ഞങ്ങളുടെ വായനക്കാരിൽനിന്ന്
ദൈവത്തിന്റെ അസ്തിത്വം “ദൈവം യഥാർഥത്തിൽ അസ്തിത്വത്തിലുണ്ടോ?” (ഫെബ്രുവരി 8, 1999) എന്ന ലേഖന പരമ്പര എന്നെ എത്രമാത്രം സഹായിച്ചുവെന്നു പറഞ്ഞറിയിക്കാനാകില്ല. വളരെയധികം കേട്ടിട്ടുണ്ടെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞ ഒരു ദൈവത്തെ ഈ ലേഖനങ്ങൾ എനിക്കു കാണിച്ചുതന്നു. സത്യത്തിന്റെ പാതയിലേക്കു വെളിച്ചം വീശി എന്നെപ്പോലുള്ളവരെ സഹായിക്കുന്നതിന് ഹൃദയംഗമമായ നന്ദി.
സി. പി., ബ്രസീൽ
അന്ധയെങ്കിലും ഉപകാരപ്രദ 1999 ഫെബ്രുവരി 8 ലക്കം ഉണരുക!യിൽ “അന്ധയെങ്കിലും ഉപകാരപ്രദയും സന്തുഷ്ടയും” എന്ന ശീർഷകത്തിൻ കീഴിൽ വന്ന പോളിട്ടിമി വെനെറ്റ്സ്യാനോസിന്റെ ജീവിതാനുഭവത്തിനു നന്ദി. അവരുടെ ധൈര്യവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. തികച്ചും അസാധാരണമായ സാഹചര്യങ്ങളെ നേരിടുന്ന അവരുടെ ജീവിതം ഒരു വശത്ത് ദുരിതങ്ങളും നഷ്ടങ്ങളും നിറഞ്ഞതാണെങ്കിലും മറുവശത്ത് അമൂല്യമായ അനുഗ്രഹങ്ങളാൽ സമൃദ്ധമാണ്. ജീവനു വേണ്ടിയുള്ള പ്രയാസകരമായ ഓട്ടത്തിനിടയ്ക്കു തളർന്നുപോയിരിക്കുന്ന എല്ലാവരെയും ഈ അനുഭവം വളരെയധികം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നു ഞാൻ കരുതുന്നു.
കെ. ആർ., റഷ്യ
വസ്ത്രധാരണം എനിക്ക് പതിനൊന്നു വയസ്സുണ്ട്. “നാം ധരിക്കുന്ന വസ്ത്രങ്ങൾ—അവ പ്രാധാന്യം അർഹിക്കുന്നുവോ?” (ഫെബ്രുവരി 8, 1999) എന്ന ലേഖനത്തിലെ വിശിഷ്ട പ്രബോധനത്തിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. മുമ്പൊക്കെ എന്റെ സഹപാഠികളെ പോലെതന്നെ വസ്ത്രം ധരിക്കാനായിരുന്നു എനിക്കിഷ്ടം. എന്നാൽ വസ്ത്രധാരണ രീതി അതിരുകടന്നതോ അഭിരുചിയില്ലാത്തതോ ആയിരിക്കരുതെന്നും മറിച്ച്, നാം വൃത്തിയായി വസ്ത്രം ധരിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു.
എ. എസ്., എസ്തോണിയ
ഞാൻ എപ്പോഴും ഔപചാരികമോ പഴഞ്ചൻ രീതിയിൽ ഉള്ളതോ ആയ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നു മറ്റുള്ളവർ പറയുമ്പോൾ ചിലപ്പോഴെല്ലാം എനിക്കു ദുഃഖം തോന്നാറുണ്ട്. എന്നാൽ നിങ്ങളുടെ ലേഖനം വളരെ പ്രോത്സാഹജനകമായിരുന്നു. കാരണം ദൈവിക തത്ത്വങ്ങൾ ബാധകമാക്കുന്നത് മൂല്യവത്താണെന്ന് അത് ഉറപ്പുനൽകി.
ആർ. എൽ., ബ്രസീൽ
എനിക്ക് അനേക വർഷങ്ങളായി യഹോവയുടെ സാക്ഷികളോടു സഹതാപവും കൗതുകവും കലർന്ന ഒരു മനോഭാവമാണ് ഉണ്ടായിരുന്നിട്ടുള്ളത്. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് 1999 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ ഒരു പ്രതി എനിക്കു തന്നു. സാക്ഷികളെ കുറിച്ചുള്ള എന്റെ അഭിപ്രായം മാറ്റിമറിച്ച അതിന്റെ വായന ഞാൻ ശരിക്കും ആസ്വദിച്ചു. എന്നെ ഏറ്റവും അധികം ആകർഷിച്ചത് വസ്ത്രങ്ങളെ കുറിച്ചുള്ള ലേഖനം ആയിരുന്നു. വസ്ത്രങ്ങൾ വാങ്ങുന്ന കാര്യത്തിലുള്ള എന്റെ മനോഭാവം അതിൽ അതേപടി വിവരിച്ചിരുന്നു. ഭാവിയിൽ ഡിസൈനർ വസ്ത്രങ്ങൾക്കു പിന്നാലെ ഞാൻ നെട്ടോട്ടമോടുകയില്ല. വേറെ കുറെ മാസികകൾ കൂടെ കൊണ്ടുത്തരാൻ ഞാൻ എന്റെ സുഹൃത്തിനോടു പറയാൻ പോകുകയാണ്!
യു. ബി., ജർമനി
കീടനാശിനികൾ “കീടനാശിനികൾ—വെറും കീട നാശിനികളോ?” (ഫെബ്രുവരി 22, 1999) എന്ന ലേഖനം എനിക്കും ഭാര്യക്കും വളരെ ഇഷ്ടമായി. ഭൂമിയെ വിഷലിപ്തമാക്കുന്നതിന് എതിരെ പോരാടാൻ പരിസ്ഥിതി സംരക്ഷണവാദികളായ ഞങ്ങൾ ശ്രമിച്ചിരിക്കുന്നു. ബ്രസീലിലും ചൈനയിലും മറ്റു ദേശങ്ങളിലും ഒക്കെ ഈ സംഗതിയിൽ താത്പര്യമെടുക്കുന്നവരും ക്രിയാത്മകമായ എന്തെങ്കിലുമൊക്കെ ചെയ്യുന്നവരുമായ ആളുകൾ ഉണ്ടെന്നറിയുന്നത് ആശ്വാസപ്രദമാണ്.
ഡബ്ളിയു. ജി., കാനഡ
കുശുകുശുപ്പ് “യുവജനങ്ങൾ ചോദിക്കുന്നു . . . കുശുകുശുക്കുന്നതിൽ എന്താണ് ഇത്ര തെറ്റ്?” (ഫെബ്രുവരി 22, 1999) എന്ന ലേഖനത്തിനു വളരെ നന്ദി. കുറച്ചു കാലം മുമ്പ്, സഭയിൽ നിന്നു പുറത്താക്കപ്പെടുന്ന അടുത്ത വ്യക്തി ഞാനായിരിക്കുമെന്ന വാർത്ത പരന്നപ്പോൾ കുശുകുശുപ്പിന് എത്രമാത്രം വേദനാജനകമായിരിക്കാൻ കഴിയുമെന്ന് ഞാൻ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞു. ആ നുണ എന്നെ വല്ലാതെ മുറിപ്പെടുത്തി! അതിന് ഉത്തരവാദിയായിരുന്ന ആൾ മാപ്പു പറഞ്ഞെങ്കിലും അദ്ദേഹത്തിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു.
ആർ. എം., സ്വിറ്റ്സർലൻഡ്
സ്കൂളിൽ കുശുകുശുപ്പ് സർവസാധാരണം ആയതിനാൽ ഈ ലേഖനം എനിക്കു വളരെയധികം ശക്തിയും പ്രോത്സാഹനവും പ്രദാനം ചെയ്തു. മറ്റുള്ളവരെ കരിതേച്ചു കാണിക്കുന്നതിനായി ഞാൻ കുശുകുശുപ്പ് നടത്തിയിട്ടുണ്ടെന്നു പറയാൻ എനിക്കു ലജ്ജ ഉണ്ട്. കൂട്ടുകാർ മറ്റുള്ളവരെ കുറിച്ചു മോശമായി സംസാരിക്കുമ്പോൾ ഞാനതു ശ്രദ്ധിക്കുകയും സംഭാഷണത്തിൽ പങ്കു ചേരുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലേഖനം വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഓരോ വാചകവും എനിക്കുള്ള ബുദ്ധിയുപദേശമാണെന്നു തോന്നി. കുശുകുശുപ്പ് നടത്തിയതിൽ എനിക്ക് ഇപ്പോൾ ശരിക്കും ലജ്ജ തോന്നുന്നു. സ്കൂളിലെ കുട്ടികൾ ഇനിയും കുശുകുശുപ്പ് നടത്തുന്നതിൽ തുടരുമെങ്കിലും ഞാൻ മേലാൽ അതിൽ പങ്കു ചേരുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
എം. ഡബ്ളിയു., ജപ്പാൻ