ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ പള്ളിയിൽ പോകേണ്ടതുണ്ടോ?
“ഞാൻ പതിവായി പള്ളിയിൽ പോയിരുന്നു, എന്നാൽ ഇപ്പോൾ പോകാറില്ല.” “എന്റെ അഭിപ്രായത്തിൽ ദൈവത്തെ എവിടെവെച്ചു വേണമെങ്കിലും ആരാധിക്കാൻ കഴിയും, അതിനു പള്ളിയിൽ പോകണമെന്നില്ല.” “ദൈവത്തിലും ബൈബിളിലും ഞാൻ വിശ്വസിക്കുന്നുണ്ട്, എന്നാൽ പള്ളിയിൽ പോകേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.” സമാനമായ അഭിപ്രായപ്രകടനങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെ അഭിപ്രായപ്പെടുന്നവരുടെ എണ്ണം ഇന്നു വർധിച്ചു വരികയാണ്, വിശേഷിച്ചും പാശ്ചാത്യ നാടുകളിൽ. മുമ്പ് പള്ളിയിൽ പോയിരുന്ന പലരും ഇന്ന് അതിന്റെ ആവശ്യമുണ്ടെന്നു കരുതുന്നില്ല. എന്നാൽ ഇതു സംബന്ധിച്ച ബൈബിളിന്റെ നിലപാട് എന്താണ്? ദൈവത്തിന് സ്വീകാര്യമായ രീതിയിൽ ആരാധന നടത്തുന്നതിന്
ക്രിസ്ത്യാനികൾ ഒരു പ്രത്യേക സ്ഥലത്തോ കെട്ടിടത്തിലോ കൂടിവരേണ്ടതുണ്ടോ?
ഇസ്രായേൽ ജനതയുടെ ഇടയിലെ ആരാധന
സകല യഹൂദ പുരുഷന്മാരും മൂന്ന് വാർഷിക ഉത്സവങ്ങൾക്കായി ഒരു പ്രത്യേക സ്ഥലത്ത് സന്നിഹിതരാകണമെന്ന് മോശൈക ന്യായപ്രമാണം നിഷ്കർഷിച്ചു. പുരുഷന്മാരെ കൂടാതെ, അനേകം സ്ത്രീകളും കുട്ടികളും അവിടെ ഹാജരായിരുന്നു. (ആവർത്തനപുസ്തകം 16:16; ലൂക്കൊസ് 2:41-44) ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്ന് വായിച്ചുകൊണ്ട് ചില അവസരങ്ങളിൽ പുരോഹിതന്മാരും ലേവ്യരും സമ്മേളിത ജനക്കൂട്ടത്തെ പഠിപ്പിച്ചിരുന്നു. അവർ “തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻതക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.” (നെഹെമ്യാവു 8:8) ശബത്ത് വർഷങ്ങൾ സംബന്ധിച്ച് ദൈവം ഇപ്രകാരം നിർദേശിച്ചിരുന്നു: “പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു . . . ജനത്തെ വിളിച്ചുകൂട്ടേണം.”—ആവർത്തനപുസ്തകം 31:12, 13.
ഒരുവന് യെരൂശലേമിലെ ആലയത്തിൽ മാത്രമേ ദൈവത്തിനു യാഗം അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. പുരോഹിതന്മാരിൽനിന്നുള്ള പ്രബോധനം സ്വീകരിക്കുന്നതിനും അവിടെ പോകണമായിരുന്നു. (ആവർത്തനപുസ്തകം 12:5-7; 2 ദിനവൃത്താന്തം 7:12) കാലക്രമത്തിൽ, സിനഗോഗുകൾ എന്ന് അറിയപ്പെട്ട മറ്റ് ആരാധന സ്ഥലങ്ങളും ഇസ്രായേലിൽ സ്ഥാപിക്കപ്പെട്ടു. പ്രാർഥിക്കാനും തിരുവെഴുത്തുകൾ വായിക്കാനുമുള്ള സ്ഥലങ്ങളായിരുന്നു ഇവ. എന്നിരുന്നാലും യെരൂശലേമിലെ ആലയം തന്നെയായിരുന്നു അപ്പോഴും മുഖ്യ ആരാധനാ സ്ഥലം. ബൈബിൾ എഴുത്തുകാരനായ ലൂക്കൊസിന്റെ വിവരണത്തിൽനിന്ന് നമുക്ക് അതു കാണാനാകും. ഹന്നാ എന്ന ഒരു വൃദ്ധ “ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തു പോന്നു” എന്ന് അവൻ പറയുന്നു. (ലൂക്കൊസ് 2:36, 37) സമർപ്പിതരായ മറ്റുള്ളവരുമൊത്തുള്ള സത്യാരാധന ആയിരുന്നു ഹന്നായുടെ ജീവിതത്തിലെ മുഖ്യ സംഗതി. ദൈവഭയമുണ്ടായിരുന്ന മറ്റ് യഹൂദന്മാരും സമാനമായ ഒരു ജീവിതഗതി പിന്തുടർന്നു.
സത്യാരാധന ക്രിസ്തുവിനു ശേഷം
യേശുവിന്റെ മരണശേഷം അവന്റെ അനുഗാമികൾ മേലാൽ മോശൈക ന്യായപ്രമാണത്തിൻ കീഴിലായിരുന്നില്ല. ആലയത്തിൽ ആരാധന നടത്താനുള്ള നിബന്ധനയും അവർക്കു ബാധകമായിരുന്നില്ല. (ഗലാത്യർ 3:23-25) എന്നിരുന്നാലും, പ്രാർഥനയ്ക്കും ദൈവവചനത്തിന്റെ പഠനത്തിനും വേണ്ടി അവർ തുടർന്നും കൂടിവന്നു. അവർക്കു പ്രൗഢഗംഭീരമായ മന്ദിരങ്ങൾ ഉണ്ടായിരുന്നില്ല. സ്വകാര്യ ഭവനങ്ങളിലും പൊതുസ്ഥലങ്ങളിലുമാണ് അവർ കൂടിവന്നിരുന്നത്. (പ്രവൃത്തികൾ 2:1, 2; 12:12; 19:9; റോമർ 16:4, 5) ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്തീയ യോഗങ്ങളിൽ കർമാനുഷ്ഠാനങ്ങളും ആഡംബരപ്രകടനങ്ങളും ഉണ്ടായിരുന്നില്ല. അവ നവോന്മേഷപ്രദവും ലളിതവുമായിരുന്നു.
ആ യോഗങ്ങളിൽ പഠിപ്പിച്ചിരുന്ന ബൈബിൾ തത്ത്വങ്ങൾ റോമാ സാമ്രാജ്യത്തിലെ ഞെട്ടിക്കുന്ന അധാർമിക ചുറ്റുപാടുകളിൽ വജ്രംപോലെ വെട്ടിത്തിളങ്ങി. ആദ്യമായി യോഗത്തിനു ഹാജരായ ചില അവിശ്വാസികൾ, “ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു” എന്ന് ഉദ്ഘോഷിക്കാൻ പ്രേരിതരായി. (1 കൊരിന്ത്യർ 14:24, 25) അതേ, ദൈവം തീർച്ചയായും അവരുടെ ഇടയിൽ ഉണ്ടായിരുന്നു. “അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.”—പ്രവൃത്തികൾ 16:5.
പുറജാതീയ ആലയങ്ങളിലോ സ്വന്തമായോ ആരാധന നടത്തിക്കൊണ്ട് അന്ന് ഒരു ക്രിസ്ത്യാനിക്ക് ദൈവാംഗീകാരം നേടാൻ കഴിയുമായിരുന്നോ? ബൈബിൾ അക്കാര്യം വ്യക്തമാക്കുന്നു: അംഗീകൃത ആരാധകർ ഏക സത്യസഭയുടെ, അതായത് സത്യാരാധകരാകുന്ന ‘ഏക ശരീരത്തിന്റെ’ ഭാഗം ആയിരിക്കണമായിരുന്നു. ഈ സത്യാരാധകർ യേശുവിന്റെ ശിഷ്യന്മാരായ ക്രിസ്ത്യാനികൾ ആയിരുന്നു.—എഫെസ്യർ 4:4, 5; പ്രവൃത്തികൾ 11:26.
ഇന്നോ?
ഒരു പ്രത്യേക സ്ഥലത്തോ കെട്ടിടത്തിലോ കൂടിവന്ന് ആരാധിക്കുന്നതിനല്ല മറിച്ച് ‘ജീവനുള്ള ദൈവത്തിന്റെ സഭയോടൊപ്പം,’ അതായത് ദൈവത്തെ ‘ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്നവരോടൊപ്പം’ ആരാധന നടത്താനാണ് ബൈബിൾ നമ്മെ ഇന്ന് പ്രോത്സാഹിപ്പിക്കുന്നത്. (1 തിമൊഥെയൊസ് 3:15; യോഹന്നാൻ 4:24) “വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ” ആയിരിക്കാൻ ആളുകളെ പ്രബോധിപ്പിക്കുന്ന മതയോഗങ്ങൾക്കാണ് ദൈവാംഗീകാരം ഉള്ളത്. (2 പത്രൊസ് 3:12) “നന്മതിന്മകളെ തിരിച്ചറിവാൻ” കഴിയുന്ന പക്വതയുള്ള ക്രിസ്ത്യാനികൾ ആയിത്തീരാൻ അവ സന്നിഹിതരാകുന്നവരെ സഹായിക്കണം.—എബ്രായർ 5:14.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ മാതൃക പിൻപറ്റാൻ യഹോവയുടെ സാക്ഷികൾ പരിശ്രമിക്കുന്നു. ബൈബിൾ പഠിക്കാനും അന്യോന്യം പ്രോത്സാഹിപ്പിക്കാനും വേണ്ടി ലോകവ്യാപകമായി 91,400-ലധികം സഭകൾ രാജ്യഹാളുകളിലും സ്വകാര്യ ഭവനങ്ങളിലും മറ്റു സ്ഥലങ്ങളിലുമായി പതിവായി കൂടിവരുന്നു. ഇത് പൗലൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിലാണ്: “നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക.”—എബ്രായർ 10:24, 25. (g01 3/8)