കാലാവസ്ഥാ പ്രവചനം ഒരു കലയും ശാസ്ത്രവും
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
1987 ഒക്ടോബർ 15-ന് ഒരു സ്ത്രീ ബ്രിട്ടനിലെ ഒരു ടിവി സ്റ്റേഷനിലേക്കു വിളിച്ചിട്ട്, ഒരു ചുഴലിക്കാറ്റ് ഉണ്ടാകാൻ പോകുന്നതായി കേട്ടല്ലോ എന്നു പറഞ്ഞു. കാലാവസ്ഥാ പ്രവാചകൻ ആളുകളോടായി ഉറപ്പോടെ ഇങ്ങനെ പറഞ്ഞു: “വ്യാകുലപ്പെടേണ്ടതില്ല. ചുഴലിക്കാറ്റ് ഉണ്ടാകാൻ പോകുന്നില്ല.” എന്നാൽ, അന്നു രാത്രി ഇംഗ്ലണ്ടിന്റെ തെക്കൻ പ്രദേശത്തു ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. തത്ഫലമായി 1 കോടി 50 ലക്ഷം വൃക്ഷങ്ങൾ കടപുഴകി വീണു, 19 പേർക്കു ജീവഹാനി സംഭവിച്ചു, കൂടാതെ 140 കോടിയിലധികം ഡോളറിന്റെ നാശനഷ്ടവും ഉണ്ടായി.
ദിവസവും രാവിലെ കോടിക്കണക്കിന് ആളുകൾ റേഡിയോയിലോ ടെലിവിഷനിലോ ഒക്കെ കാലാവസ്ഥാ പ്രവചനം ശ്രദ്ധിക്കാറുണ്ട്. മൂടിക്കെട്ടിക്കിടക്കുന്ന ആകാശം മഴ പെയ്യുമെന്നതിന്റെ സൂചനയാണോ? പ്രഭാതത്തിൽ കാണുന്ന വെയിൽ ദിവസം മുഴുവനും നീണ്ടുനിൽക്കുമോ? ഊഷ്മാവിലെ വർധന ഹിമവും ഐസും ഉരുകുന്നതിന് ഇടയാക്കുമോ? കാലാവസ്ഥാ പ്രവചനം കേട്ടതിനു ശേഷമാണ്, ആ ദിവസം എങ്ങനെയുള്ള വസ്ത്രം ധരിക്കണമെന്നും കുട എടുക്കണോ വേണ്ടയോ എന്നുമൊക്കെ ആളുകൾ തീരുമാനിക്കുന്നത്.
എന്നിരുന്നാലും, ചിലപ്പോഴൊക്കെ കാലാവസ്ഥാ പ്രവചനങ്ങൾക്കു വലിയ തെറ്റു പറ്റാറുണ്ട്. ഒരു കലയും ശാസ്ത്രവുമായ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയിൽ അടുത്ത കാലത്ത് വമ്പിച്ച പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, അത് എല്ലായ്പോഴും പൂർണമായും ശരിയായിരിക്കണമെന്നില്ല. കാലാവസ്ഥ മുൻകൂട്ടി പറയുന്നതിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത്, കാലാവസ്ഥാ പ്രവചനങ്ങൾ എത്രത്തോളം ആശ്രയയോഗ്യമാണ്? അതിന് ഉത്തരമായി, കാലാവസ്ഥാ പ്രവചനത്തിന്റെ ആവിർഭാവത്തെ കുറിച്ച് നമുക്ക് ആദ്യം പരിശോധിക്കാം.
കാലാവസ്ഥ അളക്കൽ
നഗ്നനേത്രങ്ങൾ കൊണ്ടുള്ള നിരീക്ഷണങ്ങളെ ആശ്രയിച്ചായിരുന്നു ബൈബിൾ കാലങ്ങളിൽ മുഖ്യമായും കാലാവസ്ഥ പ്രവചിച്ചിരുന്നത്. (മത്തായി 16:2, 3) ഇന്ന് അന്തരീക്ഷശാസ്ത്രജ്ഞർക്ക് അത്യന്താധുനികമായ അനവധി ഉപകരണങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും അടിസ്ഥാന ഉപകരണങ്ങൾ അന്തരീക്ഷമർദം, താപനില, ഈർപ്പം, കാറ്റ് എന്നിവ അളക്കുന്നവയാണ്.
1643-ൽ ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ ഏവാഞ്ചേലിസ്റ്റാ റ്റോറിച്ചെലി ബാരോമീറ്റർ കണ്ടുപിടിച്ചു. അന്തരീക്ഷമർദം അളക്കുന്ന ലളിതമായ ഒരു ഉപകരണം ആയിരുന്നു അത്. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് അന്തരീക്ഷമർദം കൂടുകയോ കുറയുകയോ ചെയ്യുന്നതായി—മർദം കുറയുന്നത് മിക്കവാറും ഒരു കൊടുങ്കാറ്റിന്റെ സൂചന ആണെന്ന്—താമസിയാതെ നിരീക്ഷിക്കപ്പെട്ടു. 1664-ൽ, അന്തരീക്ഷത്തിലെ ഈർപ്പം അളക്കുന്ന ഉപകരണമായ ഹൈഗ്രോമീറ്റർ വികസിപ്പിച്ചെടുത്തു. 1714-ൽ ജർമൻ ഭൗതിക ശാസ്ത്രജ്ഞനായ ഡാന്യെൽ ഫാരെൻഹൈറ്റ് മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചതോടെ താപനില കൃത്യമായി അളക്കാനുള്ള മാർഗം നിലവിൽ വന്നു.
1765-നോട് അടുത്ത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആന്റ്വാൻലോറാൻ ലവ്വാസിയേ, അന്തരീക്ഷത്തിലെ മർദവും ഈർപ്പത്തിന്റെ അളവും കാറ്റിന്റെ വേഗവും ദിശയും ദിവസേന അളക്കുന്നതിനുള്ള ഒരു നിർദേശം മുന്നോട്ടു വെച്ചു. “ഈ വിവരങ്ങളെല്ലാം ഉണ്ടെങ്കിൽ മിക്കവാറും എല്ലായ്പോഴും ന്യായമായ കൃത്യതയോടെ ഒന്ന്-രണ്ട് ദിവസം മുന്നമേതന്നെ കാലാവസ്ഥ പ്രവചിക്കുക സാധ്യമാണ്” എന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, അങ്ങനെ ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നു തെളിഞ്ഞു.
കാലാവസ്ഥ നിരീക്ഷിക്കൽ
1854-ൽ, ഒരു ഫ്രഞ്ച് യുദ്ധക്കപ്പലും 38 വാണിജ്യ കപ്പലുകളും ഉഗ്രമായ ഒരു കൊടുങ്കാറ്റിൽ പെട്ട് ബലക്ലാവയിലെ ക്രിമിയൻ തുറമുഖത്തുനിന്ന് അകലെയുള്ള ആഴക്കടലിൽ മുങ്ങി. പ്രസ്തുത സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ ഫ്രഞ്ച് അധികാരികൾ പാരീസ് നിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായ യൂയെർബാൻ ഷാൻ ഷോസെഫ് ലവർയേയോട് ആവശ്യപ്പെട്ടു. കാലാവസ്ഥ നിരീക്ഷണ രേഖകൾ പരിശോധിച്ചപ്പോൾ പ്രസ്തുത അപകടം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ആ കൊടുങ്കാറ്റ് രൂപപ്പെട്ടിരുന്നു എന്നും വടക്കുപടിഞ്ഞാറു മുതൽ തെക്കുകിഴക്കു വരെയുള്ള യൂറോപ്പിന്റെ ഭാഗങ്ങളിലൂടെ അതു കടന്നുപോയെന്നും അദ്ദേഹം കണ്ടെത്തി. കൊടുങ്കാറ്റുകളുടെ ഗതിയെ കുറിച്ച് അറിയാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ, കപ്പലുകൾക്ക് അപകടം സംബന്ധിച്ചു മുന്നറിയിപ്പു നൽകാമായിരുന്നു. അതുകൊണ്ട് ഫ്രാൻസിൽ കൊടുങ്കാറ്റിനെ കുറിച്ചു മുന്നറിയിപ്പ് നൽകുന്ന ഒരു ദേശീയ സേവനസംവിധാനം നിലവിൽ വന്നു. അതോടെ, ആധുനിക അന്തരീക്ഷ ശാസ്ത്രവും പിറന്നു.
എന്നിരുന്നാലും, മറ്റു സ്ഥലങ്ങളിൽനിന്ന് എളുപ്പത്തിൽ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ശാസ്ത്രജ്ഞർക്ക് ഒരു മാർഗം ആവശ്യമായിരുന്നു. സാമുവൽ മോഴ്സ് അക്കാലത്തു പുതിയതായി കണ്ടുപിടിച്ച ഇലക്ട്രിക് ടെലഗ്രാഫ് അതിനു പറ്റിയ മാർഗം ആയിരുന്നു. അങ്ങനെ 1863-ൽ ആധുനിക രീതിയിലുള്ള ആദ്യത്തെ കാലാവസ്ഥാ ഭൂപടങ്ങൾ പ്രസിദ്ധീകരിക്കാൻ പാരീസ് നിരീക്ഷണ കേന്ദ്രത്തിനു കഴിഞ്ഞു. 1872-ഓടെ ബ്രിട്ടനിലെ അന്തരീക്ഷശാസ്ത്ര ഓഫീസും അതുതന്നെ ചെയ്യുന്നുണ്ടായിരുന്നു.
എത്രയധികം വിവരങ്ങൾ അന്തരീക്ഷശാസ്ത്രജ്ഞർ ശേഖരിച്ചോ, കാലാവസ്ഥയുടെ സങ്കീർണത സംബന്ധിച്ച് അവർ അത്രയധികം ബോധവാന്മാർ ആയിത്തീർന്നു. അതുകൊണ്ട് കാലാവസ്ഥാ ഭൂപടങ്ങൾക്ക് കൂടുതലായ വിവരങ്ങൾ നൽകാൻ കഴിയേണ്ടതിന് പുതിയ ഗ്രാഫിക് സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തു. ഉദാഹരണത്തിന്, ഒരേ ബാരോമെട്രിക് മർദമുള്ള പോയിന്റുകളെ ബന്ധിപ്പിക്കുന്നതിനുള്ള വരകളാണ് സമമർദരേഖകൾ അഥവാ ഐസോബാറുകൾ. തുല്യ ഊഷ്മാവുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നവയാണ് സമതാപരേഖകൾ. കൂടാതെ, കാറ്റിന്റെ ദിശയും ശക്തിയും സൂചിപ്പിക്കുന്ന ചിഹ്നങ്ങളും അതുപോലെതന്നെ ഉഷ്ണവായു പിണ്ഡത്തിന്റെയും ശീതവായു പിണ്ഡത്തിന്റെയും സംഗമത്തെ കാണിക്കുന്ന രേഖകളും കാലാവസ്ഥാ ഭൂപടങ്ങളിൽ ഉണ്ട്.
സങ്കീർണമായ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇക്കാലത്ത് ലോകമെമ്പാടുമുള്ള നൂറുകണക്കിനു കാലാവസ്ഥാ കേന്ദ്രങ്ങൾ അന്തരീക്ഷസ്ഥിതി അളന്ന് അതു സംബന്ധിച്ച വിവരങ്ങൾ തിരിച്ച് അയയ്ക്കുന്ന ഉപകരണങ്ങൾ (Radiosondes) അടങ്ങിയ ബലൂണുകൾ അന്തരീക്ഷത്തിലേക്കു വിടാറുണ്ട്. റഡാറും ഉപയോഗിക്കുന്നു. മേഘങ്ങളിലെ മഴത്തുള്ളികളിലും ഐസുകണങ്ങളിലും റേഡിയോ തരംഗങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് അന്തരീക്ഷശാസ്ത്രജ്ഞർക്ക് കൊടുങ്കാറ്റിന്റെ ഗതി നിരീക്ഷിക്കാൻ കഴിയും.
കാലാവസ്ഥ കൃത്യമായി നിരീക്ഷിക്കുന്നതിൽ 1960-ൽ വമ്പിച്ച പുരോഗതി ഉണ്ടായി. ആ വർഷമാണ് ടിവി ക്യാമറ ഘടിപ്പിച്ച ലോകത്തിലെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹമായ ‘ടിറോസ് ഒന്ന്’ ബഹിരാകാശത്തേക്കു വിക്ഷേപിക്കപ്പെട്ടത്. ഇപ്പോൾ കാലാവസ്ഥാ ഉപഗ്രഹങ്ങൾ ധ്രുവങ്ങൾക്കു മുകളിലൂടെയുള്ള ഭ്രമണപഥങ്ങളിലൂടെ ഭൂമിയെ ചുറ്റുന്നു. ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൗമോപരിതലത്തിനു മുകളിലായി ഒരു നിശ്ചിത സ്ഥാനത്തു നിന്നുകൊണ്ട് അതിന്റെ പരിധിയിൽ വരുന്ന ഭൂഭാഗം തുടർച്ചയായി നിരീക്ഷിക്കുന്നു. ഈ രണ്ടു തരം ഉപഗ്രഹങ്ങളും ഉയരത്തിൽനിന്നുള്ള കാലാവസ്ഥാ ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുന്നു.
കാലാവസ്ഥ പ്രവചിക്കൽ
ഇപ്പോഴത്തെ കാലാവസ്ഥ എന്തെന്നു കൃത്യമായി മനസ്സിലാക്കുന്നതിനെക്കാൾ വളരെ ബുദ്ധിമുട്ടു പിടിച്ച സംഗതിയാണ് ഒരു മണിക്കൂറോ ഒരു ദിവസമോ അല്ലെങ്കിൽ ഒരു ആഴ്ചയോ കഴിയുമ്പോഴുള്ള കാലാവസ്ഥ എന്തായിരിക്കുമെന്നു പ്രവചിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം താമസിയാതെ ബ്രിട്ടീഷ് അന്തരീക്ഷശാസ്ത്രജ്ഞനായ ലൂയിസ് റിച്ചാർഡ്സൺ, അന്തരീക്ഷം ഭൗതിക ശാസ്ത്രത്തിന്റെ നിയമങ്ങളെ അനുസരിക്കുന്നതിനാൽ ഗണിതശാസ്ത്രം ഉപയോഗിച്ച് കാലാവസ്ഥ പ്രവചിക്കാൻ സാധിക്കുമെന്നു പ്രസ്താവിച്ചു. എന്നാൽ ഗണിതശാസ്ത്ര ഫോർമുലകൾ വളരെ സങ്കീർണവും അവ കണക്കു കൂട്ടിയെടുക്കുന്നത് വളരെ സമയമെടുക്കുന്ന ഒരു പണിയും ആയിരുന്നു. കാലാവസ്ഥ പ്രവചിക്കുന്നവർ തങ്ങളുടെ കണക്കുകൂട്ടലുകൾ പൂർത്തിയാക്കുന്നതിനു മുമ്പ് ഉഷ്ണവായു പിണ്ഡവും ശീതവായു പിണ്ഡവും സമ്മേളിക്കുന്ന രേഖ അപ്രത്യക്ഷമാകുമായിരുന്നു. മാത്രമല്ല, ആറു മണിക്കൂർ ഇടവേളകളിലുള്ള കാലാവസ്ഥാ അളവുകളാണ് റിച്ചാർഡ്സൺ ഉപയോഗിച്ചിരുന്നത്. “കാലാവസ്ഥാ പ്രവചനം അൽപ്പമെങ്കിലും വിജയിക്കണമെങ്കിൽ കുറഞ്ഞപക്ഷം മുപ്പത് മിനിട്ട് ഇടവേളകളിൽ ഉള്ള അളവുകൾ ഉണ്ടായിരിക്കണം,” ഫ്രഞ്ച് അന്തരീക്ഷശാസ്ത്രജ്ഞനായ റെനേ ഷാബൂ അഭിപ്രായപ്പെടുന്നു.
എന്നിരുന്നാലും, കമ്പ്യൂട്ടറുകളുടെ വരവോടെ ദീർഘമായ കണക്കുകൂട്ടലുകൾ ശീഘ്രം തീർക്കാമെന്നായി. അന്തരീക്ഷശാസ്ത്രജ്ഞർ റിച്ചാർഡ്സന്റെ കണക്കുകൾ ഉപയോഗിച്ച് സങ്കീർണമായ ഒരു ഗണിത മാതൃക ഉണ്ടാക്കി. കാലാവസ്ഥയെ ഭരിക്കുന്നതായി അറിയപ്പെടുന്ന എല്ലാ ഭൗതിക നിയമങ്ങളും അടങ്ങുന്ന ഗണിതശാസ്ത്ര സമവാക്യങ്ങളുടെ ഒരു പരമ്പര ആയിരുന്നു അത്.
ഈ സമവാക്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്, അന്തരീക്ഷശാസ്ത്രജ്ഞർ ഭൂമിയുടെ ഉപരിതലത്തെ ഒരു ഗ്രിഡായി തിരിക്കുന്നു. നിലവിൽ, ബ്രിട്ടനിലെ കാലാവസ്ഥാ നിരീക്ഷണ ഓഫീസ് ഉപയോഗിക്കുന്ന ആഗോള മാതൃകയ്ക്ക് 80 കിലോമീറ്റർ അകലത്തിലുള്ള ഗ്രിഡ് പോയിന്റുകളാണ് ഉള്ളത്. ഈ ഓരോ ചതുരത്തിനും മുകളിലുള്ള അന്തരീക്ഷ ഭാഗത്തെ ബോക്സ് എന്നു വിളിക്കുന്നു. അന്തരീക്ഷത്തിൽ 20 വ്യത്യസ്ത ഉയരങ്ങളിലെ കാറ്റ്, മർദം, താപം, ഈർപ്പം എന്നിവ നിരീക്ഷിച്ച് രേഖപ്പെടുത്തുന്നു. ലോകമെങ്ങുമുള്ള 3,500-ലധികം നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടർ അപഗ്രഥിച്ചു നോക്കി അടുത്ത 15 മിനിട്ട് സമയത്തെ ലോക കാലാവസ്ഥ കണക്കാക്കുന്നു. ഇതു ചെയ്തുകഴിഞ്ഞ്, അടുത്ത 15 മിനിട്ട് സമയത്തെ കാലാവസ്ഥ പെട്ടെന്നു കണക്കാക്കുകയായി. ഈ പ്രക്രിയ ആവർത്തിച്ചുകൊണ്ട് ഒരു കമ്പ്യൂട്ടറിന് ആറു ദിവസത്തെ ആഗോള കാലാവസ്ഥ വെറും 15 മിനിട്ടുകൊണ്ടു കണക്കാക്കാൻ കഴിയും.
പ്രാദേശിക കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾക്കും കൃത്യതയ്ക്കുമായി ബ്രിട്ടനിലെ അന്തരീക്ഷശാസ്ത്ര ഓഫീസ് പരിമിത മേഖലാ മാതൃക ഉപയോഗപ്പെടുത്തുന്നു. ഇതിൽ വടക്കുള്ള അറ്റ്ലാന്റിക് പ്രദേശവും യൂറോപ്യൻ മേഖലകളും ഉൾപ്പെടുന്നു. 50 കിലോമീറ്റർ ഇടവിട്ടുള്ള ഗ്രിഡ് പോയിന്റുകളാണ് ഇതിൽ ഉള്ളത്. ബ്രിട്ടീഷ് ഐൽസും ചുറ്റുമുള്ള സമുദ്രങ്ങളും മാത്രം അടങ്ങുന്ന ഒരു മാതൃകയും അതിനുണ്ട്. 15 കിലോമീറ്റർ ഇടവിട്ടുള്ള 2,62,384 ഗ്രിഡ് പോയിന്റുകളും 31 ലംബതലങ്ങളും ഇതിനുണ്ട്!
കാലാവസ്ഥാ പ്രവാചകന്റെ പങ്ക്
സങ്കീർണമായ ശാസ്ത്രീയ ഘടകങ്ങൾ മാത്രമല്ല കാലാവസ്ഥാ പ്രവചനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന ഫോർമുലകൾ അന്തരീക്ഷ സ്വഭാവത്തിന്റെ ഏകദേശ വിവരണങ്ങൾ മാത്രമേ ആകുന്നുള്ളൂ.” മാത്രമല്ല, ഒരു വലിയ പ്രദേശത്തിന്റെ കൃത്യമായ കാലാവസ്ഥാ പ്രവചനം പോലും, കാലാവസ്ഥയിന്മേൽ ഒരു പ്രാദേശിക സ്ഥലത്തിനുള്ള ഫലം കണക്കിലെടുക്കാതിരുന്നേക്കാം. അതുകൊണ്ട് കാലാവസ്ഥാ പ്രവചനം ഒരു പരിധിവരെ ഒരു കല കൂടിയാണ്. ഇവിടെയാണ് കാലാവസ്ഥാ പ്രവാചകന്റെ പങ്ക്. തനിക്കു ലഭിക്കുന്ന വിവരങ്ങൾക്ക് എത്രമാത്രം മൂല്യം കൽപ്പിക്കണം എന്നു നിർണയിക്കുന്നതിന് അദ്ദേഹം തന്റെ അനുഭവജ്ഞാനവും വിവേചനയും ഉപയോഗിക്കുന്നു. കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനം നടത്താൻ ഇത് അദ്ദേഹത്തെ സഹായിക്കുന്നു.
ഉദാഹരണത്തിന്, വടക്കൻ സമുദ്രം ശീതീകരിച്ച വായു യൂറോപ്യൻ കരപ്രദേശത്തിനു മുകളിലൂടെ നീങ്ങുമ്പോൾ സാധാരണമായി വളരെ നേർത്ത ഒരു മേഘപാളി രൂപം കൊള്ളുന്നു. ഇതിന്റെ ഫലമായി പിറ്റേന്ന് യൂറോപ്യൻ വൻകരയിൽ മഴ പെയ്യുമോ അതോ മേഘങ്ങൾ സൂര്യതാപത്തിൽ നീരാവിയായി പോകുമോ എന്നത് ഒരു ഡിഗ്രിയുടെ ദശാംശങ്ങളിൽ ഏതാനും അംശം വ്യത്യാസത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥാ പ്രവാചകന്റെ പക്കലുള്ള വിവരങ്ങളും സമാനമായ മുൻ അവസരങ്ങൾ സംബന്ധിച്ച പരിജ്ഞാനവും കാലാവസ്ഥാ പ്രവചനം നന്നായി നടത്താൻ അദ്ദേഹത്തെ സഹായിക്കുന്നു. കലയുടെയും ശാസ്ത്രത്തിന്റെയും ഈ ഒത്തുചേരൽ കൃത്യമായ കാലാവസ്ഥാ പ്രവചനം നടത്താൻ അനിവാര്യമാണ്.
എത്ര ആശ്രയയോഗ്യം?
ബ്രിട്ടനിലെ അന്തരീക്ഷശാസ്ത്ര ഓഫീസ് 24 മണിക്കൂർ സമയത്തേക്കുള്ള അതിന്റെ കാലാവസ്ഥാ പ്രവചനങ്ങൾക്ക് ഇപ്പോൾ 86 ശതമാനം കൃത്യത അവകാശപ്പെടുന്നു. ഇടത്തരം കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നതിനുള്ള യൂറോപ്യൻ സെന്ററിൽ നിന്നുള്ള പഞ്ചദിന കണക്കുകൾക്ക് 80 ശതമാനത്തോളം കൃത്യതയുണ്ട്. 1970-കളിലെ ദ്വിദിന കാലാവസ്ഥാ പ്രവചനങ്ങളെക്കാൾ കൃത്യതയുള്ളതാണ് അവ. പ്രശംസനീയം ആണെങ്കിലും അതു പൂർണമല്ല. എന്തുകൊണ്ടാണ് കാലാവസ്ഥാ പ്രവചനങ്ങൾക്കു പൂർണ കൃത്യത കൈവരിക്കാനാവാത്തത്?
അതിന്റെ കാരണം, കാലാവസ്ഥയോടു ബന്ധപ്പെട്ട ഘടകങ്ങൾ വളരെ സങ്കീർണമാണ് എന്നതാണ്. കൂടാതെ, തെറ്റുപറ്റാത്ത പ്രവചനങ്ങൾ നടത്താൻ ആവശ്യമായ കണക്കുകളെല്ലാം എടുക്കുക സാധ്യമല്ല. സമുദ്രത്തിന്റെ വിശാലമായ പല സ്ഥലങ്ങളിലും, ഉപഗ്രഹങ്ങൾവഴി ഭൂനിലയങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനുള്ള നിരീക്ഷണ കേന്ദ്രങ്ങൾ ഇല്ല. അപൂർവമായേ കാലാവസ്ഥാ മാതൃകയുടെ ഗ്രിഡ് പോയിന്റുകൾ സ്ഥിതി ചെയ്യുന്ന കൃത്യ സ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണ സ്ഥാനങ്ങൾ സ്ഥിതി ചെയ്യാറുള്ളൂ. മാത്രമല്ല, ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
എന്നാൽ കാലാവസ്ഥ മുൻകൂട്ടി പറയുന്ന കാര്യത്തിൽ നിരന്തരം പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, അടുത്ത കാലംവരെ കാലാവസ്ഥാ പ്രവചനം പ്രധാനമായും അന്തരീക്ഷ നിരീക്ഷണത്തെ ആശ്രയിച്ചാണ് ചെയ്തിരുന്നത്. എന്നാൽ, ഭൗമോപരിതലത്തിന്റെ 71 ശതമാനവും സമുദ്രംകൊണ്ട് മൂടിയിരിക്കുന്നതിനാൽ ഊർജം സംഭരിച്ചു വെക്കപ്പെടുന്നതും സമുദ്രത്തിൽനിന്ന് വായുവിലേക്കു മാറ്റപ്പെടുന്നതും എങ്ങനെ എന്നതിന് ഗവേഷകർ ഇപ്പോൾ ശ്രദ്ധ കൊടുത്തുവരികയാണ്. നിരവധി ബോയാകൾ (Buoys) ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ആഗോള സമുദ്ര നിരീക്ഷണ സംവിധാനം, ഒരു വിദൂരദേശത്തിന്റെ കാലാവസ്ഥയിൽ വമ്പിച്ച മാറ്റങ്ങൾ ഉളവാക്കാൻ കഴിയുന്ന ഒരു പ്രദേശത്തെ ജലോഷ്മാവിൽ ഉണ്ടാകുന്ന ചെറിയ വർധനകൾ സംബന്ധിച്ച വിവരങ്ങൾ പ്രദാനം ചെയ്യുന്നു.a
ഗോത്രപിതാവായ ഇയ്യോബ് ഒരിക്കൽ പിൻവരുന്ന ചോദ്യത്തെ അഭിമുഖീകരിച്ചു: “ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും [ദൈവത്തിന്റെ] കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?” (ഇയ്യോബ് 36:29) നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന കാര്യങ്ങളെ കുറിച്ച് ഇന്നും മനുഷ്യനു വളരെ കുറച്ചേ അറിയാവൂ. എന്നുവരികിലും, ഗൗരവമായി എടുക്കാവുന്ന വിധത്തിൽ കൃത്യതയുള്ളതാണ് ആധുനിക കാലാവസ്ഥാ പ്രവചനങ്ങൾ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അന്തരീക്ഷശാസ്ത്രജ്ഞർ പറയുന്നതു കേട്ടാൽ കുട എടുക്കുന്നതു തന്നെയായിരിക്കും ബുദ്ധി! (g01 4/8)
[അടിക്കുറിപ്പ്]
a പസഫിക് സമുദ്രത്തിന്റെ ഊഷ്മാവിലെ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷസ്ഥിതിയിലെ പ്രതിഭാസങ്ങൾക്കു പറയുന്ന പേരുകളാണ് എൽ നിന്യോ, ലാ നിന്യോ എന്നിവ. 2000 മാർച്ച് 22 ലക്കം ഉണരുക!യിലെ “എൽ നിന്യോ—അത് എന്താണ്?” എന്ന ലേഖനം ദയവായി കാണുക.
[13-ാം പേജിലെ ചിത്രങ്ങൾ]
ലവർയേ
ഒരു ആദ്യകാല ഗ്ലാസ്സ് തെർമോമീറ്റർ
റ്റോറിച്ചെലി
ലവ്വാസിയേ തന്റെ പരീക്ഷണശാലയിൽ
[കടപ്പാട്]
ലവർയേ, ലവ്വാസിയേ, റ്റോറിച്ചെലി എന്നിവരുടെ ചിത്രങ്ങൾ: Brown Brothers
തെർമോമീറ്റർ: © G. Tomsich, Science Source/Photo Researchers
[15-ാം പേജിലെ ചിത്രങ്ങൾ]
ഉപഗ്രഹങ്ങൾ, കാലാവസ്ഥാ ബലൂണുകൾ, കമ്പ്യൂട്ടറുകൾ എന്നിവയൊക്കെ കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾ ആണ്
[കടപ്പാട്]
പേജ് 2, 15: ഉപഗ്രഹം: NOAA/Department of Commerce; ചുഴലിക്കാറ്റ്: NASA photo
Commander John Bortniak, NOAA Corps