യുവജനങ്ങൾ ചോദിക്കുന്നു . . .
എന്റെ സുഹൃത്ത് എന്തിനാണ് എന്നെ വേദനിപ്പിച്ചത്?
“എനിക്കു കുറച്ചു കൂട്ടുകാരുണ്ടായിരുന്നു . . . പിന്നീട് അവർ വേറൊരു പെൺകുട്ടിയുമായി വലിയ ചങ്ങാത്തത്തിലായി. ഞാൻ അടുത്തേക്ക് എങ്ങാനും ചെന്നാൽ മതി, ഉടനെ അവർ വർത്തമാനം നിറുത്തും. . . . അവരെന്നെ എല്ലാ കാര്യത്തിൽ നിന്നും ഒഴിവാക്കാനും തുടങ്ങി. എന്നെ അത് എത്രമാത്രം വേദനിപ്പിച്ചുവെന്നോ!”—കാരെൻ.a
ഉറ്റ സുഹൃത്തുക്കൾക്കിടയിൽ പോലും അതു സംഭവിക്കാവുന്നതാണ്. ശരീരം രണ്ടും ആത്മാവ് ഒന്നും എന്ന കണക്കെ ജീവിച്ചിരുന്നവർ, ഒരു സുപ്രഭാതത്തിൽ പരസ്പരം കണ്ട ഭാവം പോലും നടിക്കുന്നില്ല. “വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന ഒരാൾ, ഏതു പ്രശ്നവുമായും നമുക്ക് ഓടിച്ചെല്ലാവുന്ന ആൾ. അങ്ങനെയായിരിക്കണം സുഹൃത്ത്,” 17-കാരിയായ നോറ പറയുന്നു. എന്നാൽ, ചിലപ്പോൾ നിങ്ങളുടെ ആത്മസുഹൃത്ത് ഒരു ആജന്മ ശത്രുവിനെ പോലെ പെരുമാറാൻ തുടങ്ങിയേക്കാം.
സുഹൃദ്ബന്ധത്തിന് ഉലച്ചിൽതട്ടുന്ന വിധങ്ങൾ
പ്രാണനുതുല്യം സ്നേഹിച്ചിരുന്നവർ ഒരുനാൾ പരസ്പരം കടിച്ചുകീറുന്നവർ ആയിത്തീരുന്നത് എങ്ങനെയാണ്? സാന്ദ്രയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്. കൂട്ടുകാരിയായ മേഗൻ ഒരിക്കൽ സാന്ദ്രയുടെ അടുത്തുനിന്ന് അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു റ്റോപ്പ് വാങ്ങിക്കൊണ്ടു പോയി. സാന്ദ്ര പറയുന്നു: “അവൾ എനിക്ക് അത് മടക്കിത്തന്നപ്പോൾ അതിൽ മുഴുവൻ അഴുക്കായിരുന്നു. മാത്രമല്ല, കൈയിൽ ചെറിയൊരു കീറലും ഉണ്ടായിരുന്നു. എന്നോട് അവൾ അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. എനിക്ക് അതൊന്നും മനസ്സിലാവില്ലെന്ന് അവൾ കരുതിക്കാണും.” മേഗന്റെ ഈ അവഗണന നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ച് സാന്ദ്രയ്ക്ക് എന്തു തോന്നി? “അവളോട് എനിക്കു തോന്നിയ ദേഷ്യം! എന്റെ സാധനങ്ങൾക്കും . . . എന്റെ വികാരങ്ങൾക്കുമൊക്കെ അവൾ പുല്ലുവില പോലും കൽപ്പിക്കുന്നില്ല എന്നെനിക്കു തോന്നി,” അവൾ പറയുന്നു.
ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ നിങ്ങളെ കൊച്ചാക്കുന്ന വിധത്തിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതും വേദനയ്ക്കു കാരണമായേക്കാം. സിൻഡിക്കു സംഭവിച്ചത് അതാണ്. സഹപാഠികളുമായി സംസാരിക്കുന്നതിനിടയ്ക്ക്, റിപ്പോർട്ട് തയ്യാറാക്കേണ്ട പുസ്തകം താൻ ഇതു വരെ വായിച്ചില്ലെന്ന കാര്യം അവൾ പറഞ്ഞു. പെട്ടെന്ന് അവളുടെ കൂട്ടുകാരി കേറ്റ് അവളെ വഴക്കുപറയാൻ തുടങ്ങി. സിൻഡി പറയുന്നു: “അത്രയും കൂട്ടുകാരുടെ മുന്നിൽ വെച്ച് അവളെന്നെ നാണംകെടുത്തി. എനിക്ക് അവളെ കടിച്ചുകീറാനുള്ള ദേഷ്യമാണ് തോന്നിയത്. പിന്നീടൊരിക്കലും ഞങ്ങൾക്കു പഴയപോലെ കൂട്ടാകാൻ കഴിഞ്ഞിട്ടില്ല.”
നിങ്ങളുടെ സുഹൃത്തിനു പുതിയൊരു സുഹൃദ്വലയം ഉണ്ടാകുന്നതായിരിക്കാം ചിലപ്പോൾ അകൽച്ചയ്ക്കു കാരണമാകുന്നത്. “എനിക്ക് ഒരു അടുത്ത കൂട്ടുകാരി ഉണ്ടായിരുന്നു. പുതിയ കൂട്ടുകെട്ട് ഒക്കെ ആയപ്പോൾ പിന്നെ അവൾക്ക് എന്നെ വേണ്ടെന്നായി,” 13-വയസ്സുകാരിയായ ബാനി പറയുന്നു. ഇനി അതല്ലെങ്കിൽ, നിങ്ങളുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നുള്ള തിരിച്ചറിവായിരിക്കാം അകൽച്ചയ്ക്ക് ഇടയാക്കുന്നത്. “ഞാനും ബോബിയും എന്തൊരു കൂട്ടായിരുന്നെന്നോ!” 13 വയസ്സുള്ള ജോ പറയുന്നു. “എന്നോടുള്ള ഇഷ്ടംകൊണ്ടാണ് അവൻ എന്നെ കൂട്ടുപിടിച്ചത് എന്നായിരുന്നു ഞാൻ വിചാരിച്ചത്. എന്നാൽ, എന്റെ ഡാഡി പരസ്യരംഗത്തു ജോലി ചെയ്യുന്നതുകൊണ്ട്, കളികൾക്കും കൺസേർട്ടുകൾക്കും ഒക്കെ നല്ല സീറ്റ് തരപ്പെടുത്താൻ പറ്റുമായിരുന്നതുകൊണ്ടു മാത്രമാണ് അവൻ എന്നോടു കൂട്ടുകൂടിയത് എന്ന് എനിക്കു മനസ്സിലായി.” ജോയ്ക്ക് ഇപ്പോൾ എന്താണു തോന്നുന്നത്? “ഇനി ഞാൻ ബോബിയെ വിശ്വസിക്കുന്ന പ്രശ്നമേയില്ല,” അവൻ പറയുന്നു.
ആരോടും പറയരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്ന ഒരു കാര്യം സുഹൃത്ത് മറ്റുള്ളവരോട് കൊട്ടിഘോഷിക്കുന്നെങ്കിലോ? അലിസണിനു സംഭവിച്ചത് അതായിരുന്നു. തന്റെ സഹപ്രവർത്തകയെ കുറിച്ചുള്ളൊരു രഹസ്യം അവൾ തന്റെ കൂട്ടുകാരിയായിരുന്ന സാറയോടു പറഞ്ഞു. അതിന്റെ പിറ്റേ ദിവസം, അതേ സഹപ്രവർത്തകയുടെ മുന്നിൽവെച്ച് സാറ ആ കാര്യത്തെ കുറിച്ചു പരാമർശിച്ചു. “അവൾ അത് ഇങ്ങനെ വിളിച്ചുകൂവുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല! ദേഷ്യം കൊണ്ട് ഞാൻ അടിമുടി വിറച്ചുപോയി” എന്ന് അലിസൺ പറയുന്നു. 16-കാരിയായ റേച്ചലിനും സമാനമായ ഒരു അനുഭവമുണ്ടായി. അവളും കൂട്ടുകാരിയും തമ്മിൽ സ്വകാര്യമായി സംസാരിച്ച ചില കാര്യങ്ങൾ കൂട്ടുകാരി പരസ്യമാക്കി. “എനിക്കു തോന്നിയ നാണക്കേടു പറഞ്ഞറിയിക്കാൻ വയ്യ. ഒപ്പം, അവൾ എന്നെ പറ്റിക്കുകയായിരുന്നല്ലോ എന്ന് ഓർക്കുമ്പോഴുള്ള സങ്കടവും,” റേച്ചൽ പറയുന്നു. “ഇനി അവളെ എനിക്ക് ഈ ജീവിതത്തിൽ വിശ്വസിക്കാൻ പറ്റുമോയെന്നു ഞാൻ ചിന്തിച്ചുപോയി.”
സുഹൃദ് ബന്ധത്തിന് വൈകാരിക പിന്തുണയുടെ ഒരു ഉറവായിരിക്കാൻ കഴിയും, പ്രത്യേകിച്ചും സുഹൃത്തുക്കൾ പരസ്പരം ആശ്രയിക്കുകയും കരുതുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ. എന്നാൽ ആത്മസുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തിനുപോലും ചിലപ്പോൾ ഉലച്ചിൽ തട്ടിയേക്കാം. ബൈബിൾ ഈ സത്യസന്ധമായ നിരീക്ഷണം നടത്തുന്നു: “പരസ്പരം പിച്ചിച്ചീന്താൻ ചായ്വു കാട്ടുന്ന സുഹൃത്തുക്കളുണ്ട്.” (സദൃശവാക്യങ്ങൾ 18:24, NW) കാരണം എന്തുമായിക്കൊള്ളട്ടെ, നിങ്ങളുടെ സുഹൃത്ത് നിങ്ങളെ ചതിക്കുകയായിരുന്നു എന്ന തോന്നൽ നിങ്ങളെ ആകെ തകർത്തുകളഞ്ഞേക്കാം. ഇത് എന്തുകൊണ്ടാണു സംഭവിക്കുന്നത്?
സുഹൃദ്ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടുന്നതിന്റെ കാരണം
മനുഷ്യബന്ധങ്ങളിൽ പ്രശ്നങ്ങൾ പൊന്തിവന്നില്ലെങ്കിലേ അതിശയമുള്ളൂ. ചെറുപ്പക്കാർക്കിടയിലായാലും മുതിർന്നവർക്കിടയിലായാലും ഇതു സത്യമാണ്. ക്രിസ്തീയ ശിഷ്യനായിരുന്ന യാക്കോബ് എഴുതിയതുപോലെ തന്നെയാണ് കാര്യങ്ങൾ. “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2; 1 യോഹന്നാൻ 1:8) പിഴവുകൾ സംഭവിക്കാത്തവരായി ആരുമില്ലാത്തതിനാൽ, നിങ്ങളുടെ സുഹൃത്ത് എന്നെങ്കിലും നിങ്ങളെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. തിരിച്ച് നിങ്ങൾ ആ വ്യക്തിയെ വേദനിപ്പിച്ച സന്ദർഭങ്ങളും നിങ്ങൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞേക്കാം. (സഭാപ്രസംഗി 7:22) “നമുക്കെല്ലാം കുറവുകളുണ്ട്. ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ നാമെല്ലാം പരസ്പരം മുറിപ്പെടുത്തുക തന്നെ ചെയ്യും” എന്ന് 20-കാരിയായ ലിസ പറയുന്നു.
മാനുഷിക അപൂർണതയ്ക്കു പുറമേ, മറ്റു ചില ഘടകങ്ങളും ഉണ്ട്. വളർന്നു പക്വത പ്രാപിക്കുന്നതിനനുസരിച്ച് നിങ്ങളുടെയും അതുപോലെതന്നെ നിങ്ങളുടെ സുഹൃത്തുക്കളുടെയും അഭിരുചികൾക്കു മാറ്റം വരാൻ സാധ്യതയുണ്ട്. അങ്ങനെ, മിക്കവാറും ഒരേ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടായിരുന്ന രണ്ടുപേർ തങ്ങൾ പതിയെപ്പതിയെ അകലുകയാണെന്നു തിരിച്ചറിഞ്ഞേക്കാം. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെ കുറിച്ച് ഒരു കൗമാരക്കാരി സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു: “ഞങ്ങളിപ്പോൾ പരസ്പരം കൂടെക്കൂടെ ഫോൺ ചെയ്യാറില്ല. ഇനി ചെയ്താൽ തന്നെ, ഒരു കാര്യത്തിലും എനിക്ക് അവളോടു യോജിക്കാനും കഴിയാറില്ല.”
വ്യത്യസ്ത താത്പര്യങ്ങളും അഭിരുചികളും വെച്ചുപുലർത്തുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല. പക്ഷേ, ചിലർ തങ്ങളുടെ സുഹൃത്തുക്കളെ വേദനിപ്പിക്കുന്നത് എന്തുകൊണ്ടാണ്? പലപ്പോഴും അതിനുള്ള ഒരു കാരണം അസൂയയാണ്. ഉദാഹരണത്തിന്, നിങ്ങളുടെ കഴിവുകളും നേട്ടങ്ങളും നിമിത്തം സുഹൃത്തിനു നിങ്ങളോട് ഉള്ളിൽ അമർഷം തോന്നുന്നുണ്ടാവാം. (ഉല്പത്തി 37:4-ഉം 1 ശമൂവേൽ 18:7-9-ഉം താരതമ്യം ചെയ്യുക.) ബൈബിൾ പറയുന്നതു പോലെ “അസൂയ അസ്ഥികൾക്കു ദ്രവത്വ” മാണ്. (സദൃശവാക്യങ്ങൾ 14:30) അത് ഈർഷ്യയും മത്സരവും ഇളക്കിവിടും. കാരണമെന്തായാലും, ഒരു സുഹൃത്തു നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ എന്തു ചെയ്യാൻ കഴിയും?
പ്രശ്നം പരിഹരിക്കുന്നു
“ആ വ്യക്തിയെ നിരീക്ഷിക്കുകയാണ് ഞാൻ ആദ്യം ചെയ്യുക. എന്നിട്ട്, അവനോ അവളോ അതു മനഃപൂർവം ചെയ്തതാണോ എന്നു മനസ്സിലാക്കാൻ ശ്രമിക്കും,” റേച്ചൽ പറയുന്നു. സുഹൃത്ത് ഏതെങ്കിലും വാക്കിനാലോ പ്രവൃത്തിയാലോ നിങ്ങളെ നാണംകെടുത്തിയതായി തോന്നുന്നെങ്കിൽ, വെറും നൈമിഷിക വികാരത്തിന്റെ പുറത്തു പ്രതികരിക്കരുത്. പകരം, ക്ഷമ പ്രകടമാക്കുക. സംഭവിച്ചതിനെക്കുറിച്ചു വിശദമായി ആലോചിക്കുക. (സദൃശവാക്യങ്ങൾ 14:29) ‘മുണ്ടൻ വടിക്ക് തണ്ടൻ വടി’യെന്ന മട്ടിലുള്ള പെരുമാറ്റം, നിങ്ങളുടെ നാണക്കേട് ഇല്ലാതാക്കുമോ അതോ അതിന്റെ ആക്കംകൂട്ടുമോ? കാര്യങ്ങൾ പരിചിന്തിച്ചതിനു ശേഷം, നിങ്ങൾ സങ്കീർത്തനം 4:4-ലെ ബുദ്ധിയുപദേശം പിൻപറ്റാൻ തീരുമാനിച്ചേക്കാം: “നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ.” അതുകൂടാതെ, “സ്നേഹം പാപത്തിന്റെ ബഹുത്വത്തെ മറെക്ക”ട്ടെ എന്നും നിങ്ങൾ തീരുമാനിച്ചേക്കാം.—1 പത്രൊസ് 4:8.
എന്നാൽ, നിങ്ങളെ മുറിപ്പെടുത്തിയ ആ പെരുമാറ്റം എത്ര ശ്രമിച്ചിട്ടും മറക്കാനാവുന്നില്ല എന്നാണു തോന്നുന്നതെങ്കിലോ? അങ്ങനെയെങ്കിൽ, ആ വ്യക്തിയെത്തന്നെ സമീപിക്കുന്നതാകും ഏറ്റവും നല്ലത്. “നിങ്ങൾ ഇരുവരും തനിച്ചിരുന്ന് നടന്നതിനെക്കുറിച്ചു സംസാരിക്കുക,” 13-കാരനായ ഫ്രാങ്ക് പറയുന്നു. “അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഉള്ളിലെപ്പോഴും നീരസം നീറിക്കൊണ്ടിരിക്കും.” 16-കാരിയായ സൂസനും അങ്ങനെതന്നെയാണ് അനുഭവപ്പെട്ടത്. “ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതാണ്. നിങ്ങൾ അവരെ വിശ്വസിച്ചിരുന്നു എന്നും എന്നാൽ അവർ നിങ്ങളെ നിരാശപ്പെടുത്തിയെന്നും അവരോടു പറയുക,” അവൾ പറയുന്നു. ജാക്വലിനും ഇക്കാര്യം വ്യക്തിപരമായി കൈകാര്യം ചെയ്യാനാണ് ഇഷ്ടം. അവൾ പറയുന്നു: “പരസ്പരം തുറന്നു സംസാരിക്കാനാണു ഞാൻ ശ്രമിക്കാറ്. അങ്ങനെയാകുമ്പോൾ, സാധാരണഗതിയിൽ മറ്റേ വ്യക്തി സംഭവിച്ചതിനെക്കുറിച്ചു നിങ്ങളോടു തുറന്നുപറയും. വളരെപ്പെട്ടെന്നു നിങ്ങൾക്കു രമ്യതയിലാകാനും കഴിയും.”
സുഹൃത്തിനോടു വല്ലാതെ ദേഷ്യം പിടിച്ചിരിക്കുന്ന സമയത്ത് അവനെ അല്ലെങ്കിൽ അവളെ സമീപിക്കാതിരിക്കാൻ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:18) അതുകൊണ്ട്, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നിങ്ങളുടെ മനസ്സ് തണുക്കുന്നതുവരെ കാത്തിരിക്കുക. “ആദ്യമൊക്കെ നിങ്ങൾക്കു പറഞ്ഞറിയിക്കാനാകാത്തത്ര ദേഷ്യം തോന്നും,” ലിസ സമ്മതിക്കുന്നു. “എന്നാൽ മനസ്സു ശാന്തമാക്കാൻ ശ്രമിച്ചേ മതിയാകൂ. ആ വ്യക്തിയോടുള്ള ദേഷ്യത്തിന്റെ കാഠിന്യം കുറയുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം, പോയി അയാളോടു ശാന്തമായി കാര്യങ്ങൾ ചർച്ചചെയ്യാവുന്നതാണ്.”
“ശാന്തമായി” ചർച്ചചെയ്യുക എന്നതാണു പ്രധാനം. വാക്കുകൾ കൊണ്ടു സുഹൃത്തിനെ കണക്കറ്റു പ്രഹരിക്കുകയല്ല നിങ്ങളുടെ ലക്ഷ്യം എന്നോർക്കണം. മറിച്ച്, കാര്യങ്ങൾ സമാധാനപരമായി പരിഹരിക്കുക എന്നതാണ്. സാധിക്കുമെങ്കിൽ സുഹൃദ്ബന്ധം പഴയപടി ആക്കിത്തീർക്കുക എന്നതും. (സങ്കീർത്തനം 34:14) അതുകൊണ്ട്, സംസാരത്തിൽ ആത്മാർഥത ഉണ്ടായിരിക്കണം. ലിസ പറയുന്നു: “നിങ്ങൾക്കിങ്ങനെ പറയാവുന്നതാണ്, ‘ഞാൻ നിന്റെ സുഹൃത്താണ്, നീ എന്റെയും. നമുക്കിടയിൽ വാസ്തവത്തിൽ എന്താണു സംഭവിച്ചത്?’ ആ വ്യക്തി അങ്ങനെ പെരുമാറിയതിന്റെ പിന്നിലെ കാരണം നിങ്ങൾ അറിയേണ്ടതുണ്ട്. അതു മനസ്സിലാക്കിയാൽ പിന്നെ, പ്രശ്നം പരിഹരിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല.”
നിങ്ങളെ വേദനിപ്പിച്ച വ്യക്തിയോടു പകരംവീട്ടാൻ ശ്രമിക്കുന്നതു തികച്ചും തെറ്റായിരിക്കും, അയാളെക്കുറിച്ച് അപവാദം പറഞ്ഞുപരത്തിക്കൊണ്ടും അങ്ങനെ മറ്റുള്ളവരെ നിങ്ങളുടെ പക്ഷത്താക്കാൻ ശ്രമിച്ചുകൊണ്ടും മറ്റും. ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് റോമർക്ക് ഇങ്ങനെ എഴുതി: ‘ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യരുത്.’ (റോമർ 12:17) അതേ, നിങ്ങളുടെ വേദന എത്ര ആഴത്തിലുള്ളതായിരുന്നാലും തിരിച്ചടിക്കുന്നതു കാര്യങ്ങൾ വഷളാക്കുക മാത്രമേ ചെയ്യൂ. “പ്രതികാരം ചെയ്യുന്നത് ഒന്നിനും ഒരു പോംവഴിയല്ല,” നോറ പറയുന്നു. “കാരണം, പിന്നീടൊരിക്കലും പഴയതുപോലെ കൂട്ടുകാരായിരിക്കാൻ നിങ്ങൾക്കു കഴിയില്ല.” എന്നാൽ, സുഹൃദ്ബന്ധത്തിൽ സംഭവിച്ച പാളിച്ചകൾ പരിഹരിക്കുന്നതിനു നിങ്ങളാൽ ആകുന്നതു ചെയ്യുന്നെങ്കിൽ അത് “നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ മതിപ്പു തോന്നാൻ ഇടയാക്കും” എന്നും അവൾ പറയുന്നു.
എന്നാൽ രമ്യതയിലെത്താനുള്ള നിങ്ങളുടെ ശ്രമങ്ങളോടു സുഹൃത്തു പ്രതികരിക്കുന്നില്ലെങ്കിൽ പിന്നെന്തു ചെയ്യും? അത്തരമൊരു സാഹചര്യത്തിൽ, എല്ലാ സുഹൃദ്ബന്ധങ്ങളും ഒരുപോലെ ആയിരിക്കില്ലെന്ന് ഓർക്കുക. “എല്ലാ സുഹൃത്തുക്കളും ഉറ്റസുഹൃത്തുക്കളായിരിക്കില്ല. ബന്ധങ്ങൾ തന്നെ പലതരത്തിൽ ഉണ്ടായിരിക്കും എന്നു മനസ്സിൽ പിടിക്കുക,” കുടുംബ ഉപദേശകയായ ജൂഡിത്ത് മക്ക്ലീസ് പറയുന്നു. അപ്പോഴും, സമാധാനം പുനഃസ്ഥാപിക്കാൻ നിങ്ങളാലാവുന്നതു നിങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ആശ്വസിക്കാൻ കഴിയും. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.”—റോമർ 12:18. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)
ഉറ്റ സുഹൃത്തുക്കൾക്കിടയിൽ പോലും പ്രശ്നങ്ങളുടെ അലകൾ ആഞ്ഞടിച്ചേക്കാം. എന്നാൽ, മറ്റേ വ്യക്തിയെക്കുറിച്ചുള്ള ധാരണയ്ക്കും നിങ്ങളുടെ ആത്മാഭിമാനത്തിനും തെല്ലും കോട്ടംതട്ടാതെ ആ അലകൾ മുറിച്ചു മുന്നോട്ടു നീങ്ങാൻ കഴിയുമെങ്കിൽ, പക്വതയുള്ള ഒരു വ്യക്തിയായി നിങ്ങൾ വളരുകയാണെന്നാണ് അതിന്റെയർഥം. “പരസ്പരം പിച്ചിച്ചീന്താൻ ചായ്വു കാട്ടുന്ന” ചിലർ ഉണ്ടായിരുന്നേക്കാമെങ്കിലും “സഹോദരനെക്കാളും അടുത്തു പറ്റിനിൽക്കുന്ന സ്നേഹിതനുമുണ്ട്” എന്ന് ബൈബിൾ ഉറപ്പുനൽകുന്നു.—സദൃശവാക്യങ്ങൾ 18:24, NW.
[അടിക്കുറിപ്പ്]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[15-ാം പേജിലെ ചിത്രങ്ങൾ]
സംഭവിച്ചതിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് സൗഹൃദം പുനഃസ്ഥാപിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും