നഗരങ്ങളുടെ ഭാവി എന്ത്?
“നമ്മുടെ ഭാവി അറിയാൻ നഗരങ്ങളെ നോക്കിയാൽ മതി,” ലോകബാങ്കിലെ ഇസ്മായിൽ സെറാജിൽഡിൻ പറഞ്ഞു. എന്നാൽ നഗരങ്ങളെ കുറിച്ച് നാം ഇതുവരെ കണ്ടുകഴിഞ്ഞതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്, മനുഷ്യന്റെ ഭാവി ശോഭനമായല്ല കാണപ്പെടുന്നത്.
പല നഗരപ്രദേശങ്ങളിലും ആളുകളുടെ ജീവിതനിലവാരം ഉയർത്താൻ കാര്യമായ ശ്രമങ്ങൾ നടക്കുന്നു എന്നത് അഭിനന്ദനീയമാണ്. അടുത്തയിടെ ന്യൂയോർക്ക് നഗരം മൻഹാട്ടണിലെ ടൈംസ് സ്ക്വയറിന്റെ നവീകരണ പ്രവർത്തനം പൂർത്തിയാക്കി. മുമ്പ് അവിടം അശ്ലീല പ്രസ്ഥാനങ്ങൾക്കും മയക്കുമരുന്നു ദുരുപയോഗത്തിനും കുറ്റകൃത്യത്തിനും കുപ്രസിദ്ധമായിരുന്നു. ഇപ്പോൾ അവിടത്തെ തെരുവുകളിൽ പുതിയ ചെറുകിട വാണിജ്യ സ്ഥാപനങ്ങളും തിയേറ്ററുകളും സ്ഥാനം പിടിച്ചിരിക്കുന്നു. ഇതൊക്കെ ആയിരക്കണക്കിന് ആളുകളെ അവിടേക്ക് ആകർഷിക്കുന്നു. സമാനമായി, നാഷണൽ ജിയോഗ്രഫിക് മാസിക പറയുന്നതനുസരിച്ച്, “ലണ്ടനോടും പാരീസിനോടും കിടപിടിച്ചിരുന്ന, ആധുനികത തുളുമ്പിയിരുന്ന ഒരു നഗരമായിരുന്ന” ഇറ്റലിയിലെ നേപ്പിൾസിന് രണ്ടാം ലോകമഹായുദ്ധ കാലത്ത് കനത്ത നാശനഷ്ടം ഉണ്ടായി. ആ നഗരം കുറ്റകൃത്യത്തിന്റെയും ക്രമരാഹിത്യത്തിന്റെയും ഒരു പ്രതീകമായി മാറി. എന്നാൽ, 1994-ലെ ഒരു രാഷ്ട്രീയ കോൺഫറൻസിനുള്ള സ്ഥലമായി അതിനെ തിരഞ്ഞെടുത്തപ്പോൾ അതിന് ഒരു പുനർജന്മം കൈവന്നതു പോലെ ആയി, നഗരത്തിന്റെ കേന്ദ്രഭാഗത്തിന്റെ മുഖച്ഛായ ആകെ മാറി.
തീർച്ചയായും, നഗരങ്ങളെ കൂടുതൽ സുരക്ഷിതവും ശുദ്ധിയുള്ളതും ആക്കുമ്പോൾ അതിനു കനത്ത വിലയും ഒടുക്കേണ്ടിവരുന്നു. കൂടുതൽ സുരക്ഷയ്ക്ക് കൂടുതൽ പോലീസുകാരെ നിയമിക്കേണ്ടതുണ്ട്. വിലയായി ഒടുക്കേണ്ടിവരുന്ന മറ്റൊന്നാണു സ്വകാര്യത. ചില പൊതുസ്ഥലങ്ങൾ എപ്പോഴും ടിവി ക്യാമറകളുടെയും മഫ്തിവേഷത്തിലുള്ള പോലീസ് ഓഫീസർമാരുടെയും നിരീക്ഷണത്തിൻ കീഴിലാണ്. നിങ്ങൾ ഒരു പാർക്കിൽ ജലധാരകൾക്കും ശിൽപ്പങ്ങൾക്കും പൂച്ചെടികൾക്കും അരികിലൂടെ നടക്കുമ്പോൾ ഒരുപക്ഷേ സുരക്ഷാ ചെക്കുപോയിന്റുകളുടെ സമീപത്തുകൂടെ ആയിരിക്കാം പോകുന്നത്.
ചിലപ്പോൾ ഒരു നഗരത്തിനു കൈവരുന്ന പുരോഗതിക്ക് കനത്ത വില ഒടുക്കേണ്ടിവരുന്നത് ദരിദ്രർ ആയിരിക്കാം. കുലീനവത്കരണത്തെ (Gentrification) കുറിച്ചു തന്നെ ചിന്തിക്കുക. ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾ നഗരങ്ങളിലെ ദരിദ്ര മേഖലകളിൽ താമസമാക്കുന്ന പ്രവണതയാണിത്. സമ്പദ്വ്യവസ്ഥയിൽ വരുന്ന മാറ്റത്തിന്റെ, “നിർമാണത്തിൽനിന്നു സേവനങ്ങളിലേക്കും തൊഴിലാളികളുടെ കഴിവുകളെ ആശ്രയിക്കുന്നതിനു പകരം യന്ത്രങ്ങളുടെ ഉപയോഗത്തിലേക്കും ഉള്ള മാറ്റ”ത്തിന്റെ, ഫലമാണ് ഇത്. (ജെൻട്രിഫിക്കേഷൻ ഓഫ് ദ സിറ്റി, നീൽ സ്മിത്തും പീറ്റർ വില്യംസും എഡിറ്റു ചെയ്തത്) നീലക്കോളർ ജോലികൾ തിരോധാനം ചെയ്യുകയും പ്രൊഫഷണൽ ജോലിക്കാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ആവശ്യം വർധിക്കുകയും ചെയ്യുമ്പോൾ ഇടത്തരക്കാർക്കു വേണ്ടിയുള്ള സൗകര്യപ്രദമായ പാർപ്പിടങ്ങളുടെ ആവശ്യവും വർധിക്കുന്നു. നഗരപ്രാന്തങ്ങളിലേക്കു ദിവസവും യാത്ര ചെയ്യുന്നതിനു പകരം, ഉയർന്ന വരുമാനക്കാരായ പലരും നഗരങ്ങളിലെ താരതമ്യേന ദരിദ്രമായ പ്രദേശങ്ങളിലെ വീടുകൾ പുതുക്കിയെടുക്കുന്നു.
സ്വാഭാവികമായും, ഇതിന്റെ ഫലമായി ആ പ്രദേശങ്ങൾക്കു ശ്രദ്ധേയമായ വികസനം ഉണ്ടാകുന്നു. എന്നാൽ ഒരു പ്രദേശത്തിനു പുരോഗതി ഉണ്ടാകുമ്പോൾ അവിടെ സാധനങ്ങളുടെ വിലയും വർധിക്കുന്നു. അങ്ങനെ, ദരിദ്രരായ ആളുകൾക്ക് അവർ വർഷങ്ങളോളം ജോലി ചെയ്യുകയും ജീവിച്ചുപോരുകയും ചെയ്ത സ്ഥലങ്ങളിൽ കഴിയാൻ പറ്റാതാകുന്നു!
നഗരത്തിനു മരണമോ?
പുതിയ സാങ്കേതികവിദ്യകൾ മൂലമുള്ള മാറ്റത്തിന്റെ ഫലം നഗരങ്ങൾക്ക് അനുഭവവേദ്യമാകാൻ തുടങ്ങിയിട്ടേ ഉള്ളായിരിക്കാം. സാധനങ്ങൾ വാങ്ങാനും ബിസിനസ് നടത്താനുമുള്ള ഒരു മാർഗം എന്ന നിലയിൽ ഇന്റർനെറ്റ് കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക്, അതിന്റെ ഫലങ്ങൾ വലുതായിരുന്നേക്കാം. പുതിയ സാങ്കേതികവിദ്യങ്ങൾ മൂലം ഇപ്പോൾത്തന്നെ ചില ബിസിനസ് സ്ഥാപനങ്ങൾ നഗരത്തിനു വെളിയിലേക്കു മാറ്റി സ്ഥാപിക്കുക എളുപ്പമായിട്ടുണ്ട്. തത്ഫലമായി അനേകം ജോലിക്കാരും അവയോടൊപ്പം അവിടേക്കു മാറിയിരിക്കുന്നു.
ഇന്റർനെറ്റ് വഴിയുള്ള ഷോപ്പിങ്ങും ജോലിയും പ്രചാരം നേടുന്നതോടെ, തിരക്കേറിയ ബിസിനസ് മേഖലകളിലേക്കു യാത്ര ചെയ്യാൻ ആളുകൾക്കു മടി തോന്നിയേക്കാം. സിറ്റീസ് ഇൻ സിവിലൈസേഷൻ എന്ന പുസ്തകം ഇപ്രകാരം നിർദേശിക്കുന്നു: “ചില പതിവു ജോലിക്കാർ, പ്രത്യേകിച്ചും അംശകാല ജോലിക്കാർ, തങ്ങളുടെ വീട്ടിൽ വെച്ചുതന്നെ അല്ലെങ്കിൽ സമീപത്തുള്ള ജോലിസ്ഥലങ്ങളിൽ മാത്രം ജോലി ചെയ്യുന്ന ഒരു സമയം വന്നേക്കാം, . . . അങ്ങനെ മൊത്തത്തിലുള്ള വാഹന ഗതാഗതത്തിന്റെ തോതും കുറഞ്ഞേക്കാം.” സമാനമായി, വാസ്തുശിൽപ്പ വിദഗ്ധനായ മോഷ സാഫ്ദി ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഈ പുത്തൻ ചുറ്റുപാടിൽ, പ്രാദേശികമായി ഗ്രാമീണ ജീവിതത്തിന്റെ സുഖങ്ങൾ പ്രദാനം ചെയ്യുന്ന, കമ്പ്യൂട്ടറും ഇന്റർനെറ്റും വഴി ചരിത്രപ്രാധാന്യമുള്ള മഹാനഗരങ്ങളുടെ സാംസ്കാരിക സമ്പന്നത നൽകുന്ന ലക്ഷക്കണക്കിനു ഗ്രാമങ്ങൾ ലോകത്തിലെമ്പാടും ഉണ്ടായേക്കാം.”
നഗരങ്ങൾക്ക് എന്തു ഭാവി?
സാങ്കേതികമായി എന്തെല്ലാം പുരോഗതികൾ ഉണ്ടായാലും, നഗരങ്ങൾ വെച്ചുനീട്ടുന്ന സേവനങ്ങളും പ്രയോജനങ്ങളും ആളുകളെ തുടർന്നും അങ്ങോട്ട് ആകർഷിച്ചുകൊണ്ടിരിക്കും എന്നു നിരീക്ഷകരായ പലരും വിശ്വസിക്കുന്നു. ഇന്നത്തെ നഗരങ്ങളുടെ ഭാവി എന്തായിരുന്നാലും, അവ ഇപ്പോൾ കുഴപ്പത്തിലാണ്! നഗരങ്ങളിലെ വർധിച്ചുവരുന്ന ദരിദ്ര ജനകോടികളുടെ പാർപ്പിട, ആരോഗ്യപരിപാലന പ്രശ്നങ്ങൾക്ക് പ്രത്യക്ഷത്തിൽ യാതൊരു പരിഹാരവും ഇല്ല. കുറ്റകൃത്യമോ പരിസ്ഥിതി വിനാശമോ നഗര മലിനീകരണമോ നിർമാർജനം ചെയ്യാനുള്ള മാർഗവും ഒരു മനുഷ്യനും കണ്ടെത്തിയിട്ടില്ല.
ഗവൺമെന്റുകൾ നഗരങ്ങളിലേക്കു കൂടുതൽ പണം ഒഴുക്കണമെന്നു ചിലർ വാദിക്കുന്നു. എന്നാൽ, സ്വത്തു കൈകാര്യം ചെയ്യുന്നതിനോടു ബന്ധപ്പെട്ട പല ഗവൺമെന്റുകളുടെയും ചരിത്രം പരിശോധിക്കുമ്പോൾ, പണം ലഭ്യമാക്കുന്നതുകൊണ്ടു മാത്രം നഗരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നു ചിന്തിക്കുന്നതിൽ കഴമ്പുണ്ടോ? ദശാബ്ദങ്ങൾക്കു മുമ്പ്, അമേരിക്കയിലെ മഹാനഗരങ്ങളുടെ മരണവും ജീവിതവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിച്ചു: “വേണ്ടത്ര പണം ഉണ്ടെങ്കിൽ, . . . നമ്മുടെ ചേരികൾ നമുക്ക് ഇല്ലാതാക്കാൻ കഴിഞ്ഞേനേ എന്നൊരു തെറ്റിദ്ധാരണ ഉണ്ട് . . . എന്നാൽ ഇപ്പോൾത്തന്നെ ശതകോടികൾ മുടക്കി നാം എന്താണു നിർമിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുക: ദുഷ്കൃത്യത്തിന്റെയും നശീകരണപ്രവണതയുടെയും സാമൂഹിക അനിശ്ചിതത്വത്തിന്റെയും കാര്യത്തിൽ, അതുവരെ അവിടെ ഉണ്ടായിരുന്ന ചേരികളെക്കാൾ മോശമായ താഴ്ന്ന വരുമാനക്കാർക്കായുള്ള പാർപ്പിടങ്ങൾ.” ആ വാക്കുകൾ ഇപ്പോഴും സത്യമായി തുടരുന്നു.
പ്രശ്നത്തിനുള്ള പരിഹാരം പണമല്ലെങ്കിൽ, പിന്നെ എന്താണ്? വെറും കെട്ടിടങ്ങളോ തെരുവുകളോ ചേർന്നല്ല, മറിച്ച് ആളുകൾ ചേർന്നാണ് നഗരങ്ങൾ ഉണ്ടായിരിക്കുന്നത് എന്ന് നാം ഓർക്കണം. അതിനാൽ ആത്യന്തികമായി നോക്കുമ്പോൾ, നഗരജീവിതം മെച്ചപ്പെടണമെങ്കിൽ മെച്ചപ്പെടേണ്ടത് അവിടത്തെ ആളുകളാണ്. “ഒരു നഗരത്തിന്റെ സമ്പത്ത് ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നത് അതിലെ ആളുകളെ പരിപാലിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യുമ്പോഴാണ്,” ദ സിറ്റി ഇൻ ഹിസ്റ്ററി എന്ന പുസ്തകത്തിൽ ലൂയിസ് മംഫോർഡ് പറയുന്നു. കൂടുതൽ പോലീസുകാരെ നിയോഗിച്ചതുകൊണ്ടോ കെട്ടിടങ്ങൾ വീണ്ടും പെയിന്റു ചെയ്തതുകൊണ്ടോ മാത്രം മയക്കുമരുന്ന് ദുരുപയോഗം, വേശ്യാവൃത്തി, മലിനീകരണം, പരിസ്ഥിതി വിനാശം, സാമൂഹിക അസമത്വം, നശീകരണപ്രവണത, ചുവരെഴുത്തുകൾ എന്നിവ മാറിക്കിട്ടുകയില്ല. ചിന്തയിലും പെരുമാറ്റത്തിലും വലിയ മാറ്റം വരുത്താൻ ആളുകളെ സഹായിക്കേണ്ടത് ആവശ്യമാണ്.
ഭരണനിർവഹണത്തിൽ മാറ്റം
അത്തരം വലിയ മാറ്റങ്ങൾ വരുത്താൻ മനുഷ്യർക്കു സാധിക്കുകയില്ല എന്നു വ്യക്തമാണ്. അതുകൊണ്ട് ഇന്നത്തെ നഗരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ എത്ര ഉദ്ദേശ്യശുദ്ധിയോടു കൂടിയത് ആയിരുന്നാലും ആത്യന്തികമായി അവ പരാജയപ്പെടുകതന്നെ ചെയ്യും. എന്നുവരികിലും, ബൈബിൾ പഠിക്കുന്നവർ നിരാശപ്പെടുന്നില്ല. കാരണം, നമ്മുടെ ഗ്രഹത്തെ നന്നായി പരിപാലിക്കാനുള്ള മനുഷ്യന്റെ പ്രാപ്തിയില്ലായ്മയുടെ മറ്റൊരു തെളിവു മാത്രമായിട്ടാണ് ഇന്നു നഗരങ്ങളെ ഗ്രസിച്ചിരിക്കുന്ന പ്രശ്നങ്ങളെ അവർ കാണുന്നത്. അടുക്കും ചിട്ടയുമില്ലാതെ വളരുന്ന, ക്രമരാഹിത്യം നടമാടുന്ന ഇന്നത്തെ നഗരങ്ങൾ ബൈബിളിൽ യിരെമ്യാവു 10:23-ലെ വാക്കുകളുടെ സത്യതയ്ക്ക് അടിവരയിടുന്നു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” സ്വയം ഭരിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ നഗരങ്ങളിൽ കാണാൻ കഴിയുന്നതു പോലുള്ള വലിയ ദുരിതത്തിലും പ്രശ്നങ്ങളിലും മാത്രമേ കലാശിച്ചിട്ടുള്ളൂ.
ലോകമെങ്ങുമുള്ള നഗരവാസികൾക്ക് വെളിപ്പാടു 11:18-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിളിന്റെ വാഗ്ദാനത്തിൽനിന്ന് ആശ്വാസം കണ്ടെത്താനാകും. ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും’ എന്ന് അവിടെ പറഞ്ഞിരിക്കുന്നു. നിഷേധാത്മകം ആയിരിക്കുന്നതിനു പകരം, മനുഷ്യവർഗത്തിന്റെ മെച്ചപ്പെട്ട ഒരു ഭാവിയിലേക്ക് ഇതു വിരൽ ചൂണ്ടുന്നു. ഒരു ഗവൺമെന്റ് അഥവാ രാജത്വം മുഖാന്തരം ദൈവം ഭൂമിയുടെ ഭരണം ഏറ്റെടുക്കും എന്ന് അതു വാഗ്ദാനം ചെയ്യുന്നു. (ദാനീയേൽ 2:44) കോടിക്കണക്കിന് ആളുകൾക്ക് മേലാൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയേണ്ടി വരില്ല, അവർക്കു പാർപ്പിട പ്രശ്നങ്ങളോ ആരോഗ്യപരിരക്ഷണ സംവിധാനങ്ങളുടെ കുറവോ ഉണ്ടായിരിക്കുകയില്ല, അവർക്ക് മാന്യതയോ പ്രത്യാശയോ ഇല്ലാതെ പോകുകയില്ല. ദൈവരാജ്യ ഭരണത്തിൻ കീഴിൽ, ആളുകൾ ഭൗതികസമൃദ്ധിയും നല്ല ആരോഗ്യവും മികച്ച പാർപ്പിടവും ആസ്വദിക്കും.—യെശയ്യാവു 33:24; 65:21-23.
ഇന്നത്തെ നഗരങ്ങളുടെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരം ഈ പുതിയ ലോകം മാത്രമാണ്. (g01 4/8)
[8, 9 പേജുകളിലെ ചിത്രങ്ങൾ]
പല നഗരപ്രദേശങ്ങളിലെയും ജനജീവിതം മെച്ചപ്പെടുത്താനുള്ള സാരമായ ശ്രമങ്ങൾ നടന്നുവരികയാണ്
ഇറ്റലിയിലെ നേപ്പിൾസ്
അമേരിക്കയിലെ ന്യൂയോർക്ക് നഗരം
ഓസ്ട്രേലിയയിലെ സിഡ്നി
[കടപ്പാട്]
SuperStock
[10-ാം പേജിലെ ചിത്രം]
ഇന്നത്തെ നഗരവാസികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ദൈവത്തിന്റെ പുതിയ ലോകം വെച്ചുനീട്ടുന്നു