ഇതെല്ലാം എന്താണു സൂചിപ്പിക്കുന്നത്?
സമീപവർഷങ്ങളിലെ ധാർമിക നിലവാരങ്ങൾ വിശകലനം ചെയ്യുന്നുവെങ്കിൽ വളരെ വ്യക്തമായ ഒരു പ്രവണത കണ്ടെത്താൻ കഴിയും. കൂടുതൽ കൂടുതൽ ആളുകൾക്കിടയിൽ ധാർമിക നിലവാരങ്ങൾ അധഃപതിച്ചുകൊണ്ടിരിക്കുന്നു. ഇത് നൽകുന്ന സൂചന എന്താണ്?
ചില ആളുകൾ പറയുന്നതുപോലെ മുഴു മനുഷ്യവർഗവും മാനവ സംസ്കാരവും നശിച്ചൊടുങ്ങാൻ പോകുന്നു എന്നാണോ? അതോ, ഇത്തരം മാറ്റങ്ങൾ ചരിത്രത്തിൽ സാധാരണമായ ഏറ്റിറക്കങ്ങളുടെ ഭാഗം മാത്രമാണോ?
അനേകരും യോജിക്കുന്നത് രണ്ടാമതു പറഞ്ഞ ആശയത്തോടാണ്. ധാർമിക മൂല്യങ്ങളിൽ ഇന്നു കാണുന്ന അധഃപതനം കേവലമൊരു പ്രവണതയാണെന്നും ഇത്തരം പ്രവണത ചരിത്രത്തിൽ വന്നും പോയുമിരിക്കുന്ന ഒന്നായതിനാൽ ഇതിൽ വലിയ പുതുമയൊന്നും ഇല്ലെന്നുമാണ് അവരുടെ പക്ഷം. അതുകൊണ്ടുതന്നെ, കാലക്രമത്തിൽ ഈ അവസ്ഥയ്ക്കു തീർച്ചയായും വ്യത്യാസം വരുമെന്നും ഉന്നത ധാർമിക നിലവാരങ്ങൾ സമൂഹത്തിൽ മടങ്ങിവരുമെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ അതു ശരിയാണോ?
‘അന്ത്യകാലം’
ധാർമിക കാര്യങ്ങളെക്കുറിച്ചുള്ള പ്രമാണമെന്ന നിലയിൽ നൂറ്റാണ്ടുകളോളം പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ നമുക്കു വസ്തുതകൾ പരിശോധിക്കാം. ദൈവവചനമായ ബൈബിൾ ആണ് അത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടത്തെ സംബന്ധിച്ച ബൈബിളിന്റെ പ്രാവചനിക വിവരണവുമായി ഇന്നത്തെ ലോകത്തെ താരതമ്യം ചെയ്യുന്നത് നമ്മെ വളരെയധികം പ്രബുദ്ധരാക്കും. ആ നിർണായക കാലഘട്ടത്തെ ‘അന്ത്യകാലം’ അല്ലെങ്കിൽ “വ്യവസ്ഥിതിയുടെ സമാപനം” എന്നൊക്കെയാണ് ബൈബിൾ വിളിക്കുന്നത്. (2 തിമൊഥെയൊസ് 3:1; മത്തായി 24:3, NW) ഈ പദപ്രയോഗങ്ങൾ സൂചിപ്പിക്കുന്നതുപോലെ, ഈ കാലഘട്ടം ഒരു യുഗത്തിന്റെ സമാപ്തിയെ കുറിക്കും, പുതിയ ഒന്നിന്റെ പിറവിയെയും.
അന്ത്യകാലത്ത് “ദുർഘടസമയങ്ങൾ” ഉണ്ടായിരിക്കും എന്നു ദൈവവചനം മുൻകൂട്ടി പറഞ്ഞു. ഈ അന്ത്യകാലം തിരിച്ചറിയാൻ ജാഗരൂകരായ നിരീക്ഷകരെ സഹായിക്കുന്നതിന് അനേകം വിശദാംശങ്ങളിലൂടെ ബൈബിൾ ഈ അതുല്യമായ കാലഘട്ടത്തെക്കുറിച്ചുള്ള ഒരു വ്യക്തമായ വിവരണം അല്ലെങ്കിൽ ഒരു സംയുക്ത അടയാളം നൽകുന്നു.
ആളുകളിലെ ദുഷിച്ച സ്വഭാവവിശേഷതകൾ
ഈ അടയാളത്തിന്റെ, ഇന്ന് വളരെയധികം പ്രകടമായിരിക്കുന്ന ഒരു സവിശേഷത പരിചിന്തിക്കുക. ‘മനുഷ്യർ . . . ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരായിരിക്കും.’ (2 തിമൊഥെയൊസ് 3:2, 5) ആളുകൾ ദൈവത്തെയും മതത്തെയും ഇത്ര ശക്തവും സമൂലവുമായ വിധത്തിൽ തള്ളിക്കളഞ്ഞ മറ്റൊരു കാലഘട്ടവും ചരിത്രത്തിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നതാണു സത്യം. ദൈവമാണ് പരമാധികാരി എന്നും ബൈബിൾ ആണ് സത്യത്തിന്റെ ഒരേയൊരു ഉറവിടം എന്നും ഇന്ന് മിക്കവരും വിശ്വസിക്കുന്നില്ല. മതങ്ങൾ ഇപ്പോഴും ഉണ്ട് എന്നതു സത്യം തന്നെയാണെങ്കിലും മിക്കവയ്ക്കും ആളുകളുടെമേൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ കഴിയുന്നില്ല. അവ ഒരു പുറംമോടി മാത്രമാണു മിക്കവർക്കും.
“മനുഷ്യർ . . . ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രന്മാരും” ആയിരിക്കും എന്നും “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും” എന്നും പറഞ്ഞുകൊണ്ട് സംയുക്ത അടയാളത്തിന്റെ മറ്റൊരു സവിശേഷത ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. (2 തിമൊഥെയൊസ് 3:2, 3, NW; മത്തായി 24:12) ‘ഉഗ്രന്മാർ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ ഒരർഥം “മാനുഷികമായ സഹാനുഭൂതിയും വികാരങ്ങളും ഇല്ലാത്തവർ” എന്നാണ്. ഇന്ന് കൊച്ചുകുട്ടികൾ പോലും അക്രമപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുകൊണ്ട് തങ്ങൾ ‘ഉഗ്രന്മാരു’ടെ ഗണത്തിൽ ആണെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനു പുറമേ, സാങ്കേതിക-സാമ്പത്തിക രംഗത്തെ കുതിച്ചുചാട്ടങ്ങളും അവ വിതച്ച അത്യാഗ്രഹവും കൂടുതൽ കൂടുതൽ ആളുകൾ പഴയ മൂല്യങ്ങൾ വലിച്ചെറിയുന്നതിൽ കലാശിച്ചിരിക്കുന്നു. തങ്ങളുടെ സ്വാർഥ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനായി കഴിയുന്നത്ര വാരിക്കൂട്ടാൻ ഏതു മാർഗവും, അതു വഞ്ചന ഉൾപ്പെടുന്നതായാലും ശരി, സ്വീകരിക്കുന്നതിന് അവർക്ക് യാതൊരു മടിയുമില്ല. ഇത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നത് അവർക്ക് ഒരു പ്രശ്നമേയല്ല. ചൂതാട്ടത്തിൽ ഉണ്ടായിട്ടുള്ള ഗണ്യമായ വർധനവും സ്വാർഥത എത്ര ആഴത്തിൽ വേരോടിയിരിക്കുന്നു എന്നു തെളിയിക്കുന്നു. കുറ്റകൃത്യം സംബന്ധിച്ച കഴിഞ്ഞ ഏതാനും ചില പതിറ്റാണ്ടുകളിലെ സ്ഥിതിവിവരക്കണക്കുകളും ഇതുതന്നെയാണു വ്യക്തമാക്കുന്നത്.
നമ്മുടെ നാളിൽ വിശേഷാൽ പ്രകടമായിരിക്കുന്ന മറ്റൊരു സവിശേഷത ഇതാണ്: ‘മനുഷ്യർ . . . ദൈവപ്രിയരായിരിക്കുന്നതിനു പകരം ഉല്ലാസപ്രിയർ’ ആയിരിക്കും. (2 തിമൊഥെയൊസ് 3:2, 4, NW) ഇതിന് ഒരു ഉദാഹരണം പരിചിന്തിക്കുക. ഇന്ദ്രിയസുഖങ്ങൾ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ആളുകൾ, പക്ഷേ ആയുഷ്കാലം മുഴുവൻ ഒരു വിവാഹപങ്കാളിയോടൊപ്പം ജീവിക്കുന്നതിന്റെ ഉത്തരവാദിത്വം വഹിക്കാൻ അവർക്കു മനസ്സില്ല. ഇതിന്റെ പരിണതഫലമോ, തകർന്ന കുടുംബ ബന്ധങ്ങൾ, അസന്തുഷ്ടരും വേരറ്റുപോയവരുമായ കുട്ടികൾ, ഒറ്റക്കാരായ മാതാപിതാക്കൾ, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയിലുണ്ടായ അഭൂതപൂർവമായ വർധനവും.
സംയുക്ത അടയാളത്തിന്റെ മറ്റൊരു സവിശേഷത “മനുഷ്യർ സ്വസ്നേഹികളും പണസ്നേഹികളും” ആയിരിക്കും എന്നതാണ്. (2 തിമൊഥെയൊസ് 3:2, NW) ജർമൻ മാസികയായ ഡി റ്റ്സൈറ്റ് പറയുന്നപ്രകാരം, “[ഇന്നത്തെ സാമ്പത്തിക] വ്യവസ്ഥയെ മുന്നോട്ടു വലിക്കുന്ന എഞ്ചിൻ സ്വാർഥതയാണ്.” പണസമ്പാദനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാക്കിയിരിക്കുന്ന ആളുകളുടെ എണ്ണം മുമ്പെന്നത്തെക്കാളും വർധിച്ചിരിക്കുകയാണ്. സ്വാർഥത മുൻനിറുത്തിയുള്ള ഈ പരക്കംപാച്ചിലിൽ മറ്റെല്ലാ മൂല്യങ്ങളും അവഗണിക്കപ്പെടുന്നു എന്നതാണു സത്യം.
ലോക സംഭവങ്ങൾ
ബൈബിൾ, മാനുഷിക മൂല്യങ്ങളുടെ തകർച്ചയെ കുറിച്ചു വർണിക്കുക മാത്രമല്ല, അന്ത്യകാലത്ത് മനുഷ്യകുലത്തെ മൊത്തത്തിൽ ബാധിക്കുന്ന അസാധാരണമായ പ്രക്ഷുബ്ധാവസ്ഥകൾ ഉണ്ടാകുമെന്നു മുൻകൂട്ടി പറയുകയും ചെയ്തു. ഉദാഹരണത്തിന്, “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും” എന്ന് അതു പറയുന്നു.—ലൂക്കൊസ് 21:10, 11.
ഇത്ര ചുരുങ്ങിയ ഒരു കാലഘട്ടംകൊണ്ട്, ഇത്രയധികം ജീവിതങ്ങളെ ബാധിച്ച, ലോകത്തെ പിടിച്ചുലച്ച ഇത്രയധികം ദുരന്തങ്ങൾ സംഭവിച്ചത് 20-ാം നൂറ്റാണ്ടിൽ മാത്രമാണ്. ഉദാഹരണത്തിന്, പത്തുകോടിയിലധികം ആളുകളുടെ ജീവനാണ് 20-ാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ കവർന്നെടുത്തത്. അതിനുമുമ്പുള്ള അനേകം നൂറ്റാണ്ടുകളിലായി യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുള്ളവരുടെ സംഖ്യയുടെ എത്രയോ ഇരട്ടിയാണിത്! 20-ാം നൂറ്റാണ്ടിൽ നടന്ന രണ്ടു യുദ്ധങ്ങൾ മറ്റെല്ലാ യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നതിനാൽ അവയെ ലോകയുദ്ധങ്ങൾ എന്നാണു വിശേഷിപ്പിച്ചത്. അതിനുമുമ്പ് ആഗോള തലത്തിലുള്ള അത്തരം യുദ്ധങ്ങൾ നടന്നിട്ടേയില്ല.
ഒരു ദുഷ്ട പ്രേരക ശക്തി
“പിശാചും സാത്താനും” എന്ന ശക്തനായ ഒരു ദുഷ്ട ആത്മസൃഷ്ടി അസ്തിത്വത്തിൽ ഉള്ള കാര്യവും ബൈബിൾ വെളിപ്പെടുത്തുന്നു. മനുഷ്യർ ശരിയായ മൂല്യങ്ങൾ ഉപേക്ഷിക്കാനും അതുവഴി ധാർമികമായി തീരെ അധഃപതിച്ച നിലയിൽ ആയിത്തീരാനും ഇടയാക്കുക എന്നതാണ് അവന്റെ ലക്ഷ്യം. അന്ത്യകാലത്ത് “തനിക്കു അല്പകാലമേയുള്ളൂ എന്നു അറിഞ്ഞു മഹാക്രോധത്തോടെ” അവൻ ഭൂമിയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു എന്ന് ബൈബിൾ പറയുന്നു.—വെളിപ്പാടു 12:9, 12.
പിശാചിനെ ബൈബിൾ വിശേഷിപ്പിക്കുന്നത് “അന്തരീക്ഷശക്തിയുടെ പ്രഭു” എന്നും “അനുസരണക്കേടിന്റെ പുത്രന്മാരിൽ പ്രവർത്തിക്കുന്ന അരൂപി” എന്നുമാണ്. (എഫെസ്യർ 2:2, ഓശാനാ ബൈബിൾ) ഒട്ടനവധി മനുഷ്യരുടെ മേൽ മിക്കപ്പോഴും അവരറിയാതെ തന്നെ പിശാച് അതിശക്തമായ സ്വാധീനം ചെലുത്തുന്നു എന്നാണ് ഇതിന്റെയർഥം. വായുവിൽ ഉള്ള ഒരു അദൃശ്യ മലിനീകരണകാരിയുടെ സാന്നിധ്യം നാം ചിലപ്പോഴൊക്കെ മനസ്സിലാക്കാത്തതുപോലെ തന്നെയാണിതും.
ഉദാഹരണത്തിന്, വീഡിയോ, സിനിമ, ടെലിവിഷൻ, ഇന്റർനെറ്റ്, പരസ്യങ്ങൾ, പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ എന്നിങ്ങനെയുള്ള പല ആധുനിക വാർത്താ മാധ്യമങ്ങളിലും ഈ സാത്താന്യ സ്വാധീനം പ്രകടമാണ്. മിക്ക പരിപാടികളിലും പ്രസിദ്ധീകരണങ്ങളിലും, വിശേഷിച്ചും അറിവും അനുഭവപരിചയവും കുറവുള്ള യുവജനങ്ങളെ ഉദ്ദേശിച്ചുള്ളവ, അതിരുകടന്നതും നിന്ദാർഹവുമായ പ്രവണതകൾ—വർഗീയത, ഗൂഢവിദ്യ, അധാർമികത, പൈശാചികമായ അക്രമം—നിഴലിക്കുന്ന വിവരങ്ങൾ നിറഞ്ഞിരിക്കുകയാണ്.
അന്ത്യകാലത്തെ സംബന്ധിച്ചുള്ള ബൈബിൾ വിവരണവും ഇന്നത്തെ യഥാർഥ ലോകാവസ്ഥകളും തമ്മിലുള്ള പൊരുത്തം കണ്ട് ആത്മാർഥഹൃദയരായ പല ആളുകളും അതിശയിച്ചുപോയിട്ടുണ്ട്. ഈ ബൈബിൾ വിവരണത്തോടു കുറച്ചൊക്കെ പൊരുത്തപ്പെടുന്ന തരത്തിലുള്ള ചില സംഭവങ്ങൾ 20-ാം നൂറ്റാണ്ടിനു മുമ്പ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് എന്നതു സത്യമാണ്. എങ്കിലും 20-ാം നൂറ്റാണ്ടിലും, പിന്നീട് ഇപ്പോൾ 21-ാം നൂറ്റാണ്ടിലും മാത്രമാണ് അടയാളം അതിന്റെ എല്ലാ വിശദാംശങ്ങളും സഹിതം നിവൃത്തിയേറുന്നതായി നാം കാണുന്നത്.
ആസന്നമായിരിക്കുന്ന നവയുഗം
മുഴുമനുഷ്യവർഗവും നശിച്ചൊടുങ്ങുമെന്നോ കാര്യങ്ങൾ എന്നത്തെയും പോലെ തന്നെ ഇനിയും തുടരുമെന്നോ ഉള്ള വിശ്വാസം ശരിയല്ല. മറിച്ച്, ഇന്നത്തെ ദുഷ്ട ലോക സമുദായത്തിനുപകരം തികച്ചും പുതിയതൊന്നു സ്ഥാപിതമാകാൻ പോകുകയാണെന്നു ബൈബിൾ വ്യക്തമാക്കുന്നു.
അന്ത്യനാളുകളുടെ അനേകം സവിശേഷതകൾ വിവരിച്ചശേഷം, യേശു ഇങ്ങനെ പറയുകയുണ്ടായി: “അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കൊസ് 21:31) ദൈവത്തിന്റെ സ്വർഗീയ രാജ്യമായിരുന്നു യേശുവിന്റെ പ്രസംഗത്തിന്റെ മുഖ്യവിഷയം. (മത്തായി 6:9, 10) യേശുവിനെ ദൈവം ഈ രാജ്യത്തിന്റെ—മുഴുഭൂമിയുടെയും ഭരണം ഉടനടി ഏറ്റെടുക്കാൻ പോകുന്ന ഗവൺമെന്റിന്റെ—രാജാവ് ആയി നിയമിച്ചിരിക്കുകയാണ്.—ലൂക്കൊസ് 8:1; വെളിപ്പാടു 11:15; 20:1-6.
ക്രിസ്തുവിന്റെ കരങ്ങളിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ഈ സ്വർഗീയ ഗവൺമെന്റ് അതിന്റെ എല്ലാ ശത്രുക്കളെയും—പിശാചിനെയും അവനെ പിന്തുണയ്ക്കുന്നവരെയും—ഈ അന്ത്യനാളുകളുടെ സമാപനത്തിങ്കൽ നീക്കിക്കളയുകയും ഇന്നത്തെ ധാർമികമായി അധഃപതിച്ച സമൂഹത്തിനു പകരം നീതിനിഷ്ഠമായ ഒരു പുതിയ ലോകം ആനയിക്കുകയും ചെയ്യും. (ദാനീയേൽ 2:44) അവിടെ, ഒരു പറുദീസ ആയി മാറ്റപ്പെട്ട ഭൂമിയിൽ, നീതിഹൃദയരായ ആളുകൾക്ക് എന്നേക്കും ജീവിക്കാൻ കഴിയും.—ലൂക്കൊസ് 23:43; 2 പത്രൊസ് 3:13; വെളിപ്പാടു 21:3-5.
ധാർമിക മൂല്യച്യുതിയെ യഥാർഥത്തിൽ വെറുക്കുകയും അതോടൊപ്പം അന്ത്യകാലത്തെക്കുറിച്ച് ബൈബിൾ നൽകുന്ന സംയുക്ത അടയാളം ഇന്നത്തെ ആനുകാലിക സംഭവങ്ങളിൽ നിവൃത്തിയേറുന്നത് വിവേചിച്ച് അറിയുകയും ചെയ്യുന്നവർക്ക് ശോഭനമായ ഒരു ഭാവിക്കു വേണ്ടി നോക്കിപ്പാർത്തിരിക്കാൻ കഴിയും. മനുഷ്യരായ നമ്മെ സംബന്ധിച്ചു കരുതുകയും താൻ സൃഷ്ടിച്ച ഭൂമിയെ കുറിച്ചു ഒരു മഹത്തായ ഉദ്ദേശ്യം വെച്ചുപുലർത്തുകയും ചെയ്യുന്ന സർവശക്തനായ ദൈവത്തോടു നമുക്ക് ഇതിനു നന്ദിയുള്ളവരായിരിക്കാം.—സങ്കീർത്തനം 37:10, 11, 29; 1 പത്രൊസ് 5:6, 7.
നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിനെക്കുറിച്ചും തന്നെ അന്വേഷിക്കുന്ന എല്ലാ വ്യക്തികൾക്കും അവൻ വെച്ചുനീട്ടുന്ന, ധാർമികമായി ശുദ്ധിയുള്ള ഒരു ലോകത്തിൽ ജീവിക്കുന്നതിനുള്ള പ്രത്യാശയെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുകയാണ്. ബൈബിൾ പറയുന്നതുപോലെ, “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
[10-ാം പേജിലെ ചിത്രം]
നീതിഹൃദയർക്ക് ഒരു പറുദീസാ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാൻ കഴിയും