എന്നേക്കും ജീവിക്കുമെന്നു നിങ്ങൾക്കു പ്രത്യാശിക്കാൻ കഴിയുമോ?
“സാധ്യമായ പരമാവധി ആയുർദൈർഘ്യം 115 മുതൽ 120 വരെ ആയി ഒതുക്കുന്ന എന്തോ ചിലതു മനുഷ്യശരീരത്തിനകത്തു നടക്കുന്നുണ്ട്,” കോശ ജീവശാസ്ത്ര പ്രൊഫസറായ ഡോ. ജെയിംസ് ആർ. സ്മിത്ത് അഭിപ്രായപ്പെടുന്നു. “ആയുസ്സിന് ഒരു പരിധിയുണ്ട്, എന്നാൽ അതിനെ നിർണയിക്കുന്നത് എന്താണ് എന്നതിനെ കുറിച്ച് ഞങ്ങൾക്കു യാതൊരു നിശ്ചയവുമില്ല.” അതുകൊണ്ട്, “മനുഷ്യന്റെ ആയുർദൈർഘ്യം നീട്ടിക്കൊണ്ടു പോകാനുള്ള ഒരു മാർഗം ശാസ്ത്രജ്ഞർ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും അവരിൽ ആർക്കുംതന്നെ അതു കണ്ടെത്താമെന്ന പ്രതീക്ഷയില്ലെന്നും” ജീവശാസ്ത്രജ്ഞനായ ഡോ. റോജർ ഗോസ്ഡെൻ പറയുന്നു. അതിനു മാറ്റം വരാൻ പോകുകയാണോ?
“ആ വലിയ ചോദ്യ”ത്തെ അഭിമുഖീകരിക്കുന്നു
വാർധക്യത്തിനുള്ള പ്രതിവിധി വാഗ്ദാനം ചെയ്യുന്ന സിദ്ധാന്തങ്ങൾക്കു യാതൊരു പഞ്ഞവുമില്ലെങ്കിലും മിക്ക വിദഗ്ധരും ജറന്റോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റായ ഡോ. ജീൻ. ഡി. കോഹെന്റെ അഭിപ്രായത്തോടു യോജിക്കും. “ഈ മാന്ത്രിക വെടിയുണ്ടകളെല്ലാം പൊട്ടാത്തവയാണെന്നു തെളിഞ്ഞിരിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട്? യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ടൽ ശാസ്ത്ര ലേഖികയായ നാൻസി ഷൂട്ട് പറയുന്നതുപോലെ “വാർധക്യത്തിനും അതിന്റെ ഒഴിവാക്കാനാവാത്ത പരിണതഫലമായ മരണത്തിനും കാരണം എന്താണ് എന്ന് ഇതുവരെ ആർക്കും അറിയില്ലെന്നുള്ളതാണ് ഒരു സംഗതി. വാർധക്യത്തിന്റെ കാരണം അറിയാതെ അതിന്റെ ലക്ഷണം ചികിത്സിച്ചു മാറ്റാൻ ശ്രമിക്കുന്നതു വ്യർഥമാണ്.” വാർധക്യം പ്രാപിക്കൽ ഒരു ദുരൂഹതയായി അവശേഷിക്കുന്നു എന്ന് ഡോ. ഗോസ്ഡനും പറയുന്നു: “അതു നമ്മളിൽ ഓരോരുത്തരിലും ദൃശ്യമായിരിക്കും, എന്നാൽ അതിന്റെ അടിസ്ഥാന കാരണം ഒരു ദുരൂഹതയായി അവശേഷിക്കുന്നു.” “എന്തുകൊണ്ടാണ് അതു സംഭവിക്കുന്നത് എന്ന ആ വലിയ ചോദ്യ”ത്തിന് ആരുംതന്നെ ശ്രദ്ധ നൽകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.a
മനുഷ്യന് ഓടാൻ കഴിയുന്ന വേഗത്തിനും ചാടാൻ കഴിയുന്ന ഉയരത്തിനും ഊളിയിടാൻ കഴിയുന്ന ആഴത്തിനും പരിധി ഉള്ളതുപോലെ അവന് തന്റെ സ്വന്തം ചിന്താപ്രാപ്തിയും യുക്തിയും ഉപയോഗിച്ചു വിശദീകരിക്കാൻ കഴിയുന്ന കാര്യങ്ങൾക്കും ഒരു പരിധിയുണ്ട്. “എന്തുകൊണ്ട് എന്ന ആ വലിയ ചോദ്യ”ത്തിന് ഉത്തരം നൽകുന്നത് ആ പരിധിക്ക് അപ്പുറത്താണെന്നു കാണപ്പെടുന്നു. അതുകൊണ്ട് ഉത്തരം കിട്ടാനുള്ള ഏക മാർഗം മനുഷ്യന്റെ ജ്ഞാനത്തിനും മീതെയുള്ള ഒരു ഉറവിലേക്കു തിരിയുകയാണ്. ജ്ഞാനത്തിന്റെ ഒരു പുരാതന ഗ്രന്ഥമായ ബൈബിൾ നിങ്ങളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്. ‘ജീവന്റെ ഉറവായ’ സ്രഷ്ടാവിനെ കുറിച്ച് ബൈബിൾ ഉറപ്പു നൽകുന്നു: “അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും.” (സങ്കീർത്തനം 36:9; 2 ദിനവൃത്താന്തം 15:2) അങ്ങനെയെങ്കിൽ മനുഷ്യൻ മരിക്കുന്നതിനുള്ള യഥാർഥ കാരണം അറിയാനായി നാം ദൈവവചനമായ ബൈബിളിൽ അന്വേഷണം നടത്തുമ്പോൾ എന്താണു കണ്ടെത്തുന്നത്?
മരണത്തിന്റെ മൂലകാരണം
ദൈവം ആദ്യ മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവൻ “അവരുടെ ഹൃദയത്തിൽ നിത്യതയെ കുറിച്ചുള്ള ഒരു ബോധം” വെച്ചു എന്നു ബൈബിൾ നമ്മോടു പറയുന്നു. (സഭാപ്രസംഗി 3:11, ബെക്ക്) എന്നാൽ എന്നേക്കും ജീവിക്കാനുള്ള ആഗ്രഹം മാത്രമല്ല മനുഷ്യന്റെ ആദ്യ മാതാപിതാക്കൾക്കു സ്രഷ്ടാവ് നൽകിയത്; അതിനുള്ള അവസരവും അവൻ അവർക്കു നൽകി. പൂർണതയുള്ള ശരീരവും മനസ്സും ഉള്ളവരായിട്ടാണ് അവർ സൃഷ്ടിക്കപ്പെട്ടത്. സമാധാനപൂർണമായ ഒരു പരിസ്ഥിതിയിലുള്ള ജീവിതവും അവർ ആസ്വദിച്ചു. ഈ ആദ്യ മനുഷ്യർ എന്നേക്കും ജീവിക്കണമെന്നും കാലാന്തരത്തിൽ അവരുടെ പൂർണതയുള്ള സന്താനങ്ങളെക്കൊണ്ടു ഭൂമി നിറയ്ക്കപ്പെടണമെന്നും സ്രഷ്ടാവ് ഉദ്ദേശിച്ചു.—ഉല്പത്തി 1:28; 2:15.
എന്നാൽ ഫിനിഷിങ് ലൈൻ ഇല്ലാത്ത ജീവിതം നിബന്ധനകളിൽ അധിഷ്ഠിതം ആയിരുന്നു. അത് ദൈവത്തോടുള്ള അനുസരണത്തെ ആശ്രയിച്ചാണിരുന്നത്. ആദാം ദൈവത്തോട് അനുസരണക്കേടു കാട്ടിയാൽ അവൻ “നിശ്ചയമായും മരിക്കു”മായിരുന്നു. (ഉല്പത്തി 2:16, 17, NW) സങ്കടകരമെന്നു പറയട്ടെ, ആദ്യ മനുഷ്യർ അനുസരണക്കേടു കാട്ടുകതന്നെ ചെയ്തു. (ഉല്പത്തി 3:1-6) അങ്ങനെ ചെയ്യുകവഴി അവർ പാപികളായി തീർന്നു, എന്തെന്നാൽ “പാപം നിയമലംഘനം” ആണ്. (1 യോഹന്നാൻ 3:4, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) തത്ഫലമായി, അവർക്ക് നിത്യജീവന്റെ പ്രത്യാശ നഷ്ടമായി, “പാപത്തിന്റെ ശമ്പളം മരണ”മാണ്. (റോമർ 6:23) അതുകൊണ്ട് ആദ്യ മനുഷ്യരുടെമേൽ ശിക്ഷാവിധി പ്രസ്താവിച്ചപ്പോൾ ദൈവം പറഞ്ഞു: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.”—ഉല്പത്തി 3:19.
അങ്ങനെ ആദി മാതാപിതാക്കൾ പാപം ചെയ്തശേഷം, പാപത്തിന്റെ മുൻകൂട്ടി പറയപ്പെട്ട പരിണതഫലം അവരുടെ ജീനുകളിൽ ആഴത്തിൽ ആലേഖനം ചെയ്യപ്പെട്ടു. ജീവിതത്തിന് ഒരു ഫിനിഷിങ് ലൈൻ കൽപ്പിക്കപ്പെട്ടു. തത്ഫലമായി, അവർ വാർധക്യ പ്രക്രിയയ്ക്കു വിധേയരായി, ഒടുവിൽ മരണത്തിനും. കൂടാതെ, ഏദെൻ എന്നു വിളിക്കപ്പെട്ട അവരുടെ ആദിമ പറുദീസാ ഭവനത്തിൽനിന്നു പുറത്താക്കപ്പെട്ട ശേഷം ആദ്യ മനുഷ്യർക്ക് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ച മറ്റൊരു പ്രശ്നവും അഭിമുഖീകരിക്കേണ്ടി വന്നു—ഏദെനു വെളിയിലെ ഹർഡിൽ സമാന പരിസ്ഥിതി. (ഉല്പത്തി 3:16-19, 23, 24) ന്യൂനതയുള്ള പാരമ്പര്യവും കഠിനമായ പരിസ്ഥിതിയും ആദ്യ മനുഷ്യരെയും അവരുടെ സന്തതികളെയും ബാധിച്ചു.
മരണവിധിയും വാഗ്ദാനവും
ആദ്യ മനുഷ്യർ സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നതിനു മുമ്പാണ് അവരുടെ ജീവിതത്തിൽ ഹാനികരമായ ഈ മാറ്റങ്ങൾ നടന്നത്. അതുകൊണ്ട് അവർക്ക് അവരെപ്പോലെ തന്നെയുള്ള—അപൂർണരും പാപപൂർണരും വാർധക്യ പ്രക്രിയയ്ക്ക് വിധേയരുമായ—സന്താനങ്ങളെ മാത്രമേ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. “എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (റോമർ 5:12; സങ്കീർത്തനം 51:5 താരതമ്യം ചെയ്യുക.) “നമ്മുടെ കോശഘടനയിൽ സ്വന്തം മരണ വാറണ്ട് നാം വഹിക്കുന്നു” എന്ന് ശരീരയന്ത്രം—നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച് സമഗ്രവീക്ഷണം എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നു.
എന്നാൽ ഫിനിഷിങ് ലൈൻ ഇല്ലാത്ത—വാർധക്യവും മരണവും ഇല്ലാത്ത—ജീവിതം പ്രത്യാശിക്കാൻ കഴിയില്ല എന്ന് ഇതിനർഥമില്ല. ഒന്നാമതായി, മനുഷ്യ ജീവന്റെയും വിസ്മയാവഹമാം വിധം വൈവിധ്യമാർന്ന മറ്റു ജീവരൂപങ്ങളുടെയും സർവജ്ഞാനിയായ സ്രഷ്ടാവിന് ഏതൊരു ജനിതക തകരാറും ശരിയാക്കാനും മനുഷ്യനു തന്റെ ജീവിതം എന്നേക്കും തുടർന്നുകൊണ്ടു പോകാൻ ആവശ്യമായ ഊർജം പ്രദാനം ചെയ്യാനും സാധിക്കുമെന്നു ന്യായമായും വിശ്വസിക്കാം. രണ്ടാമതായി, സ്രഷ്ടാവ് ചെയ്യുമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നതും അതുതന്നെയാണ്. ആദ്യ മനുഷ്യരോടു മരണവിധി പ്രഖ്യാപിച്ചശേഷം, മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കണം എന്നുള്ള തന്റെ ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല എന്ന് ദൈവം അനേകം തവണ വെളിപ്പെടുത്തി. ഉദാഹരണത്തിന് അവൻ ഇങ്ങനെ ഉറപ്പു നൽകുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) ഈ വാഗ്ദാന നിവൃത്തി അനുഭവിക്കണമെങ്കിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്?
നിങ്ങളുടെ ജീവിതം—എന്നെന്നേക്കുമായി നീട്ടിക്കൊണ്ടു പോകാൻ കഴിയുന്ന വിധം
രസകരമായി, 300-ലധികം വൈദ്യശാസ്ത്ര ഗവേഷകരുമായി അഭിമുഖം നടത്തിയശേഷം റോണാൾഡ് കൊട്ട്യൂലക്ക് എന്ന ശാസ്ത്ര എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “ആളുകളുടെ ആരോഗ്യവും ആയുസ്സും നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ വരുമാനവും തൊഴിലും വിദ്യാഭ്യാസവുമാണ് എന്ന് ഗവേഷകർക്കു ദീർഘകാലമായി അറിയാവുന്നതാണ്. . . എന്നാൽ ദീർഘായുസ്സ് നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായി തീർന്നുകൊണ്ടിരിക്കുന്നതു വിദ്യാഭ്യാസമാണ്.” അദ്ദേഹം വിശദമാക്കി: “നാം കഴിക്കുന്ന ഭക്ഷണം ജീവന് അപകടകാരികളായ സാംക്രമിക രോഗാണുക്കളോടു പൊരുതാൻ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതുപോലെ ഹാനികരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനെതിരെ വിദ്യാഭ്യാസം നമ്മെ സംരക്ഷിക്കുന്നു.” ഒരു ഗവേഷകൻ പറഞ്ഞതു പോലെ, “വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിലെ പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നേറാൻ നിങ്ങൾ പഠിക്കുന്നു.” അതുകൊണ്ട് കോട്ട്യൂലക്ക് എന്ന ഗ്രന്ഥകർത്താവ് പറഞ്ഞതുപോലെ ഒരു വിധത്തിൽ പറഞ്ഞാൽ, “കൂടുതൽ ആരോഗ്യകരവും ദൈർഘ്യമേറിയതുമായ ജീവിതത്തിന്റെ രഹസ്യം” വിദ്യാഭ്യാസമാണ്.
ഭാവിയിൽ നിത്യജീവൻ പ്രാപിക്കാനുള്ള ആദ്യത്തെ നടപടിയും വിദ്യാഭ്യാസമാണ്—ബൈബിൾ വിദ്യാഭ്യാസം. യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം അവർ ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്.” (യോഹന്നാൻ 17:3, NW) സ്രഷ്ടാവായ യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും ദൈവം പ്രദാനം ചെയ്തിരിക്കുന്ന മറുവില ക്രമീകരണത്തെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതു മാത്രമാണ് നിത്യജീവനിലേക്കുള്ള പാതയിൽ ആദ്യത്തെ ചുവടു വയ്ക്കുന്നതിന് ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഏക വിദ്യാഭ്യാസം.—മത്തായി 20:28; യോഹന്നാൻ 3:16.
ഈ ജീവദായക ബൈബിൾ പരിജ്ഞാനം നേടുന്നതിൽ നിങ്ങളെ സഹായിക്കുന്ന ബൈബിൾ വിദ്യാഭ്യാസ പരിപാടി യഹോവയുടെ സാക്ഷികൾ നടത്തുന്നുണ്ട്. ഈ സൗജന്യ പരിപാടിയെ കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് അവരുടെ രാജ്യഹാളുകളിൽ ഒന്നു സന്ദർശിക്കുകയോ നിങ്ങൾക്കു സൗകര്യപ്പെടുന്ന സമയത്തു നിങ്ങളെ സന്ദർശിക്കാൻ അവരോട് ആവശ്യപ്പെടുകയോ ചെയ്യുക. ഹർഡിലുകൾ ചാടിക്കടക്കേണ്ടതില്ലാത്ത, ഫിനിഷിങ് ലൈൻ ഇല്ലാത്ത ഒരു ജീവിതം സാധ്യമായി തീരുന്ന ഒരു സമയം ഉടൻതന്നെ വരാൻ പോകുകയാണ് എന്നുള്ളതിന് ശക്തമായ തെളിവുകൾ ബൈബിളിൽ ഉണ്ടെന്നു നിങ്ങൾ കണ്ടെത്തും. സഹസ്രാബ്ദങ്ങളായി മരണം വാഴ്ച നടത്തിയിട്ടുണ്ട് എന്നുള്ളതു ശരിതന്നെ. താമസിയാതെതന്നെ അത് എന്നന്നേക്കുമായി തോൽപ്പിക്കപ്പെടും. പ്രായമായവർക്കും ചെറുപ്പക്കാർക്കും എത്ര പുളകപ്രദമായ പ്രത്യാശ!
[അടിക്കുറിപ്പുകൾ]
a വാർധക്യം എങ്ങനെ സംഭവിക്കുന്നു എന്നു വിശദീകരിക്കുന്ന വ്യത്യസ്ത സിദ്ധാന്തങ്ങൾ (300-ലധികം!) വാർധക്യ വിജ്ഞാനികൾ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത് എന്ന് ഈ സിദ്ധാന്തങ്ങൾ വിശദീകരിക്കുന്നില്ല.
[13-ാം പേജിലെ ചിത്രം]
നിത്യജീവൻ നേടുന്നതിനുള്ള ആദ്യ പടി ബൈബിൾ വിദ്യാഭ്യാസമാണ്