യുവജനങ്ങൾ ചോദിക്കുന്നു . . .
മമ്മിക്ക് ഇത്ര സുഖമില്ലാത്തത് എന്തുകൊണ്ട്?
ആലിന്റെ പിതാവു കാൻസർ ബാധിച്ചു മരിച്ചു.a പുനരുത്ഥാനം സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനത്തെ കുറിച്ചു പഠിച്ചിരുന്നതിനാൽ ആലിനു തന്റെ പിതാവിന്റെ മരണം വരുത്തിവെച്ച നഷ്ടത്തോട് ഒരുകണക്കിനു പൊരുത്തപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ അമ്മയ്ക്കും കാൻസറുണ്ട് എന്നു പരിശോധനകൾ വെളിപ്പെടുത്തിയപ്പോൾ, ഭയാശങ്കകൾ ആലിനെ വീണ്ടും വേട്ടയാടാൻ തുടങ്ങി. അമ്മയെയും കൂടെ നഷ്ടപ്പെടുമെന്ന ചിന്ത അവനെ പരിഭ്രാന്തനാക്കി. അടക്കാനാവാത്ത വേദനയോടെ ആൽ ഇങ്ങനെ സ്വയം ചോദിക്കുമായിരുന്നു: ‘എന്തുകൊണ്ടാണ് എന്റെ അമ്മ തന്നെ രോഗിയായിത്തീർന്നത്?’
“ആറു കോടിയിലധികം അമേരിക്കക്കാർക്ക് . . . പ്രിയപ്പെട്ട ഒരാളുടെ രോഗമോ വൈകല്യമോ ഉൾപ്പെടുന്ന സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടതായുണ്ട്” എന്നു ഡോ. ലെനാർഡ് ഫെൽഡർ പറയുന്നു. അദ്ദേഹം തുടരുന്നു: “ഏതൊരു ദിവസത്തെ കാര്യമെടുത്താലും, അമേരിക്കക്കാരായ ഓരോ നാലു ജോലിക്കാരിലും ഏതാണ്ട് ഒരാൾക്കു വീതം രോഗിയായ പിതാവിന്റെയോ മാതാവിന്റെയോ” അല്ലെങ്കിൽ പ്രിയപ്പെട്ട മറ്റാരുടെയെങ്കിലുമോ “ആവശ്യങ്ങൾക്കു വേണ്ടി കരുതുക എന്ന കൂടുതലായ ഉത്തരവാദിത്വമുള്ളതായി കാണാം.” അതുകൊണ്ട് നിങ്ങൾ ഇതേ സാഹചര്യത്തിലാണ് എങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. എന്നിരുന്നാലും, നിങ്ങൾ സ്നേഹിക്കുന്ന ആർക്കെങ്കിലും രോഗം പിടിപെടുന്നതു നിങ്ങളിൽ പരിഭ്രാന്തിയും വേദനയും ഉളവാക്കും എന്നു തീർച്ചയാണ്. നിങ്ങൾക്ക് ഇതിനോട് എങ്ങനെ പൊരുത്തപ്പെടാൻ കഴിയും?
എന്റെ അമ്മയ്ക്കു രോഗം ബാധിച്ചത് എന്തുകൊണ്ട്?
സദൃശവാക്യങ്ങൾ 15:13 ഇങ്ങനെ പറയുന്നു: “ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.” മാതാപിതാക്കളിൽ ഒരാളെ രോഗം കീഴ്പെടുത്തുന്നതു കാണുമ്പോൾ നിങ്ങളുടെ ഉള്ളിൽ വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നതു തികച്ചും സ്വാഭാവികമാണ്. ഉദാഹരണത്തിന്, മാതാവിന്റെയോ പിതാവിന്റെയോ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് ഉത്തരവാദി നിങ്ങളാണ് എന്ന കുറ്റബോധം നിങ്ങളെ അലട്ടിയേക്കാം. പരസ്പരം യോജിച്ചു പോകുന്നതിൽ നിങ്ങൾക്കിരുവർക്കും കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നിരിക്കാം. ഒരുപക്ഷേ, നിങ്ങൾക്കിടയിൽ പൊരിഞ്ഞ വാഗ്വാദങ്ങൾ പോലും നടന്നിട്ടുണ്ടാകാം. അതുകൊണ്ട് നിങ്ങളുടെ മാതാവിനോ പിതാവിനോ രോഗം പിടിപെട്ടപ്പോൾ അതു നിങ്ങളുടെ കുറ്റം കൊണ്ടു തന്നെ സംഭവിച്ചതാണെന്നു നിങ്ങൾ കരുതിയേക്കാം. എന്നാൽ, കുടുംബകലഹങ്ങൾ പിരിമുറുക്കത്തിന് ഇടയാക്കിയേക്കാമെങ്കിലും അതു ഗുരുതരമായ ഒരു രോഗത്തിലേക്കു നയിക്കുക അപൂർവമാണ്. പിരിമുറുക്കങ്ങളും നിസ്സാര പിണക്കങ്ങളും സ്നേഹമുള്ള ക്രിസ്തീയ കുടുംബങ്ങളിൽ പോലും ഉണ്ടാകാറുണ്ട്. അതുകൊണ്ട്, മാതാവിന്റെയോ പിതാവിന്റെയോ ആരോഗ്യപ്രശ്നങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ് എന്ന പോലെ നിങ്ങൾക്കു കുറ്റബോധം തോന്നേണ്ടതില്ല.
നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും പാപമാണ് നിങ്ങളുടെ മാതാവിന്റെയോ പിതാവിന്റെയോ രോഗത്തിന്റെ അടിസ്ഥാനപരമായ കാരണം. (റോമർ 5:12) ആ ആദ്യ പാപം നിമിത്തം “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.”—റോമർ 8:22.
നൊമ്പരപ്പെടുത്തുന്ന ചിന്തകൾ
എന്നുവരികിലും, ഇതുപോലൊരു സാഹചര്യത്തിൽ നിങ്ങൾക്കു പരിഭ്രാന്തിയും ഉത്കണ്ഠയും തോന്നുക സ്വാഭാവികമാണ്. ടെറിയുടെ അമ്മയ്ക്കു ലൂപസ് എന്ന രോഗമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉള്ള ഒരു രോഗമാണിത്. അവൾ ഇങ്ങനെ സമ്മതിക്കുന്നു: “വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഒന്നു മാറിയാൽ പിന്നെ മമ്മിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ആധിയാണ് എനിക്ക്. ഒന്നിലും എനിക്കു ശ്രദ്ധിക്കാൻ കഴിയാറില്ല. എന്നാൽ മമ്മിയെ വിഷമിപ്പിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ട് ഞാൻ എല്ലാം മനസ്സിലൊതുക്കുകയാണ്.”
സദൃശവാക്യങ്ങൾ 12:25 ഇപ്രകാരം പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു.” ഇത്തരം സാഹചര്യങ്ങളിലായിരിക്കുന്ന യുവജനങ്ങൾ വിഷാദത്തിന്റെ ചുഴിയിൽ അകപ്പെട്ടുപോകുന്നതു സർവ സാധാരണമാണ്. ചെറിയ ചെറിയ കാര്യങ്ങൾ പോലും അമ്മയ്ക്കു തനിയെ ചെയ്യാൻ സാധിക്കുന്നില്ല എന്നു കാണുന്നതു ഹൃദയഭേദകമായിരുന്നു എന്നു ടെറി പറയുന്നു. യുവജനങ്ങൾ—വിശേഷിച്ചും പെൺകുട്ടികൾ—കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിതരായി തീരുകയാണ് എന്ന വസ്തുത സമ്മർദത്തിന്റെ ആക്കം ഒന്നുകൂടി കൂട്ടുന്നു. പ്രൊഫസർ ബ്രൂസ് കോംപാസ് ഇങ്ങനെ പറയുന്നു: “വീട്ടുഭരണം, ഇളയ കുട്ടികളെ പരിപാലിക്കൽ തുടങ്ങിയ കുടുംബ ഉത്തരവാദിത്വങ്ങൾ പെൺകുട്ടികളുടെ ചുമലിൽ ആയിത്തീരുന്നു. ഇവയെല്ലാം അവരുടെ കഴിവുകൾക്ക് അതീതമാണെന്നു മാത്രമല്ല, അവരുടെ വ്യക്തിത്വവികസനത്തിന് വിലങ്ങുതടിയായിത്തീരുകയും ചെയ്യുന്നു.” ചില കൗമാരപ്രായക്കാരാകട്ടെ, ശോകവും വിഷാദവും നിഴലിക്കുന്ന സംഗീതം ശ്രവിച്ചുകൊണ്ടു തങ്ങളുടെ സ്വന്തം ലോകത്തിലേക്ക് ഒതുങ്ങിക്കൂടുന്നു.—സദൃശവാക്യങ്ങൾ 18:1.
തന്റെ മാതാവോ പിതാവോ മരിച്ചു പോയേക്കുമോ എന്ന ഭയവും യുവജനങ്ങളുടെ ഇടയിൽ സാധാരണമാണ്. ടെറിക്കാണെങ്കിൽ അമ്മ മാത്രമേ ഉള്ളൂ, അച്ഛനോ കൂടപ്പിറപ്പുകളോ ഇല്ല. അവളുടെ അമ്മ ആശുപത്രിയിൽ പോകുമ്പോഴെല്ലാം, ഇനിയൊരിക്കലും അവർ തിരിച്ചുവരില്ല എന്ന ഭയത്താൽ അവൾ കരയുമായിരുന്നു. അവൾ ഇങ്ങനെ പറയുന്നു: “ഞങ്ങൾ രണ്ടുപേർ മാത്രം, അതായിരുന്നു എന്റെ ലോകം. എന്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെടുന്നതിനെ കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല.” സമാനമായി, മാർത്ത എന്ന മറ്റൊരു കൗമാരപ്രായക്കാരി ഇങ്ങനെ സമ്മതിക്കുകയുണ്ടായി: “എനിക്കു 18 വയസ്സുണ്ട്, എന്നാലും മാതാപിതാക്കൾ നഷ്ടപ്പെടുമോ എന്ന ഭയം എനിക്ക് ഇപ്പോഴും ഉണ്ട്. അതു വരുത്തിവെച്ചേക്കാവുന്ന ശൂന്യത എനിക്കു സങ്കൽപ്പിക്കാവുന്നതിനും അപ്പുറമാണ്.” കൂടാതെ, മാതാപിതാക്കളിൽ ഒരാൾ രോഗിയായിത്തീർന്നാൽ യുവജനങ്ങൾക്കിടയിൽ അസുഖകരമായ ഉറക്കം, പേടിസ്വപ്നങ്ങൾ, ആഹാരശീല വൈകല്യങ്ങൾ എന്നിവയും സാധാരണമായി കണ്ടുവരുന്നു.
നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്
സാഹചര്യങ്ങൾ അങ്ങേയറ്റം ഇരുളടഞ്ഞതാണ് എന്ന് ഇപ്പോൾ തോന്നിയാലും, നിങ്ങൾക്കു പൊരുത്തപ്പെടാനാകും! നിങ്ങളുടെ ഉള്ളിൽ ഇരമ്പിമറിയുന്ന ഉത്കണ്ഠകളും ഭയങ്ങളും മാതാപിതാക്കളുമായി പങ്കുവെച്ചു കൊണ്ടു തുടക്കമിടുക. നിങ്ങളുടെ മാതാവിന്റെ അല്ലെങ്കിൽ പിതാവിന്റെ അവസ്ഥ എത്രമാത്രം ഗുരുതരമാണ്? രോഗം ഭേദമാകുന്നതിന് എത്രത്തോളം സാധ്യതയുണ്ട്? രോഗം ഭേദമാകാത്ത പക്ഷം നിങ്ങളുടെ സംരക്ഷണത്തിന് എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്? ഭാവിയിൽ നിങ്ങൾക്കും ഇതേ രോഗം പിടിപെടാൻ എന്തെങ്കിലും സാധ്യതയുണ്ടോ? ഇത്തരം കാര്യങ്ങളെ കുറിച്ചു സംസാരിക്കുന്നതു മാതാപിതാക്കൾക്കു പ്രയാസമാണെങ്കിലും, ശാന്തമായി ആദരപൂർവം നിങ്ങൾ അവരുടെ സഹായം തേടുന്നെങ്കിൽ, അവരാൽ കഴിയുന്ന സഹായവും പിന്തുണയും അവർ നൽകിയേക്കാം.
നിങ്ങളുടെ ക്രിയാത്മക വികാരങ്ങളും അവരുമായി പങ്കുവെക്കാൻ മടിക്കരുത്. കാൻസർ മൂലം അമ്മ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണ് എന്നറിഞ്ഞിട്ടും താൻ അതു ചെയ്തില്ല എന്ന് ആൽ അനുസ്മരിക്കുന്നു. അവൻ പറയുന്നു: “അമ്മയെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു ഞാൻ അമ്മയോടു തുറന്നുപറഞ്ഞില്ല. ഞാൻ അതൊന്നു പറയുന്നതു കേൾക്കാൻ അമ്മ അതിയായി ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഒരു കൗമാരപ്രായക്കാരനായിരുന്ന എനിക്ക് അമ്മയോട് അങ്ങനെയൊക്കെ പറയാൻ എന്തോ ബുദ്ധിമുട്ടായിരുന്നു. അതിനു ശേഷം അധികം താമസിയാതെ അമ്മ മരിച്ചു. അവസരം ഉണ്ടായിരുന്നപ്പോൾ ഞാൻ അതു ചെയ്തില്ലല്ലോ എന്നോർത്ത് ഇപ്പോൾ എനിക്കു കുറ്റബോധം തോന്നുന്നു. എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞേ മറ്റാർക്കും സ്ഥാനമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് എനിക്ക് ഇത്ര മനഃപ്രയാസം.” മാതാപിതാക്കളോടുള്ള നിങ്ങളുടെ സ്നേഹം അവരോടു തുറന്നുപറയാൻ മടിക്കരുത്.
സാധ്യമെങ്കിൽ, നിങ്ങളുടെ മാതാവിന്റെയോ പിതാവിന്റെയോ രോഗത്തെ കുറിച്ചു മനസ്സിലാക്കുക. (സദൃശവാക്യങ്ങൾ 18:15) ഒരുപക്ഷേ, കുടുംബഡോക്ടർക്ക് ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും. കാര്യങ്ങളെ കുറിച്ചു നല്ല അറിവുണ്ടായിരിക്കുന്നത് കൂടുതൽ സമാനുഭാവത്തോടും ക്ഷമയോടും സഹാനുഭൂതിയോടും കൂടെ അവരോട് ഇടപെടാൻ നിങ്ങളെ സഹായിക്കും. മാത്രമല്ല, നിങ്ങളുടെ മാതാവിനോ പിതാവിനോ ഒരുപക്ഷേ സംഭവിച്ചേക്കാവുന്ന ശാരീരിക മാറ്റങ്ങൾക്കു വേണ്ടി—വടുക്കൾ, മുടി കൊഴിച്ചിൽ, ക്ഷീണം—കാലേകൂട്ടി തയ്യാറാകാനും ഇതു സഹായിച്ചേക്കാം.
നിങ്ങളുടെ മാതാവോ പിതാവോ ആശുപത്രിയിൽ ആണോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ സന്ദർശനങ്ങൾ അവർക്കു സന്തോഷവും ധൈര്യവും പകർന്നു കൊടുക്കുന്നവ ആക്കിത്തീർക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സംഭാഷണത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കാൻ പരമാവധി ശ്രമിക്കണം. സ്കൂളിലെ വിശേഷങ്ങളും നിങ്ങളുടെ ക്രിസ്തീയ പ്രവർത്തനങ്ങളിലെ അനുഭവങ്ങളുമെല്ലാം പറയുക. (സദൃശവാക്യങ്ങൾ 25:25 താരതമ്യം ചെയ്യുക.) നിങ്ങളുടെ രാജ്യത്ത്, ഒരു രോഗിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും അവർക്ക് ആഹാരം കൊണ്ടുകൊടുക്കുന്നതുമെല്ലാം സാധാരണഗതിയിൽ ബന്ധുക്കൾ ആണ് എങ്കിൽ, നിങ്ങൾക്കു ചെയ്യാൻ സാധിക്കുന്നതെല്ലാം യാതൊരു പരാതിയും കൂടാതെ ചെയ്യുക. വൃത്തിയായും മാന്യമായും വസ്ത്രധാരണം ചെയ്തു ചെല്ലുന്നതു നിങ്ങളുടെ മാതാവിനെയോ പിതാവിനെയോ സന്തോഷിപ്പിക്കുമെന്നു മാത്രമല്ല അത് ആശുപത്രി ജീവനക്കാരിലും ഡോക്ടർമാരിലും നല്ല മതിപ്പ് ഉളവാക്കുകയും ചെയ്യും. തന്നിമിത്തം രോഗിക്കു കൂടുതൽ നല്ല പരിചരണം ലഭിച്ചേക്കാം.b
നിങ്ങളുടെ മാതാവോ പിതാവോ വീട്ടിലാണോ? അങ്ങനെയെങ്കിൽ, അവരെ പരിചരിക്കുന്നതിൽ നിങ്ങളാലാവുന്നതു ചെയ്യാൻ ശ്രദ്ധിക്കുക. വീട്ടുജോലികളുടെ ഒരു ന്യായമായ പങ്കു നിങ്ങൾ സ്വയം ഏറ്റെടുക്കുക. നിങ്ങളെ തന്നെ വിട്ടുകൊടുത്തു കൊണ്ട് “ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ” യഹോവയെ അനുകരിക്കാൻ ശ്രമിക്കുക. (യാക്കോബ് 1:5) പരാതിപ്പെടാതെ ശുഭാപ്തി വിശ്വാസവും ക്രിയാത്മക മനോഭാവവും പ്രകടിപ്പിക്കുന്നതിൽ പരമാവധി ചെയ്യാൻ ശ്രമിക്കണം.
തീർച്ചയായും, നിങ്ങൾക്കു സ്കൂളിലേക്കുള്ളതു പഠിക്കേണ്ടതുണ്ട്. പഠനത്തിനു സമയം മാറ്റിവെക്കാൻ ശ്രമിക്കണം, കാരണം നിങ്ങളുടെ വിദ്യാഭ്യാസം പ്രധാനമാണ്. സാധ്യമെങ്കിൽ, വിശ്രമത്തിനും വിനോദത്തിനും കൂടെ അൽപ്പം സമയം കണ്ടെത്തുക. (സഭാപ്രസംഗി 4:6) ഇതു നിങ്ങൾക്കു നവോന്മേഷം പകരുകയും അങ്ങനെ മാതാവിനെയോ പിതാവിനെയോ മെച്ചമായി പരിചരിക്കുന്നതിനു നിങ്ങളെ സഹായിക്കുകയും ചെയ്യും. മറ്റുള്ളവരിൽ നിന്നു നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തരുത്. സഹക്രിസ്ത്യാനികൾ വെച്ചുനീട്ടുന്ന പിന്തുണ പ്രയോജനപ്പെടുത്തുക. (ഗലാത്യർ 6:2) ടെറി പറയുന്നു: “സഭ എന്റെ കുടുംബമായി മാറി. എന്നോടു സംസാരിക്കാനും എന്നെ പ്രോത്സാഹിപ്പിക്കാനും മൂപ്പന്മാർ എപ്പോഴും ഒരുക്കമായിരുന്നു. ഞാൻ അതൊരിക്കലും മറക്കില്ല.”
നിങ്ങളുടെ ആത്മീയ സമനില കാത്തുസൂക്ഷിക്കുക
നിങ്ങളുടെ ആത്മീയ സമനില കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. ബൈബിൾ പഠിക്കുക, യോഗങ്ങൾക്കു ഹാജരാകുക, മറ്റുള്ളവരോടു പ്രസംഗിക്കുക എന്നിങ്ങനെയുള്ള ആത്മീയ പ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടുക. (1 കൊരിന്ത്യർ 15:58) വേനൽക്കാലമാസങ്ങളിൽ ഒരു സഹായപയനിയറായി സേവിച്ചു കൊണ്ട് ടെറി സുവിശേഷ വേലയിലെ തന്റെ പങ്കു വർധിപ്പിക്കുമായിരുന്നു. അവൾ തുടരുന്നു: “രാജ്യ ഹാളിലെ യോഗങ്ങൾക്കായി തയ്യാറാകാനും അവയിൽ ഹാജരാകാനും മമ്മി എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. അതു ഞങ്ങൾക്കു രണ്ടുപേർക്കും പ്രയോജനകരമാണെന്നു തെളിഞ്ഞു. എല്ലാ യോഗങ്ങൾക്കും ഹാജരാകണമെന്ന് ഉണ്ടായിരുന്നെങ്കിലും മമ്മിക്കു പലപ്പോഴും അതിനു കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങൾ മമ്മിയോടു പറയേണ്ടതിനു ഞാൻ യോഗങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുമായിരുന്നു. യോഗങ്ങൾക്കു വരാൻ സാധിക്കാത്തപ്പോഴെല്ലാം ആത്മീയ ആഹാരത്തിനു വേണ്ടി മമ്മി എന്നെയാണ് ആശ്രയിച്ചിരുന്നത്.”
“മാതാപിതാക്കളിൽ ആരെങ്കിലും രോഗിയായി കിടക്കുമ്പോഴും കുട്ടികൾക്ക് എന്തുമാത്രം വളരാനും അഭിവൃദ്ധിപ്രാപിക്കാനും കഴിയും എന്നതിൽ എല്ലായ്പോഴും അതിശയം കൂറിയിട്ടുണ്ട്” എന്നു പറഞ്ഞ സാമൂഹ്യ പ്രവർത്തകയുടെ വാക്കുകൾ ഉദ്ധരിച്ചപ്പോൾ ദ ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനം കാര്യങ്ങൾ നന്നായി സംഗ്രഹിച്ചെഴുതി. അവർ പറയുന്നു: “തങ്ങൾക്ക് ഉള്ളതായി അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ചില കഴിവുകൾ അവർ വികസിപ്പിച്ചെടുക്കുന്നു . . . അവർക്ക് ഈ സാഹചര്യത്തെ നേരിടാൻ കഴിയുമെങ്കിൽ മറ്റു പലതിനെയും നേരിടാൻ കഴിയും.”
നിങ്ങൾക്കും ഇത്തരം വിഷമമേറിയ സാഹചര്യങ്ങളെ വിജയകരമായി നേരിടാൻ കഴിയും. ഉദാഹരണത്തിന്, ടെറിയുടെ അമ്മയ്ക്ക് ഇപ്പോൾ പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഒരുപക്ഷേ കാലക്രമത്തിൽ നിങ്ങളുടെ മാതാവോ പിതാവോ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുത്തേക്കാം. എന്നാൽ, നിങ്ങളുടെ ഇപ്പോഴത്തെ വിഷമ സാഹചര്യത്തിൽ സ്വർഗസ്ഥ സുഹൃത്തായ യഹോവയുടെ പിന്തുണ നിങ്ങൾക്കുണ്ട് എന്ന കാര്യം മറക്കരുത്. അവൻ ‘പ്രാർഥന കേൾക്കുന്നവനാണ്.’ സഹായത്തിനായുള്ള നിങ്ങളുടെ യാചനകൾ അവൻ കേൾക്കുക തന്നെ ചെയ്യും. (സങ്കീർത്തനം 65:2) സഹിച്ചു നിൽക്കാൻ കഴിയേണ്ടതിന് അവൻ നിങ്ങൾക്കും—നിങ്ങളുടെ ദൈവഭയമുള്ള മാതാവിനും അല്ലെങ്കിൽ പിതാവിനും—“അത്യന്തശക്തി” നൽകും.—2 കൊരിന്ത്യർ 4:7; സങ്കീർത്തനം 41:3.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b 1991 മാർച്ച് 8 ലക്കം ഉണരുക! യിലെ “ഒരു രോഗിയെ സന്ദർശിക്കൽ—സഹായിക്കേണ്ട വിധം” (ഇംഗ്ലീഷ്) എന്ന ലേഖനത്തിൽ ധാരാളം പ്രായോഗിക നിർദേശങ്ങൾ അടങ്ങിയിട്ടുണ്ട്.
[22-ാം പേജിലെ ആകർഷകവാക്യം]
“വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഒന്നു മാറിയാൽ പിന്നെ മമ്മിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ആധിയാണ് എനിക്ക്”
[23-ാം പേജിലെ ചിത്രം]
നിങ്ങളുടെ മാതാവിന്റെ അല്ലെങ്കിൽ പിതാവിന്റെ രോഗത്തെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കുന്നത് അവരെ സഹായിക്കാൻ നിങ്ങളെ കൂടുതൽ സജ്ജനാക്കും