പരാദങ്ങളിൽ നിന്ന്—സ്വയം സംരക്ഷിക്കുക!
ഹോണ്ടുറാസിലെ ഉണരുക! ലേഖകൻ
ഉറക്കം ഉണരുമ്പോൾ തന്നെ നിങ്ങൾക്ക് മനം പിരട്ടൽ അനുഭവപ്പെടുന്നു. വളരെ പെട്ടെന്നു നിങ്ങൾ ക്ഷീണിതയാകുന്നു. നിങ്ങളുടെ വയറാകട്ടെ, അൽപ്പം വീർത്താണ് ഇരിക്കുന്നതും. ഗർഭധാരണത്തിന്റെ ലക്ഷണങ്ങളാണോ ഇവയെല്ലാം? ഒരുപക്ഷേ ആയിരിക്കാം. പക്ഷേ, നിങ്ങൾ ഒരു ഉഷ്ണമേഖലാ പ്രദേശത്തോ ഉപോഷ്ണമേഖലാ പ്രദേശത്തോ ആണു ജീവിക്കുന്നത് എങ്കിൽ, കുഴപ്പക്കാരൻ നിങ്ങളുടെ കുടലിൽ താമസമാക്കിയ ഏതെങ്കിലും തരത്തിലുള്ള പരാദങ്ങളായിരിക്കാൻ വളരെ സാധ്യതയുണ്ട്. എന്താണ് കുടലിലെ പരാദങ്ങൾ? ക്ഷണിക്കപ്പെടാതെ കയറിക്കൂടുന്ന ഈ അതിഥികൾക്കു നിങ്ങൾ ആതിഥ്യമരുളുന്നുണ്ടോ എന്ന് എങ്ങനെയാണ് അറിയാൻ കഴിയുക?
ലളിതമായി പറഞ്ഞാൽ, മറ്റു ജീവജാലങ്ങളിൽ കയറിക്കൂടി അവയെ ആശ്രയിച്ചു കഴിയുന്ന ജീവികളാണു പരാദങ്ങൾ. ആതിഥേയ ജീവിയുടെ ശരീരത്തിന് അകത്തോ പുറത്തോ ആണ് അവയുടെ വാസം. കുടലിലെ പരാദങ്ങൾ രണ്ടുതരം ഉണ്ട്. അമീബ ഉൾപ്പെടുന്ന പ്രോട്ടോസോവകളും അതുപോലെ ഹെൽമിന്തുകൾ അഥവാ വിരകളും. പരാദങ്ങൾ ആതിഥേയ ജീവിക്ക് എത്രമാത്രം ഹാനി വരുത്തുന്നു എന്നത് അവയുടെ ഇനം, എണ്ണം അതുപോലെ ആതിഥേയ ജീവിയുടെ പ്രായം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും.
ഉദാഹരണത്തിന്, പെൺ ഉരുളൻവിരകൾക്ക് ഒരൊറ്റ ദിവസം ഏതാണ്ട് 2,00,000 മുട്ടകൾ ഇടാൻ കഴിയും. എന്നിരുന്നാലും, പക്വമാകുന്നതിന് ഈ മുട്ടകൾ മണ്ണിൽ കഴിയേണ്ട ആവശ്യമുണ്ട്. ഒരാളുടെ ശരീരത്തിലുള്ള ഉരുളൻവിരകളുടെ എണ്ണം അയാളുടെ ശരീരത്തിൽ കടക്കുന്ന പക്വമായ മുട്ടകളുടെ അല്ലെങ്കിൽ ലാർവകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തരം വിരകൾ തങ്ങളുടെ അകത്തു പെട്ട സംഗതി അറിയാതെ തന്നെ അനേകം ആളുകൾ അവയുടെ ആതിഥേയരാകാറുണ്ട്. പക്ഷേ എണ്ണത്തിൽ പെരുകിയാൽ കുടലിൽ ഗുരുതരമായ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഈ ഉരുളൻവിരകൾക്കു കഴിയും.
കുടലിൽ പരാദങ്ങൾ ഉള്ളതിന്റെ ചില സാധാരണ ലക്ഷണങ്ങൾ വയറുവേദന, മനം പിരട്ടൽ, വിശപ്പില്ലായ്മ, വയറു വീർക്കൽ, ക്ഷീണം അതുപോലെ വിട്ടുമാറാത്ത ദഹനക്കേടോ വയറിളക്കമോ മലബന്ധമോ ഒക്കെ ആണ്. മെലിച്ചിൽ, അസുഖകരമായ നിദ്ര, ചൊറിച്ചിൽ, ശ്വാസതടസ്സം, പനി ഇവയെല്ലാം പരാദങ്ങൾ ഉള്ളിലുള്ളതിന്റെ സൂചനകളായിരിക്കാം. തീർച്ചയായും, ഇതേ ലക്ഷണങ്ങൾ തന്നെ മറ്റു പല രോഗങ്ങൾക്കും ഉണ്ട്. പക്ഷേ, പരാദങ്ങൾ അകത്തുള്ളതിന്റെ ലക്ഷണങ്ങളാണോ ഇവ എന്നു വിവിധ മലപരിശോധനയാൽ നിർണയിക്കാൻ കഴിയും.
പ്രശ്നക്കാരൻ ആരാണെന്നു കൃത്യമായി കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്. ഉദാഹരണത്തിന്, ഉരുളൻവിരകളും വേറെ ചില പരാദങ്ങളും ഉള്ളതായി കണ്ടെത്തുന്നെങ്കിൽ, ഉരുളൻവിരകൾക്കുള്ള മരുന്നാണ് ആദ്യം കഴിക്കേണ്ടത്. എന്തുകൊണ്ട്? ചില മരുന്നുകൾ ഈ വിരകളെ കൊല്ലുന്നതിനു പകരം അവയെ അലോസരപ്പെടുത്തുക മാത്രമാണു ചെയ്യുന്നത്. അതിനാൽ അവ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ചേക്കേറുകയും അതുവഴി ഗുരുതരമായ പ്രശ്നം വരുത്തിക്കൂട്ടുകയും ചെയ്യും.
പ്രതിരോധം പ്രതിവിധിയെക്കാൾ ഉത്തമം
പരാദങ്ങളെ നശിപ്പിക്കുന്നതിൽ മരുന്നുകൾ ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും, അവ ഉള്ളിൽ കടക്കാതെ സൂക്ഷിക്കുന്നതാണ് ഏറെ നന്ന്. അങ്ങനെയെങ്കിൽ, പരാദങ്ങളിൽ നിന്നു നിങ്ങൾക്ക് എങ്ങനെ സ്വയം സംരക്ഷിക്കാൻ കഴിയും?
ശുചിത്വമാണ് ഏറ്റവും മികച്ച സംരക്ഷണം. തുറസ്സായ സ്ഥലത്തു വിസർജനം നടത്തരുത്. കക്കൂസുകളും മറ്റും ജലസ്രോതസ്സിൽ നിന്ന് ഒരു സുരക്ഷിതമായ അകലത്തിലായിരിക്കാൻ ശ്രദ്ധിക്കണം. മനുഷ്യവിസർജ്യം വളമായി ഉപയോഗിക്കാൻ പാടില്ല. ഉചിതമായ ആരോഗ്യപരിപാലന രീതികൾ പിന്തുടരേണ്ടതും അത്യാവശ്യമാണ്. കൂടാതെ, കുട്ടികൾ മണ്ണു തിന്നാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു കുട്ടിയുടെ ഉള്ളിൽ പരാദങ്ങൾ ഉണ്ടെന്നു കണ്ടെത്തിയാൽ, കുടുംബത്തിലെ മുഴു അംഗങ്ങളെയും പരിശോധനയ്ക്കു വിധേയരാക്കുന്നതു നല്ലതായിരിക്കും.
ആഹാരസാധനങ്ങൾ വാങ്ങുമ്പോഴും തയ്യാറാക്കുമ്പോഴും നല്ല ശ്രദ്ധ ആവശ്യമാണ്. ശുചിത്വത്തിനു പ്രാധാന്യം കൊടുക്കുന്നതിൽ പേരുകേട്ട ഒരു പ്രദേശത്തു വളർത്തിയെടുക്കുന്ന ഉത്പന്നങ്ങൾ വാങ്ങാൻ ശ്രമിക്കുക. മാംസം വേവിക്കുമ്പോൾ, ഏറ്റവും കട്ടി കൂടിയ ഭാഗം പോലും ശരിക്കു വെന്തുവെന്ന് ഉറപ്പു വരുത്തുക. പച്ച മാംസം ഒരിക്കലും ഭക്ഷിക്കരുത്. പച്ചക്കറികളും പഴങ്ങളും വേവിക്കാതെ ഭക്ഷിക്കുകയാണെങ്കിൽ അവ ആദ്യമേ നല്ല വൃത്തിയായി കഴുകണം. ഒരിക്കൽ ഉപയോഗിച്ച വെള്ളം തന്നെ വീണ്ടും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക, അതു മലിനമായിരിക്കാൻ സാധ്യതയുണ്ട്.
കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം നന്നായി തിളപ്പിക്കുക. തണുത്തതിനു ശേഷം, മറ്റൊരു പാത്രത്തിലേക്കു കുത്തിയൊഴിച്ചു കൊണ്ടോ നന്നായി ഇളക്കിക്കൊണ്ടോ ഒക്കെ അതിൽ വീണ്ടും ഓക്സിജൻ നിറയാൻ ഇടയാക്കുക. വീടുകളിൽ ഉപയോഗിച്ചു വരുന്ന മിക്ക ഫിൽട്ടറുകളും പരാദങ്ങളെ മുഴുവനായി നീക്കം ചെയ്യാൻ മതിയാകുന്നതല്ല. കടകളിൽ നിന്നു കുപ്പികളിൽ വാങ്ങാൻ കിട്ടുന്ന കുടിവെള്ളം എത്ര മാത്രം ശുദ്ധമാണ് എന്നത് അതു നിറയ്ക്കുന്നിടത്ത് എത്ര മാത്രം ശുചിത്വം പാലിക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
യാത്ര ചെയ്യുമ്പോഴോ അല്ലെങ്കിൽ പുറത്തു നിന്ന് ആഹാരം കഴിക്കുമ്പോഴോ കൂടുതലായ മുൻകരുതലുകൾ സ്വീകരിക്കേണ്ടി വരും. കുപ്പികളിലോ കട്ടിക്കടലാസു കൊണ്ട് ഉണ്ടാക്കിയ കൂടുകളിലോ നിറച്ചിരിക്കുന്ന പാനീയങ്ങൾ ഐസ് ഇടാതെ കുടിക്കുന്നതാണു പൊതുവെ സുരക്ഷിതം. ചില പരാദങ്ങൾക്കു വെള്ളം ഉറയുന്ന താപനില പോലും അതിജീവിക്കാൻ കഴിവുണ്ട്. അതിനാൽ ഐസിന്, അതുണ്ടാക്കിയ വെള്ളത്തിന്റെ ശുദ്ധി മാത്രമേ ഉണ്ടാകയുള്ളൂ. തെരുവു കച്ചവടക്കാരിൽ നിന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കുന്നതു സംബന്ധിച്ചും ശ്രദ്ധയുള്ളവരായിരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. മുറിച്ചു വെച്ചിരിക്കുന്ന കൈതച്ചക്കയോ തണ്ണിമത്തനോ കാണുന്നതു വായിൽ വെള്ളമൂറുന്നതിന് ഇടയാക്കിയേക്കാമെങ്കിലും, മിക്കപ്പോഴും വെള്ളം തളിച്ചാണ് അവ വരണ്ടുപോകാതെ സൂക്ഷിക്കുന്നത്. ഇത് ഒരു പക്ഷേ മലിനീകരിക്കപ്പെട്ട വെള്ളമാകാം. അതുകൊണ്ട്, സൂക്ഷിക്കുക. പക്ഷേ, നിങ്ങളുടെ യാത്രയുടെ ആസ്വാദനം നഷ്ടപ്പെടുമാറ് കാര്യങ്ങളെ സംബന്ധിച്ച് അമിതഭയം വെച്ചുപുലർത്താതിരിക്കാനും ശ്രദ്ധിക്കുക. ന്യായമായ മുൻകരുതലുകൾ സ്വീകരിക്കുക വഴി, പരാദങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാൻ നിങ്ങൾക്കു ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും.
[14-ാം പേജിലെ ചിത്രം]
ശുചിത്വമാണ് ഏറ്റവും മികച്ച സംരക്ഷണം
[15-ാം പേജിലെ ചിത്രം]
ഐസിന്, അതുണ്ടാക്കിയ വെള്ളത്തിന്റെ ശുദ്ധി മാത്രമേ ഉള്ളൂ
[15-ാം പേജിലെ ചിത്രം]
അമീബകളും വിരകളും രണ്ടു തരത്തിലുള്ള പരാദങ്ങളാണ്
[കടപ്പാട്]
DPDx, the CDC Parasitology Website