“ദൈവത്തിന്റെ വിസ്മയ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുക്കേണ്ടതിന്റെ കാരണം” എന്ന സൗജന്യ പരസ്യപ്രസംഗം കേൾക്കാൻ കൂടിവരുവിൻ
യഹോവയുടെ സാക്ഷികളുടെ, “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” എന്ന ത്രിദിന ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ ഒരു സവിശേഷതയായിരിക്കും മേൽപ്പറഞ്ഞ പ്രസംഗം. ഈ മാസം മുതൽ അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളം ഇത്തരം 181 കൺവെൻഷനുകൾ നടക്കുന്നതായിരിക്കും. ഇവയിൽ 38 എണ്ണം സ്പാനീഷിലായിരിക്കും നടത്തപ്പെടുക. 17 എണ്ണം ഇംഗ്ലീഷ് ഒഴികെയുള്ള മറ്റു 12 ഭാഷകളിലും. ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലായി നടത്തപ്പെടുന്ന അത്തരം 2,000-ത്തിലധികം കൺവെൻഷനുകളിലും ഈ വിഷയം അവതരിപ്പിക്കപ്പെടുന്നതായിരിക്കും.
20-ാം നൂറ്റാണ്ടിൽ മനുഷ്യർ വിസ്മയാവഹമായ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്, 21-ാം നൂറ്റാണ്ടിൽ അതിൽക്കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നതിൽ സംശയവുമില്ല. എന്നാൽ അവയെല്ലാം ദൈവം ചെയ്തിരിക്കുന്നവയോടുള്ള താരതമ്യത്തിൽ എത്രയോ നിസ്സാരമാണ്! പുരാതനകാലത്തെ ജ്ഞാനിയായ ഒരു മനുഷ്യൻ പിൻവരുന്ന പ്രകാരം ഉദ്ബോധിപ്പിച്ചതിൽ ഒട്ടും അതിശയിക്കാനില്ല: “മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.”—ഇയ്യോബ് 37:14.
വേലിയേറ്റ-വേലിയിറക്കങ്ങൾ, മഞ്ഞ്, മഴ, കാറ്റ് എന്നിങ്ങനെ നമുക്കു ചുറ്റും കാണുന്ന സൃഷ്ടിക്രിയകളിൽനിന്നു നാം ഉൾക്കൊള്ളേണ്ട പാഠം എന്താണ്? ഇവയുടെയെല്ലാം കാരണഭൂതൻ ഇന്നു നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കണം? ഇവയ്ക്കും മറ്റു ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ഈ പ്രസംഗത്തിൽനിന്നു ലഭിക്കുന്നതായിരിക്കും.
നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലം അറിയാനായി പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിക്കുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.