കൈകാലുകൾ നഷ്ടപ്പെടൽ—അതു നിങ്ങൾക്കു സംഭവിക്കാൻ ഇടയുണ്ടോ?
സാരയെവോ നഗരത്തിലാണ് ബെഞ്ചമിന്റെ താമസം. ഒരു ദിവസം ഇളംവെയിലുംകൊണ്ട് വെളിയിലൂടെ നടക്കുകയായിരുന്ന അദ്ദേഹം ഓർക്കാപ്പുറത്താണ് ഒരു കുഴിബോംബിൽ ചവിട്ടിയത്. തുടർന്നുണ്ടായ സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ ഇടതുകാൽ അറ്റുപോയി. “ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല,” ബെഞ്ചമിൻ അനുസ്മരിക്കുന്നു.സമാനമായി, വർഷംതോറും 20,000 പേരെങ്കിലും കുഴിബോംബുകൾ പൊട്ടിത്തെറിച്ച് അംഗഹീനരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്.
അംഗോളയിൽ 1.5 കോടി കുഴിബോംബുകളാണ് പാകിയിട്ടുള്ളത്—അതായത്, ആ രാജ്യത്തെ ഓരോ സ്ത്രീക്കും പുരുഷനും കുട്ടിക്കും ഒന്നിലധികം വീതം എന്നർഥം. കൈയോ കാലോ നഷ്ടപ്പെട്ടവരായി അവിടെ ഇപ്പോൾ 70,000 ആളുകൾ ഉണ്ട്. എൺപതു ലക്ഷം മുതൽ ഒരു കോടി വരെ കുഴിബോംബുകൾ പാകിയിട്ടുള്ള കംബോഡിയയിൽ ആണ് കൈകാലുകൾ നഷ്ടപ്പെട്ട ആളുകൾ ഏറ്റവും അധികം ഉള്ളത്. ഏതാണ്ട് 236 പേരിൽ ഒരാൾ വീതം. ബോസ്നിയയിലും ഹെർസെഗോവിനയിലും മുപ്പതു ലക്ഷത്തിലധികം കുഴിബോംബുകൾ—ഓരോ ചതുരശ്ര കിലോമീറ്ററിലും 59 എണ്ണം വീതം—പാകിയിട്ടുള്ളതായി പറയപ്പെടുന്നു.
എന്നാൽ യുദ്ധകലുഷിതമായ പ്രദേശങ്ങളിലുള്ളവർക്കു മാത്രമല്ല കൈയോ കാലോ നഷ്ടപ്പെടുന്നത്. ഉദാഹരണത്തിന്, ഐക്യനാടുകളിൽ കൈയോ കാലോ നഷ്ടപ്പെട്ട ഏതാണ്ടു 4,00,000 പേർ ഉണ്ട്. ഇതിൽ പ്രായപൂർത്തിയായവരിൽ മിക്കവർക്കും കൈകാലുകൾ നഷ്ടപ്പെട്ടിരിക്കുന്നത് “പെരിഫെറൽ വാസ്കുലർ ഡിസീസ്” അഥവാ പിവിഡി എന്ന വിട്ടുമാറാത്ത രോഗം മൂലമാണ്. പല തരം തകരാറുകളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പൊതുവായ ഒരു പേരാണ് പിവിഡി. പ്രസ്തുത പദം അതിൽത്തന്നെ കൃത്യമല്ലെങ്കിലും, “കൈപ്പത്തികളിലെയും കാൽപ്പാദങ്ങളിലെയും ധമനികളെയും സിരകളെയും ബാധിക്കുന്ന രോഗങ്ങൾ, [വിശേഷിച്ചും] ഈ ഭാഗങ്ങളിലേക്കും തിരിച്ചും ഉള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിന് ഇടയാക്കുന്ന രോഗങ്ങൾ” എന്നാണ് റ്റേബഴ്സ് സൈക്ലോപെഡിക് മെഡിക്കൽ ഡിക്ഷനറി പിവിഡി-യെ നിർവചിക്കുന്നത്. പിവിഡി-യുടെ ഒരു പ്രധാന കാരണക്കാരൻ പ്രമേഹമാണ്. ലോകാരോഗ്യ റിപ്പോർട്ട് 1998 (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് “പ്രായപൂർത്തിയെത്തിയ പ്രമേഹരോഗികളുടെ എണ്ണം 1997-ൽ 14.3 കോടി ആയിരുന്നത് 2025 ആകുമ്പോഴേക്കും ഗോളവ്യാപകമായി ഇരട്ടിയിലധികം ആയിത്തീരും, അതായത് 30 കോടിയോളം.”
ഐക്യനാടുകളിൽ വാഹനങ്ങൾ, യന്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ, വെടിക്കോപ്പുകൾ എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങളാലുള്ള ശാരീരിക ക്ഷതങ്ങൾ ആണ് കൈകാലുകളുടെ നഷ്ടത്തിന് ഇടയാക്കുന്ന രണ്ടാമത്തെ പ്രധാന കാരണം. 20 മുതൽ 30 വരെ ശതമാനം അംഗച്ഛേദത്തിനും ഇടയാക്കുന്നത് ഇതാണ്. ട്യൂമറുകളും (ഏതാണ്ട് 6 ശതമാനം) ജനന തകരാറുകളും (ഏതാണ്ട് 4 ശതമാനം) ആണ് മറ്റു കാരണങ്ങൾ.
കൈകാലുകളിൽ ഒന്നു നഷ്ടമാകുക എന്നതു ചിന്തിക്കാൻ പോലും കഴിയാത്ത സംഗതിയാണ്. ആ ദുരന്തസാധ്യത കുറയ്ക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? നിങ്ങളുടെ കൈകാലുകളിൽ ഒന്നു നഷ്ടമായിട്ടുണ്ടെങ്കിൽ തന്നെ ഇത്തരം കുറവുകളൊന്നും ഇല്ലാത്ത ഒരാളുടേതു പോലുള്ള ജീവിതം നയിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? പിൻവരുന്ന ലേഖനങ്ങൾ ഇവയും മറ്റു ചോദ്യങ്ങളും ചർച്ച ചെയ്യും.