നിങ്ങളുടെ ഭവനം സുരക്ഷിതമോ?—ഉറപ്പു വരുത്താൻ 20 കാര്യങ്ങൾ
“ഹാവൂ, വീടെത്തി!” തിരക്കു പിടിച്ച ജോലിക്കു ശേഷം വീട്ടിലെത്തുമ്പോൾ നിങ്ങൾ ആശ്വാസത്തിന്റെ നെടുവീർപ്പിടുക പതിവായിരിക്കും. വീട്ടിൽ സുരക്ഷിതർ ആയിരിക്കുന്നതിൽ നിങ്ങൾ സന്തോഷമുള്ളവരാണ്. എന്നാൽ, നിങ്ങൾ വാസ്തവത്തിൽ സുരക്ഷിതരാണോ? വിരോധാഭാസമെന്നു പറയട്ടെ, അറിയാതെയാണെങ്കിൽ പോലും ചിലർ ഗൗരവതരമായ അപകടം നേരിടുന്നതു സ്വന്തം ഭവനങ്ങളിലാണ്. ഭവനത്തിനുള്ളിലെ അപകടങ്ങൾ ലഘൂകരിക്കാൻ കൊച്ചു കുട്ടികൾ ഉള്ളവർ പ്രത്യേകിച്ചും മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ ഭവനം മൊത്തത്തിൽ ഒന്നു പരിശോധിച്ച് ആവശ്യമായിരിക്കുന്ന മാറ്റങ്ങൾ വരുത്തരുതോ?
✔ ചെടികൾ. കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ വീട്ടിൽ വിഷച്ചെടികൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. ജിജ്ഞാസുക്കളായ കുഞ്ഞുങ്ങൾ കയ്യിൽ കിട്ടുന്നതെല്ലാം വായിലിടും എന്ന കാര്യം ഓർക്കുക.
✔ കർട്ടനുകൾ. കർട്ടൻ ഇട്ടിരിക്കുന്ന ചരടുകൾ കയ്യെത്താത്ത ദൂരത്തിൽ വെക്കുക. അല്ലാത്തപക്ഷം അവ കൊച്ചു കുട്ടികളുടെ ദേഹത്ത്—കഴുത്തിൽ പോലും—ഉടക്കിയേക്കാം.
✔ മേശവലിപ്പും അലമാരകളും. സുരക്ഷാ കൊളുത്തുകൾ ഉണ്ടാക്കുന്നതിനെ കുറിച്ചു പര്യാലോചിക്കുക. മൂർച്ചയുള്ള ഉപകരണങ്ങളും അപകടകാരികളായ ശുചീകരണ വസ്തുക്കളും കുട്ടികൾ എടുക്കാതിരിക്കാൻ അതു സഹായിക്കും.
✔ സ്റ്റെയർവേ. സ്റ്റെയർകേസിന് ഇടയിലുള്ള സ്ഥലത്ത് നല്ല വെളിച്ചമുണ്ടോ? അനാവശ്യ വസ്തുക്കൾ കുന്നുകൂടിക്കിടക്കുന്നുവോ? കുഞ്ഞുങ്ങൾ വീഴാതിരിക്കാൻ സ്റ്റെയർകേസിന്റെ വശങ്ങളിൽ അഴികൾ പിടിപ്പിച്ചിട്ടുണ്ടോ?
✔ സ്റ്റൗ. പാത്രങ്ങളുടെയും പാനുകളുടെയും പിടികൾ—പാചകത്തിനിടയിൽ പ്രത്യേകിച്ചും—സ്റ്റൗവിന്റെ മറുവശത്തു വരത്തക്കവണ്ണം തിരിച്ചുവെക്കുക.
✔ പ്രഷർ കുക്കർ. ഉപയോഗശേഷം എപ്പോഴും വൃത്തിയാക്കുക. പൊട്ടിത്തെറിക്കാതിരിക്കാൻ അതിന്റെ സുരക്ഷാ വാൽവുകൾ നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുക.
✔ അഗ്നിശമനികൾ. ഒരെണ്ണമെങ്കിലും വീട്ടിൽ കരുതുക. അത് എങ്ങനെ ഉപയോഗിക്കണമെന്ന്, മനസ്സിലാക്കാൻ പ്രായമായ എല്ലാവർക്കും അറിയാമെന്ന് ഉറപ്പുവരുത്തുക.
✔ തൊട്ടിൽ. അതിന്റെ അഴികൾക്കിടയിൽ അധികം വിടവുണ്ടായിരിക്കരുത്. കുഞ്ഞിന്റെ തല ഉടക്കാൻ ഇടയാകും വിധം മെത്തയ്ക്കു ചുറ്റും അധികം സ്ഥലമുണ്ടായിരിക്കരുത്.
✔ ജനാലകൾ. സുരക്ഷാ അഴികൾ കുട്ടികൾ താഴെ വീഴാതെ സംരക്ഷണമേകും. തീപിടിത്തം ഉണ്ടായാൽ, മുതിർന്നവർക്ക് അവ നിഷ്പ്രയാസം അഴിച്ചുമാറ്റാനും സാധിക്കും.
✔ വിറ്റാമിനുകളും മരുന്നുകളും. ഇവ അലമാരയിൽ പൂട്ടിവെക്കുകയോ കുട്ടികൾക്ക് കൈ എത്താത്ത സ്ഥലത്തു വെക്കുകയോ ചെയ്യുക.
✔ വെള്ളം നിറച്ച ബേസിൻ. കുളിമുറിയിലും മറ്റും വെള്ളം നിറച്ച ബേസിനുകൾക്കടുത്ത് കൊച്ചു കുട്ടിയെ ഒരിക്കലും തനിച്ചാക്കരുത്. കുട്ടി അതിൽ വീണ് അപായം സംഭവിക്കാൻ വളരെ സമയമൊന്നും വേണ്ടിവരില്ല.
✔ മൈക്രോവേവ് അവ്ൻ. മൈക്രോവേവ് അവ്നിൽ ഭക്ഷണപദാർഥങ്ങൾ വളരെ പെട്ടെന്നു ചൂടാകുമെന്ന് ഓർക്കുക.
✔ ഗ്യാസ് സ്റ്റൗ. ഗ്യാസ് ലീക്കാകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുക.
✔ മണ്ണെണ്ണ സ്റ്റൗ. കത്തിക്കുന്നതിനു മുമ്പ്, മണ്ണെണ്ണ ചോർന്നു ചുറ്റും വീണിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
✔ ഗരാജ് വാതിൽ. ഗരാജിന്റെ വാതിൽ അടയ്ക്കുമ്പോൾ ഇടയിൽ വരാതിരിക്കാൻ കുട്ടികൾക്കു നിർദേശം നൽകുക, പ്രത്യേകിച്ചും അത് ഓട്ടോമാറ്റിക് ആയിരിക്കുമ്പോൾ.
✔ കീടനാശിനികൾ. അവ ബാഷ്പീകൃതമായി മുറിക്കുള്ളിലെ വായുവിനെ മലിനീകരിക്കാൻ ഇടയുണ്ട്. തന്മൂലം, കീടനാശിനികൾ സുരക്ഷിതമായ സ്ഥലത്തു സൂക്ഷിക്കുക.
✔ വൈദ്യുത വയറുകളും പ്ലഗ് പോയിന്റുകളും. പൊട്ടിക്കിടക്കുന്ന വൈദ്യുത വയറുകൾ നശിപ്പിക്കുക. ഉപയോഗിക്കാത്ത പ്ലഗ് പോയിന്റുകൾ അടച്ചുവെക്കുകയോ മൊത്തമായി മൂടിവെക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.
✔ വൈദ്യുതോപകരണങ്ങൾ. അവ വെള്ളം നിറഞ്ഞ പാത്രങ്ങളുടെയോ ടാപ്പിന്റെയോ അടുത്തു വെക്കരുത്. വൈദ്യുത ഷോക്കിൽനിന്നു സംരക്ഷണം നൽകുന്ന ഇലക്ട്രിക് സർക്യൂട്ട് ബ്രേക്കർ ഉപയോഗിക്കുക.
✔ അലമാരകളും പെട്ടികളും. കുട്ടികൾ ഒളിച്ചുകളിക്കുമ്പോൾ അലമാരയ്ക്കകത്തും പെട്ടിക്കകത്തും കയറിയിരുന്ന് അപകടം ഉണ്ടാകാതിരിക്കാൻ അവ പൂട്ടിയിടുക.
✔ ഇസ്തിരിപ്പെട്ടി. കുട്ടികൾക്കു കയ്യെത്താത്ത സ്ഥലത്ത് ഇസ്തിരിപ്പെട്ടി—അതിന്റെ വയറും—സൂക്ഷിക്കുക.