യൂറോ—ഒരു പഴയ ഭൂഖണ്ഡത്തിന് പുതിയ നാണയം
ആഹ്ലാദഭരിതനായ ഫ്രഞ്ച് ധനകാര്യ മന്ത്രി പുതിയ നാണയത്തുട്ടു കടിച്ചുകൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു: “ഇതു വ്യാജ നാണയം അല്ല, ശരിക്കുള്ള നാണയംതന്നെ. ഫ്രാൻസിൽ—യൂറോപ്പിൽത്തന്നെയും—ഉണ്ടാക്കിയ ആദ്യത്തെ നാണയം.” ഫ്രാൻസിന്റെ ഗവൺമെന്റ് നാണയനിർമാണ കേന്ദ്രത്തിൽ ഉണ്ടാക്കിയ ആദ്യത്തെ യൂറോ ആയിരുന്നു ആ നാണയത്തുട്ട്. 1998 മേയ് 11 തിങ്കളാഴ്ച ആയിരുന്നു അത്.
യൂറോ എന്താണ്? യൂറോപ്പിൽ എമ്പാടുമുള്ള കുടുംബിനികളെയും ജോലിക്കാരെയും വിനോദസഞ്ചാരികളെയും ബിസിനസുകാരെയും അത് എങ്ങനെ ബാധിക്കും? ആഗോള സമ്പദ്വ്യവസ്ഥയിൽ അത് എന്തെങ്കിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമോ? നിങ്ങളുടെ പക്കലുള്ള ഡോയിഷ് മാർക്കുകളോ ലിറകളോ ഫ്രാങ്കുകളോ എറിഞ്ഞു കളയുന്നതിനു മുമ്പ് പ്രസ്തുത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് ഉചിതം ആയിരിക്കും.
പ്രസ്തുത ആശയം വികസിച്ചത് എങ്ങനെ?
1993 നവംബർ 1-ന്, മാസ്ട്രിക്റ്റ് ഉടമ്പടി യൂറോപ്യൻ സമൂഹത്തെ യൂറോപ്യൻ യൂണിയൻ (ഇയു) ആക്കി മാറ്റിയപ്പോൾ, അന്ന് അവതരിപ്പിച്ച അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്ന് അംഗ രാഷ്ട്രങ്ങൾക്ക് ഇടയിൽ പൊതുവായ ഒരു നാണയം പുറത്തിറക്കുക എന്നത് ആയിരുന്നു.a റോമാക്കാരുടെ കാലം മുതൽ യൂറോപ്പിൽ പൊതു നാണയ സമ്പ്രദായം ഇല്ലായിരുന്നു. പുതിയ നാണയത്തിന്റെ പേര് യൂറോ എന്നായിരിക്കുമെന്നു തീരുമാനിക്കപ്പെട്ടു. എല്ലാ ഇയു രാജ്യങ്ങളും ഈ നാണയ സഖ്യത്തിൽ ചേരുന്നില്ല. 15 ഇയു രാജ്യങ്ങൾ ഉള്ളതിൽ വെറും 11 രാജ്യങ്ങൾക്കേ യൂറോ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അയർലൻഡ്, ഇറ്റലി, ഓസ്ട്രിയ, ജർമനി, നെതർലൻഡ്സ്, പോർച്ചുഗൽ, ബെൽജിയം, ഫിൻലൻഡ്, ഫ്രാൻസ്, ലക്സംബർഗ്, സ്പെയിൻ എന്നിവയാണ് ആ രാജ്യങ്ങൾ. ഗ്രീസിന് ഈ നാണയ സഖ്യത്തിൽ ചേരുന്നതിനോട് അനുബന്ധിച്ചുള്ള സാമ്പത്തിക മാനദണ്ഡങ്ങളുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. ഡെന്മാർക്ക്, ബ്രിട്ടൻ, സ്വീഡൻ എന്നിവയാണ് അതിൽ ഇപ്പോൾ ചേരുന്നില്ലാത്ത മറ്റു മൂന്നു രാജ്യങ്ങൾ.
യൂറോ പ്രാബല്യത്തിൽ വരുത്തുന്നതു ക്രമേണ ആയിരിക്കും. ഈ വർഷം ജനുവരി 4-ന് യൂറോ, അന്താരാഷ്ട്ര നാണയ വിനിമയ കേന്ദ്രങ്ങളിൽ നാണയം കൂടാതെയുള്ള ഇടപാടുകളിൽ ഉപയോഗിക്കാൻ തുടങ്ങി. 2002 ജനുവരി 1-നു ശേഷം ആറു മാസത്തിനകം യൂറോ നാണയത്തുട്ടുകളും നോട്ടുകളും വ്യാപകമായി ഉപയോഗത്തിൽ വരും. തുടർന്ന്, ഇയു അംഗ രാഷ്ട്രങ്ങളുടെ മുൻ നാണയങ്ങൾ ഒരുപക്ഷേ കാഴ്ചബംഗ്ലാവുകളിലും സ്മാരക വസ്തുക്കൾ സൂക്ഷിക്കുന്ന പെട്ടികളിലും സ്ഥാനം പിടിക്കും. യൂറോ 1,200 കോടി നോട്ടുകളുടെയും 7,000 കോടി നാണയത്തുട്ടുകളുടെയും—മൊത്തം തൂക്കം 3,00,000 ടൺ—സ്ഥാനം കയ്യടക്കും എന്നു കണക്കാക്കപ്പെടുന്നു. ക്രമേണ, ശേഷം ഇയു രാജ്യങ്ങൾക്കും പൊതു നാണയ സഖ്യത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
യൂറോയിലേക്കുള്ള മാറ്റത്തെ കുറിച്ച് ഓസ്ട്രിയയുടെ ധനകാര്യ മന്ത്രി ഇങ്ങനെ പറഞ്ഞു: “ഒരു നൂതന യൂറോപ്യൻ സമന്വയ യുഗത്തിന്റെ പുലരിയിലാണു നാം നിലകൊള്ളുന്നത്.” എന്നാൽ, യൂറോയുടെ ഉപയോഗം സംബന്ധിച്ചു യൂറോപ്പിൽ പൊതുജനങ്ങൾക്കിടയിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ട്. പൊതു നാണയം യൂറോപ്പ് സാമ്പത്തികമായി തഴച്ചുവളരാൻ ഇടയാക്കും എന്നു 47 ശതമാനം അഭിപ്രായപ്പെടുമ്പോൾ യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥയെ യൂറോ ദുർബലമാക്കും എന്നാണ് 40 ശതമാനത്തിന്റെ അഭിപ്രായം. പൊതു നാണയം യുദ്ധത്തിനു വഴിതെളിക്കാൻ സാധ്യതയുണ്ട് എന്നുപോലും ചിലർ അഭിപ്രായപ്പെടുന്നു! അവർക്കെല്ലാം പുറമെ വേറൊരു കൂട്ടരുമുണ്ട്—“യൂറോ-സന്ദേഹവാദികൾ.” യൂറോപ്പിൽ പൊതു നാണയം ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ അവർ മുൻകൂട്ടി കാണുന്നുണ്ടെങ്കിലും അതിന്റെ ആത്യന്തിക വിജയത്തെ അവർ ചോദ്യം ചെയ്യുന്നു.
ചിലർ അതിനെ അനുഗ്രഹമായി കരുതുന്നു . . .
യൂറോപ്യൻ സമൂഹത്തിന്റെ പരമോന്നത ഭരണനിർവഹണ സമിതിയായ യൂറോപ്യൻ കമ്മീഷൻ ഇങ്ങനെ പ്രഖ്യാപിച്ചു: “പൊതു നാണയം ഉത്പാദിപ്പിക്കുന്നതിലൂടെ യൂറോപ്പ് അതിന്റെ പൗരന്മാർക്കും കുട്ടികൾക്കും പങ്കാളികൾക്കും . . . അത് ഇച്ഛാനുസൃതം തിരഞ്ഞെടുത്ത പൊതു ലക്ഷ്യത്തിന്—സമാധാനത്തിലും സമൃദ്ധിയിലും അധിഷ്ഠിതമായ സമൂഹം പണിതുയർത്തുക എന്നതിന്—ദൃശ്യമായ തെളിവു നൽകുകയാകും ചെയ്യുന്നത്.”
യൂറോയെ അനുകൂലിക്കുന്നവർ പൊതു നാണയത്തിലൂടെ കൈവരിച്ചേക്കാവുന്ന നിരവധി പ്രയോജനങ്ങൾ എടുത്തുപറയുന്നു. വിദേശ നാണയ വിനിമയങ്ങളിൽ ഉണ്ടാകുന്ന ചെലവ് ഇല്ലായ്മ ചെയ്യാം എന്നതാണ് ഒന്നാമത്തെ നേട്ടം. ഇയു-വിൽ സ്വന്തം രാജ്യത്തിനു വെളിയിൽ, മറ്റു 14 രാജ്യങ്ങളിലും യാത്ര ചെയ്യുന്ന അക്ഷീണനായ ഒരു യൂറോപ്യൻ യാത്രക്കാരന്റെ ഉദാഹരണമാണു ചിലപ്പോഴൊക്കെ എടുത്തുപറയാറുള്ളത്. 1,000 ഡോയിഷ് മാർക്ക് കൈവശമുള്ള അയാൾ ഓരോ രാജ്യത്തും പണം മാറ്റിയെടുക്കുന്നു എന്നു വിചാരിക്കുക. ഉൾപ്പെട്ടിരിക്കുന്ന വിനിമയ വില നിമിത്തം വിനിമയ ശേഷം അയാളുടെ പക്കൽ 500 മാർക്കേ അവശേഷിക്കുകയുള്ളൂ!
സമാനമായി, കയറ്റിറക്കുമതികളുടെ കാര്യത്തിലും വിദേശ വിനിമയം വേണ്ടിവരില്ല. നാണയമൂല്യ വ്യതിയാനങ്ങളുടെ ഫലമായി പരോക്ഷമായി ഉണ്ടാകുന്ന നഷ്ടങ്ങൾ ഇല്ലായ്മ ചെയ്യാനും പൊതു നാണയത്തിനു സാധിക്കും. ഒരു രാജ്യത്തെ നാണയത്തിന്റെ മൂല്യം കുറയുമ്പോൾ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ആ രാജ്യത്തിൽ വില വർധിക്കും. ഇതു മിക്കപ്പോഴും പണപ്പെരുപ്പത്തിനു വഴിതെളിക്കുന്നു. പൊതു നാണയമാകുമ്പോൾ വിനിമയം വേണ്ടിവരുന്നില്ലാത്തതിനാൽ വിദേശ നിക്ഷേപകർ യൂറോപ്പിലേക്കു പൂർവാധികം ആകർഷിക്കപ്പെടേണ്ടതാണ്.
യൂറോയെ അനുകൂലിക്കുന്നവർ യൂറോപ്പിൽ ഉടനീളം സാധനങ്ങൾക്കു വില കുറയുന്നതും ഭാവനയിൽ കാണുന്നു. ഇടപാടുകാർക്കും ബിസിനസുകാർക്കും ഇപ്പോൾത്തന്നെ എളുപ്പം വില താരതമ്യം ചെയ്യാനാകുന്നുണ്ട്. 2002-ൽ യൂറോ നാണയത്തുട്ടുകളും നോട്ടുകളും പുറത്തിറക്കുമ്പോൾ ഇതു കുറെക്കൂടെ എളുപ്പമാകും. ഉപഭോക്താക്കൾക്കു പ്രയോജകീഭവിക്കും വിധത്തിൽ, ഒരേ ഉത്പന്നത്തിന് യൂറോപ്പിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള വില വ്യത്യാസം കുറയുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
. . . മറ്റു ചിലർ അതിനെ ശാപമായി കരുതുന്നു
അടുത്തതു വിമർശകരുടെ ഊഴമാണ്. യൂറോ, യൂറോപ്യൻ സമ്പദ്വ്യവസ്ഥയ്ക്കു കൂച്ചുവിലങ്ങിടും എന്നാണ് അവരുടെ മതം. അങ്ങനെ അതു സമ്പദ്വ്യവസ്ഥയുടെ വഴക്കത്തെ ഇല്ലായ്മ ചെയ്ത് അതിന്റെ വളർച്ച മുരടിപ്പിക്കുമത്രെ. പൊതു നാണയ സമ്പ്രദായം തൊഴിലില്ലായ്മ വർധിപ്പിക്കുകയും രാഷ്ട്രീയ പിരിമുറുക്കങ്ങൾക്ക് ഇടവരുത്തുകയും ചെയ്യുമെന്ന് അവർ പ്രവചിക്കുന്നു. പൊതു നാണയമാകുമ്പോൾ ആളുകൾ പണ വിപണികളിൽ വമ്പിച്ച ഭാഗ്യപരീക്ഷണത്തിനു മുതിരുമെന്നും അവർ പറയുന്നു. അത്തരം രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇപ്പോൾത്തന്നെ പ്രകടമാണ്. ഉദാഹരണത്തിന്, ജർമനിയും ഫ്രാൻസും തമ്മിലുള്ള തർക്കം പരിചിന്തിക്കുക. യൂറോയുടെ പാറാവുകാർ ആയിരിക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മേധാവിത്വം ആർക്കായിരിക്കണം എന്നതാണു തർക്കവിഷയം. ഓരോ ഇയു അംഗ രാഷ്ട്രവും സ്വന്തം അജണ്ട അനുസരിച്ചു കാര്യങ്ങൾ ചെയ്യാൻ മുതിരുമ്പോൾ അത്തരത്തിലുള്ള പല തർക്കങ്ങളും പൊന്തിവരുമെന്നു പ്രതീക്ഷിക്കാവുന്നതാണ്.
ചില ഇയു രാജ്യങ്ങളിൽ തൊഴിലില്ലായ്മ ഒരു കീറാമുട്ടിയായി നിലകൊള്ളുന്നു. പൊതു നാണയ മാനദണ്ഡത്തോട് അനുരൂപപ്പെടേണ്ടതിനു ബജറ്റ് വെട്ടിച്ചുരുക്കുന്നതിന്റെയും നികുതി വർധിപ്പിക്കുന്നതിന്റെയും ഫലമാണ് അത് എന്ന് അനേകരും പഴിക്കുന്നു. ഉദാര ക്ഷേമനിധികളും തൊഴിൽവിരാമ വേതനവും ആരോഗ്യ പരിപാലന പരിപാടികളും വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ സാമ്പത്തിക നയങ്ങളെ പ്രതി യൂറോപ്പിൽ തലങ്ങും വിലങ്ങും പ്രതിഷേധം ഉയർന്നു വരുന്നു. കർശനമായ അത്തരം സാമ്പത്തിക നിയന്ത്രണ നയം എത്രകാലം നിലനിൽക്കും? യൂറോ നിലവിൽ വന്ന ശേഷം പണം നിർലോഭം ചെലവഴിക്കാൻ ചില രാജ്യങ്ങൾ പ്രേരിതരാകുമോ? അത്തരത്തിലുള്ള കർക്കശരഹിത നടപടി പൊതു യൂറോപ്യൻ നാണയ വ്യവസ്ഥയെ താറുമാറാക്കുമോ?
തങ്ങളുടെ രാജ്യത്തെ നാണയത്തോട് ആളുകൾക്കുള്ള ആഴമായ വൈകാരിക ബന്ധമാണു മറ്റു ചിലർ എടുത്തു കാട്ടുന്നത്. നാണയം സാധനങ്ങൾ വാങ്ങാനുള്ള ഒരു ഉപാധി മാത്രമല്ല. ചിലരുടെ കാര്യത്തിൽ അതു തങ്ങളുടെ രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവർക്ക് അതു പതാക പോലെതന്നെ പ്രാധാന്യമുള്ള ഒരു പ്രതീകമാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, വേതനം നിർണയിക്കുന്നതിനും കണക്കു കൂട്ടുന്നതിനും മൂല്യനിർണയം നടത്തുന്നതിനും ക്രയവിക്രയം നടത്തുന്നതിനും സമ്പാദ്യം കണക്കാക്കുന്നതിനും ഉള്ള ഒരു ഉപാധിയാണു ദേശീയ നാണയം. ഉദാഹരണത്തിന്, യൂറോ പ്രാബല്യത്തിൽ വരുന്നതോടെ ജർമൻകാരുടെ ബാങ്ക് നിക്ഷേപം നേർ പകുതിയാകും. ഇറ്റലിക്കാരുടെ നിക്ഷേപമാണെങ്കിൽ 2,000-ത്തിൽ ഒന്നായി കുറയും. ഒരു പഠനം അനുസരിച്ച്, യൂറോയിലേക്കുള്ള മാറ്റം യൂറോപ്പിലെ അനേകരെയും സംബന്ധിച്ചിടത്തോളം “നിരാശാജനകമായ” ഒരു അനുഭവം ആയിരിക്കും.
ഏക നാണയം എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമോ?
പൊതു നാണയം പുറത്തിറക്കുന്നതിൽ രാഷ്ട്രീയമായി നോക്കിയാൽ പല നല്ലവശങ്ങളും ഉണ്ടെങ്കിലും യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥ ശിഥിലമാണ്, അവിടത്തെ ആളുകൾ അതതു ദേശത്തു വേരുറച്ചവരാണ്, അവരുടെ സംസ്കാരങ്ങൾ വളരെ വിഭിന്നവുമാണ് എന്ന് ഇയു, ഐക്യനാടുകൾ എന്നിവിടങ്ങളിലെ ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാർ തറപ്പിച്ചു പറയുന്നു. തന്മൂലം, ഐക്യനാടുകളിലെ നിവാസികളിൽ നിന്നു വ്യത്യസ്തരായി, യൂറോപ്പിൽ ജോലി നഷ്ടപ്പെടുന്ന വ്യക്തികൾ ജോലിക്കുവേണ്ടി ദൂരേക്കു താമസം മാറ്റാനുള്ള സാധ്യത വിരളമാണ്. യൂറോ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം ശിഥിലീകരണം, പൊതു സമ്പദ്വ്യവസ്ഥയും അങ്ങനെ പൊതു നാണയത്തിന്റെ ഉപയോഗവും അതതു രാജ്യത്ത് ഉയർന്നു വന്നേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് അസാധ്യമാക്കിത്തീർക്കും എന്നു ചില വിദഗ്ധർ പറയുന്നു.
പൊതു നാണയ വ്യവസ്ഥയിൻ കീഴിൽ ഓരോ ഗവൺമെന്റിനും തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ സ്വന്തമായ വിധത്തിൽ പരിഹരിക്കാൻ കഴിയാത്ത അവസ്ഥ വരും എന്നു വിമർശകർ പറയുന്നു. യൂറോ പ്രാബല്യത്തിൽ വരുന്നതോടെ അധികാരം നിക്ഷിപ്തമായിരിക്കുന്നത് അതതു രാജ്യങ്ങളിൽ ആയിരിക്കില്ല, മറിച്ച് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള പുതിയ യൂറോപ്യൻ സെൻട്രൽ ബാങ്കിൽ ആയിരിക്കും എന്ന് അവർ പറയുന്നു. തത്ഫലമായി, യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഉടനീളം നികുതി നിയമങ്ങളും മറ്റു സാമ്പത്തിക നയങ്ങളും ഏകോപിക്കേണ്ടതിന്റെ വർധിച്ച സമ്മർദം നേരിടേണ്ടി വരും. ബ്രുസൽസിലും സ്ട്രാസ്ബർഗിലും ഉള്ള ഭരണനിർവഹണ, നിയമനിർമാണ സമിതികൾ അധികാരം ഏറ്റെടുക്കും എന്നു വിമർശകർ വാദിക്കുന്നു. വാസ്തവത്തിൽ, മാസ്ട്രിക്റ്റ് ഉടമ്പടി ഒടുവിൽ വിദേശ-പ്രതിരോധ നയങ്ങളുടെയും സാമ്പത്തിക-സാമൂഹിക നയങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരു രാഷ്ട്രീയ സഖ്യം ആവശ്യമാക്കിത്തീർക്കുന്നു. ഈ പരിവർത്തനം സുഗമവും പ്രശ്നരഹിതവും ആയിരിക്കുമോ? കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
“ഒരു വലിയ ചൂതാട്ടം”
ഇതിനിടയിൽ, ബാങ്കുകളും സൂപ്പർമാർക്കറ്റുകളും യൂറോ അക്കൗണ്ടുകൾ തുറക്കുകയും ദേശീയ നാണയങ്ങളുടെ മൂല്യത്തോടൊപ്പം യൂറോയുടെ മൂല്യം സൂചിപ്പിക്കുകയും ചെയ്തുകൊണ്ടു യൂറോയിലേക്കുള്ള മാറ്റത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. 2002-ൽ അതു പൂർണമായി പ്രാബല്യത്തിൽ വരുമ്പോഴേക്കും കാര്യാദികൾ സുഗമം ആക്കിത്തീർക്കുകയാണു ലക്ഷ്യം. ഫ്രഞ്ച് ഫ്രാങ്കുകളുടെയും യൂറോയുടെയും മൂല്യം താരതമ്യം ചെയ്യത്തക്കവണ്ണം പ്രോഗ്രാം ചെയ്ത 2,00,000-ത്തിലധികം കാൽക്കുലേറ്ററുകൾ ജനപ്രീതി ആർജിച്ച ഒരു ഫ്രഞ്ച് മാസിക ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു.
ആധിപത്യത്തിന്റെ കാര്യത്തിൽ യൂറോ എന്നെങ്കിലും യു.എസ്. ഡോളറിനോടു കിടപിടിക്കുമോ? യൂറോ പരക്കെ സ്വീകാര്യം ആകുന്നതോടെ ഐക്യനാടുകൾക്കു ലോക സമ്പദ്വ്യവസ്ഥകളുടെ മേൽ ഇന്നുള്ള ആധിപത്യം ഇല്ലാതാകാൻ ഇടയുണ്ട് എന്നാണ് അനേകരുടെയും മതം. ഡോളറിനൊപ്പം യൂറോയും ഒരു ആഗോള ഈടുവയ്പു നാണയം ആയിത്തീരും എന്ന് അവർ പ്രവചിക്കുന്നു. ന്യൂയോർക്ക് ക്ലിയറിങ് ഹൗസ് അസ്സോസിയേഷനിലെ ജിൽ കോൻസിഡിൻ ഇങ്ങനെ പറയുന്നു: “പുതിയ ഒരു മത്സര വേദി ഉയർന്നു വരാൻ പോകുകയാണ്.”
യൂറോയുടെ ഭാവി എന്തായിരിക്കും? ജർമൻ പത്രാധിപനായ യോസെഫ് യോഫെ ആ പൊതു നാണയത്തെ “യൂറോപ്പിന്റെ ബൃഹത്തായ ഒരു ഭാഗ്യപരീക്ഷണം” എന്നും “ഒരു വലിയ ചൂതാട്ടം” എന്നും വർണിച്ചു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതു പരാജയമടയുന്ന പക്ഷം കഴിഞ്ഞ 50 വർഷക്കാലം യൂറോപ്പ് കൈവരിച്ച നേട്ടങ്ങളിൽ അധികവും കൈമോശം വന്നേക്കാം.” “വളരെയധികം ശുഭപ്രതീക്ഷയും അത്രയുംതന്നെ ഭീതിയും ഇക്കാര്യത്തിലുണ്ട്” എന്നു ഫ്രഞ്ച് ധനകാര്യ മന്ത്രി പറഞ്ഞപ്പോൾ അദ്ദേഹം യൂറോപ്പിലെ അനേകരുടെയും വികാരങ്ങൾ പ്രതിഫലിപ്പിക്കുക ആയിരുന്നു.
[അടിക്കുറിപ്പുകൾ]
a യൂറോപ്യൻ സമൂഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഇംഗ്ലീഷിലുള്ള ഉണരുക!യുടെ 1979 ഫെബ്രുവരി 22 ലക്കത്തിന്റെ 4-8 പേജുകളും 1991 ഡിസംബർ 22 ലക്കത്തിന്റെ 20-4 പേജുകളും കാണുക.
[14-ാം പേജിലെ ചതുരം]
യൂറോ വസ്തുതാ പത്രം
ഒരു യൂറോയ്ക്ക് ഒരു യു.എസ്. ഡോളറിനെക്കാൾ അൽപ്പം കൂടെ മൂല്യം ഉണ്ട്
യൂറോ 5, 10, 20, 50, 100, 200, 500 എന്നീ മൂല്യങ്ങളുള്ള ഏഴു നോട്ടുകളിൽ ലഭ്യമായിരിക്കും
യൂറോ നോട്ടിന്റെ ഒരു വശത്ത് ഏതാനും പാലങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ യൂറോപ്പിന്റെ ഭൂപടവും മറു വശത്തു ജാലകങ്ങളുടെയോ കവാടങ്ങളുടെയോ ചിത്രവും ഉണ്ടായിരിക്കും
റോമൻ, ഗ്രീക്ക് ലിപികളെ പ്രതിനിധാനം ചെയ്തുകൊണ്ട് “EURO” എന്നും “ΕΥΡΩ” എന്നും നോട്ടുകളിൽ എഴുതിയിരിക്കും
യൂറോ നാണയത്തുട്ടുകൾ എട്ടായി വിഭജിക്കപ്പെട്ടിരിക്കും: 1, 2, 5, 10, 20, 50 സെന്റുകളുടെയും 1 യൂറോ, 2 യൂറോ എന്നിവയുടെയും നാണയത്തുട്ടുകൾ
നാണയത്തുട്ടുകളുടെ ഒരു വശത്ത് യൂറോപ്പിന്റെ പൊതു ചിഹ്നവും മറുവശത്ത് അതതു ദേശത്തിന്റെ ചിഹ്നവും ഉണ്ടായിരിക്കും
[13-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
യൂറോപ്യൻ യൂണിയൻ
സാമ്പത്തിക യൂണിയനിൽ അംഗത്വമുള്ള രാജ്യങ്ങൾ
അയർലൻഡ്
പോർച്ചുഗൽ
സ്പെയിൻ
ബ്രിട്ടൻ
ബെൽജിയം
ഫ്രാൻസ്
സ്വീഡൻ
ഡെൻമാർക്ക്
നെതർലൻഡ്സ്
ജർമനി
ലക്സംബർഗ്
ഫിൻലൻഡ്
ഓസ്ട്രിയ
ഇറ്റലി
ഗ്രീസ്
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട]
12-14 പേജുകളിലെ എല്ലാ നാണയങ്ങളും: © European Monetary Institute