ഞങ്ങളുടെ വായനക്കാരൽനിന്ന്
സിസ്റ്റിക് ഫൈബ്രോസിസ് “സിസ്റ്റിക് ഫൈബ്രോസിസ് രോഗവുമായി ജീവിക്കുന്നു” (ഒക്ടോബർ 22, 1999) എന്ന ലേഖനത്തിന് എന്റെ അകമഴിഞ്ഞ നന്ദി. എനിക്കും ഭർത്താവിനും ജിമ്മി ഗാരാഡ്സ്യൊറ്റിസിന്റെയും ഭാര്യയുടെയും അത്രയൊക്കെ പ്രായമേ ഉള്ളൂ. ഗുരുതരമായ പ്രശ്നങ്ങളുടെ മധ്യേ അത്തരം ശക്തമായ വിശ്വാസം പുലർത്തുന്ന ചെറുപ്പക്കാരുണ്ട് എന്നറിയുന്നതു വളരെ പ്രോത്സാഹജനകമാണ്.
എസ്. ഡി., ഇറ്റലി
അത്തരമൊരു ലേഖനത്തിനായി ഞാൻ വർഷങ്ങളായി നോക്കിയിരിക്കുകയായിരുന്നു. സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ച ആറു വയസ്സുള്ള ഒരു മകൾ ഞങ്ങൾക്കുണ്ട്. അതുകൊണ്ട്, മാസിക ലഭിച്ച ഉടൻതന്നെ ഞാൻ ആ ലേഖനം വായിച്ചുതീർത്തു. രോഗി ആയിരുന്നിട്ടും പ്രസംഗവേലയിലുള്ള ജിമ്മി ഗാരാഡ്സ്യൊറ്റിസിന്റെ തീക്ഷ്ണത പ്രശംസാർഹംതന്നെ. മാത്രമല്ല, മേലാൽ രോഗം ഇല്ലാത്ത ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്കുണ്ടെന്ന് അറിയുന്നത് സന്തോഷദായകമാണ്.
എച്ച്. ഒ., ഐക്യനാടുകൾ
ആരോഗ്യസ്ഥിതി തീരെ മോശമായിരിക്കുമ്പോൾ പോലും യഹോവയെ സ്തുതിക്കാൻ നമുക്ക് അനവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണു ജിമ്മിയുടെ അനുഭവം തെളിയിക്കുന്നത്.
പി. സി., ബ്രസീൽ
മയക്കുമരുന്നുകൾ “മയക്കുമരുന്നുകൾ ലോകത്തെ വരിഞ്ഞുമുറുക്കുകയാണോ?” (നവംബർ 8, 1999) എന്ന പരമ്പര പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി. കൊക്കെയ്ൻ, മാരിഹ്വാന, ഹഷീഷ് എന്നീ മയക്കുമരുന്നുകൾക്ക് അടിമയായിരുന്നു ഞാൻ, കൂടാതെ ഒരു മദ്യാസക്തനും. ദിവസവും ഞാൻ 40-ലേറെ സിഗരറ്റുകൾ വലിക്കുമായിരുന്നു. ഈ ശീലങ്ങൾ ഉപേക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, എങ്കിലും ദൈവം അതിനുള്ള ശക്തി എനിക്കു തന്നു. ഞാൻ അതെല്ലാം ഉപേക്ഷിച്ചിട്ട് ഒൻപതു വർഷം കഴിഞ്ഞിരിക്കുന്നു. മാരകമായ രോഗങ്ങൾ പിടിപെടാതെ, ജയിൽവാസം അനുഭവിക്കാതെ, ഈ ലോകത്തിലെ ചെളിക്കുണ്ടിൽ നിന്നു കരകയറാൻ സാധിച്ചതിൽ ഞാൻ എത്ര നന്ദിയുള്ളവനാണെന്നോ! മയക്കുമരുന്നു ദുരുപയോഗം ശാരീരികവും വൈകാരികവും സാമ്പത്തികവുമായി എത്രത്തോളം ബുദ്ധിമുട്ടുകൾ വരുത്തിവെക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട്, ഇത്തരം ലേഖനങ്ങൾ ചെറുപ്പക്കാരുടെ ഹൃദയങ്ങളെ സ്പർശിക്കുമെന്നാണു ഞാൻ വിചാരിക്കുന്നത്.
ജി. എം., ഇറ്റലി
സ്കൂളിൽ ഒരു ഉപന്യാസം എഴുതാൻ ഞാൻ ഇതിലെ ലേഖനങ്ങൾ ഉപയോഗിച്ചു. അതിന് എനിക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ചു, മാത്രമല്ല അധ്യാപകന്റെ അനുമോദനങ്ങളും. ഉണരുക!യുടെ വായന ഞാൻ വളരെയധികം ആസ്വദിക്കുന്നു, പ്രത്യേകിച്ച് ആനുകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലേഖനങ്ങൾ. ജീവിതത്തെ യാഥാർഥ്യ ബോധത്തോടെ വീക്ഷിക്കാൻ ഇത് എന്നെ സഹായിക്കുന്നു.
ഐ. എം., ഇറ്റലി
പന തോട്ടങ്ങൾ ഞാൻ ഈ അടുത്തയിടെ വായിച്ചവയിൽ ഏറ്റവും ആകർഷകമായ ലേഖനങ്ങളിൽ ഒന്നായിരുന്നു “അപൂർവസുന്ദരമായ ഒരു ഉദ്യാനം സന്ദർശിക്കൽ” (നവംബർ 8, 1999) എന്ന ലേഖനം. മനോഹരമായ അത്തരമൊരു ഉദ്യാനത്തിന്റെ മാതൃക സശ്രദ്ധം തയ്യാറാക്കിക്കൊണ്ട് പറുദീസയിൽ ഞാൻ ആയിരിക്കുന്നതായി വിഭാവന ചെയ്യാൻ എനിക്കു കഴിഞ്ഞു. ലേഖനത്തിൽ പരാമർശിച്ചിരുന്ന ആ വ്യക്തി തന്റെ ചെടികളോടു കാട്ടിയ സ്നേഹം എന്നെ സ്പർശിക്കുകതന്നെ ചെയ്തു. യഹോവയുടെ മനോജ്ഞമായ സൃഷ്ടികളെ അദ്ദേഹം എത്രമാത്രം വിലമതിക്കുന്നു! നാമെല്ലാവരും അതുപോലെതന്നെ ആയിരിക്കേണ്ടതാണ്.
എൽ. സി., കാനഡ
മറ്റുള്ളവരുമായി കൂടുതൽ ഇടപഴകൽ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എങ്ങനെ ആളുകളുമായി കൂടുതൽ ഇടപഴകാൻ സാധിക്കും” (നവംബർ 22, 1999) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. ഒരു 16-കാരിയായ എനിക്കു മറ്റുള്ളവരോടു സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നാറുണ്ട്, പ്രത്യേകിച്ച് ക്രിസ്തീയ യോഗസ്ഥലത്ത് ആയിരിക്കുമ്പോൾ. ഈ പ്രശ്നം അനുഭവിക്കുന്ന എന്നെപ്പോലെയുള്ള യുവജനങ്ങളെക്കുറിച്ചു ചിന്തിച്ചതിനു നന്ദി. നിങ്ങൾ ഈ ലേഖനത്തിലൂടെ നൽകിയ നല്ല നിർദേശങ്ങൾ ബാധകമാക്കാൻ ഞാൻ തീർച്ചയായും ശ്രമിക്കും.
ഐ. എ., ഫ്രാൻസ്
പാടുന്ന പക്ഷികൾ “മധുരമായി പാടുന്ന യുഗ്മ ഗായകർ” (ഡിസംബർ 8, 1999) എന്ന ലേഖനത്തിനു വളരെ നന്ദി. ഒരു മരച്ചില്ലയിൽ ഇരുന്നുകൊണ്ട് ആ പക്ഷികൾ ശ്രുതിമധുരമായി പാടുന്നതു ഭാവനയിൽ കാണാൻ എനിക്കു കഴിഞ്ഞു! നമ്മുടെ ആസ്വാദനത്തിനായി ജന്തുക്കളെ സൃഷ്ടിച്ചതിന് യഹോവയ്ക്കു ഞാൻ ദിവസവും നന്ദി നൽകുന്നു.
വൈ. എസ്., ജപ്പാൻ
പ്രമേഹം ബിരുദാനന്തര കോഴ്സിനോടനുബന്ധിച്ച്, എനിക്കു പ്രമേഹത്തെക്കുറിച്ച് ഒരു സെമിനാർ നടത്തേണ്ടിവന്നു. “നിങ്ങളുടെ മകൾക്ക് പ്രമേഹമുണ്ട്!” (സെപ്റ്റംബർ 22, 1999) എന്ന ലേഖനത്തിൽ നൽകിയിരുന്ന ലളിതവും നേരിട്ടുള്ളതുമായ വിശദീകരണം എനിക്കു വളരെ സഹായകമായിരുന്നു. അസുഖത്തെ കുറിച്ചു രോഗി എത്ര വ്യക്തമായി അറിഞ്ഞിരിക്കണം എന്നതു സംബന്ധിച്ചു മനസ്സിലാക്കാൻ സോണിയ ഹെർഡ്സിന്റെ അനുഭവം എന്നെ സഹായിച്ചു.
റ്റി. കെ., ബ്രസീൽ