ലോകത്തെ വീക്ഷിക്കൽ
ദക്ഷിണാഫ്രിക്കയിൽ രക്തരഹിത ശസ്ത്രക്രിയ
“ഞെട്ടിക്കും വിധം ഉയർന്ന എയ്ഡ്സ് സ്ഥിതിവിവരക്കണക്കുകൾ ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രി സംഘത്തെ ‘രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും’ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു” എന്ന് ഒരു ദക്ഷിണാഫ്രിക്കൻ പത്രമായ ദ മെർക്കുറി റിപ്പോർട്ട് ചെയ്യുന്നു. ഈ പദ്ധതിയുടെ മെഡിക്കൽ ഡയറക്ടറായ ഡോ. എഫ്രായീങ് ക്രേമർ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ലക്ഷ്യം, ദാനം ചെയ്യപ്പെട്ട രക്തം ഉപയോഗിക്കാതെയുള്ള ശസ്ത്രക്രിയകളും ചികിത്സയും രോഗികൾക്കു ലഭ്യമാക്കാൻ ചികിത്സാ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.” രക്തം കൂടാതെ ചികിത്സയും ശസ്ത്രക്രിയയും നടത്തുന്ന 800 ഡോക്ടർമാരെങ്കിലും ദക്ഷിണാഫ്രിക്കയിൽ ഉണ്ടെങ്കിലും ഇത്തരം ഒരു ദേശീയ സംഘടിത പദ്ധതിക്ക് രൂപം നൽകാൻ ഒരു ആശുപത്രിസംഘം തീരുമാനിക്കുന്നത് ഇതാദ്യമായാണ്. ഡോക്ടർമാരുടെ പ്രതികരണം “വളരെ അനുകൂലം” ആയിരുന്നു എന്ന് ഡോ. ക്രേമർ പറഞ്ഞു. ദ മെർക്കുറി ഇങ്ങനെ പറയുന്നു: “ദാനം ചെയ്യപ്പെട്ട രക്തം ഉപയോഗിച്ചുള്ള ചികിത്സയ്ക്കു വിസമ്മതിക്കുന്ന യഹോവയുടെ സാക്ഷികളെപ്പോലെയുള്ള മതവിഭാഗങ്ങളുടെ ആവശ്യങ്ങൾ വലിയൊരു അളവുവരെ ഫലപ്രദമായ രക്തരഹിതചികിത്സാ മാർഗങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനു കാരണമായിട്ടുണ്ട്.” (g01 4/8)
സിങ്ക് ഔഷധ മിഠായികൾ ജലദോഷം കുറയ്ക്കുമോ?
ജലദോഷം മാറാൻ സിങ്ക് സഹായകമാണോ എന്നതിനെക്കുറിച്ച് വർഷങ്ങളായി ഗവേഷകരുടെ ഇടയിൽ സംവാദങ്ങൾ നടന്നിട്ടുണ്ട്. “ജലദോഷത്തിന്റെ ആരംഭത്തിൽ ഏതാനും മണിക്കൂറുകൾ ഇടവിട്ട് സിങ്ക് ഔഷധ മിഠായികൾ കഴിക്കുന്നത് ജലദോഷത്തിന്റെ ശരാശരി ദൈർഘ്യത്തെ ഏതാണ്ട് പകുതിയായി കുറയ്ക്കുന്നു” എന്ന് അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയതായി സയൻസ് ന്യൂസ റിപ്പോർട്ടു ചെയ്യുന്നു. മാത്രമല്ല, രണ്ടുമൂന്നു മണിക്കൂറുകൾ ഇടവിട്ട് നാലോ അഞ്ചോ ദിവസത്തേക്ക് സിങ്ക് ഔഷധ മിഠായികൾ കഴിച്ചവർ പ്ലസീബോ (രോഗമുക്തിക്കെന്നതിനെക്കാൾ രോഗിയുടെ തൃപ്തിക്കുവേണ്ടി നൽകപ്പെടുന്ന ഔഷധം) കഴിച്ചവരെ അപേക്ഷിച്ച് ‘വളരെ കുറഞ്ഞ അളവിലുള്ള ചുമയും മൂക്കൊലിപ്പുമേ അനുഭവപ്പെട്ടുള്ളൂ എന്ന് പറഞ്ഞതായും’ പഠനം കാണിക്കുകയുണ്ടായി. എന്നിരുന്നാലും, അവരിൽ ചിലർക്ക് മലബന്ധം, വായിലെ ഉമിനീർ വറ്റിപ്പോകൽ തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായി മാസിക പറയുന്നു. (g01 4/22)
പുകവലിക്ക് അടിമയാകാൻ ഏറെ സമയം വേണ്ട
“ആദ്യത്തെ സിഗരറ്റ് വലിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ” ചില ആളുകൾ പുകവലിക്ക് അടിമകളായിത്തീർന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുവെന്ന് മസാച്ചുസെറ്റ്സ് സർവകലാശാലയിലെ ഗവേഷകർ സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 12-നും 13-നും ഇടയ്ക്കു പ്രായമുള്ള 681 കുട്ടികളുടെ പുകവലിശീലങ്ങൾ ഒരു വർഷത്തേക്കു പഠനവിധേയമാക്കിയപ്പോൾ പുകവലി ശീലത്തിന് അടിമകളായതിന്റെ ലക്ഷണങ്ങൾ അവരിൽ നിരീക്ഷിക്കാൻ ഈ ഗവേഷകർക്കു കഴിഞ്ഞു. “അനേകം ആളുകളും വളരെ പെട്ടെന്നാണ് ഈ ശീലത്തിന് അടിമകളായിത്തീരുന്നത് എന്ന ധാരണ നിലവിലുണ്ടായിരുന്നു, അതിനെ സ്ഥിരീകരിക്കുന്ന ആദ്യത്തെ ഈടുറ്റ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്” എന്ന് ഡോ. റിച്ചാർഡ് ഹർട്ട് പ്രസ്താവിക്കുന്നു. “വെറുതെ ഒരു രസത്തിനുവേണ്ടി അല്ലെങ്കിൽ ഒരു പരീക്ഷണമെന്ന നിലയിൽ പുകവലിച്ചിട്ട് ഏതാനും ആഴ്ചകൾക്കുശേഷം അതങ്ങ് നിറുത്തിക്കളയാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ് എന്ന് കുട്ടികൾക്കു മുന്നറിയിപ്പു കൊടുക്കേണ്ടതിന്റെ പ്രാധാന്യം ഈ പഠനം വെളിപ്പെടുത്തുന്നു” എന്ന് ഈ ഗവേഷക സംഘത്തിന്റെ ഡയറക്ടർ ഡോ. ജോസഫ് ഡീഫ്രാൻസാ പറയുന്നു. (g01 4/22)
പുരോഹിതന്മാരെ ഇറക്കുമതി ചെയ്യുന്നു
വികസിത രാജ്യങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പുരോഹിത ക്ഷാമം സംബന്ധിച്ച് ഉത്കണ്ഠാകുലരായ കത്തോലിക്കാ സഭ അതു നികത്തുന്നതിനായി പുരോഹിതന്മാരെ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഇറ്റലിയിൽനിന്നുള്ള ലെസ്പ്രെസ്സോ മാസിക റിപ്പോർട്ട് ചെയ്യുന്നു. “ഇറ്റലി, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ സെമിനാരികൾ ഫലശൂന്യമായിക്കൊണ്ടിരിക്കുകയാണ്. രൂപതകളിലൊന്നും പുതുതായി നിയമിക്കാൻ പുരോഹിതന്മാരില്ല” എന്ന് മാസിക പറയുന്നു. ഇടവകകളിലെ ഒഴിഞ്ഞു കിടക്കുന്ന പുരോഹിത സ്ഥാനങ്ങളിലേക്കു നിയമിക്കാൻവേണ്ടി ബ്രസീൽ, ഇന്ത്യ, ഫിലിപ്പീൻസ് മുതലായ രാജ്യങ്ങളിൽനിന്ന് പുരോഹിതന്മാരെ ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ്. ലെസ്പ്രെസ്സോ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഈ പ്രവണത കേവലം ആരംഭിച്ചിട്ടേയുള്ളൂ, എന്നാൽ അതു സഭയെ മാറ്റിമറിക്കുക തന്നെ ചെയ്യുന്നു. . . . ഇറ്റലിയിൽ, ബിഷപ്പ്സ് കോൺഫറൻസിന്റെ ശമ്പളപ്പട്ടികയിൽ ഇപ്പോൾത്തന്നെ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള 1,131 പുരോഹിതന്മാരുണ്ട്. അതായത്, ആകെയുള്ളതിന്റെ 3 ശതമാനം.” ഇറ്റലി അങ്ങനെ ഒരു ‘മിഷനറി പ്രദേശം’ ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് മാസിക അഭിപ്രായപ്പെടുന്നു. (g01 4/22)
ക്ഷേത്രത്തിലെത്തുന്ന സമ്മിശ്ര കൂട്ടം
ജപ്പാനിലെ ഒരു പുരാതന ബുദ്ധമത ക്ഷേത്രം ആരാധകരെ മാത്രമല്ല ആകർഷിക്കുന്നത്. 1955-ൽ ക്ഷേത്രം പുതുക്കിപ്പണിതതു മുതൽ അവിടം മരംകൊത്തികളുടെ താവളമായി മാറിയിരിക്കുന്നു. ക്ഷേത്രത്തിൽ ഇവയുണ്ടാക്കിയിരിക്കുന്ന പൊത്തുകൾ “അത്രയധികമായതിനാൽ അവ അതിന്റെ രൂപകൽപ്പനയുടെതന്നെ ഭാഗം—സൂര്യപ്രകാശം അരിച്ചിറങ്ങി ഉൾഭാഗം പ്രകാശമാനമാക്കിത്തീർക്കുന്നതിനു വേണ്ടിയുള്ളവ—ആണെന്ന് ചില സന്ദർശകർ കരുതുന്നു” എന്ന് ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. ഈ പക്ഷികളെ ക്ഷേത്രത്തിൽനിന്നു തുരത്താനായി ഇതുവരെ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നതായി അവിടത്തെ മുഖ്യപുരോഹിതൻ പരാതിപ്പെടുന്നു. 1286-ൽ പണി കഴിപ്പിച്ച യമനാഷി പ്രിഫെക്ചറിലെ ഡൈസെൻഷീ ക്ഷേത്രത്തിന്റെ പ്രധാന ഹാൾ ഒരു ദേശീയനിധി എന്ന നിലയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതാണ്. (g01 4/22)