എന്റെ നായ്, എന്റെ കാത്!
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ഈനായ്ക്കുട്ടി ഇല്ലായിരുന്നെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് എനിക്ക് അറിയില്ല!” തന്റെ കസേരക്കീഴിൽ സ്വസ്ഥമായി കിടക്കുന്ന, തവിട്ടു കലർന്ന വെള്ള നിറത്തിലുള്ള സങ്കരയിനമായ ജാക് റസ്സൽ ടെറിയർ നായ്ക്കുട്ടിയെ വാത്സല്യപൂർവം നോക്കിക്കൊണ്ടു ഡോറത്തി പറഞ്ഞു. “ട്വിങ്കിയെ എനിക്കു ലഭിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. എങ്കിലും, ഇപ്പോൾതന്നെ അവൾ എന്റെ ജീവിതം ആയാസരഹിതം ആക്കിത്തീർത്തിരിക്കുന്നു!”
ട്വിങ്കിയെ അടുത്തു നിരീക്ഷിച്ചപ്പോഴാണു ഞാൻ അതു കണ്ടത്—അവളുടെ ദേഹത്തു മഞ്ഞ നിറത്തിലുള്ള ഒരു ലോഹച്ചുറ്റ് ഇട്ടിരുന്നു. അതിൽ കറുത്ത വലിയ അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു, “ബധിരർക്കായുള്ള ശ്രവണ നായ.” ‘അസാധാരണമായ ഒരു മൃഗം തന്നെ!’ ഞാൻ വിചാരിച്ചു. ‘അതിനെക്കൊണ്ട് എന്താണു പ്രയോജനം?’
കഴിഞ്ഞ ജൂലൈ മാസത്തിൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ “ദൈവമാർഗത്തിലുള്ള ജീവിതം” അന്താരാഷ്ട്ര കൺവെൻഷനു ഹാജരായ 44,000 പേരുടെ ഇടയിൽ വെച്ച് യാദൃച്ഛികമായാണു ഞങ്ങൾ കണ്ടുമുട്ടിയത്. ഉച്ചഭാഷിണിയോടു ചേർന്നിരിക്കവെ ഡോറത്തിക്കു പരിപാടി കേൾക്കാൻ സാധിച്ചിരുന്നു. ആ സ്ഥിതിക്ക്, അവർക്ക് ഒരു ശ്രവണ നായ എന്തിന്? ഭക്ഷണത്തിനുള്ള ഇടവേളയിൽ, തന്റെ കഥ ഡോറത്തി എന്നോടു പറഞ്ഞു.
ട്വിങ്കിയുടെ പങ്ക്
മൂന്നാം വയസ്സിൽ ഉണ്ടായ വാതപ്പനി നിമിത്തം ഡോറത്തിയുടെ ശ്രവണശേഷി തീരെ കുറഞ്ഞുപോയിരുന്നു. 23 വർഷം മുമ്പ് ഭർത്താവു മരിച്ചതു മുതൽ അവർ ഒറ്റയ്ക്കാണു കഴിയുന്നത്. എങ്കിലും, ഡോറത്തിയുടെ വാക്കുകളിൽ പറഞ്ഞാൽ, പ്രായം ചെല്ലുന്തോറും അവർക്കു ചങ്ങാത്തത്തെക്കാൾ കവിഞ്ഞ ഒന്ന് ആവശ്യമായിരുന്നു. “എന്റെ പ്രായത്തിലുള്ള ബധിരർക്ക് വളരെ അരക്ഷിതത്വം തോന്നാൻ ഇടയുണ്ട്,” അവർ പറഞ്ഞു. “എനിക്ക് 74 വയസ്സുണ്ട്. പരിപാലകരും സുരക്ഷാ സംവിധാനവുമുള്ള ഒരു ബഹുശാലാ ഭവനത്തിലാണു ഞാൻ താമസിക്കുന്നത്. എന്നാൽ പരിപാലകൻ എന്നെ കാണാനായി വാതിൽമണി അടിക്കുമ്പോഴൊന്നും എനിക്കു കേൾക്കാൻ കഴിയുന്നില്ല. എനിക്കു സുഖമില്ലെന്നു കരുതി ഞാൻ അറിയാതെ പലപ്പോഴും അദ്ദേഹം ഉള്ളിൽ പ്രവേശിച്ചിട്ടുണ്ട്; അതെന്നെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇപ്പോൾ മണിയടി കേൾക്കുമ്പോൾ ട്വിങ്കി വന്ന് എന്റെ കാലിൽ മെല്ലെ തോണ്ടും. എന്നിട്ട് മുന്നിലത്തെ വാതിലിന് അടുത്തേക്ക് എന്നെ കൊണ്ടുപോകും. സമാനമായി, വീട്ടിലെ വൈദ്യുത അടുപ്പിൽനിന്നു മണിയൊച്ച കേൾക്കുമ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടിവരും, ഞാൻ അവളുടെ പിന്നാലെ ചെല്ലും. പുകയോ തീപിടിത്തമോ സൂചിപ്പിക്കാനുള്ള അലാറം കേൾക്കുമ്പോൾ എന്റെ ശ്രദ്ധ ആകർഷിക്കാനും നിലത്തു കിടന്നുകൊണ്ട് അപകടസൂചന തരാനും ട്വിങ്കിക്കു പരിശീലനം ലഭിച്ചിട്ടുണ്ട്. എന്നെ സഹായിക്കുന്ന ഓരോ തവണയും ഞാൻ അവൾക്കു രുചികരമായ ഒരു വിഭവം സമ്മാനം നൽകാറുണ്ട്.”
വിദഗ്ധ പരിശീലനം
എനിക്കു വളരെ കൗതുകം തോന്നി. “സഹോദരിക്ക് ഈ നായ്ക്കുട്ടിയെ എങ്ങനെ കിട്ടി, ആരാണ് അതിനെ പരിശീലിപ്പിച്ചത്?” ഞാൻ ചോദിച്ചു. ബ്രിട്ടനിലെ ബധിരരുടെ കൂടുതലായ സ്വാതന്ത്ര്യത്തെയും അവരുടെ ജീവിതത്തിന്റെ ഗുണമേന്മയെയും ലാക്കാക്കി പ്രവർത്തിക്കുന്ന ‘ബധിരർക്കായുള്ള ശ്രവണ നായ്ക്കൾ’ എന്ന പേരിലുള്ള ധർമസ്ഥാപനത്തെ കുറിച്ച് എന്നോടു പറയാൻ അതു ഡോറത്തിക്കു വഴിതുറന്നു. 1982 മുതൽ ആ സ്ഥാപനം നൂറുകണക്കിനു നായ്ക്കളെ ബ്രിട്ടനിലുള്ള ബധിരർക്കു നൽകിയിട്ടുണ്ട്. പൂർണമായി പരിശീലിപ്പിക്കപ്പെട്ട ശേഷം ദത്തുനൽകൽ ക്രമീകരണത്തിലൂടെ പുതിയ ഉടമസ്ഥനു നായയെ സൗജന്യമായി നൽകുന്നു.
രാജ്യത്തുടനീളമുള്ള, അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടിച്ചു സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്നാണു സാധാരണമായി, പരിശീലിപ്പിക്കുന്നതിനുള്ള നായ്ക്കളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, നായ്വളർത്തലുകാർ സംഭാവന നൽകുന്ന നായ്ക്കളും അക്കൂട്ടത്തിൽ ഉണ്ട്. ഒരു നായയെ പരിശീലിപ്പിക്കാൻ 12 മാസം വരെ എടുക്കുന്നു. മിക്കപ്പോഴും ഏതെങ്കിലും കമ്പനിയോ ചെറിയ ചെറിയ സംഭാവനകൾ നൽകിക്കൊണ്ട് ഒരു കൂട്ടം ആളുകളോ ആയിരിക്കും അതിനുള്ള ചെലവു വഹിക്കുന്നത്. ട്വിങ്കിയുടെ ചെലവു വഹിച്ചതു ശരീര മെലിച്ചിലിൽ പരിശീലനം നൽകുന്ന ഒരു ക്ലബ് ആണെന്നു ഡോറത്തി പറഞ്ഞു.
ഏഴ് ആഴ്ച മുതൽ മൂന്നു വർഷം വരെ പ്രായമുള്ള നായ്ക്കളെയാണു ശ്രവണ നായ് പരിശീലനത്തിനു തിരഞ്ഞെടുക്കുന്നത്. തുടർന്ന്, പ്രത്യേക ശബ്ദങ്ങളോടു പ്രതികരിക്കാൻ അവയെ പരിശീലിപ്പിക്കുന്നു. എന്നുവരികിലും, ആരംഭത്തിൽ അതിനെ ഒരു സാമൂഹിക പ്രവർത്തകന്റെ പക്കൽ ഏൽപ്പിക്കുന്നു. അയാൾ നായ്ക്കുട്ടിയെ, അതിന്റെ പ്രായവും അനുഭവപരിചയവും അനുസരിച്ച്, രണ്ടു മുതൽ എട്ടു വരെ മാസത്തേക്കു തന്റെ വീട്ടിലേക്കു കൊണ്ടുപോകും. അതിൽ അടിസ്ഥാന ഭവന പരിശീലനം ഉൾപ്പെട്ടേക്കാമെങ്കിലും പൊതു സ്ഥലങ്ങളും പൊതു വാഹനങ്ങളുമായി പരിചിതമാകാനും കൊച്ചു കുട്ടികളും ശിശുക്കളും ഉൾപ്പെടെ എല്ലാ പ്രായക്കാരുമായി ഇടപഴകാനും അതിനെ പരിശീലിപ്പിക്കുകയാണ് അതിന്റെ പ്രധാന ഉദ്ദേശ്യം. ഏതൊരു സാഹചര്യത്തിലും നന്നായി പെരുമാറാൻ വേണ്ട പരിശീലനം നായ്ക്കു നൽകുക എന്ന ലക്ഷ്യത്തിലാണിത്.
പ്രത്യേക ആവശ്യങ്ങളുള്ള ആളുകളെ സഹായിക്കാനായി ചില സംഘടനകൾ നായ്ക്കളെ ഉപയോഗിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. ആജ്ഞകൾ അനുസരിക്കാനുള്ള നല്ല പരിശീലനത്തോടൊപ്പം പ്രത്യേക ദൃശ്യങ്ങളും ഗന്ധങ്ങളും മനസ്സിലാക്കുന്നതിനുള്ള പരിശീലനവും ഈ നായ്ക്കൾക്കു നൽകുന്നു. ചക്രക്കസേരയെ ആശ്രയിക്കേണ്ടതുള്ള ഒരു സ്ത്രീയെ സഹായിക്കുന്ന ഒരു നായ് ടെലിഫോൺ അടിക്കുമ്പോൾ റിസീവർ എടുത്തു കൊടുക്കാനും കത്തുകളിൽ സ്റ്റാമ്പ് ഒട്ടിക്കാനും പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു! മറ്റൊരു നായ്, സൂപ്പർമാർക്കറ്റിലെ അലമാരകളിൽ നിന്നു ടിന്നുകളും പായ്ക്കറ്റുകളും എടുത്തുകൊടുക്കുന്നതു സഹിതം 120 ആജ്ഞകൾ അനുസരിക്കുന്നു. വികലാംഗനായ ഉടമസ്ഥൻ, ലേസർ രശ്മി ഉപയോഗിച്ചു തനിക്ക് ആവശ്യമായ വസ്തുക്കൾ കാണിക്കുമ്പോൾ അദ്ദേഹത്തിന്റെ നായ് അത് എടുത്തു കൊടുക്കുന്നു.
ഒരു സന്തുഷ്ട കൂട്ടുകെട്ട്
“എല്ലാവരും ട്വിങ്കിയുടെ മൂല്യം വിലമതിക്കുന്നുണ്ടോ?” ഞാൻ ചോദിച്ചു. “ഒരു കടക്കാരൻ ട്വിങ്കിക്ക് കടയിൽ പ്രവേശനം നിഷേധിച്ചു,” ഡോറത്തി മറുപടി പറഞ്ഞു. “അവിടെ എന്തൊക്കെയോ ഭക്ഷ്യവസ്തുക്കൾ പ്രദർശനത്തിനു വെച്ചിരുന്നതാകാം അതിനു കാരണമെന്നു ഞാൻ കരുതുന്നു. എനിക്കു ട്വിങ്കിയെക്കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു. എന്നാൽ, വിരളമായേ അങ്ങനെ സംഭവിക്കാറുള്ളൂ.”
വീട്ടിൽ ഒരു ശ്രവണ നായ് ഉണ്ടായിരിക്കുന്നതിന്റെ മൂല്യം എനിക്കു മനസ്സിലായി. എന്നാൽ ഒരു ചോദ്യം കൂടെ അവശേഷിച്ചിരുന്നു. നിരവധി സഹവിശ്വാസികളുമായി സന്തോഷപൂർവം സഹവസിക്കുന്ന ഡോറത്തിക്ക് ട്വിങ്കി എന്തിനാണ്? “എനിക്ക് അധരചലനം വ്യാഖ്യാനിക്കാൻ കഴിയും. മാത്രമല്ല, ശ്രവണ സഹായി ഉപയോഗിച്ചു സംഭാഷണത്തിൽ ഏർപ്പെടാനും കഴിയും. ട്വിങ്കിയുടെ മഞ്ഞയുടുപ്പു കാണുമ്പോൾ ഞാൻ ബധിരയാണെന്ന് ആളുകൾ ഉടനടി മനസ്സിലാക്കും. അപ്പോൾ അവർ എന്നോടു നേരിട്ട്, പരമാവധി വ്യക്തമായി സംസാരിക്കും. അങ്ങനെ, എന്റെ വൈകല്യത്തെ കുറിച്ച് എനിക്കു വിശദീകരിക്കേണ്ടി വരുന്നില്ല. അത് എന്റെ ജീവിതം വളരെ ആയാസരഹിതം ആക്കിത്തീർക്കുന്നു,” ഡോറത്തി വിശദീകരിച്ചു.
കൺവെൻഷന്റെ ഉച്ചകഴിഞ്ഞുള്ള സെഷൻ തുടങ്ങാറായിരുന്നു. പരിപാടി തുടങ്ങുന്നതിനു മുമ്പു ട്വിങ്കിക്ക് ഒന്നു നടക്കണം. പോകുന്നതിനു മുമ്പു ഞാൻ കുനിഞ്ഞ് അവളെയൊന്നു തലോടി. ട്വിങ്കി കണ്ണുകൾ വിടർത്തി, എന്നിട്ടു ഡോറത്തിയെ നോക്കി വാലാട്ടി. എത്ര അനുസരണമുള്ള, ഉപയോഗപ്രദയായ സുഹൃത്ത്—അവരുടേത് ഉറ്റബന്ധമാണ്!
[20-ാം പേജിലെ ചിത്രം]
കൺവെൻഷനുകളിൽ ട്വിങ്കിയുടെ സഹായം വളരെ വിലയേറിയതാണ്