഞാൻ വിവാഹം ചെയ്തു. എന്നാൽ വീട്ടിലെ അദ്ദേഹത്തിന്റെ അക്രമസ്വഭാവം എന്നെ ദുഃഖത്തിലാഴ്ത്തി.” ആത്മഹത്യ ചെയ്യാൻ തന്നെ ജീൻ നിശ്ചയിച്ചു. എന്നാൽ അതു ചെയ്യും മുമ്പ് അവൾ ദൈവത്തോട് അവസാനമായി ഒന്നു പ്രാർഥിച്ചു. അതേ നിമിഷത്തിൽ തന്നെ, വാതിലിൽ ഒരു മുട്ടു കേട്ടു. വാതിൽ തുറന്ന അവൾ കണ്ടത് യഹോവയുടെ സാക്ഷികളായ രണ്ടു സ്ത്രീകളെയാണ്. ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട് എന്നതിനെ കുറിച്ചായിരുന്നു അവർ സംസാരിച്ചത്. മാത്രമല്ല, കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിന് ജീനിനെ സഹായിക്കുന്നതിനായി അവർ അവൾക്കു കുറച്ചു ബൈബിൾ സാഹിത്യങ്ങളും നൽകി.
ജീൻ ഇങ്ങനെ തുടരുന്നു, “അവർ മടങ്ങിപ്പോയതിനു ശേഷം, ഞാൻ അകത്തുപോയി അവർ എനിക്കു തന്നിട്ടു പോയ പുസ്തകം ഉടൻ തന്നെ വായിക്കാനാരംഭിച്ചു. കണ്ണിൽ നിന്ന് ഒരു പാട നീക്കപ്പെട്ട പ്രതീതിയാണ് എനിക്ക് ഉണ്ടായത്. എനിക്ക് ആദ്യമായി കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിഞ്ഞു. വായിക്കുന്തോറും ഇതു തന്നെയാണ് സത്യമെന്ന് എനിക്കു കൂടുതൽ കൂടുതൽ വ്യക്തമാകാൻ തുടങ്ങി.” തന്റെ മനസ്സിനു സംതൃപ്തി നൽകുന്ന ആഹാരം ജീൻ കണ്ടെത്തി കഴിഞ്ഞിരുന്നു.
വിവേകത്തിന്റെയും ദൈവിക ജ്ഞാനത്തിന്റെയും മൂല്യം ബൈബിൾ പുസ്തകമായ സദൃശവാക്യങ്ങൾ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും, ഇവ നേടിയെടുക്കുന്നതിന്, വ്യക്തിപരമായ പരിശ്രമവും ദൈവത്തെ കുറിച്ചു പഠിക്കാനുള്ള വാഞ്ഛയും ഒരുവന് ആവശ്യമാണ്. സദൃശവാക്യങ്ങൾ രണ്ടാം അധ്യായം ഒരു വെല്ലുവിളി ഉയർത്തുന്നു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു [“വിവേകത്തിനു,” NW] നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”—സദൃശവാക്യങ്ങൾ 2:1-6.
ബൈബിളിനെ കുറിച്ച്, വിദ്യാഭ്യാസ വിചക്ഷണനായ വില്യം ലൈയോൺ ഫെൽപ്സ് ഇപ്രകാരം എഴുതി: “ബൈബിളിനെ കുറിച്ചു സൂക്ഷ്മ പരിജ്ഞാനമുള്ള ഏതൊരു വ്യക്തിയും വിദ്യാസമ്പന്നനാണ് എന്നു വാസ്തവമായും പറയാം.” നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ 5-ാം പേജിലെ ഏറ്റവും അനുയോജ്യമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക. ബൈബിളിനു നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന വിധവും അതിനു സമൃദ്ധമായ മാനസിക ഉദ്ദീപനത്തിന്റെ ഒരു ആശ്രയയോഗ്യമായ ഉറവായിരിക്കാൻ കഴിയുന്ന വിധവും കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് അവർക്കു സന്തോഷമായിരിക്കും. ബൈബിളിൽ വരച്ചുകാട്ടിയിരിക്കുന്ന സത്യത്തിന്റെ മാതൃക മനസ്സിലാക്കിയെടുക്കുന്നതിനു നിങ്ങളുടെ മസ്തിഷ്കത്തിന്റെ ചിന്താപ്രാപ്തിയെ ഉപയോഗിക്കുക. മസ്തിഷ്കത്തെ ഈ വിധത്തിൽ അത്യുത്തമമായി ഉപയോഗിക്കുന്നത് നിങ്ങളുടെ നിലനിൽക്കുന്ന സന്തുഷ്ടിക്കു തന്നെ വഴിതുറന്നേക്കാം.