സംഗീതത്തിന്റെ ശക്തി
“അലഞ്ഞു തിരിയുന്ന മനസ്സിനെ പിടിച്ചുനിർത്താനും പ്രക്ഷുബ്ധമായ അന്തരാത്മാവിനെ ശാന്തമാക്കാനും കഴിയുന്ന വശ്യശക്തി സംഗീതത്തിനു മാത്രമാണുള്ളത്.”
മുന്നൂറു വർഷം മുമ്പ്, താളപ്പൊരുത്തത്തിനു സ്തുതിഗീതങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ വില്യം കോൺഗ്രേവ് എഴുതിയതാണിത്. പുരാതന ഗ്രീക്ക് രചനകളിൽ, നൂറ്റാണ്ടുകൾക്കു മുമ്പേ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: “സംഗീതാഭ്യസനം മറ്റേതു പരിശീലനത്തെക്കാളും സ്വാധീനശക്തിയുള്ളതാണ് കാരണം, സംഗീതത്തിന്റെ താളലയങ്ങൾക്ക് ഒരുവന്റെ അന്തരാത്മാവിന്റെ ആഴങ്ങളിലേക്ക് ഒഴുകിയിറങ്ങാൻ കഴിവുണ്ട്.”
ഈ പ്രസ്താവനയുടെ സത്യത ചില മാതാപിതാക്കൾ അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഹെവി മെറ്റൽ സംഗീതം സ്ഥിരമായി ശ്രവിക്കുന്ന അവരുടെ കൗമാരപ്രായക്കാരായ മക്കൾ വിഷാദമൂകരും സഹകരണമില്ലാത്തവരും ആയിത്തീരുന്നത് അവർ കണ്ടിരിക്കുന്നു. അതുപോലെ 1930-കളിലും 1940-കളിലും ജർമനിയിൽ, അഡോൾഫ് ഹിറ്റ്ലറുടെ തീപ്പൊരി പ്രസംഗങ്ങൾ കേൾക്കാൻ ജനക്കൂട്ടത്തെ ഒരുക്കുന്നതിന് നാസികൾ അവരെ വികാരോദ്ദീപകമായ സൈനികവാദ്യഘോഷങ്ങൾ കേൾപ്പിച്ചിരുന്നതും ഇതിന്റെ സത്യതയ്ക്ക് അടിവരയിടുന്നു.
സംഗീതത്തിനു ഹൃദയങ്ങളെയും മനസ്സുകളെയും കീഴടക്കാനുള്ള കഴിവുണ്ട് എന്നതു തീർച്ചയാണ്. ഗുണകരമോ ദോഷകരമോ ആയ വിധത്തിൽ അവയുടെ മേൽ സ്വാധീനം ചെലുത്താനും അതിനു കഴിയും. ഉദാഹരണത്തിന്, ചില പ്രത്യേക തരം സംഗീതം ശ്രവിക്കുന്നതു കൊച്ചുകുട്ടികളുടെ ബൗദ്ധിക-വൈകാരിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നു കരുതപ്പെടുന്നു. വിക്കുള്ളവർക്കു പോലും, അവർക്കു സാധാരണഗതിയിൽ പറയാൻ കഴിയാത്ത വാചകങ്ങൾ ചിലപ്പോൾ പാടാൻ കഴിയും.
നാഡീരോഗങ്ങൾ നിമിത്തം ചലനസംബന്ധമായ വൈകല്യങ്ങൾ ബാധിച്ചവരുടെ മേൽ സംഗീതം ചെലുത്തുന്ന പ്രഭാവം ചിലപ്പോൾ വിസ്മയിപ്പിക്കത്തക്കതാണ് എന്ന് സംഗീതവും മനസ്സും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ആന്റണി സ്റ്റൊർ പറയുന്നു. രോഗിയായ ഒരു സ്ത്രീയുടെ ദൃഷ്ടാന്തവും അദ്ദേഹം നൽകുന്നു: “[പാർക്കിൻസൺസ്] രോഗം ഉണ്ടായിരുന്ന അവർക്കു ചിലപ്പോൾ ഒട്ടും അനങ്ങാൻ കഴിയാതാകും. ചെറുപ്പത്തിൽ തനിക്കു പ്രിയങ്കരമായിരുന്ന ഈണങ്ങൾ ഓർമിച്ചെടുക്കുന്നതുവരെ നിസ്സഹായതയോടെ അവർ ആ കിടപ്പു തുടരും. ഈണങ്ങൾ ഓർമിച്ചെടുക്കുമ്പോൾ പക്ഷേ, പൊടുന്നനെ അവർക്കു ചലനശേഷി വീണ്ടുകിട്ടുകയും ചെയ്യും.”
ഉത്കണ്ഠയ്ക്ക് ഒരു കാരണം
സംഗീതത്തിന്റെ ശക്തിക്കു പ്രയോജനകരമായ ഫലങ്ങൾ ഉളവാക്കാൻ കഴിയും എന്ന് ഇതു സൂചിപ്പിക്കുന്നു. എന്നിരുന്നാലും ധാർമികമായി അധഃപതിച്ച അല്ലെങ്കിൽ അത്യാർത്തിപൂണ്ട മനുഷ്യരുടെ കൈകളിൽ സംഗീതത്തിന്റെ മാസ്മര ശക്തി ഒരു മാരകായുധമായി രൂപാന്തരം പ്രാപിച്ചേക്കാം. സാമൂഹികവിരുദ്ധ പെരുമാറ്റങ്ങളും ചില പ്രത്യേക തരം സംഗീതവും തമ്മിൽ നേരിട്ടു ബന്ധമുണ്ട് എന്നു ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സ്ത്രീകളുടെ മനശ്ശാസ്ത്ര ത്രൈമാസിക (ഇംഗ്ലീഷ്) ഇപ്രകാരം പറയുന്നു: “അശ്ലീല രംഗങ്ങൾ കാണുമ്പോഴുള്ള അതേ ഫലം തന്നെയാണ് റോക്ക് വീഡിയോ രംഗങ്ങൾ കാണുമ്പോഴും ഉണ്ടാകുന്നത് എന്നു ചില തെളിവുകൾ സൂചിപ്പിക്കുന്നു. അക്രമാസക്തമായ റോക്ക് വീഡിയോ രംഗങ്ങൾ കണ്ട പുരുഷന്മാർ, അക്രമാസക്തമല്ലാത്ത റോക്ക് വീഡിയോകൾ കണ്ട പുരുഷന്മാരെക്കാൾ സ്ത്രീകളോടു കൂടുതൽ നിർദയത്വവും ശത്രുതാ മനോഭാവവും പ്രകടമാക്കിയതായി നിരീക്ഷിക്കുകയുണ്ടായി.”
എന്നാൽ പുരുഷന്മാരുടെ മേൽ മാത്രമല്ല സംഗീതം സ്വാധീനം ചെലുത്തുന്നത്. സ്ത്രീകളും അതിന്റെ സ്വാധീനവലയത്തിൽ അകപ്പെടുന്നുണ്ട്. അതേ റിപ്പോർട്ട് തുടരുന്നു: “സ്ത്രീകളെ ഒട്ടും വിലയില്ലാത്തവരായി എടുത്തു കാട്ടുന്ന അതിലെ സന്ദേശം പുരുഷന്മാരെ പോലെതന്നെ സ്ത്രീകളെയും സ്വാധീനിക്കാൻ തുടങ്ങും.”
ഈ നിഗമനത്തെ പിന്താങ്ങിക്കൊണ്ട് സെക്സ് റോളുകൾ എന്ന ആനുകാലിക പ്രസിദ്ധീകരണം ഇപ്രകാരം പറയുന്നു: “കുടുംബാന്തരീക്ഷത്തിൽ അസ്വാസ്ഥ്യങ്ങളുള്ള, ധാരാളം സംഗീത വീഡിയോകൾ കാണുന്ന പെൺകുട്ടികളുടെ ഇടയിലാണ് കുത്തഴിഞ്ഞ മനോഭാവങ്ങളും പെരുമാറ്റങ്ങളും കൂടുതലായി കണ്ടുവരുന്നത് എന്ന് . . . അടുത്തകാലത്തു നടത്തിയ ഒരു പഠനം തെളിയിച്ചിരിക്കുന്നു.” ചില തരം റാപ്പ് സംഗീതങ്ങളിൽ അക്രമവും ലൈംഗികതയും പച്ചയായി അവതരിപ്പിക്കുന്നു. അത്തരമൊരു റാപ്പ് ആൽബത്തെ കുറിച്ച് ഒരു യുഎസ് ജഡ്ജി വിധിച്ചത് അത് “സാമൂഹിക നിലവാരങ്ങൾക്ക് ഒട്ടും ചേരാത്തത്ര അശ്ലീലം നിറഞ്ഞതാണ്” എന്നാണ്.
ഈ വിധി അതിരു കടന്നതായിരുന്നോ? ഒട്ടുമല്ല! കൗമാരം എന്ന ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണം ഈ നിഗമനത്തിൽ എത്തിച്ചേർന്നു: “ഹെവി മെറ്റൽ സംഗീതവും റാപ്പ് സംഗീതവും ശ്രവിക്കുന്ന കൗമാരപ്രായക്കാരുടെ ജീവിതം കൂടുതൽ പ്രക്ഷുബ്ധമാണെന്ന കാര്യം അവരും മാതാപിതാക്കളും ഒരേ സ്വരത്തിൽ സമ്മതിക്കുന്നു.” അത്തരം യുവപ്രായക്കാർ “കൂടുതൽ അക്രമാസക്തവും വിനാശകവുമായ സ്വഭാവരീതികൾ” ഉള്ളവരും വിദ്യാഭ്യാസരംഗത്ത് കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ കൈവരിക്കാൻ കഴിയാത്തവരുമായിരുന്നു.
ചില തരം സംഗീതം, ലൈംഗികതയും ആത്മഹത്യയും സാമൂഹികവിരുദ്ധ പെരുമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനു സുവ്യക്തമായ തെളിവുകൾ ഉണ്ട്. ഇതിന്റെ അർഥം എല്ലാ സംഗീതത്തിനും ഇത്തരം വിപരീതഫലങ്ങൾ ഉണ്ട് എന്നാണോ? തുടർന്നുവരുന്ന ലേഖനങ്ങൾ ഇതിനെക്കുറിച്ച് എന്തു പറയുന്നു എന്നു പരിചിന്തിക്കുക.
[4-ാം പേജിലെ ആകർഷകവാക്യം]
ഗുണകരമോ ദോഷകരമോ ആയ വിധത്തിൽ ഹൃദയങ്ങളെയും മനസ്സുകളെയും സ്വാധീനിക്കാൻ സംഗീതത്തിനു കഴിയും