ജീവിതത്തെ വീണ്ടും സ്നേഹിച്ചുതുടങ്ങുമ്പോൾ
വിഷാദരോഗവും മറ്റു ചില ആരോഗ്യ പ്രശ്നങ്ങളും മേരിയെ വേട്ടയാടിയിരുന്നു എന്നതു സത്യംതന്നെ. എന്നാൽ, അവർ കുടുംബാംഗങ്ങളാൽ അവഗണിക്കപ്പെട്ടിരുന്നില്ല. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അടിമയുമായിരുന്നില്ല അവർ. സ്വന്തം ജീവന്റെ മേൽ കൈവെക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നതിന് അങ്ങനെ ഒരുപാടു കാരണങ്ങളൊന്നും വേണമെന്നില്ലെന്നാണ് മേരിയുടെ അനുഭവം സൂചിപ്പിക്കുന്നത്.
മേരി മരിച്ചുപോകുകയേ ഉള്ളൂ എന്നു തന്നെയാണ് എല്ലാവരും ആദ്യം കരുതിയത്. അവർ രക്ഷപ്പെടാൻ സാധ്യതയില്ലെന്നും അഥവാ രക്ഷപ്പെട്ടാൽ തന്നെ അവർക്ക് സ്ഥായിയായ മസ്തിഷ്ക തകരാറ് സംഭവിച്ചിട്ടുണ്ടാകുമെന്നും ഡോക്ടറും വിധിയെഴുതി. ജീവന്റെ നേരിയ തുടിപ്പുകളുമായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ അവർ ദിവസങ്ങളോളം അബോധാവസ്ഥയിൽ കിടന്നു. ഭർത്താവായ ജോൺ അടുത്തു നിന്നു മാറാതെ അവർക്കു കാവലിരുന്നു. പുകയുന്ന അഗ്നിപർവതം പോലെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്.
സാലി എന്നു പേരുള്ള ഒരു അയൽക്കാരി മേരിയെ എന്നും ചെന്നു കാണുമായിരുന്നു. അവർ യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു. സാലി ഇപ്രകാരം വിശദീകരിക്കുന്നു: “ആശ വെടിയരുതെന്നു ഞാൻ മേരിയുടെ വീട്ടുകാരോടു പറഞ്ഞു. ഒരു പ്രമേഹ രോഗിയായ എന്റെ അമ്മ ഏതാനും വർഷം മുമ്പ് ആഴ്ചകളോളം അബോധാവസ്ഥയിൽ കിടന്നിരുന്നു. അമ്മ ഒരിക്കലും രക്ഷപ്പെടില്ലെന്നായിരുന്നു ഡോക്ടർമാർ ഞങ്ങളോടു പറഞ്ഞത്. പക്ഷേ അമ്മ രക്ഷപ്പെട്ടു. അമ്മയുടെ കാര്യത്തിൽ ചെയ്യാറുണ്ടായിരുന്നതു പോലെതന്നെ, ഞാൻ മേരിയുടെ കയ്യിൽ പിടിച്ച് അവരോടു സംസാരിക്കുമായിരുന്നു. അപ്പോൾ അവർ നേരിയ തോതിൽ പ്രതികരിക്കുന്നതായി എനിക്കു തോന്നിയിരുന്നു.” മൂന്നാമത്തെ ദിവസം ആയപ്പോഴേക്കും മേരി കുറെക്കൂടെ നന്നായി പ്രതികരിക്കാൻ തുടങ്ങി. സംസാരിക്കാൻ ആകില്ലായിരുന്നെങ്കിലും അവർക്ക് ആളെ തിരിച്ചറിയാൻ കഴിയുന്നതായി തോന്നി.
‘അത് എനിക്കു തടയാനാകുമായിരുന്നോ?’
“ജോൺ കുറ്റബോധംകൊണ്ടു നീറുകയായിരുന്നു, തന്റെ കുറ്റം കൊണ്ടു തന്നെയാണ് അത് സംഭവിച്ചതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു,” സാലി പറയുന്നു. പ്രിയപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്യുമ്പോഴോ ആത്മഹത്യക്കു ശ്രമിക്കുമ്പോഴോ പല ആളുകൾക്കും തോന്നുന്ന വികാരം ആണത്. “വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ആളാണു മേരി എന്ന കാര്യം ഞാൻ അദ്ദേഹത്തെ ഓർമിപ്പിച്ചു. അവർ ഒരു രോഗിയായിരുന്നു, വിഷാദത്തിന്റെ പിടിയിൽനിന്നു മോചിതയാകാൻ അവർക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. ശാരീരിക രോഗത്തിൽനിന്നു രക്ഷപ്പെടാൻ ജോണിനു സാധിക്കാത്തതു പോലെതന്നെ.”
പ്രിയപ്പെട്ടവർ മരണത്തിൽ അഭയം തേടുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ ഉള്ളിൽ പലപ്പോഴും ഒരു ചോദ്യം കനലായി എരിഞ്ഞുകൊണ്ടിരിക്കും. അതു സംഭവിക്കുന്നത് എനിക്ക് എങ്ങനെ തടയാനാകുമായിരുന്നു? തങ്ങൾ മരണത്തെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന എന്തെങ്കിലും വാക്കോ പ്രവൃത്തിയോ പ്രിയപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ടോ എന്നു ശ്രദ്ധിക്കുന്നതും ആത്മഹത്യയിലേക്ക് അവരെ നയിച്ചേക്കാവുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു ജാഗ്രതയുള്ളവർ ആയിരിക്കുന്നതും സഹായകമായിരുന്നേക്കാം. ഇനി, ഒരു വ്യക്തി സ്വന്തം ജീവനൊടുക്കുന്നതിനെ തടയാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലും അതിനു നിങ്ങൾ ഒരിക്കലും ഉത്തരവാദിയാകുന്നില്ലെന്ന് ഓർമിക്കുക. (ഗലാത്യർ 6:5) കുടുംബാംഗങ്ങൾ കുറ്റബോധത്താൽ വെന്തുരുകട്ടെ എന്നു വിചാരിച്ചു തന്നെയാണ് ഒരു വ്യക്തി ആത്മഹത്യക്ക് മുതിരുന്നതെങ്കിൽ ഇത് ഓർത്തിരിക്കുന്നത് വിശേഷിച്ചും പ്രധാനമാണ്. ഡോ. ഹെൻഡിൻ പറയുന്നതു ശ്രദ്ധിക്കൂ: “മറ്റുള്ളവരുടെ വികാരങ്ങളെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ ആഗ്രഹിക്കുന്ന ആളുകളാണ് പലപ്പോഴും അത്തരം കടുംകൈ പ്രവർത്തിക്കുന്നത് എന്ന സംഗതി മനസ്സിൽ പിടിക്കേണ്ടതുണ്ട്. കാര്യങ്ങൾ തങ്ങളുടെ ആഗ്രഹംപോലെ നടക്കുന്നുണ്ടോ എന്നു കാണാൻ തങ്ങൾ ഉണ്ടായിരിക്കില്ലെങ്കിലും അവർ അതു ചെയ്യുന്നു.”
ഡോ. ഹെൻഡിൻ തുടരുന്നു: “ആത്മഹത്യാ പ്രവണതയുള്ള വൃദ്ധർക്ക് പലപ്പോഴും, മുതിർന്ന മക്കളെയോ കൂടപ്പിറപ്പുകളെയോ ഇണയെയോ നിയന്ത്രിക്കാനും സ്വാധീനിക്കാനും ഒക്കെ ഉള്ളൊരു ആഗ്രഹം ഉണ്ടായിരിക്കും, അല്ലെങ്കിൽ തങ്ങളെ നോക്കുന്നതു പോരാ എന്നു മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കണമെന്ന ചിന്ത അവർക്ക് ഉണ്ടായിരിക്കും. രോഗിയെ തൃപ്തിപ്പെടുത്തുക പലപ്പോഴും അസാധ്യമാണ്. രോഗിയാണെങ്കിൽ തന്റെ ആഗ്രഹങ്ങളുടെ കാര്യത്തിൽ പലപ്പോഴും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകുകയുമില്ല. അയാൾ ആദ്യം ആത്മഹത്യക്ക് ഒരുമ്പെട്ടപ്പോഴത്തെക്കാൾ കുറെക്കൂടി കടന്നകൈയായിരിക്കും രണ്ടാമതു ചെയ്യുക.”
ഇത്തരം സാഹചര്യങ്ങളിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്ക് സമ്മർദം തങ്ങളെ വല്ലാതെ വരിഞ്ഞുമുറുക്കുന്നതു പോലെ അനുഭവപ്പെട്ടേക്കാം. എന്നാൽ യഹോവയാം ദൈവം മരിച്ചവരെ ജീവനിലേക്കു തിരികെ കൊണ്ടുവരും എന്ന സംഗതി ഒരിക്കലും വിസ്മരിക്കാതിരിക്കുക. വിഷാദമോ, മാനസിക രോഗമോ, നൈരാശ്യമോ നിമിത്തം മരണത്തിൽ അഭയം തേടിയ നമ്മുടെ പ്രിയപ്പെട്ടവരെയും യഹോവ ഇക്കൂട്ടത്തിൽ ഉയിർപ്പിക്കാൻ നല്ല സാധ്യതയുണ്ട്.—1990 സെപ്റ്റംബർ 8 ലക്കം ഉണരുക!യുടെ 22-3 പേജുകളിൽ വന്ന “ബൈബിളിന്റെ വീക്ഷണം: ആത്മഹത്യ—പുനരുത്ഥാനമുണ്ടോ?” എന്ന ലേഖനം കാണുക.
ആത്മഹത്യയെ നീതീകരിക്കാനാകില്ല എന്നതു ശരിതന്നെ. എങ്കിലും അത്തരമൊരു കടുംകൈ പ്രവർത്തിക്കുന്നതിലേക്ക് ഒരാളെ നയിച്ചേക്കാവുന്ന ബലഹീനതകളെയും ദൗർബല്യങ്ങളെയും കുറിച്ച് പൂർണമായി മനസ്സിലാക്കുന്നവനാണ് യഹോവയാം ദൈവം. നമ്മുടെ പ്രിയപ്പെട്ടവരുടെ ഭാവി പ്രത്യാശ അങ്ങനെയൊരു ദൈവത്തിന്റെ കൈയിലാണെന്ന അറിവ് നമ്മുടെ ഉള്ളിൽ സാന്ത്വനത്തിന്റെ കുളിർമഴ ചൊരിയുന്നില്ലേ? ബൈബിൾ യഹോവയെ കുറിച്ച് ഇപ്രകാരം പറയുന്നു: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകററിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”—സങ്കീർത്തനം 103:11-14.
സന്തോഷപര്യവസായിയായ ഒരു അനുഭവകഥ
രണ്ടു ദിവസത്തേക്ക് മേരിയുടെ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയിൽ ആയിരുന്നു. എങ്കിലും അവർ മരണത്തിന്റെ വായിൽനിന്നു രക്ഷപ്പെട്ടു. താളംതെറ്റിയ അവരുടെ മനസ്സിന്റെ അവസ്ഥയും മെച്ചപ്പെട്ടു വന്നു. ജോൺ മേരിയെ തിരിച്ചു വീട്ടിലേക്കു കൊണ്ടുപോയി. മരുന്നുകളെല്ലാം അദ്ദേഹം ഭദ്രമായി പൂട്ടിവെച്ചു. മേരി ഇപ്പോൾ മാനസികാരോഗ്യ പ്രവർത്തകരെ ക്രമമായി ചെന്നു കാണുന്നുണ്ട്. മരണത്തിന്റെ കൊക്കയിലേക്കു സ്വയം വലിച്ചെറിയാൻ തന്നെ പ്രേരിപ്പിച്ച ആ ദുഷ്പ്രേരണയെ കുറിച്ചു വിവരിക്കാനോ ഓർക്കാനോ പോലും തനിക്ക് ആവുന്നില്ലെന്നാണ് മേരി ഇപ്പോൾ പറയുന്നത്.
ജോൺ-മേരി ദമ്പതികളുടെ അയൽക്കാരിയായ സാലി ഇപ്പോൾ അവരെ ആഴ്ചതോറും ബൈബിൾ പഠിപ്പിക്കുന്നുണ്ട്. നമുക്ക്, വിശേഷിച്ചും പ്രായമായവർക്ക്, പരിഹരിക്കാനാവാത്തതെന്നു തോന്നുന്ന എല്ലാ പ്രശ്നങ്ങളും ദൈവം വളരെ പെട്ടെന്നുതന്നെ പരിഹരിക്കുമെന്ന് അവർ ബൈബിളിൽനിന്നു മനസ്സിലാക്കിയിരിക്കുന്നു. “ബൈബിൾ വെറുതെ പഠിച്ചതുകൊണ്ട് ആയില്ല. ഈ വാഗ്ദാനങ്ങൾ നിവൃത്തിയേറാൻ പോകുന്നവ തന്നെയാണെന്ന് തിരുവെഴുത്തുകളിൽനിന്നു നിങ്ങൾ സ്വയം ഉറപ്പു വരുത്തേണ്ടതുണ്ട്. പിന്നെ, പഠിക്കുന്നതെല്ലാം ജീവിതത്തിൽ ബാധകമാക്കണം. ജോണും മേരിയും ഇപ്പോൾ ഭാവിയെ യഥാർഥ പ്രത്യാശയോടെ നോക്കിക്കാണാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്,” സാലി വിശദീകരിക്കുന്നു.
നിങ്ങളുടെ ഭാവി ഇരുളടഞ്ഞതായി കാണപ്പെടുന്നെങ്കിൽ, യഥാർഥ പ്രത്യാശ സ്വായത്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. ദൈവത്തിനു പരിഹരിക്കാൻ കഴിയാത്തതായി യാതൊരു പ്രശ്നവും ഇല്ലെന്നും സമീപ ഭാവിയിൽ അവൻ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ജോണിനും മേരിക്കും തെളിയിച്ചു കൊടുത്തതു പോലെ നിങ്ങൾക്കും തെളിയിച്ചു തരാൻ അവർക്കു കഴിയും. കാര്യങ്ങൾ ഇപ്പോൾ എത്ര മോശമായി കാണപ്പെട്ടാലും എല്ലാറ്റിനും ഒരു പരിഹാരമുണ്ടാകാൻ പോകുകയാണ്. ഭാവിയെ സംബന്ധിച്ച ഉറപ്പുള്ള പ്രത്യാശ, ജീവിതവുമായി വീണ്ടും പ്രണയത്തിലാകാൻ അനേകരെ സഹായിച്ചിരിക്കുന്നു. ആ പ്രത്യാശയെ കുറിച്ചു നമുക്ക് അടുത്തതായി പരിചിന്തിക്കാം.
[6-ാം പേജിലെ ചതുരം]
ആത്മഹത്യ—പ്രേരകഘടകങ്ങളും മുന്നറിയിപ്പിൻ സൂചനകളും
“ചെറുപ്പക്കാരെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ നിന്നു വ്യത്യസ്തമാണ് പ്രായമായവരെ അതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ” എന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ പറയുന്നു. പ്രസ്തുത ഘടകങ്ങളിൽ ‘മദ്യ ദുരുപയോഗത്തിന്റെയും വിഷാദത്തിന്റെയും ഉയർന്ന നിരക്ക്, സാമൂഹികമായ ഒറ്റപ്പെടൽ’ എന്നിവ ഉൾപ്പെടുന്നു. ‘കൂടാതെ ശാരീരിക രോഗങ്ങളും വൈകാരിക തകരാറുകളും പ്രായംചെന്നവരുടെ ഇടയിൽ കൂടുതലാണ്. ചെറുപ്പക്കാരെ അപേക്ഷിച്ച് ആത്മഹത്യക്ക് അങ്ങേയറ്റം മാരകമായ മാർഗങ്ങൾ അവലംബിക്കുന്നതും അവരാണ്.’ സ്റ്റീവൻ ഫ്ളാൻഡെഴ്സ് എഴുതിയ ആത്മഹത്യ (ഇംഗ്ലീഷ്) എന്ന പുസ്തകം പട്ടികപ്പെടുത്തുന്ന പിൻവരുന്ന പ്രേരകഘടകങ്ങൾ ഓരോന്നും നമ്മുടെ ശ്രദ്ധ അർഹിക്കുന്നവയാണ്.
സ്ഥായിയായ വിഷാദം:
“സ്വയം ജീവനൊടുക്കുന്നവരിൽ 50 ശതമാനത്തിലധികം പേരും കടുത്ത വിഷാദത്തിന് അടിമകളാണ് എന്ന് ഗവേഷകർ റിപ്പോർട്ടു ചെയ്യുന്നു.”
നൈരാശ്യം:
ഇനി, വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണെങ്കിൽ പോലും ഭാവിയെ സംബന്ധിച്ചു യാതൊരു പ്രത്യാശയുമില്ലാത്തവരാണെങ്കിൽ അവർ ആത്മഹത്യ ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നു ചില പഠനങ്ങൾ കാണിക്കുന്നു.
മദ്യാസക്തിയും മയക്കുമരുന്നു ദുരുപയോഗവും:
“[മദ്യാസക്തരിൽ] 7 ശതമാനത്തിനും 21 ശതമാനത്തിനും ഇടയ്ക്ക് ആളുകൾ ആത്മഹത്യ ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. എന്നാൽ മദ്യാസക്തരല്ലാത്തവരുടെ ഇടയിൽ ഈ നിരക്ക് 1 ശതമാനത്തിൽ കുറവാണ്.”
കുടുംബ സ്വാധീനം:
“കുടുംബത്തിൽ ഒരാൾ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ ശേഷിക്കുന്ന കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നു പഠനങ്ങൾ കാണിക്കുന്നു.”
രോഗം:
“ശാരീരിക ആരോഗ്യം ക്ഷയിച്ചു ക്ഷയിച്ച്, ഒടുവിൽ നേഴ്സിങ് ഹോമിലോ മറ്റോ കഴിയേണ്ടി വരുമെന്ന ഭീതി പ്രായമായ ചിലരെ സ്വയം ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നു.”
നഷ്ടങ്ങൾ:
“പ്രകടമായ നഷ്ടങ്ങളും അല്ലാത്തവയും ഇക്കൂട്ടത്തിൽ പെടുന്നു. ഒരു ഇണയുടെയോ സുഹൃത്തിന്റെയോ വേർപാടോ ജോലി നഷ്ടമോ ആരോഗ്യക്കുറവോ ഒക്കെ ആദ്യത്തെ ഗണത്തിൽ പെടുന്ന സംഗതികളാണ്. ആത്മാഭിമാനം, മാന്യത, സുരക്ഷിതത്വ ബോധം എന്നിവ നഷ്ടമാകുന്നത് രണ്ടാമത്തെ ഗണത്തിലും.”
ഫ്ളാൻഡെഴ്സിന്റെ പുസ്തകം ആത്മഹത്യയുടെ പ്രേരകഘടകങ്ങൾ മാത്രമല്ല അതിന്റെ മുന്നിറിയിപ്പിൻ സൂചനകളും പട്ടികപ്പെടുത്തുന്നു. പിൻവരുന്ന സൂചനകളൊന്നും ഒരിക്കലും നിസ്സാരമായി എടുക്കാൻ പാടില്ല.
മുമ്പ് ആത്മഹത്യാ ശ്രമം നടത്തിയത്:
“ഒരാൾ ആത്മഹത്യ ചെയ്യാൻ സാധ്യത ഉണ്ടെന്നുള്ളതിന്റെ പ്രധാനപ്പെട്ട സൂചനയാണിത്.”
ആത്മഹത്യയെ കുറിച്ചുള്ള സംസാരം:
“‘അധിക നാൾ ഞാൻ അവർക്കൊരു ഭാരമാകില്ല’ ‘ഞാനില്ലാത്തതാണ് അവർക്കു നല്ലത്’ തുടങ്ങിയ പ്രസ്താവനകൾ ആത്മഹത്യ ചെയ്യുമെന്നുള്ളതിന്റെ സൂചനകളാണ്.”
അവസാന ഒരുക്കങ്ങൾ:
“വിൽപ്പത്രം എഴുതി വെക്കുന്നതും പൊന്നുപോലെ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മറ്റുള്ളവർക്ക് എടുത്തു കൊടുക്കുന്നതും ഓമനമൃഗങ്ങളെ നോക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.”
വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ:
ഇതോടൊപ്പം “‘എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല’, ‘ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല’ എന്നീ മട്ടിലുള്ള സംസാരം കൂടി” ഉണ്ടെങ്കിൽ അത് “ഒരാൾ മരണം തേടി പുറപ്പെടാൻ മാത്രം ഗുരുതരമായ വിഷാദത്തിന്റെ പിടിയിൽ കുരുങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന” ആയിരുന്നേക്കാം.
[7-ാം പേജിലെ ചിത്രം]
ഇണ ആത്മഹത്യ ചെയ്യുമ്പോൾ ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ ജീവിച്ചിരിക്കുന്ന ഭർത്താവിന് അല്ലെങ്കിൽ ഭാര്യയ്ക്ക് പലപ്പോഴും സഹായം ആവശ്യമാണ്