ഞങ്ങളുടെ വായനക്കാരിൽ നിന്ന്
യുവജന ആത്മഹത്യ “ഇന്നത്തെ യുവജനങ്ങൾക്ക് എന്തു പ്രത്യാശ?” എന്ന ലേഖന പരമ്പരയ്ക്കു വേണ്ടി നിങ്ങളോടു വളരെയേറെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (സെപ്റ്റംബർ 8, 1998) അതു വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. പലപ്രാവശ്യം ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അപ്പോഴൊന്നും അതിനു കഴിയാഞ്ഞതിൽ എനിക്കിപ്പോൾ സന്തോഷം തോന്നുന്നു.
എ. ഇസഡ്., ചെക്ക് റിപ്പബ്ലിക്ക്
തൊട്ടാൽ പൊള്ളുന്ന ഈ വിഷയം അനുകമ്പയിൽ ചാലിച്ചെടുത്ത വാക്കുകളിലൂടെ ആണു നിങ്ങൾ അവതരിപ്പിച്ചത്. ഈ വർഷമാദ്യം, എനിക്കു വിഷാദരോഗം ഉണ്ടായിരുന്ന സമയത്തു ഞാൻ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തക്കസമയത്ത് എത്തിച്ചേർന്ന ഈ വിഷയത്തിന് ഞാൻ നിങ്ങളോടു നന്ദി പറയുന്നു. അത് എന്റെ ജീവൻ രക്ഷിച്ചു.
ആർ. പി., ഇംഗ്ലണ്ട്
ദുഃഖകരമെന്നു പറയട്ടെ, ആത്മഹത്യ ചെയ്യാൻ ശ്രമിച്ച രണ്ടു സഹപാഠികൾ എനിക്കുണ്ട്. തന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും എന്നും കഷ്ടപ്പാടുകൾ അല്ലാതെ മറ്റൊന്നും ജീവിതം തനിക്കായി കരുതി വെച്ചിട്ടില്ല എന്നും ഉള്ള ചിന്തയാണ് അവരിൽ ഒരാളെ അപ്രകാരം ചെയ്യാൻ പ്രേരിപ്പിച്ചത്. അതിനാൽ, ഈ ലേഖനം വളരെ പ്രായോഗികമായിരുന്നു, കാരണം, നമ്മുടെ ഭാവി ജീവിതം അർഥസമ്പുഷ്ടമാക്കുന്നതിന് എന്താണു ചെയ്യേണ്ടത് എന്ന് അതു വളരെ വ്യക്തമായ ഭാഷയിൽ കൃത്യമായി വിശദീകരിച്ചു.
ആർ. ഡി., സ്പെയിൻ
നിങ്ങളുടെ ലേഖനം എന്റെ ഹൃദയത്തെ സ്പർശിച്ചു. ഒരു സ്നേഹനിധിയായ പിതാവെന്ന നിലയിൽ യഹോവ എന്നോടു സംസാരിക്കുന്നതു പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. കുട്ടിയായിരുന്നപ്പോൾ, എനിക്ക് എന്റെ പിതാവിൽ നിന്നു ദുഷ്പെരുമാറ്റം സഹിക്കേണ്ടി വന്നിട്ടുണ്ട്. ആത്മാഭിമാനം നഷ്ടപ്പെട്ട ഞാൻ പലപ്പോഴും ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ, നിങ്ങളുടെ ലേഖനം നിർദേശിച്ചതു പോലെ, ‘സാക്ഷാലുള്ള ജീവനു’ വേണ്ടി ഒരു വാഞ്ഛ നട്ടുവളർത്തുകയാണു ഞാൻ.—1 തിമൊഥെയൊസ് 6:19.
എസ്. ആർ., ബ്രസീൽ
ലേഖനത്തിൽ പരാമർശിച്ചിരുന്ന യുവജനങ്ങളുടെ ഉദ്ധരണികൾക്കു വേണ്ടി പ്രത്യേകം നന്ദി. പല ഉദ്ധരണികളും ഏതാനും വാക്കുകളിൽ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാട്ടിത്തന്നു.
ഡബ്ലിയു. എച്ച്., ജർമനി
കാശുണ്ടാക്കൽ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കെങ്ങനെ കുറച്ച് കാശുണ്ടാക്കാം?” (ആഗസ്റ്റ് 22, 1998) എന്ന വിജ്ഞാനപ്രദമായ ലേഖനം പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി. ഒരു ജോലി കണ്ടെത്താൻ ഞാൻ പാടുപെടുകയായിരുന്നു. എന്നാൽ ലേഖനത്തിലെ നിങ്ങളുടെ നിർദേശങ്ങൾ പിന്തുടർന്നതു കൊണ്ട് അവസാനം എനിക്കൊരു ജോലി കണ്ടെത്താൻ കഴിഞ്ഞു!
എസ്. ഡി., ഘാന
ആംഗ്യഭാഷ “കാണാൻ കഴിയുന്ന ഭാഷ!” (സെപ്റ്റംബർ 8, 1998) എന്ന നിങ്ങളുടെ ലേഖനത്തിനു നന്ദി പറയാതിരിക്കാൻ എനിക്കാകുന്നില്ല. നമ്മുടെ സാഹചര്യങ്ങളിൽ നിന്നു വിഭിന്നമായ സാഹചര്യങ്ങളുള്ളവരെ മനസ്സിലാക്കാൻ ഇതുപോലുള്ള ലേഖനങ്ങൾ സഹായകമാണ്. ജന്മനാ ബധിരയായൊരു സുഹൃത്ത് ഉള്ളതിനാൽ എനിക്ക് ആംഗ്യഭാഷ പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് എനിക്കൊരിക്കലും അതിനു സമയം കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി പക്ഷേ ഞാൻ അതു നീട്ടിവെക്കാൻ പോകുന്നില്ല!
എം. ഇ., ഇംഗ്ലണ്ട്
ബധിരരെ പിന്തുണയ്ക്കുന്നതിനു നിങ്ങൾ നടത്തുന്ന മഹത്തായ ശ്രമങ്ങൾക്കു വളരെ നന്ദി. ആ ലേഖനത്തിന്റെ ഏതാനും പ്രതികൾ ഞാൻ ഗവൺമെന്റ് ഉദ്യോഗസ്ഥർക്കു കൊടുക്കുകയുണ്ടായി. അതു വളരെ നന്നായി എഴുതപ്പെട്ടിരുന്നതിനാൽ, കൂടുതൽ പ്രതികൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു! ബധിരയായ മകൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നതിനെ എതിർത്തിരുന്ന ഒരു സ്ത്രീക്കും ഞാൻ അതു കൊടുത്തു. ലേഖനം വായിച്ചതിനു ശേഷം, അവർ സന്തോഷാശ്രുക്കൾ പൊഴിച്ചു. തന്റെ മകൾ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതിനെ ഇപ്പോൾ അവർ പിന്തുണയ്ക്കുന്നു എന്നു മാത്രമല്ല, ഒരു ക്രിസ്തീയ കൺവെൻഷനു പോകാനുള്ള യാത്രക്കൂലിയും അവൾക്കു നൽകാമെന്ന് അവർ വാക്കുകൊടുത്തിരിക്കുകയാണ്!
ഇ. ആർ., മെക്സിക്കോ
ഈ ലേഖനം ഞാൻ എത്രയധികം വിലമതിച്ചു എന്നു പറയാതിരിക്കാനാവില്ല. അമേരിക്കൻ ആംഗ്യ ഭാഷ പഠിക്കാനും അങ്ങനെ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ആംഗ്യഭാഷാ സഭയിൽ എന്റെ സഹായം ലഭ്യമാക്കാനും ഞാൻ ലക്ഷ്യം വെച്ചിരുന്നു. എന്നിരുന്നാലും എന്റെ ഉത്സാഹമെല്ലാം തണുത്തുപോയി. ലക്ഷ്യം നേടാൻ എനിക്ക് ആവശ്യമായിരുന്ന പ്രോത്സാഹനമത്രയും ഈ ലേഖനം പകർന്നു തന്നു!
എൻ. ഡി., ഐക്യനാടുകൾ
ബധിരർ ആംഗ്യഭാഷയിൽ ചിന്തിക്കുന്നു എന്ന് അറിഞ്ഞത് എനിക്കു വളരെ കൗതുകകരമായി തോന്നി. കേൾവി ശക്തിയുള്ള ഒരു വ്യക്തി എന്ന നിലയിൽ, ബധിരരുമായി ഒരു ക്രിയാത്മകമായ വിധത്തിൽ ആശയവിനിമയം നടത്തുന്നതിനുള്ള മാർഗങ്ങൾ തേടാൻ ഞാൻ കൂടുതൽ ശ്രദ്ധയുള്ളവളായിരിക്കും.
പി. എച്ച്., ഐക്യനാടുകൾ